Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദേവേന്ദ്രസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


സംക്രന്ദനൻ തദാ രാമനെ നിർജ്ജര-
സംഘേന സാർദ്ധം വണങ്ങി സ്തുതിച്ചിതു
'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
നിന്തിരുനാമാമൃതം ജപിച്ചീടുവാൻ
സന്തതം തോന്നേണമെൻപോറ്റി മാനസേ
നിൻ ചരിതാമൃതം ചൊല്‌വാനുമെപ്പൊഴു-
മെൻ ചെവികൊണ്ടു കേൾപ്പാനുമനുദിനം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂർത്തേ! ജനകാത്മജാവല്ലഭ!
ശ്രീമഹാദേവനും നിന്തിരുനാമങ്ങൾ
രാമരാമേതി ജപിയ്ക്കുന്നിതന്വഹം
ത്വൽപാദതീർത്ഥം ശിരസി വഹിയ്ക്കുന്നി-
തെപ്പോഴുമാത്മശുദ്ധിയ്ക്കുമാവല്ലഭൻ'
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുൾചെയ്തിതു രാഘവൻ
'മൃത്യു ഭവിച്ച കപികുലവീരരെ-
യത്തൽക്കളഞ്ഞു ജീവിപ്പിക്കയും വേണം
പക്വഫലങ്ങൾ കപികൾ ഭക്ഷിയ്ക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
വാനരന്മാർക്കു കുടിപ്പാൻ നദികളും
തേനായൊഴുകേണ'മെന്നു കേട്ടിന്ദ്രനും
എല്ലാമരുൾചെയ്തവണ്ണം വരികെന്നു
കല്യാണമുൾക്കൊണ്ടനുഗ്രഹിച്ചീടിനാൻ
നന്നായുറങ്ങിയുണർന്നവരെപ്പോലെ
മന്നവൻതന്നെത്തൊഴുതാരവർകളും
ചന്ദ്രചൂഡൻ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുൾചെയ്തിതന്നേരം
'നിന്നുടെ താതൻ ദശരഥൻ വന്നിതാ
നിന്നു വിമാനമമർന്നു നിന്നെക്കാണ്മാൻ
ചെന്നു വണങ്ങുകെ'ന്നൻപോടു കേട്ടഥ
മന്നവൻ സംഭ്രമം പൂണ്ടു വണങ്ങിനാൻ
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
ഗാഢം പുണർന്നു നിറുകയിൽ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂർണ്ണം പുണർന്നാനന്ദമഗ്നനായ്‌
ചിന്മയനോടു പറഞ്ഞു ദശരഥ-
നെന്മകനായി പിറന്ന ഭവാനെ ഞാൻ
നിർമ്മലമൂർത്തേ! ധരിച്ചതിന്നാകയാൽ
ജന്മമരാണാദി ദുഃഖങ്ങൾ തീർന്നിതു
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കൽമഷനാശന! കാരുണ്യവാരിധേ!
താതവാക്യം കേട്ടു രാമചന്ദ്രൻ തദാ
മോദേന പോവാനനുവദിച്ചീടിനാൻ
ഇന്ദ്രാദിദേവകളോടും ദശരഥൻ
ചെന്നമരാവതി പുക്കു മരുവിനാൻ
സത്യസന്ധൻതന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും
കാത്യായനീദേവിയോടും മഹേശ്വരൻ
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാൻ
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാർ