ഉള്ളടക്കത്തിലേക്ക് പോവുക

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ ഹോമവിഘ്നം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാൻ:.....................3330

‘അർക്കാത്മജാദിയാം മർക്കടവീരരു-
മർക്കാന്വയോത്ഭൂതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
ദു:ഖവുമുൾക്കൊണ്ടിരിക്കുമാറായിതു
സൽഗുരോ! ഞാൻ തവ ശിഷ്യനല്ലോ വിഭോ!
വിജ്ഞാനിയാകിയ രാവണനാലിതി-
വിജ്ഞാപിതനായ ശുക്രമഹാമുനി.....................3340

രാവണനോടുപദേശിച്ചി’തെങ്കിൽ നീ
ദേവതമാരെ പ്രസാദം വരുത്തുക
ശീഘ്രമൊരു ഗുഹയും തീർത്തു ശത്രുക്കൾ
തോൽക്കും പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാൽ നിനക്കെടോ!
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കൽനിന്നു പുറപ്പെടും
ബാണതൂണീര ചാപാശ്വ രഥാദികൾ
വാനവരാലുമജയ്യനാം പിന്നെ നീ......................3350

മന്ത്രം ഗ്രഹിച്ചുകൊൾകെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ’
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണൻ
പന്നഗലോകസമാനമായ് തീർത്തിതു
തന്നുടെ മന്ദിരം തന്നിൽ ഗുഹാതലം
ദിവ്യമാം ഹവ്യഗവ്യാദി ഹോമായ സ-
ദ്രവ്യങ്ങൾ തത്ര സമ്പാദിച്ചുകൊണ്ടവൻ
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതിൽ
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്...................3360

ധ്യാനമുറപ്പിച്ചു തൽഫലം പ്രാർത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാൻ
വ്യോമമാർഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരൻ
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാൻ
‘ഹോമം തുടങ്ങീ ദശാനനൻ മന്നവ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ’.....................3370

ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
പുക്കു പുരപാലകന്മാരെയും കൊന്നു-
മർക്കടവീരരൊരുമിച്ചനാകുലം
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
വ്യാജാൽ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം........................3380

ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദൻ
തത്രഗുഹയിലകംപൂക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
മറ്റുള്ളവർകളുമംഗദാനുജ്ഞയാ
തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാർ
കണ്ണുമടച്ചുടൻ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരർ
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചുകൊൾകയും സംഭാരസഞ്ചയം....................3390

കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണൻ കയ്യിലിരുന്ന മഹൽസ്രുവം
പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടൻ
താഡനം ചെയ്താനതു കൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠൻ മഹാബലൻ
ദന്തങ്ങൾ കൊണ്ടും നഖങ്ങൾ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയകാംക്ഷയാ....................3400

മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തൻ-
മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാൻ
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാൾ:
‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാൻ
ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാർക്കുമേ
നിന്നുടെ മുൻപിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു.......................3410

പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോർക്കിൽ ജളമതേ!
എന്തിനായ്ക്കൊണ്ടു നിൻ ധ്യാനവും ഹോമവു-
മന്തർഗ്ഗതമിനിയെന്തോന്നു ദുർമതേ!
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയിൽ
മൃത്യുഭവിക്കുന്നതുത്തമമേവനും......................3420

നാണവും പത്നിയും വേണ്ടീലവന്നു തൻ
പ്രാണഭയം കൊണ്ടു മൂഢൻ മഹാഖലൻ’
ഭാര്യാവിലാപങ്ങൾ കേട്ടു ദശാനനൻ
ധൈര്യമകന്നു തൻ വാളുമായ് സത്വരം
അംഗദൻ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാർത്തുവിളിച്ചു പുറത്തു പോന്നീടിനാർ
ഹോമശേഷം മുടക്കിവയമെന്നു രാ-
മാന്തികേ ചെന്നു കൈതൊഴുതീടിനാർ.....................3430

മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാൻ:
‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാൽ മരിക്കുന്നതിൻ മുന്നമേ
കൽപ്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും.....................3440

നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹർഷാദി ജരമൃത്യുജന്മങ്ങൾ
അജ്ഞാനജങ്ങളഖിലജന്തുക്കൾക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
ജ്ഞാനസ്വരൂപനാ‍ത്മാ പരനദ്വയ-
നാനന്ദപൂർണ്ണസ്വരൂപനലേപകൻ...................3450

ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവൻ
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
എന്നെ രാമൻ കൊല ചെയ്യുകിൽ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ......................3460

പാവകൻ തങ്കൽ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാൽ ഗതിയും വരും’
വ്യഗ്രിച്ചതുകേട്ടു മണ്ഡോദരി ദശ-
ഗ്രീവനോടിത്ഥം പറഞ്ഞാളതുനേരം
‘രാഘവനെജ്ജയിപ്പാനരുതാർക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാൽ പ്രധാനപുരുഷോത്തമനായ
മോക്ഷദൻ നാരായണൻ രാമനായതും
ദേവൻ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും.................3470

രാജീവലോചനൻ മുന്നമൊരു ലക്ഷ-
യോജന വിസ്ത്രുതമായൊരു കൂർമ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമാം മന്ദരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേൽ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതൻ
മാറിടം കൈനഖം കൊണ്ടു പിളർന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും..................3480

ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതൻ
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവൻ തന്നെ
മാർത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതാവരനാകിയ രാഘവൻ
നിന്നെ വധിപ്പാൻ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിക്ക നീ
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ........................3490

വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിർലജ്ജനാകയാൽ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നൽകുക
രാമൻ കരുണാകരൻ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
മണ്ഡോദരീവാക്കു കേട്ടൊരു രാവണൻ
ചണ്ഡപരാക്രമൻ ചൊന്നാനതു നേരം:
പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ...................3500

ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
രാഘവൻ തന്നോടെതിർത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ’