അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സീതാസ്വീകരണം
പിന്നെ ഹനുമാനെ നോക്കിയരുൾചെയ്തു
മന്നവൻ 'നീ പൊയ് വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
നക്തഞ്ചരാധിപനിഗ്രഹമാദിയാം
വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിക്കണം
എന്നാലവളുടെ ഭാവവും വാകുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം'
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
വന്നു നിശാചരർ സൽക്കരിച്ചീടിനാർ
നന്ദിതനായൊരു മാരുത പുത്രനും
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാൻ
വക്ത്രപ്രസാദമാലോക്യ കപിവരൻ
വൃത്താന്തമെല്ലാം പറഞ്ഞുതുടങ്ങിനാൻ
'ലക്ഷ്മണനോടും വിഭീഷണൻതന്നൊടും
സുഗ്രീവനാദിയാം വാനരന്മാരൊടും
രക്ഷോവരനാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാൻ
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുൾചെയ്തിതറിഞ്ഞാലും'
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
ഗദ്ഗദവർണ്ണേന ചൊല്ലിനാ'ളെന്തു ഞാൻ
മർക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
ഭർത്താവിനെക്കണ്ടുകൊൾവാനുപായമെ-
ന്തെത്ര പാർക്കേണമിനിയും ശുചൈവ ഞാൻ
നേരത്തിതിന്നു യോഗം വരുത്തീടുനീ
ധീരത്വമില്ലിനിയും പൊറുത്തീടുവാൻ'
വാതാത്മജനും രഘുവരൻതന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാൻ
ചിന്തിച്ചു രാമൻ വിഭീഷണൻ തന്നോടു
സന്തുഷ്ടനായരുൾചെയ്താൻ 'വിരയെ നീ
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോൽ കാണായ്കകൊണ്ടുമാം
സ്നാനം കഴിപ്പിച്ചു ദിവ്യാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
ശിൽപമായോരു ശിബികമേലാരോപ്യ
മൽപുരോഭാഗേ വരുത്തുക സത്വരം.'
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ് ചമഞ്ഞിതൊരു ഘോഷനിസ്വനം
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാൻ
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാർ
കോലാഹലം കേട്ടു രാഘവൻ കാരുണ്യ-
ശാലി വിഭീഷണൻ തന്നോടരുൾചെയ്തു
'വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?'
കാര്യാർത്ഥമായ് പുരാ നിർമ്മിതമായൊരു
മായാജനകജാരൂപം മനോഹരം
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ
ലക്ഷ്മണനോടു മായാസീതയും ശുചാ
തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ
'വിശ്വാസമാശു മൽഭർത്താവിനും മറ്റു
വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ
കുണ്ഡത്തിലഗ്നിയെ നന്നായ് ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ'
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്
ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു
രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ
ഭൂമിസുതയുമന്നേരം പ്രസന്നയായ്
ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകൻതന്നെയും വന്ദിച്ചു ചൊല്ലിനാൾ
'ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാൽ
സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ'
എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു
വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ
ദുശ്‌ച്യവനാദികൾ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാകരാധിപന്മാരും കുബേരനും
മന്ദാകിനീധരൻതാനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
ഗന്ധർവ്വ കിന്നര കിംപുരുഷന്മാരു
ദന്ദശുകന്മാർ പിതൃക്കൾ മുനികളും
ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും
നാരദ തുംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമൻതിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുൾക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാർ
'സർവ്വലോകത്തിനും കർത്താ ഭവാനല്ലോ
സർവ്വത്തിനും സാക്ഷിയാകുന്നുതും ഭവാൻ
അജ്ഞാനവിഗ്രഹനാകുന്നതും ഭവാൻ
അജ്ഞാനനാശകനാകുന്നതും ഭവാൻ
സൃഷ്ടികർത്താവാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകനാം നിത്യസ്വരൂപൻ ഭവാനല്ലോ
കർണ്ണങ്ങളായതുമശ്വനീദേവകൾ
കണ്ണുകളായതുമാദിത്യചന്ദ്രന്മാർ
ശുദ്ധനായ് നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ
നിന്നുടെ മായയാ മൂടിക്കിടപ്പവർ
നിന്നെ മനുഷ്യനെന്നുള്ളിലോർത്തീടുവോർ
നിന്നുടെ നാമസ്മരണമുള്ളോരുള്ളിൽ
നന്നായ് പ്രകാശിയ്ക്കുമാത്മപ്രബോധവും
ദുഷ്ടനാം രാവണൻ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാൻ നിർദ്ദയം
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്കാം ത്വൽക്കരുണയാ'
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവൻ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാൻ
'വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതികാരണം
അദ്ധ്യാത്മജ്ഞാനികളാൽ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
സർവ്വഹൃദിസ്ഥിതം സർവ്വജഗന്മയം
സർവ്വലോകപ്രിയം സർവ്വജ്ഞമത്ഭുതം
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂർണ്ണമച്യുതം
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ'
ഇത്ഥം വിധാതുസ്തുതികേട്ടു രാഘവൻ
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
ആശ്രയാശൻ ജഗദാശ്രയഭൂതയാ-
നാശ്രിതവത്സലയായ വൈദേഹിയെ
കാഴ്ചയായ് കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുൾക്കൊണ്ടു നിന്നിതെല്ലാവരും
'ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും'
പാവകനെപ്രതി പൂജിച്ചു രാഘവൻ
ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും