താൾ:Communist Manifesto (ml).djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുസ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും, ജന്മിയും അടിയാനും, ഗിൽഡ് മാസ്റ്ററും[1] വേലക്കാരനും - ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോൾ ഒളിഞ്ഞും ചിലപ്പോൾ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വർഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണു് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളതു്.

ചരിത്രത്തിന്റെ ആദികാലഘട്ടങ്ങളിൽ വിവിധശ്രേണികളായി, സാമൂഹ്യപദവിയുടെ ഒട്ടേറെ ഉച്ചനീചതട്ടുകളായി, തരംതിരിക്കപ്പെട്ടതും സങ്കീർണ്ണവുമായ ഒരു സാമൂഹസംവിധാനമാണു് ഏറെക്കുറെ എവിടെയും കാണുന്നതു്. പൗരാണികറോമിൽ പട്രീഷ്യന്മാരും(കുലീനർ), നൈറ്റുകളും(യോധന്മാർ), പ്ലെബിയന്മാരും(മ്ലേച്ഛന്മാർ) അടിമകളും ഉണ്ടായിരുന്നു. മദ്ധ്യയുഗത്തിലാകട്ടെ, ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പികളും ഗിൽഡ്മാസ്റ്റർമാരും വേലക്കാരും അപ്രണ്ടീസുകളും അടിയാന്മാരും ഉണ്ടായിരുന്നു, കൂടാതെ മിക്കവാറും ഈ എല്ലാ വർഗ്ഗങ്ങളിലും പല പല അവാന്തരവിഭാഗങ്ങളും ഉണ്ടായിരുന്നു.

ഫ്യൂഡൽ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളിൽനിന്നും മുളയെടുത്ത ഇന്നത്തെ ബൂർഷ്വാസമൂഹം വർഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്തു് പുതിയ വർഗ്ഗങ്ങളേയും പുതിയ മർദ്ദനസാഹചര്യങ്ങളേയും പുതിയ സമരരൂപങ്ങളേയും പ്രതിഷ്ഠിക്കുക മാത്രമാണു ചെയ്തിട്ടുള്ളതു്.

എന്നാൽ നമ്മുടെ കാലഘട്ടത്തിനു് - ബൂർഷ്വാസിയുടെ കാലഘട്ടത്തിനു് - ഈയൊരു സവിശേഷസ്വഭാവമുണ്ട്: അതു് വർഗ്ഗവൈരങ്ങളെ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ടു് ഗംഭീരശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ടു് വലിയ വർഗ്ഗങ്ങളായി, കൂടുതൽ കൂടുതൽ ​പിളർന്നുകൊണ്ടിരിക്കുകയാണു്: ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവുമാണ് അവ.

മദ്ധ്യയുഗത്തിലെ അടിയാളരിൽനിന്നു് ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികൾ ഉയർന്നുവന്നു. ഈ നഗരവാസികളിൽ നിന്നാണു് ബൂർഷ്വാസിയുടെ ആദ്യഘടകങ്ങൾ വളർന്നുവികസിച്ചതു്.

അമേരിക്കൻ വൻകര കണ്ടുപിടിച്ചതും ആഫ്രിക്കൻ മുനമ്പ് ചു-

  1. ഗിൽഡ്മാസ്റ്റർ അഥവാ ഒരു ഗിൽഡിലെ പൂർണ്ണമെമ്പർ, ഗിൽഡിനകത്തെ ഒരു മേസ്ത്രി, ഗിൽഡിന്റെ തലവനല്ല. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പു്.)
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/3&oldid=157884" എന്ന താളിൽനിന്ന് ശേഖരിച്ചത്