Jump to content

ചങ്ങലംപരണ്ട ടാഗോർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചങ്ങലംപരണ്ട ടാഗോർ

രചന:മാണിക്കോത്ത് രാമുണ്ണിനായർ

ഡിയർ സർ,

നിങ്ങളുടെ സാഹിത്യലേഖകനെപ്പറ്റി (പലേ കാരണങ്ങൾ കൊണ്ടും) എനിയ്ക്കു പണ്ടേ നല്ല അഭിപ്രായമില്ല. കഴിഞ്ഞ ലക്കത്തിൽ ആ മനുഷ്യൻ എഴുതിയ ടാഗോർകവിയെപ്പറ്റിയുള്ള ഉപന്യാസം ഞാനും വായിച്ചു. എനിയ്ക്കു പിടിച്ചിട്ടില്ല. അദ്ദേഹത്തിന്ന് രുചിച്ചത് അദ്ദേഹത്തിന്ന് പറയാമെങ്കിൽ, എനിയ്ക്ക് രുചിക്കാത്തത് എനിയ്ക്കും പറഞ്ഞുകൂടേ? നിങ്ങളെല്ലാം കൂടി ഒരു ഭാഗത്തു ചേർന്ന് എന്നെ ഒറ്റയ്ക്കു നിർത്തി ടാഗോർ കവിത കേമമാണെന്നു വാദിയ്ക്കുകയാണെങ്കിൽ, മുഖദാക്ഷിണ്യം വിചാരിച്ച്, ചില ദിക്കിൽ തരക്കേടൊന്നുമില്ലെന്ന് ഞാനും പക്ഷെ സമ്മതിച്ചേയ്ക്കാം. പക്ഷെ ആ സാഹിത്യദാസൻ പറഞ്ഞത് ഏതായാലും കവിഞ്ഞുപോയി. ഇത്രയൊന്നും പറയാനില്ല.

ഞങ്ങളുടെ ചങ്ങലംപരണ്ടയിൽ ഒരു കവിയുണ്ട്. വാസനാകവിയാണ്. ബുദ്ധിയും പഠിപ്പും ഇല്ലെന്നർത്ഥം. അദ്ദേഹത്തിന്റെ പേരു ഞാൻ പറയുകയില്ല. പറയാഞ്ഞാൽത്തന്നെ അവകാശികളുണ്ടാകും. അദ്ദേഹത്തെ ഞാൻ വെറും "മിസ്റ്റർ" എന്നു വിളിയ്ക്കാം. "മാസ്റ്റർ" എന്നു പറഞ്ഞാൽ അബദ്ധമായി. കവിതയെഴുതുന്ന ഒരു ഡസൻ മാസ്റ്റർമാരെ സഞ്ജയൻ നേരിട്ടറിയും. "എന്തിനാണ്, ഹേ, നമ്മളെപ്പറ്റിച്ചത്?" എന്ന് അവരൊക്കെ ചോദിയ്ക്കും. സഞ്ജയന്ന് അങ്ങിനെ പറ്റിയ്ക്കുന്ന സ്വഭാവമുണ്ടോ; ഹേ?

അതുപോട്ടെ. ഈ മിസ്റ്റരെപ്പറ്റി ചിലതു പറയട്ടെ. (മിസ്റ്റർ മുഷിഞ്ഞാലും ശരി). ഇദ്ദേഹം ടാഗോർ പ്രസ്ഥാനക്കാരനാണ്. "ഇതാണോ ഈശ്വരാ, ടാഗോർ പ്രസ്ഥാനം? എന്നാൽ ടാഗോർ പ്രസ്ഥാനത്തെ കൊടുങ്ങല്ലൂരമ്മതന്നെ കാക്കട്ടെ!" എന്ന് എന്നെക്കൊണ്ട് ആദ്യമായി പറയിച്ചത് ഈ ശ്രീജിത്തിന്റെ കവിതയാണ്. "ചങ്ങലംപരണ്ട ടാഗോർ" എന്നാണ് ഇദ്ദേഹത്തിനെ ഇദ്ദേഹത്തിന്റെ സ്നേഹിതന്മാരും ടാഗോറിന്റെ വിരോധികളും വിളിച്ചുവരുന്നത്.

ഒരു ദിവസം രാവിലെ അദ്ദേഹം പാറപ്പുറത്ത് കയറിവന്നു താനെഴുതിയ ഒരു കവിതയുടെ പകർപ്പ് എന്റെ കൈവശം തന്നു. കവിതയ്ക്ക് തലവാചകമൊന്നും ഉണ്ടായിരുന്നില്ല. ടാഗോറിന്ന് തലക്കുറിപ്പ് ഇല്ല പോലും! (അദ്ദേഹം കേൾക്കണ്ട!) "എന്തു വിഷയത്തെപ്പറ്റിയാണ് നിങ്ങളുടേ കവിത?" എന്നു ഞാൻ ചോദിച്ചു. ആ വിദ്വാൻ ഒരു ടാഗോർച്ചിരി ചിരിച്ചു. "വിഷയമോ?വിഷയമൊന്നുമില്ല. അതൊക്കെ ഓൾഡ് ഫേഷനാണ്. വിഷയം! ടാഗോറിന്ന് വിഷയമുണ്ടോ?" ഞാൻ അറിയുകയില്ല. സത്യമായിട്ടും അറിയുകയില്ല. അതുകൊണ്ട് യുക്തിവാദികളെപ്പോലെ, ഉണ്ടെന്നും ഇല്ലെന്നും ഞാൻ പറഞ്ഞില്ല. "നേതി നേതി" ഞാൻ പഴയ പ്രസ്ഥാനത്തിലുള്ള ഒരു ചിരിയോടുകൂടി തലയാട്ടി.

ആ ചങ്ങലംപരണ്ട ടാഗോർ അവിടെയിരുന്നു പ്രസ്തുത കവിത മുഴുവൻ എന്നെക്കൊണ്ട് വായിപ്പിച്ചു. മുഴുവൻ! "എന്റെ യോഗം" എന്നോർത്തു ഞാൻ പരിതപിച്ചു. (ഇങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകൾ ഈ ചുരുങ്ങിയ ജീവിതകാലത്ത് നിങ്ങളുടെ സഞ്ജയൻ അനുഭവിച്ചുകഴിഞ്ഞു എന്ന് നിങ്ങളറിഞ്ഞാൽ, സഞ്ജയൻ ചിരിയ്ക്കുന്നതിനെക്കുറിച്ച് നിങ്ങൾ അദ്ഭുതപ്പെടും. കണ്ണുനീരാണ് സഞ്ജയന്ന് അധികം യോജിപ്പെന്ന് നിങ്ങൾ പറയും. അക്കഥ പോട്ടെ. അതു മറക്കുവാനാണല്ലോ ഞാൻ ശ്രമിയ്ക്കുന്നത്.)

ലൈൻ ബൈ ലൈനായി ഞാനതു മുഴുവൻ വായിച്ചുതീർത്തപ്പോൾ, നമ്മുടെ മിസ്റ്റർ അത് ആദ്യം മുതൽ ഉറക്കെ വായിയ്ക്കുവാൻ എന്നോടാവശ്യപ്പെട്ടു. അത് വായിച്ചു കേൾക്കുവാൻ അദ്ദേഹത്തിന്ന് ഒരു രസം തോന്നീട്ടുണ്ടായിരിയ്ക്കണം. ആരു കണ്ടു! സഞ്ജയൻ എഴുതുന്നതു കൂടി വായിച്ചുകേൾക്കുന്ന ചിലരില്ലേ? "ഭിന്ന രുചിർഹി ലോക:". എനിയ്ക്കാണെങ്കിൽ, ഇതൊക്കെ എനിയൊരു പ്രാവശ്യം എന്റെ മുൻപിൽനിന്ന് ആരെങ്കിലും വായിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ ഞാൻ പോലീസ്സിനെ വിളിച്ചുവരുത്തും. അല്ലെങ്കിൽ എസ്സ്.പി.സി.ഏ ക്കാരെ (മനുഷ്യൻ മൃഗജാതിയിൽപ്പെട്ടതല്ലേ?- ഡാർവിൻ നോക്കുക)

ചങ്ങലംപരണ്ട ടാഗോറിന്റെ കൃതി ഉറക്കെ വായിയ്ക്കുവാൻ ശ്രമിച്ചപ്പോഴാണ് ഒരു ബുദ്ധിമുട്ടു നേരിട്ടത്. ഞാൻ ആദ്യം അത് (പുതിയ പ്രസ്ഥാനക്കാർക്ക് പെരുത്ത് ഇഷ്ടമായ) കൃഷ്ണഗാഥാമട്ടിൽ വായിച്ചുനോക്കി; ചേരുന്നില്ല. എന്തെഴുതിയാലും വഞ്ചിപ്പാട്ടാകുമെന്നു കേട്ടിരുന്നതിനാൽ , ആ മട്ടിൽ ഒരു വായന നടത്തി; നീങ്ങുന്നില്ല. കിളിപ്പാട്ടു പരിശോധിച്ചു; ആവുന്നില്ല. കുറത്തിപ്പാട്ടെടുത്തു...........

"https://ml.wikisource.org/w/index.php?title=ചങ്ങലംപരണ്ട_ടാഗോർ&oldid=32685" എന്ന താളിൽനിന്ന് ശേഖരിച്ചത്