കേരളപാണിനീയം/നാമാധികാരം/തദ്ധിതപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

സംസ്കൃതവെയാകരണന്മാരുടെ രീതിയനുസരിച്ചു നാമങ്ങളിൽ നിന്നും ഭേദകങ്ങളിൽ നിന്നും വ്യുൽപ്പാദിപ്പിക്കുന്ന ശബ്ദങ്ങൾക്കു "തദ്ധിത'മെന്നും കൃതിപ്രകൃതികളായ ധാതുക്കളിൽനിന്നുവ്യുൽപ്പാദിപ്പിക്കുന്നവയ്ക്കു് "കൃത്ത്' എന്നും സംജ്ഞകൾ സ്വീകരിച്ചിരിക്കുന്നു. സംസ്കൃതത്തിൽ കൃത്തദ്ധിതങ്ങൾ നാനാവിധങ്ങളായിട്ടുണ്ടു്.

തദ്ധിതങ്ങൾ

  1. ദശരഥന്റെ പുത്രൻ-ദാശരഥി
  2. സ്വർണ്ണംകൊണ്ടുണ്ടാക്കിയതു്-സ്വർണ്ണമയം
  3. വർഷത്തിൽ ഭവിക്കുന്നതു്-വാർഷികം
  4. ബുദ്ധിയുള്ളവൻ-ബുദ്ധിമാൻ
  5. മൃദ്യുവായിരിക്കുന്നതു്-മൃദുത്വം
  6. വ്യാകരണമറിയുന്നവൻ-വെയാകരണൻ

ഇത്യാദി.

കൃത്തുകൾ

(1) ദർശിക്കപ്പെടാവുന്നതു് - ദൃശ്യം (2) ദർശിക്കുന്നവൻ - ദ്രഷ്ടാവ് (3) ഏതുകൊണ്ടു ദർശിക്കുന്നുവോ അതു് - ദൃഷ്ടി (4) ദർശിക്കുന്ന ക്രിയ - ദർശനം (5) ദർശിക്കുക ശീലമുള്ളവൻ - ദർശി

ഇത്യാദി.

ഭാഷയിൽ കൃത്തദ്ധിതങ്ങൾ വളരെ കുറവാണ്; പോരാത്തതെല്ലാം സംസ്കൃതത്തിൽ നിന്നും കടംവാങ്ങുകയാണു് പതിവു്. അതിനാൽ സംസ്കൃത സമ്പ്രദായംഭാഷയിലും അനുസരിക്കേണ്ടിയിരിക്കുന്നു. എന്നാൽ പാണിനി തദ്ധിതത്തിൽ അവസാനംകൂടാതെ അർത്ഥങ്ങ ളെയും പ്രത്യയങ്ങളെയുംവിധിച്ചു വലിയ കുഴപ്പം ഉണ്ടാക്കിത്തീർത്തീട്ടുണ്ടു്. ""തദ്ധിതമൂഢാ വെയാകരണാഃ എന്നൊരുവചനംതന്നെ പറയാറുണ്ടു്. കുഴപ്പം തീർപ്പാനായി തദ്ധിതങ്ങളെ ഒരുവിധം തരംതിരിച്ചു പേരുകളും സൃഷ്ടിച്ചു് ഭാഷയിൽ സംഭവിക്കുന്നിടത്തോളം എണ്ണങ്ങളെ ഇവിടെ എടുത്തിരിക്കുന്നു.

(1) തന്മാത്രപ്രത്യയങ്ങൾ

അനേകം ധർമ്മങ്ങളുടെ ഇരിപ്പിടമായ ഒരു ധർമ്മി(ദ്രവ്യം)യിൽനിന്നു് ഒരു ധർമ്മത്തിൽ ഉൾപ്പെട്ട അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടത്തിൽനിന്നു വേർപെടുത്തി തൂത്തുപിടിച്ചു് ഒറ്റയാക്കിക്കാണിക്കുന്നതിനു് "തന്മാത്രം' എന്നു പേർ. അതുമാത്രം= തന്മാത്രം എന്ന പേരും അന്വർത്ഥമാകുന്നു. രാമൻ സുന്ദരനാണെന്നിരിക്കട്ടെ; അവനെ സുന്ദരനെന്നു വിളിക്കുന്നതു് അവന്റെ അംഗങ്ങളുടെ കിടപ്പിലുള്ള ചില വിശേഷങ്ങളാലാകുന്നു. ഇൗ വിശേഷങ്ങളുടെ ആകെത്തുക എടുത്താൽ അതു സൗന്ദര്യശബ്ദത്തിന്റെ അർത്ഥംതന്നെ. അപ്പോൾ സൗന്ദര്യം എന്നാൽ സുന്ദരനാകുന്നതിലേക്കു വേണ്ട സകല എണ്ണങ്ങൾ മാത്രമായി ഒരെടത്തും കാണാൻ പ്രയാസം. ഒരു ദ്രവ്യത്തിൽ മറ്റു ധർമ്മങ്ങളോടു ചേർന്നേ ഇവയ്ക്കു നിൽപാൻ ഗതിയുള്ളു. അതിനാൽ സൗന്ദര്യശബ്ദം ചെയ്യുന്നതു് സുന്ദരനിലുള്ള വണ്ണം, നീളം, നിറം, പൊക്കം മുതലായ ഉപാധികളെ ഗൗനിക്കാതെ സുന്ദരശബ്ദത്തിന്റെ പ്രവൃത്തി നിമിത്തമായ ഒരു ധർമ്മത്തെ മാത്രം ചൂണ്ടുകയാകുന്നു. സൗന്ദര്യം ഇങ്ങനെ തന്മാത്രതദ്ധിതമായിത്തീരുന്നു. സുന്ദരൻ ധർമ്മി, സൗന്ദര്യം ധർമ്മം; ഇവയെ ഗുണി എന്നും ഗുണമെന്നും വ്യവഹരിക്കാറുണ്ടു്. ഇൗ വക രൂപം സംസ്കൃതത്തിൽ വളരെ സാധാരണമാണു്. ഒാരോ ധർമ്മിക്കും തന്റെ ധർമ്മവാചകം അല്ലെങ്കിൽ തന്മാത്രരൂപം ഉണ്ടു്. ഘടത്വം പടത്വം എന്നു മാത്രമല്ല, ഘടത്വത്വം, പടത്വത്വം കൂടി താർക്കികന്മാർ സ്വീകരിക്കുന്നു. എന്നുവേണ്ട, ഭാഷയിൽ ധർമ്മിക്കൊത്ത ധർമ്മമോ ധർമ്മത്തിനൊത്ത ധർമ്മിയോ ഇല്ലെന്നു വരുന്നതു് അപൂർവ്വമല്ല. ഉദാ:

പ്രകൃതി

ധർമ്മം

ധർമ്മി പുതു

പുതുമ

പുതിയ -

അഴക്

അഴകിയ -

വടിവ്

-

ഭേദകാർത്ഥപ്രകൃതിയിൽ "മ'തന്മാത്രാഖ്യതദ്ധിതം; ശേഷത്തിൽ ത്തം യഥായോഗം; പിന്നെത്തനതരാദിയും.

ഗുണവാചകങ്ങളായ ശബ്ദങ്ങളാണല്ലോ ഭേദകങ്ങൾ. അങ്ങനെയുള്ള പ്രകൃതികളിൽ തന്മാത്രം എന്ന അർത്ഥം കുറിക്കുന്നതിനു് "മ' എന്നു പ്രത്യയം ചേർക്കാം. ഭേദകങ്ങളിൽ ശുദ്ധം എന്നു പേരിട്ട ഇനം പ്രകൃതിരൂപങ്ങളാകയാൽ അതുകളിലെല്ലാത്തിലും "മ' പ്രത്യയം വരും. അതിനുപുറമേ നാമങ്ങളിലും ധാതുക്കളിലും ചിലതിനെ ഗുണപ്രധാനമായി വിവക്ഷിച്ചു് "മ' ചേർക്കാറുണ്ടു്. ഇൗ താൽപര്യം വരാനാണു് സൂത്രത്തിൽ "ഭേദകാർത്ഥപ്രകൃതി' എന്നു പറഞ്ഞതു്. ശേഷം ഭേദകങ്ങൾക്കു് "ത്തം' എന്നു പ്രത്യയം. ഇതു സംസ്കൃതത്തിലെന "ത്വ' പ്രത്യയത്തിന്റെ തത്ഭവമാകുന്നു. അതിനെ "ത്വം' എന്നു തത്സമമായിട്ടു ഭാഷാശബ്ദങ്ങളിൽ ഉപയോഗിക്കുക ശരിയല്ല. മറുഭാഷകളിൽ നിന്നു പ്രകൃതിയെ അല്ലാതെ പ്രത്യയത്തെ കടംവാങ്ങുക സാധാരണയിൽ പതിവില്ല. മലയാളത്തിൽ "ത്വ' പ്രത്യയം കടം വാങ്ങേണ്ടി വന്നതു് തന്മാത്രപ്രത്യയങ്ങളുടെ ദുർഭിക്ഷത്താലും മലയാളികളുടെ സംസ്കൃതഭ്രമത്തിന്റെ ആധിക്യത്താലുമാണു്. തമിഴർ ഇതു കൂടാതെ കാര്യം സാധിക്കുന്നില്ലയോ? കടം വാങ്ങാൻ പുറപ്പെടുന്നവനും പണമായിട്ടു വാങ്ങി തന്റെ ആവശ്യങ്ങൾ നടത്തുകയല്ലേ അഭിമാനം? അതുകൊണ്ടു് തത്സമത്തേക്കാൾ തത്ഭവത്തിനാണു് യോഗ്യത. എന്നു മാത്രമല്ല, "മമണ്ടിരേ', "പൊത്തയിത്വാ', "മാടമ്പീനാം' എന്ന മട്ടിൽ ഭാഷാപ്രകൃതികൾക്കു സംസ്കൃത രൂപനിഷാപാദനം പാടില്ലെന്നത്ര ഇപ്പോഴത്തെ ഏർപ്പാടു്. അതിനാൽ "വിഡ്ഢിത്വം', "ഭോഷത്വം' എന്നെഴുതുന്നതു് "വിഡ്ഢിത്തവും', "ഭോഷത്തവും' തന്നെ എന്നു വരും. പ്രത്യയദാരിദ്ര്യത്താൽ "തരം', തനം' എന്ന പദങ്ങളെ സമാസമായിച്ചേർത്തും തന്മാത്രതദ്ധിതത്തിന്റെ പ്രയോജനം സാധിക്കാം. തമിഴിന്റെ മട്ടാണിതു്. ഉദാ:

പുതു- പുതുമ, വെൾ- വെണ്മ, നേർ- നേർമ്മ, ചെറു- ചെറുമ, ആ- ആമ. പഴ- പഴമ, തെളി- തെളിമ, വൻ- വന്മ, അടി- അടിമ, കോൻ- കോന്മ.

മടയൻ- മടയത്തം മണ്ടൻ- മണ്ടത്തം കള്ളൻ- കള്ളത്തന വേണ്ടാ- വേണ്ടാതനം ചണ്ടി- ചണ്ടിത്തം പൊണ്ണൻ- പൊണ്ണത്തം മുട്ടാളൻ- മുട്ടാളത്തരം തണ്ടുതപ്പി- തണ്ടുതപ്പിത്തരം

സംസ്കൃതശബ്ദങ്ങളിൽ സംസ്കൃതരൂപത്തെത്തന്നെ ഉപയോഗിക്കാം:

മൃദു- മൃദുത്വം, മാർദ്ദവം, മൃദുത, മ്രദിമ. സുന്ദര- സൗന്ദര്യം, സുന്ദരത്വം.

രമണീയം- രാമണീയകം, രമണീയത. വിദ്വാൻ- വെദുഷ്യം, വിദ്വത്ത്വം.

"കൃതികൃത്ത്' എന്നു പറയുന്ന ഭാവാർത്ഥകകൃത്പ്രത്യയവും തന്മാത്രപ്രത്യയത്തിനു് അർത്ഥം കൊണ്ടു തുല്യമായി നടക്കും:

വെളു- വെളുക്കുന്നു, വെളുപ്പു്. കറു- കറുക്കുന്നു, കറുപ്പു്. വലു് - - വലുപ്പം. പൊങ്- പൊങ്ങുന്നു, പൊക്കം.

നീളു് - നീളുന്നു, നീളം.

കൃതികൃത്തു് ക്രിയാപ്രധാനവും, തന്മാത്രതദ്ധിതം ഗുണപ്രധാനവുമാകയാൽ വാസ്തവത്തിൽ ഇവയ്ക്കു സ്വൽപം അർത്ഥഭേദം പറയണം; എങ്കിലും ഭാഷയിലെ ധാതു ക്രിയാവാചിയായിരിക്കണമെന്നു നിർബ്ബന്ധമില്ലാത്തതിനാൽ പല സ്ഥലങ്ങളിലും ഇവയ്ക്കു് അർത്ഥസാമ്യം വരുന്നു. സംസ്കൃതത്തിലും ദെർഘ്യം, ആയാമം എന്ന ശബ്ദങ്ങളിലെപ്പോലെ ചിലെടത്തു കൃത്തദ്ധിതങ്ങൾക്കു പര്യായത കാണുന്നുണ്ടു്. ഒരേ അർത്ഥത്തിൽ രണ്ടു ശബ്ദമിരുന്നാൽ അവയ്ക്കു പ്രയോഗത്തിൽ വിഷയവിവേചനം ചെയ്യുന്നതു് ഒരു ഭാഷാധർമ്മമാകയാൽ താഴെ കാണിച്ചിരിക്കുന്ന കൂട്ടങ്ങളിൽ അർത്ഥതാരതമ്യം ഉൗഹിക്കുക:

വന്മ 1. നൽ -

നന്മ

}

2.

വെൾ

-

വെണ്മ

}

3.

വല്

- വലുപ്പം നലം വെളുപ്പു് വൻപ് ചെമ്മ

ചെപ്പു് ഇളമ } പഴമ 4. ചെം - ചെമപ്പു് 5. ഇള - ഇളപ്പം 6. പഴ - പഴക്കം ചെമ്പു്

അതുള്ളതിത്യാദ്യർത്ഥത്തിൽ അൻ തദ്വത്തെന്ന തദ്ധിതം.

അതുള്ളതു്, അതിലുള്ളതു്, അവിടെനിന്നു വരുന്നതു്, അവിടെ ജനിച്ചതു് ഇത്യാദ്യർത്ഥങ്ങൾക്കു പൊതുവേ "തദ്വത്തദ്ധിതം' എന്നു പേർ. അതിനെക്കുറിക്കുന്നതിനു് "അൻ' എന്നു പ്രത്യയം. ഉദാ:

മൂപ്പു് (ഉള്ളവൻ) = മൂപ്പൻ നര (ഉള്ളവൻ) = നരയൻ കൂനു് (ഉള്ളവൻ) = കൂനൻ പുല (ഉള്ളവൻ) = പുലയൻ മടി (ഉള്ളവൻ) = മടിയൻ തെറി (ഉള്ളവൻ) = തെറിയൻ

ഇൗ "അൻ' ലിംഗപ്രത്യയംതന്നെ ആയിരിക്കണം. തമിഴിൽ "ആൻ' എന്നതും ഇൗ സ്ഥാനത്തു കാണുന്നുണ്ട്- ഉത്രാടത്തിൽ ജനിച്ചവൻ= ഉത്തരാടത്താൻ. ആതിരയിൽ ജനിച്ചവൻ= ആതിരയാൻ. സ്ത്രീലിംഗത്തിൽ ഇവയ്ക്ക്- കൂനി, മടിച്ചി, മൂപ്പത്തി, പുലച്ചി എന്നു സ്ത്രീലിംഗരൂപങ്ങൾതന്നെ; എന്നാൽ നപുംസകത്തിൽ രൂപഭേദം ഇല്ല; പുല്ലിംഗരൂപം തന്നെ.

കോട്ടാറൻ - ചരക്കു് ആലങ്ങാടൻ - ശർക്കര നാലകാതൻ - ചരക്കു് പരുന്തുവാലൻ- ഒാടി (വള്ളം) കിഴക്കൻ - കാറ്റു് തെക്കൻ - ഭാഷ കരയൻ - മുണ്ടു് ആനക്കൊമ്പൻ - അരി

ധനി, ധനവാൻ, ധനികൻ ഇത്യാദി, സംസ്കൃതത്തിലെ തദ്വത്തുകൾ, അല്പീയസു്, അല്പിഷ്ഠം, മൃദുതരം, മൃദുതമം എന്ന അതിശായനതദ്ധിതം ഭാഷയിലില്ല; അടുത്തു പറയുന്ന "നാമനിർമ്മായി' എന്നതു് സംസ്കൃതത്തിലുമില്ല.

അനൾതുവെന്ന ലിംഗംതാൻ നാമനിർമ്മായിതദ്ധിതം, നാമാംഗാധാരികാഭാസ സംബന്ധികകൾ മൂന്നിലും.

അൻ, അൾ, തു എന്ന ലിംഗപ്രത്യയങ്ങൾതന്നെ പേരെച്ചം, ആധാരികാഭാസം, സംബന്ധികാവിഭക്തി ഇതുകളിൽ ചേർന്നു് അവയെ നാമങ്ങളാക്കിത്തീർക്കും. ഇൗ തദ്ധിതത്തിനു് "നാമനിർമ്മായി' എന്നു പേർ. പേരെച്ചങ്ങളിൽ അ + അൻ = അവൻ, അ + അൾ = അവൾ എന്ന രൂപങ്ങളെ മിക്ക ദിക്കിലും, "ഒാൻ', "ഒാൾ' എന്നു സങ്കോചിപ്പിക്കാറുണ്ടു്. ഉദാ:


കണ്ടവൻ - കണ്ടോൻ കണ്ടവൾ - കണ്ടോൾ ഭൂതപേരെച്ചം - കണ്ട കണ്ടതു - കണ്ടോർ കണ്ടതു - - -


കാൺമവൻ - കാൺമോൻ ഭാവിപേരെച്ചം - കാൺമൂ കാൺമവൾ - കാൺമോൾ കാൺമവർ - കാൺമോർ കാൺമതു - - -


ഇരിപ്പവൻ - ഇരിപ്പോൻ ഭാവിപേതെച്ചം - ഇരിപ്പൂ ഇരിപ്പവൾ - ഇരിപ്പോൾ ഇരിപ്പവർ - ഇരിപ്പോർ ഇരിപ്പതു - - -


ചൊല്ലുവവൻ - ചൊല്ലുവോൻ ഭാവിപേരെച്ചം - ചൊല്ലും ചൊല്ലുവവൾ - ചൊല്ലുവോൾ ചൊല്ലുവവർ - ചൊല്ലുവോർ ചൊല്ലുവതു - - -


കാണുന്നവൻ - കാണുന്നോൻ വർത്തമാനപേരെച്ചം - കാണുന്ന കാണുന്നവൾ - കാണുന്നോൾ കാണുന്നവർ - കാണുന്നോർ കാണുന്നതു - - -


പുതിയവൻ - പുതിയോൻ സ്വാർത്ഥം - പുതിയ പുതിയവൾ - പുതിയോൾ പുതിയവർ - പുതിയോർ പുതിയതു - - -

സംബന്ധിക - എന്റെ എന്റേവൻ, ---- വൾ, ---- ത് ആധാരികാഭാസം - ഇന്നത്തെ ഇന്നത്തേവൻ, -- വൾ, ----ത്

സംഖ്യാനാമത്തിലാമെന്നു വരും പൂരണിതദ്ധിതം.

സംഖ്യാവാചികളായ നാമങ്ങളിൽ ""അതിനെ പൂരിപ്പിക്കുന്ന എന്ന അർത്ഥത്തിൽ "ആം' പ്രത്യയം വരും; ഇതിനു "പൂരണി' എന്നു പേർ.

ഉദാ: ഒന്ന്- ഒന്നാം, രണ്ട്- രണ്ടാം, നൂറ്- നൂറാം.

ഇൗ "ആം', "ആകും' എന്ന ഭാവിപേരെച്ചത്തിന്റെ സങ്കോചിതരുപംതന്നെ എന്നു സ്പഷ്ടമാകുന്നു. പുല്ലിംഗവിവക്ഷയിൽ ഇതിൽ "അൻ' ചേർത്തു് ഒന്നാമൻ, രണ്ടാമൻ, എന്നു രൂപങ്ങൾ ചെയ്യാം; എന്നാൽ സ്ത്രീലിംഗത്തിൽ ഒന്നാമി, രണ്ടാമി എന്നുപറയാറില്ല. അത്തു+ എ എന്നു വിഭക്ത്യാഭാസം ചേർത്തു് "ഒന്നാമത്തെ' എന്നു രൂപം സമ്പാദിച്ചതിനുമേൽ അതിൽ അടുത്തു മുൻകാണിച്ച നാമനിർമ്മായിതദ്ധിതം കൊണ്ടു് "ഒന്നാമത്തേവൻ, -- വൾ, --- തു' എന്നു വളച്ചുകെട്ടിയുണ്ടാക്കുന്ന രുപം മാത്രമേ സ്ത്രീലിംഗത്തിൽ ഉപയോഗിക്കാറുള്ളു.

ഇനി ചുട്ടെഴുത്തുകൾക്കു പ്രതേ്യകമുള്ള ചില തദ്ധിതരൂപങ്ങളെ കാണിക്കുന്നു:

ദേശകാലപ്രമാണാർത്ഥം കാട്ടാന- ഇ- എ മൂന്നിലും വരും തദ്ധിതരൂപങ്ങൾ അങ്ങന്നത്ര കണക്കിനു്.

അ, ഇ, എ എന്ന സർവ്വനാമങ്ങൾക്കു ദേശമർത്ഥത്തിൽ "ങ്ങ്' എന്നും, കാലമർത്ഥത്തിൽ "ന്ന്' എന്നും, പ്രമാണം(അളവ്) അർത്ഥത്തിൽ "ത്ര' എന്നും തദ്ധിതങ്ങൾ.

അങ്ങു്, അന്നു്, അത്ര, ഇങ്ങു്, ഇന്നു്, ഇത്ര, എങ്ങു്, എന്നു്, എത്ര.

"കു' പ്രത്യത്തിൽ അനുനാസികം ചേർന്നു് അങ്കു= അങ്ങു എന്നും, "റു' പ്രത്യയത്തിൽ അനുനാസികം ചേർന്നു് അന്റു= അന്നു എന്നും, തിര(=മാത്ര)എന്ന ശബ്ദം ദുഷിച്ചു് "അത്ര' എന്നും രൂപം ഉണ്ടാകുന്നു. പഴയ മലയാളത്തിൽ അത്തിര, ഇത്തിര, എത്തിര എന്നു പൂർണ്ണരൂപംതന്നെ നടപ്പായിരുന്നു.

ങനം (=പ്രകാരം) എന്ന തമിഴു് ശബ്ദത്തിൽ "എ' എന്ന നിപാതം ചേർത്തു് അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്ന രൂപങ്ങൾ ഉണ്ടായി. പൊഴുതു(=കാലം) എന്ന ശബ്ദത്തിലെ "തു' ലോപിപ്പിക്കുമ്പോൾ അപ്പോൾ, ഇപ്പോൾ, എപ്പോൾ, എന്നു രൂപങ്ങൾ സിദ്ധിക്കുന്നു.