Jump to content

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
ബൂർഷ്വാകളും തൊഴിലാളികളും

[ 2 ]

I
ബൂർഷ്വാകളും തൊഴിലാളികളും[1]

[തിരുത്തുക]

നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും ചരിത്രം[2] വർഗ്ഗസമരചരിത്രമാണു്. [ 3 ]

സ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും, ജന്മിയും അടിയാനും, ഗിൽഡ് മാസ്റ്ററും[3] വേലക്കാരനും - ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോൾ ഒളിഞ്ഞും ചിലപ്പോൾ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വർഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണു് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളതു്.

ചരിത്രത്തിന്റെ ആദികാലഘട്ടങ്ങളിൽ വിവിധശ്രേണികളായി, സാമൂഹ്യപദവിയുടെ ഒട്ടേറെ ഉച്ചനീചതട്ടുകളായി, തരംതിരിക്കപ്പെട്ടതും സങ്കീർണ്ണവുമായ ഒരു സാമൂഹസംവിധാനമാണു് ഏറെക്കുറെ എവിടെയും കാണുന്നതു്. പൗരാണികറോമിൽ പട്രീഷ്യന്മാരും(കുലീനർ), നൈറ്റുകളും(യോധന്മാർ), പ്ലെബിയന്മാരും(മ്ലേച്ഛന്മാർ) അടിമകളും ഉണ്ടായിരുന്നു. മദ്ധ്യയുഗത്തിലാകട്ടെ, ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പികളും ഗിൽഡ്മാസ്റ്റർമാരും വേലക്കാരും അപ്രണ്ടീസുകളും അടിയാന്മാരും ഉണ്ടായിരുന്നു, കൂടാതെ മിക്കവാറും ഈ എല്ലാ വർഗ്ഗങ്ങളിലും പല പല അവാന്തരവിഭാഗങ്ങളും ഉണ്ടായിരുന്നു.

ഫ്യൂഡൽ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളിൽനിന്നും മുളയെടുത്ത ഇന്നത്തെ ബൂർഷ്വാസമൂഹം വർഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്തു് പുതിയ വർഗ്ഗങ്ങളേയും പുതിയ മർദ്ദനസാഹചര്യങ്ങളേയും പുതിയ സമരരൂപങ്ങളേയും പ്രതിഷ്ഠിക്കുക മാത്രമാണു ചെയ്തിട്ടുള്ളതു്.

എന്നാൽ നമ്മുടെ കാലഘട്ടത്തിനു് - ബൂർഷ്വാസിയുടെ കാലഘട്ടത്തിനു് - ഈയൊരു സവിശേഷസ്വഭാവമുണ്ട്: അതു് വർഗ്ഗവൈരങ്ങളെ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ടു് ഗംഭീരശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ടു് വലിയ വർഗ്ഗങ്ങളായി, കൂടുതൽ കൂടുതൽ ​പിളർന്നുകൊണ്ടിരിക്കുകയാണു്: ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവുമാണ് അവ.

മദ്ധ്യയുഗത്തിലെ അടിയാളരിൽനിന്നു് ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികൾ ഉയർന്നുവന്നു. ഈ നഗരവാസികളിൽ നിന്നാണു് ബൂർഷ്വാസിയുടെ ആദ്യഘടകങ്ങൾ വളർന്നുവികസിച്ചതു്.

അമേരിക്കൻ വൻകര കണ്ടുപിടിച്ചതും ആഫ്രിക്കൻ മുനമ്പ് [ 4 ] ചുറ്റാൻ കഴിഞ്ഞതും ഉയർന്നുവരുന്ന ബൂർഷ്വാസിക്കു് പുതിയ തുറകൾ തുറന്നുകൊടുത്തു. ഇന്ത്യയിലെയും ചൈനയിലേയും കമ്പോളങ്ങൾ, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളനികളുമായുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവിലുണ്ടായ വർദ്ധന - ഇതെല്ലാം വ്യാപാരത്തിനും, കപ്പൽഗതാഗതത്തിനും വ്യവസായത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രചോദനം നൽകി. അതു് അടിതകർന്നു് ആടിയുലയുന്ന ഫ്യൂഡൽ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വരമായ വികാസത്തിനും കാരണമായിത്തീർന്നു.

ഫ്യൂഡലിസത്തിൻകീഴിൽ വ്യാവസായികോല്പാദനം, അന്യർക്കു പ്രവേശനമില്ലാത്ത ഗിൽഡുകളുടെ കുത്തകയായിരുന്നു. പുതിയ കമ്പോളങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ സമ്പ്രദായം ഇപ്പോൾ അപര്യാപ്തമായി. ഇതിന്റെ സ്ഥാനത്തു് നിർമ്മാണത്തൊഴിൽ സമ്പ്രദായം വന്നു. നിർമ്മാണത്തൊഴിലുടമകളായ ഇടത്തരക്കാർ ഗിൽഡുമേസ്ത്രീമാരെ ഒരു ഭാഗത്തേക്കു തള്ളിനീക്കി. ഓരോ തൊഴിൽ ശാലക്കകത്തുമുള്ള തൊഴിൽവിഭജനത്തിന്റെ മുമ്പിൽ വ്യത്യസ്ത സംഘടിത ഗിൽഡുകൾ തമ്മിലുള്ള തൊഴിൽ വിഭജനം അപ്രത്യക്ഷമായി.

ഇതിനിടയിൽ കമ്പോളങ്ങൾ വളർന്നുകൊണ്ടേയിരുന്നു. ആവശ്യങ്ങൾ അനുസ്യൂതം വർദ്ധിച്ചുകൊണ്ടേയിരുന്നു. നിർമ്മാണത്തൊഴിൽ സമ്പ്രദായം പോലും അപര്യാപ്തമായി. അപ്പോഴാണ് ആവിശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായികോല്പാദനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയതു്. അതോടുകൂടി ഇന്നത്തെ പടുകൂറ്റൻ വ്യവസായങ്ങൾ നിർമ്മാണത്തൊഴിലിന്റെ സ്ഥാനം പിടിച്ചു; കോടീശ്വരന്മാരായ വ്യവസായമേധാവികൾ, വ്യവസായപ്പടകളുടെയാകെ നേതാക്കന്മാർ, ആധുനിക ബൂർഷ്വാ വ്യവസായികളായ ഇടത്തരക്കാരുടെ സ്ഥാനം കരസ്ഥമാക്കി.

ആധുനികവ്യവസായം ലോകകമ്പോളം സ്ഥാപിച്ചിരിക്കുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതാണ് അതിനു് വഴിതെളിയിച്ചതു്. ഈ കമ്പോളം വ്യാപാരത്തിനും കടൽമാർഗ്ഗേണയും കരമാർഗ്ഗേണയുമുള്ള ഗതാഗതത്തിനും വമ്പിച്ച വികസനം നൽകി. ഈ വികാസമാകട്ടെ വ്യവസായത്തിന്റെ വിപുലീകരണത്തെ സഹായിച്ചു. മാത്രമല്ല, വ്യവസായവും വ്യാപാരവും കപ്പൽഗതാഗതവും റെയിൽവേകളും വളർന്ന തോതിൽത്തന്നെ ബൂർഷ്വാസിയും വളർന്നു: അതിന്റെ മൂലധനം പെരുകി; മദ്ധ്യയുഗത്തിന്റെ സന്തതികളായ എല്ലാ വർഗ്ഗങ്ങളേയും അതു് പിന്നോക്കം തള്ളിനീക്കി.

അപ്പോൾ, ഇന്നത്തെ ബൂർഷ്വാസിതന്നെ ദീർഘകാലത്തെ [ 5 ] വികാസത്തിന്റെ, ഉത്പാദനവിനിമയരീതികളിലുണ്ടായ വിപ്ലവപരമ്പരകളുടെ, സന്താനമാണെന്നു നാം കാണുന്നു.

ബൂർഷ്വാസിയുടെ വികാസത്തിലെ ഓരോ കാൽവയ്പോടും കൂടി ആ വർഗ്ഗം അതിനനുസരിച്ച് രാഷ്ട്രീയമായും മുന്നേറി. ഫ്യൂഡൽ പ്രഭുക്കന്മാരുടെ വാഴ്ചയിൻകീഴിൽ ഒരു മർദ്ദിതവർഗ്ഗമായും, മദ്ധ്യകാല കമ്മ്യൂണുകളിൽ[4] ആയുധമേന്തിയതും സ്വയംഭരണാവകാശമുള്ളതുമായ ഒരു സമാജമായും, ചിലേടത്ത് (ഉദാ: ഇറ്റലി, ജർമ്മനി )സ്വതന്ത്രമായ നഗരറിപ്പബ്ളിക്കുകളായും, മറ്റു ചിലേടത്ത് (ഉദാ: ഫ്രാൻസിൽ) രാജവാഴ്ചയിൻകീഴിൽ കരം കൊടുക്കുന്ന "മൂന്നാം ശ്രേണിയാ"യും പിന്നീട് ശരിയായ നിർമ്മണത്തൊഴിലിന്റെ കാലഘട്ടത്തിൽ പ്രാദേശിക പ്രഭുക്കൾക്കെതിരായ ഒരു മറുമരുന്നെന്നോണം അർദ്ധഫ്യൂഡലോ സ്വേച്ഛാധിപത്യപരമോ ആയ രാജവാഴ്ചയെ സേവിച്ചും, വാസ്തവത്തിൽ സാമാന്യമായി പടുകൂറ്റൻ രാജവാഴ്ചകളുടെ നെടുംതൂണായി നിന്നും ബുർഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും ലോകകമ്പോളത്തിന്റെയും സ്ഥാപനത്തെ തുടർന്ന് - രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധി ഭരണകൂടത്തിന്റെ രൂപത്തിൽ സ്വായത്തമാക്കി. മൊത്തത്തിൽ ബൂർഷ്വാസിയുടെ പൊതുക്കാര്യങ്ങൾ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം.

ചരിത്രപരമായി നോക്കുമ്പോൾ ബൂർഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡൽ, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങൾക്കും അറുതിവരുത്തി. മനുഷ്യനെ അവന്റെ " [ 6 ] സ്വാഭാവിക മേലാളന്മാരുമായി" കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു് നിഷ്കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ"യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാർത്ഥമായ വീരശൂരപരാക്രമങ്ങളുടേയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അതു സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു്, മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്രവ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്നവും നിർലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.

ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടേയും പരിവേഷത്തെ ബൂർഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അതു സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി.

ബൂർഷ്വാസി കുടുംബത്തിന്റെ വൈകാരികമൂടുപടം പിച്ചിച്ചീന്തുകയും കുടുംബബന്ധത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു.

പ്രതിലോമവാദികൾ അത്ര വളരെയേറെ പാടിപ്പുകഴ്ത്താറുള്ള മദ്ധ്യകാലങ്ങളിലെ ഊർജ്ജസ്വലതയുടെ മൃഗീയപ്രകടനങ്ങളുടെ ഉചിതമായ മറുവശം എന്നോണം ഏറ്റവും കർമ്മവിമുഖമായ ആലസ്യം നടമാടാൻ കാരണമെന്താണെന്നു് ബൂർഷ്വാസി വെളിപ്പെടുത്തിയിട്ടുണ്ടു്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു് എന്തെല്ലാം നേടാനാകുമെന്നു് ആദ്യമായി കാണിച്ചതു് ബൂർഷ്വാസിയാണു്. ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജലസംഭരണ-വിതരണപദ്ധതികളേയും ഗോഥിക്ക് ദേവാലയങ്ങളേയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങൾ അതു സാധിച്ചിട്ടുണ്ടു്. പണ്ടത്തെ കുരിശുയുദ്ധങ്ങളേയും27 ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസികസംരംഭങ്ങൾ അതു നടത്തിയിട്ടുണ്ടു്.

ഉല്പാദനോപകരണങ്ങളിലും തദ്വാരാ ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് [ 7 ] നിലനിൽക്കാനാവില്ല. നേരേമറിച്ചു്, ഇതിനു മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായികവർഗ്ഗങ്ങളുടേയും നിലനില്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദനരീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു. ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും - ഇതെല്ലാം ബൂർഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു. ഉറച്ചു കട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തൽസ്ഥാനത്ത്, പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചുകട്ടിയാവാൻ സമയം കിട്ടുന്നതിനുമുമ്പു് അവ പഴഞ്ചനായിത്തീരുന്നു. കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു, വിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു. അങ്ങിനെ അവസാനം മനുഷ്യൻ തന്റെ ജീവിതയാഥാർത്ഥ്യങ്ങളേയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളേയും സമചിത്തതയോടെ നേരിടാൻ നിർബന്ധിതനാകുന്നു.

ഉല്പന്നങ്ങൾക്കു് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിനു് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാർപ്പുറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം.

ലോകകമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂർഷ്വാസി ഓരോ രാജ്യത്തിലേയും ഉല്പാദനത്തിനും ഉപഭോഗത്തിനും ഒരു സാർവ്വലൗകികസ്വഭാവം നൽകിയിട്ടുണ്ടു്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ടു് വ്യവസായത്തിന്റെ കാൽക്കീഴിൽ നിന്നു് അതു നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂർഷ്വാസി വലിച്ചുമാറ്റി. എല്ലാ പരമ്പരാഗത ദേശീയവ്യവസായങ്ങളേയും അതു നശിപ്പിച്ചു, അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണു്. തൽസ്ഥാനം പുതിയ വ്യവസായങ്ങൾ ഏറ്റെടുക്കുന്നു. അവ ഏർപ്പെടുത്തേണ്ടതു് എല്ലാ പരിഷ്കൃതരാജ്യങ്ങൾക്കും ഒരു ജീവന്മരണപ്രശ്നമായിത്തീരുന്നു; ഈ പുതിയ വ്യവസായങ്ങൾ ഉപയോഗിക്കുന്ന അസംസ്കൃതസാധനങ്ങൾ തദ്ദേശീയമല്ല - അതിവിദൂരദേശങ്ങളിൽനിന്നു കൊണ്ടുവരുന്നവയാണു്; അവയുടെ ഉല്പന്നങ്ങളാകട്ടെ, അതാതു നാട്ടിൽ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. സ്വന്തം രാജ്യത്തെ ഉല്പന്നങ്ങൾകൊണ്ടു് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്തു് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉല്പന്നങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന പുതിയ ആവശ്യങ്ങൾ നാം കാണുന്നു. [ 8 ] പ്രാദേശികവും ദേശീയവുമായ ഏകാന്തതയുടേയും സ്വയംപര്യാപ്തതയുടേയും സ്ഥാനത്തു് രാഷ്ട്രങ്ങൾ തമ്മിലുള്ള നാനാമുഖമായ ബന്ധങ്ങളും സാർവ്വത്രികമായ പരസ്പരാശ്രിതത്വവുമാണു് ഇന്നുള്ളതു്. ഭൗതികോല്പാദനത്തിലെന്നപോലെ, ബുദ്ധിപരമായ ഉല്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേകരാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികൾ പൊതുസ്വത്തായിത്തീരുന്നു. ദേശീയമായ ഏകപക്ഷീയതയും സങ്കുചിതമനഃസ്ഥിതിയും അധികമധികം അസാധ്യമാകുന്നു; ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളിൽനിന്നു് ഒരു വിശ്വസാഹിത്യം ഉയർന്നുവരുന്നു.

എല്ലാ ഉല്പാദനോപകരണങ്ങളേയും അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടും ഗതാഗതമാർഗ്ഗങ്ങൾ അങ്ങേയറ്റം സുഗമമാക്കിക്കൊണ്ടും, ബൂർഷ്വാസി എല്ലാ രാഷ്ട്രങ്ങളേയും, ഏറ്റവും അപരിഷ്‌കൃതങ്ങളായവയെപ്പോലും, നാഗരികതിലേയ്ക്കു കൊണ്ടുവരുന്നു. എല്ലാ ചൈനീസ് മതിലുകളേയും ഇടിച്ചു നിരപ്പാക്കുന്നതിനും, വിദേശീയരോടു് അപരിഷ്‌കൃതജനങ്ങൾക്കുള്ള വിടാപ്പിടിയായ വെറുപ്പിനെ കീഴടങ്ങാൻ നിർബന്ധിക്കുന്നതിനും ബൂർഷ്വാസി പ്രയോഗിക്കുന്ന കനത്ത പീരങ്കി സ്വന്തം ചരക്കുകളുടെ കുറഞ്ഞ വിലയാണു്. ബൂർഷ്വാ ഉല്പാദനരീതി സ്വീകരിക്കാൻ അതു് എല്ലാ രാഷ്ട്രങ്ങളേയും നിർബന്ധിക്കുന്നു. അല്ലെങ്കിൽ അവയ്ക്ക് സ്വയം നശിക്കുകയേ ഗതിയുള്ളു. നാഗരികതയെന്നു് അതു വിളിക്കുന്നതിനെ തങ്ങൾക്കിടയിലും നടപ്പാക്കാൻ - അഥവാ സ്വയം ബൂർഷ്വായാവാൻ - എല്ലാ രാഷ്ട്രങ്ങളേയും ബൂർഷ്വാസി നിർബ്ബന്ധിക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, അതു് സ്വന്തം പ്രതിച്ഛായയിലുള്ള ഒരു ലോകം സൃഷ്ടിക്കുന്നു.

ബൂർഷ്വാസി നഗരങ്ങളുടെ വാഴ്ചയ്ക്കു് ഗ്രാമങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. വമ്പിച്ച നഗരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണജനതയെ അപേക്ഷിച്ച് നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു; അങ്ങിനെ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ ഗ്രാമീണജീവിതത്തിന്റെ മൗഢ്യത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഗ്രാമങ്ങളെ നഗരങ്ങൾക്കു വിധേയമാക്കിയതുപോലെതന്നെ ബൂർഷ്വാസി അപരിഷ്‌കൃതവും അർദ്ധപരിഷ്‌കൃതവുമായ രാജ്യങ്ങളെ പരിഷ്‌കൃതരാജ്യങ്ങൾക്കും, കർഷകപ്രധാനമായ ജനതകളെ ബൂർഷ്വാ ജനതകൾക്കും, പൗരസ്ത്യരെ പാശ്ചാത്യർക്കും വിധേയമാക്കിയിരിക്കുന്നു.

ജനസംഖ്യയുടേയും ഉല്പാദനോപാധികളുടേയും സ്വത്തുക്കളുടേയും ഛിന്നഭിന്നാവസ്ഥയെ ബൂർഷ്വാസി കൂടുതൽ കൂടുതൽ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണു്. അതു് ജനസംഖ്യയെ ഒന്നിച്ചു കൂട്ടിച്ചേർത്തിരിക്കുന്നു; ഉല്പാദനോപാധികളെ കേന്ദ്രീകരിക്കുകയും, സ്വത്തു് [ 9 ] ഒരുപിടി ആളുകളുടെ കൈകളിൽ സ്വരൂപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം അനിവാര്യഫലം രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകരണമായിരുന്നു. പ്രത്യേകം പ്രത്യേകമായ താല്പര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതിസമ്പ്രദായങ്ങളുമുള്ള, സ്വതന്ത്രമോ അഥവാ അയഞ്ഞ ബന്ധങ്ങൾ മാത്രമുള്ളതോ ആയ പ്രവിശ്യകളെ ബൂർഷ്വാസി ഒരൊറ്റ ഗവണ്മെന്റും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയ വർഗ്ഗതാല്പര്യവും, ഒരൊറ്റ അതിർത്തിയും, ഒരൊറ്റ ചുങ്കവ്യവസ്ഥയുമുള്ള, ഒരൊറ്റ ദേശീയരാഷ്ട്രത്തിൽ കൂട്ടിച്ചേർത്തു.

കഷ്ടിച്ചു് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയിൽ ബൂർഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്പാദനശക്തികൾ, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേർന്നു് സൃഷ്ടിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വമ്പിച്ചതാണു്, ഭീമമാണു്! പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്‌പ്പെടുത്തൽ, യന്ത്രസാമഗ്രികൾ, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കൽ, നദികളെ ചാലു കീറി ഉപയോഗയോഗ്യമാക്കൽ, ഇന്ദ്രജാലപ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയിൽ നിന്നു് ഉണർത്തിക്കൊണ്ടുവരൽ - സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉല്പാദനശക്തികൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നു് മുമ്പേതൊരു നൂറ്റാണ്ടിനാണു് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?

അപ്പോൾ നാം കാണുന്നു: ബൂർഷ്വാസി സ്വയം പടുത്തുയർത്തിയതു് ഏതൊരടിത്തറയിന്മേലാണോ ആ ഉല്പാദന - വിനിമയോപാധികൾ ഉടലെടുത്തതു് ഫ്യൂഡൽ സമൂഹത്തിലാണു്. ഈ ഉല്പാദന - വിനിമയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തിയപ്പോൾ, ഫ്യൂഡലിസത്തിൻകീഴിൽ ഉല്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങൾ, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡൽ സംഘടന, ചുരുക്കിപ്പറഞ്ഞാൽ ഫ്യൂഡൽ സ്വത്തുടമബന്ധങ്ങൾ, വളർന്നുകഴിഞ്ഞ ഉല്പാദനശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തേയ്ക്കു് സ്വതന്ത്രമത്സരം കടന്നുവന്നു, അതേത്തുടർന്നു് അതിനു് അനുയോജ്യമായ ഒരു സാമൂഹ്യ - രാഷ്ട്രീയസംവിധാനവും ബൂർഷ്വാവർഗ്ഗത്തിന്റെ സാമ്പത്തിക - രാഷ്ട്രീയാധിപത്യവും സ്ഥാപിതമായി.

തത്തുല്യമായ ഒരു നീക്കം നമ്മുടെ കൺമുമ്പിൽത്തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും സ്വത്തുടമസ്ഥതയുടേയും ബൂർഷ്വാ ബന്ധങ്ങളോടുകൂടിയ ആധുനിക [ 10 ] , ഇത്രയം വമ്പിച്ച ഉല്പാദന - വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ടു് പാതാളലോകത്തിൽനിന്നു് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണു്, കഴിഞ്ഞ പല ദശാബ്ദങ്ങളിലേയും വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ചരിത്രം ആധുനികോല്പാദനശക്തികൾ ആധുനികോല്പാദനബന്ധങ്ങൾക്കെതിരായി, ബൂർഷ്വാസിയുടെ നിലനില്പിന്റേയും ഭരണത്തിന്റേയും ഉപാധികളായ സ്വത്തുടമബന്ധങ്ങൾക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണു്. വ്യാപാരപ്രതിസന്ധികളുടെ ഉദാഹരണമെടുത്തുനോക്കിയാൽ മതി. ആനുകാലികമായി ആവർത്തിക്കുന്ന ഈ പ്രതിസന്ധികൾ ഓരോ തവണയും മുമ്പത്തെക്കാൾ കൂടുതൽ ഭീഷണമായ രൂപത്തിൽ ബൂർഷ്വാസമൂഹത്തിന്റെയാകെ നിലനില്പിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈ പ്രതിസന്ധികളിൽ നിലവിലുള്ള ഉല്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്പാദന ശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുൻകാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി - അമിതോല്പാദനമെന്ന പകർച്ച വ്യാധി - ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടുന്നു. സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതി വിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സർവ്വസംഹാരിയായ സാർവ്വലൗകികയുദ്ധമോ എല്ലാ ഉപജീവനമാർഗ്ഗങ്ങളേയും കവർന്നടുത്തതായും, വ്യവസായവും വ്യാപാരവും നശിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട് ? വളരെ കൂടുതൽ നാഗരികതയും വളരെ കൂടുതൽ ഉപജീവനമാർഗ്ഗങ്ങളും വളരെ കൂടുതൽ വ്യവസായങ്ങളും വളരെ കൂടുതൽ വ്യാപാരവും വളർന്നു വന്നതുകൊണ്ട്. സമൂഹത്തിന്റെ ചൊൽപ്പടിയിലുള്ള ഉല്പാദനശക്തികൾ ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ചു, അവ ഈ ബന്ധങ്ങൾക്ക് താങ്ങാനാവാത്തവിധം കരുത്തേറിയതായിത്തീർന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂർഷ്വാ സമൂഹത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂർഷ്വാ സ്വത്തിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നു. ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ? ഒരു വശത്ത് ഉല്പാദനശക്തികളിൽ വലിയൊരു [ 11 ] ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.

ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്ന് ബൂർഷ്വാസിയുടെ നേർക്ക് തിരിഞ്ഞിരിക്കുന്നു.

എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നത് ; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി - ആധുനിക തൊഴിലാളി വർഗ്ഗത്തെ - അത് സൃഷ്ടിച്ചിട്ടുണ്ട്.

ബൂർഷ്വാസി - അതായത് മൂലധനം - വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളി വർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറ്റേതു വ്യാപാരസാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തൽഫലമായി, മത്സരത്തിന്റെ എല്ലാ ഗതിവിഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.

വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽ വിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിന്റെ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ട് ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവ് അവന്റെ നിലനിൽപ്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും28 അതിന്റെ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിന്റെ അനാകർഷത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽ വിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിന്റെ ഭാരവും കൂടി വരുന്നു- ഒന്നുകിൽ [ 12 ] തൊഴിൽ സമയം നീട്ടിയിട്ട്, അല്ലെങ്കിൽ നിശ്ചിതസമയത്തിനുള്ളിൽ ഈടാക്കുന്ന അദ്ധ്വാനം വർദ്ധിപ്പിച്ചിട്ട് അതുമല്ലെങ്കിൽ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും.

പിതൃതന്ത്രാത്മകയജമാനന്റെ ചെറിയ തൊഴിൽശാലയെ ആധുനികവ്യവസായം വ്യവസായികമുതലാളിയുടെ കൂറ്റൻ ഫാക്ടറിയായി മാറ്റിയിരിക്കുന്നു. ഫാക്ടറിയിൽ തള്ളി നിറയ്ക്കപ്പെടുന്ന തൊഴിലാളികളെ പട്ടാളക്കാരെപ്പോളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായസൈന്യത്തിലെ സാധാരണപടയാളികളായ ഇവരെ ഓഫീസർമാരുടേയും സാർജന്റുമാരുടേയും ഒരു പിശകറ്റ ശ്രേണി നിയന്ത്രിക്കുന്നു. അവർ ബൂർഷ്വാ വർഗ്ഗത്തിന്റേയും ബൂർഷ്വാ ഭരണകൂടത്തിന്റേയും അടിമകളാണെന്നു മാത്രമല്ല, ഫാക്ടറിയിലെ യന്ത്രവും അവിടുത്തെ മേസ്ത്രിയും, സർവ്വോപരി ഫാക്ടറി ഉടമസ്ഥനായ മുതലാളിതന്നെയും അവരെ ഓരോ ദിവസവും, ഓരോ മണിക്കൂറും അടിമപ്പെടുത്തുന്നു. ലാഭമാണ് സ്വന്തം പരമലക്ഷ്യമെന്ന് ഈ സ്വേച്ഛാധികാരം എത്രത്തോളം കൂടുതൽ പരസ്യമായി പ്രഖ്യാപിക്കുന്നുവോ, അത്രത്തോളം അതു കൂടുതൽ ക്ഷുദ്രവും കൂടുതൽ ഗർഹണീയവും കൂടുതൽ തിക്തവുമായിത്തീരുന്നു.

കായികാദ്ധ്വാനത്തിലുൾച്ചേർന്നിട്ടുള്ള സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു. എല്ലാവരും അദ്ധ്വാനോപകരണങ്ങളാണ്; പ്രായഭേദമനുസരിച്ചും, സ്ത്രീപുരുഷഭേദമനുസരിച്ചും ചെലവു കൂടുകയോ കുറയുകയോ ചെയ്യുമെന്നുമാത്രം.

വ്യവസായമുതലാളിയുടെ അതുവരെയുള്ള ചൂഷണം അവസാനിക്കുകയും, തൊഴിലാളികൾക്ക് അവരുടെ കൂലി രൊക്കം പണമായിട്ടുകിട്ടുകയും ചെയ്യേണ്ട താമസം, ബൂർഷ്വാസിയുടെ മറ്റുവിഭാഗങ്ങൾ, വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും മറ്റും, അവരുടെമേൽ ചാടിവീഴുകയായി.

ചെറുകിടവ്യവസായികൾ, ചെറിയ ഷോപ്പുടമസ്ഥർ, പൊതുവിൽ പറഞ്ഞാൽ, ജോലിയിൽ നിന്നും പിരിഞ്ഞ ചെറുകിട വ്യാപാരികൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങി ഇടത്തരക്കാരിൽത്തന്നെ കിഴേത്തട്ടിൽ ഉള്ളവരെല്ലാം ക്രമേണ തൊഴിലാളിവർഗ്ഗമായി അധ:പതിക്കുന്നു. കാരണം, ഭാഗികമായി, അവരുടെ ചുരുങ്ങിയ മൂലധനം ആധുനികവ്യവസായം നടത്തിക്കൊണ്ടുപോകാൻ [ 13 ] അപര്യാപ്തമാണ്, വൻകിടമുതലാളികളുമായുള്ള മത്സരത്തിൽ അത് മുങ്ങിപ്പോകുന്നു. ഭാഗികമായി, പുതിയ ഉല്പാദനരീതികൾ അവരുടെ പ്രത്യേകവൈദഗ്ദ്ധ്യത്തിനു വിലയില്ലാതാക്കിയിരിക്കുന്നു. ഇങ്ങനെ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും തൊളിലാളിവർഗ്ഗത്തിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു.

തൊഴിലാളിവർഗ്ഗം വികാസത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബൂർഷ്വസിയുമായുള്ള സമരം അതിന്റെ പിറവിയോടുകൂടി ആരംഭിക്കുന്നു, ആദ്യമൊക്കെ ഈ പോരാട്ടം നടത്തുന്നത് തൊഴിലാളികൾ ഒറ്റയ്ക്കാണ്, പിന്നീട് ഒരു ഫാക്ടറിയിലെ തൊഴിലാളികളെല്ലാം ചേർന്നും, തുടർന്ന് ഒരു പ്രദേശത്തുള്ള ഒരു വ്യവസായത്തിലെ തൊഴിലാളികളെല്ലാം ചേർന്ന് തങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്ന മുതലാളിക്കെതിരായും. ഉല്പാദനത്തിന്റെ ബൂർഷ്വാബന്ധങ്ങൾക്കെതിരായിട്ടല്ല. ഉല്പാദനോപകരണങ്ങളുടെ നേർക്കാണ് അവർ അവരുടെ ആക്രമണം തിരിച്ചുവിടുന്നത്. തങ്ങളുടെ അദ്ധ്വാനവുമായി മത്സരിക്കുന്ന ഇറക്കുമതി സാധനങ്ങളെ അവർ നശിപ്പിക്കുന്നു, യന്ത്രങ്ങൾ തല്ലിത്തകർക്കുന്നു; ഫാക്ടറികൾ കൊള്ളിവയ്ക്കുന്നു, മദ്ധ്യകാലത്തിലെ തൊഴിലാളിയുടെ മൺമറഞ്ഞ മാന്യസ്ഥാനം ബലാൽക്കാരമായി വീണ്ടെടുക്കാൻ അവർ ശ്രമിക്കുന്നു.

ഈ ഘട്ടത്തിൽ തൊഴിവാളികൾ അപ്പോഴും രാജ്യത്താകമാനം ചിന്നിച്ചിതറിക്കിടക്കുന്നതും അന്യോന്യമുള്ള കിടമത്സരത്താൽ പിളർന്നതുമായ, കെട്ടുറപ്പില്ലാത്ത ഒരു കൂട്ടമാണ്. എവിടെയെങ്കിലും അവർ കൂടുതൽ ഭദ്രമായ സംഘങ്ങൾ ഉണ്ടാക്കാൻ ഏകോപിച്ചുവെങ്കിൽ അത് ഇനിയും അവരുടെ സ്വന്തം സജീവസഹകരണത്തിന്റെ ഫലമല്ല, നേരേമറിച്ച്, ബൂർഷ്വാസിയുടെ ഏകീകരണത്തിന്റെ ഫലമാണ്. കാരണം, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി, തൊഴിലാളി വർഗ്ഗത്തെ ആകമാനം ഇളക്കിവിടാൻ ബൂർഷ്വാസി നിർബന്ധിതമാവുന്നു. അവർക്ക് അപ്പോഴും അങ്ങിനെ ചെയ്യാൻ കഴിയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തിൽ തൊഴിലാളിവർഗ്ഗം തങ്ങളുടെ ശത്രുക്കളോടല്ല, ശത്രുക്കളുടെ ശത്രുക്കളോടാണ്- സ്വേച്ഛാപ്രഭുത്വപരമായ രാജവാഴ്ചയുടെ അവശിഷ്ടങ്ങളുടേയും ജന്മികളുടേയും വ്യവസായികളല്ലാത്ത ബൂർഷ്വാകളുടേയും പെറ്റിബൂർഷ്വാകളുടേയും നേർക്കാണ് - സമരം നടത്തുന്നത്. അങ്ങിനെ ചരിത്രപരമായ പ്രസ്ഥാനമാകെ ബൂർഷ്വാസിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു; ആ മത്സരത്തിൽ നേടുന്ന ഓരോ വിജയവും ബൂർഷ്വാസിയുടെ വിജയമാണ്.

പക്ഷേ, വ്യവസായത്തിന്റെ വികാസത്തോടുകൂടി തൊഴിലാളിവർഗ്ഗം എണ്ണത്തിൽ പെരുകുക മാത്രമല്ല ചെയ്യുന്നത്; കൂടുതൽ വലിയ [ 14 ] സഞ്ചയങ്ങളിൽ കേന്ദ്രീകൃതമായിത്തീരുകയും അവരുടെ കരുത്തു വളരുകയും, ആ കരുത്തിനെപ്പറ്റി അവർക്കു കൂടുതൽ ബോധമുണ്ടാവുകയും ചെയ്യുന്നു. യന്ത്രോപകരണങ്ങൾ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസങ്ങളെതേച്ചുമാച്ചുകളയുകയും മിക്കവാറും എല്ലായിടത്തും കൂലിനിരക്ക് ഒരേ താഴ്ന്ന നിലവാരത്തിലേക്കു ചുരുക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ അണികൾക്കുള്ളിലുള്ള വിവിധതാല്പര്യങ്ങളും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അധികമധികം സമീകരിക്കപ്പെടുന്നു. മുതലാളികൾ തമ്മിൽ മൂത്തുവരുന്ന കിടമത്സരവും തൽഫലമായ വ്യാപാരപ്രതിസന്ധികളും തൊഴിലാളികളുടെ കൂലി അധികമധികം അസ്ഥിരമാക്കിത്തീർക്കുന്നു. അധികമധികം വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന യന്ത്രോപകരണങ്ങളുടെ അവിരാമമായ അഭിവൃദ്ധി തൊഴിലാളികളുടെ ഉപജീവനത്തെ വർദ്ധമാനമായ അളവിൽ അപകടത്തിലാക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിൽ ഒറ്റയ്ക്കാറ്റയ്ക്കുണ്ടാവുന്ന സംഘട്ടനങ്ങൾ രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ സ്വഭാവം അധികമധികം കൈക്കൊള്ളുന്നു. അതോടെ തൊഴിലാളികൾ ബൂർഷ്വാസിക്കെതിരായി സംഘങ്ങൾ (ട്രേഡ് യൂണിയനുകൾ) രൂപീകരിക്കാൻ തുടങ്ങുന്നു, കൂലിനിരക്കു നിലനിർത്താൻ വേണ്ടി അവർ ഒന്നിച്ചു ചേരുന്നു. ഇടയ്ക്കുണ്ടാവുന്ന ഈ കലാപങ്ങൾ നടത്താൻ മുൻകൂട്ടി തയ്യാറെടുക്കുന്നതിനുവേണ്ടി അവർ സ്ഥിരം സംഘങ്ങൾ രൂപീകരിക്കുന്നു. ചിലേടത്ത് ഈ സമരങ്ങൾ ലഹളകളായി പൊട്ടിപുറപ്പെടുന്നു.

ചിലപ്പോൾ തൊളിലാളികൾ വിജയിക്കും; പക്ഷേ, തൽക്കാലത്തേക്കുമാത്രം. അവർ നടത്തുന്ന പോരാട്ടങ്ങളുടെ യഥാർത്ഥഫലം കിടക്കുന്നത് അടിയന്തിരനേട്ടങ്ങളിലല്ല, നേരേമറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്. ആധുനികവ്യവസായം സൃഷ്ടിക്കുന്നതും, വിഭിന്നപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരസ്പരം ബന്ധം വയ്ക്കാൻ സൗകര്യമുണ്ടാക്കുന്നതുമായ മെച്ചപ്പെട്ട ഗതാഗതമാർഗ്ഗങ്ങൾ ഈ ഏകീകരണത്തെ സഹായിക്കുന്നു. ഒരേ സ്വഭാവത്തിലുള്ള അനേകം പ്രാദേശികസമരങ്ങളെ വർഗ്ഗങ്ങൾ തമ്മിലുള്ള ഒരൊറ്റ ദേശീയസമരത്തിന്റെ രൂപത്തിൽ കേന്ദ്രീകരിക്കാൻ ഈ ബന്ധം തന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ ഓരോ വർഗ്ഗസമരവും രാഷ്ട്രീയസമരമാണ്. ദയനീയമായ പെരുവഴികളോടുകൂടിയ മദ്ധ്യയുഗത്തിൽ നഗരനിവാസികൾക്ക് ഇത്തരമൊരു ഏകീകരണം നേടാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ ഇന്നത്തെ തൊഴിലാളിവർഗ്ഗം റെയിൽവേയുടെ സഹായത്താൽ ഏതാനും കൊല്ലംകൊണ്ട് അത് നേടി.

ഒരു വർഗ്ഗമെന്ന നിലയ്ക്കും തന്മൂലം ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന [ 15 ] നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അത് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു - കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ട് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്ക് നിയമനിർമ്മാണം വഴി അംഗീകാരം നൽകാൻ അത് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണ് ഇംഗ്ലണ്ടിൽ പത്തുമണിക്കൂർ ബിൽ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായത്.

ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർങ്ങൾതമ്മിലുള്ള ഏറ്റമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിന്റെ വികാസഗതിയെ പലപ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോട്; പിന്നീട് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ളം ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോട്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോട്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോട് അഭ്യർത്ഥിക്കാനും, അതിന്റെ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരെഗത്തിലേക്കും വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിന്റെ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണ്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസയാണ് അനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിന് നൽകിയത്.

ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ , വ്യവസായപുരോഗതി ഭരമവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വർഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളി വർഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിന്റെയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു.

അവസാനമായി, വർഗ്ഗസമരത്തിന്റെ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ , ഭരണവർഗ്ഗത്തിനകത്തു്-വാസ്തവം പറഞ്ഞാൽ , പഴയസമൂഹത്തിലടിമുടി - നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവുംഅതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും , തല്ഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോകുകയും , വിപ്ലവകാരിയായ വർഗ്ഗത്തിന്റെ ഭാവി [ 16 ] യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിന്റെ ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിന്റെ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം - വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയെ ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യശാസ്ത്രജ്ഞന്മരിൽ ഒരു വിഭാഗം - തൊഴിലാളി വർഗ്ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.

ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിന്റെ മുമ്പിൽ മറ്റു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും , ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിന്റെ സവിശേഷവും സാരത്തുമായ ഉല്പന്നം .

ഇടത്തരവർഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ , ഷോപ്പുടമകൾ , കൈവേലക്കാർ , കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു് , പോരാ , പിന്തിരിപ്പന്മാരാണു്. കാരണം , അവർ ചരിത്രത്തിന്റെ ചക്രം പുറകോട്ടു തിരിക്കാനാണു് ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു് , ഇന്നത്തെ താല്പര്യങ്ങളെയല്ല , അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിന്റെ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.

ആപൽക്കാരിയായ വർഗ്ഗത്തെ, സമൂഹത്തിലെ ചെറ്റകളെ , പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ , തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.

തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിൽ , പഴയ [ 17 ] സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം , മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം , ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും , ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിന്റെ എല്ലാ ലാഞ്ഛനയും തുടച്ചുമാറ്റിയിരിക്കുന്നു. അവനെ സംബന്ധിച്ചടുത്തോളം , നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിന്റെയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പകിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.

ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും , തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻ വേണ്ടി സമൂഹത്തെ ആകെ തങ്ങളെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിന്റെ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ , കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യതക്തിപരമായ സ്വത്തിനുവേണ്ടിയുള്ള എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങങളും ന്യൂനനപക്ഷങ്ങളുടേതോ , ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളി പ്രസ്ഥാനമാകട്ടെ , ബഹൂഭൂരിപക്ഷത്തിന്റെ താല്പര്യത്തിനുവേമ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ , ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളി വർഗ്ഗത്തിനു് അനങ്ങാനാവില്ല , സ്വയം എഴുന്നേൽക്കാനാവില്ല.

തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം , ഭാവത്തിലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളി വർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.

തൊഴിലാളിവർഗ്ഗത്തിന്റെ വികാസത്തിലെ ഏറ്റവും സാമാ [ 18 ] ന്യമായ ഘട്ടങ്ങളെ വിവരിക്കുന്ന അവസാരത്തിൽ , ഇന്നത്തെ സമൂഹത്തിനകത്തു് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവച്ചിരിക്കുന് തുമായ ആഭ്യന്തരയുദ്ധത്തെ , അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ‌ഘട്ടംവരെ, ബൂർഷ്വാവാസിയെ ബലാൽക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടംവരെ , നാം വരച്ചുകാണിച്ചുകഴിഞ്ഞു.

ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മർദ്ദകവർഗ്ഗങ്ങളും മർദ്ദിതവർഗ്ഗളും തമ്മിലുള്ള ശത്രുതയാണെന്നു നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാൽ ഒരു വർഗ്ഗത്തെ മർദ്ദിക്കണമെങ്കിൽ , അടിമയായിട്ടെങ്കിലും ജീവിതം തുടർന്നുപോകേവേണ്ടി ചില ഉപാധികൾ അതിനു് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തിൽ , അടിയാൻ നഗരസഭാംഗമായി സ്വയം ഉയയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ - സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിൻകീഴിൽ പെറ്റിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ചു് ഇന്നത്തെ തൊഴിലാളിയാകട്ടെ , വ്യവസ്ഥായം പുരോഗമിക്കുന്നതോടൊപ്പെ ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നതു്. അവർ പാപ്രായിത്തീരുന്നു. ജനസംഖ്യയെക്കാളും സമ്പത്തിനെക്കാളും എത്രയോ കൂടുതൽ വേഗത്തിൽ പാപ്പരത്തം വലരുന്നു. മേലിൽ സമൂഹത്തിലെ ഭരണവർഗ്ഗമായി നിലനിൽക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നതനിയമമെന്നോണം സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കാനും ബൂർഷ്വാസിക്കു് യോഗ്യതയില്ലെന്നു് അങ്ങിനെ തെളിയുന്നു. അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിനു് ഉറപ്പുനൽകാൻ അതിനു കഴിവില്ല. അടിമ ബൂർഷ്വാസിയെ തീറ്റിപ്പോറ്റുന്നതിനുപകരം , അടിമയെ തീറ്റിപ്പോറ്റേണ്ടിവരുന്ന ഗതികേടാണു് ബൂർഷ്വാസിക്കു് വന്നുചേർന്നിട്ടുള്ളതു് . അത്രയും ആഴത്തിലേക്കു് അവൻ ആണ്ടുപോകുന്നതിനെ തടഞ്ഞുനിർത്താൻ ബൂർഷ്വാസിക്ക് സാധിക്കാതായിരുന്നു. ഈ ബൂർഷ്വാസിയുടെ കീഴിൽ സമൂങത്തിനു ജീവിക്കാൻ ഇനി സാദ്ധ്യമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ , അതിന്റെ നിലനില്പു് സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.

ബൂർഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വർദ്ധനവുമാണു്. മൂലധനത്തിന്റെ ഉപാധിയാകട്ടെ , കൂലിവേലയും കൂ [ 19 ] ലിവേല തൊഴിലാളികൾക്കിടയിലുള്ള മത്സരത്തെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതു്. വ്യവസായത്തിന്റെ മുന്നേറ്റം - ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നതു് ബൂർഷ്വാസിയാണു്- മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മിൽതമ്മിലുള്ള അകൽച്ചയുടെസ്ഥാനത്തു് , സഹകരണത്തിന്റെ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ടു് ബൂർഷ്വാസി ഉല്പാദിപ്പിക്കുകയും ഉല്പന്നങ്ങൾ സ്വായക്തമാക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തെ ആധുനികവ്യവസായത്തിന്റെ വികാസം തട്ടിമാറ്റുന്നു. അതുകൊണ്ടു് ബൂർഷ്വാസി സൃഷ്ടിക്കുന്നതു് , സർവ്വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണു്. അതിന്റെ പതനവും തൊഴിലാളിവർഗ്ഗത്തിന്റെ വിജയവും ഒരുപോലെ അനിവാര്യമാണു്.


കുറിപ്പുകൾ

[തിരുത്തുക]

  1. സാമൂഹ്യോത്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനികമുതലാളികളുടെ വർഗ്ഗത്തെയാണു് ബൂർഷ്വാസി എന്ന പദംകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഉല്പാദനോപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അദ്ധ്വാനശക്തി വിൽക്കാൻ നിർബ്ബന്ധിതരായ ആധുനിക കൂലിവേലക്കാരുടെ വർഗ്ഗത്തെയാണു് തൊഴിലാളിവർഗ്ഗം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗത്സിന്റെ കുറിപ്പു്.)
  2. അതായതു്, ലിഖിതചരിത്രം മുഴുവനുമെന്നർത്ഥം. മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിനു മുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങൾ 1847-ൽ മിക്കവാറും അജ്ഞാതമായിരുന്നു. പിന്നീടു് ഹക്സ്ത്ഹൗസൻ24 പൊതുഭൂവുടമസമ്പ്രദായം റഷ്യയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ചരിത്രത്തിൽ ട്യൂട്ടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയിൽ നിന്നാണെന്നു മൌറർ25 തെളിയിച്ചു. കാലക്രമേണ ഇന്ത്യ മുതൽ ഐർലണ്ടുവരെ എല്ലാരാജ്യങ്ങളിലും സമൂഹത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളാണെന്നോ ആയിരുന്നുവെന്നോ തെളിഞ്ഞു. വംശത്തിന്റെ(genus) യഥാർത്ഥസ്വഭാവത്തേയും ഗോത്രവുമായി(tribe) അതിനുള്ള ബന്ധത്തേയും സംബന്ധിച്ച മോർഗന്റെ26 വിജയകരമായ കണ്ടുപിടുത്തം ഈ പ്രാചീനകമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഭ്യന്തരഘടനയെ, അതിന്റെ മാതൃകാരൂപത്തിൽ അനാവരണം ചെയ്തു. ഈ പ്രാചീനസമുദായങ്ങളുടെ ശിഥിലീകരണത്തോടുകൂടി സമൂഹം വ്യത്യസ്തങ്ങളും പിന്നീടു പരസ്പരശത്രുക്കളുമായ വർഗ്ഗങ്ങളായി വേർപിരിയാൻ തുടങ്ങുന്നു. "കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന ഗ്രന്ഥത്തിൽ ഞാൻ ഈ ശിഥിലീകരണപ്രക്രിയയെ വരച്ചുകാണിക്കാൻ ശ്രമിച്ചിട്ടുണ്ടു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)
  3. ഗിൽഡ്മാസ്റ്റർ അഥവാ ഒരു ഗിൽഡിലെ പൂർണ്ണമെമ്പർ, ഗിൽഡിനകത്തെ ഒരു മേസ്ത്രി, ഗിൽഡിന്റെ തലവനല്ല. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)
  4. ഫ്രാൻസിൽ നഗരങ്ങൾ രൂപപ്പെട്ടുവന്ന കാലത്തെ അവയുടെ പേരാണു് കമ്മ്യൂൺ. ഫ്യൂഡൽപ്രഭുക്കളിൽനിന്നും യജമാനന്മാരിൽനിന്നും 'മൂന്നാം ശ്രേണി' എന്ന നിലയിൽ തങ്ങളുടെ പ്രാദേശികസ്വയംഭരണവും, രാഷ്ട്രീയാവകാശങ്ങളും പിടിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവ ആ പേർ കൈക്കൊണ്ടിരുന്നു. പൊതുവിൽ പറഞ്ഞാൽ, ബൂർഷ്വാസിയുടെ സാമ്പത്തികവികാസത്തിനു് മാതൃകാരാജ്യമായി ഇംഗ്ലണ്ടിനേയും രാഷ്ട്രീയവികാസത്തിനു മാതൃകാരാജ്യമായി ഫ്രാൻസിനേയുമാണു് ഇവിടെ കൈക്കൊണ്ടിട്ടുള്ളതു്. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)

    ഫ്യൂഡല്പ്രഭുക്കളിൽനിന്നു് ആരംഭത്തിൽ തങ്ങളുടെ സ്വയംഭണാവകാശങ്ങൾ വിലക്കു വാങ്ങുകയോ, പിടിച്ചെടുക്കുകയോ ചെയ്തതിനുശേഷം ഇറ്റലിയിലേയും ഫ്രാൻസിലേയും നഗരവാസികൾ തങ്ങളുടെ നഗരസമുദായങ്ങൾക്കു നൽകിയ പേരാണു് കമ്മ്യൂൺ.(1890-ലെ ജർമ്മൻ പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്)