സഞ്ജയോപഖ്യാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഞ്ജയോപഖ്യാനം[1]

രചന:മാണിക്കോത്ത് രാമുണ്ണിനായർ

മ്പൂതിരിയുടെ മകനോ ഗന്ധർവ്വന്റെ അവതാരമോ അല്ലാത്ത ഒരു ശൂദ്രനു സാഹിത്യപരിശ്രമം ചെയ്യുവാൻ അർഹതയില്ലെന്നായിരുന്നു പണ്ടത്തെ നമ്പൂതിരിമാരുടെ വിശ്വാസമെന്നു രസികശിരോമണിയായ ശ്രീ മൂർക്കോട്ടു കുമാരൻ അവർകൾ‌ തെളിയിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഈ വിവരം അറിഞ്ഞതു മുതൽ സഞ്ജയന്നു മനസ്സമാധാനം ഇല്ലാതായിരിക്കുന്നു; കാരണം സഞ്ജയൻ അടുത്തൊരു ദിവസം നല്ല മുഹൂർത്തം നോക്കി സാഹിത്യപരിശ്രമം ചെയ്യണമെന്നു നിശ്ചയിച്ചിട്ടുള്ള കൂട്ടത്തിലാണ്; നമ്പൂതിരിയുടെ മകനല്ല താനും. അർഹതയില്ലാത്ത സ്വാതന്ത്ര്യങ്ങൾ എടുക്കുന്നവരിൽ സഞ്ജയൻ വമ്പനല്ലെങ്കിൽ മുൻപനെങ്കിലുമാണെന്നു ചില പ്രസിദ്ധ വക്കീലന്മാർ കൂടി ഒരു സമയം നിങ്ങളെ അറിയിച്ചേക്കാൻ മതി; പക്ഷേ സാഹിത്യസംബന്ധമായി അങ്ങിനെയൊരു അപവാദം കേൾക്കുവാൻ പി.എസ്സ്. ഏതായാലും ഒരുങ്ങീട്ടില്ല. ഒരു ദിക്കിലെങ്കിലും ഒരാളുടെ പേരു അകളങ്കിതമായിരിക്കണ്ടേ? ഇത് തന്നെ മുൻപറഞ്ഞ മനസ്സമാധാനക്കുറവിന്നു ഹേതു എന്നറിഞ്ഞു കൊള്ളുകയും വേണം.

അതുകൊണ്ടു സഞ്ജയൻ നമ്പൂതിരിയുടെ മകനല്ലാത്ത സ്ഥിതിയ്ക്ക്, ഗന്ധർവ്വന്റെ അവതാരമാണെന്നു തെളിയിയ്ക്കുവാനെങ്കിലും വല്ല വഴിയുമുണ്ടൊ എന്ന പ്രശ്നത്തെസ്സംബന്ധിച്ച് പി.എസ്സ്. ഒരു ഗംഭീരഗവേഷണം തന്നെ നടത്തി. സത്യത്തെ ആരായുവാനുള്ള വിശിഷ്ടോദ്ദേശത്തെ മുൻനിർത്തി നടത്തപ്പെട്ട ഏതു ഗവേഷണമാണ് ഇതുവരെ പാഴായിപ്പോയിട്ടുള്ളതു? പി. എസ്സിന്റെ ഗവേഷണത്തിന്നും അചിരേണ ഫലം സിദ്ധിച്ചു.

"ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിർഭവതി കർമ്മജാ."

പാറപ്പുറത്തെ പടിഞ്ഞാറ്റയിൽ പകൽവെളിച്ചം കാണാതെ എത്രയോ കാലമായി പൂത്തുകിടന്നിരുന്ന 'തോന്ന്യാസപുരാണം' താളിയോലഗ്രന്ഥത്തിന്റെ അവശിഷ്ടഭാഗങ്ങളിൽ ഒരേടത്ത് 'സഞ്ജയോപഖ്യാന'മെന്ന തലക്കുറിപ്പോടു കൂടി പി.എസ്സിന്റെ പൗർവ്വദൈഹികചരിത്രം അദ്ഭുതപരവശനായ ഗവേഷകന്റെ ദൃഷ്ടികൾക്കു വിഷയീഭവിച്ചു. കാർക്കോടകൻ ബദ്ധപ്പെട്ട് എങ്ങോട്ടോ പോകുന്ന നാരദമുനിയെ വഴിയിൽ കണ്ടുമുട്ടി, മുഷിച്ചിലുണ്ടാകാതിരിപ്പാൻ നമസ്കരിക്കുകയാണെന്ന വ്യാജേന, നിലത്തുവീണ് കാലുരണ്ടും കെട്ടിപ്പിടിച്ചു, താടിക്കാരന്റെ പ്രാരംഭപ്രതിഷേധവചസ്സുകളെ കേട്ട ഭാവം പോലും നടിയ്ക്കാതെ ക്രമേണ അദ്ദേഹത്തെ അനുരഞ്ജിപ്പിച്ചുകൊണ്ടൂ ചൊല്ലിത്തീർത്തുകളഞ്ഞതാണ് 'തോന്ന്യാസപുരാണ'മെന്ന വസ്തുത യഥാർത്ഥപണ്ഡിതന്മാരൊക്കെ ഗ്രഹിച്ചിരിയ്ക്കാവുന്നതാണല്ലോ. സഞ്ജയന്റെ കഴിഞ്ഞ ജന്മത്തെപ്പറ്റി 'തോന്ന്യാസത്തി'ൽ ഏകദേശം എന്തു പറയുന്നു എന്നു കേൾക്കുവിൻ (തർജ്ജമ എന്റേതാണ്; നന്നായിട്ടില്ലെങ്കിൽ മുഷിയരുത്)


നാരദൻ പറഞ്ഞു:

ശ്രീമൻ, കാർക്കോടകസ്വാമിൻ, തിരക്കുണ്ടെങ്കിലും ശരി, സഞ്ജയന്റെ പുരാവൃത്തം കേൾക്കുവാൻ ഇച്ഛയുണ്ട് മേ.


കാർക്കോടകൻ പറഞ്ഞു:

പണ്ടു [2] ചിത്രരഥൻ തന്റെ മകനായ്, തോന്ന്യാവാസിയായ്
ഗന്ധർവ്വനഗരം തന്നിൽ പിറന്നൂ സഞ്ജയൻ , മുനേ
യുക്തിവാദം പഠിച്ചേറ്റം തലയ്ക്കു വെളിവറ്റവൻ
അച്ചടക്കമുപേക്ഷിച്ചു നാടെങ്ങും തെണ്ടി, നാരദ.
ദേവേന്ദ്രനേയും മറ്റുള്ള ദേവന്മാരേയുമൊന്നുപോൽ
പരിഹാസം പൊഴിച്ചേറെ വേദനിപ്പിച്ചു കശ്മലൻ
എതിരായാരുമില്ലാതെ ധിക്കാരം മൂത്ത സഞ്ജയൻ
പരബ്രഹ്മജിയെപ്പോലും വക്കാണിച്ചു നടന്നുപോൽ!
ഒരു നാളഥ ശുണ്ഠിക്കു 'നോബല്പ്രൈസു' ലഭിച്ചവൻ-
ദുർവാസാവു-കടന്നെത്തി ഗന്ധർവ്വനഗരത്തിലും
താടിക്കാരന്റെ പിന്നാലെപ്പതിനായിരമാളുകൾ
ഭക്ഷണാർത്ഥം നടക്കുന്നൂ ശിഷ്യരെന്നു നടിച്ചഹോ
ഈ ഘോഷയാത്ര ഗന്ധർവ്വമിഠായിത്തെരുവീഥിയിൽ
എത്തുമ്പോഴേയ്ക്കു വല്ലാത്തോരേക്സിഡെന്റു ബഭൂവ ഹി
നടുറോട്ടിൽ കിടക്കുന്ന പഴത്തൊലി ചവിട്ടിപോൽ
മുനീശ്വര;നുടൻതന്നെ വഴുതിപ്പാഞ്ഞു പോയിപോൽ [3]
ശരം പോകുന്നപോൽ നേരെച്ചെന്നു ദുർഗന്ധി ഗട്ടറിൽ
നിപതിച്ചു മഹായോഗി: വിധിയാർക്കു തടുത്തിടാം?
ഗുരുകോപം ഭയപ്പെട്ടു ചിരിനിർത്താൻ ശ്രമിക്കയാൽ
എണ്ണായിരത്തിൽ ചില്വാനം ശിഷ്യർ വീർപ്പറ്റു വീണുപോയ്
ഗന്ധർവ്വ 'ഡെയിലി ടൈംസി' ന്റെ സ്വന്തം റിപ്പോർട്ടർ സഞ്ജയൻ
ഇക്കാഴ്ച കണ്ട നേരത്തു-ശേഷമെന്തിനു ചൊൽവു ഞാൻ
ധിക്കാരത്തിന്റെ കൂടായ സഞ്ജയൻ സർവവും തദാ
വിസ്മരിച്ചു നിരത്തിന്മേൽ വീണുരുണ്ടു ചിരിച്ചുപോൽ
ചിരി-കോളറപോലേറ്റം പകരുന്നൊരു സാധനം
തങ്ങളേയും പിടിച്ചേക്കാമെന്നു പേടിച്ചു മാമുനേ,
ഓട്ടം തുടങ്ങി ഗന്ധർവ്വപബ്ലിക്കും ശിഷ്യസംഘവും
ബാന്റുകാരും നിരന്നുള്ള യക്ഷകിന്നരവർഗ്ഗവും
ഒടുക്കം രണ്ടുപേർ മാത്രം ബാക്കിയായെന്റെ നാരദ:
വികൃതിസ്സഞ്ജയൻ റോട്ടിൽ; ഗട്ടറിൽ കുപിതൻ മുനി
'ടോപ്ടുബോട്ടം' ചളിയണിഞ്ഞെഴുന്നേൽക്കവേ മാമുനി
സഞ്ജയന്റെ മഹാഹാസം മുഴങ്ങീ സർവ്വദിക്കിലും
യോഗനിദ്രയിലാണ്ടുള്ള വിഷ്ണുകൂടിയുണർന്നുടൻ
കാപ്പികിട്ടാഞ്ഞു തൻകുട്ടിപ്പട്ടരോടു കയർത്തുപോൽ
ഹസന്തം സഞ്ജയം ദൃഷ്ട്വാ മുനീന്ദ്രോ ലിപ്തകർദ്ദമ:
വിവൃദ്ധമന്യുജം വഹ്നിം സസർജ കില നാരദ[4]
അത്തീയ്യി-ലപ്പുറം ഞാനെന്തോതുമെൻ പൊന്നുനാരദ!
പാവം പീ.യെസ്സു പാളീസ്സായ് വിശർത്തേറ്റം വിളർത്തുപോയ്


പദ്യം ചമച്ചു മടുത്തതിനാൽ കഥാശേഷം സംക്ഷേപിച്ചു ഗദ്യത്തിൽ പറയുന്നു-


തദനന്തരം, ആപാദചൂഡം ചളിപുരണ്ട് കോപകഷായിതനേത്രനായ ഭഗവാൻ ദുർവ്വാസാവാകട്ടെ, മുൻ‌ ചൊന്ന കോപാഗ്നിയിൽ, കനലിലിട്ട നേന്ത്രപ്പഴമെന്നോണം വെന്തുനീറുന്ന സഞ്ജയനെ നോക്കി ഇത്ഥം ബഭാണ:


"മൂഢാത്മാവേ, തപോധനനായ എന്റെ മാഹാത്മ്യമറിയാതെ എനിയ്ക്കു പറ്റിയ അപകടത്തെക്കുറിച്ച് ചിരിക്കുവാൻ മുതിർന്ന നിന്നെ ഞാനിതാ ശപിയ്ക്കുന്നു; ഇരുപതാം നൂറ്റാണ്ടിന്റെ ആദിഘട്ടത്തിൽ നീ മനുഷ്യരുടെ കൂട്ടത്തിൽ ചെന്നു ജനിയ്ക്കും. കേരളത്തിലെ നരകമെന്നു കുപ്രസിദ്ധമായ ഒരൗ മുനിസിപ്പാലിറ്റിയിൽ നീ കുറെക്കാലം താമസിച്ച് അവിടത്തെ കൊതുകടിയേറ്റും പൊടിഭക്ഷിച്ചും കഷ്ടപ്പെട്ട് അവശനായി ബുദ്ധിമുട്ടും. നിന്റെ വിനയമില്ലായ്മയും പരിഹാസബുദ്ധിയും കരിക്കട്ടയുടെ കറുപ്പു പോലെ, കാഞ്ഞിരിക്കായയുടെ കയ്പുപോലെ, എന്റെ ദേഹത്തിൽ പുരണ്ട ഈ ചളിയുടെ ദുർഗന്ധം പോലെ, നിന്നെ വിട്ടുപിരിയാതെ പറ്റിക്കിടക്കും. ഈ ദുർഗ്ഗുണങ്ങൾ ഹേതുവായി ഗവർമ്മെണ്ടും നാട്ടുകാരും, ജസ്റ്റിസ്സു കക്ഷിയും സോഷ്യലിസ്റ്റു കക്ഷിയും, തിരഞ്ഞെടുപ്പുകാലങ്ങളിൽ പൊട്ടിമുളയ്ക്കുന്ന എണ്ണമില്ലാത്ത മറ്റു കക്ഷിക്കാരും, കക്ഷികളിൽ പെടാത്തവരും പണ്ഢിതന്മാരും പാമരന്മാരും, സാഹിത്യവിപ്ലവക്കാരും വനിതാസംഘങ്ങളും അധികൃതന്മാരും അനധികൃതന്മാരും, സനാതനികളും, അധ:കൃതരും മഹാകവികളും, ചില്ലറക്കവികളും, യുക്തിവാദികളും, ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് മുതലായ അധൃഷ്യമാന്യന്മാരും, എനിയ്ക്കു കുറ്ച്ചു തിരക്കുള്ളതിനാൽ പറഞ്ഞു തീർപ്പാൻ സമയമില്ലാത്ത ഭൂലോകത്തിലെ മറ്റെല്ലാ വർഗ്ഗക്കാരും സംഘക്കാരും, അഭിപ്രായക്കാരും, നേതാകന്മാരും നീതിമാന്മാരും, നിന്നെ വെറുത്തു, ദുഷിച്ചു, ശപിച്ചു, മുടിച്ചു, ലൂട്ടിമസ്സാക്കും.!"

മനുഷ്യനായി ജനിച്ച് ഒരു ചിരിയെങ്കിലും ചിരിച്ച് മരിയ്ക്കണമെന്നു ചിരകാലമായി ആശിച്ചുകൊണ്ടിരുന്ന സഞ്ജയനാകട്ടെ, ശാപമോക്ഷത്തിനൊന്നും ഹർജി അയയ്ക്കുവാൻ മിനക്കെട്ടില്ല. പക്ഷെ അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നുതന്നെയാണെന്നുള്ള കഥ സഞ്ജയൻ ആ മഹാകോപിയോട് മിണ്ടിയതുമില്ല; വ്യസനം അഭിനയിച്ച് അവിടെ നിന്നു പോവുകയാണുണ്ടായത്. അങ്ങിനെ നിങ്ങളുടെ പി. എസ്സ്.

ചങ്ങലംപരണ്ടയിൽ ചൊൽക്കൊണ്ട പാറപ്പുറ-
ത്തിങ്ങനെ പിറന്നുപോൽ മാനുഷവേഷം ധൃത്വാ!


തലയിലെഴുത്തങ്ങുന്നേ, തലയിലെഴുത്ത്!!


കുറിപ്പുകൾ[തിരുത്തുക]


  1. ഈ ഉപന്യാസം 1935 ജനുവരി 9-ആം നുവത്തെ കേരളപത്രികയിൽനിന്നു ചില്ലറഭേദഗതികളോടു കൂടി സഞ്ജയൻ 1ആം പു. 6ആം ലക്കത്തിൽ പകർത്തിയതാണ്.
  2. "ഗന്ധർവാണാം ചിത്രരഥ: സിദ്ധാനാം കപിലോ മുനി:" ഗീത 26
  3. പന്ത്രണ്ടു വയസ്സിന്നു കീഴെയുള്ള കുട്ടികൾ മാത്രം ചിരിച്ചാൽ മതി!
  4. ഈ ഭയങ്കര ശ്ലോകത്തെ തർജ്ജമ ചെയ് വാൻ ധൈര്യം പോരാതെ അപ്പടി എടുത്തു ചേർത്തിരിക്കുകയാണ്.
"https://ml.wikisource.org/w/index.php?title=സഞ്ജയോപഖ്യാനം&oldid=62393" എന്ന താളിൽനിന്ന് ശേഖരിച്ചത്