ഉള്ളടക്കത്തിലേക്ക് പോവുക

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാജ്യാഭിഷേകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720

സന്തുഷ്ടനായ രഘുകുലനാഥനു-
മന്തർമ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാൻ
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചിൽപുരുഷനരുൾചെയ്താനനന്തരം
"ചെന്നു വഹിക്ക നീ വൈശ്രവണൻ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു
നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730

എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകൻ
ആശിർവ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാൻ
അപ്പോൾ ഭരതനും കേകയപുത്രിയു-
മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740

വാമദേവാദി മഹാമുനിവർഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ
ജന്മനാശാദികളില്ലാത്ത മംഗലൻ
നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ
നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ
ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ
സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750

തന്മഹാമായയാ സർവ്വലോകങ്ങളും
നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ
ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള-
വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം
'മാനസേ ഖേദമുണ്ടാകരുതാർക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ
അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760

സംഭാരവുമഭിഷേകാർത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണൻതാനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770

ശോഭയോടേ ഭരതൻ കുണ്ഡലാദിക-
ളാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങൾ നൽകിനാൾ
അന്നേരമത്ര സുമന്ത്രർ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ
രാജരാജൻ മനുവീരൻ ദയാപരൻ
രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780
   
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാർ
സീതയും സുഗ്രീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളിൽ
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790

സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരൻ ദിവ്യവ്യജനവും വീയിനാൻ
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാർ പതിനായിരമുണ്ടു
വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാർ
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800

കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ
മോഹപരവശമാരായ്‌ മരുവിനാർ
മന്ദമന്ദം ചെന്നു രാഘവൻ വാസവ-
മന്ദിരതുല്യമാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതൻ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810

ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാർക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താൻ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകർമ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി...................4820

നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും
കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും
എങ്കിലോ ജാംബവാനും മരുൽപ്പുത്രനു-
മംഗദൻതാനും സുഷേണനും വൈകാതെ
സ്വർണ്ണകലശങ്ങൾതന്നിൽ മലയജ-
പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവർ
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830

മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ
മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ
ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു
ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ
രത്നസിഹാസനേ രാമനേയും ചേർത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവൻ മുനി ജാബാലി ഗൗതമൻ
വാത്മീകിയെന്നവരോടും വസിഷ്ഠനാം
ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840

പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാർ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ
ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ
ക്ഷത്രിയ വീരരുപചരിച്ചീടിനാർ
ലോകപാലന്മാരുപദേവതമാരു
മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ
മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ
ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850

സർവരത്നോജ്ജ്വലമായ ഹാരം പുന
രുർവീശ്വരനുമലങ്കരിച്ചീടിനാൻ
ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും
ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ
പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ
രുണ്യനിധിയെ ബജിച്ചിതെല്ലാവരും
സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം
പത്മപത്രേക്ഷണം സൂര്യകോടി പ്രഭം
ഹാര കിരീട വിരാജിതം രാഘവം
മാരസമാനലാവണ്യം മനോഹരം....................4860

പീതാംബരപരിശോഭിതം ഭൂധരം
സീതയാ വാമാങ്കസംസ്ഥയാരാജിതം
രാജരാജേന്ദ്രംരഘുകുല നായകം
രാജീവ ബാന്ധവ വംശ സമുത്ഭവം
രാവണ നാശനം രാമംദയാപരം
സേവകാഭീഷ്ടദം സേവ്യമനാമയം
ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു
ഭർഗ്ഗനുമപ്പോൾ സ്തുതിച്ചു തുടങ്ങിനാൻ
രാമായ ശക്തിയുക്തായ നമോനമഃ
ശ്യാമള കോമള രൂപായതേ നമഃ..........................4870

കുണ്ഡലീനാഥാതൽപായ നമോനമഃ
കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ
ശ്രീരാമദേവായ സിംഹാസനസ്ഥായ
ഹാരകിരീടധരായ നമോനമഃ
ആദിമദ്ധ്യാന്തഹീനായ നമോനമഃ
വേദസ്വരൂപായ രാമായതേ നമഃ
വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ
വേദജ്ഞ വന്ദ്യായ നിത്യായ തേ നമഃ
ചന്ദ്രചൂഡൻ പുകഴ് ന്നോരു നേരം വിബു
ധേന്ദ്രനും ഭക്ത്യാ പുകഴ്തിത്തുടങ്ങിനാൻ..................4880

ബ്രഹ്മവരം കൊണ്ടഹംകൃതനായൊരു
ദുർദമേറിയ രാവണ രാക്ഷസൻ
മല്പദമെല്ലാമടക്കിനാൻ കശ്മലൻ
തൽപുത്രനെന്നെ ബന്ധിച്ചു മഹാരണേ
ത്വൽപ്രസാദത്താലവൻ മൃതനാകയാ
ലിപ്പോളെനിക്കു ലഭിച്ചിതു സൗഖ്യവും
അന്നന്നിവണ്ണമോരോതരമാപത്തു
വന്നാലതും തീർത്തുരക്ഷിച്ചു കൊള്ളുവാൻ
ഇത്ര കാരുണ്യമൊരുത്തർക്കുമില്ലെന്ന
തുത്തമ പൂരുഷ ഞാൻ പറയേണമോ..............4830

എല്ലാം ഭവൽ കരുണാബലമെന്നിമ
റ്റില്ലൊരാലംബനം നാഥ നമോസ്തുതേ
ആദിത്യരുദ്രവസുപ്രമുഖന്മാരു
മാദിതേയോത്തമന്മാരുമതുനേരം
ആശരവംശവിനാശനനാകിയ
ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാർ
യജ്ഞഭാഗങ്ങളെല്ലാമടക്കിക്കൊണ്ടാ
ലജ്ഞനിയാകിയ രാവണ രാക്ഷസർ*******
ത്വൽ‌ കടാക്ഷത്താലതൊക്കെ ലഭിച്ചിതു
ദുഃഖവും തീർന്നിതു ഞങ്ങൾക്കു ദൈവമേ....................4900

തല്പാദപത്മം ഭജിപ്പതിനെപ്പോഴും
ചില്പുരുഷപ്രഭോ നല്കീടനുഗ്രഹം
രാമായ രാജീവ നേത്രായ ലോകാഭി
രാമായ സീതാഭിരാമായ തേ നമഃ
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ
'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910

പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!'
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാൻ
പക്ഷീന്ദ്ര വാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ'
ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920

'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ!
നിൻചരണാംബുജം നിത്യം നമോ നമഃ'
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ
മന്നവൻതന്നെ മനോഹരമാവണ്ണം
'ദുർന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930

നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതൽപേ വസിക്കു ഭവൽപ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം'
കിംപുരുഷന്മാർ പരംപുരുഷൻപദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം
'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം
അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി
നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940
 
സിദ്ധസമൂഹവുമപ്പോൾ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ
'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു
ചിത്തഭയം തീർത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ'
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ
'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950

ചാരുരൂപം തേടുമപ്സരസാം ഗണം
ചാരണന്മാരുരഗന്മാർ മരുത്തുക്കൾ
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികൾ മറ്റുള്ളവർ‌കളും
സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാർ...................4960
  
സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവൽപാദാംഭോജവും
സേവിച്ചിരുന്നാർ ജഗത്രയവാസികൾ
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോടിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം.....................4970

ചന്ദ്രബിംബാനനം ചാർവ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും