സ്വാഭാവികമായി എല്ലാവർക്കും പൊതുവിലുള്ളതായിത്തീരുകയെന്ന ഗതി സ്ത്രീകൾക്കും വന്നുചേരുമെന്ന നിഗമനത്തിലെത്താനേ അയാൾക്കു കഴിയുന്നുള്ളു.
വെറും ഉല്പാദനോപകരണങ്ങളായിരിക്കുകയെന്ന സ്ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണു് യഥാർത്ഥലക്ഷ്യമെന്നു് ഒരു നേരിയ സംശയംപോലും അയാൾക്കില്ല.
പോരെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ സ്ത്രീകളെ പരസ്യമായും ഔദ്യോഗികമായും പൊതുവായുപയോഗിക്കാൻ പോവുകയാണെന്ന ഭാവത്തിൽ നമ്മുടെ ബൂർഷ്വാകൾ പ്രകടിപ്പിക്കുന്ന ധാർമ്മികരോഷത്തെക്കാൾ പരിഹാസ്യമായി മറെറാന്നുമില്ല. സ്ത്രീകളുടെ മേൽ പൊതുവുടമ ഏർപ്പെടുത്തേണ്ട യാതൊരാവശ്യവും കമ്മ്യൂണിസ്റ്റുകാർക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതൽക്കേ അതു നിലനിന്നുപോന്നിട്ടുണ്ടു്.
സ്വന്തം കീഴിലുള്ള തൊഴിലാളികളുടെ ഭാര്യമാരേയും പുത്രികളേയും കൊണ്ടു സംതൃപ്തരാവാതെ—പൊതുവേശ്യകളുടെ കാര്യം പോകട്ടെ—നമ്മുടെ ബൂർഷ്വാകൾ അന്യോന്യം ഭാര്യമാരെ വ്യഭിചരിക്കുന്നതിൽ അങ്ങേയററം ആനന്ദംകൊള്ളുന്നു.
ബൂർഷ്വാ വിവാഹം വാസ്തവത്തിൽ പൊതുഭാര്യാത്വസമ്പ്രദായമാണു്. അപ്പോൾ കപടനാട്യത്തോടെ ഒളിച്ചുവച്ചിട്ടുള്ള, സ്ത്രീകളെ പൊതുവായി ഉപയോഗിക്കുന്ന ഏർപ്പാടിൻെറ സ്ഥാനത്തു് അതിനെ പരസ്യമായി നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമേ വേണമെങ്കിൽ കമ്മ്യൂണിസ്റ്റുകാരെപ്പററി ആക്ഷേപിക്കാൻ കഴിയുകയുള്ളു. ഏതായാലും ഇന്നത്തെ ഉല്പാദനസമ്പ്രദായം അവസാനിപ്പിച്ചാൽ, ആ സമ്പ്രദായത്തിൻെറ സന്തതിയായ പൊതുഭാര്യാത്വവും—അതായതു് രഹസ്യവും പരസ്യവുമായ വ്യഭിചാരവും—അവസാനിക്കുമെന്നു് സ്വയംവ്യക്തമാണു്.
കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള മറെറാരു ആക്ഷേപം, അവർ രാജ്യങ്ങളേയും ദേശീയജനസമുദായങ്ങളേയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു എന്നതാണു്.
തൊഴിലാളികൾക്കു രാജ്യമില്ല. അവർക്കില്ലാത്തതു് അവരിൽനിന്നും നമുക്കു് എടുക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിനാദ്യമായി രാഷ്ട്രീയാധിപത്യം നേടേണ്ടതുള്ളതുകൊണ്ടു്, രാഷ്ട്രത്തിൻെറ നേതൃത്വവർഗ്ഗമായി ഉയരേണ്ടതുള്ളതുകൊണ്ടു്, സ്വയം രാഷ്ട്രമായിത്തീരേണ്ടതുള്ളതുകൊണ്ടു്, അതു് അത്രത്തോളം ദേശീയമാണു്—പക്ഷേ, ആ വാക്കിൻെറ ബൂർഷ്വാ അർത്ഥത്തിലല്ല.
ബൂർഷ്വാസിയുടെ വളർച്ചയുടെ, വ്യാപാരസ്വാതന്ത്ര്യത്തിൻെറ, ലോകകമ്പോളത്തിൻെറ, ഉല്പാദനരീതിയിലും തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐകരൂപ്യത്തിൻെറ ഫലമാ