ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമൂഹത്തിൻെറ ജീവിതസാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ഫലത്തിൽ മുങ്ങിപ്പോയിരിക്കുന്നു. തൊഴിലാളിക്കു് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവൻെറ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു. ആധുനികവ്യവസായങ്ങളിലെ അദ്ധ്വാനം, മൂലധനത്തിൻകീഴിലുള്ള ആധുനിക അടിമത്തം, ഫ്രാൻസിലെന്നപോലെ ഇംഗ്ലണ്ടിലും, ജർമ്മനിയിലെന്നപോലെ അമേരിക്കയിലും ഒന്നുതന്നെയാണു്. അതു് തൊഴിലാളിയിൽനിന്നു് ദേശീയസ്വഭാവത്തിൻെറ എല്ലാ ലാഞ്ഛനയും തുടച്ചുമാററിയിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം, നിയമവും സദാചാരവും മതവുമെല്ലാം ബൂർഷ്വാ മുൻവിധികൾ മാത്രമാണു്. അവയുടെ ഓരോന്നിൻെറയും പിന്നിൽ അത്രതന്നെ ബൂർഷ്വാ താല്പര്യങ്ങൾ പതിയിരിക്കുന്നതായിട്ടാണു് അവൻ കാണുന്നതു്.

ഇതിനുമുമ്പ് ആധിപത്യം നേടിയിട്ടുള്ള എല്ലാ വർഗ്ഗങ്ങളും, തങ്ങൾ നേടിക്കഴിഞ്ഞ പദവിയെ ഉറപ്പിച്ചുനിർത്താൻവേണ്ടി സമൂഹത്തെ ആകെ തങ്ങളുടെ ധനസമ്പാദനോപാധികൾക്കു് കീഴ്പ്പെടുത്താൻ നോക്കി. തങ്ങളുടെ സ്വന്തം പഴയ ധനസമ്പാദനരീതിയേയും തദ്വാരാ അതിനുമുമ്പുള്ള മറ്റെല്ലാ ധനസമ്പാദനരീതികളേയും നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെയല്ലാതെ തൊഴിലാളിവർഗ്ഗത്തിനു് സമൂഹത്തിൻെറ ഉല്പാദനശക്തികളുടെ നാഥന്മാരാകാൻ സാധിക്കുകയില്ല. നേടിയെടുക്കാനോ, കാത്തുരക്ഷിക്കാനോ അവർക്കു് തങ്ങളുടേതായി യാതൊന്നും തന്നെയില്ല. വ്യക്തിപരമായ സ്വത്തിനുവേണ്ടിയുള്ള പഴയ എല്ലാ രക്ഷാവ്യവസ്ഥകളേയും ഉറപ്പുകളേയും നശിപ്പിക്കുകയാണു് അവരുടെ ദൌത്യം.

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷതാല്പര്യങ്ങൾക്കുവേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിപ്രസ്ഥാനമാകട്ടെ, ബഹുഭൂരിപക്ഷത്തിൻെറ താല്പര്യത്തിനുവേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിൻെറ സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രസ്ഥാനമാണു്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിൻെറ എല്ലാ അട്ടികളേയും വായുവിലേക്കു് എടുത്തെറിയാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിൻെറ ഏററവും താഴ്ന്ന തട്ടായ തൊഴിലാളിവർഗ്ഗത്തിനു് അനങ്ങാനാവില്ല, സ്വയം എഴുന്നേൽക്കാനാവില്ല.

തൊഴിലാളിവർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണു്. ഒരോ രാജ്യത്തിലേയും തൊഴിലാളിവർഗ്ഗത്തിനു് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ.

തൊഴിലാളിവർഗ്ഗത്തിൻെറ വികാസത്തിലെ ഏററവും സാമാ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/17&oldid=241138" എന്ന താളിൽനിന്ന് ശേഖരിച്ചത്