താൾ:Communist Manifesto (ml).djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


റ്റാൻ കഴിഞ്ഞതും ഉയർന്നുവരുന്ന ബൂർഷ്വാസിക്കു് പുതിയ തുറകൾ തുറന്നുകൊടുത്തു. ഇന്ത്യയിലെയും ചൈനയിലേയും കമ്പോളങ്ങൾ, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളനികളുമായുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവിലുണ്ടായ വർദ്ധന - ഇതെല്ലാം വ്യാപാരത്തിനും, കപ്പൽഗതാഗതത്തിനും വ്യവസായത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രചോദനം നൽകി. അതു് അടിതകർന്നു് ആടിയുലയുന്ന ഫ്യൂഡൽ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വരമായ വികാസത്തിനും കാരണമായിത്തീർന്നു.

ഫ്യൂഡലിസത്തിൻകീഴിൽ വ്യാവസായികോല്പാദനം, അന്യർക്കു പ്രവേശനമില്ലാത്ത ഗിൽഡുകളുടെ കുത്തകയായിരുന്നു. പുതിയ കമ്പോളങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ സമ്പ്രദായം ഇപ്പോൾ അപര്യാപ്തമായി. ഇതിന്റെ സ്ഥാനത്തു് നിർമ്മാണത്തൊഴിൽ സമ്പ്രദായം വന്നു. നിർമ്മാണത്തൊഴിലുടമകളായ ഇടത്തരക്കാർ ഗിൽഡുമേസ്ത്രീമാരെ ഒരു ഭാഗത്തേക്കു തള്ളിനീക്കി. ഓരോ തൊഴിൽ ശാലക്കകത്തുമുള്ള തൊഴിൽവിഭജനത്തിന്റെ മുമ്പിൽ വ്യത്യസ്ത സംഘടിത ഗിൽഡുകൾ തമ്മിലുള്ള തൊഴിൽ വിഭജനം അപ്രത്യക്ഷമായി.

ഇതിനിടയിൽ കമ്പോളങ്ങൾ വളർന്നുകൊണ്ടേയിരുന്നു. ആവശ്യങ്ങൾ അനുസ്യൂതം വർദ്ധിച്ചുകൊണ്ടേയിരുന്നു. നിർമ്മാണത്തൊഴിൽ സമ്പ്രദായം പോലും അപര്യാപ്തമായി. അപ്പോഴാണ് ആവിശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായികോല്പാദനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയതു്. അതോടുകൂടി ഇന്നത്തെ പടുകൂറ്റൻ വ്യവസായങ്ങൾ നിർമ്മാണത്തൊഴിലിന്റെ സ്ഥാനം പിടിച്ചു; കോടീശ്വരന്മാരായ വ്യവസായമേധാവികൾ, വ്യവസായപ്പടകളുടെയാകെ നേതാക്കന്മാർ, ആധുനിക ബൂർഷ്വാ വ്യവസായികളായ ഇടത്തരക്കാരുടെ സ്ഥാനം കരസ്ഥമാക്കി.

ആധുനികവ്യവസായം ലോകകമ്പോളം സ്ഥാപിച്ചിരിക്കുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതാണ് അതിനു് വഴിതെളിയിച്ചതു്. ഈ കമ്പോളം വ്യാപാരത്തിനും കടൽമാർഗ്ഗേണയും കരമാർഗ്ഗേണയുമുള്ള ഗതാഗതത്തിനും വമ്പിച്ച വികസനം നൽകി. ഈ വികാസമാകട്ടെ വ്യവസായത്തിന്റെ വിപുലീകരണത്തെ സഹായിച്ചു. മാത്രമല്ല, വ്യവസായവും വ്യാപാരവും കപ്പൽഗതാഗതവും റെയിൽവേകളും വളർന്ന തോതിൽത്തന്നെ ബൂർഷ്വാസിയും വളർന്നു: അതിന്റെ മൂലധനം പെരുകി; മദ്ധ്യയുഗത്തിന്റെ സന്തതികളായ എല്ലാ വർഗ്ഗങ്ങളേയും അതു് പിന്നോക്കം തള്ളിനീക്കി.

അപ്പോൾ, ഇന്നത്തെ ബൂർഷ്വാസിതന്നെ ദീർഘകാലത്തെ വി-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/4&oldid=157895" എന്ന താളിൽനിന്ന് ശേഖരിച്ചത്