കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

മലനാട്ടിലെ കൊടുന്തമിഴായിരുന്ന ഭാഷ ഇപ്പോൾ നാം സംസാരിക്കുന്ന മലയാളമായിപ്പരിണമിക്കാനുള്ള നിമിത്തങ്ങളെയും സന്ദർഭങ്ങളെയും പ്രതിപാദിച്ചു തീർന്നു. ഇനി പുരാതനദശയ്ക്കും ആധുനികദശയ്ക്കും മദ്ധ്യേ പ്രകൃതഭാഷയ്ക്കു് ഏതേതു് അന്തരാളദശകൾ അല്ലെങ്കിൽ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു് വിചാരണ ചെയ്യാം: ഒരു തേങ്ങ മണ്ണിൽ കുഴിച്ചിട്ടാൽ അതു തെങ്ങായി കാച്ചുവരുംമുൻപേ അതിനു് പല അവസ്ഥകളും ഉണ്ടല്ലോ. നാമ്പു മുളച്ചു ഓല വിരിയുന്നതുവരെ ഒരു ഘട്ടം; ഓല വിരിഞ്ഞാൽ തടിവിരിയുന്നതു വരെ രണ്ടാം ഘട്ടം; തടി ആയാൽ കായ്ക്കുവാൻ തുടങ്ങും; ക്രമേണ മൂത്തു വലുതാകും എന്നല്ലാതെ പിന്നീടു് ആകൃതിഭേദത്തിനൊന്നും വകയില്ല. ഈ ദൃഷ്ടാന്തത്തിൽ കാണുന്നതുപോലെ മലയാളഭാഷയ്ക്കും മൂന്നു മഹാദശകളെ കല്പിക്കാം: കൊല്ലവർഷാരംഭഘട്ടമായ ക്രിസ്ത്വബ്ദം 825 നു മേലേ മലയാളം ഒരു സ്വതന്ത്രഭാഷയുടെ നിലയിൽ എത്തിയുള്ളു എന്നു് മുൻപുതന്നെ പ്രതിപാദിച്ചിട്ടുണ്ടു്. അതിനാൽ കൊല്ലവർഷാരംഭത്തിനു മുൻപുള്ള കാലത്തെ, മാതാവായ "തമിഴിന്റെ' അല്ലെങ്കിൽ "മൂലദ്രാവിഡ ഭാഷയുടെ' ഗർഭത്തിൽ വസിച്ചിരുന്ന കാലമായി ഗണിച്ചാൽ മതിയാകും. അക്കാലത്തു് ഉണ്ടായിട്ടുള്ള "പതിറ്റിപ്പത്ത്' മുതലായ കൃതികളെ തമിഴുഗ്രന്ഥങ്ങളായിട്ടാണല്ലോ ഇന്നും വിചാരിച്ചുപോരുന്നതു്. ആവക കൃതികൾ കേരളവാസികളാൽ നിർമ്മിതങ്ങളാണെങ്കിലും തമിഴർ അതുകളെ നമുക്കു വിട്ടുതരുകയും ഇല്ല. അതിനാൽ കൊടുന്തമിഴിൽ എഴുതിയിട്ടുള്ള കൃതികളെപ്പറ്റി മലയാള ഭാഷാചരിത്രത്തിനു് ഒന്നും പറയുവാൻ അവകാശം ഇല്ല.

കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം:

  1. ആദ്യഘട്ടം- ബാല്യാവസ്ഥ- കരിന്തമിഴുകാലം: കൊല്ലവർഷം 1--500 വരെ ക്രിസ്ത്വബ്ദം 825-1325.
  2. മദ്ധ്യഘട്ടം- കൗമാരാവസ്ഥ- മലയാണ്മക്കാലം: കൊല്ലവർഷം 500-800 ക്രിസ്ത്വബ്ദം 1325-1625
  3. ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം: കൊല്ലവർഷം 800 മുതൽ ഇതുവരെ ക്രിസ്ത്വബ്ദം 1625 മുതൽ- ഇതുവരെ.

1.കരിന്തമിഴായിപ്പിറന്ന കേരളഭാഷ അഞ്ഞൂറു സംവത്സരക്കാലം ബാല്യവയസ്സിനു് തുല്യമായ കരിന്തമിഴവസ്ഥയിൽ ഇരുന്നിട്ടു്, അതിൽ പകുതിയിലധികംകാലം വ്യാപിക്കുന്ന കൗമാരപ്രായം "മലയാണ്മ' എന്നു പറയുന്ന ദശയിൽ കഴിച്ചുകൂട്ടിയിട്ടു് യൗവനാവസ്ഥയിൽ "മലയാളം' എന്ന നാമധേയം ഗ്രഹിച്ചിരിക്കുന്നു.

നമ്മുടെ ഭാഷയെ തമിഴിൽനിന്നും ഭിന്നിപ്പിച്ചു് സ്വതന്ത്രഭാഷയാക്കിത്തീർക്കുവാൻ ഉത്സാഹിച്ചതു് ആര്യന്മാരുടെ സംസ്കൃതം ആണെങ്കിലും അതിനു് ബാല്യദശയിൽ വളരെ അധികാരം ഭരിക്കാനൊന്നും സാധിച്ചിരിക്കുകയില്ല. മുൻചൊന്ന നയങ്ങളിൽ പുരുഷപ്രത്യയനിരാസവും അനുനാസികാതിപ്രസരവും മാത്രമേ അക്കാലത്തു് വ്യാപരിച്ചിരിക്കുവാൻ ഇടകാണുന്നുള്ളൂ. ബാലികയായ കേരളഭാഷയുടെ രക്ഷാകർത്തൃസ്ഥാനം തമിഴിനുതന്നെ ആയിരുന്നു. അതിനാലാണു് കരിന്തമിഴു് എന്നു് തമിഴ്പ്പദംചേർന്ന നാമധേയം ആ അവസ്ഥയ്ക്കു കൊടുത്തതു്. സംസ്കൃതപദങ്ങളെ സ്വീകരിക്കാതിരുന്നിരിക്കുകയില്ല. എന്നാൽ അതു-ക-ളെല്ലാം തത്ഭ-വ-ങ്ങ-ള-ല്ലാതെ തത്സ-മ-ങ്ങ-ളാ-യി-രി-ക്കു-ക-യി-ല്ല; അക്കാലത്തു് തമിഴുമായുള്ള സംസർഗ്ഗം ക്രമേണ ക്ഷയിക്കുകയും സംസ്കൃതവുമായുള്ള ബന്ധം വർദ്ധിക്കുകയും ചെയ്തുവന്നു. ഭേദഗതികൾ ആദ്യമായി ഗൃഹ്യഭാഷയിൽ കടന്നുകൂടിയിട്ടു് മുറയ്ക്കു് ഗ്രന്ഥഭാഷയെയും ബാധിച്ചിരിക്കണം. എന്നാൽ അക്കാലത്തു ചമച്ചിട്ടുള്ള കൃതികൾ വളരെ ചുരുക്കമായിട്ടേ നമുക്കു ലഭിച്ചിട്ടുള്ളു. കവികളും കൃതികളും ഉണ്ടാകാതെവരുവാൻ ഇടയില്ല. ആവക പുരാതനകൃതികളിൽ നാലഞ്ചെണ്ണമെങ്കിലും വെളിപ്പെട്ടുവരുംമുൻപു് വെറും ഊഹംകൊണ്ടു് അക്കാലത്തെ ഭാഷാചരിത്രത്തെ സങ്കല്പിച്ചുണ്ടാക്കുന്നതു് സാഹസമായിരിക്കും. "യാത്രാംഗ'ത്തിലെ നാലുപാദം, "ഭദ്രകാളിപ്പാട്ടി'ലെ ചില ഭാഗങ്ങൾ, ചില പുരാതനകീർത്തനങ്ങൾ ഇതെല്ലാം കരിന്തമിഴ്കാലത്തിന്റെ ആരംഭത്തിൽ ഉള്ളതായിരിക്കുവാൻ ഇടയുണ്ട്; രാമചരിതം അതിന്റെ അവസാനത്തുണ്ടായ കാവ്യമായിരിക്കാം.

2. "മലയാണ്മ' എന്ന ഘട്ടത്തിൽ കൗമാരവയസ്സിനു് അനുരൂപമായ ദുസ്സ്വാതന്ത്ര്യം കാണുന്നുണ്ടു്. തമിഴു് തനിക്കുണ്ടായിരുന്ന രക്ഷാകർത്തൃത്വം സ്വമനസ്സാലേ ഒഴിഞ്ഞുകൊടുക്കുന്നില്ല; എന്നാൽ സംസ്കൃതം ബലാൽക്കാരമായി തനിക്കാണെന്നു് ഭാവിച്ചുതുടങ്ങി. അക്കാലത്തു കളിയായിച്ചെയ്തിട്ടുള്ള ഒറ്റശ്ലോകങ്ങളിൽ മാത്രമല്ല

""താൾപ്പൂട്ടയന്തി തകരാഃ കറികൊയ്ത ശേഷാഃ

. . . . . . . . . . . . . . . . . . . . . . . . . . . . . . .

മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ

""കൊട്ടത്തേങ്ങാഭിരപ്പെഃ. . . . . . . .

ഇത്യാദിപോലെ ദ്രാവിഡപ്രകൃതികളിൽ സംസ്കൃതവിഭക്തികളും ലകാരങ്ങളും ചേർത്തുള്ള പ്രയോഗങ്ങൾ കാണുന്നത്; "ഉണ്ണുനീലിസന്ദേശം' മുതലായി കാര്യമായി വെച്ചിട്ടുള്ള കൃതികളിലും ഈ വക കോമാളിരൂപങ്ങൾ ധാരാളമുണ്ടു്.

""മാകന്ദാനാം തണലിൽ മണലിൽ കുഞ്ചിഭിശ്ചലാഗ്രഃ 60
""അത്യാമോദാൽ പുനരയി! സഖേ! പാലവും പിന്നിടേഥാഃ 115
""മാടമ്പീനാമവിടെ വസതാം ധന്യമാകും നിവാസം 118
""ചേടീവക്ത്രം പുനരൊരു കരംകൊണ്ടുതാൻ പൊത്തിയിത്വാ 139

ഇത്യാദികൾ നോക്കുക. ഈ ദുസ്സ്വാതന്ത്ര്യത്തിൽനിന്നും ആയിരിക്കണം മണിപ്രവാളകവിതയുടെ ഉൽപ്പത്തി. തമിഴ്കാവ്യങ്ങൾക്കു പ്രചാരം കുറഞ്ഞു് നാട്ടുഭാഷ ഭേദിച്ചുവരുന്തോറും ചെന്തമിഴിന്റെ അർത്ഥം ഗ്രഹിക്കുന്നതു് ജനങ്ങൾക്കു് അസാദ്ധ്യമായിത്തുടങ്ങി; സംസ്കൃതത്തിന്റെ പുതുമയും പ്രൗഢിയും കാവ്യരസികന്മാരെ ആകർഷിക്കുകയും ചെയ്തു. പ്രഭുത്വവും പഠിത്തവും ഉള്ള രാജാക്കന്മാരും നമ്പൂരിമാരും സംസ്കൃതത്തെ അല്ലാതെ നാട്ടുഭാഷയെ ആദരിച്ചില്ല; എന്നാൽ നാട്ടുഭാഷയോടു ബന്ധം ഇല്ലാതെ സംസ്കൃതത്തിൽത്തന്നെ കവിതചെയ്താൽ കേട്ടുരസിക്കുവാൻ ആളുകൾ ചുരുങ്ങുകയും ചെയ്യും. ഈ സ്ഥിതിക്കു് രണ്ടുംകലർന്ന കവിതയ്ക്കുവേണ്ടി ഒരു ഭാഷ സൃഷ്ടിക്കുകയേ നിർവ്വാഹമുള്ളുവല്ലോ. ഇതാണു് മണിപ്രവാളഭാഷ.

രണ്ടു ഭാഷകളും കലർത്തുക എന്നു വരുമ്പോൾ സംസ്കൃതപ്രകൃതികളിൽ ദ്രാവിഡവിഭക്തികളും മററുപ്രത്യയങ്ങളും ചേർക്കുന്നതുപോലെ മറിച്ചു് ദ്രാവിഡപ്രകൃതികളിൽ സംസ്കൃതവിഭക്തിലകാരാദികൾ ചേർക്കുന്നതിലും എന്താണു ന്യായവിരോധം? "ഒന്നു് ശരി; മറേറതു് തെററ്' എന്നു് നമുക്കു തോന്നുന്നുവെങ്കിൽ അതു് പഴക്കത്താലുണ്ടായ പക്ഷപാതമെന്നേ പറഞ്ഞു കൂടു. എന്നാൽ ന്യായാന്യായങ്ങളെ വിചാരിച്ചല്ലെങ്കിലും സംസ്കൃതവിഭക്ത്യാദിപ്രത്യയങ്ങൾ ചേർത്തു് ദ്രാവിഡപ്രകൃതികളിൽനിന്നും രൂപാവലി നിർമ്മിക്കുക എന്ന ഏർപ്പാടു് നടക്കാത്തതാണെന്നു് നമ്മുടെ പൂർവ്വികന്മാരും എളുപ്പത്തിൽ മനസ്സിലാക്കി. സംസ്കൃതത്തിലെ രൂപനിഷ്പാദനസമ്പ്രദായം സന്ധികൊണ്ടും ആഗമാദേശാദിവികാരങ്ങൾകൊണ്ടും പ്രകൃതി തിരിച്ചറിയുവാൻ പാടില്ലാത്തവിധം പലയിടത്തും ഭേദപ്പെട്ടുപോകും. മുൻകാണിച്ച (ഉ.സം.60) "കുഞ്ചിഭിഃ' എന്ന തൃതീയാബഹു വചനത്തിൽ വലിയ വികാരമൊന്നും കാണുന്നില്ലെങ്കിലും അതിന്റെതന്നെ "കുഞ്ചയഃ' എന്ന പ്രഥമാബഹുവചനമോ "കുഞ്ചേഃ' എന്ന ഷഷ്ഠ്യേകവചനമോ "കുഞ്ചൗ'എന്ന സപ്തമേ്യകവചനമോ നോക്കിയാൽ സന്ധികൊണ്ടുള്ള വൈരൂപ്യം തെളിയും. എന്നു മാത്രമല്ല, "മകൻ', "മകൾ' ഇത്യാദി ലിംഗപ്രത്യയമുള്ള ദ്രാവിഡശബ്ദങ്ങൾക്കു് സംസ്കൃതവിഭക്തി ഒട്ടും ഘടിക്കുകയും ഇല്ല. ക്രിയാപദങ്ങളുടെ സ്ഥിതിയോ ഇതിലും കഷ്ടമാണു്. "മണ്ടന്തി' എന്ന ലട്ടു് ഒരുവിധം കഴിച്ചുകൂട്ടാമെങ്കിലും, "അമണ്ടൽ', "അമണ്ടൻ' ഇത്യാദി ലങ്രൂപങ്ങൾ ഒരിക്കലും യോജിക്കുകയില്ല. ആത്മനേപദി, പരസ്മെപദി, ഉഭയപദി, സേടു്, അനിടു്, വേടു് സർവ്വഘാതുകം, ആർദ്ധധാതുകം, ഗുണ്യം, അഗുണ്യം ഇത്യാദി ഭേദോപാധികളെല്ലാം നോക്കി അറിഞ്ഞു് ധാതുക്കളുടെ രൂപം നിർണ്ണയിക്കുന്നതു സംസ്കൃതത്തിൽത്തന്നെ ശ്രമസാദ്ധ്യമായിരിക്കുന്നു; പിന്നെയാണോ വേറൊരു ഭാഷയിൽ ഈവക കൃത്രിമങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നത്? അതിനാൽ സംസ്കൃതവ്യാകരണ പ്രകാരം ഭാഷാശബ്ദങ്ങൾക്കു് രൂപാവലിചെയ്യുക എന്നതു് അസാദ്ധ്യമെന്നു് മണിപ്രവാള പ്രവർത്തകന്മാർക്കു് ഉടനേ ബോധപ്പെട്ടു. ആവക പ്രയോഗങ്ങൾ ധാടിക്കു വേണ്ടി ഇടയ്ക്കിടെ തട്ടിവിട്ടിരിക്കാം എന്നല്ലാതെ ധാരാളമായി സ്വീകരിച്ചിരിപ്പാൻ ഇടയില്ല.

മറിച്ചു് സംസ്കൃതപ്രകൃതികൾ എടുത്തു് ഭാഷാവ്യാകരണപ്രകാരം അവയ്ക്കു് രൂപങ്ങളുണ്ടാക്കി പ്രയോഗിക്കുക എന്നതു് ധാരാളവുമായി. മധ്യേമധ്യേ സംസ്കൃതവിഭക്തിരൂപങ്ങളെയും ക്രിയാ പദങ്ങളെയും അവ്യയങ്ങളെയും പ്രയോഗിക്കാം എന്നും ഏർപ്പാടു ചെയ്തു. തെലുങ്കു്, കർണ്ണാടകം എന്നീ സ്വസൃഭാഷകളും ഈ വിധത്തിൽത്തന്നെയാണു് മണിപ്രവാളഭാഷയെ കല്പിച്ചതു്. തമിഴരും മണിപ്രവാളം പരീക്ഷിച്ചുനോക്കിയില്ലെന്നില്ല; പക്ഷേ, അതു് ആ ഭാഷയിൽ വേരൂന്നുവാൻ ഇടയാകാതെ ക്ഷയിച്ചുപോയി. മണിപ്രവാളത്തിൽ മണിയുടേയും പ്രവാളത്തിന്റേയും ചേരുമാനം ഇന്നവിധം വേണമെന്നുള്ളതിലേക്കു് തീവ്രനിയമങ്ങൾ "ലീലാതിലകം' എന്ന പുസ്തകത്തിൽ ചെയ്തുകാണുന്നതിനാൽ ഈ മിശ്രഭാഷയ്ക്കു് മലയാളദേശത്തു മാത്രമല്ല, ദ്രാവിഡഭൂഖണ്ഡം മുഴുവനും ഒരുകാലത്തു് എത്ര പ്രാബല്യം സിദ്ധിച്ചിരുന്നു എന്നു് ഊഹിക്കാം. സംസ്കൃതത്തിലെ നാമങ്ങളെയും ധാതുക്കളെയും ഭാഷയിലെടുത്താൽ രൂപസിദ്ധിക്കുവേണ്ടി അതുകളെ പെരുമാറുന്നതിനു വേണ്ടുന്ന തത്ഭവപ്രക്രിയകളും ഇക്കാലത്താണു് ഏർപ്പെട്ടതു്. പ്രധാനപ്പെട്ട ചമ്പൂഗ്രന്ഥങ്ങൾ എല്ലാം ഈ ഘട്ടത്തിൽ ഉണ്ടായ കൃതികളായിരിക്കണം.

സംസ്കൃതകവികൾക്കേ മണിപ്രവാളകവിത ചെയ്വാൻ സാധിക്കുകയുള്ളുവല്ലോ. അതിനാൽ ആരംഭത്തിലെ മണിപ്രവാളഗ്രന്ഥകാരന്മാരെല്ലാം നമ്പൂരിമാർ ആയിരുന്നു. അവർ സംസ്കൃതത്തിലെ വ്യാകരണത്തെ എന്നപോലെ വൃത്തശാസ്ത്രത്തെയും ഭാഷയിൽ അവതരിപ്പിച്ചു. "ഉണ്ണുനീലിസന്ദേശം', "ചന്ദ്രാത്സവം', "ചമ്പുക്കൾ' ഇതെല്ലാം സംസ്കൃതവൃത്തങ്ങളിൽ വിരചിതങ്ങളായ പദ്യങ്ങളാൽ ഉപകല്പിതമാകുന്നു. ഈവക കവിതകളിൽ പരിപൂർണ്ണ സംസ്കൃതങ്ങളായ ശ്ലോകങ്ങളും അപൂർവ്വമല്ല. സംസ്കൃതത്തിൽത്തന്നെ ശ്ലോകം ചമച്ചിട്ടു് വല്ല മൂലയിലും മുക്കിലും ഒന്നോ രണ്ടോ ഭാഷാപദം പ്രയോഗിച്ചാൽ ശ്ലോകം മുഴുവൻ മണിപ്രവാളമായി. എന്നാൽ ഒരു ശാസ്ത്രഗ്രന്ഥം ചെയ്യുകയാണെങ്കിൽ അതിനു മലയാളം തൊട്ടുതെറിപ്പിച്ച മണിപ്രവാളം പോലും പോരാ, ശുദ്ധസംസ്കൃതംവേണം എന്നായിരുന്നു അന്നത്തെ വിചാരം; അതാണു് "ലീലാതിലകം' സംസ്കൃതത്തിലെഴുതുവാൻ ഉള്ള കാരണം. മധ്യഘട്ടത്തിലെ മണിപ്രവാളകവികളായ ബ്രാഹ്മണരുടെ കൂട്ടത്തിൽ ചെറുശ്ശേരി ഒരാൾ മാത്രമേ സംസ്കൃതഭ്രമം കയറിമറിഞ്ഞു് ഭാഷയെ അനാദരിക്കാതിരുന്നിട്ടുള്ളു. ഇതരവർഗ്ഗക്കാരാകട്ടെ, തമിഴിനു് ജാത്യാലുള്ള പ്രാധാന്യം മറന്നു കളഞ്ഞില്ല. അവർ "കവിപാടിയത്' തമിഴ്വൃത്തങ്ങളിൽത്തന്നെ ആയിരുന്നു; സൗകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെയും സമാസങ്ങളെയും അപൂർവ്വമായി വിഭക്ത്യന്തങ്ങളെയുംകൂടി ഉപയോഗിച്ചു എന്നേ ഉള്ളൂ. ഇക്കൂട്ടത്തിൽ പ്രധാനികൾ നിരണംകവിയായ കണ്ണശ്ശപ്പണിക്കരും അയ്യപ്പിള്ള ആശാനും ആകുന്നു. ഈ ഘട്ടത്തിലും തച്ചൊള്ളിപ്പാട്ടു് മുതലായ ചില കൃതികൾ സംസ്കൃതബന്ധം ഒട്ടും കൂടാതെ ഉണ്ടായിട്ടുണ്ടു്. ഭാഷയുടെ ഉപചയത്തെപ്പററി നോക്കുമ്പോൾ ഇക്കാലത്തു് മുൻചൊന്ന ആറു നയങ്ങളിൽ ഓരോന്നിനും, ഗൃഹ്യഭാഷയിൽ ശാശ്വതികമായ പ്രതിഷ്ഠ ലഭിക്കുകയാൽ ഗ്രന്ഥഭാഷയിലും പ്രവേശം പ്രായേണ സർവ്വസമ്മതമായി സിദ്ധിച്ചു.

3. ഇത്രയുംകാലംകൊണ്ടു് കേരളഭാഷയ്ക്കു് പ്രായംതികഞ്ഞു് തന്റേടം വന്നു. ഇനിമേൽ ഒരു രക്ഷകർത്താവിനു് കീഴടങ്ങി ഇരിക്കുന്ന ആവശ്യം ഇല്ല. യൗവനദശയിൽ എത്തിയ സ്ഥിതിക്കു് മേലാൽ സഹായത്തിനു വേണ്ടതു് രക്ഷകർത്താവല്ല; ഭർത്താവാണു്. ബാല്യംമുതൽതന്നെ ഉള്ള സഹവാസത്താൽ മനസ്സിനു് നന്നേ ഇണങ്ങിയ ഒരു വരൻ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡഗോത്രജാതയായ "സൗഭാഗ്യവതി കേരളഭാഷ' ആര്യവംശാലങ്കാരഭൂതനായ "ചിരഞ്ജീവി സംസ്കൃതവര'ന്റെ സ്വയംവരവധുവായ്ച്ചമഞ്ഞു് മേല്ക്കുമേൽ ഉല്ലസിക്കുന്നു. ഈ ശോഭനമായ സംബന്ധം അല്ലെങ്കിൽ വിവാഹം വേണ്ടുംവണ്ണം ആലോചിച്ചു് ഭംഗിയായി നടത്തിയ ആൾ സാക്ഷാൽ തുഞ്ചത്തു് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാൻ ആകുന്നു. സംസ്കൃതവല്ലഭയായിച്ചമഞ്ഞ മലയാളഭാഷയ്ക്കു് തമിഴിന്റെ ജീർണ്ണവും വർണ്ണകലുഷവും ആയ അക്ഷരമാലാകഞ്ചുകം ഒട്ടും പര്യാപ്തമല്ലെന്നായി. കേരളീയവിവാഹസമ്പ്രദായത്തിൽ "മുണ്ടുകൊടുക്കുക'യാണല്ലോ ഒരു പ്രധാനക്രിയ. ഭാഷകൾക്കു വസ്ത്രസ്ഥാനം വഹിക്കുന്നതു് അക്ഷരമാലയാണ്; അതിനാൽ മലയാളഭാഷ സംസ്കൃതദത്തമായ ആര്യ എഴുത്തു് ഇക്കാലത്തു സ്വീകരിച്ചു. അക്ഷരമാല മാറിയതോടുകൂടി മലയാളത്തിന്റെ ബാഹ്യവേഷം ആകെപ്പാടെ മുഴുവൻ ഭേദപ്പെടുകയും ചെയ്തു.

മണിപ്രവാളത്തിനു് പ്രാചീനന്മാർ വളരെ നിഷ്കർഷിച്ചു് ലക്ഷണം ചെയ്തിട്ടുണ്ടു്. ഈയിടെ കണ്ടുകിട്ടിയ "ലീലാതിലകം' എന്ന ഗ്രന്ഥം മലയാളഭാഷയിൽ കവിത ആരംഭിച്ച അക്കാലത്തുതന്നെ മഹാന്മാർ ചെയ്തിട്ടുള്ള വ്യവസ്ഥകളെ എല്ലാം വ്യക്തമായിപ്രസ്താവിക്കുന്നുണ്ടു്. "ലീലാതിലകം" എന്നതു് മണിപ്രവാളകവിതയെപ്പററി സംസ്കൃതത്തിൽ ചമച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണു്. ഈ ഗ്രന്ഥത്തിനു് "ശില്പം' എന്നു പേരുള്ള എട്ടു വിഭാഗങ്ങൾ ഉണ്ടു്. മണിപ്രവാളത്തിന്റെ സ്വരൂപവും ലക്ഷണവും ഒന്നാംശില്പത്തിൽ വിവരിച്ചിരിക്കുന്നു. മണിപ്രവാളശരീരനിരൂപണമാണു് രണ്ടാംശില്പം. ഇതിൽ ഭാഷയുടെ നിരുക്തവും നാമങ്ങളുടെയും ക്രിയാപദങ്ങളുടെയും രൂപനിഷ്പത്തിയും അടങ്ങിയിരിക്കുന്നു. മൂന്നാംശില്പം സന്ധിവിവരണം ആകുന്നു. ദോഷാലോചനം നാലാം ശില്പത്തിലും, ഗുണവിചാരം അഞ്ചാംശില്പത്തിലും ചെയ്തിരിക്കുന്നു, ശബ്ദാലങ്കാരം ആറിലും അർത്ഥാലങ്കാരം ഏഴിലും എന്നു്. അലങ്കാരപ്രതിപാദനപരങ്ങളാണു് അടുത്ത രണ്ടു ശില്പങ്ങൾ. ഒടുവിലത്തേതായ എട്ടാംശില്പം രസനിരൂപണത്തിനായി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ഈവിധം ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും കൂടിക്കലർന്നതാണു് "ലീലാതിലകം'. ഗ്രന്ഥകർത്താവിന്റെ പേർ അറിയുന്നതിനു മാർഗ്ഗമില്ല. കാശികാവൃത്തി, കാവ്യപ്രകാശം മുതലായ സംസ്കൃതഗ്രന്ഥങ്ങളുടെ തോതിലാണു് ഈ ഗ്രന്ഥം ചമച്ചിട്ടുള്ളതു്. കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു് വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പലവിചാരണകളും സ്വതന്ത്രമായിചെയ്യുന്നു. സൂത്രങ്ങൾ സ്വയം പ്രണീതങ്ങളല്ല; പുരാണങ്ങളാണെന്നു് പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ ചിലയിടത്തു് "ച' ശബ്ദം ഉത്തര സൂത്രത്തിൽനിന്നും "അനുകർഷിക്കണം' എന്നും മററും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാൾതന്നെ നിർമ്മിച്ചതാണെങ്കിൽ ഈവക റിമാർക്കുകൾക്കു് ആവശ്യം ഇല്ല. സൂത്രകാരൻ വേറെ ഒരാൾ ആണെന്നു് അതിനാൽ കല്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ ആ ആചാര്യൻ ആരാണെന്നു് ഊഹിക്കുന്നതിനു് ലീലാതിലകം മുഴുവൻ ശ്രദ്ധയോടുകുടി വായിച്ചിട്ടും എനിക്കു സാധിച്ചിട്ടില്ല. ലീലാതിലകം എഴുതിയ ആൾ തമിഴിലും സംസ്കൃതത്തിലും ഒന്നുപോലെ പ്രാമാണികത്വം ലഭിച്ച ഒരു മഹാൻ ആയിരുന്നു എന്നുമാത്രം നിസ്സംശയമായിപ്പറയാം. ഇതിൽ ഉദാഹരണത്തിനു് എടുത്തിട്ടുള്ള ശ്ലോകങ്ങൾ മിക്കതും അശ്രുതപൂർവ്വങ്ങളാണ്; എന്നാൽ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങൾ ഉദാഹരിച്ചു കാണുകയാൽ ആ സന്ദേശഗ്രന്ഥത്തിനു മേലാണു് ലീലാതിലകം രചിക്കപ്പെട്ടതു് എന്നുമാത്രം ഊഹിക്കാം.

"മണിപ്രവാളത്തിന്റെ ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും ആണു് ലീലാതിലകം' എന്നു പറഞ്ഞുവല്ലൊ. അതിൽ ആലങ്കാരികസിദ്ധാന്തങ്ങൾക്കു പറയത്തക്ക ഭേദങ്ങളൊന്നും ഇതേവരെ വന്നിട്ടില്ല; ശബ്ദശാസ്ത്ര നിയമങ്ങളിലാകട്ടെ ചില ഭേദഗതികൾ സംഭവിച്ചിട്ടുണ്ട്: ""ഭാഷാസംസ്കൃതയോഗോ മണിപ്രവാളം എന്ന പ്രഥമസൂത്രപ്രകാരം സംസ്കൃതത്തിലെ വിഭക്ത്യന്തങ്ങളായ നാമങ്ങളും ക്രിയാപദങ്ങളും ഇടകലർന്നുള്ള ഭാഷാപ്രയോഗമാണു് "മണിപ്രവാളം'. നാം ഇപ്പോൾ "ഭാഷ' എന്നു പറയുന്ന മലയാളത്തിനു് അന്നു "തമിഴ്' എന്നായിരുന്നു പേർ. ഇതനുസരിച്ചാണു് "ഭാഷാവ്യാഖ്യാനം' എന്ന അർത്ഥത്തിൽ "തമിഴ്ക്കുത്ത്' എന്ന പദം ഇന്നും നാം ഉപയോഗിച്ചുവരുന്നതെന്നു തോന്നുന്നു. "മണിപ്രവാളം' എന്ന പദത്തിന്റെ വ്യുത്പത്തിതന്നെ അർവ്വാചീനന്മാർ വ്യാഖ്യാനിക്കുമ്പോലെ അല്ല. "മണി' എന്നാൽ "മാണിക്യം' എന്നു പറയുന്ന ചുമപ്പുകല്ലും, "പ്രവാളം' പവിഴവും; മണിസ്ഥാനീയങ്ങളായ ദ്രാവിഡ(മലയാള)പദങ്ങളും പ്രവാളസ്ഥാനീയങ്ങളായ വിഭക്ത്യന്തസംസ്കൃതപദങ്ങളും ചേർന്ന ഭാഷ മണിപ്രവാളം. മാണിക്യത്തിനും പവിഴത്തിനും നിറം ഒന്നാകയാൽ ഇണങ്ങിച്ചേരുന്നപക്ഷം ജാതിഭേദം തെളിയാത്തതുപോലെ മലയാളവും സരളസംസ്കൃതവും സരസമായി കലർത്തിയാൽ ഭാഷാഭേദം തോന്നുകയില്ലെന്നാണു് യുക്തി. ഇതു് "വസന്തതിലകം' മുതലായ സംസ്കൃതവൃത്തങ്ങളിൽ കവിത എഴുതുന്നതിനു മാത്രം ഉപയോഗിക്കേണ്ടുന്ന ഭാഷയാണു്. ഒററപ്പദങ്ങളും ദീർഘദീർഘസമാസങ്ങളും അടിക്കടിസംസ്കൃതത്തിൽനിന്നു കടം വാങ്ങി വിഭക്തിരൂപം മാത്രം മലയാളവ്യാകരണപ്രകാരമാക്കി ഒരു കാതംവഴി നീളത്തിൽ ഗദ്യങ്ങൾ എഴുതിക്കൂട്ടിയാലും അതു "മണിപ്രവാളം' ആകുകയില്ല. ഇതിനു് "തമിഴ്' എന്നുതന്നെ പേർ. "രാമായണംതമിഴ്', "ഭാരതംതമിഴ്' എന്നു മുതലായ പേരുകളോടുകൂടി പല ഗദ്യഗ്രന്ഥങ്ങളും ചാക്യാന്മാർവശം ഇന്നും ഇരിപ്പുണ്ടു്. അവർ എന്തോ ഒരു ഭക്തിജാഡ്യം കൊണ്ടോ രഹസ്യോദ്ഘാടനവൈമുഖ്യംകൊണ്ടോ ആവക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുവാൻ മടിക്കുന്നു. ഇക്കൂട്ടത്തിൽ "രാമായണംതമിഴു'കളിൽ ഒന്നു് എന്റെ കൈവശം കിട്ടിയിട്ടുള്ളതിൽനിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചു കാണിക്കാം:

""അതിഭയങ്കരമായി ത്രിംശദ്യോജനായതമാകിന ആത്മശരീരത്തെ ചുരുക്കി ആർജ്ജിത-മാർജ്ജാരമാത്രഗാത്രനായി ഗോപുരദ്വാരത്തുങ്കലകത്തു പോകുവാനുപക്രമിക്കുവന്നവൻ ലങ്കാലക്ഷ്മിയാൽ പരിഭൂതനായി ലങ്കാലക്ഷ്മിയെ ലങ്കയിൽനിന്നും നിരാകരിച്ചു് അദ്വാരേണ ഉള്ള പ്രവേശമത്ര ശത്രുഭവനത്തിങ്കൽ വിഹിതമായിട്ടുള്ളതു് എന്നിങ്ങനെ ലങ്കാലക്ഷ്മിയുടെ ഉപദേശം നിമിത്തമായി അവിടെനിന്നും പിൻവാങ്ങി കുതിച്ചുകടന്നു് ഇടത്തുകാലകത്തുവെച്ചു് അകത്തുപുക്കു് നിന്നരുളിച്ചെയ്യുന്നോൻ. ""എങ്ങനെ എപ്രദേശത്തുങ്കലോ ആ ഉദ്യാനം യാതൊരേടത്തു ദേവി ശിംശപാശ്രിതയായി അധിവസിച്ചരുളുന്നു എന്നു് സമ്പാതിയാൽ അഭിഹിതമായി. എന്നാൽ എവിടത്തുങ്കലോ ആ ഉദ്യാനം എന്നരുളിച്ചെയ്തു് ഉദ്യാനാന്വേഷണതത്പരനായി പെരുമാറുന്നവൻ അകമ്പസദനം, നികുംഭഭവനം, സുപ്തഘനഭവനം, വജ്രദംഷ്ട്രാലയം, മേഘനാദസദനം എന്നേവമാദി നിശാചരഭവനങ്ങളിൽ വെദേഹിയെ അന്വേഷിച്ചു സഞ്ചരിക്കുന്ന കാലത്തു് വിഭീഷണഭവനമകം പുക്കു് അവനുടെ നാരായണസ്തുതികൾ കേട്ടു പ്രസന്നഹൃദയനായി കുംഭകർണ്ണാലയത്തെ പ്രാപിച്ചു് അവനുടെ മഹീദ്ധ്രസമാനമാകിന ശരീരത്തിനുടെ ദർശനത്താൽ ആശ്ചര്യോപേതനായി അവിടെ നിന്നും പിന്നെയും വിമാനത്തിന്മേൽ കരേറി നോക്കുന്ന കാലത്തു വിവിധരത്നരചിതാനേക സ്തംഭസങ്കീർണ്ണമായി മൗക്തികമാലാമനോഹരമായി മണിദീപനികരപരിഹൃതമസ്സഞ്ചയമായി കനകദണ്ഡങ്ങളാകിന വെകൊററകുടകൾ തപനീയമയങ്ങളാകിന താലവൃന്തങ്ങൾ ചന്ദ്രമരീചിധവളങ്ങളാകിന ചാമരങ്ങൾ എന്നേവമാദികളോടുംകൂടി മധുപാനമത്തനായി മണ്ഡോദരീ സഹിതനായി കിടന്നുറങ്ങുന്ന ദശകന്ധരനുടെ ശോഭാതിശയത്തെ കണ്ടു് ആശ്ചര്യോപേതനായി മണ്ഡോദരിയുടെ വെധവ്യലക്ഷണത്തെക്കണ്ടു് വെദേഹിയല്ലെന്നറിഞ്ഞു് അവിടെനിന്നും പിന്നെയും നാനാദേശങ്ങളിൽ വെദേഹിയെ അന്വേഷിച്ചു സഞ്ചരിക്കുന്ന കാലത്തു് അനന്യസാധാരണയാകിന ലങ്കാസമൃദ്ധിയെക്കണ്ടു് ആശ്ചര്യോപേതനായി അരുളിചെയ്യുന്നോൻ. ""ഏനെ ഈ രാക്ഷസ നഗരിയുടെ വരയായിരുന്ന ലക്ഷ്മി ഇരുന്നവാറെത്രയും ആശ്ചര്യമത്ര! അധർമ്മ-ചാ-ര-നി-ര-ത-നാ-യി -പാപ-കർമ്മ-ത-ത്പ-ര-നായി ഗോഘ്ന-നായി സുരാ-പ-നായി ശ്രീരാ-ഘ-വ-ധർമ്മ-ദാ-ര-ചോ-ര-നാ-യി-രി-ക്കുന്ന രാക്ഷ-സേ-ശ്വ-ര-നുടെ വര-യാ-യി-രുന്ന ലക്ഷ്മി ഇരു-ന്ന-വാ-റെ-ത്രയും ആശ്ചര്യ-മത്ര! ലക്ഷ്മി, ഖലാന്വേഷിണിയായിരിപ്പൊരുത്തി എന്നതും പരമാർത്ഥമത്ര. സത്യമേ ഈ ദശഗ്രീവൻ പടഹപണവാദിവാദിത്രസഹിതനായി അതിബലപരാക്രമരാകിന നിശാചരവീരന്മാരോടുംകൂടി ത്രിദശനഗരത്തെ പ്രാപിച്ചു് അമർത്ത്യന്മാരെ ആയോധനത്തുങ്കൽ ജയിച്ചു് അവരുടെ അശ്വരത്നം, ഗജരത്നം, വൃക്ഷരത്നം, സ്ത്രീരത്നം എന്നുവേണ്ടാ യാവചില വസ്തുക്കൾ സ്വർഗ്ഗസാരഭൂതങ്ങളാ കിനവ അവററകളെ ഒക്കെയും ബലാത്കാരേണ അപഹരിച്ചുകൊണ്ടു പോന്നാൻ പോൽ ദശഗ്രീവൻ എന്നു കേട്ടിരിപ്പൂ; അതും പരമാർത്ഥമത്ര എന്നരുളിച്ചെയ്തു. പിന്നെയും ഉദ്യാനാന്വേഷണതത്പരനായി പെരുമാറുന്നവൻ. ഉടനേ ത്രിഗുണസമൃദ്ധനായി പോന്നു വീയുന്ന മന്ദമാരുതനെക്കൊണ്ടനുഭവിച്ചു് പ്രസന്നഹൃദയനായി അരുളിച്ചെയ്യുന്നോൻ ""ഏനെ ഈ മൃദുപവനാഗമനം കൊണ്ടു് ഉദ്യാനം മുൻഭാഗത്തുങ്കലാവൂ എന്നു ഞാൻ കല്പിക്കുന്നു. എന്തു് എന്നു് അഗസ്ത്യാരാധനാർത്ഥം അവതീർണ്ണമാരാകിന വിദ്യാധരസ്ത്രീകളുടെ കബരീഭാരാവസക്തകളാകിന മന്ദാരമാലകളുടെ സൗരഭ്യത്തെ തടവി അളിപാളീകൂജിതനടവീജലശകലാവലീസംയോഗസുഖ ശീതളനായി പോന്നു വീയുന്ന വായുഭഗവാൻ ""പുത്രാ! ഹനുമാനേ ഇങ്ങിങ്ങു പോരിക! ഇവിടെ പുരോഭാഗത്തുങ്കൽ അശോകവനികോദ്യാനം! ഇന്ദീവരലോചനനുടെ ഭാര്യ ഇവിടെ അധിവസിച്ചരുളുന്നു. എന്നാൽ വെദേഹിയെക്കണ്ടു് ദേവീവൃത്താന്തത്തെ ദേവനോടറിയിക്കുക! നിന്നുടെ സ്വാമിയാകിന സുഗ്രീവനുടെ കാര്യത്തേയും സാധിക്കുക! പുത്രാ! ഹനുമാനേ! എന്നിങ്ങനെ സമുദ്രലംഘനപരിശ്രാന്തനാകിന എന്നെ ആലിംഗനംചെയ്തു് ആശ്വസിപ്പിക്കുന്നിതോ എന്നു തോന്നുമാറു വീയുന്നു. എന്നാൽ ഈ പുരോഭാഗത്തുങ്കൽ കാണാകുന്നതു് അശോകവനികോദ്യാനം എന്നു വന്നു കൂടും. എന്നാലിതുങ്കലകത്തു പുക്കറിവൂ ഞാനെന്നരുളിച്ചെയ്തു് അകത്തുപുക്കു നോക്കുന്ന കാലത്തു കാണായി ഉദ്യാനം.

"സന്ദർഭേ സംസ്കൃതീകൃതാ ച എന്ന സൂത്രപ്രകാരം:

"പൂപൂകിരേ പന്തലകത്തു സൂകരാ-

ശ്ചുചൂടിരേ മാല പറിച്ചൊരോർത്തരേ (ഓരോരുത്തരെ)

തതല്ലിരേ തമ്മിലതീവഘോരമായ്

മമണ്ടിരേ കൊണ്ടു മണാട്ടിതന്നെയും.

ഇത്യാദികളിലെപ്പോലെ മലയാളധാതുക്കൾക്കു് സംസ്കൃതരൂപം കൊടുക്കുക എന്ന വിലോമ സമ്പ്രദായം അന്നു നടപ്പായിരുന്നു. അതിനാൽത്തന്നെയാണു് ഉണ്ണുനീലീസന്ദേശത്തിൽ "മാടമ്പീനാം', "പിന്നിടേഥാഃ' "പൊത്തയിത്വാ' ഇത്യാദി ഉദാഹരിച്ചപ്രകാരം വിചിത്രരൂപങ്ങൾ പ്രയോഗിച്ചു കാണുന്നതു്.

""ദ്രമിഡസംഘാതാക്ഷരനിബന്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്.

ഈ സൂത്രത്തിന്റെ താൽപര്യം ഇവിടെ തർജ്ജമചെയ്യാം. ശബ്ദങ്ങൾ സംസ്കൃതത്തിൽ നിന്നും സ്വീകരിച്ചാലും എഴുത്തിൽ തമിഴക്ഷരങ്ങൾതന്നെ ഉപയോഗിച്ചു് "എഴുതുക' എന്നു പറഞ്ഞിരുന്ന ദ്വിതീയാക്ഷരപ്രാസമോ "മോന' എന്നു പറഞ്ഞിരുന്ന ആദ്യക്ഷരപ്രാസമോ(ഇതിന്റെ സ്വഭാവം പാദത്തെ രണ്ടു ഭാഗമാക്കി മുറിച്ചിട്ടു് രണ്ടു ഭാഗത്തിലും സ്ഥാനച്ചേർച്ചകൊണ്ടു സാമ്യമുള്ള സവർണ്ണാക്ഷരങ്ങളെ പ്രയോഗിക്കുക ആകുന്നു) രണ്ടുമോ ചേർത്തു തമിഴ്വൃത്തങ്ങളിൽ ചമച്ചിട്ടുള്ള കൃതികൾക്കു "പാട്ട്' എന്നു പേർ. പാട്ടിനു കൊടുത്തിട്ടുള്ള.

"തരതലന്താനളന്ത (ാ) പിളന്ത (ാ) പൊന്നൻ-

തനകചെന്താർ വരുന്താമൽ വാണന്തന്നെ

കരമരിന്ത (ാ) പെരുന്താനവന്മാരുടെ

കരളെരിന്ത (ാ) പുരാനേ മുരാരീ കണാ

ഒരു വരന്താ പരന്താമമേ നീ കനി-

ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം

ചിരതരന്താൾ പണിന്തേനയ്യോ താങ്കെന്നെ

തിരുവനന്ത (ാ) പുരന്തങ്കുമാനന്തനേ.

എന്ന ഉദാഹരണം രാമചരിതത്തിൽനിന്നായിരിക്കാം എന്നു് ഊഹിപ്പാൻ വഴിയുണ്ടു്. ഈ ഊഹം ശരിയാണെങ്കിൽ രാമചരിതകാരനായ വഞ്ചിമഹാരാജാവിനു് ഇപ്പുറമാണു് ലീലാതിലകത്തിന്റെ ഉത്ഭവം എന്നു തെളിയുന്നു. എന്നാൽ എതുക (ദ്വിതീയാക്ഷരപ്രാസം) മണിപ്രവാളത്തിലും ചിലപ്പോൾ ഉപയോഗിച്ചു വരുന്നു എന്നു മററുദാഹരണശ്ലോകങ്ങളിൽനിന്നു കാണുന്നുണ്ടു്.

ലീലാതിലകത്തിൽ കാണുന്ന ലക്ഷ്യങ്ങളിൽനിന്നും നമുക്കു ലഭിക്കുന്ന ഭാഷാചരിത്ര വാസ്തവങ്ങൾ എന്തെല്ലാമെന്നു നോക്കാം: ആദികാലത്തു് മലയാളദേശത്തു നാടോടിയായി സംസാരിച്ചിരുന്ന ഭാഷയ്ക്കു് "തമിഴ്' എന്നായിരുന്നു പേർ. സാക്ഷാൽ തമിഴിന്"പാണ്ടിത്തമിഴ്' എന്നും ഈ നാട്ടിലേതിനു് "മലയാംതമിഴ്' എന്നും ഭേദം കല്പിച്ചിരിക്കാം. "മലയാംതമിഴ്' എന്നതു് "മലയാണ്മ' എന്നു ചുരുങ്ങിയിരിക്കണം. നാടോടിബ്ഭാഷയിൽ നിന്നും സ്വല്പം ഉയർന്നു് ഒരു ഗ്രന്ഥഭാഷ ഉണ്ടായിരുന്നു. അതു് ഗദ്യമെഴുന്നതിനു ചുരുക്കമായിട്ടേ ഉപയോഗിച്ചിരുന്നുള്ളു. പദ്യകരണം രണ്ടു വഴിക്കായിരുന്നു: ഒന്നാമതു്, ആദ്യക്ഷരപ്രാസമോ ദ്വിതീയാക്ഷരപ്രാസമോ (അന്താദിപ്രാസമോ) നിയമേന ഉപയോഗിച്ചു് തമിഴുവൃത്തങ്ങളിൽ സംസ്കൃതപ്രയോഗം ചുരുക്കി പ്രയോഗിക്കുന്നപക്ഷവും തത്ഭവരീതിയിൽ അക്ഷരഭേദംചെയ്തു് സംസ്കൃതവർണ്ണമാല ഉപയോഗിക്കാതെ വട്ടെഴുത്തിൽ എഴുതിയിട്ടുള്ള പാട്ടുകളുടെ മട്ടു്. രണ്ടാമതു്, സംസ്കൃതവിഭക്ത്യന്തം ചേർത്തു് നിയതമായുള്ള പ്രാസനിർബന്ധംകൂടാതെ രസപ്രധാനമായ വസന്തതിലകാദിവൃത്തങ്ങളിൽ രചിച്ചിട്ടുള്ള മണിപ്രവാളമാർഗ്ഗം. സംസ്കൃതപ്രാധാന്യത്താൽ മണിപ്രവാളകൃതികൾ ആര്യഎഴുത്തിൽത്തന്നെ എഴുതണമെന്നു കൂടി നിർബന്ധം ഉണ്ടായിരുന്നു. "രാമചരിതം' മുതലായതിനു് പാട്ടിനും, "ഉണ്ണുനീലിസന്ദേശം' മുതലായതു് മണിപ്രവാളത്തിനും ഉദാഹരണങ്ങൾ. "രാമചരിത'ത്തിന്റെ വഴിപിടിച്ചു് അയ്യപ്പിള്ള ആശാൻ കണ്ണശ്ശപ്പണിക്കർ മുതൽപേർ മുറയ്ക്കു പാട്ടുകൾ എഴുതി. ഇക്കൂട്ടത്തിൽ ഒടുവിലത്തേതായിരിക്കണം "കൃഷ്ണപ്പാട്ടു്.' ഉണ്ണുനീലിസന്ദേശത്തിന്റെ മാതൃകയിലും കൃതികൾ പലതും ഉണ്ടായിരിക്കണം. എന്നാൽ ഒററശ്ലോകങ്ങൾ അല്ലാതെ പ്രബന്ധങ്ങൾ ഏറെ വെളിപ്പെട്ടു കഴിഞ്ഞിട്ടില്ല. "ചെല്ലൂർമാഹാത്മ്യം' മുതലായ ചമ്പൂപ്രബന്ധങ്ങൽ ആയിരിക്കണം ഈ വർഗ്ഗത്തിലെ അർവ്വാചീനകൃതികൾ.

മേൽ പ്രസ്താവിച്ചപ്രകാരം ഇടയ്ക്കു തടഞ്ഞു് രണ്ടു കെവഴികളായിപ്പിരിഞ്ഞു് നെടുകെ ഒഴുകിക്കൊണ്ടിരുന്ന കേരളകവിതാസരസ്വതിയെ വീണ്ടും കൂട്ടിച്ചേർത്തു് ഒരേ പ്രവാഹമാക്കി വിട്ട മഹാപുരുഷൻ തുഞ്ചത്തു് രാമാനുജൻ എഴുത്തച്ഛനാകുന്നു. അദ്ദേഹംചെയ്ത ഏർപ്പാടുകൾ ആവിതു: (1) മണിപ്രവാളത്തിൽ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃത വിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം. (2) വിഭക്ത്യന്തങ്ങളായാലും പ്രകൃതികൾ മാത്രമായാലും സംസ്കൃതശബ്ദങ്ങളെ സ്വരമായി ഉപയോഗിക്കുന്ന സ്ഥിതിക്കു് അതുകളിൽ അക്ഷരസ്ഫുടതയ്ക്കുവേണ്ടി സാഹിത്യമെല്ലാംതന്നെ ആര്യ എഴുത്തിൽ എഴുതണം. (3) ഭാഷാദ്വയസങ്കരത്തിൽ സംസ്കൃതപ്രകൃതികളെ മലയാളവിഭക്തികൾ ചേർത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു് മലയാളപ്രകൃതികളെ സംസ്കൃതവിഭക്തിചേർത്തു "മാടമ്പീനാം', ഇത്യാദിപോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെററു്. (4) സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വർണ്ണനിയമത്തെയും മാത്രാനിയമത്തെയും തമിഴു് വൃത്തങ്ങളിൽക്കൂടി പ്രവേശിപ്പിച്ചു് പുതുതായി "കിളിപ്പാട്ട്' മുതലായ മലയാളവൃത്തങ്ങളെ നടപ്പിൽവരുത്തി. ഈ വ്യവസ്ഥപ്രകാരം തമിഴും സംസ്കൃതവും കലർന്നുണ്ടായ ഭാഷയാണു് മലയാള നാട്ടിൽ ഇന്നും നടന്നുവരുന്ന ഗ്രന്ഥഭാഷ. ഇതിൽ സംസ്കൃതവിഭക്ത്യന്തപ്രയോഗം ക്രമേണ കുറഞ്ഞുവരുന്നുണ്ടു്. "പച്ചമലയാള'ത്തിലും കവികൾ കെവയ്ക്കാതിരുന്നിട്ടില്ല. എന്നാൽ അതിനു് പ്രചാരം ലഭിക്കുന്നതു സംശയംതന്നെ; നാടോടിയായ ഗൃഹ്യഭാഷയിലും പഠിത്തക്കാരുടെ ഇടയിൽ സംസ്കൃതശബ്ദപ്രയോഗം ക്രമേണ വർദ്ധിച്ചുവരുന്നു. മലയാളം തമിഴിന്റെ ഉപഭാഷയായിട്ടാണോ ഉത്ഭവിച്ചതു് എന്ന സംഗതിയിൽ ഇനി യാതൊരു തർക്കത്തിനും വകയില്ല. ലീലാതിലകകാരൻ ഇതു വിളിച്ചുപറഞ്ഞിട്ടുണ്ട്: ""കേരളാനാം ദ്രമിഡശബ്ദവാച്യത്വാദപഭ്രംശേന തദ്ഭാഷാ "തമിഴ്' ഇത്യുച്യതേ ചോള കേരളപാണ്ഡ്യേഷുദ്രമിഡശബ്ദസ്യ വാ പ്രസിദ്ധ്യാ പ്രവൃത്തിഃ; കർണ്ണാടാന്ധ്രാഅപി ദ്രമിഡാ ഇതികേചിത്; തന്ന; തേഷാം ദ്രമിഡവേദവിലക്ഷണഭാഷാവത്വാതു്, ദ്രമിഡസംഘാതപാഠാഭാവാച്ച് ചോളം, കേരളം, പാണ്ഡ്യം ഈ മൂന്നു ദേശങ്ങളിലേയും ഭാഷ തമിഴിന്റെ വകഭേദങ്ങളാണു്. കർണ്ണാടകവും തെലുങ്കുംകൂടി ഇതിൽ ഉൾപ്പെട്ടതാണെന്നും ചിലർക്കു പക്ഷമുണ്ട്; എന്നാൽ ആ ഭാഷകൾ ദ്രമിഡവേദമായ തിരുവായ്മൊഴിയിലെ ഭാഷയിൽനിന്നും ഭിന്നിച്ചവയാകയാൽ അതുകളെ തമിഴിൽ ഉൾപ്പെടുത്തുന്നതു ശരിയല്ല. ആ ഭാഷകൾക്കു് അക്ഷരമാലയും വേറെയാണു്.

ലീലാതിലകമാണു് ആദ്യമായ മലയാളവ്യാകരണം. വ്യാകരണത്തിന്റെ പ്രധാനവിഷയങ്ങളെല്ലാം അതിൽ നന്നൂലിന്റെ മട്ടിൽ രചിച്ചിട്ടുള്ള സൂത്രങ്ങളെക്കൊണ്ടു പ്രതിപാദിച്ചിരിക്കുന്നു. സൂത്രപാഠം സംസ്കൃതത്തിലായിപ്പോയല്ലോ എന്നു് ആശ്ചര്യപ്പെടാനില്ല; തെലുങ്കിലും ആദ്യമുണ്ടായ വ്യാകരണം സംസ്കൃതസൂത്രരൂപമാണു്. തമിഴിലെ നന്നൂലും തെലുങ്കിലെ ആന്ധ്രശബ്ദചിന്താമണിയും കണ്ടിട്ടു് അതേരീതിയിൽ അന്നു് "മണിപ്രവാളം' എന്നു പറഞ്ഞിരുന്ന മലയാളത്തിനു് ഒരു വ്യാകരണം എഴുതിയതായിരിക്കണം "ലീലാതിലകം' എന്നതിനു സംശയം ഇല്ല. ഈ വിലയേറിയ ഗ്രന്ഥം ഇതേവരെ വെളിപ്പെടാതെ കിടന്നതിലാണു് ആശ്ചര്യം തോന്നുന്നതു്. ഏതായാലും ലീലാതിലകം കണ്ടുകിട്ടിയതോടുകൂടി അടുത്തകാലംവരെ "മലയാളം യാതൊരു വ്യവസ്ഥയും ഇല്ലാത്ത ഒരു നികൃഷ്ടഭാഷ ആയിരുന്നു' എന്നും, "മലയാളത്തിനു് ആദ്യമായി ഒരു വ്യാകരണം നിർമ്മിക്കുന്നതിനു് ഒരു യൂറോപ്യപണ്ഡിതൻ വേണ്ടിവന്നു' എന്നും ഉള്ള അപഖ്യാതിയും അഭിമാനക്കുറവും നീങ്ങിയല്ലോ എന്നു സന്തോഷിക്കാം.

ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുള്ള കൃതികളിൽനിന്നും ഉദാഹരണത്തിനായി ഏതാനും ഭാഗങ്ങൾ താഴെ കാണിക്കുന്നു:

ആദ്യഘട്ടം-കരിന്തമിഴുകാലം:


(പദ്യം)


"കുലച്ചിൽ വന്തണയൊല്ലായെന്നും നിനവുകൊണ്ടു മൂവുലകുവാനുളാർ

കുലത്തെയും കിരണപന്തിയാൽ കുറവെടുത്തു കാപ്പതിവനേ കാണാ

എലിക്കു മീതു വരുർവാരുണാ ചിവനുമീശനും പിന്നളകേശനും

മലർപ്പെണ്ണൻപിലകും മാലു നാന്മുഖനും മററുരപ്പതുമിമ്മൂർത്തിയേ

-രാമചരിതം, (ഗദ്യം-ക്രിസ്തുവർഷം 775 ഏപ്രിൽ-കൊല്ലവർഷാരംഭത്തിനു് 50 വർഷം മുൻപ്)


ഹരിഃശ്രീ ഗണപതായേ നമ

ശ്രീഭൂപാലനരപതി വീരകേരളശക്രവർത്തി ആദിയായി മുറമുറെയേ പല നൂറായിരത്താണ്ടു ചെങ്കോലു നടത്തായിനിൻറ ശ്രീ വീര-രാ-ഘ-വ-ശ-ക്ര-വർത്തി തിരു-വി-രാജ്യം ചെല്ലാ-യിൻറ മകരത്തുൾ വ്യാഴം മീനഞായററു ഇരുപത്തൊന്റു ചെന്റ ശനി രോഹിണിനാൾ പെരുംകോയിലകത്തിരുന്നരുളെ മകോതെർപട്ടണത്തു ഇരവികോർത്തനായ ചേരമാൻ ലോകപ്പെരുംചെട്ടിക്കു മണിക്കിരാമപട്ടം കുടുത്തോം. വിളാപാടയും, പവനത്താങ്കും, വെറുപേരും, കുടത്തുവളെഞ്ചിയമും, വളെഞ്ചിയത്തിൽ തനിച്ചെട്ടും, മു(ൻ) ച്ചൊല്ലും, മുന്നടയും, പഞ്ചവാദ്യമും, ശംഖും, പകൽവിളക്കും, പാവാടയും, എെന്തോളമും, കൊററക്കുടയും, വടുകപ്പുറയും, ഇടുപിടിത്തോരണമും, നാലുചേരിക്കും തരിച്ചെട്ടും കുടുത്തോം. വാണിയരും എെംകമ്മാളരെയും അടിമക്കുടുത്തോം. നഗരത്തുക്കു കർത്താവായ ഇരവികോർത്തനുക്കു, പുറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂൽകൊണ്ടു പാകിയെണ്ണിൻറതിലും എടുക്കിൻറതിലും ഉവി(പ്പി)നോടു ശർക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയിൽ ഉള്ളതു എപ്പേർപ്പെട്ടതിനും തരകും അതിനടുത്ത ചുങ്കമും കൂട കൊടുങ്കല്ലൂർ അഴിവഴിയോടു ഗോപുരത്തോടു വിശേഷാൽ നാലു തളിയും, തളി--ക്കടുത്ത കിരാമത്തോടിടയിൽ നീർമുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാൻ ലോകപ്പെരുച്ചെട്ടിയാന ഇരവികോർത്തനക്കു. ഇവൻ മക്കൾമക്കൾക്കേ വഴിവഴിയേ വേറാകക്കുടുത്തോം. ഇതറിയും പൻറിയൂർ കിരാമമും(ം) ചോക്കിരിക്കിരാമമും അറിയേകുടുത്തോം. വേണാടും ഓടനാടുമറിയക്കുടുത്തോം. ഏറനാടു വള്ളുവനാടു മറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവർകളറിയ ചെപ്പേടെഴുതിയ ചേരമാൻ ലോകപ്പെരുന്തട്ടാൻ നമ്പിച്ചെടയൻ കെയെഴുത്തു.

- കൊച്ചീരാജ്യചരിത്രം

മധ്യഘട്ടം-മണിപ്രവാളരീതി


(പദ്യം)


"ആമ്പൽപ്രിയാഭരണമുകിന കാളകൂടം

കൂമ്പും കുരാൽമിഴി തുളുമ്പില കെങ്കവെള്ളം

ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞ കോലം

കാമ്പോടുകൂട മരുവീടുക മന്മഥാരേഃ

-ലീലാതിലകം


"തൂകും പൂന്തേൻ പരിമളഭരം നമ്പുതോലും നടപ്പാൻ

മേവും കാവും പഥിയുഴറി നീ തിർക്കുറണ്ടിക്കു ചെൻറ്

ദേവം തസ്മിൻ തൊഴുതു വഴിമേൽ നിൻറു നേരേ നടന്നാൽ

കൂവീടപ്പാൽ പഥി പനയനാർകാവു മംഗല്യകീർത്തേ!

-ഉണ്ണുനീലീസന്ദേശം, 113

(പദ്യം - പാട്ടുരീതി)


"അരക്കർകുലം വേരറുക്കവേണമെൻറമരർകളും

അലെകടലിൽ ചെൻറു മുറയിട്ടതും

ആഴിവർണ്ണനന്നരുളിച്ചെയ്തതും

മുനിവരന്റെ ഹോമകുണ്ഡംതന്നിൽനിന്നു

ദിവ്യനായകനുദയം ചെയ്തതും

ദശരഥൻ മകിഴ്ന്തു വാങ്കിക്കൊണ്ടതും

കൊണ്ടുടൻ തൻ ഭാര്യമാർക്കു പായസം കൊടുത്തതും

കുവലയത്തിൽ മങ്കമാർ ഭുജിത്തതും.

-രാമകഥപ്പാട്ട് - അയ്യപ്പിള്ള ആശാൻ


"മുനിവൊടഹങ്കാരാദികളെല്ലാം ഉററവിചാരംകൊണ്ടു കളഞ്ഞേ

കനിവൊടു ശമദസന്തോഷാദികൾ കെക്കൊണ്ടാരണതത്പരായേ

അനുപമരാകിയ ഭൂദേവന്മാരവരവരേ മമ ദെവതമെന്നാൽ

മനസി നിനച്ചതു ചെയ്തുമുടിക്കാം മറയവരരുളാലിന്നിനിയെല്ലാം

-കണ്ണശ്ശരാമായണം


(ഗദ്യം)


"അനിലാനലേന്ദുപുരന്ദരോപേന്ദ്രസമാനപരാക്രമനാകിന സവിതൃകുലനാഥദൂതൻ ശ്രീഹനൂമാൻ സായങ്കാലത്തുങ്കൽ സകലകലാപരിപൂർണ്ണനാകിന ചന്ദ്രദേവനുടെ ചന്ദ്രികാസ്പർശത്തിനാൽ അപനീതാധ്വശ്രമനായി ആലംബശിഖിരത്തിന്മേൽ നിന്നിറങ്ങി.

-സുന്ദരകാണ്ഡം തമിഴ്


ആധുനികഘട്ടം


(പദ്യം)
"ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷനുള്ള കാലം

കാരസ്കരത്തിൻ കുരു പാലിലിട്ടാൽ

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

""ജലത്തിലെപ്പോളകളെന്നപോലെ

ചലം മനുഷ്യർക്കു ശരീരബന്ധം;

കുലം ബലം പുത്രകളത്രജാലം

ഫലംവരാ മൃത്യുവരും ദശയാം.

-കുഞ്ചൻനമ്പ്യാർ


(പാട്ടുരീതി)
"രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-

രാജ്യമെഴുനൂറുയോജനയും ക്ഷണാൽ

സരസബഹുവിഭവയുതഭോജനം നൽകിനാൻ

സന്തുഷ്ടനായിതു പാവകദേവനും.

-എഴുത്തച്ഛൻ

(ഗദ്യം)

""അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽ നിന്നും അംബരമദ്ധ്യത്തിൽ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങൾ ഹിമാലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളുടേയും, ബദരീനാഥക്ഷേത്രത്തിന്റേയും അദഭ്രശുഭ്രകളായ ഹിമസംഹതികളിൽ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതൻ സാനുപ്രദേശങ്ങളിൽ സമൃദ്ധങ്ങളായി വളർന്നിരിക്കുന്ന മഹീരുഹങ്ങളിൽ പ്രഭാതാൽപ്രഭൃതിവികസ്വരങ്ങളായി നിൽക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമള ധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവും ഇല്ലാതെ സൂര്യരശ്മികൾ ഈ പർവ്വതോപരിഭാഗങ്ങളെ പരസ്സഹസ്രം സംവത്സരം ശോഭിപ്പിക്കുകയും ഈ പുഷ്പങ്ങളുടെ സൗരഭ്യം ഗിരിശൃംഗങ്ങളിലേക്കു് ഉദ്ഗമിക്കുകയും ചെയ്തുകൊണ്ടിരിക്കവേ, ദൂരദേശങ്ങളിൽ ജനങ്ങൾ പരസ്പരം സ്പർദ്ധിച്ചു് യുദ്ധങ്ങളിൽ പ്രവർത്തിക്കുകയും പ്രബലങ്ങളായ രാജ്യങ്ങൾ ഉദ്ഭവിക്കുകയും ക്ഷയിക്കുകയും ബുദ്ധിമാന്മാർ ഈ പ്രപഞ്ചം ഇപ്രകാരം ഇരിക്കുന്നതിന്റെ കാരണത്തേയും ഉദ്ദേശ്യത്തെയും അവധാരണംചെയ്യുന്നതിനു് നിഷ്പ്രയോജനമായി പ്രയത്നപ്പെടുകയും ചെയ്തുവന്നു.

-കേരളവർമ്മ (അക്ബർ)

""എന്താണു് ഇങ്ങനെ ആലോചിക്കുന്നതു്. പരമാർത്ഥം പറയേണ്ടിവരുന്നതായ സ്ഥലങ്ങളിൽ ആളുകൾ മനുഷ്യരിൽനിന്നുള്ള ഭീതികൊണ്ടോ കാര്യത്തിൽ വരാവുന്ന കഷ്ടങ്ങളെയോ നഷ്ടങ്ങളെയോ ഓർത്തിട്ടോ വ്യഭിചരിച്ചുപറഞ്ഞാൽ അതിനുള്ള ദോഷം ഇന്നതാണെന്നു് നല്ല അറിവുള്ള ഒരാളാകയാൽ ഇങ്ങനെ മനസ്സിനു് ഒരു വ്യഥ ഉണ്ടാവുന്നതാണെന്നു് എനിക്കു് നല്ല ഓർമ്മ എപ്പോഴും ഉണ്ടു്. ഈ ഒരു ഓർമ്മ ഉണ്ടാകകൊണ്ടുതന്നെയാണു് ഞാൻ ഇങ്ങോട്ടു പോന്നതും.

-ചന്തുമേനവൻ(ശാരദ)