കേരളപാണിനീയം/ധാത്വധികാരം/പ്രകാരപ്രകരണം
കേരളപാണിനീയം |
---|
2. പ്രകാരപ്രകരണം
[തിരുത്തുക]ധാതുവർത്ഥം കുറിക്കുന്ന പ്രകാരംതാൻ പ്രകാരമാം.
പ്രകാരം എന്നാൽ മട്ടെന്നർത്ഥം. ഒരു ധാതു തനിക്കുള്ള അർത്ഥത്തെ ഏതു മട്ടിൽ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം."നീ ഇവിടെ വാ', "അവൻ അങ്ങോട്ടു പോകട്ടെ', "എല്ലാവരും സത്യം പറയണം' ഇത്യാദി വാക്യങ്ങളിൽ "വാ', "പോകട്ടെ', "പറയണം' എന്ന രൂപങ്ങൾ കേൾക്കുമ്പോൾ വരിക, പോവുക, പറക എന്ന ക്രിയകളുടെ അർത്ഥത്തിനു പുറമേ മുറയ്ക്കു് വരുതി, നിയോഗം, ശാസന എന്നോരോ വിശേഷാർത്ഥം കൂടി തോന്നുന്നുണ്ടു്. അതിനാൽ "വാ' എന്ന രൂപം വരിക എന്ന ക്രിയയെ വരുതികൊടുക്കുന്നമട്ടിലാണു് കുറിക്കുന്നതു്. അതുപോലെ "പോകട്ടെ' എന്നതു് നിയോഗിക്കുന്ന മട്ടിലും "പറയണം' എന്നതു് ശാസിക്കുന്ന മട്ടിലും ആണു്. ഇതാകുന്നു കൃതികളുടെ രൂപങ്ങളിൽ "പ്രകാരം' എന്ന ഉപാധി.
നിയോജകം നിയോഗത്തിൽ; വിധിമട്ടിൽ വിധായകം; അനുജ്ഞാരൂപമായു് കാട്ടു- മനുജ്ഞായകമെന്നത്; നിർദ്ദേശകം കുറിക്കുന്നു ധാത്വർത്ഥം പരിശുദ്ധമായു്.
നിയോഗത്തിന്റെമട്ടിൽ ധാത്വർത്ഥത്തെ കുറിക്കുന്ന പ്രകാരം "നിയോജകം'; വിധി എന്നു പറയുന്ന ശാസനയുടെ മട്ടിലുള്ളതു് "വിധായകം'; അനുജ്ഞ എന്നു പറയുന്ന സമ്മതത്തിന്റെ മട്ടിലുള്ളതു് "അനുജ്ഞായകം' ഇൗ വക വിശേഷവിധി ഒന്നും കൂടാതെ ധാത്വർത്ഥത്തെ തനിയെ കാട്ടുന്നതു് "നിർദ്ദേശകം'; ഇങ്ങനെ പ്രകാരം നാലു വിധം.
ഇനി ഇൗ പ്രകാരങ്ങളെ ഉണ്ടാക്കാനുള്ള മാർഗ്ഗം പറയുന്നു:
അട്ടേ നിയോജകത്തിങ്കൽ; അണമെന്നു വിധായകേ; ആമനുജ്ഞായകത്തിന്നും; പ്രത്യയം ഭാവിരൂപജം.
നിയോജകപ്രകാരത്തിനു് "അട്ടേ', വിധായകത്തിനു് "അണം', അനുജ്ഞായകത്തിനു് "ആം' എന്നു് ഒാരോന്നിനും പ്രത്യയങ്ങൾ. ഇൗ പ്രത്യയം മൂന്നും വേറെ ചില ധാതുക്കളുടെ ഭാവിരൂപം തന്നെ ദുഷിച്ചുണ്ടായതാണെന്നു് ഉത്ഭവം പറഞ്ഞിരിക്കുന്നു. ആ ഭാഗം പിന്നീടു വിസ്തരിക്കാം. നിർദ്ദേശകപ്രകാരത്തിനു് അർത്ഥവിശേഷം ഇല്ലാത്തതിനാൽ രൂപവിശേഷവും ഇല്ല; മുൻചൊന്ന കാലരൂപങ്ങൾ തന്നെ നിർദ്ദേശകപ്രകാരം. ഉദാ:
നിർദ്ദേശകം: ബാലന്മാർ കുളിക്കുന്നു: രാമൻ രാവണനെ കൊന്നു; കല്ക്കി അവതരിക്കും. നിയോജകം: പറ- പറയട്ടെ; കളി- കളിക്കട്ടെ; ഇളക്- ഇളകട്ടെ; വര്- വരട്ടെ. വിധായകം : പറ- പറയണം, കളി- കളിക്കണം, ഇളക്- ഇളകണം, വരു് - വരണം. അനുജ്ഞായകം: പറ- പറയാം, കളി- കളിക്കാം, ഇളക്- ഇളകാം, വര്- വരാം.
നിയോജകപ്രകാരത്തിനു മാത്രം പുരുഷവചനഭേദം കൂടിയുണ്ടു്. "അട്ടേ' എന്നു പറഞ്ഞ പ്രത്യയം പ്രഥമോത്തമപുരുഷന്മാർക്കു മാത്രമാണ്; അവിടെ വചനഭേദവുമില്ല. അവൻ പോകട്ടെ, അവർ പോകട്ടെ, ഞാൻ പോകട്ടെ, ഞങ്ങൾ പോകട്ടെ എന്നു രൂപം ഒന്നു തന്നെ. മധ്യമപൂരുഷനിൽ മാത്രം വിശേഷം- അതാവിത്: ധാതുരൂപംതന്നെ ഏകവചനമാകും. ബഹുവചനത്തിനു് ധാതുവിൽത്തന്നെയോ അല്ലെങ്കിൽ ഭാവിരൂപത്തിലോ "ഇൻ' എന്നു പ്രത്യയം ചേർക്കണം. ഇൗ സംഗതിയെ സൂത്രത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
നിയോജകപ്രകാരത്തിൽ ധാതുതാൻ മധ്യമെകമാം; ഇൻ പ്രത്യയം ബഹുത്വത്തിൽ; ഭാവി ചേർന്നിട്ടുമാമിതു.
ഉദാ: അവൻ പോക്- പോകട്ടെ അവൾ അവർ കേൾ- കേൾക്കട്ടെ ഞാൻ ഞങ്ങൾ നീ- പോക്- പോ കേൾ- കേൾക്ക് നിങ്ങൾ പോക്- പോകിൻ, പോകുവിൻ, പോവിൻ കേൾ- കേൾക്കിൻ, കേൾപ്പിൻ, കേൾക്കുവിൻ
ഭാവികാല സ്പർശമുള്ളിടത്തു് "ക്ക്' ഇനു, പകരം "പ്പ്ു' ആകാമെന്നു പറഞ്ഞിട്ടുള്ളതും നോക്കുക. ധാതുരൂപംതന്നെ മധ്യമെകവചനം എന്നു പറഞ്ഞതിൽ ധാതുവിനു് അംഗസംസ്കാരം ചെയ്തിട്ടും ചെയ്യാതെയും പ്രയോഗമാകാം. കേൾ എന്നു ശുദ്ധമായ ധാതുരൂപം; കേൾക്കു് എന്നു് അംഗപ്രത്യയം ചെയ്ത രൂപം.
പ്രകാരപ്രത്യയമെല്ലാം ഭാവിരൂപത്തിൽ നിന്നുണ്ടായതാണെന്നു പറഞ്ഞുവല്ലോ; അതെങ്ങനെ എന്നു വിചാരണചെയ്യാം. യോജിക്ക എന്നർത്ഥമായ ഒട്ടുക- ധാതുവിന്റെ ശീലഭാവിരൂപം ഒട്ടും എന്നു്. പോക, വര, ഇരിക്ക, നില്ക്ക ഇത്യാദിപോലെ ധാതുവിൽ "അ' എന്നു പ്രത്യയം ചേർത്താൽ നടുവിനയെച്ചരൂപമുണ്ടാകും; അതു് ക്രിയാപദംപോലെയും നാമംപോലെയും പ്രയോഗിക്കയുമാകാം. നാമമാകുമ്പോൾ "പോവുക' എന്ന ക്രിയ എന്നാണു് അതിനർത്ഥവും. ഇതെല്ലാം വിനയെച്ചപ്രകരണത്തിൽ വിസ്തരിക്കും. ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേർത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടെന്നു് വർത്തമാനകാലത്തിന്റെ ഉൽപത്തി വിചാരണയിൽ പ്രസ്താവിച്ചിട്ടുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേർക്കുമ്പോൾ ആദ്യത്തെ ധാതുവിനു് പ്രാക്പ്രയോഗം എന്നും രണ്ടാമത്തേതിനു് അനുപ്രയോഗം എന്നും പേരുകൾ. ഏതു ധാതുവിന്റെയും നടുവിനയെച്ചത്തോടുചേർത്തു് "ഒട്ടും" എന്ന ഭാവിരൂപം അനുപ്രയോഗിച്ചാൽ നിയോജകപ്രകാരം ഉണ്ടാകും. ചെയ്യ+ഒട്ടും= (അകാരം ലോപിച്ചിട്ട്) ചെയ്യൊട്ടും. ഇൗ രൂപം നാടോടിത്തമിഴിൽ ധാരാളമുണ്ടു്. മലയാളത്തിൽ ഇൗ രൂപം "ഏ' എന്നു നിപാതം കൂടിച്ചേർന്നിട്ടു്, ആദ്യം "ചെയ്യൊട്ടുമേ' എന്നും പിന്നീടു ക്രമേണ ദുഷിച്ചു് "ചെയ്യട്ടെ' എന്നുമായിത്തീർന്നു. "ഒട്ടുക'യുടെ ഒകാരം അകാരമായതു ഭ്രമംകൊണ്ടായിരിക്കാം; "ട്ടുമേ' "ട്ടേ'("ട്ടെ' എന്നും) എന്നായതു് സങ്കോചം കൊണ്ടാണു്.
വിധായകത്തിൽ "വേണും' എന്ന ശീലഭാവിയാണു് അനുപ്രയോഗം. വേണ്ടുന്നു, വേണ്ടി, വേണ്ടും എന്നു ടകാരം ചേർന്നാണു് വേണ്ടുക എന്ന ധാതുവിന്റെ രൂപങ്ങൾ. അതിൽ വേണ്ടും എന്നു ശീലഭാവിയെ ടകാരം കളഞ്ഞു "വേണും' എന്നും, പിന്നീടു് ഉകാരത്തെ അകാരമാക്കിയിട്ടു് "വേണം' എന്നും അതിനുശേഷം ആദിയിലേ വകാരം ലോപിപ്പിച്ചു് "ഏണം' എന്നും പിന്നെ ഹ്രസ്വം ചെയ്തു് "എണം' എന്നും, വന്നതിനുമേൽ എകാരത്തെ ഭ്രമംമൂലം അകാരമാക്കിത്തീർത്താണു് "അണം' എന്ന വിധായകപ്രത്യയം ഉണ്ടാക്കിയതു്. നിയോജകത്തിനു പറഞ്ഞതുപോലെ "അ' എന്ന നടുവിനയെച്ചം തന്നെ ഇതിലും പ്രാക്പ്രയോഗധാതുവിന്റെ രൂപം. വിധായകത്തിന്റെ ഉൽപത്തി ഇപ്രകാരമാണെന്നതിലേക്കു് കവികൾ ചെയ്യേണം. ചെയ്യവേണം എന്ന പഴയ രൂപങ്ങൾ പ്രയോഗിക്കുന്നതും തമിഴിൽ "ചെയ്യവേണ്ടും' എന്നു മൂലഭൂതമായ രൂപംതന്നെ ഉപയോഗിച്ചു വരുന്നതും ലക്ഷ്യങ്ങളാകുന്നു. വേണ്ടുക= ആവശ്യപ്പെടുക; ചെയ്യണം= ചെയ്യുക ആവശ്യമാകുന്നു എന്നു് അർത്ഥയോജന.
അനുജ്ഞായകത്തിൽ ഇതുപോലെ ആവുക ധാതുവിന്റെ ശീലഭാവി അനുപ്രയോഗമായിത്തീർന്നു; "ആകും' (കു ലോപിച്ചിട്ട്) ആം എന്നായി. ചെയ്യാം= ചെയ്യ ആം= ചെയ്യ ആകും= ചെയ്യുക സമ്മതിക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം. തമിഴിൽ നടുവിനയെച്ചത്തിൽനിന്നല്ല, പോകലാം, വരലാം എന്നും മറ്റും ക്രിയാനാമത്തിൽ നിന്നാണു് അനുപ്രയോഗം അധികം പതിവു് എന്നു മാത്രം ഭേദമുണ്ടു്.
ഇങ്ങനെ നിയോജകം, വിധായകം, അനുജ്ഞായകം എന്നു പ്രകാരം മൂന്നെണ്ണം പറഞ്ഞതിൽ നിയോജകത്തിനു് പുരുഷവചനഭേദംകൂടെയുണ്ടെന്നു് ഒരു വിശേഷം കാണിച്ചുവല്ലോ. വേറെയും അതിനു വിശേഷങ്ങൾ ഉണ്ടു്.
പിരിച്ചിട്ടും പ്രയോഗിക്കാം വിധ്യനുജ്ഞാർത്ഥകങ്ങളെ.
വിധായകാനുജ്ഞായകങ്ങളിൽ അനുപ്രയോഗധാതുവിനെ പ്രാക്പ്രയോഗധാതുവിൽനിന്നു വേർതിരിച്ചു സ്വതന്ത്രമായിട്ടും പ്രയോഗിക്കാം. നിയോജകത്തിൽ അതു പതിവില്ല. പോകവേണം, പോക ആം എന്നു പ്രയോഗിക്കാം; പോക ഒട്ടും എന്നു പ്രയോഗിച്ചുകൂടാ. നിയോജകംപോലെ മറ്റു രണ്ടു പ്രകാരങ്ങളും ഗാഢമായിട്ടു് ഭാഷയിൽ വേരൂന്നിക്കഴിഞ്ഞിട്ടില്ല. പ്രകൃതിയോടു ചേരുമ്പോൾ മാത്രം അർത്ഥം ഉണ്ടായിരിക്കയും പിരിഞ്ഞാൽ അർത്ഥമില്ലാതിരിക്കയും ചെയ്യുന്ന അക്ഷരങ്ങളെ ആണു് പ്രത്യയം എന്നു പറയുന്നതു്. ഇപ്പോൾ നാം പ്രത്യയമായിട്ടു കാണുന്ന പലതും ആദ്യകാലത്തു് സ്വതന്ത്രപദങ്ങളായിരുന്നിരിക്കണം; കാലക്രമണ തേഞ്ഞു് സ്വതന്ത്രപ്രയോഗം ഇല്ലാതായിട്ടു് അവ പ്രത്യയത്തിന്റെ നിലയിൽ വന്നു പരിണമിക്കയാണു ചെയ്തിട്ടുള്ളതു്. ഇക്കൂട്ടത്തിൽ വിധായകാനുജ്ഞായകങ്ങൾ ചെയ്യവേണം, ചെയ്യ ആം എന്നു ചിലപ്പോൾ സ്വതന്ത്രമായി നില്ക്കയും, ചിലപ്പോൾ ചെയ്യണം, ചെയ്യാം എന്ന പ്രത്യയാന്തമായ ഒറ്റ രൂപമായി പ്രചരിക്കയും ചെയ്യുന്നു. ഇനി ഒരു കാലത്തു് പിരിച്ചുള്ള പ്രയോഗം ഇല്ലാതായിട്ടു് ഇതുകളും നിയോജകംപോലെ മുറ്റി ഉറച്ച പ്രത്യയാന്തങ്ങളായിട്ടു തന്നെ തീർന്നേക്കാം. ഇന്നും പിരിച്ചു പ്രയോഗിക്ക കവികളേ ചെയ്യാറുള്ളു. ഇൗ വക അവ്യവസ്ഥകളെ കരുതിയാണു് മലയാളം ഇപ്പോൾ സംശ്ലിഷ്ടകക്ഷ്യയുടെയും വെകൃതകക്ഷ്യയുടെയും പടിവാതിലിൽ വർത്തിക്കുന്നു എന്നു പറഞ്ഞതു്.
അനുപ്രയോഗധാത്വർത്ഥം വേർതിരിച്ചു നിറുത്തുകിൽ നിഗീർണ്ണകർത്തൃകം രൂപം വിധ്യനുജ്ഞകൾ രണ്ടിലും.
അനുപ്രയോഗധാതുവിനെ പ്രയോഗിക്കുന്നതു് പിരിച്ചായാലും ശരി, ചേർത്തായാലും ശരി, അനുപ്രയോഗധാതുവിന്റെ അർത്ഥം പ്രാക്പ്രയോഗധാതുവിന്റെ അർത്ഥത്തിൽ ചേർന്നു ലയിച്ചു രണ്ടുംകൂടി വിധിയുടെ മട്ടിലോ അനുജ്ഞയുടെ മട്ടിലോ പ്രകാശിക്കുന്ന ക്രിയ ആയിട്ടു തോന്നാതെ സ്വതന്ത്രങ്ങളായ രണ്ടു സംഗതികളായി തോന്നുന്നപക്ഷം വിധായകാനുജ്ഞായകങ്ങൾ "നിഗീർണ്ണകർത്തൃകം' എന്നു പറയുന്ന ക്രിയാപദമായിത്തീരും." നിഗീർണ്ണകർത്തൃകം' എന്നാൽ കർത്താവിനെ നിഗിരണം (=ഉള്ളടക്കം) ചെയ്ത ക്രിയാപദം എന്നർത്ഥം മുൻപുതന്നെ പറഞ്ഞിട്ടുണ്ടു്. കുഭകർണ്ണനു് ഉറങ്ങണം, എന്തും ചെയ്യാം മഹതാം ഇത്യാദി പ്രയോഗങ്ങളിൽ സാധാണദൃഷ്ട്യാ ഒരു കർത്താവും കാണുന്നില്ല. ഉറങ്ങുകവേണം, ചെയ്ക ആകാം എന്നു കർത്താവുകൂടി ക്രിയാപദത്തിൽ ഉൾപ്പെട്ടുപോകുന്നു. അതിനാൽ ക്രിയ നിഗീർണ്ണകർത്തൃകം ആണെന്നു പറയുന്നു. ബാലന്മാർക്കു് കളിക്കണം എന്നു പറഞ്ഞാൽ ബാലന്മാർക്കു കളിക്കുന്നതിൽ പ്രിയം ഉണ്ടു് എന്നാണർത്ഥം. ബാലന്മാർ കളിക്കണം എന്നായാൽ ബാലന്മാരെ കളിക്കാൻ പ്രരിപ്പിച്ചു നിർബന്ധിക്കുന്നു എന്നായിപ്പോകും അർത്ഥം. ഇതുപോലെ തന്നെ എനിക്കറിയാം, ഞാൻ അറിയാം എന്നുള്ള പ്രയോഗങ്ങളിലും അർത്ഥത്തിനു വ്യത്യാസമുണ്ടു്. അതിനാൽ വിധായകാനുജ്ഞായകങ്ങളെ സാധാരണയായി പ്രയോഗിക്കുമ്പോഴും, നിഗീർണ്ണകർത്തൃകമായി പ്രയോഗിക്കുമ്പോഴും അർത്ഥത്തിനു ഭേദമുണ്ടു്. നിഗീർണ്ണകർത്തൃകമാകുമ്പോൾ അന്വയത്തെ സംബന്ധിച്ചിടത്തോളം അനുപ്രയോഗത്തിന്റെ അർത്ഥം പ്രാക്പ്രയോഗത്തിൽ നിന്നു വേർപിരിഞ്ഞുതന്നെ നില്ക്കും. കർത്താവു കൂടാതെ ഒരു ക്രിയയും നടക്കുകയില്ലെന്നാണു് ആര്യഭാഷാവ്യാകരണത്തിൽ പ്രവേശമുള്ളവർ വിചാരിക്കുക. എന്നാൽ കർത്താവിന്റെ യത്നം (അല്ലെങ്കിൽ വ്യാപാരം) ഒന്നും കൂടാതെ ചില ക്രിയകൾ നടക്കും എന്നു് അല്പം ആലോചിച്ചാൽ നമുക്കു് ബോധപ്പെടും. വിശക്കുക, ദാഹിക്കുക, വേദനിക്കുക മുതലായ ക്രിയകൾ കർത്തൃവ്യാപാരം കൊണ്ടു് നിഷ്പന്നങ്ങളാണോ? വിശക്കാൻ വേണ്ടി നാം എത്ര ശ്രമിച്ചാലും അതു് സ്വയം ഉദിക്കുന്നതല്ലാതെ അതിനെ പ്രരിപ്പിക്കാൻ സാധിക്കുന്നതല്ല. ഇതുപോലെ തോന്നുക, രസിക, ബോധിക്കുക, അറയ്ക്കുക, കിട്ടുക മുതലായ പലേ ക്രിയകളും കർത്തൃ വ്യാപാരത്തെ അപേക്ഷിക്കാതെ സ്വയം അനുഭവഗോചരങ്ങളായിത്തീരുന്നു. ഇൗ വക ക്രിയകളിൽ പലതും നിഗീർണ്ണകർത്തൃകമായി വരും.
"എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ട്; അവനു് ഉണ്ടാൽ ഉറങ്ങണം, ഉറങ്ങിയാൽ ഉണ്ണണം' ഇത്യാദി വാക്യങ്ങളിൽ ക്രിയകളെല്ലാം നിഗീർണ്ണകർത്തൃകങ്ങളാകുന്നു. "എനിക്കു ശിഷ്യനെ കിട്ടീട്ടുണ്ട്' എന്നതു് മറ്റൊരു ഭാഷയിലും കാണാത്ത ഒരു വിലക്ഷണശെലിയാണ്: "ഉണ്ടാൽ ഉറങ്ങണം' എന്നതിൽ "ഉറങ്ങുക' എന്ന കർത്താവിനെ ക്രിയ നിഗിരണം ചെയ്തിരിക്കുന്നു; "എനിക്കു വിശക്കുന്നു' ഇത്യാദികൾ സംസ്കൃതത്തിലെ ഭാവേ പ്രയോഗത്തിനു് ഏകദേശം തുല്യമായിരിക്കും.
പ്രകാരം എന്ന ഒരിനം തമിഴ്വെയാകരണന്മാർ സ്വീകരിച്ചിട്ടില്ല. "പോകവേണ്ടും', "പോകൽ ആം, "പോകൽ ആം', പോക ഒട്ടും' എന്ന പ്രകാരാർത്ഥകപ്രയോഗമെല്ലാം വേണ്ടും, ആകും, ഒട്ടും എന്ന അതാതു ധാതുക്കളുടെ സ്പഷ്ടമായ ഭാവിരൂപമാകയാൽ തമിഴിൽ "പ്രകാരം' എന്നൊരു ഉപാധിയെ സ്വീകരിക്കേണ്ട ആവശ്യമേ വരുന്നില്ല. മലയാളത്തിലാകട്ടെ, പോകണം, പോകാം, പോകട്ടെ എന്നു് ഇൗ രൂപങ്ങൾ പ്രാക്പ്രയോഗ ധാതുവിൽ ചേർന്നു് അതിന്റെ ഒരു രൂപവിശേഷമായിത്തീർന്നതുകൊണ്ടാണു് പ്രകാരം എന്നൊരിനത്തെ പ്രതേ്യകം കല്പിക്കേണ്ടി വന്നതു്. എന്നാൽ മലയാളത്തിലും പോകവേണം എന്നു വേർപിരിച്ചു് കവികൾ പ്രയോഗിക്കാറുണ്ടല്ലോ. അപ്പോൾ പ്രകാരം ഒരു പുതിയ ഇനം ആവുകയില്ല എന്നും പറവാൻ പാടില്ല. പിരിച്ചു പ്രയോഗിക്കുമ്പോഴും പ്രാക്പ്രയോഗവും അനുപ്രയോഗവും സമാസിച്ചു തന്നെയാണിരിക്കുന്നത്; പോക ഞാൻ വേണം എന്നോ മറ്റോ രണ്ടിന്റെയും മധേ്യ മറ്റൊരു പദം പ്രയോഗിക്കാൻ പാടില്ല. അതുകൊണ്ടു് മലയാളത്തിൽ പ്രകാരത്തെ ധാതുക്കളുടെ രൂപഭേദോപാധികളിൽ ഒന്നായി സ്വീകരിക്കയേ നിർവ്വാഹമുള്ളു. "അവനുടയ പടജ്ജനം ച ഘോരം "ഇത്യാദികളിൽ "ഉടയ' എന്നതു് ഒരു പേരെച്ചമാണെന്നു് സ്പഷ്ടമാണെങ്കിലും അതിനെ സംബന്ധികാവിഭക്തിയുടെ പ്രത്യയമായിട്ടല്ലയോ വെച്ചിരിക്കുന്നത്? അതുപോലെ പ്രകാരങ്ങളിലെ അനുപ്രയോഗങ്ങൾ ആദികാലത്തു് അതാതു ധാതുക്കളുടെ ഭാവിരൂപങ്ങളായിരുന്നെങ്കിലും ഇപ്പോൾ അവ പ്രത്യയസ്ഥാനം തന്നെ വഹിക്കുന്നു. നിയോജകമധ്യമപുരുഷൻമാത്രം ശരിയായപ്രകാരം തന്നെ മതി എന്നേ ഉള്ളു. അതുകൊണ്ടു് തമിഴരും ഇതിനെ ഗ്രഹിച്ചിട്ടുണ്ടു്. അതിനു് അവർ "ഏവൽ' (നിയോഗം) എന്നുപേരും കൊടുത്തിരിക്കുന്നു. ഇതിനുപുറമേ വിയംകോൾ എന്നൊരു പ്രകാരംകൂടി തമിഴ്വ്യാകരണത്തിലുണ്ടു്. അതിന്റെ സ്വഭാവം നടുവിനയെച്ചത്തെ ആശിസ്സർത്ഥത്തിൽ ഉപയോഗിക്കയാകുന്നു. അതിനെ വേണമെങ്കിൽ ആശാസകം എന്നൊരു പ്രകാരമാക്കാം. അതിനെപ്പറ്റി മേലിൽ പ്രസ്താവിക്കാം.
പ്രകാരാർത്ഥത്തെ വേറെ വിധത്തിലും ഉണ്ടാക്കാം. അതിന്റെ മാർഗ്ഗം കാണിക്കുന്നു:
ആലും ചേർന്നുള്ള ഭൂതാന്ത- മവധാരകഭാവിയും നിയോജകപ്രകാരത്തിൻ- മധ്യമത്തിനു തുല്യമാം.
ഭൂതരൂപത്തിൽ ആലും എന്നു ചേർത്തു പ്രയോഗിച്ചാൽ അതു് നിയോജകമധ്യമപുരുഷന്റെ ഫലം ചെയ്യും. ആദരവോടു പറയുന്നിടത്തും കവിതകളിലും മാത്രമേ ഇതിനു് ഉപയോഗമുള്ളു. അതുപോലെതന്നെ ഉൗ എന്ന അവധാരകഭാവിയേയും നിയോഗത്തിനു പകരം ഉപയോഗിക്കാം. ഇതു് മധ്യമത്തിൽ മാത്രമല്ല, പ്രഥമപുരുഷനിലും കാണാറുണ്ടു്. ഉദാ:
""മധുരമൊഴി ശാരികേ! വന്നാലും നീ! ""കേട്ടാലുമിത്തരുണി മേനകയെന്ന വാനോർ- മട്ടോലുമുക്തിമണി തള്ളിയ പിള്ളയത്ര. ""കൂട്ടേണം, കളവൂ പിന്നേ ശേഷം വാങ്ങൂ ഭവേതു് സുഖാത്
ആവൂ ചേർന്നാൽ ഭൂതരൂപ- മാംശസാർത്ഥം കുറിച്ചിടും.
ഭൂതകാലത്തിൽ "ആവൂ' എന്ന അവധാരകഭാവിരൂപം ചേർത്താൽ ആശംസ അർത്ഥം ജനിക്കും. ഉദാ:
അവനെ മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവു- കൃ.ഗാ. മുല ഞാനണച്ചാവൂ- ദമയ.നാ. ചേവടി രണ്ടുമെൻ മൗലിയിൽ ചേർത്തുതാവൂ- കൃ.ഗാ.
ആശിസ്സർത്ഥത്തിനു നടു- വിനയെച്ചം സ്വയം മതി.
നടുവിനയെച്ചത്തെത്തന്നെ ആഖ്യാതത്തിന്റെ സ്ഥാനത്തു പ്രയോഗിച്ചാൽ ആശിസ്സർത്ഥമുണ്ടാകും. ഇതിനു് "ആശാസകപ്രകാരം' എന്നു നാമകരണം ചെയ്യാം. മുൻപ്രസ്താവിച്ചതുപോലെ ഇതു് തമിഴിലുള്ളതാണ്; തമിഴ്വ്യാകരണത്തിൽ ഇതിനു് "വിയംകോൾ' എന്നു പേർ. ഉദാ:
""ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാർത്ഥം. ""ആരേ്യ! വേഷം ധരിച്ചു കഴിഞ്ഞാൽ ഇങ്ങോട്ടു വരികതന്നെ