Jump to content

കേരളപാണിനീയം/സന്ധിപ്രകരണം/ശബ്ദവിഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

 1. മലയാളദേശവും ഭാഷയും
 2. ഘട്ടവിഭാഗം
 3. അക്ഷരമാല
 4. വർണ്ണവികാരങ്ങൾ
 1. സന്ധിവിഭാഗം
 2. ശബ്ദവിഭാഗം
 3. പ്രകൃതിപ്രത്യയങ്ങൾ
 1. ലിംഗപ്രകരണം
 2. വചനപ്രകരണം
 3. വിഭക്തിപ്രകരണം
 4. വിഭക്ത്യാഭാസപ്രകരണം
 5. കാരകപ്രകരണം
 6. തദ്ധിതപ്രകരണം
 1. കാലപ്രകരണം
 2. പ്രകാരപ്രകരണം
 3. പ്രയോഗപ്രകരണം
 4. പ്രയോജകപ്രകൃതി
 5. നാമധാതുപ്രകരണം
 6. ഖിലധാതുക്കൾ
 7. അനുപ്രയോഗം
 8. നിഷേധപ്രകരണം
 9. സമുച്ചയം
 10. അംഗക്രിയ
 11. കൃതികൃത്തുക്കൾ
 12. കാരകകൃത്തുക്കൾ
 1. വാക്യപ്രകരണം
 2. സമാസപ്രകരണം

വർണ്ണങ്ങളെ ഓരോ പ്രകാരത്തിൽ കൂട്ടിച്ചേർക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നു. അതിന്റെ സ്വഭാവം താഴെ വിവരിക്കുന്നു.

അർത്ഥയുക്താക്ഷരം ശബ്ദ-

മതേ പ്രകൃതിയെന്നതും.

ഒരർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തുണ്ടാകുന്ന അക്ഷരക്കൂട്ടത്തിനു് "ശബ്ദം' എന്നു പേർ. ഈ ശബ്ദത്തെത്തന്നെയാണു് "പ്രകൃതി' എന്നും പറഞ്ഞുവരുന്നതു്.

ഉദാ: കരിമ്പു് = ക്+ അ+ ര്+ ഇ+ മ്+ പ്+ ഉ്

ചെറുപ്പം= ച്+ എ+ റ്+ ഉ+ പ്+ പ്+ അ+ മ്

പുണ്ഡരീകം= പ്+ ഉ+ ണ്+ ഡ്+ അ+ ര്+ ഈ+ ക്+ അ+ മ്

പദമെന്നാൽ പ്രയോഗിപ്പാൻ

സജ്ജമായുള്ള ശബ്ദമാം.

ഭക്ഷ്യപദാർത്ഥങ്ങളിൽ ചിലതിനെ നാം പാകം ചെയ്യും, ചിലതിനെ പച്ചയായും ഉപയോഗിക്കുന്നതു പോലെ ഭാഷയിൽ ചില ശബ്ദങ്ങളെ വിഭക്തിയോഗാദിസംസ്കാരം ചെയ്യും ചിലതിനെ യഥാസ്ഥിതമായും പ്രയോഗിക്കാറുണ്ടു്. സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു് തയ്യാറുള്ള ശബ്ദത്തിനു "പദം' എന്നു പേർ,

ഉദാ: ശബ്ദം - കരിമ്പ് ചെറു പുണ്ഡരീകം തര് കിഴവ പദം - കരിമ്പ് ചെറുപ്പം പുണ്ഡരീകം തരുന്നു/തന്നു/തരും/തരുക കിഴവൻ/കിഴവി

വാചകം ദ്യോതകം രണ്ടു-

വിധമാം ശബ്ദമൊക്കവേ.

ദ്രവ്യക്രിയാഗുണങ്ങൾക്കു

വാചകം വാചകാഭിധം;

സംബന്ധത്തെസ്ഫുരിപ്പിക്കും

പദം ദ്യോതകമെന്നതു്.

എല്ലാ ശബ്ദങ്ങളെയും വാചകം, ദ്യോതകം എന്നു് രണ്ടിനത്തിൽ ഉൾപ്പെടുത്താവുന്നതാണു്. ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം; വാച്യമായ ഒരർത്ഥമുള്ളതു് "വാചകം' എന്നു ചുരുക്കം. വാച്യമായി ഒരർത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള സംബന്ധത്തെ സ്ഫുരിപ്പിക്കുക മാത്രം ചെയ്യുന്നതു് ദ്യോതകം. കുടം, വിളക്കു്, ഇരിക്കുന്നു, തിളങ്ങി, ചെറിയ, വലിയ ഇത്യാദി ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു സ്വതന്ത്രമായ അർത്ഥത്തിന്റെ പ്രതീതി ഉണ്ടാകുന്നുണ്ടു്. അതിനാൽ ആ മാതിരി ശബ്ദങ്ങളെല്ലാം വാചകങ്ങളാകുന്നു. കൊണ്ടു്, ഉം, എങ്കിൽ, ഛേ, ഓ ഇത്യാദി ശബ്ദങ്ങൾ കേൾക്കുമമ്പോൾ മനസ്സിനു് സ്വതന്ത്രമായ ഒരു അർത്ഥത്തിൽ പിടികിട്ടുന്നില്ല. മറെറാരു പദത്തോടു കൂട്ടിച്ചേർത്തു പ്രയോഗിക്കുമ്പോൾ മാത്രമേ ആവക ശബ്ദങ്ങളിൽ നിന്നു് അർത്ഥവിശേഷം ദേ്യാതിക്കുന്നുള്ളു. അതിനാൽ ആവക ശബ്ദങ്ങളെല്ലാം ദേ്യാതകങ്ങൾ.

ദ്രവ്യത്തിൻ വാചകം നാമം;

ക്രിയാവാചകമാം കൃതി;

ഭേദകം തു ഗുണാഖ്യായി-

യെന്നു മൂന്നിഹ വാചകം.

വാചകം എന്ന വർഗ്ഗത്തിൽപ്പെട്ട ശബ്ദങ്ങളെ നാമം, കൃതി, ഭേദകം ഇങ്ങനെ മൂന്നുതരമായിത്തിരിക്കാം. ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദം നാമം; ക്രിയാവാചകമായതു് കൃതി; ഗുണവാചകം ഭേദകം. പ്രപഞ്ചത്തിലെ സകല വസ്തുക്കളും ദ്രവ്യക്രിയാഗുണങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരിക്കുന്നതാണല്ലോ. അതിനാൽ വാചകശബ്ദങ്ങളെയെല്ലാം അർത്ഥസ്വരൂപമനുസരിച്ചു് നാമാദികളായ മൂന്നു തരങ്ങളിൽ ഉൾപ്പെടുത്താവുന്നതാണു് എന്നർത്ഥം.

ഉദാ: നാമം - മനുഷ്യൻ, മരം, മൃഗം, രാമൻ, കൃഷ്ണൻ, എണ്ണ, വെള്ളം, ഞാൻ നീ, അവൻ, അവൾ, അതു്, ബ്രാഹ്മണൻ, മാവു്, പുലി. കൃതി - പോകുന്നു, ചാകുന്നു, വരും, തരും, നിന്നു, പറന്നു. ഭേദകം - കറുത്ത, വെളുത്ത, സുന്ദരൻ, മുണ്ടൻ, കൂനൻ, കിഴവൻ.

സ്വവാച്യമായു് വസ്തുവൊന്നും

കുറിക്കുന്നില്ല ദ്യോതകം

വിഭക്ത്യാദികളെപ്പോലെ-

യതു സംബന്ധബോധകം.

ഇതിന്റെ അർത്ഥം മുൻപു വിവരിച്ചിട്ടുണ്ടു്.

നിപാതമവ്യയം രണ്ടു-

വകയാം ദ്യോതകം പദം

ജാത്യാ ദ്യോതകമാണാദ്യം;

പരം ഭ്രംശിച്ചുവന്നതു്.

ദ്യോതകം എന്ന ഇനത്തിൽപ്പെട്ട പദങ്ങൾ നിപാതം, അവ്യയം ഇങ്ങനെ രണ്ടുതരത്തിലുണ്ടു്. അതിൽ നിപാതങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകുന്നു. അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായിരുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചുവന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായി ത്തീർന്നവയുമാണു്. വാചകം എന്ന വർഗ്ഗത്തിലാണു് ജനിച്ചതെങ്കിലും ചില വെകല്യം വന്നതുനിമിത്തം ആ വാചകത്വധർമ്മം പോയി ദേ്യാതകവർഗ്ഗത്തിൽ ചേർന്നിട്ടുള്ള പദങ്ങൾ "അവ്യയങ്ങൾ' എന്നു ചുരുക്കം. ബ്രാഹ്മണവർഗ്ഗത്തിൽ ജനിച്ചിട്ടുള്ളവരാണെങ്കിലും വെകല്യംകൊണ്ടു് ബ്രാഹ്മണ്യം പോയി ചണ്ഡാലവർഗ്ഗത്തിൽ ചേർന്നിട്ടുള്ളവരെപ്പോലെയാണു് അവ്യയങ്ങളുടെ സ്ഥിതി. ഉദാഹരണങ്ങൾ:

നിപാതം- രാമനും കൃഷ്ണനും മിടുക്കന്മാരാകുന്നു. ഈ വാക്യത്തിൽ "ഉം' എന്നതു നിപാതം; ഈ "ഉം' എന്ന പദം രാമൻ, കൃഷ്ണൻ, മിടുക്കൻ എന്ന പദങ്ങളെപ്പോലെ ദ്രവ്യക്രിയാഗുണങ്ങളിൽപ്പെട്ട ഒരർത്ഥത്തെ കുറിക്കുന്നില്ല. രാമൻ, കൃഷ്ണൻ എന്ന ശബ്ദങ്ങളിൽ ചേർന്നുനിന്നുംകൊണ്ടു സമുച്ചയാർത്ഥത്തെ ദേ്യാതിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. "രാമനും കൃഷ്ണനും' എന്നു കേൾക്കുമ്പോൾ "ഉം' എന്നതിന്റെ ശക്തികൊണ്ടാണല്ലോ അവർക്കു "മിടുക്ക്' എന്ന ഗുണത്തിൽ സാഹചര്യമുണ്ടെന്നു നമുക്കു മനസ്സിലാകുന്നതു്. അതിനാൽ "ഉം' എന്നതു ദേ്യാതകമാണെന്നു തീർച്ചപ്പെടുത്താം. ഈ "ഉം' പദം ആദിയിൽ വാചകമായിരുന്ന ഏതെങ്കിലും ഒരു പദം ഭ്രംശിച്ചുണ്ടായതാണെന്നൂഹിപ്പാൻ ഒരു യുക്തിയും കാണുന്നില്ലാത്തതുകൊണ്ടു്, വ്യവഹാരസൗകര്യത്തിനായി ആദ്യംതന്നെ സമുച്ചയാർത്ഥത്തിന്റെ ദ്യോതകമെന്ന നിലയിൽ ഉണ്ടായതാണെന്നു വിചാരിക്കേണ്ടിവരുന്നതിനാൽ ജാത്യാ ദേ്യാതകമായ നിപാതമാണെന്നും തീർച്ചപ്പെടുത്താവുന്നതാണു്.

അവ്യയം- രാവണൻ എന്ന രാക്ഷസൻ മഴ പെയ്തില്ല; എങ്കിലും തണുപ്പുണ്ട്

ഈ വാക്യങ്ങളിലെ എന്ന, എങ്കിലും എന്നുള്ള ശബ്ദങ്ങൾ രാവണൻ, രാക്ഷസൻ, മഴ, പെയ്തു, ഇല്ല, തണുപ്പു്, ഉണ്ടു് ഈ ശബ്ദങ്ങളെപ്പോലെ ഒരു സ്വതന്ത്രാർത്ഥത്തെക്കുറിക്കാതെ രാവണൻ, രാക്ഷസൻ, എന്ന പദാർത്ഥങ്ങളുടെ അഭേദത്തെയും മഴ പെയ്തില്ല, തണുപ്പുണ്ടു് എന്ന വാക്യാർത്ഥങ്ങളുടെ പ്രസിദ്ധമായ അസാഹചര്യത്തെയും ദേ്യാതിപ്പിക്കുകമാത്രം ചെയ്യുന്നതിനാൽ ദ്യോതകം. ഈ പദങ്ങളിൽ എന്ന എന്നുള്ളതു്, ചെയ്ത, കേട്ട, പറഞ്ഞ ഇത്യാദികളെപ്പോലെ "എൻ' എന്നൊരു ധാതുവിന്റെ പേരെച്ചരൂപമാണെന്നൂഹിപ്പാൻ ധാരാളം മാർഗ്ഗം കാണുന്നുണ്ടു്. "എന്നാൻ', "എന്നാൾ' ഇങ്ങനെയുള്ള കൃതിരൂപങ്ങൾ കാണുന്നതുതന്നെയാണു് ഈ ഊഹത്തിനു പ്രധാനമായ അടിസ്ഥാനം. എങ്കിലും "അവൻ ചെയ്ത തെറ്റ്', "രാമൻ പറഞ്ഞ കാര്യം' എന്നും മറ്റും ഉള്ളെടത്തെപ്പോലെ "എന്ന' എന്നതു് ഒരു ക്രിയയെ സ്ഫുടമായി കുറിക്കുന്നില്ല. അതിനാൽ പേരെച്ചത്തിൽ ചേരാത്ത നില വന്നുപോയിട്ടുണ്ടു്. അതുപോലെ "എങ്കിലും' എന്ന പദത്തിനും "എൻ' ധാതുവിന്റെതന്നെ സംഭാവകവിനയെച്ചരൂപമാണെന്നൂഹിപ്പാൻ വഴിയുണ്ടെങ്കിലും "ചെയ്കിൽ', "വരുകിൽ' ഇത്യാദി മറ്റു ധാതുക്കളിലെ രൂപംപോലെ ഒരു ക്രിയയെ കുറിക്കാത്തതിനാൽ ആ വിനയെച്ചത്തിൽ ചേരാത്ത സ്ഥിതി വന്നിരിക്കുന്നു. ഇങ്ങനെ ആ രണ്ടു പദങ്ങളും അവ്യയം എന്ന വർഗ്ഗത്തിൽ ഉൾപ്പെടുന്നു.

വിഭക്തിയെ വിളക്കുന്ന

ദ്യോതകം ഗതിസംജ്ഞിതം;

വാക്യങ്ങളെഗ്ഘടിപ്പിക്കാ-

നുതകും ഘടകാഭിധം;

വ്യാക്ഷേപകങ്ങൾ വാക്യാർത്ഥം

ബോധിപ്പിക്കുമഖണ്ഡമായ്;

ഇതു മൂന്നും കഴിച്ചുള്ള-

തെല്ലാം കേവലസംജ്ഞിതം.

ദ്യോതകശബ്ദങ്ങളെ അവയുടെ വ്യാപാരമനുസരിച്ചു നോക്കുന്നതായാൽ ഗതി, ഘടകം,വ്യാക്ഷേപകം ഇങ്ങനെ മൂന്നുവിധത്തിൽ പിരിക്കാം. ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്നു് ആ വിഭക്ത്യർത്ഥത്തെ പരിഷ്കരിക്കുന്ന ദ്യോതകം ഗതി; രണ്ടു വാക്യാർത്ഥങ്ങളെ തമ്മിൽ ഘടിപ്പിക്കുന്നതു് ഘടകം; മറ്റൊന്നിനോടും ചേരാതെ തന്നെത്താൻ ഒരു വാക്യാർത്ഥത്തെ സ്ഫുരിപ്പിക്കുന്നതു് വ്യാക്ഷേപം. ഇതിൽ മൂന്നിലും ഉൾപ്പെടാത്തതു കേവലം. ഉദാഹരണങ്ങൾ:

1. ഗതി- കൊണ്ടു്, നിന്നു്, വെച്ചു്, ഊടെ ഇത്യാദി. "വടികൊണ്ടടിക്കുന്നു' എന്ന വാക്യത്തിൽ "കൊണ്ട്' എന്നതു് ലുപ്തവിഭക്തിയായ "വടിയെ' എന്നതിലുള്ള പ്രതിഗ്രാഹികയോടു ചേർന്നുനിന്നു് "അടിക്കുക' എന്ന ക്രിയ നടത്തുന്നതിൽ വടി കരണമാണെന്നുള്ള അർത്ഥം വെളിപ്പെടുത്തുന്നതിനാൽ അതു് ഗതി. ഇതുപോലെ "മാളികയിൽനിന്നുനോക്കുന്നു' "ശിഷ്യരിൽവച്ചു രാമനാണു് സമർത്ഥൻ', "കാട്ടിലൂടെ പോകുന്നു' ഇത്യാദി വാക്യങ്ങളിലും "നിന്ന്' മുതലായ ഗതികളുടെ സ്വരൂപം അറിഞ്ഞുകൊൾക.

2. ഘടകം- "രാമന്റെയും കൃഷ്ണന്റെയും കഥ' എന്നു പറയുന്നിടത്തു് "ഉം' എന്ന നിപാതം രാമകൃഷ്ണന്മാരുടെ കഥകൾ എന്നു പറഞ്ഞിരുന്നാലത്തെപ്പോലെ അവരെ സമുച്ചയിക്കുന്നു. അപ്രകാരംതന്നെ "രാമന്റെയോ കൃഷ്ണന്റെയോ കഥ' എന്ന വാക്യത്തിൽ "ഓ' എന്നതു് അവരിൽ ഒരുത്തന്റെ എന്നുള്ള വികല്പത്തെ കാണിക്കുന്നു. "ഉം, ഓ' ഇത്യാദികൾ ഇങ്ങനെ വാക്യത്തിലെ ഒരു പദത്തിൽ അന്വയിച്ചു് യഥാക്രമം വാക്യാർത്ഥങ്ങൾക്കു സമുച്ചയവികല്പങ്ങളെ ദേ്യാതിപ്പിക്കുന്നതിനാൽ ഘടകങ്ങൾ.

3. വ്യാക്ഷേപകം-ഉവ്വു്, അയ്യോ ഇത്യാദികൾ. ഈവക ശബ്ദങ്ങൾ മറ്റൊരു പദത്തോടും ചേരാതെ സ്വതന്ത്രമായ വാക്യാർത്ഥത്തെയാണു് ദേ്യാതിപ്പിക്കുന്നതു്. എങ്ങനെ എന്നാൽ:

വാധ്യാർ : രാമാ! നീ പാഠം പഠിച്ചോ?

രാമൻ : ഉവ്വു്, ഞാൻ രാത്രി മുഴുവനും വായിക്കുകയായിരുന്നു.

ഇവിടെ "ഉവ്വ്' എന്ന പദം "ഞാൻ പാഠം പഠിച്ചു' എന്നുള്ള വാക്യാർത്ഥത്തെ ദേ്യാതിപ്പിക്കുന്നു. അപ്രകാരം തന്നെ:

വാധ്യാർ : കള്ളം പറയുന്നോ? നിന്നെ ഞാൻ ഇന്നലെ ഉത്സവ സ്ഥലത്തു കണ്ടുവല്ലോ?

രാമൻ : അയ്യോ! ഇന്നലെ രാത്രി ഞാൻ വീട്ടിൽനിന്നിറങ്ങിയിട്ടില്ല.

ഇവിടെ "അയ്യോ' എന്ന പദം എന്നെ ഇന്നലെ ഉത്സവസ്ഥലത്തു കണ്ടു എന്നു പറയുന്നതു് എനിക്കു വളരെ സങ്കടമാണ്' എന്ന വാക്യത്തെ അഥണ്ഡമായി ദേ്യാതിപ്പിക്കുന്നു.

ഗതി, ഘടകം, വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉൾപ്പെടാതെ ചില അർത്ഥവിശേഷങ്ങളെ ദേ്യാതിപ്പിക്കുന്ന ദേ്യാതകപദം കേവലം.

ഉദാ: "രാമൻ വന്നുവോ'. ഇതിൽ "ഓ' എന്ന നിപാതം ചോദ്യാർത്ഥം ദേ്യാതിപ്പിക്കുന്നു.

"ഈശ്വരൻതന്നെ ശരണം' ഇതിൽ "തന്നെ' അന്യവ്യവച്ഛേദാർത്ഥം ദേ്യാതിപ്പിക്കുന്നു. ഇതു് "തൻ' എന്ന സർവ്വനാമരൂപത്തിന്റെ രൂപാന്തരമാകയാൽ അവ്യയം.

നാമാദിയാം വിഭാഗത്തി-

ന്നെല്ലാമർത്ഥം നിയാമകം.

ഇവിടെ നാമം, കൃതി, ഭേദകം ഇങ്ങനെയെല്ലാം വിഭജിച്ചിരിക്കുന്നതു് അതാതു പദങ്ങളുടെ അർത്ഥത്തിനുള്ള സ്വഭാവം അടിസ്ഥാനപ്പെടുത്തിയാണു്. അല്ലാതെ ഇന്ന ശബ്ദം വർഗ്ഗത്തിൽപ്പെട്ടതാണെന്നുള്ള വിഭാഗരീതിയിലല്ല. അതുകൊണ്ടു വ്യാകരണഗതി അനുസരിച്ചു നോക്കുന്നതായാൽ ഒരു ശബ്ദംതന്നെ ചിലപ്പോൾ നാമാദികളായ പല രൂപങ്ങളിലും ഉള്ളതായി കാണാവുന്നതാണു്. ഉദാഹരണത്തിനു് "നൽ' എന്ന ശബ്ദത്തെ നോക്കാം. അതിനോടുകൂടി ബഹുവചനപ്രത്യയമായ "ആർ' എന്നു ചേർത്തു് "നല്ലാർ' എന്നു പ്രയോഗിക്കുമ്പോൾ ആ "നൽ' പദം "സ്ത്രീ' എന്നർത്ഥമായ നാമം. "ഊ' എന്നു ഭാവിപ്രത്യയം ചേർന്നു് "നല്ലൂ' എന്നാകുമ്പോൾ "നൽ' പദം കൃതി.

നാമവും കൃതിയുംതമ്മിൽ

ഭേദം രൂപനിബന്ധനം;

ഭേദകം കൃതിയും തമ്മിൽ

രൂപസാമ്യവുമുണ്ടിഹ

നാമം വിഭക്തിസംബന്ധങ്ങളെ കാണിക്കുന്നതിനായി രൂപം മാറുന്നു; കൃതി കാലം കുറിക്കുന്നതിനു പ്രത്യയങ്ങളെ സ്വീകരിച്ചു് മുറ്റുവിന, പറ്റുവിന എന്നു രണ്ടുവഴിയായി രൂപഭേദം പ്രാപിക്കുന്നു. രണ്ടും രണ്ടുവഴിയാകയാൽ നാമകൃതികൾക്കു് രൂപാവലീവിഷയത്തിൽ അനേ്യാന്യം ഭേദമുണ്ടു്. ഭേദകത്തിനാകട്ടെ, രൂപഭേദം ഏറെയില്ല; അല്പമെങ്കിലും ഉണ്ടെങ്കിൽ അതു കൃതികൾക്കു തുല്യമായിട്ടാണു്. അതിനാൽ കൃതിക്കും ഭേദകത്തിനും തമ്മിൽ രൂപത്തിനു് സാമ്യമുണ്ടു്. "ചെറു' എന്ന ഭേദകപ്രകൃതിയെത്തന്നെ "ചെറുപയറ്' ഇത്യാദികളിൽ പ്രയോഗിക്കാം; രൂപഭേദം ചെയ്യുന്നപക്ഷം അതു് "മാറുക' എന്ന കൃതിക്കു "മാറിയ' എന്നു പേരെച്ചരൂപം വരുന്നതുപോലെ "ചെറിയ' എന്നാണു്.

കൃതിശബ്ദങ്ങൾ താനേറും;

നാമം പിന്നഥ ഭേദകം;

രണ്ടുമൂന്നു നിപാതങ്ങൾ;

ശേഷം ദേ്യാതകമവ്യയം.

മേൽ കാണിച്ചപ്രകാരം വാചകങ്ങൾ മൂന്നുവിധത്തിലുള്ളതിൽ കൃതി ശബ്ദങ്ങളാണു് എല്ലാറ്റിലും അധികമുള്ളത്; പിന്നെ നാമശബ്ദങ്ങൾ; ഭേദകശബ്ദങ്ങൾ മറ്റു രണ്ടിനത്തിൽപ്പെട്ടവയെക്കാൾ സംഖ്യയിൽ ചുരുങ്ങും. അതുപോലെ ദേ്യാതകങ്ങളിലും രണ്ടോ മൂന്നോ ശബ്ദങ്ങൾ മാത്രമേ നിപാതമെന്ന ഇനത്തിൽ ഉള്ളു; ശേഷമെല്ലാം അവ്യയങ്ങളാകുന്നു.

സർവ്വത്തിനും നാമമായ

നാമംതാൻ സർവ്വനാമം.

എല്ലാ വസ്തുക്കളെയും ഓരോന്നായോ എല്ലാംകൂടിയോ കുറിക്കുന്നതിനുള്ള നാമത്തിനുതന്നെയാണു് "സർവ്വനാമം' എന്നു പറഞ്ഞുവരുന്നതു്. സർവ്വനാമം എന്നുള്ളതും നാമം എന്ന ഇനത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ സാമാന്യവിഭാഗത്തിൽ അതു വേറെ കണക്കാക്കേണ്ടതില്ലെന്നു സാരം.

നാമാദി നാലിനും ചെയ്യാം

വിഭാഗം പല ജാതിയിൽ.

നാമം, കൃതി, ഭേദകം, നിപാതം എന്ന നാലുവക പദങ്ങൾക്കും പല തരത്തിലും അവാന്തരവിഭാഗങ്ങൾ ചെയ്യാവുന്നതാകുന്നു. നാമങ്ങൾ ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം ഇങ്ങനെ മൂന്നുവിധം, ദ്രവ്യത്തെക്കുറിക്കുന്ന നാമം ദ്രവ്യനാമം- ആന, കുതിര, രാമൻ, കൃഷ്ണൻ, ദ്രവ്യം ഇത്യാദികൾ ഉദാഹരണങ്ങൾ. ഗുണത്തെക്കുറിക്കുന്നതു് ഗുണനാമം- അഴകു്, മിടുക്കു്, നന്മ, വിഡ്ഢിത്തം, ഗുണം ഇത്യാദികൾ. ഭേദകപദങ്ങൾ അവയുടെ അർത്ഥത്തിനു മറെറാരു പദത്തിന്റെ അർത്ഥത്തിൽ ഗൂണീഭാവത്തെ (വിശേഷണമായിരിക്കുന്ന സ്ഥിതിയെ) ആണു കാണിക്കുന്നതു്. ഗുണനാമങ്ങൾ ലോകശാത്രപ്രസിദ്ധങ്ങളായ ഗുണങ്ങളെ വിശേഷ്യനിലയിൽത്തന്നെ കുറിക്കുന്നു. ഇതാണു് ഗുണനാമങ്ങൾക്കുള്ള വ്യത്യാസം. ക്രിയയെ കുറിക്കുന്നതു ക്രിയാനാമം: പഠിപ്പു്, കളി, വരവു്, ഉറക്കം ഇത്യാദികൾ. പിന്നെ ദ്രവ്യനാമങ്ങൾ സംജ്ഞാനാമം, സാമാന്യനാമം, സർവ്വനാമം, മേയനാമം ഇങ്ങനെ നാലുവിധം. ഒരു വ്യക്തിയെ പ്രതേ്യകമറിയിക്കുന്നതു് സംജ്ഞാനാമം; രാമൻ, കൃഷ്ണൻ, ഗോവിന്ദൻ, ശങ്കു, നാണു, ലക്ഷ്മി, ചിരുതേവി ഇത്യാദികൾ. ഒരു ജാതിയെക്കുറിക്കുന്നതു സാമാന്യനാമം; മനുഷ്യൻ, മൃഗം, മരം, വള്ളി, ബ്രാഹ്മണൻ, നായർ ഇത്യാദികൾ. ജാതിവ്യക്തികളുടെ ലക്ഷണമാകട്ടെ,

ഒറ്റയായു് പലതിൽ പറ്റും നിത്യമാമൊന്നു ജാതിയാം;

അതിലുൾപ്പെട്ടതോരോന്നും വെവ്വേറെ വ്യക്തിയായത്

എന്നാകുന്നു. സർവ്വത്തിന്റെയും നാമമായിട്ടുള്ളതു് സർവ്വനാമം; എല്ലാ, ഒക്ക, മറ്റു ഇത്യാദികൾ. ജാതിവ്യക്തിഭേദം കല്പിക്കുന്നതിനു സൗകര്യമില്ലാത്ത പദാർത്ഥങ്ങളുടെ നാമമായിട്ടുള്ളതു് മേയനാമം; വെള്ളം, മണ്ണു്, സ്വർണ്ണം, ആകാശം, വായു ഇത്യാദികൾ. ഇവയിൽ സർവ്വനാമം എന്ന ഇനത്തിൽ ചേർന്നതാണു് എണ്ണത്തിൽ ചുരുക്കമായിട്ടുള്ളതു്. ആകെ സർവ്വനാമങ്ങൾ ഇത്രയാണെന്നു താഴെക്കാണിക്കാം:

 1. എൻ ഉത്തമസർവ്വനാമം
 2. നിൻ മധ്യസർവ്വനാമം
 3. ഇ ചുട്ടെഴുത്തു് അല്ലെങ്കിൽ
 4. (ഉ) വിവേചകസർവ്വനാമം
 5. (ഒരു)
 6. യാ വ്യപക്ഷകം
 7. ആർ ചോദ്യസർവ്വനാമം
 8. എന്ത്
 9. ചില നാനാസർവ്വനാമം
 10. പല
 11. ഇന്ന- നിർദ്ദിഷ്ടവാചി
 12. എല്ലാ- സർവ്വവാചി
 13. തൻ- സ്വവാചി
 14. മിക്ക- അംശവാചി
 15. മറ്റ്-അന്യാർത്ഥകം
 16. വല്ല-അനാസ്ഥാവാചി

ഇനി കൃതികളുടെ വിഭാഗരീതി കാണിക്കാം- ഇതെങ്കിലും ഒരു വസ്തു ഇന്ന വിധത്തിലിരിക്കുന്നു എന്നോ ഒരു പ്രവൃത്തി ചെയ്യുന്നു എന്നോ കുറിക്കുന്ന

(1) ക്രിയാപദമാണല്ലോ കൃതി. ഇതിൽ ഒരു വസ്തു ഒരു സ്ഥിതിയിലിരിക്കുന്നുവെന്നുള്ള ക്രിയയ്ക്കു് കർമ്മം ഇല്ലാത്തതിനാൽ ആവക കൃതികളെല്ലാം അകർമ്മകങ്ങൾ. അതിനാൽ ഉറങ്ങുക, കുളിക്കുക, നില്ക്കുക മുതലായവ അകർമ്മങ്ങൾ. ഒന്നു് ഒരു പ്രവൃത്തിയെ ചെയ്യുന്നു എന്നുള്ള ക്രിയയ്ക്കു് കർമ്മമുള്ളതിനാൽ ആവക കൃതികൾ സകർമ്മകങ്ങൾ. അതിനാൽ ഉണ്ണുക, കുടിക്കുക, അടിക്കുക മുതലായവ സകർമ്മകക്രിയകളാകുന്നു. ഇങ്ങനെ അർത്ഥം പ്രമാണിച്ചു് സകർമ്മകം, അകർമ്മകം എന്നൊരു വക വിഭാഗം.

(2) ഓടുക, ഓടിക്ക; നില്ക്ക, നിറുത്തുക; കാണുക, കാണിക്ക; തിന്നുക, തീറ്റുക എന്ന മട്ടിൽ എല്ലാ കൃതികൾക്കും രണ്ടുമാതിരി രൂപങ്ങൾ കാണുന്നുണ്ടു്. അതിൽ പരപ്രരണകൂടാതെ കർത്താവു് തനിയേ ക്രിയചെയ്യുന്ന ഇടങ്ങളിൽ ആദ്യത്തെമാതിരി രൂപങ്ങളെ ഉപയോഗിക്കുന്നു. കർത്താവു്, മറ്റൊരു നിർബ്ബന്ധപ്രകാരം ക്രിയചെയ്യുന്നിടത്തു രണ്ടാമത്തെമാതിരി രൂപങ്ങൾ വരുന്നു. അതിൽ ഓടുക, നില്ക്ക മുതലായ വെറുംകൃതികൾ കേവലപ്രകൃതികൾ; ഓടിക്ക, നിറുത്തുക, മുതലായ പ്രരണാർത്ഥംകൂടിയുള്ളവ പ്രയോജകപ്രകൃതികൾ. ഇങ്ങനെ പ്രകൃതി പ്രമാണിച്ചു് "കേവലം'എന്നും"പ്രയോജകം' എന്നും രണ്ടാമത്തെ വിഭാഗം.

(3) ഇനി ചില കൃതികൾ അർത്ഥം നോക്കുന്നതായാൽ കേവല പ്രകൃതിതന്നെ എന്നും രൂപം നോക്കുന്നതായാൽ പ്രയോജകപ്രകൃതി എന്നും തോന്നുന്നവയായിട്ടുണ്ടു്. പ്രയോജകപ്രകൃതിയാക്കുമ്പോൾ മിക്ക കൃതികൾക്കും "ക്ക്' എന്ന ഇടനിലചേർക്കണമെന്നു് മുൻ ഉദാഹരണങ്ങളെക്കൊണ്ടു് സ്പഷ്ടമാണല്ലോ. അങ്ങനെ അർത്ഥഭേദംകൂടാതെ "ക്ക്' എന്നു ചേർക്കേണ്ടുന്ന കേവലപ്രകൃതിയിലെ കൃതികൾക്കു് "കാരിതം' എന്നു പേർ. ഈ വിശേഷവിധി ഇല്ലാത്തവ "അകാരിത'ങ്ങൾ.

ഉദാ: കാരിതം- കേൾക്കുന്നു, നില്ക്കുന്നു, പിടിക്കുന്നു, പറക്കുന്നു

അകാരിതം- അരയുന്നു, ഓലുന്നു, പിരിയുന്നു, മറയുന്നു

പ്രയോജകം- അരപ്പിക്കുന്നു, ഒലിപ്പിക്കുന്നു, പിരിക്കുന്നു, മറയ്ക്കുന്നു

ഇവയിൽ കാരിതങ്ങളിലും പ്രയോജകങ്ങളിലും "ക്ക്' എന്നു് ഇടനില ഒന്നുപോലെ ചേർന്നുകാണുന്നുണ്ടു്. എന്നാൽ കാരിതങ്ങൾക്കു് പ്രയോജകങ്ങൾക്കുള്ളതുപോലെ പരപ്രരണയാൽ ചെയ്ക എന്നുള്ള വിശേഷാർത്ഥമില്ല. ഇതു് സ്വഭാവംപ്രമാണിച്ചുള്ള വിഭാഗമാകുന്നു.

(4) നാലാമതു് പ്രാമാണ്യം പ്രമാണിച്ചുള്ള വിഭാഗം. നമ്മുടെ ശരീരത്തിൽ ഉടൽ പ്രധാനവും ശേഷമുള്ള കെകാൽ മുതലായവ അതിന്റെ അംഗങ്ങളും ആണെന്നു പലപ്പോഴും പറയാറുണ്ടല്ലോ. അതുപോലെ വാക്യങ്ങളിലും ചില പദങ്ങൾ പ്രധാനങ്ങളും മറ്റുചില പദങ്ങൾ അപ്രധാനങ്ങളും ആകുന്നു എന്നു് വെയാകരണന്മാർ പറയുന്നു. അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു് "കരോതികൃതി' അല്ലെങ്കിൽ "മുറ്റുവിന' എന്നുപേർ; അപ്രധാനകൃതിക്കു് "കുർവത്കൃതി' അല്ലെങ്കിൽ "പറ്റുവിന' എന്നു പേർ.

ഉദാ: മുറ്റുവിന- ചെയ്യുന്നു, ഉണ്ടു, പോകുന്നു, പോകാവുന്നു, പോകണം. പറ്റുവിന- ചെയ്യുന്ന, ഉണ്ട, പോകുന്ന, പോകാവുന്ന, പോകേണ്ടും.

"രാമൻ തിരുവനന്തപുരത്തേക്കു പോകുന്നു' എന്ന വാക്യത്തിൽ "പോകുന്നു' എന്ന കൃതി മറെറാരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നില്ക്കുന്നു. അതിനാൽ അതു് മുറ്റുവിന. "തിരുവനന്തപുരത്തേക്കു പോകുന്ന വള്ളം' എന്നു പറയുമ്പോൾ "പോകുന്ന' എന്ന കൃതി വള്ളത്തിനു വിശേഷണമായി കീഴടങ്ങുന്നതിനാൽ പറ്റുവിനയാകുന്നു. ഇതുപോലെ പ്രാധാന്യവും അപ്രാധാന്യവും കാൺക.

ഇവയ്ക്കു് ഓരോന്നിനും അവാന്തരവിഭാഗങ്ങൾ ഉണ്ടു്. അവ എല്ലാം ഇവിടെത്തന്നെ പ്രസ്താവിക്കുന്നില്ല. എങ്കിലും പറ്റുവിനയ്ക്കുള്ള അവാന്തരഭേദങ്ങളെ പറയേണ്ടിയിരിക്കുന്നു. ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം.

ഉദാ: പറഞ്ഞുകേട്ടു; തേച്ചുകുളിച്ചു ഇത്യാദി

ഇവിടെ "പറഞ്ഞു' എന്നതു് "കേട്ടു' എന്ന മറ്റൊരു കൃതിക്കും, "തേച്ചു' എന്നതു് "കുളിച്ചു' എന്ന കൃതിക്കും കീഴടങ്ങുന്നതിനാൽ വിനയെച്ചങ്ങളാകുന്നു.

ഒരു നാമത്തിനു് കീഴടങ്ങുന്ന കൃതി പേരെച്ചം

ഉദാ: പറഞ്ഞ കാര്യം; കൊടുത്ത വസ്തു.

ഇവയിൽ പറഞ്ഞ, കൊടുത്ത എന്ന കൃതികൾ മുറയ്ക്കു് കാര്യം, വസ്തു എന്ന നാമങ്ങൾക്കു കീഴടങ്ങുന്നു എന്നറിക.

മറ്റു പദങ്ങളുടെ അർത്ഥത്തെ ഭേദിപ്പിക്കുന്നതു് ഭേദകം. പശു എന്നു പറഞ്ഞാൽ ആ ജാതിയിലുള്ള ഓരോ ജന്തുവിനെയും ഗ്രഹിക്കാം. വെളുത്ത പശു എന്നു് ഒരു ഭേദകംകൂടി ചേർക്കുമ്പോൾ കറുത്ത പശുവും ചുവന്ന പശുവും മറ്റും ആ വാക്കിൽ ഉൾപ്പെടാത്തതിനാൽ അതിന്റെ വ്യാപ്തി ചുരുങ്ങിപ്പോകുന്നു. അതിനാൽ "വെളുത്ത' എന്ന ശബ്ദം "പശു' എന്ന നാമത്തോടു ചേർന്നു് അതിന്റെ അർത്ഥത്തെ ഭേദിപ്പിക്കുന്നുവെന്നു് സ്പഷ്ടമായി. ഈ മാതിരിയിൽ ഒരു ശബ്ദത്തിന്റെ അർത്ഥത്തെ ഭേദിപ്പിക്ക എന്നുള്ള പ്രവൃത്തിക്കു് "വിശേഷിപ്പിക്കുക' എന്നു് വെയാകരണന്മാർ പേരിട്ടിരിക്കുന്നു. അതുകൊണ്ടു് ഭേദകത്തിനു് "വിശേഷണം' എന്നു പേർ പറയാം. അപ്പോൾ നാമത്തെ വിശേഷിപ്പിക്കുന്ന ശബ്ദത്തിനു് "നാമവിശേഷണം' എന്നും, കൃതിയെ വിശേഷിപ്പിക്കുന്നതിനു് "ക്രിയാവിശേഷണം' അല്ലെങ്കിൽ "കൃതിവിശേഷണം' എന്നും, മറ്റൊരു ഭേദകത്തെത്തന്നെ വിശേഷിപ്പിക്കുന്നതിനു് "ഭേദകവിശേഷണം' എന്നും ഇവയ്ക്കു് എല്ലാറ്റിനും പൊതുവേ ഭേദകം എന്നും സംഞ്ജകൾ ചെയ്യപ്പെട്ടിരിക്കുന്നു. നാമവിശേഷണത്തിനു് ഉദാഹരണം കാണിച്ചുകഴിഞ്ഞു. ശേഷത്തിനു്,

മുഖം ചെറ്റു വിയർത്തു

ഇവിടെ "ചെറ്റ്' എന്നതു് "വിയർക്ക' എന്ന ക്രിയയെ വിശേഷിപ്പിക്കുന്നതിനാൽ ക്രിയാവിശേഷണം.

ഉടൻ നടന്ന സംഗതി

ഇതിൽ "ഉടൻ' എന്നതു് "നടന്ന' എന്ന ക്രിയയുടെ വിശേഷണം. ഏറ്റം കറുത്ത പശു; അല്പം വളഞ്ഞ വടി

ഇതിൽ "ഏറ്റം' എന്നതു് "കറുത്ത' എന്ന ഭേദകത്തിന്റേയും "അല്പം' എന്നതു് "വളഞ്ഞ' എന്ന ഭേദകത്തിന്റേയും വിശേഷണങ്ങളാകയാൽ "ഭേദകവിശേഷണങ്ങൾ' ആകുന്നു.

ഭേദകങ്ങളുടെ ഉൾപ്പിരിവുകൾ:

(1) ശുദ്ധം: ഇതു് വികാരം ഒന്നുമില്ലാതെ നില്ക്കുന്ന ശബ്ദസ്വരൂപം തന്നെ. ഇതിനെ പ്രായേണ നാമത്തോടു സമാസമായി ചേർത്താണു് പ്രയോഗിക്കാറു പതിവു്.

ഉദാ: നൽ- നന്മുത്തു്, തിരു- തിരുമുഖം, ചെം- ചെന്താമര, വൻ- വൻതേൻ, ചെറു- ചെറുപയറു്.

(2) സാർവ്വനാമികം: ഇതു് ഭേദകമായിട്ടുപയോഗിക്കുന്ന സർവ്വനാമംതന്നെ. ഇവയിൽ വ്യക്തികളെ വേർതിരിച്ചുകാണിക്കുന്നതിനുപയോഗപ്പെടുന്ന "അ' "ഇ' എന്ന ഏകാക്ഷരങ്ങൾക്കു് "ചുട്ടെഴുത്ത്' എന്നൊരു വിശേഷപ്പേരുണ്ടു്. ചൂണ്ടുന്ന എഴുത്തു് "ചുട്ടെഴുത്ത്' എന്നർത്ഥം. ആണ്ടുപുറന്നാൾ എന്നതു് അനുനാസികം ലോപിച്ചു് ആട്ടപ്പുറന്നാൾ എന്നാകുന്നതുപോലെ "ചൂണ്ടെഴുത്ത്' എന്നതു് "ചുട്ടെഴുത്ത്' എന്നായി.

ഉദാ: അ- അവിടം, ആയാൾ ഏ-ഏമനുഷ്യൻ ഇ- ഇവിടം, ഈയാൾ എന്തു- എന്തുകാര്യം ഒരു- ഒരു മനുഷ്യൻ ഏതു- ഏതു ദിക്ക്

(3) സാംഖ്യം: ഇതു് സംഖ്യാപരമായ ഭേദകംതന്നെ.

ഉദാ: ഒരു- ഒരു പശു; ഇരു- ഈർ- ഇരുപതു്, ഈരേഴ്; മൂ-മൂന്നു-മുക്കണ്ണൻ

മൂന്നുലോകം; നാൽ- നാന്മുഖൻ; ഐ-ഐയമ്പൻ

(4) വിഭാവകം: ഇതു് ഒരു വസ്തുവിന്റെ സ്വഭാവത്തെ വർണ്ണിക്കുന്ന ഭേദകമാകുന്നു.

ഉദാ:

 • സമർത്ഥ - സമർത്ഥനായ പുരുഷൻ
 • ടി- സമർത്ഥയായ സ്ത്രീ
 • മിടുക്ക-മിടുക്കനായ പുരുഷൻ
 • ടി - മിടുക്കിയായ സ്ത്രീ
 • തടിയ - തടിയൻ (ആയ) മനുഷ്യൻ
 • ടി -തടിച്ചി (ആയ) പെണ്ണ്
 • ഭോഷ- ഭോഷൻ (ആയ) മനുഷ്യൻ
 • ടി-ഭോഷി (ആയ)പെണ്ണ്
 • പൊട്ട -പൊട്ടൻ(ആയ) മനുഷ്യൻ
 • ടി - പൊട്ടി (ആയ)പെണ്ണ്

ഈവക നാമവിശേഷണങ്ങൾക്കു മാത്രം ലിംഗഭേദം ഉണ്ടു്. ഇവ നാമത്തോടു നേരെ ചേരുന്നില്ല. തങ്ങളിൽ സംബന്ധിപ്പിക്കുന്നതിനു് മദ്ധേ്യ "ആയ' എന്ന അവ്യയത്തെക്കൂടി ഉപയോഗിക്കേണ്ടതുണ്ടു്. ഉദാഹരണത്തിൽ ഈ വിശേഷം കാണിച്ചിരിക്കുന്നതു നോക്കുക.

(5) പാരിമാണികം: ഇതു് "പരിമാണം' എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു.

ഉദാ: നാഴിയരി; ഇത്രനേരം; എത്ര നെല്ല്; രണ്ടു തുടം നെയ്യ്; ഒരു പിടി എള്ള്; കുറെ (റയ) വെള്ളം.

(6) നാമാംഗജം: ഇതു് പേരെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു.

ഉദാ: കെട്ടിയ പെൺ = (കെട്ടുക എന്ന കൃതിയുടെ പേരെച്ചം) പെറ്റമ്മ = (പെറുകയുടെ പേരെച്ചം) വെളുത്ത പശു = (വെളുക്കുകയുടെ പേരെച്ചം) കറുത്ത നൂൽ = (കറുക്കുകയുടെ പേരെച്ചം) (7) ക്രിയാംഗജം: ഇതു് വിനയെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു. ഇതുമാത്രം ക്രിയയിൽ അന്വയിക്കുന്നതാകയാൽ ക്രിയാവിശേഷണമായിട്ടേ വരൂ.

ഉദാ: ഉറക്കെപ്പറയുന്നു = (ഉറയ്ക്കുകയുടെ വിനയെച്ചം) മുറുകിനടക്കുന്നു = (മുറുകുകയുടെ വിനയെച്ചം) നീളെ ഓടുന്നു = (നീളുകയുടെ വിനയെച്ചം) കൂടെപ്പോകുന്നു = (കൂടുകയുടെ വിനയെച്ചം)

ഈ പ്രകൃതം ഉപസംഹരിക്കുംമുൻപു് തമിഴർ ശബ്ദങ്ങളെ ഏതുവിധം വിഭജിച്ചിരിക്കുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണു്. ഭവനന്ദി ശബ്ദങ്ങൾക്കു ചെയ്തിട്ടുള്ള മഹാവിഭാഗം പകുപ്പദം, പകാപ്പദം എന്നാണു്. പകുക്കാവുന്ന പദം, അതായതു്, വിഭാജ്യം അല്ലെങ്കിൽ വ്യുത്പന്നം. "പകുപ്പദം'; പകുക്കാൻ പാടില്ലാത്തതു്, അതായതു്, അവിഭാജ്യം അല്ലെങ്കിൽ അവ്യുത്പന്നം "പകാപ്പദം'. പകാപ്പദങ്ങൾ പേർ(=നാമം), വിന(=കൃതി), ഇട (=നിപാതാവ്യയങ്ങൾ), ഉരി (=ഭേദകം) എന്നു നാലുതരമുണ്ടു്. പകുപ്പദങ്ങളെ പകുക്കുന്നതു് (വിഭാജ്യപദങ്ങളെ വിഭജിക്കുന്നത്) കുറഞ്ഞാൽ രണ്ടെണ്ണമായിട്ടും കൂടിയാൽ ആറെണ്ണമായിട്ടും ആവാം; ആറെണ്ണങ്ങളാവിത്:

1 പ്രകൃതി - ഭാഗിക്കാൻ പാടില്ലാത്ത മൂലതത്ത്വം 2 വികൃതി - പ്രത്യയം. പ്രകൃതിധർമ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം 3 ഇടനില - പ്രകൃതിക്കും വികൃതിക്കും മദ്ധേ്യ വരുന്നത് 4 ചാരിയ - ഇടനിലയ്ക്കു് അംഗമായിച്ചേരുന്നത് 5 സന്ധി - കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന വിശേഷം 6 വികാരം - ഉച്ചാരണസൗഷ്ഠവത്തിനുവേണ്ടി ചെയ്യുന്ന ഭേദഗതികൾ

"നടന്തനൻ' എന്ന ഉദാഹരണത്തിൽ,

പ്രകൃതി- നട; വികൃതി- അൻ; ഇടനില- ത്; ചാരിയ- അൻ; സന്ധി- ത്; വികാരം- തകാരത്തിനു് നകാരാദേശം.

നട+ ത്(=ന്)+ ത്+ അൻ+ അൻ.

ഇതിൽ സന്ധിക്കും വികാരത്തിനും തമ്മിൽ വലിയ അന്തരം ഇല്ലാത്തതിനാൽ രണ്ടും ഒന്നായിട്ടു വകവയ്ക്കാം; അതുപോലെ ഇടനിലയുടെ പരിവാരമാകയാൽ "ചാരിയ' എന്നു വേറെ ഒരിനം ആവശ്യമല്ല. ഇങ്ങനെ നോക്കുമ്പോൾ- പ്രകൃതി, വികൃതി അല്ലെങ്കിൽ പ്രത്യയം, ഇടനില എന്നു മൂന്നെണ്ണംകൊണ്ടു് കാര്യം സാധിക്കാം. ഇതുമൂന്നും തങ്ങളിൽ ചേരുമ്പോൾ ഉണ്ടാകുന്ന ഭേദഗതിയെല്ലാം സന്ധി; അതു് പദങ്ങളുടെ യോഗത്തിലും വരുന്നതാകയാൽ പ്രതേ്യകിച്ചെടുക്കണമെന്നില്ല. തമിഴരുടെ വിഭാഗത്തിൽ മുഖ്യമായ അസ്വാരസ്യം കാലപ്രത്യയങ്ങളെ ഇടനിലയാക്കിത്തള്ളേണ്ടിവരുന്നതാണു്. സംസ്കൃത്തിലെ വികരണപ്രത്യയങ്ങൾക്കെന്നപോലെ രൂപനിഷ്പാദനസൗകര്യം സമ്പാദിച്ചുകൊടുക്കയാണു് ഇടനിലയുടെ ശരിയായ പ്രവൃത്തി. എന്നാൽ തമിഴിൽ പുരുഷപ്രത്യയങ്ങളുടെ പ്രാധാന്യംകൊണ്ടു കാലപ്രത്യയങ്ങളെ ഇടനിലയുടെ കൂട്ടത്തിൽ ഗണിക്കേണ്ടിവരികയും ചെയ്യുന്നു. മലയാളത്തിൽ ഈ അസൗകര്യമില്ലാത്തതിനാൽ പ്രകൃതി, പ്രത്യയം, ഇടനില എന്നു മൂന്നായിട്ടേ പദങ്ങളെ വ്യാകരിക്കുന്നുള്ളു. ശബ്ദവിഭാഗത്തിലും അല്പം ചില ലക്ഷണഭേദങ്ങൾ ചെയ്തിട്ടുണ്ടു്. ഭേദകത്തിന്റെ സ്ഥാനംവഹിക്കുന്ന ഉരിച്ചൊല്ലിനു് തമിഴരുടെ ലക്ഷണം ക്ലിഷ്ടമാണെന്നുള്ളതിനുപുറമേ അവർ അതിനു് വിഷയസങ്കോചവുംകൂടി ചെയ്തിട്ടുണ്ടു്. ഈ സംഗതി ഭേദകാധികാരത്തിൽ വിസ്തരിക്കപ്പെടും. തമിഴർ ചെന്തമിഴിനാണു് വ്യാകരണം ചെയ്തിട്ടുള്ളത്; മലയാളമാകട്ടെ കൊടുന്തമിഴിൽ ഉൾപ്പെട്ടതാകയാൽ മലയാളവ്യാകരണത്തിന്റെ സമ്പ്രദായംതന്നെ തമിഴ്വ്യാകരണത്തിൽ നിന്നു ചില പ്രധാനാംശങ്ങളിൽ ഭേദപ്പെട്ടേ വരാൻ തരമുള്ളു. ഇതുകൂടാതെ തമിഴർക്കു് ഐന്ദ്രവ്യാകരണത്തിന്റെ പരിശീലനം കൊണ്ടു് സംസ്കൃതാനുകരണദോഷം ചിലെടത്തു സംഭവിച്ചിട്ടുണ്ടു്. നമുക്കു കഴിയുന്നതും ആവക ദോഷം ബാധിക്കാതെ കഴിക്കണം; പാശ്ചാത്യന്മാർ പുതുതായി പ്രവർത്തിച്ചിട്ടുള്ള ഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളെ യഥാശക്തി ഉപയോഗിക്കയും വേണം.