കേരളപാണിനീയം/ധാത്വധികാരം/പ്രയോഗപ്രകരണം
കേരളപാണിനീയം |
---|
അഴകു്, പൊക്കം, മിടുക്കു് മുതലായ ഗുണങ്ങൾ ഒരികികലും വേർപിരിയാതെ താൻതാങ്ങളുടെ അവലംബമായ ഗുണിയെ എങ്ങനെ ആശ്രയിച്ചു നില്ക്കുന്നുവോ അങ്ങനെ ഉണ്ണുക, ഉറങ്ങുക, ഇരിക്കുക മുതലായ ക്രിയകളും തങ്ങളുടെ ആശ്രയങ്ങളായ കാരകങ്ങളിൽ തങ്ങിനില്ക്കുന്നു. അനേകം ഗുണങ്ങളുള്ളവനായ ഒരുവനെ നാം സുന്ദരൻ, നെട്ടൻ, മിടുക്കൻ എന്നു വ്യവഹരിക്കുമ്പോൾ അവനിലുള്ള മറ്റു ഗുണങ്ങളെ ഗൗനിക്കാതെ പ്രകൃതഗുണങ്ങൾക്കു മാത്രം പ്രധാന്യം കല്പിക്കുന്നതുപോലെ ക്രിയയെ പ്രയോഗിക്കുമ്പോൾ അതിന്റെ ആശ്രയങ്ങളായ കാരകങ്ങളിൽ ഒന്നിനു മാത്രം ഇതരാപേക്ഷയാ പ്രധാന്യം വിവക്ഷിക്കപ്പെടുന്നു. കാരകങ്ങളിലൊക്കെയുംവെച്ചു് പ്രധാനി കർത്താവാകയാൽ അക്കാരകമാണു് പ്രായേണ മുന്നിട്ടു വരുന്നതു്. മറ്റു കാരകങ്ങളെയും പ്രധാനമായി വിവക്ഷിക്കുന്നതിനു് വിരോധം ഇല്ല. ഉദാ:
കുതിര ഒാടുന്നു- കർത്തൃപ്രധാനം. ശാകുന്തളം കാളിദാസനാൽ നിർമ്മിക്കപ്പെട്ടു- കർമ്മപ്രധാനം. ഇൗപേന നല്ലവണ്ണം എഴുതും- കരണപ്രധാനം. ഉരുളി ഇടങ്ങഴി അരി വയ്ക്കും- അധികരണപ്രധാനം.
ഒരു ധാതുവിനെ ഉപയോഗിക്കുമ്പോൾ ഏതു കാരകത്തിനു പ്രധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തിൽ ആ ധാതുവിനു പ്രയോഗം എന്നു് വെയാകരണന്മാർ വ്യവഹരിക്കുന്നു. ഇങ്ങനെ കർത്തരിപ്രയോഗം, കർമ്മണി പ്രയോഗം, കരണേപ്രയോഗം ഇത്യാദി സംജ്ഞകൾ കാക. ഇൗവിധം കാരകം ഉള്ളിടത്തോളവും പ്രയോഗവും വരാം. എങ്കിലും സാധാരണമായി കർത്തരിപ്രയോഗത്തെയും കർമ്മ-ണി-പ്ര-യോ-ഗ-ത്തെയും മാത്രമേ സ്വീകരിച്ചിട്ടുള്ളു. അതിലേക്കു് കാരണമെന്തന്നാൽ- ഇവയിൽ കർമ്മണിപ്രയോഗത്തിൽ മാത്രമേ ധാതുവിനു് രൂപഭേദം വരുന്നുള്ളു. കരണേപ്രയോഗം മുതലായതു് വളരെ അപൂർവ്വമാണ്; ഉള്ളവയ്ക്കു് കർത്തരിപ്രയോഗത്തെക്കാൾ രൂപത്തിൽ ഒരു വിശേഷവും ഇല്ലതാനും. അത്രതന്നെയുമല്ല- കരണേ പ്രയോഗാദിയിൽ കരണാദികൾക്കു് കർത്തൃത്വം വിവക്ഷിച്ചിരിക്കയാണെന്നു് പറഞ്ഞുനില്ക്കുകയും ചെയ്യാം. എന്നുവേണ്ട, കർമ്മണി പ്രയോഗത്തിൽത്തന്നെയും കർമ്മത്തെ കർത്താവാക്കുകയാണെന്നും, അതിനാൽ ഭാഷയിൽ കർത്തരിപ്രയോഗം ഒന്നേ ആവശ്യപ്പെടുന്നുള്ളു എന്നും കാരകപ്രകരണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്; എങ്കിലും രൂപവ്യവസ്ഥചെയ്യുന്നതിൽ കർത്തരിപ്രയോഗം, കർമ്മണിപ്രയോഗം എന്നു രണ്ടുവിധങ്ങളെ സ്വീകരിച്ചേ തീരു എന്നു് അവിടെയും പ്രസ്താവിച്ചിട്ടുണ്ടു്.
ഇതു രണ്ടും കഴിച്ചു് ഭാവേപ്രയോഗം എന്നു മൂന്നാമതൊന്നിനെക്കൂടി സ്വീകരിക്കാം; എന്നാൽ അതു് സംസ്കൃതരീതിയിൽനിന്നു വളരെ വ്യത്യസ്തമാണു്. കാരങ്ങളിലൊന്നിനും വിശേഷാൽ പ്രാധാന്യം കല്പിക്കാതെ സാക്ഷാൽ ക്രിയയെ, അതാവിതു്, ഭാവത്തെത്തന്നെ പ്രധാനമാക്കി ഉപയോഗിക്കുന്നതു് ഭാവേപ്രയോഗം.
ഉദാ: "എനിക്കു വിശക്കുന്നു, ദാഹിക്കുന്നു; കായം മണക്കുന്നു; ഇൗശ്വരൻ ഉണ്ട്; രാമസ്വാമിക്കു നിധി കിട്ടി; കുംഭകർണ്ണനു് ഉറങ്ങണം.
രൂപത്തിൽ തട്ടുന്നതായ അർത്ഥഭേദമേ വ്യാകരണത്തിനു സാക്ഷാദ്വിഷയമാകൂ എന്ന അഭിപ്രായത്തിൻപേരിൽ ഇൗവക വിശേഷങ്ങളെ വെയാകരണൻ ഗൗനിക്കാറില്ല. രൂപത്തെ സ്പർശിക്കുന്ന കർമ്മണിപ്രയോഗത്തെ മാത്രം നിർദ്ദേശിക്കുന്നു:
അകാരമാത്രകനടു- വിനയെച്ചത്തിനപ്പുറം പ്രയോഗിപ്പൂ പെടുക-യെ; അതു കർമ്മണിരൂപമാം.
അ എന്നു മാത്രമായിട്ടുള്ള നടുവിനയെച്ച പ്രത്യയം ചേർത്തുണ്ടാക്കിയ ധാതുരൂപത്തിൽ പെടു് എന്ന ധാതുവിനെ അനുപ്രയോഗിച്ചാൽ കർമ്മണി പ്രയോഗം ഉളവാകും. ഉദാ:
പറ- പറയപ്പെടുന്നു, പറയപ്പെട്ടു, പറയപ്പെടണം ഇത്യാദി. കാ- കാണപ്പെടുന്നു. ചെയ്-ചെയ്യപ്പെടുന്നു. ഇട്- ഇടപ്പെടുന്നു.
കർമ്മണിപ്രയോഗം ഭാഷാശെലിക്കു ചേർന്നതല്ല; അതിനാൽ വെചിത്ര്യത്തിനും സന്ദേഹനിവാരണത്തിനും മറ്റും മാത്രമേ അതിനെ ഉപയോഗിക്കാവൂ. കർമ്മണിപ്രയോഗം ശോഭിക്കുന്നതു് ഇന്നയിന്ന ദിക്കിൽ എന്നു് "സാഹിത്യസാഹ്യ'ത്തിൽ തീർച്ചപ്പെടുത്തിയിട്ടുള്ളതും നോക്കുക.