വിക്കിഗ്രന്ഥശാല:വാർഷിക റിപ്പോർട്ട്/2011

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

2011 ൽ ചേർത്ത പ്രധാന കൃതികൾ[തിരുത്തുക]

  1. ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി 1934ൽ രചിച്ച കൃതി.
  2. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ- കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ് 1848ൽ രചിച്ചത്.
  3. 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? - 2010 പ്രസിദ്ധികരിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട കൃതി (ചരിത്രം/ ലിംഗനീതി പഠനം). രചയിതാവ്:ജെ. ദേവിക. മലയാളം വിക്കി ഗ്രന്ഥശാല പ്രവർത്തകർ അഭ്യർത്ഥിച്ചിതിനനുസരിച്ച് ഈ പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രലൈസൻസാക്കി മാറ്റി.
  4. നാരായണീയം - മേൽപ്പത്തൂരിന്റെ പ്രസിദ്ധമായ നാരായണീയം
  5. വാസനാവികൃതി - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1891ൽ രചിച്ചത്. മലയാളത്തിലെ ആദ്യത്തെ ചെറുകഥ.
  6. രാമചന്ദ്രവിലാസം -മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം. അഴകത്ത് പത്മനാഭക്കുറുപ്പ് 1907ൽ രചിച്ചത്.
  7. ശിവസ്തോത്രമാല, സുബ്രഹ്മണ്യശതകം - കുമാരനാശാന്റെ സ്തോത്രകൃതികളിൽ നിന്ന്.
  8. ചക്രവാകസന്ദേശം - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം.
  9. കുന്ദലത - അപ്പു നെടുങ്ങാടി 1887ൽ രചിച്ചത്. മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതി.
  10. അധ്യാത്മവിചാരം പാന - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി.
  11. സഞ്ജയന്റെ കൃതികൾ - മഴയുടെ കാരണം, സഞ്ജയോപഖ്യാനം, ഞാൻ മാവിലായിക്കാരനാണ്, ബി.എം. കോളേജിന്റെ ഉത്ഭവം, ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്, ഭർത്തൃസ്ഥാനാർത്ഥികൾ, കള്ളവാക്കുകൾ, ചങ്ങലംപരണ്ട_ടാഗോർ
  12. പ്രാചീന മലയാളം(രണ്ടാം പുസ്തകം) - ചട്ടമ്പിസ്വാമികളുടെ കൃതി.
  13. കൊളംബ് യാത്രാവിവരണം - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്.
  14. ശ്രീ ലളിതാസഹസ്രനാമം - പൌരാണിക സ്തോത്ര ഗ്രന്ഥം.
  15. കേരളോല്പത്തി - (THE ORIGIN OF MALABAR) - 1868 ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത്.
  16. തിരുവിതാംകൂർ ഭൂമിശാസ്ത്രം - 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം.
  17. കാർത്തവീര്യാർജ്ജുനവിജയം - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ
  18. ഭാഷാഷ്ടപദി - ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനം.
  19. ദൂതവാക്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം.
  20. തുഞ്ചത്തെഴുത്തച്ഛൻ - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്. തുഞ്ചത്തെഴുത്തച്ഛനെ പറ്റിയിള്ള പഴയ ജീവചരിത്രങ്ങളിലൊന്ന്.
  21. ഘോഷയാത്ര - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ
  22. കർണ്ണഭൂഷണം - ഉള്ളൂരിന്റെ ഖണ്ഡകാവ്യം (1929).

വിക്കിഗ്രന്ഥശാല സിഡി[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാല സിഡി പതിപ്പ് 1.0-ന്റെ സിഡി സ്റ്റിക്കർ
മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ കവറിൽ ഉപയോഗിച്ച ചിത്രം

മലയാളം വിക്കിഗ്രന്ഥശാലയിലുള്ള പ്രമുഖവും ഏകദേശം പൂർത്തിയായതുമായ കൃതികൾ സമാഹരിച്ച് 2011 ജൂൺ 11-നു കണ്ണൂരിൽ വെച്ച് നടന്ന നാലാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കി. വിക്കിഗ്രന്ഥശാല കൃതികളുടെ ഓഫ്‌ലൈൻ പതിപ്പ് ഇറക്കുന്ന ആദ്യത്തെ ലോകഭാഷയായി മലയാളം ഇതിലൂടെ മാറി. വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പരിപാടി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഇതൊരു സവിശേഷപദ്ധതി ആയിരുന്നു. ഈ റിലീസ് മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് മലയാളികൾക്ക് ഇടയിൽ വളരെയധികം ജനപ്രീതി നേടി കൊടുത്തു. മാതൃഭൂമി ദിനപത്രം അടക്കം പല പ്രമുഖമാദ്ധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ വിക്കിഗ്രന്ഥസാല സിഡി റിലീസിനെ കുറിച്ച് വാർത്തകൾ നൽകി.

സ്കൂൾ വിദ്യാർഥികളുടെ പദ്ധതികൾ[തിരുത്തുക]

  • മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയത് ചവറ ഉപജില്ലയിലെ 15 വിദ്യാലയങ്ങളുടെ കൂട്ടായ്മ. കൂടുതൽ
  • മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷൻ ചെയ്തത് , കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളുടെ കൂട്ടായ്മ. കൂടുതൽ


സമാഹരണം പദ്ധതി[തിരുത്തുക]

എഴുത്തുകാരുടെ കൃതികൾ കൂട്ടായ്മയിലൂടെ സമാഹരിക്കാനുള്ള ഉദ്യമമാണ്‌ സമാഹരണയജ്ഞം. ഓരോ മാസവും വിക്കിഗ്രന്ഥശാലാസമൂഹം ഓരോ എഴുത്തുകാരനെ തെരഞ്ഞെടുക്കുകയും അവരുടെ പരമാവധി കൃതികൾ സമാഹരിക്കാനുള്ള തീവ്രയത്നം നടത്തുകയും ചെയ്യുന്നു. 2011 ജൂണിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ സമാഹരിക്കാനുള്ള പദ്ധതി ആരംഭിച്ചു. ആവശ്യത്തിന് സന്നദ്ധപ്രവർത്തകരില്ലാത്തതിനാലും സ്കാൻ ചെയ്ത കൃതികളുടെ ലഭ്യതക്കുറവും മൂലം ഈ പദ്ധതി അധികം മുന്നോട്ട് പോയില്ല. താല്പര്യമുള്ള സന്നദ്ധ സേവകർ മുൻപോട്ട് വന്നാൽ ഇത് പുനർജീവിപ്പിക്കാം എന്ന് കരുതുന്നു.

വിക്കിഗ്രന്ഥശാല ഉപയോക്താക്കൾ[തിരുത്തുക]

ഗ്രന്ഥശാലയിലെ സജീവ ഉപയോക്താക്കളുടെ കാര്യത്തിൽ 2011ൽ നല്ല വളർച്ചയുണ്ടായി. സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ വിക്കിഗ്രന്ഥശാലയുടെ പ്രചാരത്തിനു കാര്യക്ഷമമായി ഉപയോഗിച്ചതും, വിക്കിഗ്രന്ഥശാല സിഡിയുടെ പ്രചാരവും, ദേജാവൂ സൂചികാ രീതിയിൽ സ്കാൻ ചെയ്ത് പേജുകൾ ഡിജിറ്റൈസ് ചെയ്യുന്ന രീതി അവലംബിച്ചതും ഒക്കെ ഇതിന് കാരണങ്ങളാണ്. ഐതിഹ്യമാല പോലെയുള്ള വലിയ പദ്ധതികളും, ഒരേസമയം നാല്പതിലധികം ആളുകൾ പ്രവർത്തിച്ച കേരളോല്പത്തി പോലുള്ള പുസ്തകങ്ങളുടെ പദ്ധതികളും 2011 ലെ പ്രധാന നാഴികകല്ലുകളാണ്. മറ്റ് വിക്കി സംരംഭങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വനിതാ ഉപയോക്താക്കളുടെ സജീവ സാന്നിദ്ധ്യം വിക്കിഗ്രന്ഥശാലയിൽ ഉണ്ട്. മലയാളം വിക്കിപീഡിയയിൽ സജീവമല്ലാത്തതോ പ്രവർത്തിക്കാതതോ ആയ നിരവധി പേർ വിക്കിഗ്രന്ഥശാലയിൽ സംഭാവന ചെയ്യുന്നു എന്നതാണു് വിക്കിഗ്രന്ഥശാലാ ഉപയോക്താക്കളുടെ മറ്റൊരു പ്രത്യേകത.

കാര്യ നിർവ്വാഹകർ[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിൽ നിലവിൽ 3 കാര്യനിർവ്വാഹകരുണ്ട്. ഇതിൽ ഒരാൾ ബ്യൂറോക്രാറ്റ് ആണു്. 2011-ൽ മലയാളം വിക്കിഗ്രന്ഥശാലയിൽ 1 കാര്യനിർവാഹകനെ തിരഞ്ഞെടുത്തു. ഒരു കാര്യനിർവാഹകൻ തൽസ്ഥാനത്തു നിന്ന് വിരമിക്കുകയും ചെയ്തു.

മനോജ്. കെ യെ 2011 മേയ് 18ന് സീസോപ്പായി തിരെഞ്ഞെടുത്തു. 2011 ഒക്ടോബർ 13ന് മനോജിനെ ബ്യൂറോക്രാറ്റായും തിരെഞ്ഞെടുത്തു. ഗ്രന്ഥശാലയിലെ ഒരു കാര്യനിർവ്വാഹകനായ ഷിജു അലക്സ് കാര്യനിർവാഹകസ്ഥാനത്ത് നിന്ന് വിരമിക്കുകയും ചെയ്തു.