താൾ:Communist Manifesto (ml).djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കാനാവില്ല. നേരേമറിച്ചു്, ഇതിനു മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായികവർഗ്ഗങ്ങളുടേയും നിലനില്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദനരീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു. ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും - ഇതെല്ലാം ബൂർഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു. ഉറച്ചു കട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തൽസ്ഥാനത്ത്, പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചുകട്ടിയാവാൻ സമയം കിട്ടുന്നതിനുമുമ്പു് അവ പഴഞ്ചനായിത്തീരുന്നു. കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു, വിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു. അങ്ങിനെ അവസാനം മനുഷ്യൻ തന്റെ ജീവിതയാഥാർത്ഥ്യങ്ങളേയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളേയും സമചിത്തതയോടെ നേരിടാൻ നിർബന്ധിതനാകുന്നു.

ഉല്പന്നങ്ങൾക്കു് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിനു് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാർപ്പുറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം.

ലോകകമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂർഷ്വാസി ഓരോ രാജ്യത്തിലേയും ഉല്പാദനത്തിനും ഉപഭോഗത്തിനും ഒരു സാർവ്വലൗകികസ്വഭാവം നൽകിയിട്ടുണ്ടു്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ടു് വ്യവസായത്തിന്റെ കാൽക്കീഴിൽ നിന്നു് അതു നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂർഷ്വാസി വലിച്ചുമാറ്റി. എല്ലാ പരമ്പരാഗത ദേശീയവ്യവസായങ്ങളേയും അതു നശിപ്പിച്ചു, അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണു്. തൽസ്ഥാനം പുതിയ വ്യവസായങ്ങൾ ഏറ്റെടുക്കുന്നു. അവ ഏർപ്പെടുത്തേണ്ടതു് എല്ലാ പരിഷ്കൃതരാജ്യങ്ങൾക്കും ഒരു ജീവന്മരണപ്രശ്നമായിത്തീരുന്നു; ഈ പുതിയ വ്യവസായങ്ങൾ ഉപയോഗിക്കുന്ന അസംസ്കൃതസാധനങ്ങൾ തദ്ദേശീയമല്ല - അതിവിദൂരദേശങ്ങളിൽനിന്നു കൊണ്ടുവരുന്നവയാണു്; അവയുടെ ഉല്പന്നങ്ങളാകട്ടെ, അതാതു നാട്ടിൽ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. സ്വന്തം രാജ്യത്തെ ഉല്പന്നങ്ങൾകൊണ്ടു് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്തു് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലേയും കാലാവസ്ഥകളിലേയും ഉല്പന്നങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന പുതിയ ആവശ്യങ്ങൾ നാം കാണുന്നു. പ്രാദേശി-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/7&oldid=157928" എന്ന താളിൽനിന്ന് ശേഖരിച്ചത്