Jump to content

കേരളപാണിനീയം/ശബ്ദോല്പത്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

 1. മലയാളദേശവും ഭാഷയും
 2. ഘട്ടവിഭാഗം
 3. അക്ഷരമാല
 4. വർണ്ണവികാരങ്ങൾ
 1. സന്ധിവിഭാഗം
 2. ശബ്ദവിഭാഗം
 3. പ്രകൃതിപ്രത്യയങ്ങൾ
 1. ലിംഗപ്രകരണം
 2. വചനപ്രകരണം
 3. വിഭക്തിപ്രകരണം
 4. വിഭക്ത്യാഭാസപ്രകരണം
 5. കാരകപ്രകരണം
 6. തദ്ധിതപ്രകരണം
 1. കാലപ്രകരണം
 2. പ്രകാരപ്രകരണം
 3. പ്രയോഗപ്രകരണം
 4. പ്രയോജകപ്രകൃതി
 5. നാമധാതുപ്രകരണം
 6. ഖിലധാതുക്കൾ
 7. അനുപ്രയോഗം
 8. നിഷേധപ്രകരണം
 9. സമുച്ചയം
 10. അംഗക്രിയ
 11. കൃതികൃത്തുക്കൾ
 12. കാരകകൃത്തുക്കൾ
 1. വാക്യപ്രകരണം
 2. സമാസപ്രകരണം

വ്യാകരണം ഭാഷയുടെ ഉപയോഗത്തെ വ്യവസ്ഥപ്പെടുത്തുന്ന ശാസ്ത്രമാണല്ലോ.ഭാഷ എന്നാൽ മനോവൃത്തികളെ വെളിപ്പെടുത്തുവാനുള്ള ഉപായം. മനോവൃത്തികൾ പ്രപഞ്ചത്തെക്കുറിച്ചു പ്രവർത്തിക്കുന്നു. പ്രപഞ്ചം ദ്രവ്യം, ക്രിയ., ഗുണം - ഈ മൂന്നു തത്ത്വങ്ങളെക്കൊണ്ടു ചമച്ചതെന്നു സമർത്ഥിക്കാം.

ഏതെങ്കിലും ഒരു ചിത്തവൃത്തിയെ ഒറ്റതിരിച്ചു കാണിക്കുന്നതു് ഒരു വാക്യം. ഒരു വാക്യത്തെ കെടുതൽ വരാത്ത വിധത്തിൽ അഴിച്ചാൽ (അപോദ്ധരിച്ചാൽ) കയറിൽനിന്നു് ചകിരിനാരെന്നപോലെ പദങ്ങൾ കിട്ടുന്നു. അതിനാൽ ഭാഷയുടെ നാരായവേർ പദമാക്കുന്നു.

പ്രപഞ്ചം ദ്രവ്യക്രിയാഗുണാത്മകമെന്നു് മുൻപറഞ്ഞുവച്ചതിനെ കൂട്ടിച്ചേർത്തു് ആലോചിക്കുമ്പോൾ പദത്തിന്റെ പൊരുളാകേണ്ടതു് ഈ ദ്രവ്യക്രിയാഗുണങ്ങൾ മൂന്നിൽ ഒന്നാണെന്നു ബോധപ്പെടും. എന്നാൽ മുൻകാണിച്ച ദൃഷ്ടാന്തത്തിലെ ചകിരിനാരിനെ വേദാന്തികൾ പഞ്ചഭൂതാത്മകമെന്നും, രസതന്ത്രക്കാർ ചില ലോഹങ്ങളുടെയും അലോഹങ്ങളുടെയും പരിണാമമെന്നും വിഭജിക്കുംപോലെ നെരുക്തന്മാർ, ബാലന്മാർക്കു് ശബ്ദസ്വഭാവത്തിൽ വ്യുൽപ്പത്തി വരുത്താൻവേണ്ടി, പദങ്ങൾക്കും മൂലമായി പ്രകൃതി എന്നൊന്നിനെ കല്പിക്കുന്നു. ദ്രവ്യക്രിയാഗുണങ്ങൾ എന്ന അർത്ഥങ്ങളെയും ഈ പ്രകൃതികളിലാണു് സമർപ്പിക്കുന്നതു്. അതിനാൽ ദ്രവ്യം, ക്രിയ, ഗുണം, എന്ന മൂന്നു തത്ത്വങ്ങൾക്കെതിരായി ഭാഷയിൽ ക്രമേണ സത്ത്വം, ധാതു, ധർമ്മി എന്നു മൂന്നു പ്രകൃതികൾ ഉളവാക്കുന്നു. ഈ പ്രകൃതികളിൽനിന്നു് പീന്നിടു മുറയ്ക്കു നാമം, കൃതി, ഭേദകം എന്ന പദങ്ങൾ ജനിക്കുന്നു. അതിനാൽ നാമാദിപദങ്ങളുടെ ഉൽപ്പത്തി താഴെ വിവരിക്കുന്ന വംശാവലിപ്രകാരം ആകുന്നു.


പദാർത്ഥങ്ങൾക്കും പദപ്രകൃതികൾക്കും ഇങ്ങനെ പ്രത്യേകം പേരേർപ്പെടുത്തിയതു് വായനക്കാർക്കു് ഭ്രമത്തിനു് ഇടകൊടുക്കാതിരിക്കാൻവേണ്ടിയാകുന്നു. ഗ്രന്ഥാരംഭത്തിൽ ചെയ്തിട്ടുള്ള പദവിഭാഗത്തിൽ നിപാതം എന്നൊരിനംകൂടി സ്വീകരിച്ചിട്ടുള്ളതിനെ നിരുക്തദൃഷ്ട്യാ നോക്കുമ്പോൾ വകവയ്ക്കേണ്ടതില്ല. ഇവ തനിയെ നിന്നാൽ ഒരർത്ഥത്തെയും കുറിപ്പാൻ അശക്തങ്ങളാകയാൽ അവയെ പ്രത്യയങ്ങളുടെ ശേഖരത്തിൽ ഗണിപ്പാനുള്ളതേ ഉള്ളു. പ്രത്യയം പ്രകൃതിയിൽ ചേരുന്നു; നിപാതം വികൃതിയിൽ (പദത്തിൽ) ചേരുന്നു എന്നു മാത്രം ഭേദം. ഇതിനാൽത്തന്നെയാണു് ഇവയ്ക്കു് ദ്യോതകം എന്നും, നാമാദികൾക്കു് വാചകം എന്നും പേർ ലഭിച്ചതു്. സർവ്വനാമം നാമത്തിന്റെ വകഭേദം എന്നേ ഉള്ളു. അവ്യയമോ നാമാദികളിൽനിന്നു് ഉളവാകുന്നതെന്നു പ്രത്യക്ഷമാകുന്നു. അതിനാൽ പദപ്രകൃതികൾ സത്ത്വ-ധാതു-ധർമ്മികളെന്നു സ്ഥാപിച്ചതു് ശരിതന്നെ എന്നു് എളുപ്പത്തിൽ ബോധപ്പെടും. സ്വല്പം ബലാല്ക്കാരംചെയ്താൽ ഇവയിലും ധർമ്മി എന്ന മൂന്നാമിനത്തെ ധാതു എന്ന രണ്ടാമിനത്തിന്റെ ഉള്ളിൽ തള്ളിക്കയറ്റാം. ഭേദകങ്ങൾക്കു് സ്വതന്ത്രപ്രയോഗം ചുരുങ്ങിപ്പോയതും ധാതുക്കളെപ്പോലെ ഉള്ള രൂപനിഷ്പത്തിയും (ഉദാ:നലു്, നല്ല) ആണു് ഈ സാഹസത്തിൽ നമ്മെ സഹായിക്കുന്നതു്. സംസ്കൃതനിരുക്തകാരന്മാരാകട്ടെ, ഒരുപടികൂടെ മുൻപോട്ടു കടന്നു് നാമത്തെക്കൂടി ധാതുക്കളിൽനിന്നു ജനിച്ചവയെന്നു വാദിച്ചു് ധാതുവെന്ന ഇനത്തെത്തന്നെ സംസ്കൃതത്തിലെ സകല ശബ്ദങ്ങൾക്കും മൂലപ്രകൃതിയെന്നു ശാഠ്യംപിടിക്കുന്നു. എന്നാൽ ശാകടായനാദികളുടെ ഈ ശാഠ്യം ഭ്രമമൂലകമെന്നു് ശാകപൂർണ്ണി മുതൽപേർ അന്നുതന്നെ എതിർവാദവും ബലമായി പുറപ്പെടുവിച്ചിട്ടുണ്ടു്. ലൗകികവിഷയങ്ങളിൽ ഈ വിധം അദെ്വതസിദ്ധാന്തം സ്ഥാപിപ്പാൻ പുറപ്പെടുന്നതു് മഹാക്ലേശവും മുറട്ടുവാദവും ആകുന്നുവെന്നു യാസ്കനിരുക്തം, ഉണാദിസൂത്രം മുതലായ ഗ്രന്ഥങ്ങളിൽനിന്നു് നമുക്കു് സ്പഷ്ടമാക്കുന്നു. മഹാനായ പാണിനിക്കു് ഈ ദുർവ്വാദം അഭിമതല്ലായിരുന്നു എന്നതിലേക്കു് "ഉണാദയോ ബഹുലം' എന്ന സൂത്രം മുതലായി അനേകം ലക്ഷ്യങ്ങളുണ്ടു്. ഈ അപ്രകൃതം ഇങ്ങനെ ഇവിടെ നില്ക്കട്ടെ.

പ്രകൃതത്തിൽ മലയാളത്തിലെ പദങ്ങൾ ഒട്ടുക്കു സത്ത്വം, ധാതു, ധർമ്മി എന്ന ഈ മൂന്നു വേരുകളിൽനിന്നു മുളച്ചുണ്ടായവയെന്നു പ്രതിപാദിച്ചുവല്ലോ. ഇവയിൽ ഭേദകങ്ങളുടെ വേരായ ധർമ്മി എന്ന പ്രകൃതി വളരെ ചുരുങ്ങും. സത്ത്വം അതിൽ കൂടും. ധാതുക്കളാണു് എണ്ണത്തിൽ അധികം. ധാതുക്കളുടെ സ്വഭാവം കാണിക്കാൻവേണ്ടി അതുകളിൽ പ്രധാനങ്ങളായ ഏതാനും എണ്ണങ്ങളെ പരിശിഷ്ടത്തിൽ ചേർത്തിട്ടുണ്ടു്. സത്ത്വങ്ങൾക്കു് ഇവയെപ്പോലെ പ്രകൃതിഭേദംകൊണ്ടു് രൂപഭേദം ഇല്ല. ധാതുപാഠം ഇങ്ങനെ ക്രിയാപദങ്ങളുടെ നിഷ്പത്തിക്കു് ഉപപത്തിയുണ്ടാക്കണം എന്നുള്ള ഉദ്ദേശ്യത്തിൻപേരിൽ ചമച്ചിട്ടുള്ളതാകയാൽ അതിൽ എല്ലാ ധാതുക്കളുടെയും സ്വരൂപംതന്നെ നിരുക്തദൃഷ്ട്യാ അത്ര ശരിയായിരിക്കുമെന്നു് ഞാൻ ഉറപ്പുപറയുന്നില്ല. എന്നാൽ പാണിനിയുടെ മഹാപ്രസിദ്ധമായ ധാതുപാഠവും ഈ ദോഷത്താൽ അസ്പൃഷ്ടമല്ലെന്നു് സൂക്ഷ്മങ്ങളായ ശബ്ദാനുശാസനരഹസ്യങ്ങൾ ഗ്രഹിച്ചിട്ടുള്ളവർ സമ്മതിക്കുകതന്നെ ചെയ്യും.

എണ്ണത്തിൽ ചുരുങ്ങുന്നതും ധാതുവിൽ ഉൾപ്പെടുത്താവുന്നതും ആയ ധർമ്മി എന്ന ഇനത്തെ വകവയ്ക്കാതെ നോക്കുന്നപക്ഷം പ്രകൃതികൾ സത്ത്വം എന്നും, ധാതു എന്നും രണ്ടേ ഉള്ളല്ലോ. ചിലേടത്തു് ഒരു പ്രകൃതി സത്ത്വമോ ധാതുവോ എന്നു നിശ്ചയിപ്പാൻ കഴിയുന്നതല്ലെന്നു വരും. എങ്ങനെ:

1. ചൊല്: സത്ത്വം - ചൊല്ലിന്റെ പൊരുൾ, പഴഞ്ചൊല്ലു്. ധാതു - ചൊല്ലുന്നു. 2. നട: സത്ത്വം - നടയുടെ വേഗം, അന്നത്തിന്റെ നട. ധാതു - നടക്കുന്നു. 3. കളി: സത്ത്വം - കളിയുടെ രസം, പലകളികൾ ധാതു - കളിക്കുന്നു.

മൂലപ്രകൃതിയിൽ സാരം ബീജമക്ഷരമൊന്നുതാൻ; വിവർത്തനപ്രക്രിയയാ- ലതു പിന്നൂതിവീർത്തിടും.

മൂലഭൂതമായ പ്രകൃതി സത്ത്വമായാലും ധാതുവായാലും ആദ്യത്തിൽ ഏകാക്ഷരമായിരിക്കണം എന്നാണു് ഊഹം. എന്നാൽ ഇപ്പോൾ പ്രകൃതിയായി കാണുന്ന സത്ത്വങ്ങളും ധാതുക്കളും ഊതിവീർത്തു് അനേകാക്ഷരങ്ങളായിത്തീർന്നിട്ടുണ്ടു്. വീർക്കാനുള്ള കാരണം വിവർത്തനപ്രക്രിയയാകുന്നു. അതിന്റെ സ്വഭാവം അടുത്തു തന്നെ വിവരിക്കാം. ഉദാ:

സത്ത്വം: കെ, തീ, കാൽ, കൽ, നെൽ, മ, ഉൾ, നേർ ധാതു: ആ, ചീ, തൂ, തേ, പോ, അറു്, വിടു്, പുകു്, ഉണു്.

ഈ ഊഹത്തിനുള്ള അടിസ്ഥാനമെന്തെന്നു ചുരുക്കത്തിലെങ്കിലും പ്രസ്താവിക്കണമല്ലോ.

ഒന്നാമതു് - പണ്ടുണ്ടായിരുന്ന ഏകമാത്രകധാതുക്കളിൽ മിക്കതും ഇപ്പോൾ ഖിലങ്ങളായിത്തീർന്നിരിക്കുന്നു. എൻ, ഉൾ, ഇൽ, അൽ, വേ, തകു്, മികു് ഇത്യാദികൾ നോക്കുക. എൻ-എന്നു, എന്ന; ഉൾ-ഉണ്ടു്, ഉള്ളു; ഇൽ-ഇല്ല; അൽ-അല്ല; വേ-വേണ്ടും, വേണ്ടി; തക്-തക്ക; മിക്-മിക്ക ഇങ്ങനെ ഏതാനും രൂപങ്ങൾ മാത്രമേ ഇതുകൾക്കു നടപ്പുള്ളു. ഇതിൽ എൻ മുതലായ ചില ധാതുക്കൾ അവ്യയങ്ങളായിപ്പോയി; ചിലതിനു് അനുപ്രയോഗമായിട്ടേ പ്രചാരമുള്ളു; തകു്, മികു് മുതലായവയ്ക്കു മുറ്റുവിനയിൽ പ്രയോഗമേ ഇല്ല. ഖിലമാകാതെ നടപ്പിൽത്തന്നെ ഇരിപ്പുള്ളവയിൽ മിക്കതും മാത്രയോ വർണ്ണമോ അക്ഷരമോ ചേർന്നു നീണ്ടിരിക്കുന്നു. പുക്-പുക്കു്. ഇതിപ്പോൾ സ്വരം ദീർഘിച്ചു പൂകു് എന്നായിട്ടു് പൂകുന്നു. പൂകി, പൂകും, എന്ന മട്ടിൽ എല്ലാ രൂപങ്ങളിലും നടക്കുന്നു. മീതു, മീതേ, മീത്തു, മീത്തൽ എന്ന പദങ്ങളിൽ മാത്രം ശേഷിച്ചിരിക്കുന്നതും ഉപരി എന്നർത്ഥമുള്ളതുമായ മീ എന്ന പ്രകൃതിക്കു് ഇപ്പോൾ മികക്കുന്നു, മികത്തു, മികക്കും എന്നോ, മികയ്ക്കുന്നു, മികച്ചു, മികയ്ക്കും എന്നോ നീണ്ടിട്ടുള്ള വേഷത്തിലാണു പ്രചാരം. "മിഞ്ചുക' എന്ന രൂപവും ഇതിന്റെതന്നെ വേഷഭേദമായിരിക്കണമെന്നു തോന്നുന്നു. കുഴി, കുഴൽ, കുഴങ്ങുക, കുളം, കുളി, കുണ്ടൻ ഇത്യാദി പദങ്ങളെ സൂക്ഷിച്ചുനോക്കുമ്പോൾ കുൾ എന്നോ കു എന്നോ ഒരു പ്രകൃതി ഉണ്ടായിരിക്കണം എന്നും അതിന്റെ വകഭേദങ്ങളാണിതെല്ലാം എന്നും സ്പഷ്ടമാകുന്നു. ഒടുങ്ങുക എന്നതിന്റെ ക്രിയാനാമം ആയിട്ടു് നാം "ഒടുവ്' എന്നു പ്രയോഗിക്കാറുണ്ടു്. ഇതിൽ ങകാരം കാണായ്കയാൽ ആദ്യത്തിൽ ധാതു ഒടു് എന്നു മാത്രമായിരുന്നിരിക്കണം എന്നു പറയേണ്ടിവരുന്നു.

ഇതിനുംപുറമേ ഏകമാത്രകധാതുക്കൾക്കാണു് 99-ാം സൂത്രത്തിൽ വ്യത്യസ്തം പറഞ്ഞിട്ടുള്ളതു്. സൂത്രത്തിൽ കറടാന്തങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. അതിലും അടുത്ത സൂത്രത്തിലും യുക്തിപറഞ്ഞകൂട്ടത്തിൽ കകാരാന്തത്തിനു വ്യത്യസ്തംവരാൻ ഒരു സമാധാനവുമുണ്ടായില്ല. പച്-പച്ച; മിച്-മിച്ചം ഇത്യാദികൾ നോക്കുമ്പോൾ കറടാന്തങ്ങൾ മാത്രമല്ല, ചകാരാന്താദികളും ഈ വിധത്തിൽ ഉണ്ടായിരുന്നിരിക്കാം. ഈ വ്യത്യസ്തങ്ങളുടെ കൂട്ടത്തിൽ ടകാരറകാരാന്തങ്ങൾ മാത്രം ഖിലങ്ങളാകാതെ നില്ക്കുന്നുണ്ടു്. വിടു് - വിടുന്നു, വിടും; പെറ്-പെറുന്നു, പെറ്റു, പെറും ഇത്യാദി. ഇതുകൾക്കു വിശേഷവിധികൂടാതെതന്നെ സന്ധികാര്യംകൊണ്ടു് വിട്+തു= വിട്ടു, പെറ്+തു=പെ.ു് തു= പെറ്റു എന്നു സാധാരണരൂപം വരാവുന്നതുമാണു്. അതിനാൽ വ്യത്യസ്തത്തിൽ ഉൾപ്പെടാത്തതുകൊണ്ടുതന്നെ ആയിരിക്കണം അതുകൾ ഖിലങ്ങളായിപ്പോകാത്തതു് എന്നു കല്പിക്കാൻ മാർഗ്ഗം കിട്ടുന്നു.

ഈവക തെളിവുകൾ എന്തൂഹത്തിലേക്കാണു നമ്മെ നയിക്കുന്നത്? പണ്ടു് ധാതുക്കൾ ഏകമാത്രങ്ങളായിരുന്നു; ഇപ്പോൾ അവ വ്യത്യസ്തങ്ങളുടെ കൂട്ടത്തിൽ ആയിപ്പോയി.സന്ധിപ്രകരണത്തിൽ 18-ാം സൂത്രത്തിൽ "പദമില്ലൊറ്റമാത്രയിൽ' എന്നു സ്ഥാപിച്ചിട്ടുണ്ടല്ലോ. ആ യുക്തിതന്നെ കാതക്രമത്തിൽ പ്രകൃതികളിലുംകൂടി പ്രവർത്തിപ്പിച്ചിരിക്കണം.

രണ്ടാമതു് - ശുദ്ധഭേദകങ്ങളെല്ലാം പ്രകൃതിരൂപങ്ങളാണല്ലോ. അതുകളെ സമാസമായിട്ടേ ഉപയോഗിക്കാറുള്ളൂ; പിരിച്ചു പ്രയോഗിക്കയാണെങ്കിൽ അതുകൾക്കു് പേരെച്ചത്തിനുള്ള രൂപം വേണം. ഇതിൽനിന്നു് ഒരു സാമാന്യവിധി ഊഹിക്കരുതോ? ഏതുജാതി പദമായാലും സ്വതന്ത്രമായി പ്രയോഗിക്കുമ്പോൾ പ്രസ്തുതമായ പ്രകൃതി നാമമോ കൃതിയോ ഭേദകമോ ആയി പരിണമിച്ചിരിക്കുന്നു എന്നു കാണിക്കാനായിട്ടു് അതിൽ പ്രക്രിയാവിശേഷണം ചെയ്യണം. ആ പ്രക്രിയ ആയിരിക്കാം വിവർത്തനപ്രക്രിയ. മൂലഭൂതമായ പ്രകൃതി അവ്യാകൃതമാണ്; അതു നാമമോ കൃതിയോ ഭേദകമോ ആയി പരിണമിക്കണമെങ്കിൽ അതിൽ ചില വികാരങ്ങൾ വരണം. ""നാമാദിയാം വിഭാഗത്തിന്നെല്ലാമർത്ഥം നിയാമകം(സൂത്രം 33) എന്നു ശബ്ദവിഭാഗത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക. തമിഴിലെ ശബ്ദവിഭാഗത്തിൽ ചെമ്മ, ചെറുമ എന്നു മ ചേർന്നിട്ടുള്ള രൂപംതന്നെയാണു് ഉരിച്ചൊൽ (ഭേദകം) എന്നു കല്പിക്കപ്പെട്ടിരിക്കുന്നതു്. ചെങ്കനൽ, ചെറുപയറു് എന്ന സമാസത്തിലാകട്ടെ മ ലോപിച്ചു എന്നു പറയുന്നതുപോലും ശരിയല്ല; അതു തനിയേ നീങ്ങിപ്പോയിരിക്കുന്നു എന്നുവേണം പറവാൻ. ഇങ്ങനെയാണു് ഭവനന്ദിയുടെ അഭിപ്രായം. ഈ മാതിരിക്കല്പനചെയ്യാനുള്ള യുക്തിയും നമ്മുടെ സിദ്ധാന്തത്തിനനുഗുണമായിരിക്കുന്നു.

മൂന്നാമതു് - സംസ്കൃതത്തിൽ ധാതുക്കളെല്ലാം ഏകാക്ഷരങ്ങളാണു്. അതുകളെ ദ്രാവിഡത്തിൽ എടുക്കുമ്പോൾ അന്ത്യവ്യഞ്ജനത്തിൽ ഇകാരം ചേർത്തു് ദ്വ്യക്ഷരങ്ങളാക്കാറുണ്ടു്. വദ്= വദു; ഹസ്= ഹസി; പച്= പചി. സ്വന്തശബ്ദങ്ങളിലും നാമത്തെ ധാതുവാക്കുന്നതിനും, ധാതുക്കളിൽത്തന്നെ കേവലത്തെ പ്രയോജകമാക്കുന്നതിനും ഈ ഇകാരത്തെത്തന്നെ പ്രത്യയമാക്കിച്ചേർക്കുന്നു. കൽ= കല്ലിക്കുന്നു; ഒന്ന്= ഒന്നിക്കുന്നു; വിട്= വിടുവിക്കുന്നു; ക= കാണിക്കുന്നു. തെലുങ്കിലും കർണ്ണാടകത്തിലും ധാതുക്കളെല്ലാം സ്വരത്തിലവസാനിക്കണം എന്നു നിർബ്ബന്ധമായിത്തീർന്നിരിക്കുന്നു. സ്വരാന്തമായാൽ ധാതുവിനു രൂപനിഷ്പത്തിയിൽ സൗകര്യമുണ്ടാകും. അതിനാൽ ഇപ്പോൾ അനേകാക്ഷരങ്ങളായിക്കാണുന്ന ധാതുക്കളിലെ അന്ത്യസ്വരം ചിലെടത്തു് ഓരോ ഭാഷയിലും ഓരോന്നായി കാണുന്നതു് നമ്മുടെ ഊഹത്തിനു് ഉപഷ്ടംഭകവുമാണു്. തമിഴ്മലയാളം - നട; പ്രാചീനകർണ്ണാടകം - നടി; നവീനകർണ്ണാടകം - നടെ; തെലുങ്കു - നടു; സഞ്ചാരാർത്ഥകമായ നടക്കുക എന്നതിന്റെ വേഷഭേദമാണിതെല്ലാം. ഇതിൽ അന്ത്യസ്വരം വേഷവും, നടു് എന്ന ഏകാക്ഷരം ശരീരവും എന്നു തെളിയുന്നു. നാലാമതു് - നല്ലൂ, നല്ല, നലം എന്നു പലജാതിപ്പദങ്ങളിലും നൽ എന്ന അംശം തുല്യമായിക്കാണുകയാൽ ആവകപ്പദങ്ങൾക്കെല്ലാം അതു പ്രകൃതിയാണെന്നു നാം കല്പിക്കുന്നു. അതുപോലെ (1) വിടുക, വിടിരുക, വെടിയുക, വെട്ടുക, വിള്ളുക, വെടിക്ക; (2) തിരുകുക, തിരിയുക, തിരിക്കുക, തിരുമ്പുക, തെരിയുക, തിരുന്തുക; (3) വറ്റുക, വറുക്കുക, വറളുക; (4) ചൂഴുക, ചുഴിയുക, ചുഴലുക; (5) വഴുക, വഴുതുക, വഴുകുക എന്നിങ്ങനെ ഒരേ ജാതി (ധാതു)പ്പദങ്ങളിൽത്തന്നെ അല്പാല്പമായ അർത്ഥവ്യത്യാസത്തോടുകൂടെ അനേകം സംഘങ്ങൾ കാണുന്നുണ്ടു്. ഇവയുടെ അർത്ഥത്തിൽ സാമാന്യവിശേഷഭാവം സ്പഷ്ടമാണു്. ഇവ മുറയ്ക്കു് (1) വിശ്ലേഷം, (2) പ്രതിനിവർത്തനം, (3) ജലാംശത്യാഗം, (4) ഭ്രമണം, (5) സ്ഖലനം എന്നീ സാമാന്യക്രിയകളുടെ വിശേഷണങ്ങളാകുന്നു. ഈ സാമാന്യാർത്ഥം കുറിക്കുന്നഭാഗം (1) വിടു്, (2) തിരു്, (3) വറു്, (4) ചുഴു്, (5) വഴു് എന്നു് ഏകാക്ഷര പ്രകൃതികളുമാണു്. അതിനാൽ സാമാന്യമായ അർത്ഥത്തെ വിശേഷീകരിക്കാൻവേണ്ടിയും ധാതുക്കളെ നീട്ടാറുണ്ടെന്നുവരുന്നു.

രൂപനിഷ്പാദത്തിനുള്ള സൗകര്യത്തിനോ പൊതുവായി നില്ക്കുന്ന അർത്ഥത്തെ വിശേഷപ്പെടുത്താനോവേണ്ടി ഏകാക്ഷരാത്മകമായ മൂലപ്രകൃതിയിൽ ചെയ്യുന്ന വികാരങ്ങൾക്കാണു് വിവർത്തനപ്രക്രിയ എന്നുപേർചെയ്തതു്. അതിന്റെ സ്വരൂപം എന്തെന്നാൽ,

ദ്വിതം, ദെർഘ്യം, പ്രത്യയത്തിൻ യോഗവുംതാൻ വിവർത്തനം.

മൂലപ്രകൃതി വ്യഞ്ജനാന്തമാണെങ്കിൽ അതിനെ ഇരട്ടിക്ക, അതിലുള്ള ഹ്രസ്വസ്വരത്തെ നീട്ടുക, പലമാതിരി പ്രത്യയങ്ങളെ ചേർക്കുക ഇതാകുന്നു വിവർത്തനം. പ്രത്യയം എന്തെല്ലാമെന്നുവെച്ചാൽ,

പ്രത്യയം സ്വരമോ ചില്ലോ ഖരമോ ചേർച്ചപോലെയാം; ഹ്രസ്വംതാൻ സ്വരവർഗ്ഗത്തിൽ; ചില്ലോ രേഫലളങ്ങളാം; ഖരങ്ങൾ തനിയെ നില്ക്കാം സാനുനാസികമായുമാം.

സ്വരം, ചില്ലു്, ഖരം ഈ വർണ്ണങ്ങളാണു് വിവർത്തനപ്രത്യയങ്ങളായി വരുന്നതു്. അതിൽ സ്വരങ്ങളിൽ അ, ഇ, ഉ എന്ന ഹ്രസ്വങ്ങൾ മാത്രമേ കാണൂ. ചില്ലുകളിൽ ര-ല-ള എന്നും മൂന്നെണ്ണം പ്രധാനം; എന്നാൽ അതുകൾ നേരേ പ്രകൃതിയിൽ ചേരാത്തതിനാൽ ആദിയിൽ സ്വരം ചേർത്തു് അരു്, അൽ, അൾ എന്ന മട്ടിൽ വേണം. ഖരങ്ങൾ കു്, ചു്, ടു്, തു്, പു്, റു് എന്നു കേവലമായിട്ടോ ങ്കു്, ഞ്ചു്, ണ്ടു്, ന്തു്, മ്പു്, ന്റു് (=ന്ന്) എന്നു് അനുനാസികം ചേർന്നോ ആകാം. ഉദാ:

ദ്വിത്വത്തിനു് : വറു് - വറ്റുന്നു; തളു് - തള്ളുന്നു; പൊടു് - പൊട്ടുന്നു. ദീർഘത്തിനു് : മറു് - മാറുന്നു; നറു് - നാറുന്നു; പുകു് - പൂകുന്നു; തങു് - താങ്ങുന്നു. സ്വരത്തിനു്, അ: പറു് - പറക്കുന്നു; നടു് - നടക്കുന്നു; ചെം - ചെമക്കുന്നു. സ്വരത്തിനു്, ഇ: പടു് - പടിയുന്നു; തുറു് - തുറിക്കുന്നു. സ്വരത്തിനു്, ഉ: കറു് - കറുക്കുന്നു; വെളു് - വെളുക്കുന്നു. ഖരത്തിനു്, കു്: പെരു് - പെരുകുന്നു; പഴു് - പഴകുന്നു. ഖരത്തിനു്, ചു്: വീ - വീശുന്നു (?); മി - മിച്ചം. ഖരത്തിനു്, ടു്: പിശ - പിശടുന്നു: ഞെരി - ഞെരിടുന്നു ഖരത്തിനു്, തു്: പൊരു് - പൊരുതുന്നു; എഴു് - എഴുതുന്നു. ഖരത്തിനു്, പു്: അൻ - അൻപുന്നു. ഖരത്തിനു്, റു്: വിത - വിതറുന്നു; ചിത - ചിതറുന്നു; സാനുനാസികഖരത്തിനു്, ങ്കു്: ഒടു - ഒടുങ്ങുന്നു; മുട - മുടങ്ങുന്നു. സാനുനാസികഖരത്തിനു്, ഞ്ചു്: ഉറി - ഉറിഞ്ചുന്നു സാനുനാസികഖരത്തിനു്, ണ്ട്: ചുര - ചുരണ്ടുന്നു; പര - പരണ്ടുന്നു; സാനുനാസികഖരത്തിനു്, ന്ത്(ന്ന്): മുട - മുടന്തുന്നു; പൊരു - പൊരുന്തു(ന്നു). സാനുനാസികഖരത്തിനു്, മ്പു് - തുളു: തുളുമ്പുന്നു; തേ - തേമ്പുന്നു; കെടു - കെടുമ്പുന്നു.

മേൽക്കാണിച്ച ഉദാഹരണങ്ങളെല്ലാം ധാതുക്കൾ നീളുന്നതിനുള്ളതാകുന്നു; നാമഭേദകങ്ങളുടെ പ്രകൃതികൾ നീളുന്നതിനും പ്രക്രിയ ഇതുതന്നെ. നാമാദികളായിപ്പിരിയുന്നതു് കേവലം അർത്ഥത്തെ ആശ്രയിച്ചുമാത്രമേ ഉള്ളുവെന്നു ശബ്ദവിഭാഗത്തിൽത്തന്നെ ഉപന്യസിച്ചിട്ടുണ്ടു്.പ്രകൃതികളിൽ എണ്ണമധികം കൃതിജാതിയിൽ ഉൾപ്പെട്ടവയാണെന്നുമാത്രമേ വിശേഷമുള്ളു.എന്നാൽ ചിലേടത്തു രൂപനിഷ്പത്തിക്കു മുൻപു് ഒരു പ്രകൃതി ഏതുജാതിയിൽ ചേർന്നതെന്നു തീർച്ചപ്പെടുത്തുന്നതിനുതന്നെ മാർഗ്ഗമില്ല. അതിനാൽ വിവർത്തനപ്രക്രിയയ്ക്കു മുൻപു് പ്രകൃതിക്കു ജാതിഭേദം ആലോചിച്ചിട്ടേ ആവശ്യമില്ല. മുട്ട വിരിഞ്ഞു് പൂട മുളച്ചു കുട്ടി കൂവിത്തുടങ്ങിയതിനു മേലേ കാക്കയോ കുയിലോ എന്നു തിട്ടപ്പെടൂ. എങ്കിലും നാമഭേദകങ്ങളുടെ പ്രകൃതി നീളുന്നതിനും ഏതാനും ഉദാഹരണങ്ങൾ കാണിക്കാം.

നാമം ഭേദകം തൊട്ടി - തൊട്ടിൽ തുരു - തുരുമ്പു് നാൽ - നാങ്കു് തൊൾ - തൊണ്ട് നാർ - നരമ്പു് തരി - തരിമ്പു് ചെം - ചെമ്പു് കരു് - കരി, കാർ പെ - പെട കുഴ - കുഴി, കുഴൽ നൽ - നന്റി = നന്നി (നന്ദി) മൂ - മൂന്റു്, മൂന്നു

ഇനി ശബ്ദവ്യുൽപ്പത്തി ഊഹിക്കുന്നതിനുള്ള മാർഗ്ഗം കാട്ടുന്നതിനായി വിവർത്തനപ്രക്രിയ ഉളളിടത്തു് അതു ചെയ്തു മുറ്റുവിനയായിട്ടുപയോഗിക്കത്തക്ക നിലയിൽ വന്നിട്ടുളള ധാതുക്കളിൽനിന്നുത്ഭവിച്ചിട്ടുളള ഏതാനും നാമങ്ങളെ ഉദാഹരിച്ചു കാണിക്കുന്നു:

ധാതു: നാമം: അർത്ഥം:

1 വിരി വിരൽ വിരിയുന്നത്
2 പകു പകൽ ദിവസത്തെ പകുക്കുന്നത്
3 കട കടൽ കടക്കാൻ വയ്യാത്തത്
4 കുട കുടൽ കുടയുന്നത്
5 ഉരുൾ ഉരൾ ഉരുളുന്നത്
6 നിലു് നിലം നിൽക്കുന്നത്
7 നടു നാടു് നടുന്നതു് (കൃഷിയുള്ള)
8 വിൾ വിൺ വിള്ളുന്നത്
9 മിൻ മീൻ മിന്നുന്നതു് (നക്ഷത്രം)
10 വെൾ വെള്ളി വെളുത്തത്
11 കുതി കുതിര കുതിക്കുന്നത്
12 കാൺ കണ്ണു് കാണുന്നത്
13 നക്കു് നാക്കു് നക്കുന്നത്
14 ചെയു് കെയു് ചെയ്യുന്നത്
15 ഇറു ഇറുമ്പു് ഇറുക്കുന്നത്
16 കൊയു് കൊമ്പു് കൊയ്യുന്നത്
17 പായു് പാമ്പു് പായുന്നത്
18 കോതു് കൊതുമ്പു് കോതുന്നത്
19 കൊൾ കൊളമ്പു് കൊള്ളുന്നത്
20 ഇരി ഇരിമ്പു് ഇരിക്കുന്നത്
21 കൊഴു കൊഴമ്പു് കൊഴുക്കുന്നത്
22 വിൾ വിളുമ്പു് വിള്ളുന്നത്
23 കിഴു് കിഴങ്ങു് കിഴിയുന്നത്
24 തണു തണുങ്ങു് തണുക്കുന്നത്
25 തൾ തണ്ടു് തള്ളുന്നത്
26 ചുൾ ചുണ്ടു് ചുള്ളുന്നത്
27 മരു് മരുന്നു് മരുവുന്നത്
28 കൊഴു് കൊഴുന്തു് കൊഴുക്കുന്നത്
29 ഉഴു് ഊഴി ഉഴുന്നത്
30 ആഴു് ആഴി ആഴമുള്ളത്
31 കരു് കരി കറുത്തത്
32 ചൂഴു് ചുഴലി ചൂഴുന്നത്
33 ചുടു് ചുടലി ചുടുന്നത്
34 പൊലി പലിശ പൊലിയുന്നത്
35 തൾ തളിർ തള്ളുന്നത്
36 കുൾ കുളിർ കുളുർമ്മയുള്ളത്

നാമത്തിൽനിന്നു ധാതുവുണ്ടാക്കാനുള്ള സമ്പ്രദായം നാമധാതു പ്രകരണത്തിൽ വിവരിച്ചിട്ടുള്ളതു മതിയാകും.

ബാഹ്യാഭ്യന്തരഭേദത്താൽ
ശബ്ദം രണ്ടുവിധം വരും.

ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നപക്ഷം അവ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടുവിധമുണ്ടു്. മലയാളം ദ്രാവിഡകുടുംബത്തിൽ ജനിച്ച ഒരു ഭാഷയാകുന്നു; മലയാളമൊഴികെ ആ കുടുംബത്തിൽ തമിഴു്, തെലുങ്കു്, കർണ്ണാടകം, തുളു എന്നു നാലു പ്രധാന താവഴികൾ ഉണ്ടു്. ഇവയിൽനിന്നു് എടുക്കുന്നവയായോ ഇവയ്ക്കു സമമായി തനിക്കു ലഭിച്ചിട്ടുള്ള കുടുംബസ്വത്തായോ ഉള്ള ശബ്ദങ്ങൾ ആഭ്യന്തരങ്ങൾ; ദ്രാവിഡകുടുംബത്തിനു പുറമെ ഉള്ള സംസ്കൃതം. ഇംഗ്ലീഷു്, ഹിന്ദുസ്ഥാനി, പോർട്ടുഗീസു്, പരന്തിരീസു്, പറങ്കി മുതലായ ഭാഷകളിൽനിന്നു ലഭിച്ചിട്ടുള്ളവ ബാഹ്യങ്ങൾ.

സ്വന്തം സാധാരണം ദേശ്യ-
മെന്നിഹാഭ്യന്തരം ത്രിധാ.

ആഭ്യന്തരം എന്ന വിഭാഗത്തിനു് സ്വന്തം, സാധാരണം, ദേശ്യം എന്നു പിന്നീടും മൂന്നു് ഉൾപ്പിരിവുകൾ. ഇവയിൽ മറ്റു ദ്രാവിഡങ്ങളിൽ കാണാതെ മലയാളത്തിൽ മാത്രം നടപ്പുള്ള ശബ്ദങ്ങൾ സ്വന്തം; കുടുംബസ്വത്തായി എല്ലാറ്റിനും തുല്യമായുള്ളവ സാധാരണം; മലയാളത്തിൽത്തന്നെ ചില ദേശങ്ങളിൽ മാത്രം നടപ്പുള്ളവ ദേശ്യം.

ബാഹ്യം തത്ഭവമായിട്ടു
വരാം തത്സമമായുമാം.

ബാഹ്യം എന്ന വിഭാഗത്തിനും ഉൾപ്പിരിവുകൾ ഉണ്ടു്. 1. തത്ഭവം, 2. തത്സമം എന്നു്. ഒരു കുടുംബത്തിൽ ജനിച്ച ആൾ മറ്റു കുടുംബത്തിലേക്കു പോകുന്നതു് രണ്ടുവിധം വരാം. ഒന്നാമതു ദത്തായിട്ട്; രണ്ടാമതു സഖ്യവും മറ്റുംകൊണ്ടു്. ഇവയിൽ ഒന്നാമതുപോലുള്ള വിജാതീയശബ്ദങ്ങളാണു് തത്ഭവങ്ങൾ; ദത്തുപുത്രന്റെ ഗോത്രം എങ്ങനെ പൗരാണികർ മാത്രമേ അറിയുവോ അങ്ങനെ തത്ഭവത്തിന്റെ ഉൽപ്പത്തി നിരുക്തകാരനേ സ്പഷ്ടമായിരിക്കൂ. അതിൽ നിന്നു ഭവിച്ചതുതത്ഭവം, അതിനോടു സമം തത്സമം എന്നു് സംജ്ഞകളും അന്വർത്ഥങ്ങളാകുന്നു. അതിനാൽ തത്ഭവങ്ങൾക്കു പല കാരണങ്ങളാൽ വളരെ വ്യത്യാസം വന്നിരിക്കും. തത്സമം രണ്ടു ഭാഷകളിലും തുല്യരൂപമായിത്തന്നെ ഇരിക്കും. ഈ ഭേദം സംസ്കൃത്തിൽനിന്നു് എടുക്കുന്ന ശബ്ദങ്ങളിലാണു് അധികംകാണുന്നതു്. ഗാർത്തുവെറ്റുസായിപ്പു് ഈ തത്ഭവതത്സമശബ്ദങ്ങളെ ഉപയോഗിക്കുന്നതു് ഇവിടെ വിവരിച്ച താൽപര്യത്തിൽത്തന്നെ ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും നാം ഈ ശബ്ദങ്ങൾക്കു കൊടുത്തിട്ടുള്ള അർത്ഥം തെലുങ്കുവെയാകരണന്മാരുടെ അനുവാദപ്രകാരവും, ഇവയെ സൃഷ്ടിച്ച കാവ്യാദർശകർത്താവായ ദണ്ഡിയെ അനുസരിച്ചും ശബ്ദവ്യുൽപ്പത്തിയെ അവലംബിച്ചും ആകുന്നു.


ശബ്ദം


1. സ്വന്തം

1. തത്സമം 1.ആഭ്യന്തരം 2. സാധാരണം 2.ബാഹ്യം 3. ദേശ്യം 2. തത്ഭവം

ആഭ്യന്തരം

ഉദാ: സ്വന്തം: പനി (=ജ്വരം); മുണ്ടു് (=വസ്ത്രം); അണ്ടി, പോറ്റി, വേള (=കഴുത്ത്)

സാധാരണം: മഴ, മാടം, വടി; പണം (തമിഴു്, കർണ്ണാടകം) ഗഡു (ക.തു.തെ) കവടി (ത., ക., തു.) ചിപ്പി (ത, ക, തെ) ദേശ്യം: അപ്പ, താപ്പ, തൊഴുത്തു്, പൊറ്റ, കരിക്കുറ, കരിങ്കണ്ണി, കരിങ്കന്നൽ.

തത്ഭവമായിട്ടോ തത്സമനായിട്ടോ സംസ്കൃതത്തിൽ നിന്നു നാമങ്ങളെ എടുക്കുമ്പോൾ അതു് കേവലപ്രാതിപദികരൂപത്തിലോ വിഭക്ത്യന്തപദരൂപത്തിലോ വേണ്ടതെന്നു് സംശയം വരാം. അതിൽ തീർച്ചചെയ്യുന്നു:

സംസ്കൃതപ്രഥമാരൂപം
നാമപ്രകൃതി ഭാഷയിൽ.
ദീർഘാന്തം ഹ്രസ്വമാക്കേണ-
മനേകാക്ഷരമാവുകിൽ

സംസ്കൃതത്തിൽ പ്രഥമെകവചനത്തിലെ രൂപമാണു് മലയാളത്തിൽ പ്രകൃതിസ്ഥാനം വഹിക്കുന്നതു്. ഭാഷയിൽ പ്രകൃതിസ്വരൂപംതന്നെയാണു് പ്രഥമ; അതിനു പ്രത്യേകിച്ചു് പ്രത്യയവുംമറ്റും ആവശ്യമില്ല. സംസ്കൃതത്തിൽ പ്രാതിപദികരൂപവും പദവും വെവ്വേറെ ആണെങ്കിൽ അതു നമുക്കുനോക്കീട്ടു കാര്യമില്ല. ഭാഷയിലെ നടപ്പനുസരിച്ചു് പ്രഥമെകവചനരൂപത്തെ പ്രകൃതിയായി സ്വീകരിക്കണം. ദീർഘാന്തശബ്ദങ്ങൾ ഭാഷയിൽ ഏറെ നടപ്പില്ലാത്തതുകൊണ്ടു് അതുകളെ കുറുക്കണം. എന്നാൽ ഏകമാത്രകശബ്ദം അനിഷ്ടമാകയാൽ ഏകാക്ഷരപദങ്ങളെ ഹ്രസ്വമാക്കയും അരുതു്. ദീർഘം അത്യാവശ്യമെന്നു വരുന്നപക്ഷം ഭാഷാനിയമമനുസരിച്ചു് യകാരവകാരങ്ങളെ ഒടുവിൽ ചേർത്തുകൊള്ളുക. ഉദാ:

പിതൃ: പിതാ = പിതാവു്, പിതാവിനെ മധുലിഹ്: മധുലിടു് = മധുലിട്ടു്, മധുലിട്ടിനെ ഗിര്: ഗീഃ = ഗീരു്, ഗീരിനെ രാജൻ: രാജാ = രാജാവു്, രാജാവിനെ ശശിൻ: ശശീ = ശശി, ശശിയെ കർമ്മൻ: കർമ്മ = കർമ്മം, കർമ്മത്തിനെ സംസദ്: സംസതു് = സംസത്തു്, സംസത്തിനെ മഹത്: മഹാൻ = മഹാൻ, മഹാനെ വാച്: വാകു് = വാക്കു്, വാക്കിനെ ദിശ്: ദികു് = ദിക്കു്, ദിക്കിനെ ദ്വിഷ്: ദ്വിടു് = ദ്വിട്ടു്, ദ്വിട്ടിനെ വേധസ്: വേധാഃ = വേധാവു്, വേധാവിനെ വിദ്വസ്: വിദ്വാൻ = വിദ്വാൻ, വിദ്വാനെ.