കേരളപാണിനീയം/ആകാംക്ഷാധികാരം/സമാസപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

 1. മലയാളദേശവും ഭാഷയും
 2. ഘട്ടവിഭാഗം
 3. അക്ഷരമാല
 4. വർണ്ണവികാരങ്ങൾ
 1. സന്ധിവിഭാഗം
 2. ശബ്ദവിഭാഗം
 3. പ്രകൃതിപ്രത്യയങ്ങൾ
 1. ലിംഗപ്രകരണം
 2. വചനപ്രകരണം
 3. വിഭക്തിപ്രകരണം
 4. വിഭക്ത്യാഭാസപ്രകരണം
 5. കാരകപ്രകരണം
 6. തദ്ധിതപ്രകരണം
 1. കാലപ്രകരണം
 2. പ്രകാരപ്രകരണം
 3. പ്രയോഗപ്രകരണം
 4. പ്രയോജകപ്രകൃതി
 5. നാമധാതുപ്രകരണം
 6. ഖിലധാതുക്കൾ
 7. അനുപ്രയോഗം
 8. നിഷേധപ്രകരണം
 9. സമുച്ചയം
 10. അംഗക്രിയ
 11. കൃതികൃത്തുക്കൾ
 12. കാരകകൃത്തുക്കൾ
 1. വാക്യപ്രകരണം
 2. സമാസപ്രകരണം

വിഭക്തിക്കുറി കൂടാതെ പദയോഗം സമാസമാം.

വിഭക്തികളുടെയും മറ്റും സഹായം കൂടാതെ ശബ്ദങ്ങളെ കേവലം കൂട്ടിച്ചേർക്കുന്നതിനാൽത്തന്നെ അവയ്ക്കു തമ്മിലുള്ള സംബന്ധത്തെ കുറിക്കുകയാകുന്നു സമാസത്തിന്റെ സ്വാഭാവം. "തലയിലെ വേദന' എന്നു പറയുന്നതിനു പകരം "തല', "വേദന' എന്ന ശബ്ദങ്ങളെ കേവലം ഒരുമിച്ചു ചേർത്തു പറയുന്നതു് സമാസമാക്കുന്നു. ഇവിടെ ചേർന്നിരിക്കുന്ന രണ്ടുപദങ്ങൾക്കും തമ്മിലുള്ള സംബന്ധം കുറിക്കുന്നതിനു സമാസം(കൂടിച്ചേരുക) അല്ലാതെ പ്രത്യയം മുതലായ കാര്യങ്ങൾ ഒന്നുമില്ല. സമാസത്തിൽ മുന്നിരിക്കുന്ന പദത്തിനു് പൂർവ്വപദമെന്നും പിന്നിരിക്കുന്നതിനു് ഉത്തരപദമെന്നും പേർ.

താമര രണ്ടു തരത്തിലുണ്ടു്. അതിനെ വേർതിരിക്കുന്നതിനു വെളുത്തതാമര, ചെമന്ന താമര എന്നു പ്രതേ്യകിച്ചു പദംതിരിച്ചു കാണിക്കാൻ മടിച്ചു് സൗകര്യത്തിനുവേണ്ടി ഭേദകപ്രകൃതികളെത്തന്നെ നാമത്തോടു് പ്രത്യയംപോലെ ചേർത്തു് വെൺതാമര, ചെന്താമര എന്നു ശബ്ദയോഗങ്ങൾ ചമയ്ക്കുന്നു. അതിനുമേൽ ചെന്താമരയുടെ പൂവു് എന്നതിനുപകരം ആ പദങ്ങളെ കൂട്ടിച്ചേർത്തു് ചെന്താമരപ്പൂവെന്നും, പിന്നീടു് അതിന്റെ മണത്തിനു ചെന്താമരപ്പൂമണം എന്നും അതിനും ഉപരി മണം കൊഴുക്കെ ഉണ്ടെങ്കിൽ ചെന്താമരപ്പൂമണക്കൊഴുപ്പു് എന്നും വ്യാധികരണമോ സമാനാധികരണമോ ആയ വിശേഷണവിശേഷ്യങ്ങളെ കൂട്ടിച്ചേർക്കുംതോറും പദയോഗം നീണ്ടുനീണ്ടുവരാം. ഇങ്ങനെ സൗകര്യത്തിനുവേണ്ടി വാചകത്തിന്റെ സ്ഥാനത്തു് പദങ്ങളെ മേല്ക്കുമേൽ കൂട്ടിച്ചേർക്കുന്നതാണു് സമാസം. സമാസിക്കുന്ന നാമങ്ങളിൽ പൂർവ്വപദം വിശേഷണമാണെന്നു കാണിക്കുന്നതിനു യോജിപ്പുനോക്കി പരസംക്രാന്തിസൂചകങ്ങളായ ദ്വിത്വഖരാദേശാദ്യുപായങ്ങളെ ഉപയോഗിക്കയും അംഗരൂപങ്ങളെ പ്രയോഗിക്കയുംചെയ്യാം. കാട്ടുപോത്തു്, ചെപ്പുക്കുടം, കൂവളത്തിൻവേരു് ഇത്യാദി ലക്ഷ്യങ്ങളിൽ പൂർവ്വപദം വിശേഷണമാണെന്നു രൂപംകൊണ്ടുതന്നെ സ്പഷ്ടമാകുന്നു.

വേറെ ചില ഉദാഹരണങ്ങളിൽ അലിംഗനാമങ്ങൾക്കു് ലിംഗം ചേർത്തു കാണുകയാൽ സമാസഘടകങ്ങളായ പദങ്ങൾക്കും സ്വാർത്ഥത്തിൽ വിശ്രാന്തി വരുന്നില്ല, പരാർത്ഥത്തിൽ ആണു് അതുകളെ ഉപയോഗിച്ചിരിക്കുന്നതു് എന്നു തെളിയും. അപ്പോൾ അർത്ഥചേർച്ചയ്ക്കു തക്കവണ്ണം ആവകപ്പദങ്ങളെ പരാർത്ഥത്തിൽ നാം അന്വയിക്കുന്നു. നാന്മുഖൻ,ആനക്കൊമ്പൻ, പേടക്കണ്ണി, അന്നനടയാൾ ഇത്യാദികൾ നോക്കുക. നാലുമുഖങ്ങൾ എന്നു മാത്രമേ വിവക്ഷയുള്ളുവെങ്കിൽ "അൻ' എന്ന പുല്ലിംഗപ്രത്യയം ചേർക്കാൻ പാടില്ല; അതുകൊണ്ടു് "നാലു', "മുഖം' എന്ന പദംരണ്ടും ഒരുപുരുഷനെ കുറിക്കണം. അപ്പോൾ അന്വയം ഉണ്ടാകാൻവേണ്ടി നാലു മുഖമുള്ളവൻ എന്ന അർത്ഥം സമാസത്തിനു നാം കല്പിക്കുന്നു.ആനക്കൊമ്പുപോലുള്ളതു് ആനക്കൊമ്പൻ; പേടയുടെ കണ്ണുപോലെ കണ്ണുള്ളവൾ പേടക്കണ്ണി; അന്നത്തിന്റെപോലെ നടയുള്ളവൾ അന്നനടയാൾ ഇങ്ങനെ അന്യപദാർത്ഥപ്രധാനമായി വരുന്ന സമാസത്തിനു് "ബഹുവ്രീഹി' എന്നും മുന്നുദാഹരണങ്ങളിലെപ്പോലെ ഉത്തരപദം പ്രധാനമായുള്ളതിനു് "തൽപ്പുരുഷൻ' എന്നും, താഴെ പറയാൻപോകുന്ന ഉഭയപദപ്രധാനത്തിനു് "ദ്വന്ദ്വൻ' എന്നും പേരുകൾ അടുത്തു പറയും.

ഒരു വസ്തുവിനുതന്നെ ബഹുത്വം കാണിക്കുന്നതിനു പകരം, രണ്ടു വസ്തുക്കളെ കൂട്ടിച്ചേർത്തു ബഹുത്വം ചെയ്താൽ അതും ഇതും എന്നർത്ഥം കിട്ടാമല്ലോ. അച്ഛനും അമ്മയും എന്നു പറയുന്നതിനുപകരം അച്ഛനമ്മമാർ എന്നു രണ്ടു വിശേഷ്യപദങ്ങളെ കൂട്ടിച്ചേർത്തു സമാസമുണ്ടാക്കാം.

ഇങ്ങനെയാണു് സമാസങ്ങളുടെ ഉത്ഭവം. ദ്രാവിഡങ്ങളിൽ രണ്ടോ മൂന്നോ പദംചേർന്ന ചെറിയ സമാസങ്ങളേ ഉള്ളൂ; അതിനും പൂർവ്വപദത്തിന്റെ വിശേഷണീഭാവം കാണിക്കുന്നതിനു ദ്വിത്വഖരാദേശങ്ങളോ അംഗരൂപമോ ഉപയോഗിക്ക പ്രായേണ ചെയ്യാറുണ്ടു്. അതുപോലെ പരാർത്ഥത്തിലുള്ള സമാസത്തിനു ലിംഗപ്രത്യയം കാണും. അതിനാൽ സമാസങ്ങളെ വേർതിരിച്ചറിവാനും, വിഗ്രഹം എന്നു പറയുന്നതും സമാസാർത്ഥം വിവരിക്കുന്നതും ആയ വാചകത്തെ നിർണ്ണയിക്കാനും ഒട്ടുമേ ശ്രമമില്ല. എന്നാൽ സംസ്കൃതത്തിന്റെ അധികാരം മുഴുത്തതോടുകൂടി ആ ഭാഷയെ അനുകരിച്ചു ദീർഘദീർഘങ്ങളായ ഒറ്റസമാസങ്ങളെ മാത്രമല്ല, മിശ്രസമാസങ്ങളെയും മലയാളകവിൾ പ്രയോഗിക്കാൻ തുടങ്ങീട്ടുണ്ടു്.

"ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം ബാഹേ്യാദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൗതഹർമ്മ്യാ'

എന്ന മേഘസന്ദേശശ്ലോകാർദ്ധത്തിന്റെ തർജ്ജമയിൽ മൂലത്തെ അനുസരിച്ചും അനുകരിച്ചും,

"എൻതോഴർക്കയൽവാഴിശങ്കരമുടിത്തിങ്കൾക്കിടാവിൻനിലാ-

വാടും മേടകളോടു മേവുമളകയ്ക്കാണങ്ങു പോകേണ്ടതും'

എന്നു ദീർഘസമാസം ചെയ്തിരിക്കുന്നതു നോക്കുക.

ഘടകപദങ്ങളുടെ ജാതിഭേദം പ്രമാണിച്ചു് സമാസങ്ങളെ താഴെ വിവരിക്കുന്നപ്രകാരം വിഭജിക്കാം:

1. ക്രിയാംഗം ക്രിയയോടു് - കൊണ്ടാടുക, രക്ഷിച്ചുകൊൾക. 2. നാമം ക്രിയയോടു് - കെവെടിയുക, ഭേദമാവുക, നിലനില്ക്കുക. 3. നാമാംഗം നാമത്തോടു് - പെറ്റമ്മ. 4. നാമം നാമാംഗത്തോടു് - തേനോലുംവാണി. 5. നാമം നാമത്തോടു് - പൊല്ക്കുടം, രാമനാട്ടം. 6. ഭേദകം നാമത്തോടു് - വെചാമരം, ചെമ്പരത്തി.

ഘടകങ്ങളുടെ പ്രാധാന്യം പ്രമാണിച്ചു് സമാസങ്ങളെ മൂന്നായി വിഭജിച്ചിരിക്കുന്നു. എങ്ങനെ,

1. തൽപ്പുരുഷൻ - ഉത്തരപദാർത്ഥപ്രധാനം - തലവേദന. 2. ബഹുവ്രീഹി - അന്യപദാർത്ഥപ്രധാനം - താമരക്കണ്ണൻ. 3. ദ്വന്ദ്വൻ - സർവ്വപദാർത്ഥപ്രധാനം - അച്ഛനമ്മമാർ.

അവ്യയീഭാവവും ദ്വിഗുവും ഭാഷയിലില്ലാത്തതിനാൽ ഇവിടെ പരിഗണിച്ചിട്ടില്ല.

വിശേഷണവിശേഷ്യങ്ങൾ പൂർവ്വോത്തരപദങ്ങളായ് സമാസിച്ചാൽ തൽപ്പുരുഷ- നുളവാം പലജാതിയിൽ.

വിശേഷണം വിശേഷ്യത്തോടു സമാസിക്കുന്നതു് തൽപുരുഷൻ. വിശേഷണം സമാനാധികരണമായോ വ്യധികരണമായോ ഇരിക്കാം; പദങ്ങളും നാമകൃതി ഭേദകങ്ങളിൽ ഏതുമാകാം. അതിനാൽ പലമാതിരിയിൽ തൽപ്പുരുഷസമാസം ഉളവാകും. (വിശേഷണം സമാനാധികരണമായിരുന്നാൽ അതിനു് "കർമ്മധാരയൻ' എന്നു പ്രക്രിയയ്ക്കുവേണ്ടി വിശേഷാൽ പേർ സംസ്കൃതക്കാർ ചെയ്തിട്ടുണ്ടു്.) ഉദാ:


വിഭക്ത്യർത്ഥം സമാസം വിഗ്രഹം 1.


ന്രിർദ്ദേശിക ഭേദമാവുക ഭേദം ആവുക ടി കർമ്മധാരയൻ കൊന്നത്തെങ്ങു് കൊന്നയായ തെങ്ങ് 2. പ്രതിഗ്രാഹിക പാക്കുവെട്ടി പാക്കിനെ വെട്ടുന്നത് 3. സംയോജിക പന്തൊക്കും പന്തോടൊക്കുന്ന 4. ഉദ്ദേശിക ഹോമപ്പുര ഹോമത്തിനുള്ള പുര 5. പ്രയോജിക മാങ്ങാക്കറി മാങ്ങയാൽ കറി 6. സംബന്ധിക മരപ്പൊടി മരത്തിന്റെ പൊടി 7. ആധാരിക തോൾവള തോളിലെ വള 8. നിന്നു് നാടുനീങ്ങി നാട്ടിൽനിന്നു നീങ്ങി 9. കുറിച്ചു് ആനബ്ഭ്രാന്തു് ആനയെക്കുറിച്ചുള്ള ഭ്രാന്ത്

വിശേഷ്യങ്ങൾക്കും അഭേദം അർത്ഥത്തിൽ തൽപ്പുരുഷസമാസം വരാം; അതിനു രൂപകസമാസം എന്നു പേർ. ഉദാ:

അടിമലർ - അടിയാകുന്ന മലർ. മനക്കുരുന്നു് - മനമാകുന്ന കുരുന്നു്. .പ്രസിദ്ധിനിമിത്തം പ്രയോഗിക്കാതെതന്നെ അർത്ഥത്തിനു പ്രതീതിയുള്ളതായ മധ്യമപദം തൽപ്പുരുഷനിൽ ലോപിപ്പിക്കാം. ഇൗ വക സമാസത്തിനു് "മധ്യമപദലോപി' എന്നു പേർ. ഉദാ:

വെണ്ണക്കൃഷ്ണൻ - വെണ്ണപ്രിയനായ കൃഷ്ണൻ തീവണ്ടി - തീയാൽ ഒാടിക്കപ്പെടുന്ന വണ്ടി. മഞ്ഞുതൊപ്പി - മഞ്ഞിനെ തടുക്കുന്ന തൊപ്പി.

കാരകങ്ങൾ ധാതുവോടു സമാസിച്ചുണ്ടാകുന്നതു് കാരകതൽപ്പുരുഷൻ. ഉദാ:

തപസ്സിരിക്കുക കൂട്ടിരിപ്പു് നാടുവാഴുന്നു വേളികഴിക്ക അമ്മാനയാടുക പിടികൂടുക

ഇച്ചൊന്നപടി അവാന്തരവിഭാഗങ്ങൾ ചെയ്തുതുടങ്ങിയാൽ അവസാനിക്കുന്നതു പ്രയാസം.വിഭക്ത്യർത്ഥങ്ങളിൽ വരുന്ന തൽപ്പുരുഷനു് ആ വിഭക്തിയുടെയോ അതിന്റെ അർത്ഥമായ കാരകത്തിന്റെയോ പേർ ചേർത്തു സംയോജികാതൽപ്പുരുഷൻ എന്നോ കരണതൽപ്പുരുഷൻ എന്നോ ഇൗവിധം സംജ്ഞകൾ ചെയ്യാം. സംസ്കൃതത്തിലുള്ള അവാന്തരഭേദങ്ങളിൽ ഭാഷയിൽ സംഭവിക്കാവുന്നവയെ ഇവിടെ വിവരിച്ചുകഴിഞ്ഞു. സംസ്കൃതത്തിൽ സമാസം പ്രാധാനേ്യന നാമങ്ങൾ തമ്മിൽ മാത്രമാകയാൽ "തേച്ചുകുളി', "പിടിച്ചുപറി' മുതലായ ഭാഷാതൽപ്പുരുഷങ്ങൾക്കു സംസ്കൃതപ്പേരുകൾ കാണുകയില്ല. സംജ്ഞകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടാവശ്യമില്ലെന്നുകരുതി ഇവിടെ പുതിയ സംജ്ഞകളെ സൃഷ്ടിക്കാൻ ആരംഭിക്കുന്നുമില്ല.

വിശേഷണം വിശേഷ്യത്തോ- ടതുള്ളോനെന്നു കാട്ടുവാൻ സമാസിച്ചാൽ ബഹുവ്രീഹി; അതും പലവിധം വരാം.

വിശേഷണവിശിഷ്ടമായ വിശേഷ്യത്തെത്തന്നെ തൽപ്പുരുഷൻ പ്രധാനമാക്കിക്കാണിക്കുന്നു; ബഹുവ്രീഹിയാകട്ടെ ഒരു പടികൂടിക്കടന്നു വിശേഷണവിശിഷ്ടമായ വിശേഷ്യം ഏവനുണ്ടോ അവനെ കുറിക്കുന്നു.

പുല്ലിംഗം അവിവക്ഷിതം. ഉദാ:

മധുരമൊഴി - മധുരമായ മൊഴിയുള്ള (വൻ-വൾ-തു) നെടുങ്കണ്ണി - നെടിയ കണ്ണുള്ളവൾ. നാന്മുഖൻ - നാലു മുഖമുള്ളവൻ. മുക്കണ്ണൻ - മൂന്നു കണ്ണുള്ളവൻ.

ബഹുവ്രീഹിയുടെ വകഭേദങ്ങൾ:

1. സാദൃശ്യവാചകമായ ഒരു മധ്യമപദമുള്ളതു് ഉപമാഗർഭം. ഉദാ: കഞ്ജനേർമിഴി = കഞ്ജത്തോടു നേരായ മിഴിയുള്ളവൾ.

2. ഉപമാവാചകപദം അർത്ഥസിദ്ധമായി വന്നിട്ടുള്ളതു് ഉപമാലുപ്തം. ഉദാ: മതിമുഖി = മതിയെപ്പോലുള്ള മുഖമുള്ളവൾ.

3. ഉപമാനപദം ലോപിച്ചിട്ടുള്ളതു് ഉപമാനലുപ്തം. ഉദാ: പേടക്കണ്ണി = പേടയുടെ കണ്ണുപോലുള്ള കണ്ണുള്ളവൾ.

ദ്വന്ദ്വൻ സമുച്ചയാർത്ഥത്തിൽ വിശേഷ്യങ്ങൾക്കു തങ്ങളിൽ; സംഖ്യാനാമങ്ങളാണെങ്കിൽ വികല്പാർത്ഥത്തിൽ വന്നിടും

ഉദാ: അച്ഛനമ്മമാർ = അച്ഛനും അമ്മയും; അഞ്ചാറു് = അഞ്ചോ ആറോ; കെകാലുകൾ = കെയും കാലും; പത്തുപതിനഞ്ചു് = പത്തുപതിനഞ്ചോ.

വ്യക്തിവിവക്ഷകൂടാതെ സമുദായത്തിനു പ്രാധാന്യം കല്പിക്കുന്നപക്ഷം നപുംസകദ്വന്ദ്വനു് ഏകവചനവുമാകാം. ഉദാ:

"ജരാനര വിഭൂഷണം; കെകാലു്.'

വിശേഷണീഭാവചിഹ്നം ലിംഗസംഖ്യാദ്യലോപവും ശുദ്ധഭാഷാസമാസത്തിൽ കാണും പൂർവ്വപദത്തിനു്.

തൽപുരുഷനും ബഹുവ്രീഹിയും വിശേഷണവിശേഷ്യങ്ങൾ തമ്മിലുള്ള സമാസമാണല്ലോ. അതുകളിൽ ഘടകങ്ങൾ ശുദ്ധമലയാളപദങ്ങളാണെങ്കിൽ പൂർവ്വപദം വിശേഷണമാണെന്നു കാണിക്കാനുള്ള പ്രക്രിയകൾ പ്രസക്തിയുള്ളിടത്തെല്ലാം വന്നുകാണും. അതുപോലെ ലിംഗവചനവിഭക്തിപ്രത്യയങ്ങൾ ലോപിക്കാതെതന്നെ നില്ക്കുകയുമാകാം. വിശേഷണീഭാവചിഹ്നങ്ങളെ അതാതു ദിക്കുകളിൽ വിവരിച്ചിട്ടുണ്ടു്. ഉദാ:

ഉമ്പർകോൻ ദേവകൾദേവൻ, (വചനം ലോപിച്ചിട്ടില്ല.) കൃഷ്ണൻതിരുവടി, കാലനൂർ, രാമനാട്ടം, മരംകയറ്റം, (ലിംഗം ലോപിച്ചിട്ടില്ല.) ഇത്യാദി. താൻതോന്നി, പൊൽപ്പൂവിൽമാനിനി, തനിക്കുതാൻപോന്നവൻ (വിഭക്തിക്കു ലോപമില്ല.) ആയിരത്താണ്ടു്, കപികുലത്തരചൻ - അംഗരൂപം - അത്തു്, കാട്ടുപോത്തു്, ആറ്റുമണൽ -അംഗരൂപം -ദ്വിത്വം. കുന്നിൻമകൾ, പാക്കിൻതോടു് - ടി - ഇൻ ഇടനില. ചെപ്പുക്കുടം, ആട്ടവെലി - ടി - അനുനാസികത്യാഗവും ഖരദ്വിത്വവും. വള്ളിക്കുടിലു്, പുലിത്തോൽ - ടി - ഉത്തരപദാദിദ്വിത്വം

ലിംഗവചനവിഭക്തികൾക്കു ലോപംവരാത്ത സമാസത്തിനു് അലുപ്തസമാസം എന്നു പേർ ചെയ്യാം. സംസ്കൃതാനുകരണംനിമിത്തം അലുപ്തസമാസം ഇപ്പോൾ അപൂർവ്വമാണ്; അതിലും വിശേഷിച്ചു്, വിഭക്തിലോപം വരാതെയുള്ളവ വളരെച്ചുരുങ്ങും. എന്നാൽ സംസ്കൃത്തിലും സരസിജം, വനേചരൻ, ദേവാനാംപ്രിയൻ ഇത്യാദികൾപോലെ അലുപ്തസമാസങ്ങൾ ദുർല്ലഭങ്ങല്ല. വ്യഞ്ജനാന്തശബ്ദങ്ങൾക്കാണല്ലോ അംഗത്തിനു് "ഇൻ' ഇടനില; അതു് സംബന്ധികാതൽപ്പുരുഷനിൽ പ്രായേണ കാണും. "കായാമ്പൂ', "മാങ്ങ'ഇത്യാദികൾ "കായാവിൻപൂ', "മാവിൻകാ' ഇത്യാദികളുടെ സങ്കോചിതരൂപങ്ങളായിരിക്കണം.

സമാസത്തിൽ പരാധീന- പ്പെട്ടുപോയ പദങ്ങളിൽ ദാസദാസന്യായരീത്യാ- ചേരാ ബാഹ്യവിശേഷണം.

ലുപ്തസമാസത്തിൽ ലോപിച്ചിരിക്കുന്ന ലിംഗവചനാദികളുടെ അർത്ഥം യോഗബലംകൊണ്ടാണു് സ്ഫുരിക്കുന്നതു്. അതുകൊണ്ടു് രണ്ടുപദങ്ങൾ തങ്ങളിൽ സമാസിക്കുമ്പോൾ അതുകൾക്കു തനിയെ നില്ക്കുമ്പോൾ ഉണ്ടാകാവുന്ന സ്വാതന്ത്ര്യം നശിച്ചുപോകും. സമുദായത്തിനല്ലാതെ അംഗങ്ങൾക്കു പ്രതേ്യകിച്ചു് ഒരധികാരവുമില്ല. ഒറ്റപ്പദത്തിൽ ഘടകങ്ങളായ അക്ഷരങ്ങളുടെ നിലയേ സമാസത്തിൽ ഘടകപദങ്ങൾക്കുമുള്ളൂ. അതിനാൽ ഘടകപദങ്ങൾക്കു വെളിയിൽനിന്നു വിശേഷണം ചേർക്കാൻ ന്യായമില്ല. അതിലും വിശേഷിച്ചു് സമാസത്തിൽത്തന്നെ അപ്രധാനമായി നില്ക്കുന്ന പദത്തിനു് ഒട്ടും പാടില്ല. സ്വയമേ ദാസനായവനു് എങ്ങനെ ഒരു ദാസൻ യോജിക്കും? പേടമാനിന്റെ മിഴിപോലുള്ള മിഴിയുള്ളവൾ "പേടമാൻമിഴി' എന്നു സമാസംചെയ്തതിന്റെശേഷം ആ പേടമാനിനുഭയപ്പെട്ട (പേടമാൻ) എന്നൊരു വിശേഷണം ചേർത്തു് "ഭയപ്പെട്ട പേടമാൻമിഴി' എന്നു പ്രയോഗിച്ചുകൂടാ. ഭീതമായ മൃഗം= ഭീതമൃഗം' അതിന്റേതുപോലെ അക്ഷിയുള്ളവൾ ഭീതമൃഗാക്ഷി എന്നു സമാസത്തിനുമേൽ സമാസം ചെയ്വാൻ വിരോധവുമില്ല. അപ്പോൾ വിശേഷണം ബാഹ്യമാകുന്നില്ല: അലുപ്തസമാസങ്ങളിലാകട്ടെ ഇത്രത്തോളം നിർബ്ബന്ധമാവശ്യമില്ല. താഴെ ഉദ്ധരിച്ചിട്ടുള്ള പ്രാചീനപ്രയോഗങ്ങൾ അനുകരണയോഗ്യങ്ങളല്ല.

ചണ്ഡരാം രാക്ഷസനിഗ്രഹം - കേ.രാ. നന്ദനസമമാമുദ്യാനഭംഗം ചെയ്താൽ - ടി ശോകസാധനമായ സംസാരമോക്ഷം - ഭാഗ.

ഇനി പൂർവ്വസൂത്രത്തിൽച്ചെയ്ത നിർബ്ബന്ധത്തെ ഒന്നോടു് നിരസിക്കുന്നു:

പ്രതീതിക്കുറവില്ലെങ്കിൽ പിരിഞ്ഞാലും സമാസമാം.

സമുദായത്തിനു് ഏകാർത്ഥപ്രതീതിയുണ്ടാക്കാണു് സമാസം ചെയ്യുന്നത്: ആ പ്രതീതിക്കു ഹാനിവരാത്തപക്ഷം ഘടകങ്ങളെ പിരിച്ചു ദൂരെദൂരെ പ്രയോഗിച്ചാലും ആ പദങ്ങൾക്കു സമാസംതന്നെ.

"കാര്യം ഭവാനറി വേറെയില്ലേതുമേ'

എന്ന ചാണക്യനീതിയിലെ പ്രയോഗത്തിൽ കാര്യത്തിന്റെ അറിവ്=കാര്യമറിവു് എന്നോ; അറിവിനു വിഷയമാകുന്നില്ല= അറിവില്ല എന്നോ സമാസം സ്വീകരിച്ചാലേ അന്വയം യോജിക്കയുള്ളു. എന്നാൽ ഇൗ പദങ്ങൾ തങ്ങളിൽ അകന്നാണു നില്ക്കുന്നതു്. എങ്കിലും അർത്ഥപ്രതീതി ശരിയായി വരുന്നുണ്ട്; അതിനാൽ ഇൗമാതിരി സമാസങ്ങളെ "വ്യവഹിതസമാസം' എന്നു പേരിട്ടു സ്വീകരിക്കാം.