അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ
രാഘവൻതേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാൽ പ്രഭാകരസന്നിഭൻ
വന്ദിച്ചു നിന്നു രഘുകുലനാഥനാ-
നന്ദമിയന്നരുൾചെയ്താനഗസ്ത്യനും
'അഭ്യുദയം നിനക്കാശു വരുത്തുവാ-
നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ!
താപത്രയവും വിഷാദവും തീർന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
ശത്രുനാശം വരും രോഗവിനാശനം
വർദ്ധിയ്ക്കുമായുസ്സു സൽക്കീർത്തിവർദ്ധനം
നിത്യമാദിത്യഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിയ്ക്കെടോ!
ദേവാസുരോരഗചാരണ കിന്നര-
താപസഗുഹ്യകയക്ഷരക്ഷോഭൂത-
കിംപുരുഷാപ്സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികൾകൊണ്ടവൻ
ഭക്ഷിപ്പതുമവൻ കൽപകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖൻതാനും പ്രജാപതി വൃന്ദവും
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസർത്തുസംവത്സരകൽപാദി
കാരകനായതും സൂര്യനിവൻതന്നെ
വേദാന്തവേദ്യനാം വേദാത്മകനിവൻ
വേദാർത്ഥവിഗ്രഹൻ വേദജ്ഞസേവിതൻ
പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ
ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ
ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ
സാക്ഷിസവിതാ സമസ്തലോകേക്ഷണൻ
ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ
ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹൻ
ഭാനു ഹിരണ്യഗർഭൻ ഹിരണ്യേന്ദ്രിയൻ
ദാനപ്രിയൻ സഹസ്രാംശു സനാതനൻ
സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ
സുപ്തജനാവബോധപ്രദൻ മംഗലൻ
ആദിത്യനർക്കനരുണനനന്തഗൻ
ജ്യോതിർമ്മയൻ തപനൻ സവിതാ രവി
വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ-
നുഷ്ണകിരണൻ മിഹിരൻ വിരോചനൻ
പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-
നദ്വയൻ വിദ്യാവിനോദൻ വിഭാവസു
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ
വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു
വിശ്വവിഭാവനൻ വിശ്വൈകനായകൻ
വിശ്വാസഭക്തിയുക്താനാം ഗതിപ്രദൻ
ചണ്ഡകിരണൻ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
ദ്വാദശാത്മാ പരമാത്മാ പരാപര-
നാദിതേയൻ ജഗദാദിഭൂതൻ ശിവൻ
ഖേദവിനാശനൻ കേവലാത്മാവിന്ദു-
നാദാത്മകൻ നാരദാദി നിഷേവിതൻ
ജ്ഞാനസ്വരൂപനജ്ഞാനവിനാശനൻ
ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ