ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Communist Manifesto (ml).djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടുന്നു. പക്ഷേ നിലവിലുള്ള നിങ്ങളുടെ സമൂഹത്തിൽ ജനസംഖ്യയുടെ പത്തിലൊമ്പതു പേരുടേയും സ്വകാര്യസ്വത്തു് നശിപ്പിക്കപ്പെട്ടിരിക്കുന്നു. പത്തിലൊമ്പതു പേരുടെ കൈവശം സ്വകാര്യസ്വത്തില്ലാത്തതുകൊണ്ടു മാത്രമാണു് ഒരുപിടിയാളുകൾക്കു് അതുണ്ടാവുന്നതു്. അതുകൊണ്ടു് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും യാതൊരുതരം സ്വത്തും ഇല്ലാതിരിക്കുന്നതു് ഒരു അവശ്യോപാധിയായിട്ടുള്ള, സ്വത്തിൻെറ പ്രത്യേകരൂപം ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നുള്ളതാണു് നിങ്ങളുടെ ആക്ഷേപം.

ഒററവാക്കിൽ, നിങ്ങളുടെ സ്വത്തു് നശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനു് നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്നു. വളരെ ശരിയാണു്, അതുതന്നെയാണു് ഞങ്ങളുടെ ഉദ്ദേശം.

മൂലധനമായി, പണമായി, പാട്ടമായി, ചുരുക്കത്തിൽ കുത്തകയാക്കിവയ്ക്കാവുന്ന ഒരു സാമൂഹ്യശക്തിയായി, അദ്ധ്വാനത്തെ മേലിൽ രൂപാന്തരപ്പെടുത്താൻ കഴിയാത്ത നിമിഷംമുതൽ, അതായതു്, വ്യക്തികളുടെ സ്വത്തിനെ ബൂർഷ്വാ സ്വത്താക്കി, മൂലധനമാക്കി, മാററാനാവാത്ത നിമിഷംമുതൽ, വ്യക്തിത്വം അസ്തമിക്കുന്നുവെന്നു് നിങ്ങൾ പറയുന്നു.

അതുകൊണ്ടു് 'വ്യക്തി' എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്നതു് ബൂർഷ്വായെ, ഇടത്തരക്കാരനായ സ്വത്തുടമയെ, അല്ലാതെ മററാരെയുമല്ലെന്നു നിങ്ങളും തുറന്നു സമ്മതിക്കണം. തീർച്ചയായും അയാളെ വഴിയിൽനിന്നു് അടിച്ചുതുടച്ചുമാററണം, അങ്ങിനെ ഒരാൾ ഉണ്ടാവുന്നതു് അസാദ്ധ്യമായിത്തീരണം.

സമൂഹത്തിൻെറ ഉല്പന്നങ്ങളെ സ്വന്തമാക്കാനുള്ള അധികാരത്തെ കമ്മ്യൂണിസം ആർക്കും നഷ്ടപ്പെടുത്തുന്നില്ല, അത്തരം സ്വന്തമാക്കൽകൊണ്ടു് മററുള്ളവരുടെ അദ്ധ്വാനത്തെ അടിമപ്പെടുത്താനുള്ള അധികാരം മാത്രമേ എടുത്തുകളയുന്നുള്ളു.

സ്വകാര്യസ്വത്തു് വേണ്ടെന്നുവച്ചാൽ എല്ലാ ജോലിയും നിലയ്ക്കുമെന്നും സാർവ്വലൗകികമായ ആലസ്യം നമ്മെ പിടികൂടുമെന്നും ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ടു്.

ഈ വാദമനുസരിച്ചു് ബൂർഷ്വാ സമൂഹം വെറും ആലസ്യം നിമിത്തം എത്രയോ മുമ്പുതന്നെ തുലഞ്ഞുപോകേണ്ടതായിരുന്നു. കാരണം, ആ സമൂഹത്തിലെ പണിയെടുക്കുന്ന അംഗങ്ങൾ യാതൊന്നും സമ്പാദിക്കുന്നില്ല, എന്തെങ്കിലും സമ്പാദിക്കുന്നവർ യാതൊരു പണിയുമെടുക്കുന്നില്ല. മൂലധനമെന്നതു് ഇല്ലാതായിക്കഴിഞ്ഞാൽ കൂലിവേല സാധ്യമല്ലാതാവും എന്ന പുനരുക്തിയുടെ മറെറാരു പ്രകടരൂപമാത്രമാണു് ഈ ആക്ഷേപമാകെത്തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/24&oldid=241159" എന്ന താളിൽനിന്ന് ശേഖരിച്ചത്