യുടെ ഭാഗധേയം സ്വന്തം കരങ്ങളിൽ വഹിക്കുന്ന വർഗ്ഗത്തിൻെറ—ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ടു് മുമ്പൊരു ഘട്ടത്തിൽ പ്രഭുവർഗ്ഗത്തിൽ ഒരു വിഭാഗം ബൂർഷ്വാസിയുടെ ഭാഗത്തു് ചേർന്നതുപോലെതന്നെ ബൂർഷ്വാസിയിൽ ഒരു വിഭാഗം—വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാൻ കഴിവുണ്ടാക്കത്തക്ക നിലയിലേക്കു് സ്വയം ഉയർന്നിട്ടുള്ള ബൂർഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം—തൊഴിലാളിവർഗ്ഗത്തിൻെറ ഭാഗത്തേക്കു പോകുന്നു.
ഇന്നു് ബൂർഷ്വാസിക്കു് അഭിമുഖമായി നില്ക്കുന്ന എല്ലാ വർഗ്ഗങ്ങളിലുംവെച്ചു് യഥാർത്ഥത്തിൽ വിപ്ലവകാരിയായ ഒരേയൊരു വർഗ്ഗം തൊഴിലാളിവർഗ്ഗമാണു്. ആധുനികവ്യവസായത്തിൻെറ മുമ്പിൽ മററു വർഗ്ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവിൽ തിരോഭവിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗ്ഗമാണു് അതിൻെറ സവിശേഷവും സാരവത്തുമായ ഉല്പന്നം.
ഇടത്തരവർഗ്ഗത്തിൻെറ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ, ഷോപ്പുടമകൾ, കൈവേലക്കാർ, കൃഷിക്കാർ തുടങ്ങിയവരെല്ലാംതന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ടു് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണു്, പോരാ, പിന്തിരിപ്പന്മാരാണു്. കാരണം, അവർ ചരിത്രത്തിൻെറ ചക്രം പുറകോട്ടു തിരിക്കാനാണു ശ്രമിക്കുന്നതു്. ഇനി സംഗതിവശാൽ അവർ വിപ്ലവകാരികൾ ആണെങ്കിൽ, അതിനുള്ള കാരണം അവർ താമസിയാതെ തൊഴിലാളിവർഗ്ഗത്തിലേക്കു മാറുമെന്ന വസ്തുത മാത്രമാണു്. അപ്പോൾ തങ്ങളുടെ ഭാവിതാല്പര്യങ്ങളെയാണു്, ഇന്നത്തെ താല്പര്യങ്ങളെയല്ല, അവർ സംരക്ഷിക്കുന്നതു്. തൊഴിലാളിവർഗ്ഗത്തിൻെറ നിലപാടിൽ നിലകൊള്ളാൻവേണ്ടി അവർ അവരുടെ സ്വന്തമായ നിലപാടു് ഉപേക്ഷിക്കുന്നു.
ആ ‘‘ആപൽക്കാരിയായ വർഗ്ഗ’’ത്തെ, സമൂഹത്തിലെ ചെററകളെ, പഴയ സമൂഹത്തിൻെറ ഏററവും അടിത്തട്ടിൽനിന്നും എടുത്തെറിയപ്പെട്ടവരും നിഷ്ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ കൂട്ടത്തെ, തൊഴിലാളിവിപ്ലവം അവിടവിടെ പ്രസ്ഥാനത്തിലേക്കു് അടിച്ചുകൊണ്ടുവന്നു എന്നു വരാം. എന്നാൽ അവരുടെ ജീവിതസാഹചര്യങ്ങൾ പിന്തിരിപ്പന്മാരുടെ ഉപജാപങ്ങൾക്കുവേണ്ടി കൂലിക്കെടുക്കാവുന്ന ചട്ടുകമായി പ്രവർത്തിക്കാനാണു് അവരെ കൂടുതലായും സജ്ജമാക്കുന്നതു്.
തൊഴിലാളിവർഗ്ഗത്തിൻെറ ജീവിതസാഹചര്യങ്ങളിൽ, പഴയ