Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദിവ്യൗഷധഫലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കും വിധൌ
ഔഷധാവാസമൃഷഭാദ്രിയും കണ്ടി-
തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.
കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി-
ചേണാങ്കബിംബംകണക്കെപ്പിടിച്ചവൻ‌
കൊണ്ടുവന്നൻപോടു രാഘവൻ‌മുമ്പിൽ‌വ-
ച്ചിണ്ടൽ‌തീർത്തീടിനാൻവമ്പടയ്ക്കന്നേരം
കൊണ്ടൽ‌നേർവർണ്ണനും പ്രീതിപൂണ്ടാൻനീല-
കണ്ഠനുമാനന്ദമായ് വന്നിതേറ്റവും
ഔഷധത്തിൻ‌കാറ്റു തട്ടിയ നേരത്തു
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.
‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ-
മിന്നുതന്നെ ശൈലമില്ലൊരു സംശയം
അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം
കൊല്ലുന്നിതെന്നരുൾചെയ്തോരനന്തരം
കുന്നുമെടുത്തുയർന്നാൻകപിപുംഗവൻ‌.
വന്നാനരനിമിഷംകൊണ്ടു പിന്നെയും
യുദ്ധേ മരിച്ച നിശാചരന്മാരുടൽ‌
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസർ‌
വാരാന്നിധിയിലിട്ടീടിനാരെന്നതു-
കാരണം ജീവിച്ചതില്ല രക്ഷോഗണം.