അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകന്റെ പൂർവ്വവൃത്താന്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ബ്രാഹ്മണശ്രേഷ്ഠൻ പുരാ ശുകൻ നിർമ്മലൻ
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കൽ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളിൽ പ്രധാനിത്യവും കൈക്കോണ്ടു
ദേവകൾക്കഭ്യുതയാർത്ഥമായ് നിത്യവും
ദേവാരികൾക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികർമ്മങ്ങൾ ചെയ്തുമേവീടിനാൻ,
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാർത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവും ദശാന്തരെ
നിർജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടൻ മഹാദുഷ്ടനിശാചരൻ
എന്തോന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാർത്തു പാർത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യൻ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാൽ
സംപൂജിതനാമഗസ്ത്യതപോധനൻ
സംഭോജനാർത്ഥം നിയന്ത്രിതനാകയാൽ
സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപൻ വജ്രദംഷ്ട്രാസുരൻ
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാൻ ശുകനോടു മന്ദഹാസാന്വിതം,
‘ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ!
ഛാഗമാംസം വേണമല്ലൊ കറി മമ
ത്യാഗിയല്ലൊ ഭവാൻ ബ്രാഹ്മണസത്തമൻ.’
എന്നളവേ ശൂകൻ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ.
മദ്ധ്യേശുകപത്നിവേഷം ധരിച്ചവൻ
ചിത്തമോഹം വളർത്തീടിനാൻ മായയാ.
മർത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രൻ മറഞ്ഞീടിനാൻ
മർത്ത്യമാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
‘മർത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയിൽ വാഴുക മത്തപോവൈഭവാൽ.’
ഇത്ഥം ശപിച്ചിതു കേട്ടു ശുകൻ താനു-
‘മെത്രയും ചിത്രമിതെന്തൊരു കാരണം;
മാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ
പിന്നെയതിനു കോപിച്ചുശപിച്ചതു-
മെന്നുടെ ദുഷ്കർമ്മമെന്നേ പറയാവൂ.’
‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാൻ:
‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുൾ ചെയ്തു
വ്യഞ്ജനം മാംസസമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികൾ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂർത്തം വിചാരിച്ചരുളിനാൻ.
വൃത്താന്തമുൾക്കാമ്പുകൊണ്ടു കണ്ടോരള-
വുൾത്താപമോടരുൾ ചെയ്താനഗസ്ത്യനും:
‘വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിർണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേൻ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാൽ.
നല്ലതു വന്നു കൂടും മേലിൽ നിർണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവൻ.
ശ്രീരാമപത്നിയെ രാവണൻ കൊണ്ടുപോ-
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവൻ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാൻ
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാ‍മനെസ്സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്-
ച്ചെന്നു ദശമുഖൻ തന്നോടൂ ചൊല്ലുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാൽ ദ്വിജത്വവും വന്നുകൂടും ദൃഢം.’
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവൻ
സത്യം തപോധനവാക്യം മനോഹരം.