അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ വിഭീഷണ സംഭാഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


അന്നേരമാഗതനായ വിഭീഷണൻ
ധന്യൻനിജാഗ്രജൻ‌തന്നെ വണങ്ങിനാൻ.
തന്നരികത്തങ്ങിരുത്തിദ്ദശാനനൻ
ചൊന്നാനവനോടു പഥ്യം വിഭീഷണൻ:
‘രാക്ഷസാധീശ്വര! വീര! ദശാനന!
കേൾക്കണമെന്നുടെ വാക്കുകളിന്നു നീ.
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
യുദ്ധത്തിനാരുള്ളാതോർക്ക നീ രാമനോ-
ടിത്രിലോകത്തിങ്കൽനക്തഞ്ചരാധിപ?
മത്തനുന്മത്തൻപ്രഹസ്തൻവികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
കുംഭകർണ്ണൻജംബുമാലി പ്രജംഘനും
കുംഭൻനികുംഭനകമ്പനൻകമ്പനൻ
വമ്പൻമഹോദരനും മഹാപാർശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികൾവജ്രദംഷ്ട്രാദി വീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ.
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവൻ
വൈവസ്വതനും നിരൃതിയുമല്ല കേൾ
പാശിയുമല്ല ജഗൽ‌‌പ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവൻ.
സാ‍ക്ഷാൽമഹാവിഷ്ണു നാരായണൻപരൻ
മോക്ഷദൻസൃഷ്ടിസ്ഥിതിലയകാരണൻ
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവൻ
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാൻ.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകൻവാമനമൂത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാൻ.
കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ,യസുരാംശമാകയാൽ
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
സത്യസങ്കലനാമീശ്വരൻ‌തന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിർണ്ണയം
എങ്കലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവൻ
സേവിപ്പവർക്കഭയത്തെക്കൊടുപ്പൊരു
ദേവനവൻകരുണാകരൻകേവലൻ
ഭക്തപ്രിയൻപരമൻപരമേശ്വരൻ
ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭൻകേശവൻ,
ഭക്തിയോടും തൻ‌തിരുവടിതൻ‌പദം
നിത്യമായ് സേവിച്ചുകൊൾക മടിയാതെ.
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തൽ
പാദാംബുജത്തിൽനമസ്കരിച്ചീടുക.
 കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാൽ
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവൻ
തൻ‌പദം നൽകീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാർക്കും.
കാ‍ടകം‌പുക്ക നേരത്തതിബാലകൻ
താടകയെക്കൊലചെയ്താനൊരമ്പിനാൽ
കൌശികൻതന്നുടെ യാഗരക്ഷാർത്ഥമായ്
നാശം സുബാഹുമുഖ്യന്മാർക്കു നൽകിനാൻ.
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോർക്ക നീ
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയാം
മയ്യൽമിഴിയാളെയും കൊണ്ടുപോകുമ്പോൾ
മാർഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാർഗ്ഗവന്‌തന്നെജ്ജയിച്ചതുമത്ഭുതം
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാ‍ഘവനല്ലയോ?
അർണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നർണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടൻ
വഹ്നിക്കു ലങ്കാപുരത്തെസ്സമർപ്പിച്ചു
സന്നദ്ധനായ്പ്പോയ മാരുതി ചെയ്തതും
ഒന്നൊഴിയാതെയ്ശ്രിഞ്ഞിരിക്കെ തവ
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ!
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻപ്രബലൻ‌തന്നോ-
ടുൾപ്പൂവിൽമത്സരംവച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തല്‌പ്രാണനും നശിച്ചീടുമരക്ഷണാൽ.
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേർപെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരെ പറഞ്ഞുതരുന്നതു ഞാനിനി
താരാർമകളെ കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽമാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ.
മുമ്പിലേയുള്ളിൽവിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽവരും ഫലമേവനും.
ശ്രീരാമനോടു കലാം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽമഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽ‌നേർവർണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!’
ഇത്ഥം വിഭീഷണൻപിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാൻ:
‘ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കൾശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം.’
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോർത്താൻവിഭീഷണൻഭാഗവതോത്തമൻ:
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
ചെന്നു തൃക്കാൽക്കൽവീണന്തികേ സന്തതം
നിന്നു സേവിച്ചുകൊൾവൻജന്മമുള്ള നാൾ.’
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
ദാരധനാലയമിത്ര ഭൃത്യൌഘവും
ദൂരെ പരിത്യജ്യ, രാമപാദാംബുജം
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജൻ‌തൻ‌പദം
കോപിച്ചു രാവണൻചൊല്ലിനാനന്നേര-
‘മാപത്തെനിക്കു വരുത്തുന്നതും ഭവാൻ.
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിർണ്ണയം.
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌വരും നീയെടോ!’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാ-
‘നെന്നുടെ താതനു തുല്യനല്ലോ ഭവാൻ
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൌഖ്യമല്ലോ മമ
സങ്കടം ഞാൻ‌മൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
പുത്രമിത്രാർത്ഥകളത്രാദികളോടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
മൂലവിനാശം നിനക്കു വരുത്തുവാൻ
കാലൻദശരഥമന്ദിരേ രാമനായ്
ജാതനായാൻജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാൾ
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ
ന്നാമോദമോടിങ്ങു വന്നാരിരുവരും.
എങ്ങനെ പിന്നെ ഞാൻചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേൽക്കുന്നതു പ്രഭോ!
രാവണൻതന്നെ വധിപ്പാനവനിയിൽ
ദേവൻവിധാതാവപേക്ഷിച്ച കാരണം
വന്നു പിറന്നിതു രാമനായ് നിർണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
ആശരവംശവിനാശം വരും‌മുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാൻ.’