താൾ:Communist Manifesto (ml).djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മേലാളന്മാരുമായി" കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു് നിഷ്കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ"യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റേയും നിസ്വാർത്ഥമായ വീരശൂരപരാക്രമങ്ങളുടേയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അതു സ്വാർത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു്, മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്രവ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്നവും നിർലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.

ഇന്നുവരെ ആദരിക്കപ്പെടുകയും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടേയും പരിവേഷത്തെ ബൂർഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനേയും അഭിഭാഷകനേയും പുരോഹിതനേയും കവിയേയും ശാസ്ത്രജ്ഞനേയുമെല്ലാം അതു സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി.

ബൂർഷ്വാസി കുടുംബത്തിന്റെ വൈകാരികമൂടുപടം പിച്ചിച്ചീന്തുകയും കുടുംബബന്ധത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു.

പ്രതിലോമവാദികൾ അത്ര വളരെയേറെ പാടിപ്പുകഴ്ത്താറുള്ള മദ്ധ്യകാലങ്ങളിലെ ഊർജ്ജസ്വലതയുടെ മൃഗീയപ്രകടനങ്ങളുടെ ഉചിതമായ മറുവശം എന്നോണം ഏറ്റവും കർമ്മവിമുഖമായ ആലസ്യം നടമാടാൻ കാരണമെന്താണെന്നു് ബൂർഷ്വാസി വെളിപ്പെടുത്തിയിട്ടുണ്ടു്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു് എന്തെല്ലാം നേടാനാകുമെന്നു് ആദ്യമായി കാണിച്ചതു് ബൂർഷ്വാസിയാണു്. ഈജിപ്തുകാരുടെ പിരമിഡുകളേയും, റോമാക്കാരുടെ ജലസംഭരണ-വിതരണപദ്ധതികളേയും ഗോഥിക്ക് ദേവാലയങ്ങളേയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങൾ അതു സാധിച്ചിട്ടുണ്ടു്. പണ്ടത്തെ കുരിശുയുദ്ധങ്ങളേയും27 ദേശീയജനതകളുടെ കൂട്ടപ്പലായനങ്ങളേയും നിഷ്പ്രഭമാക്കുന്ന സാഹസികസംരംഭങ്ങൾ അതു നടത്തിയിട്ടുണ്ടു്.

ഉല്പാദനോപകരണങ്ങളിലും തദ്വാരാ ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് നിലനിൽ-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/6&oldid=157917" എന്ന താളിൽനിന്ന് ശേഖരിച്ചത്