ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ടു്, മറുവശത്തു് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണംചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്കു് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.
ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താൻ ബൂർഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങൾതന്നെ ഇന്നു് ബൂർഷ്വാസിയുടെ നേർക്കു് തിരിഞ്ഞിരിക്കുന്നു.
എന്നാൽ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങൾ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂർഷ്വാസി ചെയ്തിരിക്കുന്നതു്; ഈ ആയുധങ്ങളെടുത്തു് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി—ആധുനിക തൊഴിലാളിവർഗ്ഗത്തെ—അത് സൃഷ്ടിച്ചിട്ടുണ്ടു്.
ബൂർഷ്വാസി—അതായതു് മൂലധനം—വികാസം പ്രാപിക്കുന്ന അതേ അനുപാതത്തിൽത്തന്നെ ആധുനികതൊഴിലാളിവർഗ്ഗവും വളരുന്നു. ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണു് തൊഴിലാളിവർഗ്ഗം. അല്പാല്പമായി സ്വയം വിൽക്കേണ്ടിവരുന്ന ഈ വേലക്കാർ മറേറതു വ്യാപാരസാമഗ്രിയേയുംപോലെ ഒരു ചരക്കാണു്; തൽഫലമായി, മത്സരത്തിൻെറ എല്ലാ ഗതികൾക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങൾക്കും അവർ ഇരയായിത്തീരുന്നു.
വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽവിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്കു് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു. അവൻ യന്ത്രത്തിൻെറ വെറുമൊരു അനുബന്ധമായിത്തീരുന്നു. ഏററവും ലളിതവും ഏററവും മുഷിപ്പനും ഏററവും എളുപ്പത്തിൽ നേടാവുന്നതുമായ സാമർത്ഥ്യം മാത്രം അവനുണ്ടായാൽ മതി. അതുകൊണ്ടു്, ഒരു തൊഴിലാളിയുടെ ഉല്പാദനച്ചെലവു് അവൻെറ നിലനില്പിനും വംശവർദ്ധനവിനും വേണ്ട ഉപജീവനമാർഗ്ഗങ്ങളിൽ ഒട്ടുമുക്കാലും പൂർണ്ണമായി ഒതുങ്ങിനിൽക്കുന്നു. പക്ഷേ, ഒരു ചരക്കിൻെറ വിലയും അതുകൊണ്ടു് അദ്ധ്വാനത്തിൻെറ28 വിലയും അതിൻെറ ഉല്പാദനച്ചെലവിനു സമമാണല്ലോ. അപ്പോൾ തൊഴിലിൻെറ അനാകർഷകത്വം എത്രത്തോളം വർദ്ധിക്കുന്നുവോ, അതേ തോതിൽ കൂലി കുറയുന്നു. മാത്രവുമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴിൽവിഭജനവും വർദ്ധിക്കുന്ന തോത്തിൽത്തന്നെ അദ്ധ്വാനത്തിൻെറ ഭാരവും കൂടിവരുന്നു—ഒന്നുകിൽ