Jump to content

കേരളപാണിനീയം/ആകാംക്ഷാധികാരം/വാക്യപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

1. വാക്യപ്രകരണം

[തിരുത്തുക]

പിതൃപുത്രാദിസംബന്ധംപോലെ ക്രിയയ്ക്കു് കാരകങ്ങളോടു്, കാരകങ്ങൾക്കു് ക്രിയയോടു്, വിശേഷ്യത്തിനു് വിശേഷണത്തോടു്, വിശേഷണത്തിനു്, വിശേഷ്യത്തോടു്, ഗതിക്കു് വിഭക്തിയോടു്, വിഭക്തിക്കു് ഗതിയോടു് ഇത്യാദിയായ ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ബന്ധത്തിനു് ആകാംക്ഷ എന്നുപേർ. ആകാംക്ഷയ്ക്കെല്ലാം പൂർത്തി വരുന്നവിധത്തിൽ ചേർത്തു് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണു് വാക്യം. വാക്യത്തിനു് ആഖ്യ, ആഖ്യാതം എന്നു രണ്ടു ദളം കല്പിക്കാം. അനേകങ്ങളും നാനാജാതികളും ആയുള്ള പദങ്ങളെക്കൊണ്ടു കെട്ടിച്ചമച്ചിട്ടുള്ള ഒരു വാക്യത്തെ അഴിച്ചുനോക്കിയാൽ സർവ്വാധാരമായിട്ടു രണ്ടു ഭാഗം കാണും: (1) നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ ആ വസ്തു. ഇങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്നുളളതിലേക്കു നമുക്കു തർക്കമില്ല. ഇതു സിദ്ധംതന്നെ എന്നു സ്വീകരിച്ചുംകൊണ്ടു് അതിന്റെ ഉപരിവിചാരണചെയ്യുന്നതിലാണു് വക്താവിന്റെ ഉദ്ദേശ്യം. അങ്ങനെ വിചാരണചെയ്യാൻ വേണ്ടി സിദ്ധവൽക്കരിക്കപ്പെട്ടതായ അതിനെ വക്താവു് അനുവദിക്കുന്നു (എടുത്തുകാണിക്കുന്നു). (2) ആ വസ്തുവിനെപ്പറ്റി നാം എന്തു സംസാരിക്കുന്നുവോ ആ സംഗതി. ഇൗ സംഗതിയാണു് വക്താവിനു് വാക്യപ്രയോഗദ്വാരാ സാധിക്കേണ്ടതു്. വക്താവു് ഇതുകൊണ്ടു്, ശ്രാതാവിനു് വാസ്തവത്തിൽ അജ്ഞാതപൂർവ്വമോ അവ്വണ്ണമെന്നു കല്പിക്കപ്പെട്ടതോ ആയ ഒരു സംഗതിയുടെ സംബന്ധം ആ വസ്തുവിൽ കുറിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന രണ്ടു ഭാഗങ്ങളിൽ ആദ്യത്തേതു് ആഖ്യ; രണ്ടാമത്തേതു് ആഖ്യാതം. ഇവയുടെ യോഗം വാക്യവുമാകുന്നു.

ഉദാ: (1) വിവാഹംകഴിഞ്ഞു നഗരത്തിലേക്കു മടങ്ങിവന്ന രാമൻ. (2) അച്ഛന്റെ നിയോഗത്താൽ വനവാസത്തിനു പോയി

ഇവിടെ രാമനെപ്പറ്റിയാണു നാം സംസാരിക്കുന്നത്; അങ്ങനെ ഒരാൾ ഉണ്ടെന്നു സിദ്ധവൽക്കരിച്ചിട്ടു് " വനവാസത്തിനു പോയി' എന്നുള്ള അയാൾ ചെയ്ത പ്രവ്യത്തിയെക്കുറിക്കുന്നതിനു് ഇൗ വാക്യം പ്രയോഗിക്കുന്നു. ഇൗ സംഗതി ശ്രാതാവിനു് അജ്ഞാതപൂർവ്വമെന്നു കല്പിച്ചിട്ടു് അതിനെ രാമകൃതമായിട്ടു വിധിക്കുന്നു. അതിനാൽ ഇൗ വാക്യത്തിൽ (1) എന്നടയാളമിട്ട ഭാഗം ആഖ്യയും (2) എന്നടയാളമിട്ട ഭാഗം ആഖ്യാതവുമെന്നു സ്ഫുടമാകുന്നു.

ഇങ്ങനെ വാക്യങ്ങളെ അഴിച്ചു പ്രാധാന ഭാഗങ്ങളാക്കി പിരിക്കുന്ന ക്രിയയ്ക്കു് "അപോദ്ധാരം' എന്നു വെയാകരണന്മാർ വ്യവഹരിക്കുന്നു. ആഖ്യ എന്നും ആഖ്യാതം എന്നും ഉള്ള ഇൗ വിഭാഗം തർക്കശാസ്ത്രരീത്യാ ചെയ്തിട്ടുള്ളതാകുന്നു. ഇതിനെ ഇനി വ്യാകരണവ്യവഹാരത്തോടു യോജിപ്പിക്കാം.

നാമമോ, സർവ്വനാമമോ, നാമവാക്യമോ, ആഖ്യയായി വരാം; മുറ്റുവിനതന്നെയാണു് ആഖ്യാതം. നടുവിനയെച്ചം ആഖ്യയായിട്ടും ആഖ്യാതമായിട്ടും വരാം. വിനയെച്ചപ്രകരണം നോക്കുക.

ആന കരിമ്പു തിന്നുന്നു; നീ അതിനെ ഒാടിച്ചുകളക. വ്യാജം പറക ശരിയല്ല; ആ ശീലമരുതു്.

എന്നുദാഹരണങ്ങൾ. ഇൗ സംഗതികളെ സൂത്രംകൊണ്ടു സംക്ഷേപിക്കാം:

അന്യോന്യാപേക്ഷയാകാംക്ഷ;
സാകാംക്ഷപദസഞ്ചയം
ഏകാർത്ഥബോധകം വാക്യ-
മാഖ്യാഖ്യാതദളാന്വിതം.
ആഖ്യ സിദ്ധാനുവാദാംശം;
സാദ്ധ്യവിധ്യംശമന്യവും.

ഇത്രയുംകൊണ്ടു് കർത്താവും ക്രിയാപദവും ചേർന്നതു് വാക്യം എന്നർത്ഥം തോന്നിയേക്കാം.അപ്പോൾ വാക്യങ്ങൾ നീണ്ടുനീണ്ടുവരുന്നതെങ്ങനെ എന്നു വച്ചാൽ:

ആഖ്യാതത്തിനുമാഖ്യയ്ക്കും
യഥായോഗം പരിച്ഛദം.

ആഖ്യയ്ക്കും ആഖ്യാതത്തിനും ചേർച്ചപോലെ പരിച്ഛദങ്ങൾ ചെയ്യാം. പരിച്ഛദമെന്നാൽ പരിവാരമെന്നർത്ഥം. കർത്തൃക്രിയകൾക്കു് പ്രതേ്യകം വിശേഷണങ്ങൾ ആ വിശേഷണങ്ങളിൽ അന്വയിക്കുന്ന മറ്റു പദങ്ങൾ ഇത്യാതി ക്രമേണ പരിച്ഛദങ്ങൾ യഥേഷ്ടം നീണ്ടുവരാം. മുൻ കാണിച്ച ഉദാഹരണങ്ങളിൽ "മടങ്ങി വന്ന' എന്ന പേരച്ചം "രാമൻ' എന്ന ആഖ്യയുടെ വിശേഷണം."വിവാഹം കഴിഞ്ഞ്' എന്ന വിനയെച്ചവും "നഗരത്തിലേക്കു' എന്ന വിഭക്ത്യാഭാസവും അതിൽ അന്വയിക്കുന്നു. അതിനാൽ "വിവാഹം കഴി......വന്ന' എന്ന ഭാഗം ഇവിടെ കർത്തൃപരിച്ഛദവും, അതിന്മണ്ണം "അച്ഛന്റെ......വാസത്തിനു' ഇത്രയുമംശം ക്രിയാപരിച്ഛദവുമാകുന്നു. ഇങ്ങനെ വിശേഷണങ്ങളെല്ലാം ഒന്നിച്ചുകൂട്ടിയതിനു തന്നെ പരിച്ഛദമെന്നു പേർ.

അപ്പോൾ, കർത്താവും കർത്താവിന്റെ പരിച്ഛദങ്ങളും കൂടിച്ചേർന്ന ഭാഗമാണു് ആഖ്യ; ക്രിയാപദവും അതിന്റെ പരിച്ഛദങ്ങളും ചേർന്നതു് ആഖ്യാതം.

പേരെച്ചവും വിനയെച്ചവും മുറയ്ക്കു നാമത്തിന്റെയും ക്രിയയുടെയും വിശേഷണങ്ങളാണെന്നു് അതുകളുടെ സംജ്ഞകൾതന്നെ വെളിപ്പെടുത്തുന്നു. കാരകങ്ങളെ കുറിക്കുന്ന വിഭക്തികളെല്ലാം ക്രിയാവിശേഷണങ്ങളാണ്; സംബന്ധിക മാത്രം നാമവിശേഷണം. പേരച്ചം വിശേഷണവാക്യത്തിലേ ക്രിയാപദമാകയാൽ കർത്താവായും കർമ്മമായും മറ്റും വരുന്ന നാമങ്ങളെ വിശേഷിപ്പിക്കുന്നതിനു പേരച്ചങ്ങളെ ഉപയോഗിക്കുമ്പോൾ അതിൽ ഒാരേന്നിനും വെവ്വേറെ പുതിയ കർത്തൃകർമ്മാദികൾ ചേർന്നു വാക്യം വളരെ നീണ്ടുവരാം. ഇതിനുപുറമെ ഒറ്റപ്പദത്തിനുപകരം വാക്യങ്ങളെ കർത്തൃകർമ്മാദികളായിട്ടുപയോഗിക്കാം. ഒാരോരോ ക്രിയകൾക്കു് ഒാരോരോ കാരകമായിരിക്കും പ്രധാനം-സകർമ്മകത്തിനു് കർമ്മം; ഇരിക്ക മുതലായതിനു് അദികരണം: ചേരുക ഇത്യാദിപോലുള്ളതിനു് സാക്ഷി ഇത്യാദി, ഏതിനു് ഏതിന്റെ ആകാംക്ഷയോ ആ ക്രിയയ്ക്കു് ആ കാരകം ചേർന്നാൽ ആകാംക്ഷ ശമിക്കും; മറ്റു കാരകങ്ങൾ വേണമെങ്കിൽ ചേർക്കാമെന്നേ ഉള്ളു. ഇക്കൂട്ടത്തിൽ "ആവുക' എന്ന ക്രിയ്ക്കു് എല്ലാ ക്രിയയ്ക്കും വേണ്ടുന്ന കർത്താവൊഴികെ പ്രതേ്യകിച്ചു് ഇന്ന കാരകത്തിന്റെ ആണു് ആകാംക്ഷ എന്നില്ല. അതിനാൽ, ആവുകയുടെ പരിച്ഛദമായിട്ടു് എല്ലാ കാരകവും എല്ലാ വിഭക്തിയും കാണും. ചിലെടത്തു് കർത്താവു് ഒരു വാക്യമാണെങ്കിൽ ആ വാക്യത്തിലേ ക്രിയപദത്തിന്റെ കാരകമായിരിക്കും ആവുകയുടെ ആകാംക്ഷാപൂരകമായിക്കാണുന്നതു്. ആവുക എന്ന ക്രിയ അദെ്വതികളുടെ പരബ്രഹ്മംപോലെ നിരുപാധികമാണ്; അതിനു് ഏതെങ്കിലും ഉപാധികൾ ചേർന്നാലേ പൂർത്തിവരികയുള്ളു. ഉപാധി ഏതും ചേരുകയും ചെയ്യും.

ഉദാ: സിംഹം മൃഗമാകുന്നു - വിധേയം കർത്താ - നിർദ്ദേശിക. ദമയന്തി വരിച്ചതു നളനെ ആണു്, ഇന്ദ്രാദികളെ അല്ല - കർത്താവായ വാക്യത്തിലെ ക്രിയയുടെ കർമ്മം. ചോദിച്ചതു് നിന്നോടാകുന്നു - ക്രിയയുടെ സാക്ഷി. ശ്രമം എനിക്കാകുന്നു - ഉദ്ദേശ്യം തണുപ്പു് മഴയാലാകുന്നു - ഹേതു. ഗൃഹം രാമന്റെ ആകുന്നു - സംബന്ധം. നായാട്ടു് കാട്ടിലാകുന്നു - അധികരണം

ആവുകയുടെ വർത്തമാനകാലമായ ആകുന്നു - വിനെ (മ) ആണു് എന്നു് ഇഷ്ടം പോലെ ചുരുക്കാറുണ്ടു്. ചിലപ്പോൾ അതിന്റെ സ്ഥാനത്തു് (യ) അത്ര, (ര) തന്നെ എന്ന പദങ്ങളെയും ഉപയോഗിക്കാറുണ്ടു്. മറ്റുചില ദിക്കുകളിൽ വർത്തമാനകാലത്തെ മാത്രമല്ല, (റ) എല്ലാ രൂപങ്ങളേയും ഉപേക്ഷിച്ചു കാണും. ഉദാ:

(മ) എന്റെ വാക്കു് സത്യമാണ് (യ) പരസ്വമത്ര കുലകന്യകാജനം. (ര) അതു് ശരിതന്നെ. (റ) ഇതെന്തൊരാശ്ചര്യം!

നിഷേധമാർഗ്ഗത്തിൽ അല്ല എന്നതു് ആകുന്നില്ല എന്നതിനും, ഇല്ല എന്നതു് ഉണ്ടാകുന്നില്ല എന്നതിനും തുല്യമാകുന്നു.

പദക്രമം

കർത്താ, കർമ്മം, ക്രിയ - ഇതേ
വാക്യത്തുങ്കൽ പദക്രമം;
ഇതു മാറ്റി പ്രധാനത്തെ
മുന്നിലാക്കാം വിവക്ഷപോൽ.

ആദ്യം കർത്താവു്, പിന്നീടു് കർമ്മമുണ്ടെങ്കിൽ അതു്, ഒടുവിൽ ക്രിയാപദം എന്നാണു വാക്യത്തിൽ പദങ്ങളെ അടുക്കുന്നതിനു് പൊതുവേ ഏർപ്പെട്ടിട്ടുള്ള ക്രമം. എന്നാൽ ഇൗ ക്രമം ഭേദപ്പെടുത്തുന്നതിനു് വിരോധമില്ല. ഏതിനു പ്രാധാന്യം വിവക്ഷിക്കുന്നുവോ അതിനെ പുരസ്കരിക്കാം. ഉദാ:

"വന്നൂ ശരത്സമയമംബുദമൊന്നകന്നു' - കൃ.ച.
"നിന്നോടുകൂടീട്ടു പോരുന്നു ഞാനും' - ഇരുപത്തിനാലുവൃത്തം.
"കണ്ടേൻ ഞാൻ സീതയെ'
"ദംഭോദ്രിക്തമതേ! മദോത്കട! തൊടുന്നാകിൽ വിടാ നിന്നെ ഞാൻ'- മ.ശാ.

വിശേഷണവിശേഷ്യങ്ങൾ
മുൻപിൻപായിട്ടു നില്ക്കണം.

വിശേഷണം ഏതുമാതിരിയിരുന്നാലും താൻ വിശേഷിപ്പിക്കുന്ന വിശേഷ്യത്തിന്റെ മുൻപിൽ നില്ക്കണമെന്നാണു് സമ്പ്രദായസിദ്ധമായപതിവു്. ഉദാ:

കറുത്ത പശു; സുന്ദരനായ രാമൻ; പുലിയുടെ തുകല്; വേഗം നടക്കുന്നു; ഏറ്റം സമർത്ഥൻ - ഇത്യാദി.

ഗതിതാൻ താൻ വിളക്കുന്ന
വിഭക്തിക്കു പരം വരും.

ഗതി ഏതു വിഭക്തിയുടെ അർത്ഥത്തെ പ്രകാശിപ്പിക്കുന്നുവോ ആ വിഭക്തിക്കടുത്തു പിന്നാലെതന്നെ പ്രയോഗിക്കണം. ഉദാ:

കെകൊണ്ടടിക്കുന്നു; മാളികയിൽനിന്നു വീഴുന്നു.

എന്നാൽ വിഭക്തി ഗതിയോടു ചേർന്നു സമാസിക്കുന്നില്ല; പദം രണ്ടും വേറെ തന്നെ. അതിനാൽ ഒരേ വിഭക്തിയിലുള്ള അനേകം പദങ്ങൾക്കു് ഒരേ ഗതിതന്നെ ചേർക്കേണ്ടിവരുന്ന സ്ഥലങ്ങളിൽ വിഭക്തികളെ "ഉം' കൊണ്ടു സമുച്ചയിച്ചിട്ടു് ആവശ്യപ്പെട്ട ഗതിയെ ഒടുവിൽ ചേർക്കാം. ഉദാ:

എന്നെയും നിന്നെയും കുറിച്ച്; കാറ്റും മഴയും കൊണ്ടു്.

പൊരുത്തം

കർത്തൃക്രിയാപദങ്ങൾക്കു
പൊരുത്തം ലുപ്തമായിപോൽ.

കർത്താവിനും ക്രിയാപദമായ മുറ്റുവിനയ്ക്കും ലിംഗപുരുഷവചനങ്ങളിൽ പൊരുത്തം ആചരിക്കുന്നതു് മറ്റു ദ്രാവിഡങ്ങളിലെല്ലാം ഇന്നും ചെയ്തുവരുന്നതിനാൽ മലയാളത്തിൽ ലുപ്തപ്രചാരമായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു. നടപ്പില്ലാതെവരാനുള്ള കാരണങ്ങൾ ഇതിനു മുൻപുതന്നെ വിസ്തരിച്ചുകഴിഞ്ഞു.

വിശേഷണവിശേഷ്യങ്ങൾ
ലിംഗത്തിൽ വചനത്തിലും,
പൊരുന്തണം സമാനാധി-
കരണാന്വയമാവുകിൽ.

വിഭാവകഭേദകത്തിനു മാത്രമേ ലിംഗവചനങ്ങൾക്കു പ്രസക്തിയുള്ളു; അതു് സമാനാധികരണമായിട്ടു് ഒരു നാമത്തെ വിശേഷിപ്പിമ്പോൾ ലിംഗത്തിലും വചനത്തിലും നാമത്തോടു യോജിക്കണം. ഉദാ:

വയസ്സൻ ബ്രാഹ്മണൻ., ഒരു കിഴവി സ്ത്രീ, മിടുക്കരായ മക്കൾ.

ഒടുവിലെ ഉദാഹരണത്തിലെപ്പോലെ സമാനാധികരണസംബന്ധം കാണിക്കുന്നതിനു് ആയ എന്ന ആവുകയുടെ പേരെച്ചത്തെ അവ്യയമായിട്ടുപയോഗിക്കേണ്ടതാണു്. ആകുന്ന എന്ന വർത്തമാനപേരെച്ചം അഭേദസംബന്ധം കുറിക്കുന്നു. ഇതുപയോഗിക്കുമ്പോൾ പൊരുത്തനിർബന്ധമില്ല. ഉദാ: മുഖമാകുന്ന ചന്ദ്രൻ. സംസ്കൃതത്തിൽ വിശേഷണങ്ങൾക്കു് വിഭക്തിപ്പൊരുത്തംകൂടി വേണമെന്നുണ്ടു്. "സുന്ദരസ്യ രാമസ്യ; നീലാന്യുത്പലാനി'. ഇതു കണ്ടു ഭ്രമിച്ചു് മണിപ്രവാളകവികൾ അടുത്ത കാലത്തും,

"നേർച്ചകളും മമ വിഫലാനി' - നള.ച.

"ഉരു ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ' -മ.ശാ.

എന്ന മട്ടിൽ വിഭക്തിപ്പൊരുത്തം പ്രയോഗിച്ചിട്ടുണ്ടു്. എന്നാൽ ശുദ്ധമലയാളത്തിന്റെ പോക്കു് ലിംഗവചനങ്ങളിൽക്കൂടി പൊരുത്തം അത്യാവശ്യപ്പെട്ടാലേ ചെയ്യേണ്ടുവെന്നാണു്.

നപുംസകത്തിൽ വചന-
പ്പൊരുത്തം ചെയ്വതിച്ഛപോൽ.

നപുംസകവിശേഷണങ്ങളിൽ വചനപ്പൊരുത്തം ചെയ്യണമെന്നു നിർബന്ധമില്ല. ഉദാ:

തക്കതായ കാരണങ്ങൾ -- തക്കവയായ എന്നു വേണ്ട. അന്യായമായ പ്രവൃത്തികൾ -- അന്യായങ്ങളായ എന്നു വേണ്ട.

നപുംസകബഹുവചനത്തിൽ ഘടകങ്ങളായ വസ്തുക്കളിൽ ഒാരോന്നിനെയും പ്രതേ്യകിച്ചു ഗണിക്കാറില്ല; ആകെക്കൂടെ ഒരു സമൂഹം എന്നേ ഗണിക്കാറുള്ളു; വ്യക്തിപ്രാധാന്യം പുംസ്ത്രീബഹുവചനങ്ങളിൽ മാത്രമേ വകവയ്ക്കേണ്ടൂ.

രണ്ടു കുതിരകെട്ടിയ വണ്ടിയിൽ നാലു ഭടന്മാർ കയറിവന്നു.

എന്നല്ലേ നാം പറയാറുള്ളത്? ഇൗ വ്യക്തിപ്രാധാന്യാഭാവംതന്നെയാണു് നപുംസകത്തിൽ വിശേഷണങ്ങൾക്കു വചനപ്പൊരുത്തം വേണമെന്നില്ലെന്നു പറയുന്നതിനും യുക്തി. ഇത്രമാത്രമല്ല,

അർത്ഥംതാൻ പ്രത്യയത്തേക്കാൾ
വചനത്തിൻ നിയാമകം.

വചനം നിശ്ചയിക്കുന്നതു് വചനപ്രത്യയം നോക്കീട്ടല്ല, നാമത്തിന്റെ അർത്ഥം നോക്കിയിട്ടാണു്. നാമം ഒരു സമൂഹത്തെ കുറിക്കുന്നതായാൽ അതു് ബഹുവചനപ്രത്യയംകൂടാതെതന്നെ ബഹുത്വം കാണിക്കും. അതു പോലെ ബഹുവചനപ്രത്യയമിരുന്നാലും വ്യക്തിവിവക്ഷയില്ലാഞ്ഞാൽ നാമം ഏകവചനത്തിന്റെ ഫലമേ ചെയ്കയുള്ളു. ഉദാ:

വീരരായ പടജ്ജനത്തിനു നൂറു രൂപ സംഭാവന കിട്ടി; അതുകൊണ്ടു് അവർ സന്തോഷിക്കയും ചെയ്തു.

സംസ്കൃതത്തിൽ,

വീരസ്യ ഭടജനസ്യ ശതം രൂപികാഃ സംഭാവനാ ലബ്ധാ; തയാ സ പരിതുഷ്ടശ്ച.

എന്നു ശബ്ദപ്രകാരം ലിംഗവും വചനവും ചെയ്യണം. വേറെ ഉദാഹരണങ്ങൾ:

രണ്ടു പരിഷയും സന്നദ്ധരായാർ - മ.ഭാ. നാരീജനം മിക്കതും പരവശമാർ - മ.ഭാ. സെന്യം തിരിച്ചു മണ്ടിനാർ - മ.ഭാ. ദുഷ്ടരാം ശത്രുക്കൂട്ടം - കേ.രാ.

ലിംഗം സംസ്കൃതനാമങ്ങൾ-
ക്കിഹ ഭാഷാനുരൂപമാം;
എന്നാൽ സ്ത്രീലിംഗമാത്രത്തിൽ
സംസ്കൃതത്തിൻ വ്യവസ്ഥയെ
മണിപ്രവാളകവികൾ
ഭക്ത്യാ മാനിച്ചിരുന്നുതേ
.

സംസ്കൃതശബ്ദങ്ങളെ മലയാളത്തിൽ എടുത്തു പ്രയോഗിക്കുമ്പോൾ ആ ശബ്ദങ്ങൾക്കു് ആ ഭാഷയിലുള്ള ലിംഗനിയമത്തെ ഗൗനിക്കേണ്ടതില്ല; എന്തുകൊണ്ടെന്നാൽ സംസ്കൃതത്തിൽ ഭാഷയ്ക്കു നേരെ വിപരീതമായിട്ടു നാമങ്ങളുടെ ലിംഗം അർത്ഥാനുസാരിയാകുന്നില്ല. ഒരു പ്രയോജനവുംകൂടാതെ കൃത്രിമമായിട്ടു് അലിംഗങ്ങൾക്കുകൂടിയും ഇന്നതെല്ലാം സ്ത്രീ, ഇന്നതെല്ലാം പുരുഷൻ എന്നൊരേർപ്പാടുചെയ്തിട്ടുണ്ടു്. സംസ്കൃത്തിൽനിന്നു ശബ്ദങ്ങളെ കടംവാങ്ങാൻപോകുന്ന മലയാളി, അവയെ സ്ത്രീവേഷമോ പുരുഷവേഷമോ കെട്ടിക്ക പതിവു് എന്നുകൂടി ധരിച്ചിട്ടുവേണം തന്റെ ആവശ്യത്തിനുപയോഗിപ്പാൻ എന്നൊരു നിർബന്ധം ചെയ്തിട്ടു ഫലമില്ലല്ലോ. അതിനാൽ ശബ്ദം സംസ്കൃതമായാലും ഭാഷയിൽ പ്രയോഗിക്കുന്ന സമയം അതിനു ഭാഷാനുരൂപമായ ലിംഗം മതി. ഉദാ:

ഉന്നതമായ വൃക്ഷം = ഉന്നതോ വൃക്ഷഃ മധുരമായ വാക്കു് = മധുരാ വാകു്.

എന്നാൽ, സ്ത്രീലിംഗത്തിൽ മാത്രം, മണിപ്രവാളത്തിനു പ്രാധാന്യമിരുന്ന കാലംവരെ ഒരു ജഡഭക്തിനിമിത്തം അനുഷ്ഠിച്ചുവന്നു. ഉദാ:

മധുരയായ വാക്കു് ശോചനീയയായ അവസ്ഥ സരസയായ കഥ മനോഹരയായ കൃതി മഹതിയായ ആപത്തു് പുണ്യയായ നദി

ഇങ്ങനെ ലിംഗവ്യവസ്ഥ സ്വീകരിക്കുന്നവരും സർവ്വനാമങ്ങളെക്കൊണ്ടു് പരാമർശിക്കുന്നസമയം അവർ എന്നു സ്ത്രീലിംഗം ഒരിക്കലും പ്രയോഗിക്കുമാറില്ല. അതിനാൽ ഇവർക്കും സംസ്കൃതവ്യവസ്ഥയെ സർവ്വഥാ അനുകരിക്കണമെന്ന നിർബ്ബന്ധമില്ലെന്നു സ്പഷ്ടമാകുന്നു. അവരുടെ അപേക്ഷ ഇത്രത്തോളമിരിക്കാം-സംസ്കൃതത്തിലെ അകാരാന്തപദങ്ങളെ ഭാഷയിലെടുക്കുമ്പോൾ പുല്ലിംഗമോ നപുംസകലിംഗമോ ആക്കുന്നതിനു് ഏതെങ്കിലും (അൻ,അം) ഒരു പ്രത്യയം ചേർക്കേണ്ടിയശ്രമമുണ്ടു്. സ്ത്രീലിംഗത്തിന്റെ പ്രത്യയം അ എന്നുതന്നെ ആകയാൽ യഥാസ്ഥിതം പ്രയോഗിച്ചേച്ചാൽ മതി. അതിനാൽ മൂക്കു മുറിച്ചും ശകുനം പിഴപ്പിക്കുന്ന രീതിക്കു് നപുംസകപ്രത്യയം സംസ്കൃതവിദ്വാന്മാർക്കു് കർണ്ണകഠോരമായ ഒരു പ്രയോഗം എന്തിനുണ്ടാക്കിത്തീർക്കുന്നു എന്നുള്ള ഉദാസീനതയാണു് ഇതിലേക്കു് കാരണമെന്നു തോന്നുന്നു.

കാവ്യചമത്കാരത്തിനുവേണ്ടി ജഡങ്ങളിലും ചേതനധർമ്മം ആരോപിക്കുന്ന ദിക്കുകളിൽ യുക്തംപോലെ നപുംസകങ്ങളെയും സ്ത്രീലിംഗമോ പുല്ലിംഗമോ ആക്കുക ധാരാളം പതിവുണ്ടു്. അങ്ങനെ ചെയ്യുമ്പോൾ സംസ്കൃതത്തിന്റെ ഏർപ്പാടു തന്നെയാണു് സ്വീകരിക്കുന്നതും ആരോപത്തിൽ "അം' എന്ന നപുംസകത്തിൽ "ആൻ'ചേർത്തു് നാഗത്താൻ, വാനരത്താൻ, വണ്ടത്താൻ എന്ന മട്ടിൽ പുല്ലിംഗരൂപം ഉണ്ടാക്കാം. അതു യോജിക്കാത്തിടങ്ങളിൽ "തെന്നലിവൻ' എന്ന മട്ടിൽ സർവ്വനാമരൂപംചേർത്തു് ലിംഗപ്രതീതി വരുത്താം.

കൂകീടിനാർ മാന്തളീർ തിന്നു നന്നായ്- ത്തെളിഞ്ഞ കണ്ഠത്തൊടു കോകിലങ്ങൾ- കു.സം. (മധുശ്രീ) മിനുക്കിനാൾ മാന്തളിരാകുമോഷ്ഠം- കു.സം.

എന്നും മറ്റുംപോലെ ആഖ്യാതത്തിനു ലിംഗവചനങ്ങൾ കൊടുത്തിട്ടു് ആരോപം സ്പഷ്ടമാക്കാം.

നാമത്തെ വേറെ നാമത്താൽ
വിവരിക്കുമിടങ്ങളിൽ
വിഭക്തി രണ്ടാംനാമത്തിൽ
വേണം; ചേർക്കാമിരണ്ടിലും.

ഒരു നാമത്തെ മറ്റൊരു നാമംകൊണ്ടു വിവരിക്കുന്ന സ്ഥലങ്ങളിൽ രണ്ടാമത്തെ നാമത്തിനാണു് വിഭക്തിപ്രത്യയം വേണ്ടത്; രണ്ടിലും ചേർക്കുന്നതിനു വിരോധമില്ല. വിവരിക്കുന്ന നാമം (1) "എല്ലാം' എന്ന സർവ്വനാമമോ, (2) ഒരുവൻ, ഇരുവർ മുതലായ സാംഖ്യഭേദകങ്ങളുടെ നാമരൂപങ്ങളോ, (3)പേർ, ആൾ എന്ന നാമങ്ങളോ ആയിരിക്കും. ഉദാ:

ജനങ്ങളുടെ എല്ലാവരുടെയും സമ്മതം. ജനങ്ങൾ എല്ലാവരുടെയും സമ്മതം. അയൽവാസികളെ നാലുപേരെ വിളിച്ചു. അയൽവാസികൾ നാലുപേരെ വിളിച്ചു. നമ്മുടെ ഇരുവരുടെയും സ്നേഹിതൻ. നമ്മൾ ഇരുവരുടെയും സ്നേഹിതൻ. എന്നെ ഒരാളെക്കൊണ്ടു് ഇക്കാര്യം സാധിക്കയില്ല.

"രാധാകാന്തൻ ദേവനെ ശരണം പ്രാപിക്കുന്നു.' ഇത്യാദികളിൽ രാധാകാന്തനായ ദേവനെ എന്നു് ആയ അർത്ഥസിദ്ധമാകുന്നു.