വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 1.0/ഈ പതിപ്പിനെപ്പറ്റി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മലയാളം വിക്കിഗ്രന്ഥശാല പതിപ്പു് 1.0-നെ കുറിച്ചു്

വിജ്ഞാനസമ്പാദനത്തിനായി ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സൗജന്യ സ്വതന്ത്ര വിജ്ഞാനകോശമാണല്ലോ വിക്കിപീഡിയ. ഇന്റർനെറ്റിലെ അതിന്റെ പ്രചാരത്തെക്കുറിച്ച് പരിചയപ്പെടുത്തേണ്ടതില്ല. വിക്കിപീഡിയയ്ക്ക് അനുബന്ധമായി മറ്റു ചില സംരംഭങ്ങളുടെ നടത്തിപ്പ് കൂടി വിക്കിമീഡിയ ഫൗണ്ടേഷൻ നിർവഹിക്കുന്നുണ്ട്. അതിൽ സുപ്രധാനമാണ് വിക്കിസോഴ്സ്. പകർപ്പവകാശ കാലവധി കഴിഞ്ഞതോ സ്വതന്ത്ര പകർപ്പവകാശമുള്ളതോ ആയ ശ്രദ്ധേയ ഗ്രന്ഥങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നതാണ് വിക്കിസോഴ്സിന്റെ ലക്ഷ്യം. വിക്കി സോഴ്സിന്റെ മലയാളഭാഷയിലുള്ള പതിപ്പാണ് വിക്കിഗ്രന്ഥശാല.

കഴിഞ്ഞ കുറേ വർഷങ്ങളായി വിക്കിഗ്രന്ഥശാല പ്രവർത്തകർ നടത്തുന്ന സന്നദ്ധ സേവനത്തിന്റെ ഫലമായി ശ്രദ്ധേയമായ അനവധി പുസ്തകങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഇന്റർനെറ്റ് സൗകര്യമുള്ള ഉപയോക്താക്കൾ ഇവ ഉപയോഗിച്ചുവരികയും ചെയ്യുന്നു. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവരിലേയ്ക്കു ചുരുക്കാതെ, ഈ ഗ്രന്ഥങ്ങളെ കൂടുതൽ പേരിലേയ്ക്കെത്തിക്കാനും ഈ സംരംഭത്തിലേയ്ക്കു് കൂടുതൽ മലയാളികളെ ആകർഷിക്കാനും ലക്ഷ്യം വെച്ചുകൊണ്ടു് മലയാളം വിക്കിഗ്രന്ഥശാലാ പ്രവർത്തകർ രൂപകല്പന ചെയ്ത പദ്ധതിയാണു് ഈ വിക്കിഗ്രന്ഥശാല സിഡി. മലയാളം വിക്കിഗ്രന്ഥശാലയിലെ ഏകദേശം പൂർണ്ണമായ തിരഞ്ഞെടുത്ത ചില ഗ്രന്ഥങ്ങളാണു് ഈ സിഡിയിൽ ഞങ്ങൾ ലഭ്യമാക്കുന്നതു്.

മലയാളത്തെ സംബന്ധിച്ച് നിരവധി ശ്രദ്ധേയമായ കൃതികൾ പൊതുസഞ്ചയത്തിൽ ഉണ്ടെങ്കിലും, പ്രവർത്തകരുടെ അഭാവം മൂലവും ഡിജിറ്റൽ കോപ്പികളുടെ അഭാവം മൂലവും പലതും വിക്കിഗ്രന്ഥശാലയിൽ എത്തിയിട്ടില്ല. തുടങ്ങി വച്ച പല കൃതികളും അപൂർണ്ണവുമാണു്. ഈ സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സമാഹാരങ്ങളിലെ കൃതികൾ (ഉദാ: ആശാൻ കവിതകൾ, ചങ്ങമ്പുഴ കവിതകൾ) മുഴുവനുമായി ചേർക്കാൻ പറ്റിയില്ല. മലയാളശാകുന്തളം പോലുള്ള കൃതികൾ വളരെ ചെറിയ ശതമാനമെ പൂത്തിയാക്കിയിട്ടുള്ളൂ എന്നതിനാൽ ഇതിൽ ഉൾപ്പെടുത്താനും കഴിഞ്ഞിട്ടില്ല. അതേ പോലെ ചേർത്ത പല കൃതികളിലും അക്ഷരത്തെറ്റുകളും മറ്റും തിരുത്താനും ഉണ്ട്. ഈ കുറവുകൾ ഒക്കെ പരിഹരിക്കാനായി എല്ലാവരേയും വിക്കിഗ്രന്ഥശാലയിലേക്ക് ക്ഷണിക്കുന്നു. മലയാളത്തിന്റെ ഈ പൊതു സ്വത്ത് നമുക്കെല്ലാവർക്കും ചേർന്ന് കുറ്റമറ്റതാക്കാം.


വിക്കിഗ്രന്ഥശാല ലോകത്തിലെ പലഭാഷകളിലും ഉണ്ടെങ്കിലും, മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകരുടെ അറിവ് വെച്ച് ആദ്യമായാണു് ഒരു വിക്കിഗ്രന്ഥശാല ഉള്ളടക്കത്തെ സിഡി രൂപത്തിൽ പുറത്തിറക്കുന്നതു് എന്നു് അഭിമാനപൂർവം പറഞ്ഞുകൊള്ളട്ടെ. അതുകൊണ്ടു് തന്നെ ഈ പദ്ധതിയുടെ നടത്തിപ്പു് അത്രയെളുപ്പമായിരുന്നില്ല. സാങ്കേതികമായും മറ്റ് വിധത്തിലുമുള്ള നിരവധി തടസ്സങ്ങൾ പിന്നിട്ടാണു് ഈ സിഡി പുറത്തിറക്കുന്നത്.

ഈ സിഡിയിലൂടെ പുസ്തകങ്ങൾ ആദ്യമായി യൂണിക്കോഡ് മലയാളത്തിൽ പുറത്തിറങ്ങുന്നു. പുസ്തകങ്ങൾ എങ്ങനെ ഈ സിഡിയിൽ അവതരിപ്പിക്കണം എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. അതിനായി അവലംബിച്ചിരിക്കുന്ന രീതി കുറ്റമറ്റതാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. നിങ്ങൾക്കിഷപ്പെടുമെന്നു കരുതുന്നു. തെറ്റുകൾ തിരുത്തി ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു പതിപ്പ് പുറത്തിറക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല പുസ്തകങ്ങളും ഈ പദ്ധതി തുടങ്ങുമ്പോൾ അക്ഷരത്തെറ്റ് പരിശോധനകളൊന്നും പൂർത്തിയാവാത്ത അവസ്ഥയിലായിരുന്നു. ഉദാഹരണത്തിനു് മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖ ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികൾ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനാ യജ്ഞത്തിലാണു് പൂർണ്ണമാക്കിയതു്. അതുപോലെ തന്നെ ഐതിഹ്യമാല, ചങ്ങമ്പുഴ കൃതികൾ , ആശാൻ കൃതികൾ എന്നിവ അക്ഷരത്തെറ്റുകളും മറ്റു പിശകുകളും പരമാവധി ഒഴിവാക്കി എടുക്കാൻ ഒരുപാടു വിക്കിപ്രവർത്തകരുടെ പരിശ്രമം വേണ്ടിവന്നു. ഈ പദ്ധതി തുടങ്ങുമ്പോൾ പരിചമുട്ടുക്കളിപ്പാട്ടുകൾ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ കൃതികൾ വിക്കിഗ്രന്ഥശാലയില്ലായിരുന്നു. അവ പെട്ടെന്നു വിക്കി ഗ്രന്ഥശാലയിലെത്തിയ്ക്കാൻ സഹായിച്ച പ്രവർത്തകരെ ഈയവസരത്തിൽ സ്മരിക്കുന്നു. ഐതിഹ്യമാലയുടെ 126 അദ്ധ്യായങ്ങൾ ഡിജിറ്റൈസ് ചെയ്യാനും പരിശോധിക്കാനും ഒരു വലിയ കൂട്ടായ്മ തന്നെ വേണ്ടിവന്നു.

ഈ സിഡിയിലുള്ള ഗ്രന്ഥങ്ങളൊക്കെയും യാതൊരു തെറ്റുമില്ലാത്തതാണെന്ന അവകാശവാദം ഞങ്ങൾക്കില്ല, മൂന്നാഴ്ചയോളം മാത്രം നിരവധി പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണു് ഈ സംരംഭം. സമയക്കുറവും കൂടുതൽ പ്രവർത്തകരില്ലാത്തതുകൊണ്ടും എല്ലാ പുസ്തകവും പരിശോധിക്കാൻ ഞങ്ങൾക്കു സാധിച്ചിട്ടില്ല. വിക്കിഗ്രന്ഥശാല ആർക്കും തിരുത്തലുകൾ വരുത്താവുന്ന വിക്കിയാണു്. നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ ഈ ഉള്ളടക്കത്തിൽ കാണുകയാണെങ്കിൽ , നിങ്ങൾക്കു ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ദയവായി വിക്കിഗ്രന്ഥശാലയിൽ വന്നു് അതു് തിരുത്തി സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.

ഈ സിഡി പുറത്തിറക്കുന്നതിനുള്ള സാങ്കേതികവിദ്യ മലയാളം വിക്കി ഗ്രന്ഥശാല പ്രവർത്തകർ സ്വയം വികസിപ്പിച്ചെടുത്തതാണു്. ചുരുങ്ങിയ കാലയളവിൽ ഇത്തരമൊരു ബൃഹത് സംരംഭം ചെയ്യുന്നതു് ശ്രമകരമായിരുന്നു. അതിന്റെതായ ചില്ലറ പിശകുകൾ കണ്ടേയ്ക്കാം. അതെല്ലാം പൊറുക്കണമെന്നു അപേക്ഷിക്കുന്നു.

മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തൃസമൂഹം

2011 ജൂൺ 11