അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധത്തിൽ രാവണന്റെ പുറപ്പാട്
‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ.
നമ്മോടുകൂടെയുള്ളോർ പോന്നീടുക
നമ്മുടെ തേരുംവരുത്തുകെന്നാ’നവൻ
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽക്കരേറിനാൻ
ആലവട്ടങ്ങളും വെൺചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം പൂണ്ടതേരിൽ കരയേറി
മേരുശീഖരങ്ങൾ പോലെകിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുദ്ധങ്ങളും
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ.
ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
മക്കളും മന്ത്രിമാർ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തോടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണൻ തന്നോടരുൾ ചെയ്തു:
‘നല്ലവീരന്മാർ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെയഥാഗുണം‘
എന്നതു കേട്ടുവിഭീഷണരാഘവൻ-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ:
ബാണചാപത്തോടുബാലാർക്ക കാന്തി പൂ-
ണ്ടാനക്കഴൂത്തിൽ വരുന്നതകമ്പനൻ
സിംഹധ്വജം പൂണ്ടതേരിൽ കരയേറി
സിംഹപരാക്രമൻ ബാണചാപത്തൊടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനൻ തന്നെ മുന്നം ജയിച്ചാനവൻ
ആയോധനത്തിനു ബാണചാപങ്ങൾ പൂ-
ണ്ടായതമായൊരു തേരിൽ കരയേറി
കായം വളർന്നു വിഭൂഷണം പൂണ്ടതി-
കായൻ വരുന്നതു രാവണാന്തത്മകൻ
പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ-
നുന്നതനേറ്റം മഹോദര മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജി ശൂരേന്ദ്രൻ വിശാലൻ നരാന്തകൻ.
വെള്ളെരുതിൻ മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ
രാവണൻ തന്മകൻ മറ്റേതിനങ്ങേതു
ദേവാന്തകൻ തേരിൽ വന്നിതു മന്നവ!
കുംഭകർണ്ണാത്മജൻ കുംഭമങ്ങേതവൻ
തമ്പി നികുംഭൻ പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടൂം നമ്മെ വെൽവാൻ പുറപ്പെട്ടു.‘
ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി-
നുത്തരം രാഘവൻ താനുമരുൾ ചെയ്തു:
‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാൻ‘
എന്നരുൾ ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാൻ ദശാസ്യനും:
‘എല്ലാവരും നാമൊഴിച്ചു പോന്നാലവർ
ചെല്ലുമകത്തു കടന്നൊരുഭാഗമേ
പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ
കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ
ശക്തിയില്ലായ്കയില്ലിതിനേതുമേ.’
ഏവം നിയോഗിച്ചനേരം നിശാചരരേവരും
ചെന്നു ലങ്കാപുരം മേവിനാർ.
വൃന്ദാദികാരാതി രാവണൻ വാനര-
വൃന്ദത്തെയെയ്തുയെറ്യ്തങ്ങ തള്ളിവിട്ടീടിനാൻ.
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രൻ കാൽക്കൽ വീണിരന്നീടിനാർ
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ-
സല്യാതനയനും പോരിനൊരുമിച്ചാൻ.
‘വമ്പനായുള്ള്ഓരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നൽകണം‘.
എന്നുസൌമിത്രിയും ചെന്നിരന്നീടിനാൻ
മന്നവൻ താനുമരുൾ ചെയ്തതിന്നേരം:
വൃത്രാരിയും പോരിൽ വിവസ്ത്രനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
മായയുമുണ്ടേറ്റം നിശാചരർക്കേറ്റവും
ന്യായവുമൊണ്ടിവർക്കാർക്കുമൊരിക്കലും
ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവൻ
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം
ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിൻ വാങ്ങിനാൻ
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനായൊരു മാരുതി
തേർത്തടം തന്നിൽ കുതിച്ചു വീണീടിനാ-
നാർത്തനായ് വന്നു നിശാചരനാഥനും.
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു;
രക്ഷോവരനോടൂമാരുതപുത്രനും:
നിർജ്ജരന്മാരേയും താപസന്മാരേയും
സജ്ജനമായ മറ്റുള്ള ജനത്തേയും
നിത്യമുപദ്രവുക്കുന്നനിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ!
നിന്നേയടീച്ചുകൊൽ വാൻ വന്നുനിൽക്കുന്നൊ-
രെന്നെയൊഴിച്ചുകൊൽ വീരനെന്നാകിൽ നീ
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’
എന്നുപറഞ്ഞോന്നടിച്ചാൻ കപീന്ദ്രനും
നന്നായ് വിറച്ചുവീണാൻ ദശകണ്ഠനും
പിന്നെയുണർന്നു ചൊന്നാനിവിടേക്കിന്നു
വന്ന കപികളിൽ നല്ലനല്ലോ ഭവാൻ
‘നന്മയെന്തായെതെനിക്കിന്നൈതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാൽ മറ്റൊരുവരും
മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ
മൃത്യുവന്നീല നിനക്കതുകൊണ്ടുഞാൻ
എത്രയും ദുർബലനെന്നുവന്നീ നമ്മി-
ലിത്തിരി നേരമിന്നും പൊരുതീടണം’
എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ
പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും
നീലനന്നേരം കുതികൊണ്ടുരാവണ-
ന്മേലെ കരേറി കിരീടങ്ങൾ പത്തിലും
ചാടിക്രമേണ നൃത്തം തുടങ്ങീടിനാൻ;
പാടിത്തുടങ്ങിനാൻ രാവണനും തദാ.
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ
തൽ ക്ഷണെകോപിച്ചു ലക്ഷ്മണൻ വേഗേന
രക്ഷോവരനെ ചെറുത്താനതു നേരം
ബാണഗണത്തെ വർഷിച്ചാനിരുവരും
കാണരുതാതെ ചമഞ്ഞിതു പോർക്കളം
വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ-
നല്ലൽ മുഴുത്തുനിന്നു ദശകണ്ഠനും.
പിന്നെ മയൻ കൊടുത്തൊരു വേൾ സൌമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ.
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൌ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ.
ആടലായ് വീണകുമാരനെച്ചെന്നെടു-
ത്തീടുബാനാശു ഭാവിച്ചു ദശാനനൻ.
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
രാഘവൻ തന്നുടെ ഗൌരവമോർത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ
ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ
മാരുതി താനും കുമാരനെ തൽക്ഷണേ
പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ
ചിൽ പുരുഷൻ മുമ്പിൽ വച്ചു വണങ്ങിനാൻ
മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ-
മ്മാറു പുക്കു മയദത്തമാം ശക്തിയും.
ത്രൈലൊക്യനായകനാകിയ രാമനും
പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിനാൻ:
‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക
കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ.’
മാരുതി ചൊന്നതു കേട്ടു രഘുത്തമ-
നാരുഹ്യ തൽ കണ്ഠദേശേ വിളങ്ങിനാൻ
ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ:
‘നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലൊം.
ഇന്നതിനാശു യോഗം വന്നിതാകയാൽ
നിന്നേയും നിന്നോടു കൂടെ വന്നോരേയും
കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ-
നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’
എന്നരുൾ ചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
മാരുതി തന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചര നായകൻ
ശ്രീരാമദേവനും കോപം മുഴുത്തതി-
ധീരത കൈക്കൊണ്ടെടുത്തൊരു സായകം
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
ആലസ്യമായിതു ബാണമേറ്റന്നേരം
പൌലസ്ത്യചാപവും വീണിതു ഭൂതലേ.
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ
സാരഥിതന്നെയും കൊന്നു കളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
രാമനും രാവണൻ തന്നോടരുൾ ചെയ്താ-
‘നാമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.’
കാകുലസ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനൻ.
രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ-
രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാൻ.