ബി.എം. കോളേജിന്റെ ഉത്ഭവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ബി.എം. കോളേജിന്റെ ഉത്ഭവം

രചന:മാണിക്കോത്ത് രാമുണ്ണിനായർ

ഞ്ജയൻ ഇതുവരെ വിചാരിച്ചിരുന്നത് ഭാര്യയാകുവാൻ യാതൊരു പഠിപ്പും പാസ്സും ആവശ്യമില്ലെന്നായിരുന്നു.വേണം പോലും. ജപ്പാനിൽ സ്ത്രീകളെ ഭാര്യമാരാകുവാൻ പഠിപ്പിയ്ക്കേണ്ടതിന് ഒരു വലിയ കോളേജ് തന്നെ സ്ഥാപിയ്ക്കപ്പെട്ടിട്ടുണ്ടെന്ന് പത്രികയുടെ കഴിഞ്ഞ ലക്കത്തിൽ വായിച്ചപ്പോളാണ് സഞ്ജയന്റെ കണ്ണ് തുറന്നു പോയത്. അവിടെ വെച്ചു കൊടുക്കപ്പെടുന്ന ഡിഗ്രി എന്താണെന്നു കടലാസ്സിൽ കണ്ടില്ല. ബി.എം (ബേച്ചിലർ ഓഫ് മാറ്റ്രിമണി) എന്നായിരിയ്ക്കണമെന്നു തോന്നുന്നു. അതിന്റെ മീതെ എം.എം, ഡി.എം. എന്നീ പരീക്ഷകളും ബിരുദങ്ങളും കൂടിയുണ്ടായിരിയ്ക്കണം.

സഞ്ജയന്ന് ഇതിനെക്കുറിച്ച് അസൂയയോ, വിസ്സമ്മതമോ ഉണ്ടെന്നു കരുതി സഞ്ജയന്റെ മാന്യസഹോദരിമാർ നെറ്റി ചുളിയ്ക്കരുത്. സഞ്ജയന്ന് ഇക്കാര്യത്തിൽ വളരെ സന്തോഷവും, അഭിനന്ദനവും, കൃതാർത്ഥതയുമാണുള്ളത്. എന്നു മാത്രമല്ല, അത്തരം കോളേജുകൾ നമ്മുടെ നാട്ടിലും സ്ഥാപിയ്ക്കപ്പെട്ടു കാണുവാൻ സഞ്ജയൻ ആഗ്രഹിയ്ക്കുകയും, പ്രാർത്ഥിയ്ക്കുകയും, നേർച്ചകൾ കൂട്ടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതു കൊണ്ട് മതിയാക്കാമോ? എന്നാണ് ഞാൻ ചോദിയ്ക്കുന്നത്. സ്ത്രീകൾക്കു ഭാര്യമാരാകുവാനും, അമ്മമാരാകുവാനും, കുടുംബിനികളാകുവാനും, മുത്തശ്ശികളാകുവാനും പഠിപ്പും പാസ്സും ആവശ്യമാണെങ്കിൽ, പുരുഷന്മാർക്കു ഭർത്താക്കന്മാരാകുവാനും, അച്ഛന്മാരാകുവാനും, ഗൃഹസ്ഥന്മാരാകുവാനും, മുത്തച്ഛന്മാരാകുവാനും പഠിപ്പും പാസ്സും വേണ്ടേ? ഉദാഹരണമായി, ഡി.എം (ഡോക്ടർ ഓഫ് മാറ്റ്രിമണി) ഡിഗ്രിയെടുത്ത ഒരു പികവാണിയെ, അവളുടെ ശാസ്ത്രീയവിജ്ഞാനത്തിന്റെ ഒരു കണികപോലുമില്ലാത്ത, സഞ്ജയനെപ്പോലെയുള്ള വെറും ഒരു പുരുഷൻ വിവാഹം ചെയ്യേണ്ടി വരികയാണെങ്കിൽ, പിന്നീടുണ്ടാകുവാൻ ഇടയുള്ള അനിഷ്ടഫലങ്ങളെക്കുറിച്ചാലോചിയ്ക്കുമ്പോൾ സഞ്ജയൻ നടുങ്ങിപ്പോകുന്നു.

ജപ്പാനിലുള്ളതു പോലെയുള്ള കോളേജുകൾ ഇന്ത്യയിൽ സ്ഥാപിയ്ക്കപ്പെടുവാൻ ഇനി അധികം കാലതാമസം വേണ്ടിവരുമെന്നു തോന്നുന്നില്ല. അപ്പോഴേയ്ക്കും ഇക്കാര്യത്തിൽ നമ്മുടെ ചെറുപ്പക്കാർ എന്തു ചെയ്യുവാനാലോചിയ്ക്കുന്നു? എന്നാണ് സഞ്ജയന്റെ പ്രശ്നം. അവർ തങ്ങളുടെ ഭാര്യമാരുടെ പരിഹാസപാത്രങ്ങളായി, യാതൊരു വിവരവും വിജ്ഞാനവുമില്ലാതെ, തങ്ങളുടെ ഗാർഹസ്ഥ്യജീവിതം കണ്ണീരും കയ്യുമായി കഴിയ്ക്കുവാനാണോ തീർച്ചപ്പെടുത്തിയിരിയ്ക്കുന്നത്; സഹോദരരേ, പുരുഷവിദ്യാഭ്യാസത്തിന്റെ മാഹാത്മ്യം നിങ്ങൾ അറിയാതിരിയ്ക്കുന്നത് എത്രയും ശോചനീയവും, പരിതാപകരവും - ഒരു വാക്കു കൂടി ഉണ്ടായിരുന്നല്ലോ; ആലോചിച്ചിട്ടു കിട്ടുന്നില്ല- പരിതാപകരവും മറ്റുമാണെന്ന് ഇതാ നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

ചങ്ങലംപരണ്ടയെസ്സംബന്ധിച്ചിടത്തോളം അവിടെ എന്താണ് ചെയ്യേണ്ടതെന്നു സഞ്ജയൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. പുരുഷന്മാരെ വൈവാഹികജീവിതക്രമം അഭ്യസിപ്പിയ്ക്കുവാനായി ഒരു കോളേജ് സഞ്ജയൻ തുറക്കുവാൻ ഒരുങ്ങിയിരിയ്ക്കുന്നു. പഠിപ്പ് ഒരു കൊല്ലമേ ഉണ്ടായിരിയ്ക്കുകയുള്ളൂ. പതിനെട്ടു വയസ്സു മുതൽ നാല്പതു വയസ്സുവരെയുള്ള എല്ലാ അവിവാഹിതപുരുഷന്മാർക്കും ഈ കോളേജിൽ അഡ്മിഷൻ കൊടുക്കുന്നതാണ്. ഫീസ്സ്, വിവാഹം കഴിഞ്ഞതിന്നു ശേഷം, ഭാര്യയോടന്വേഷിച്ചു തന്നാൽ മതി.

ഈ കോളേജിൽ ആദ്യത്തെ മൂന്നുമാസം പഠിപ്പിയ്ക്കുന്ന വിഷയം അനുസരണമായിരിയ്ക്കും. സ്ത്രീവേഷം കെട്ടിയ ഒരു വിദ്യാർത്ഥി ഭാര്യാപദത്തിലിരുന്ന്, "ഇന്നു പോകാൻ പാടില്ല"; "ഉദ്യോഗം ഇന്ന ആൾക്കു കൊടുക്കണം"; "ഈ സാരിയുടെ നിറം എനിയ്ക്കു പിടിച്ചില്ല; ഇതു ഷാപ്പുകാരന്നു തിരിച്ചു കൊടുക്കണം"; ഇന്നു രാത്രി സിനിമയ്ക്കു പോകണം"; "ന്യൂസ്പേപ്പർ ഇന്നു വായിയ്ക്കേണ്ട"; "റിക്കോട്ടു നോക്കിയതു മതി"; "ആ ശിപായിയെ ഡിസ്മിസ് ചെയ്യണം"; "മോട്ടോർ കാർ വാങ്ങണം" എന്നൊക്കെ ആജ്ഞാപിയ്ക്കും. മാതൃകാഭർത്താക്കന്മാരായിത്തീരുവാൻ ഉദ്ദേശിയ്ക്കുന്ന വിദ്യാർത്ഥികൾ "തങ്കം. ഞാനിതാ പുറപ്പെടുകയായി"; "സംശയമുണ്ടോ ജാനൂ?"; "ഞാൻ എവിടെയും പോകാൻ വിചാരിച്ചിട്ടേയില്ല"; "നാളെ പത്തുമണിമുതൽ ആ കഴുത എന്റെ ശിപായിയല്ല";


"വധ്യനേ നൂനമവധ്യനാക്കീടുവൻ
വധ്യനാക്കീടാമവധ്യനെ വേണ്ടുകിൽ:
അംഗനാരത്നമേ, ചെയ്‌വൻ തവ ഹിത-
മിങ്ങിനെ ഖേദിപ്പിയ്ക്കായ്ക മാം വല്ലഭേ!"

എന്നൊക്കെ സന്ദർഭോചിതമായി മറുപടി പറയാൻ ആദ്യമായി അഭ്യസിയ്ക്കണം. മറുപടി പറയുമ്പോൾ പ്രസന്നമുഖത്തോടു കൂടിയിരിയ്ക്കണം; ഇല്ലെങ്കിൽ തകരാറുണ്ട്. "ഇങ്ങിനെ വെറുമുഖത്തോടു കൂടി എന്തിനാണ് ഒരു കാര്യം പറയുന്നത്? നല്ല സമ്മതമുണ്ടെങ്കിൽ മതി. മുഖം കണ്ടാൽ തൂങ്ങിമരിയ്ക്കാനോ മറ്റോ ആണ് ഞാൻ പറഞ്ഞതെന്നു തോന്നും." എന്നൊയ്ക്കെ ആവലാതികൾ ഉണ്ടായേയ്ക്കാം. അവയ്ക്കു ഇടം കൊടുക്കുന്നതു സഞ്ജയന്റെ കോളേജിൽ നിന്നു ഡിഗ്രിയെടുത്ത ഒരു വിദ്യാർത്ഥിയ്ക്ക് വളരെ അപമാനകരമായിരിയ്ക്കും. ആ വിദ്വാന്റെ ഡിഗ്രി തന്നെ സഞ്ജയൻ കാൻസൽ ചെയ്യും.

അനുസരണത്തിൽ കൂടെ അഭ്യസിക്കേണ്ടുന്ന ഒരു വിഷയം ക്ഷമയാണ്. "ക്ഷമാ ബലമശക്താനാം" എന്നു കരുതുന്നതു ഒരു പുരുഷന്റെ നിലയിൽ വിദ്യാർത്ഥിയുടെ ഡിഗ്നിറ്റിയ്ക്കും, അന്തസ്സിന്നും, പൗരുഷത്തിന്നും പോരാത്തതാണെന്നുവിചാരിയ്ക്കുന്നവരുണ്ടെങ്കിൽ, അവർ "ശക്താനാം ഭൂഷണം ക്ഷമാ" എന്നു കരുതി ആശ്വസിച്ചാൽ മതി. ഏതു നിലയിലും അതു കൂടാതെ കഴിയുകയുമില്ല. ഭാര്യ എന്തു ചെയ്താലും വിസ്സമ്മതം ഭാവിക്കരുത്, എന്തു പറഞ്ഞാലും എതിർത്തു പറയരുത്. ചിലപ്പോൾ വൈകുന്നേരം പ്രവൃത്തിസ്ഥലത്ത് നിന്നു തിരിച്ചു വീട്ടിലെത്തുമ്പോഴേയ്ക്കും നിങ്ങളുടെ മുറി നിങ്ങൾക്കു തന്നെ കണ്ടാൽ മനസ്സിലാവാത്തവിധത്തിൽ ശ്രീമതി വൃത്തിയാക്കിവെച്ചിട്ടുണ്ടായിരിയ്ക്കും: കസാലകൾ അവയിലിരുന്നു വായിയ്ക്കുവാനോ എഴുതുവാനോ സൗകര്യമില്ലാത്തവിധത്തിൽ അതിഭംഗിയായി നിരത്തിവെച്ചുകാണാം; നിങ്ങളുടെ കടലാസ്സുകളും, എഴുത്തുകളും, റിക്കാർട്ടുകളും, പുസ്തകങ്ങളുമൊക്കെ, കണ്ടാലുള്ള ഭംഗിയെമാത്രം ആസ്പദിച്ചു, കൂട്ടിക്കലർത്തി, അട്ടിമറിച്ചു, സ്ഥാനം തെറ്റിച്ചു, സ്ഥലം മാറ്റി, വൃത്തിയാക്കിയതുകാണാം; അല്ലെങ്കിൽ നിങ്ങളുടെ ഫ്ലാനൽ കോട്ടോ, ഖദർ വേഷ്ടിയോ, ഒരു ഡസൻ പളുങ്കു പാത്രങ്ങൾക്കു പകരമായികൊടുത്ത്, ആദായമുള്ള ഒരു കച്ചവടം ചെയ്തിട്ടുണ്ടായിരിയ്ക്കും. ക്ഷോഭിയ്ക്കരുത്. കണ്ണിന്റെ പുരികമൊന്നു ചുളിച്ചാൽ കാര്യം അബദ്ധമായി. ഒരു മന്ദസ്മിതത്തോടുകൂടി നാലുപുറവും നോക്കി, അദ്ഭുതസ്വരത്തിൽ "അസ്സലായിട്ടുണ്ട്, കമലം! നീ തനിച്ചാണോ ഇതൊക്കെ ചെയ്തത്?" എന്നോ, "നീ ആ കച്ചവടക്കാരനെ തോല്പിച്ചു! ആ പഴയ 'ദുറാവാ'യ കോട്ടിന്നു പകരം ഈ നല്ല സാധനങ്ങൾ കിട്ടുമെന്നു ഞാൻ വിചാരിച്ചിട്ടില്ല" എന്നോ യുക്തം പോലെ,

"തൻപ്രജ്ഞതൻ സഥിരതയാലൊരു ഭാവഭേദം സംപ്രസ്ഫുരദ്വദനതാരിലിയന്നിടാതേ"

പറയണം.

ഇതൊക്കെ പഠിയ്ക്കുവാനും ഇവയിലുള്ള പരീക്ഷകൾ പാസ്സാകുവാനും എളുപ്പമാണെന്നു വിചാരിയ്ക്കുന്നവരുണ്ടായേയ്ക്കാം. പക്ഷെ ഇതിലെല്ലാറ്റിലും കവിഞ്ഞ ഒരു പരിശീലനമുണ്ട്. അതു കുട്ടിയെ എടുത്തു നടക്കുവാൻ ശീലിയ്ക്കലാണ്. ഇതിന്നായി ഏകദേശം ആറുമാസം പ്രായം ചെന്ന ഒരു കുട്ടിയുടെ വലിപ്പത്തിൽ ഈയക്കട്ടികൊണ്ട് ഒരു പ്രതിമയുണ്ടാക്കി, അതിന്റെ തലയ്ക്കു പന്ത്രണ്ടു മണിക്കൂർ നിൽക്കാതെ ശബ്ദമുണ്ടാക്കുന്ന ഒരലാറം വെച്ചുപിടിപ്പിച്ചു സന്ധ്യയ്ക്കു ഓരോ വിദ്യാർത്ഥിയുടെയും കയ്യിൽകൊടുക്കും. അതിനെ എടുത്തു, താഴെ വെയ്ക്കാതെ, ശ്രീമതിയുടെ മുഖത്തു നോക്കുകപോലും ചെയ്യാതെ, പുലരുന്നതുവരെ ക്ലാസുമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും "ഓമനത്തിങ്കൽക്കിടാവോ" എന്നു അറിയും പോലെ പാടിക്കൊണ്ട് പത്തുരാത്രി നടക്കുവാൻ പഠിയ്ക്കണം. ഇത്രയുമായാൽ സഞ്ജയന്റെ കോളേജിലെ വിദ്യാർത്ഥി "ബി. എം" ബിരുദത്തിന്ന് അർഹനായി. ഇതിന്റെ മേലെയുള്ള ബിരുദങ്ങൾക്ക് അപ്പുറത്തുള്ള അഭ്യാസങ്ങളുമുണ്ട്.


"ബി. എം" ഡിഗ്രി പരീക്ഷയ്ക്കുള്ള ഒരു ചോദ്യക്കടലാസ്സ് താഴെ ചേർക്കുന്നു:-


 1. നിങ്ങളുടെ ഭാര്യയ്ക്കു തലവേദനയാണെന്നു നിങ്ങളോടു പറഞ്ഞാൽ, പറയേണ്ടുന്ന സാന്ത്വനങ്ങളുടെയും , ചെയ്യേണ്ടുന്ന പ്രതിവിധികളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക.
 2. കാപ്പിയോ ചായയോ അറുവഷളാണെന്നു നിങ്ങൾക്കു അഭിപ്രായമുണ്ടെങ്കിൽ അതു പുറത്തു കാണിയ്ക്കാതിരിക്കുവാൻ ഏതുതരം മുഖഭാവമാണ് നിങ്ങൾ സ്വീകരിയ്ക്കുക?? (പടം വരഞ്ഞുകാണിയ്ക്കണം)
 3. കുട്ടികൾക്ക് ആദ്യത്തെ കൊല്ലം ഉണ്ടാകുവാനിടയുള്ള സുഖക്കേടുകൾ ഏതെല്ലാം? ഇവയിൽ അമ്മമാരുടെ സൂക്ഷ്മതക്കുറവുകൊണ്ടുണ്ടാവുന്ന സുഖക്കേടുകൾ അങ്ങിനെ ഉണ്ടായതല്ലെന്നു ഡോക്ടർമാരുടെ മുൻപാകെ തെളിയിപ്പാൻ നിങ്ങൾ എന്തു ന്യായങ്ങൾ പറയും?
 4. ബ്ലൗസും ജാക്കറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?
 5. സാരി, ദാവണി, ഇവയുടെ നീളം, വീതി - ഇവയെഴുതുക.
 6. ഹേറോയിൽ എത്രതരം? ഏതെങ്കിലും മൂന്നെണ്ണത്തിന്റെ നിറം, പരസ്യങ്ങളിൽ പറയപ്പെട്ടിട്ടുള്ള ഗുണഗണങ്ങൾ, വില ഇവയെ വർണ്ണിക്കുക.
 7. കുട്ടികളെ ഉറക്കുവാനുള്ള താരാട്ടുകളോ, പാട്ടുകളോ അരഡസൻ കാണാതെ എഴുതുക.
 8. പന്ത്രണ്ടൂതരം ബ്രൂച്ചുകൾ വരഞ്ഞു കാണിയ്ക്കുക.
 9. മദിരാശിയിൽ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കിവിൽക്കുന്ന നാലു കമ്പനികളുടെ പേരെഴുതുക.
 10. ഭാര്യയുടെ അമ്മയെ പ്രസാദിപ്പിയ്ക്കുവാൻ ഉതകുന്ന പത്തു മാർഗ്ഗങ്ങൾ നിർദ്ദേശിയ്ക്കുക.
 11. "രണ്ടു കളത്രത്തെയുണ്ടാക്കിവെയ്ക്കുന്ന തണ്ടുതപ്പിയ്ക്കു സുഖമില്ലൊരിയ്ക്കലും"
  എന്തുകൊണ്ട്?
 12. "പാതിയും മനുഷ്യന്നു ഭാര്യയെന്നറിഞ്ഞാലും
  മേദിനീപതേ, ഭാര്യ വലിയ സഖിയല്ലോ!"
  ഇങ്ങിനെയല്ലാത്ത ചില ഘട്ടങ്ങളും, അവയുടെ നിവാരണമാർഗ്ഗങ്ങളും വിവരിയ്ക്കുക.
 13. വീട്ടിൽ താമസിച്ചെത്തുന്നതിന്ന് ഒഴികഴിവായി ഏതവസരത്തിലും ഉപയോഗിപ്പാൻ കൊള്ളുന്ന പന്ത്രണ്ടു പച്ചക്കളവുകൾ സൃഷ്ടിയ്ക്കുക. (സമയം ആറു മിനിട്ട്)
 14. "ഓമനേ"!" എന്നുള്ള സംബോധനയ്ക്കു ഇരുപത്തിനാലു പര്യായഭേദങ്ങൾ എഴുതുക.


എനിയും ചോദ്യങ്ങൾ വളരെയുണ്ട്. സ്ഥലച്ചുരുക്കം കൊണ്ട് മാതൃക കാണിയ്ക്കുവാൻ വേണ്ടി മാത്രം ഏതാനും ചൊദ്യങ്ങൾ ഇവിടെ ചേർത്തതാണ്. പൊതുജനങ്ങളുടെ സഹായസഹകരണങ്ങളുണ്ടെങ്കിൽ അടുത്ത ജൂണ്മാസത്തിൽത്തന്നെ ചങ്ങലംപരണ്ടയിലെ അംശക്കച്ചേരിയ്ക്കു സമീപം പ്രസ്തുത കോളേജ് തുറക്കണമെന്നാണ് സഞ്ജയൻ ആലോചിയ്ക്കുന്നത്. വിവാഹിതന്മാരായവരെ (വിവരം അവരുടെ ഭാര്യമാർ അറിയുകയില്ലെന്ന് ഉറപ്പും, ജാമ്യവും തരുന്ന പക്ഷം) ഇരട്ടി ഫീസിന്മേൽ, സ്വകാര്യമായി ക്ലാസിൽ ചേരാതെ പഠിച്ചു പരീക്ഷയ്ക്കിരിക്കുവാൻ അനുവദിയ്ക്കുന്നതാണ്. പക്ഷെ അതു കൊണ്ടുണ്ടായേയ്ക്കാവുന്ന യാതൊരു സംഭവങ്ങൾക്കും പ്രിൻസിപ്പാൾ ഉത്തരവാദിയായിരിയ്ക്കുന്നതല്ല.

[ഞങ്ങളും ഉത്തരവാദികളായിരിയ്ക്കുന്നതല്ല - പത്രാധിപർ]


6-1-36


"https://ml.wikisource.org/w/index.php?title=ബി.എം._കോളേജിന്റെ_ഉത്ഭവം&oldid=62395" എന്ന താളിൽനിന്ന് ശേഖരിച്ചത്