ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിലയ്ക്കുമുള്ള തൊഴിലാളികളുടെ ഈ സംഘടന, തൊഴിലാളികൾക്കിടയിൽത്തന്നെയുള്ള മത്സരം കാരണം തുടർച്ചയായി തകിടംമറിക്കപ്പെടുന്നു. പക്ഷേ, അതു് എപ്പോഴും വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു—കൂടുതൽ ഊക്കോടുകൂടി, ഉറപ്പോടുകൂടി, കരുത്തോടുകൂടി. ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള ഭിന്നിപ്പുകളെ ഉപയോഗിച്ചുകൊണ്ടു് തൊഴിലാളികളുടെ ചില താല്പര്യങ്ങൾക്കു് നിയമനിർമ്മാണംവഴി അംഗീകാരം നൽകാൻ അതു് നിർബ്ബന്ധിക്കുന്നു. ഇങ്ങനെയാണു് ഇംഗ്ലണ്ടിൽ ‘‘പത്തുമണിക്കൂർ ബിൽ’’ (പ്രവൃത്തിസമയം പത്തു മണിക്കൂറായി ചുരുക്കുന്ന ബിൽ) പാസ്സായതു്.

ആകപ്പാടെ നോക്കുമ്പോൾ പഴയ സമൂഹത്തിലെ വർഗ്ഗങ്ങൾ തമ്മിലുള്ള ഏററുമുട്ടലുകൾ തൊഴിലാളിവർഗ്ഗത്തിൻെറ വികാസഗതിയെ പല പ്രകാരത്തിലും സഹായിക്കുന്നു. ബൂർഷ്വാസി നിരന്തരമായ ഒരു സമരത്തിൽ സ്വയം ചെന്നുപെട്ടിരിക്കുന്നു. ആദ്യം പ്രഭുവർഗ്ഗത്തോടു്; പിന്നീടു് വ്യവസായപുരോഗതിക്കു വിരുദ്ധമായ താല്പര്യങ്ങളുള്ള, ബൂർഷ്വാസിയുടെതന്നെ ചില വിഭാഗങ്ങളോടു്; എല്ലാ സമയത്തും അന്യരാജ്യങ്ങളിലെ ബൂർഷ്വാസിയോടു്. ഈ സമരങ്ങളിലെല്ലാം തന്നെ തൊഴിലാളിവർഗ്ഗത്തോടു് അഭ്യർത്ഥിക്കാനും, അതിൻെറ സഹായം തേടാനും അങ്ങിനെ അതിനെ രാഷ്ട്രീയരംഗത്തിലേക്കു് വലിച്ചുകൊണ്ടുവരാനും ബൂർഷ്വാസി സ്വയം നിർബന്ധിതമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടു് തൊഴിലാളിവർഗ്ഗത്തിനു് രാഷ്ട്രീയവും സാമാന്യവുമായ വിദ്യാഭ്യാസത്തിൻെറ സ്വന്തം ആദ്യപാഠങ്ങൾ നൽകുന്നതു ബൂർഷ്വാസിതന്നെയാണു്. മറെറാരു വിധത്തിൽ പറയുകയാണെങ്കിൽ, ബൂർഷ്വാസിയാണു് അതിനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിനു നൽകുന്നതു്.

ഇതിനുപുറമേ, നാം കണ്ടുകഴിഞ്ഞതുപോലെ, വ്യവസായപുരോഗതി ഭരണവർഗ്ഗങ്ങളിൽ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളിവർഗ്ഗത്തിലേക്കു് തള്ളിവിടുന്നു, അഥവാ അവരുടെ നിലനില്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. ഈ വിഭാഗങ്ങളും തൊഴിലാളിവർഗ്ഗത്തിനു് പുരോഗതിയുടേയും വിജ്ഞാനത്തിൻെറയും നവബീജങ്ങൾ പ്രദാനം ചെയ്യുന്നു.

അവസാനമായി, വർഗ്ഗസമരത്തിൻെറ നിർണ്ണായകഘട്ടം ആസന്നമാകുമ്പോൾ, ഭരണവർഗ്ഗത്തിനകത്തു്—വാസ്തവം പറഞ്ഞാൽ, പഴയ സമൂഹത്തിലടിമുടി—നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായ രൂപം കൈക്കൊള്ളുകയും, തൽഫലമായി ആ വർഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം അതിൽനിന്നു സ്വയം വേർപെട്ടുപോവുകയും, വിപ്ലവകാരിയായ വർഗ്ഗത്തിൻെറ—ഭാവി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/15&oldid=241134" എന്ന താളിൽനിന്ന് ശേഖരിച്ചത്