Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകബന്ധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


രക്ഷോവരനായ രാവണൻ ചൊൽകയാൽ

തൽക്ഷണേ വന്നു ശുകനാം നിശാചരൻ

പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ

മർക്കടരാജനാം സുഗ്രീവനോടിദം:

“രാക്ഷസാധീശ്വരൻ വാക്കുകൾ കേൾ‍ക്ക നീ

ഭാസ്കരസൂനോ! പ്രാകരമവാരുധേ! 876

ഭാനുതനയനാം ഭാഗധേയാംബുധെ!

വാനരരാജമഹാകുലസംഭവ!

ആദിതേയേന്ദ്രസുതാനുജനാകയാൽ

ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം

നിന്നോടു വൈരമെനിക്കേതുമില്ലേതുമേ

രാജകുമാരനാം രാമഭാര്യാമഹം

വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ?

മർക്കടസേനയോടു മതിവിദ്രുതം

കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ 880

ദേവാദികളാലുമപ്രാപ്യമായൊന്നു

കേവലമെന്നുടെ ലങ്കാപുരമെടോ!

അല്പസാരന്മാർ മനുഷ്യരുമെത്രയും

ദുർബ്ബലന്മാരായ വാനരയൂഥവും

എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ-

ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ”

ഇഥം ശുകോക്തികൾ കേട്ടു കപികുല-

മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം

മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി

ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ : 890

“രാമരാമ! പ്രഭോ! കാരുണ്യവാരിധേ!

രാമ! നാധ! പരിത്രാഹി രഘുപതേ!

ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ

നാഥ! ധർമ്മത്തെരക്ഷിച്ചുകൊള്ളേണമേ

വാനരന്മാരെ നിവാരണം ചെയ്താശു-

മാനവവീര! ഹതോഹം പ്രപാഹി മാം”

ഇഥം ശുകപരിവേദനം കേട്ടൊരു

ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ

വാനരന്മാരെ വിലക്കിനാനന്നേര-

മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ 900

ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു

ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു

ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും

ചൊല്ലിനാനാശു ശുകനോടുസത്വരം:

“ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും

കൊല്ലണമാശു സപുത്ര ബലാന്വിതം

ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന

ചോരനേയും കൊന്നു ജാനകി തന്നെയും

കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു

രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” 910

അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള-

വർക്കാന്വയോത്ഭവൻ താനുമരുൾ ചെയ്തു:

വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ-

ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിൻ

ഞാനുരചെയ്തേയയയ്കാവിതെന്ന”തു-

മാനന്ദമോടരുൾ ചെയ്തു രഘുവരൻ

വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു

ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ

ശാർദ്ദൂലവിക്രമം പൂണ്ട കപിബലം

ശാർദ്ദൂലനായ നിശാചരൻ വന്നു ക‌- 920

ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ

വാർത്തകളുള്ളവണ്ണമതു കേട്ടൊരു

രാത്രിഞ്ചരേശ്വരനാകിയ രാവണ-

നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം

ചീർത്തഖേദത്തോടു ദീർഘമായേറ്റവും-

വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ.