താൾ:Communist Manifesto (ml).djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടി ആളുകളുടെ കൈകളിൽ സ്വരൂപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം അനിവാര്യഫലം രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകരണമായിരുന്നു. പ്രത്യേകം പ്രത്യേകമായ താല്പര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതിസമ്പ്രദായങ്ങളുമുള്ള, സ്വതന്ത്രമോ അഥവാ അയഞ്ഞ ബന്ധങ്ങൾ മാത്രമുള്ളതോ ആയ പ്രവിശ്യകളെ ബൂർഷ്വാസി ഒരൊറ്റ ഗവണ്മെന്റും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയ വർഗ്ഗതാല്പര്യവും, ഒരൊറ്റ അതിർത്തിയും, ഒരൊറ്റ ചുങ്കവ്യവസ്ഥയുമുള്ള, ഒരൊറ്റ ദേശീയരാഷ്ട്രത്തിൽ കൂട്ടിച്ചേർത്തു.

കഷ്ടിച്ചു് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയിൽ ബൂർഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്പാദനശക്തികൾ, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേർന്നു് സൃഷ്ടിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വമ്പിച്ചതാണു്, ഭീമമാണു്! പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്‌പ്പെടുത്തൽ, യന്ത്രസാമഗ്രികൾ, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കൽ, നദികളെ ചാലു കീറി ഉപയോഗയോഗ്യമാക്കൽ, ഇന്ദ്രജാലപ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയിൽ നിന്നു് ഉണർത്തിക്കൊണ്ടുവരൽ - സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉല്പാദനശക്തികൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നു് മുമ്പേതൊരു നൂറ്റാണ്ടിനാണു് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?

അപ്പോൾ നാം കാണുന്നു: ബൂർഷ്വാസി സ്വയം പടുത്തുയർത്തിയതു് ഏതൊരടിത്തറയിന്മേലാണോ ആ ഉല്പാദന - വിനിമയോപാധികൾ ഉടലെടുത്തതു് ഫ്യൂഡൽ സമൂഹത്തിലാണു്. ഈ ഉല്പാദന - വിനിമയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തിയപ്പോൾ, ഫ്യൂഡലിസത്തിൻകീഴിൽ ഉല്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങൾ, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡൽ സംഘടന, ചുരുക്കിപ്പറഞ്ഞാൽ ഫ്യൂഡൽ സ്വത്തുടമബന്ധങ്ങൾ, വളർന്നുകഴിഞ്ഞ ഉല്പാദനശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തേയ്ക്കു് സ്വതന്ത്രമത്സരം കടന്നുവന്നു, അതേത്തുടർന്നു് അതിനു് അനുയോജ്യമായ ഒരു സാമൂഹ്യ - രാഷ്ട്രീയസംവിധാനവും ബൂർഷ്വാവർഗ്ഗത്തിന്റെ സാമ്പത്തിക - രാഷ്ട്രീയാധിപത്യവും സ്ഥാപിതമായി.

തത്തുല്യമായ ഒരു നീക്കം നമ്മുടെ കൺമുമ്പിൽത്തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും സ്വത്തുടമസ്ഥതയുടേയും ബൂർഷ്വാ ബന്ധങ്ങളോടുകൂടിയ ആധുനിക ബൂർ-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/9&oldid=157949" എന്ന താളിൽനിന്ന് ശേഖരിച്ചത്