കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/രണ്ട്
←അദ്ധ്യായം I | കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ II: തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും |
അദ്ധ്യായം III→ |
[ 20 ]
II
തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും
[തിരുത്തുക]തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരും
മൊത്തത്തിൽ തൊഴിലാളികളുമായുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ എവിടെ നിൽക്കുന്നു ?
മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കെതിരായ ഒരു പ്രത്യേക പാർട്ടിയായല്ല കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുന്നതു്.
തൊഴിലാളിവർഗ്ഗത്തിന്റെ ഒട്ടാകെ താല്പര്യങ്ങളിൽനിന്നു് വിഭിന്നവും വ്യത്യസ്തവുമായ യാതൊരു താല്പര്യവും അവർക്കില്ല.
തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനും വാർത്തൊടുക്കുന്നതും എന്തെങ്കിലും വിഭാഗീയതത്വങ്ങൾ അവർ സ്ഥാപിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാരെ മറ്റു തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽ നിന്നു് വേർതിരിക്കുന്നതു് ഇതു മാത്രമാണു് :
- വിവിധരാജ്യങ്ങളിലുള്ള തൊഴിലാളികളുടെ ദേശീയസമരങ്ങളിൽ, ദേശഭേദം നോക്കാതെ, തൊഴിലാളിവർഗ്ഗത്തിന്റെ ആകമാനമുള്ള പൊതുതാല്പര്യങ്ങളെ അവർ ചൂണ്ടിക്കാണിക്കുകയും മുന്നോട്ടു് കൊണ്ടുവരികയും ചെയ്യുന്നു.
- ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം നടത്തുന്ന സമരത്തിന്റെ വിവിധഘട്ടങ്ങളിൽ പ്രസ്ഥാനത്തിന്റെ ഒട്ടാകെയുള്ള താല്പര്യങ്ങളെ എങ്ങും എന്നും അവർ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ടു്, ഒരു വശത്തു്, കമ്മ്യൂണിസ്റ്റുകാർ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളിവർഗ്ഗപ്പാർട്ടികളിൽവെച്ചു് എറ്റവും മുന്നണിയിൽ നിൽക്കുന്നതും, എറ്റവും നിശ്ചയദാർഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു് തള്ളിനീക്കുന്നതുമായ വിഭാഗമാണു്. മറുവശത്താകട്ടെ സൈദ്ധാന്തികമായി തൊഴിലാളിവർഗ്ഗബഹുജനങ്ങൾക്കില്ലാത്ത മെച്ചം അവർക്കുണ്ടു്. തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ മുന്നോട്ടു പോകാനുള്ള വഴി, ഉപാധികൾ, പരമമായ പൊതുഫലങ്ങൾ എന്നിവയെപ്പറ്റി അവർക്കു് വ്യക്തമായ ധാരണയുണ്ടു്.
കമ്മ്യുണിസ്റ്റുകരുടെ അടിയന്തരലക്ഷ്യം മറ്റെല്ലാ തൊഴിലാളിവർഗ്ഗപ്പാർട്ടികൾക്കുമുള്ള ലക്ഷ്യംതന്നെയാണു്. അതായതു്, തൊ [ 21 ] ഴിലാളികളെ ഒരു വർഗ്ഗമായി സംഘടിപ്പിക്കുക, ബൂർഷ്വാ മേൽക്കോയ്മയെ മറിച്ചിടുക, തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചുപറ്റുക.
കമ്മ്യൂണിസ്റ്റ്കാരുടെ സൈദ്ധാന്തികനിഗമനങ്ങൾ സർവ്വലോകപരിഷ്ക്കർത്താവാകാനാഗ്രഹിക്കുന്ന ഏതെങ്കിലുമൊരാൾ കല്പിച്ചുണ്ടാക്കിയതേ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല.
നിലവിലുള്ള ഒരു വർഗ്ഗസമരത്തിൽനിന്നു്, നമ്മുടെ കൺമുമ്പിൽ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽനിന്നു്, പൊന്തിവരുന്ന യഥാർത്ഥബന്ധങ്ങൾക്ക് സാമാന്യരൂപം നൽകുകയാണ് ആ നിഗമനങ്ങൾ ചെയ്യുന്നത്. നിലവിലുള്ള സ്വത്തുടമബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നത് കമ്മ്യൂണിസത്തിന്റെ ഒരു പ്രത്യേക സ്വഭാവവിശേഷമൊന്നുമല്ല.
ചരിത്രപരമായ സ്ഥിതിഗതികളിൽ മാറ്റം വരുന്നതിന്റെ ഫലമായി എല്ലാം സ്വത്തുടുമബന്ധങ്ങളും കഴിഞ്ഞ കാലത്ത് തുടർച്ചയായി ചരിത്രപരമായ മാറ്റത്തിനു വിധേയമായിട്ടുണ്ട്.
ഉദാഹരണത്തിനു് ഫ്രഞ്ചുവിപ്ലവം ബൂർഷ്വാസ്വത്തിനുവേണ്ടി ഫ്യൂഡൽസ്വത്തിനെ ഉച്ചാടനം ചെയ്തു.
പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ സവിശേഷസ്വഭാവം, എന്നാൽ, വർഗ്ഗവൈരങ്ങളുടെ, കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്ത്.
ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം സ്വകാര്യസ്വത്ത് ഇല്ലാതാക്കൽ.
ഒരാൾക്ക് സ്വന്തം പ്രയത്നത്തിന്റെ ഫലം എന്ന നിലയിൽ സ്വന്തമായി സ്വത്തു സമ്പാദിക്കാനുള്ള അവകാശത്തെ-വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യത്തിന്റെയും പ്രവർത്തനങ്ങളുടെയും സ്വാശ്രയത്വത്തിന്റെയും അടിത്തറയാണ് ഈ സ്വത്തെന്നു പറയുന്നു.-നശിപ്പിക്കാനാഗ്രഹിക്കുന്നു എന്നു കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുറ്റപ്പെടുത്താറുണ്ട്.
കഷ്ടപ്പെട്ടു നേടിയ, സ്വയമാർജ്ജിച്ച, സ്വന്തമായി സമ്പാദിക്കുന്ന സ്വത്ത്! സ്വത്തിന്റെ ബൂർഷ്വാരൂപത്തിനു മുമ്പുണ്ടായിരുന്ന, ചെറിയ കൈവേലക്കാരന്റെയും ചെറുകർഷകന്റെയും സ്വ [ 22 ] ത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ? അതു നശിപ്പിക്കേണ്ട ആവശ്യമില്ല. വ്യവസായത്തിന്റെ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിവസംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണ്.
അതോ, ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്തിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ?
പക്ഷേ കൂലിവേല തൊഴിലാളികൾക്കു വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ ? ഇല്ല , ഒട്ടുമില്ല. അതുണ്ടാക്കുന്നത് മൂലധനമാണ് - കൂലിവേലയെ ചൂഷണം ചെയ്യുന്നതും പുതുതായി ചൂഷണം ചെയ്യാൻ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വർദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണത്. മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള സ്വത്ത് നിൽക്കുന്നത്. നമുക്ക് ഈ വൈരത്തിന്റെ ഇരുവശവും ഒന്നു പരിശോധിക്കാം.
ഒരു മുതലാളിയാവുക എന്നുവച്ചാൽ ഉല്പാദനത്തിൽ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിക്കൂടി ഒരു പദവിയുണ്ടാകുക എന്നർത്ഥമാണ്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണ്. വളരെപ്പേർ ഏകോപിച്ചു പ്രവർത്തിച്ചാൽ മാത്രമേ , പോരാ. അവസാനത്തെ അപഗ്രഥനത്തിൽ, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ , അതിനെ ചലിപ്പിക്കാൻ സാധിക്കൂ.
അതുകൊണ്ട് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണ്.
അതുകൊണ്ട്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിലെ എല്ലാം അംഗങ്ങളുടേയും സ്വത്താക്കി മാറ്റുമ്പോൾ, വ്യക്തിപരമായ സ്വത്ത് തന്മൂലം സമൂഹത്തിന്റെ സ്വത്തായി മാറുന്നില്ല. സ്വത്തിന്റെ സാമൂഹ്യസ്വഭാവത്തിനു മാത്രമേ മാറ്റം വരുന്നുള്ളു. സ്വത്തിനു് അതിന്റെ വർഗ്ഗസ്വഭാവം ഇല്ലാതാകുന്നു.
ഇനി നമുക്ക് കൂലിവേലയുടെ കാര്യമെടുക്കാം.
കൂലിവേലയുടെ ശരാശരി വില ഏറ്റവും ചുരുങ്ങിയ കൂലിയാണു്- അതായത് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്ക് നിലനിർത്താൻ കേവലം ആവശ്യമായ ഉപജീവനാംശമാണ്. അപ്പോൾ ഒരു കൂലിവേലക്കാരൻ തന്റെ അദ്ധ്വാനംകൊണ്ടു സമ്പാദിക്കുന്നത് കഷ്ടിച്ച് അവന്റെ ജീവിതത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിന്റെ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു നിർത്തലാക്കാൻ ഞങ്ങൾ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിർത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണ് [ 23 ] ഇതു നടത്തുന്നത്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ യാതൊരു മിച്ചവും അതിൽനിന്നു് അവശേഷിക്കുന്നില്ല. തൊഴിലാളി മൂലധനം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ജീവിക്കുകയും ഭരണാധികാരിവർഗ്ഗത്തിന്റെ താല്പര്യം ആവശ്യപ്പെടുന്ന കാലത്തോളം മാത്രം അവനെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ സ്വായത്തമാക്കലിന്റെ ദയനീയസ്വഭാവം ഇല്ലാതാക്കണമെന്നേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു.
ബുർഷ്വാസമൂഹത്തിൽ, സചേതനമായ അദ്ധ്വാനം സഞ്ചിതമായ അദ്ധ്വാനത്തെ വർദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ, സഞ്ചിതമായ അദ്ധ്വാനം തൊഴിലാളിയുടെ ജീവിതത്തെ വിശാലമാക്കാനും സംപുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ള ഒരുപാധിയാണു്.
അതുകൊണ്ട് ബൂർഷ്വാ സമൂഹത്തിൽ ഭുതകാലം വർത്തമാനകാലത്തെ ഭരിക്കുന്നു. ബുർഷ്വാ സമൂഹത്തിൽ മൂലധനം സ്വതന്ത്രമാണ്. അതിനു വ്യക്തത്വമുണ്ട് , അതേസമയം ജീവിക്കുന്ന മനുഷ്യൻ പരാശ്രയനാണ് , അവനു് യാതൊരു വ്യക്തത്വവുമില്ല.
ഈ സ്ഥിതിവിശേഷത്തെ നിർമ്മാർജ്ജനം ചെയ്യുന്നത് വ്യക്തിത്വത്തെ നശിപ്പിക്കലാണെന്നും സ്വാതന്ത്ര്യത്തെ നശിപ്പിക്കലാണെന്നും പറഞ്ഞു് ബൂർഷ്വാസി അധിക്ഷേപിക്കുന്നു ! അതു ശരിയാണു്. ബൂർഷ്വാവ്യക്തിത്വവും ബൂർഷ്വാ സ്വാതന്ത്ര്യവും ബൂർഷ്വാസ്വാശ്രയത്വവും നശിപ്പിക്കുകതന്നെയാണ് ലക്ഷ്യം.
എന്നാൽ ക്രയവിക്രയം തിരോഭവിക്കുമ്പോൾ, സ്വതന്ത്രമായ ക്രയവിക്രയവും തിരോധാനം ചെയ്യുന്നു. സ്വതന്ത്രമായ ക്രയവിക്രയത്തെക്കുറിച്ചുള്ള ഈ പറച്ചിലിനും പൊതുവിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള നമ്മുടെ ബൂർഷ്വാസിയുടെ മറ്റെല്ലാ വീമ്പുകൾക്കും വല്ല അർത്ഥവുമുണ്ടെങ്കിൽ അത് മദ്ധ്യകാലത്തെ കൂച്ചുവിലങ്ങിട്ട വ്യാപാരികളുടേയും കടിഞ്ഞാണിട്ടുപിടിച്ച ക്രയവിക്രയത്തിന്റെയും സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോൾ മാത്രമാണ്. എന്നാൽ ക്രയവിക്രയത്തന്റെയും ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാസിയുടെ തന്നെയും കമ്മ്യൂണിസ്റ്റ് നിർമ്മാർജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയ്ക്ക് യാതൊരു അർത്ഥവുമില്ല.
സ്വകാര്യസ്വത്ത് ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നു [ 24 ] കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടുന്നു. പക്ഷേ നിലവിലുള്ള നിങ്ങളുടെ സമൂഹത്തിൽ ജനസംഖ്യയുടെ പത്തിലൊമ്പതു പേരുടേയും സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പത്തിലൊമ്പതു പേരുടെ കൈവശം സ്വകാര്യസ്വത്തില്ലാത്തതുകൊണ്ടു മാത്രമാണ് ഒരുപിടിയാളുകൾക്ക് അതുണ്ടാവുന്നത്. അതുകൊണ്ട് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും യാതൊരുതരം സ്വത്തും ഇല്ലാതിരിക്കുന്നത് ഒരു അവശ്യോപാധിയായിട്ടുള്ള , സ്വത്തിന്റെ പ്രത്യേകരൂപം ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് നിങ്ങളുടെ ആക്ഷേപം.
ഒറ്റവാക്കിൽ, നിങ്ങളുടെ സ്വത്ത് നശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനു് നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്നു. വളരെ ശരിയാണ് , അതുതന്നെയാണ് ഞങ്ങളുടെ ഉദ്ദേശം.
മൂലധനമായി, പണമായി , പാട്ടമായി , ചുരുക്കത്തിൽ കുത്തകയാക്കിവയ്ക്കാവുന്ന ഒരു സാമൂഹ്യശക്തിയായി, അദ്ധ്വാനത്തെ മേലിൽ രൂപാന്തരപ്പെടുത്താൻ കഴിയാത്ത നിമിഷംമുതൽ , അതായത്, വ്യക്തികളുടെ സ്വത്തിനെ ബൂർഷ്വാ സ്വത്താക്കി , മൂലധനമാക്കി, മാറ്റാനാവാത്ത നിമിഷംമുതൽ, വ്യക്തിത്വം അസ്തമിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു.
അതുകൊണ്ട് 'വ്യക്തി' എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് ബൂർഷ്വായെ, ഇടത്തരക്കാരനായ സ്വത്തുടമയെ , അല്ലാതെ മറ്റാരെയുമല്ലെന്നു നിങ്ങളും തുറന്നു സമ്മതിക്കണം. തീർച്ചയായും അയാളെ വഴിയിൽനിന്ന് അടിച്ചുതുടച്ചുമാറ്റണം, അങ്ങിനെ ഒരാൾ ഉണ്ടാവുന്നത് അസാദ്ധ്യമായിത്തീരണം.
സമൂഹത്തിന്റെ ഉല്പന്നങ്ങളെ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്മ്യൂണിസം ആർക്കും നഷ്ടപ്പെടുത്തുന്നില്ല , അത്തരം സ്വന്തമാക്കൽ കൊണ്ട് മറ്റുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരം മാത്രമേ എടുത്തു കളയുന്നുള്ളു.
സ്വകാര്യസ്വത്ത് വേണ്ടെന്നുവച്ചാൽ എല്ലാ ജോലിയുടെ നിലയ്ക്കുമെന്നും സാർവ്വലൗകികമായ ആലസ്യം നമ്മെ പിടികൂടുമെന്നും ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ട്.
ഈ വാദമനുസരിച്ച് ബൂർഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായരിന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങൾ യാതൊന്നും സമ്പാദിക്കുന്നില്ല , എന്തെങ്കിലും സമ്പാദിക്കുന്നവർ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നത് ഇല്ലാതായിക്കഴിഞ്ഞാൽ കൂലിവേല സാധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറ്റൊരു പ്രകടരൂപമാത്രമാണ് ഈ ആക്ഷേപമാകെത്തന്നെ. [ 25 ] ഭൗതികോല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിന്റെ കമ്മ്യൂണിസ്റ്റ് രീതിക്കെതിരായി കൊണ്ടുവന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും അതുപോലെ ബുദ്ധിപരമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിനുള്ള കമ്മ്യൂണിസ്റ്റ് രീതികൾക്കെതിരായും ഉന്നയിക്കപ്പെടുന്നുണ്ട്. ബൂർഷ്വായുടെ ദൃഷ്ടിയിൽ വർഗ്ഗസ്വത്തിന്റെ തിരോധാനം ഉല്പാദനത്തിന്റെ തന്നെ തിരോധാനമാകുന്നതുപോലെതന്നെ അയാളുടെ ദൃഷ്ടിയിൽ വർഗ്ഗസംസ്ക്കാരത്തിന്റെ തിരോധാനം എല്ലാ സംസ്ക്കാരത്തിന്റെയും തിരോധാനത്തിനു തുല്യമാണ്.
ഏതൊരു സംസ്ക്കാരത്തിന്റെ നാശത്തെച്ചൊല്ലിയാണോ അയാൾ കണ്ണീർവാർക്കുന്നത് , ആ സംസ്ക്കാരം ബഹുഭൂരിപക്ഷം ജനങ്ങൾക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണ്.
എന്നാൽ സ്വാതന്ത്ര്യം , സംസ്ക്കാരം , നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂർഷ്വാ ധാരണകളുടെ മാനദണ്ഡംവെച്ച്, ബൂർഷ്വാസ്വത്ത് ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങൾ ഞങ്ങളുമായി വഴക്കടിക്കാൻ വരേണ്ട. നിങ്ങളുടെ വർഗ്ഗത്തിന്റെ അഭീഷ്ടത്തെ-അതിന്റെ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിർണ്ണയിക്കുന്നത് നിങ്ങളുടെ വർഗ്ഗത്തിന്റെ നിലനില്പിന്റെ സാമ്പത്തികോപാധികളാണ്-എല്ലാവർക്കുംവേണ്ടിയുള്ള നിയമമായി മാറ്റിയതാണ് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെതന്നെ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുടെ ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടേയും സന്തതി മാത്രമാണ്.
നിങ്ങളുടെ ഇന്നത്തെ ഉല്പാദനരീതിയിൽനിന്നും സ്വത്തുടമയുടെ രൂപത്തിൽനിന്നും ഉടലെടുക്കുന്ന സാമൂഹ്യരൂപങ്ങളെ-ഉല്പാദനത്തിന്റെ പുരോഗതിയിൽ ഉയർന്നുവരികയും തിരോഭവിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങളെ-പ്രകൃതയുടേയും യുക്തിയുടേയും സനാതനിയമങ്ങളാക്കി മാറ്റാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്വാർത്ഥപരമായ ഈ അബദ്ധധാരണ നിങ്ങളുടെ മുൻഗാമികളായ എല്ലാ ഭരണാധികാരിവർഗ്ഗങ്ങൾക്കുമുണ്ടായിരുന്നതാണ്. പ്രാചീന സ്വത്തിന്റെ കാര്യത്തിൽ നിങ്ങൾ വ്യക്തമായി കാണുന്നത്, ഫ്യൂഡൽസ്വത്തിന്റെ കാര്യത്തിൽ നിങ്ങൾ തുറന്നു സമ്മതിക്കുന്നത് , നിങ്ങളുടെ സ്വന്തം സ്വത്തിന്റെ ബൂർഷ്വാരൂപത്തെ സംബന്ധിച്ചിടത്തോളം തുറന്നു സമ്മതിക്കാൻ തീർച്ചയായും നിങ്ങൾക്കു അനുവാദമില്ലല്ലോ.
കുടുംബത്തെ ഇല്ലാതാക്കുക ! കമ്മ്യൂണിസ്റ്റുകാരുടെ ഈ നികൃഷ്ട [ 26 ] മായ നിർദ്ദേശം കേട്ടാൽ അങ്ങേയറ്റത്തെ സമൂലപരിവർത്തനവാദികൾക്കുകൂടി കലികയറും.
ഇന്നത്തെ കുടുംബത്തിന്റെ , ബൂർഷ്വാകുടുംബത്തിന്റെ അടിസ്ഥാനമെന്താണ് ? മൂലധനം , സ്വകാര്യലാഭം. പൂർണ്ണവളർച്ചയെത്തിയ രൂപത്തിൽ ഈ കുടുംബം നിലനിൽക്കുന്നത് ബൂർഷ്വാസിക്കിടയിൽ മാത്രമാണ്. എന്നാൽ ഈ സ്ഥിതിയുടെ മറുവശം തൊഴിലാളികൾക്കിടയിലുള്ള കുടുംബജീവിതത്തിന്റെ പ്രായോഗികമായ അഭാവത്തിലും പരസ്യമായ വ്യഭിചാരവൃത്തിയിലും കാണാം.
ഈ മറുവശം അപ്രത്യക്ഷമായാൽ ബൂർഷ്വാകുടുംബവും സ്വാഭാവികമായി അപ്രത്യക്ഷമാവും. മൂലധനം അപ്രത്യക്ഷമാവുന്നതോടെ രണ്ടും അപ്രത്യക്ഷമാവും.
മാതാപിതാക്കങ കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ ഞങ്ങളുടെ മേൽ കുറ്റമാരോപിക്കുന്നുണ്ടോ ? ഈ കുറ്റം ഞങ്ങൾ സമ്മതിക്കുന്നു.
പക്ഷേ നിങ്ങളുമായി വിദ്യാഭ്യാസമോ ? അതും സാമൂഹ്യമല്ലേ ? നിങ്ങൾ വിദ്യയഭ്യസിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങളല്ലേ-സ്ക്കൂൾ വഴിക്കും മറ്റുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലല്ലേ-അതിനെ നിർണ്ണയിക്കുന്നത് ? വിദ്യാഭ്യാസത്തിൽ സമൂഹം ഇടപെടുന്നത് കമ്മ്യൂണിസ്റ്റുകാരുടെ കണ്ടുപിടുത്തമൊന്നുമല്ല , ആ ഇടപെടലിന്റെ സ്വഭാവം മാറ്റാനും ഭരണാധികാരിവർഗ്ഗത്തന്റെ സ്വാധീനത്തിൽനിന്നു് വിദ്യാഭ്യാസത്തെ രക്ഷിക്കാനും മാത്രമാണ് അവർ ശ്രമിക്കുന്നത്.
ആധുനികവ്യവസായത്തന്റെ പ്രവർത്തനംമൂലം തൊഴിലാളികൾക്കിടയിലുള്ള എല്ലാ കുടുംബബന്ധങ്ങളും പിച്ചിച്ചീന്തപ്പെടുന്നതും അവരുടെ മക്കൾ വെറും വ്യാപാരസാമഗ്രികളും അദ്ധ്വാനോപകരണങ്ങളുമായി മാറ്റപ്പെടുന്നതും എത്രത്തോളം കൂടുതലാവുന്നുവോ , കുടുംബത്തേയും വിദ്യാഭ്യാസത്തേയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള പാവനബന്ധങ്ങളേയും കുറിച്ചുള്ള ബൂർഷ്വാ ചപ്പടാച്ചി അത്രത്തോളം കൂടുതൽ മനംമടുപ്പിക്കുന്നതായിത്തീരുന്നു. [ 27 ] സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.
വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണ് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.
പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാന പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറ്റൊന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമം ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ട്.
സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ-പൊതുവേശ്യകളുടെ കാര്യം പോകട്ടെ-നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയറ്റം ആനന്ദംകൊള്ളുന്നു.
ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണ്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിന്റെ സ്ഥാനത്ത് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും , ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിന്റെ സന്തതിയായ പൊതുഭാര്യാത്വവും-അതായത് രഹസ്യവും പരസ്യവുമായ വ്യഭിചാരവും-അവസാനിക്കുമെന്ന് സ്വയംവ്യക്തമാണ്.
കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറ്റൊരു ആക്ഷേപം , അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.
തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തത് അവരിൽനിന്നും നമുക്ക് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ട് , രാഷ്ട്രത്തിന്റെ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ട് , സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ട് , അത് അത്രത്തോളം ദേശീയമാണ്-പക്ഷേ, ആ വാക്കിന്റെ ബൂർഷ്വാ അർത്ഥത്തിലല്ല.
ബൂർഷ്വാസിയുടെ വളർച്ചയുടെ വ്യാപാരസ്വാതന്ത്ര്യത്തിന്റെ , ലോകകമ്പോളത്തിന്റെ, ഉല്പാദനരീതിയിലും , തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിന്റെ ഫലമാ [ 28 ] യി ദേസഭേദങ്ങളും ജനതകൾ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷരായിക്കൊണ്ടുവരികയാണ്.
തൊഴിലാളിവർഗ്ഗത്തിന്റെ ആധിപത്യം , അവ ഇനിയും കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാവാൻ ഇടയാക്കും. തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനുള്ള ആദ്യത്തെ ഉപാധികളിലൊന്നു് , മുന്നണിയിൽ നിൽക്കുന്ന പരിഷ്കൃതരാജ്യങ്ങളെങ്കിലും ഏകോപിച്ചു പ്രവർത്തിക്കണമെന്നതാണ്.
ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണംചെയ്യുന്നതിനു അറുതിവരുത്തുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ചൂഷണംചെയ്യുന്നതിനും അറുതിവരും. ഒരു രാഷ്ട്രത്തിനകത്തെ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരമില്ലാതാകുന്ന അതേ തോതിൽത്തന്നെ ഒരു രാഷ്ട്രത്തിനു് മറ്റൊരു രാഷ്ട്രത്തോടുള്ള ശത്രുതയുമില്ലാതാകും.
മതപരവും ദാർശനികവും പൊതുവിൽ പ്രത്യയശാസ്ത്രപരവുമായ നിലപാടിൽനിന്നു് കമ്മ്യൂണിസത്തിനെതിരായി കൊണ്ടുവന്നിട്ടുള്ള ആക്ഷേപങ്ങൾ കാര്യമായ പരിശോധന അർഹിക്കുന്നില്ല.
മനുഷ്യന്റെ ഭൗതികജീവിതത്തിൽ , അവന്റെ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും , ഉണ്ടാവുന്ന ഓരോ മാറ്റത്തോടുംകൂടി അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും ധാരണകളും - ഒറ്റ വാക്കിൽ പറഞ്ഞാൽ, അവന്റെ, ബോധം-മാറുന്നുണ്ടെന്നു മനസ്സിലാക്കാൻ അഗാധമായ അന്തർജ്ഞാനം ആവശ്യമാണോ ?
ഭൗതികോല്പാദനം മാറുന്നതനുസരിച്ചു് , ബുദ്ധിപരമായ ഉല്പാദനത്തിന്റെ സ്വഭാവവും മാറുന്നുണ്ടെന്നല്ലേ ആശയങ്ങളുടെ ചരിത്രം തെളിയിക്കുന്നത് ? ഓരോ കാലഘട്ടത്തിലേയും ഭരിക്കുന്ന ആശയങ്ങൾ എല്ലായ്പോഴും അന്നത്തെ ഭരണാധികാരവർഗ്ഗത്തിന്റെ ആശയങ്ങളായിരുന്നു.
സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ആശയങ്ങ [ 29 ] ത്തെപ്പറ്റിയുള്ള ആശയങ്ങൾ വിജ്ഞാനത്തിന്റെ തുറയിഷ സ്വതന്ത്രമായ മത്സരത്തിന്റെ വാഴ്ചയ്ക്കു പ്രകടരൂപം നൽകുക മാത്രമാണ് ചെയ്തത്.
"തീർച്ചയായും മതപരവും സദാചാരപരവും ദാർശനികവും നീതിശാസ്ത്രപരവുമായ ആശയങ്ങൾ ചരിത്രപരമായ വികാസത്തിനിടയിൽ മാറിയിട്ടുണ്ട്. പക്ഷേ , മതവും സദാചാരവും ദർശനവും രാഷ്ട്രമീമാംസയും നിയമവും ഈ മാറ്റത്തെ നിരന്തരം അതിജീവിച്ചിട്ടുമുണ്ട് " എന്നു പറയുമായിരിക്കും.
"പോരെങ്കിൽ സമൂഹത്തിന്റെ എല്ലാ അവസ്ഥകൾക്കും സാമാന്യമായ ചില സനാതനസത്യങ്ങളുണ്ട്.-സ്വാതന്ത്ര്യം , നീതി മുതലായവ. എന്നാൽ കമ്മ്യൂണിസം അവയെ പുതിയൊരടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കുന്നതിനു പകരം സനാതനസത്യങ്ങളെ ഇല്ലാതാക്കുന്നു. എല്ലാ മതത്തേയും എല്ലാ സദാചാരത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് മുമ്പുള്ള എല്ലാ ചരിത്രാനുഭവങ്ങൾക്കും വിരുദ്ധമായിട്ടാണതു പ്രവർത്തിക്കുന്നത്. "
ഈ ആരോപണത്തിന്റെ രത്നച്ചുരുക്കമെന്താണ് ? എല്ലാ ഭൂതകാലസമൂഹത്തിന്റേയും ചരിത്രം വർഗ്ഗവൈരങ്ങളുടെ , വിവിധകാലഘട്ടങ്ങളിൽ വിവിധരൂപങ്ങൾ കൈക്കൊണ്ടിട്ടുള്ള വൈരങ്ങളുടെ വളർച്ചയിലടങ്ങിയിരിക്കുന്നു.
എന്നാൽ അവ കൈക്കൊണ്ടിട്ടുള്ള രൂപം എന്തുതന്നെയായിരുന്നാലും കഴിഞ്ഞ കാലഘട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്-സമൂഹത്തിന്റെ ഒരു വിഭാഗം മറ്റേ വിഭാഗത്തെ ചൂഷണം ചെയ്തിരുന്നു എന്ന വസ്തുത. അപ്പോൾ പണ്ടുകാലങ്ങളിലെ സാമൂഹ്യബോധത്തിനു് എത്രതന്നെ ബാഹുല്യവും വൈവിദ്ധ്യവുമുണ്ടായിരുന്നാലും , അത് പൊതുരൂപങ്ങളുടെ അഥവാ സാമാന്യ ആശയഗതികളുടെ, അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടാണു പ്രവർത്തിച്ചിരുന്നതെന്നതിൽ അത്ഭുതമില്ല. വർഗ്ഗവൈരങ്ങൾ പൂർണ്ണമായും തിരോധാനം ചെയ്താലല്ലാതെ ആ ആശയങ്ങൾ തികച്ചും അപ്രത്യക്ഷമാവുകയില്ല.
പരമ്പരാഗതമായ സ്വത്തുടമബന്ധങ്ങളിൽനിന്നുള്ള ഏറ്റവും സമൂലമായ വിച്ഛേദനമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം. ആപ്പോൾ അതിന്റെ വളർച്ചയിൽ പരമ്പരാഗതമായ ആശയങ്ങളിൽനിന്നു് ഏറ്റവും സമൂലമായ വിച്ഛേദനമുണ്ടാവുന്നതിൽ അത്ഭുതമില്ല.
കമ്മ്യൂണിസത്തോടുള്ള ബൂർഷ്വാ ആക്ഷേപങ്ങളെപ്പറ്റിയുള്ള പരമാർശം നമുക്ക് അവസാനിപ്പിക്കാം.
തൊഴിലാളിവർഗ്ഗത്തെ ഭരണാധികാരിവർഗ്ഗത്തിന്റെ നിലയിലേക്കുയർത്തുക. ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തിൽ വി [ 30 ] ജയം നേടുക-ഇതാണു് തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവത്തിലെ ആദ്യത്തെ പടിയെന്നു് നാം മുകളിൽ കണ്ടു.
ബൂർഷ്വാസിയുടെ പക്കൽനിന്നു് എല്ലാ മൂലധനവും പടിപടിയായി പിടിച്ചെടുക്കാനും ഭരണകൂടത്തിന്റെ - അതായത് , ഭരണാധികാരിവർഗ്ഗമായി സംഘടിച്ചിട്ടുള്ള തൊഴിലാളിവർഗ്ഗത്തിന്റെ-കൈകളിൽ എല്ലാ ഉല്പാദനോപകരണങ്ങളും കേന്ദ്രീകരിക്കാനും ആവുന്നത്രം വേഗം ഉല്പാദനശക്തികളുടെ ആകത്തുക വർദ്ധിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗ്ഗം അതിന്റെ രാഷ്ട്രീയാധിപത്യത്തെ ഉപയോഗിക്കും.
സ്വത്തവകാശങ്ങളിന്മേലും ബൂർഷ്വാ ഉല്പാദനബന്ധങ്ങളിന്മേലും സ്വേച്ഛാധിപത്യപരമായി കൈകടത്താതെ, അതുകൊണ്ടുതന്നെ, സാമ്പത്തികമായി അപര്യാപ്തവും അസ്വീകാര്യവുമായി തോന്നുമെങ്കിലും , പ്രസ്ഥാനം വളരുന്നതോടുകൂടി സ്വയം വളരുന്നതും പഴയ സാമൂഹ്യക്രമത്തിലേക്കു് അധികമധികം കൈകടത്തൽ ആവശ്യമാക്കിത്തീർക്കുന്നതും ഉല്പാദനരീതിയിൽ സമൂലപരിവർത്തനം വരുത്താനുള്ള ഉപാധി എന്ന നിലയ്ക്ക് അനുപേക്ഷണീയവുമായ നടപടികളെടുക്കാതെ, തീർച്ചയായും ഇതു തുടക്കത്തിൽ നേടാനാവില്ല.
ഈ നടപടികൾ പല രാജ്യത്തും പല തരത്തിലായിരിക്കുമെന്നതിൽ സംശയമില്ല.
എങ്കിലും ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളിൽ താഴെ കൊടുക്കുന്ന നടപടികൾ ഏറെക്കുറെ സാമാന്യമായി ബാധകമാവുന്നതാണ് :
- ഭൂമിയിലെ സ്വകാര്യസ്വത്ത് ഇല്ലാതാക്കുകയും ഭൂമിയിൽ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുക.
- അനുക്രമം വർദ്ധിച്ചുവരുന്ന കനത്ത ആദായനികുതി.
- എല്ലാ പിന്തുടർച്ചാവകാശങ്ങളും റദ്ദാക്കുക.
- അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്ത് കണ്ടുകെട്ടുക.
- സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂർണ്ണമായ കുത്തകയിൻകീഴിൽ ഉള്ളതുമായ ഒരു ദേശീയബാങ്കുമുഖേന വായ്പാവ്യവസ്ഥയെ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
- ഗതാഗതത്തിന്റെയും വാർത്താവിനിമയത്തിന്റേയും ഉപാധികൾ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക.
- സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉല്പാദനോപകരണങ്ങളും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ചു് തരിശുനില [ 31 ] ങ്ങൾ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവിൽ മണ്ണിന്റെ ഗുണം വർദ്ധിപ്പിക്കുകയും ചെയ്യുക.
- പണിയെടുക്കാൻ എല്ലാവർക്കും തുല്യമായ ബാദ്ധ്യത. വ്യാവസായികോല്പാദനത്തിനും , വിശേഷിച്ചു കൃഷിക്കും തൊഴിൽപ്പടകൾ ഏർപ്പെടുത്തുക.
- കാർഷികോല്പാദനത്തെ വ്യാവസായികോല്പാദനവുമായി കൂട്ടിയിണക്കുക , രാജ്യത്തിലെ ജനസംഖ്യാവിതരണം കുറെക്കൂടി സമീകരിച്ചിട്ട് നാടു നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക.
- പൊതുവിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യമായ വിദ്യാഭ്യാസം നൽകുക. ഇന്നത്തെ രൂപത്തിൽ കുട്ടികളെക്കൊണ്ട് ഫാക്ടറിയിൽ പണിയെടുപ്പിക്കുന്നതു നിർത്തുക. വ്യവസായോല്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക , മുതലായവ.
ഈ വികാസഗതിയിൽ വർഗ്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുലസമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളിൽ ഉല്പാദനമെല്ലാം കേന്ദ്രീകരിക്കപ്പടുകയും ചെയ്യുമ്പോൾ ഭരണാധികാരത്തിനു് അതിന്റെ രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം , ശരിയായി പറഞ്ഞാൽ, മറ്റൊരു വർഗ്ഗത്തെ മർദ്ദിക്കാനുള്ള ഒരു വർഗ്ഗത്തിന്റെ സംഘടിതശക്തിമാത്രമാണ്. ബൂർഷ്വാസിയുമായുള്ള പോരാട്ടത്തിനിടയിൽ, പരിതസ്ഥിതകളുടെ നിർബന്ധംകൊണ്ട് തൊഴിലാളിവർഗ്ഗത്തിനു് ഒരു വർഗ്ഗമെന്ന നിലയ്ക്ക് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ഒരു വിപ്ലവം മൂലം ത് സ്വയം ഭരണാധികാരിവർഗ്ഗമായിത്തീരുകയും ആ നിലയ്ക്ക് ഉല്പാദനത്തിന്റെ പഴയ ബന്ധങ്ങളെബലം പ്രയോഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കിൽ , ഈ ബന്ധങ്ങളോടൊപ്പം വർഗ്ഗവൈരങ്ങളുടേയും പൊതുവിൽ വർഗ്ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അതു തുടച്ചുനീക്കുന്നതായിരിക്കും. അങ്ങിനെ ഒരു വർഗ്ഗമെന്ന നിലയ്ക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും.
വർഗ്ഗങ്ങളും വർഗ്ഗവൈരങ്ങളുമുള്ള പഴയ ബൂർഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്, ഓരോരുത്തരും സ്വതന്ത്രമായി വളർന്നുവന്നാൽ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്കു ലഭിക്കുന്നതായിരിക്കും.