ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനെപ്പററിയാണോ നിങ്ങൾ പറയുന്നതു്? അതു നശിപ്പിക്കേണ്ട ആവശ്യമില്ല; വ്യവസായത്തിൻെറ വികാസം അതിനെ ഒരു വലിയ പരിധിവരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ദിവസംപ്രതി ഇന്നും നശിപ്പിച്ചുവരുകയാണു്.

അതോ, ആധുനിക ബൂർഷ്വാ സ്വകാര്യസ്വത്തിനെപ്പററിയാണോ നിങ്ങൾ പറയുന്നതു്?

പക്ഷേ കൂലിവേല തൊഴിലാളികൾക്കു വല്ല സ്വത്തും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ? ഇല്ല, ഒട്ടുമില്ല. അതുണ്ടാക്കുന്നതു മൂലധനമാണു്—കൂലിവേലയെ ചൂഷണം ചെയ്യുന്നതും പുതുതായി ചുഷണം ചെയ്യാൻ പുതിയ കൂലിവേലക്കാരെ ഉല്പാദിപ്പിക്കുന്നതിൻെറ അടിസ്ഥാനത്തിൽ മാത്രം വർദ്ധിക്കുന്നതുമായ ഒരുതരം സ്വത്താണതു്. മൂലധനവും കൂലിവേലയും തമ്മിലുള്ള വൈരത്തെ ആശ്രയിച്ചാണു് ഇന്നത്തെ രൂപത്തിലുള്ള സ്വത്തു് നിൽക്കുന്നതു്. നമുക്കു് ഈ വൈരത്തിൻെറ ഇരുവശവും ഒന്നു പരിചോദിച്ചുനോക്കാം.

ഒരു മുതലാളിയാവുക എന്നുവച്ചാൽ ഉല്പാദനത്തിൽ വെറും വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിക്കൂടി ഒരു പദവിയുണ്ടാകുക എന്നർത്ഥമാണു്. മൂലധനം ഒരു സാമൂഹ്യോല്പന്നമാണു്. വളരെപ്പേർ ഏകോപിച്ചു പ്രവർത്തിച്ചാൽ മാത്രമേ, പോരാ, അവസാനത്തെ അപഗ്രഥനത്തിൽ, സമൂഹത്തിലെ അംഗങ്ങളെല്ലാം ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ, അതിനെ ചലിപ്പിക്കാൻ സാധിക്കൂ.

അതുകൊണ്ടു് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണു്.

അതുകൊണ്ടു്, മൂലധനത്തെ പൊതുസ്വത്താക്കി, സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും സ്വത്താക്കി മാററുമ്പോൾ, വ്യക്തിപരമായ സ്വത്തു് തന്മൂലം സമൂഹത്തിൻെറ സ്വത്തായി മാറുന്നില്ല. സ്വത്തിൻെറ സാമൂഹ്യസ്വഭാവത്തിനു മാത്രമേ മാററം വരുന്നുള്ളു. സ്വത്തിനു് അതിൻെറ വർഗ്ഗസ്വഭാവം ഇല്ലാതാകുന്നു.

ഇനി നമുക്കു് കൂലിവേലയുടെ കാര്യമെടുക്കാം.

കൂലിവേലയുടെ ശരാശരി വില ഏററവും ചുരുങ്ങിയ കൂലിയാണു്—അതായതു് ഒരു തൊഴിലാളിയെ തൊഴിലാളി എന്ന നിലയ്ക്കു് നിലനിർത്താൻ കേവലം ആവശ്യമായ ഉപജീവനാംശമാണു്. അപ്പോൾ ഒരു കൂലിവേലക്കാരൻ തൻെറ അദ്ധ്വാനംകൊണ്ടു സമ്പാദിക്കുന്നതു് കഷ്ടിച്ചു് അവൻെറ ജീവിതത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും മാത്രമേ മതിയാകുന്നുള്ളു. സ്വന്തം അദ്ധ്വാനത്തിൻെറ ഉല്പന്നങ്ങളെ ഇങ്ങനെ വ്യക്തിപരമായി സ്വായത്തമാക്കുന്നതു നിർത്തലാക്കാൻ ഞങ്ങൾ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല. മനുഷ്യജീവിതം നിലനിർത്താനും പ്രത്യുല്പാദിപ്പിക്കാനുംവേണ്ടിയാണു്

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/22&oldid=241153" എന്ന താളിൽനിന്ന് ശേഖരിച്ചത്