Jump to content

ഭാഷാഭാരതം/ആദിപർവ്വം/പൗഷ്യപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
പൗഷ്യപർവ്വം

[ 133 ]

പൗഷ്യപർവ്വം

[തിരുത്തുക]


3. പൗഷ്യചരിതം

[തിരുത്തുക]

ഇന്ദ്രന്റെ വളർത്തു പട്ടിയായ സരമ ജനമേജയനെ ശപിക്കുന്നു.ആ ശാപത്തിൽനിന്നു മുക്തി നേടാനുള്ള ജനമേജയന്റെ ശ്രമം. അപോദപുത്രനായ ധൗമ്യന്റേയും അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാരുടേയും കഥ.ഇവരിൽ മൂന്നാ മത്തേവനായ വേദന്റെ ശിഷ്യനായ ഉത്തങ്കൻ ഗുരുദക്ഷിണയ്ക്കുവേണ്ടി കുണ്ഡലം കൊണ്ടുവരുന്നതിനു പൗഷ്യരാജാവിന്റെ അടുക്കലേക്കു പോകുന്നു.കുണ്ഡലവും കൊണ്ട് മടങ്ങുന്ന വഴിക്കു തക്ഷകൻ ആ കുണ്ഡലം അപഹരിക്കുന്നു.വളരെ കഷ്ടപ്പെട്ടു്,കുണ്ഡലം വീണ്ടെടുത്ത് ഉത്തങ്കൻ ഗുരുദക്ഷിണ നിർവ്വഹിക്കുന്നു്. തന്നെ അത്രയധികം ക്ലേശിപ്പിച്ച തക്ഷകന്റെ വംശവിച്ഛേദം വരുത്തണമെന്ന് ഉദ്ദേശിച്ച ഉത്തങ്കൻ സർപ്പസത്രം നടത്താൻ ജനമേയനെ പ്രേരിപ്പിക്കുന്നു.

സൂതൻ പറഞ്ഞു.

പരീക്ഷീത്തിന്റെ പുത്രനായ ജനമേജയൻ സഹോദന്മാരോടുകൂടി കുരുക്ഷേത്രത്തിങ്കൽവെച്ചു ദീർഗ്ഘസത്രം ചെയ്തിരുന്നു. അവന്റെ സഹോദരന്മാർ ശ്രൂതസേനൻ,ഉഗ്രസേനൻ,ഭീമസേനൻ എന്ന മൂന്നു പേരായിരുന്നു.അവർ സത്രം കഴിച്ചു വരുമ്പോൾ ഒരു സാരമേയം അവിടെ കടന്നു ചെന്നു. 1

ജനമേജയന്റെ സഹോദരന്മാർ പ്രഹരിച്ചതിനാൽ അവൻ കരഞ്ഞുകൊണ്ടു് അമ്മയുടെ അടുക്കൽ ചെന്നു. 2

അവൻ കരയുമ്പോൾ എന്താണു കരയുന്നതു് ആരാണ് അടിച്ചതെന്നമ്മ ചോദിച്ചു. 3

ഇതു കേട്ടിട്ട് "ജനമേജയന്റെ സഹോദരന്മാരെന്നെ അടിച്ചു" ​എന്നവനമ്മയോടു പറഞ്ഞു. 4

"നീയവിടെ അടിക്കുവാൻ തക്ക തെറ്റു ചെയ്തിരിക്കും"എന്നമ്മ മറുപടി പറഞ്ഞു. 5

"ഒരുതെറ്റും ഞാൻ ചെയ്തിട്ടില്ല,ഹവിസ്സു നോക്കീട്ടുമില്ല,നക്കീട്ടുമില്ല," എന്നവനമ്മയോടു വീണ്ടും പറഞ്ഞു. 6 [ 134 ] അതു കേട്ടിട്ടു് അവന്റെ അമ്മ സരമ പുത്രദുഃഖാർത്തയായിട്ടു് ജനമേജയൻ സോദരന്മാരോടുകൂടി ദീർഗ്ഘസത്രം നടത്തുന്നാസ്സത്ര സ്ഥലത്തേക്കു ചെന്നു. 7

എന്നിട്ടവൾ കോപിച്ചു കൊണ്ട് "എന്റെ ഈ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഹവിസ്സു നോക്കീട്ടുമില്ല, നക്കീട്ടുമില്ല, എന്തിനാണടിച്ചതു്?" എന്നവനോടു ചോദിച്ചു. 8

അവരാരുമൊന്നും പറഞ്ഞില്ല. "കുറ്റം ചെയ്യാത്ത ഇവനെ അടിച്ചതുകൊണ്ട് അദൃഷ്ടഭയം നിനക്കുണ്ടാകു"മെന്നവൾ വീണ്ടും പറഞ്ഞു. 9

ദേവശുനിയായ സരമയിങ്ങനെ പറഞ്ഞപ്പോൾ ജനമേജയൻ സംഭ്രമിച്ചു വിഷണ്ണനായിത്തീർന്നു. 10

അവൻ ആസ്സത്രം കഴിഞ്ഞതിന്നുശേഷം ഹസ്തിനപുരത്തിലെത്തീട്ടു് തന്റെ പാപം ശമിപ്പിക്കാൻ തക്ക ഒരു പുരോഹിതനെ അന്വേഷിച്ചുകൊണ്ടു വളരെ പ്രയത്നപ്പെട്ടിരുന്നു. 11

ഒരിക്കൽ നായാട്ടിന്നു പോയിട്ടു പാരീക്ഷിതനായ ആ ജനമേജയൻ തന്റെ രാജ്യത്തിനകത്തു് ഒരാശ്രമം കണ്ടെത്തി. 12

അവിടെ ശ്രുതശ്രവസ്സെന്ന ഒരു മഹർഷി താമസിച്ചിരുന്നു. അവന്നു സോമശ്രവസ്സു് എന്നു പേരായിട്ടു തപോനിഷ്ഠയുള്ള ഒരു പുത്രനുണ്ടു്. 13

അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പാരീക്ഷിതനായ ജനമേജയൻ ആ പുത്രനെ പൗരോഹിത്യത്തിന്നായി വരിച്ചു. 14

ആ മഹർഷിയെ നമസ്ക്കരിച്ചിട്ടു "ഭഗവാനേ ഇവിടുത്തേ പുത്രൻ എന്റെ പുരോഹിനായിരുന്നാൽ കൊള്ളാ"മെന്നു പറഞ്ഞു. 15

അതു കേട്ടിട്ടു് ആ മഹർഷി ജനമേജയനോട് പറഞ്ഞു. "ഹേ ജനമേജയ ,എന്റെ ഈ പുത്രൻ സർപ്പസ്ത്രീയിൽനിന്ന് ജനിച്ചവനും എന്റെ തപോവീര്യത്താൽ ഭരിക്കപ്പെട്ടവനും എന്റെ ശുക്ളം പാനംചെയ്കയാലവളുടെ വയറ്റിലുണ്ടായവനുമാകുന്നു. 16

ഇവൻ മഹാദേവകൃത്യയെ ഒഴിച്ച് അങ്ങയ്ക്കുള്ള സകലപാപകൃത്യങ്ങളേയും ശമിപ്പിക്കുവാൻ സമർത്ഥനാണു താനും. 17

ഇവന്നു ഗൂഢമായിട്ട് ഒരു വ്രതമുണ്ട് . ഇവനോട് ഒരു ബ്രാഹ്മണൻ എന്തെങ്കിലുമപേക്ഷിച്ചാൽ അതു സാധിപ്പിക്കും. അതു നേരെയാക്കാമെന്നുണ്ടെങ്കിൽ ഇവനെ കൊണ്ടു പോകാം." 18

എന്നദ്ധേഹം പറഞ്ഞപ്പോൾ "അതങ്ങനെയാവാ"മെന്നു ജനമേജയൻ പറഞ്ഞു. 19

അവനാപ്പുരോഹിതനോടുകൂടി തിരിച്ചുചെന്നു് സോദരന്മാരോട് പറഞ്ഞു: "ഇദ്ദേഹത്തെ ഞാൻ ഉപാദ്ധ്യായനായിട്ടു വരിച്ചു .ഇദ്ദേഹം എന്തുപറയുന്നുവോ അതു നിങ്ങൾ ഉടനേ ചെയ്തുകൊടുക്കണം." ഇങ്ങനെ അവൻ പറഞ്ഞതുകൊണ്ടു സോദരന്മാർ അപ്രകാരം [ 135 ] ചെയ്തു വന്നു. അവനിങ്ങനെ സഹോദരന്മാരെ ഏല്പിച്ചിട്ടു തക്ഷശിലയിലേക്കു പുറപ്പെട്ടു് അപ്രദേശം കീഴടക്കുകയും ചെയ്തു. 20

ഇക്കാലത്ത് ആപോദനായ ധൗമ്യനെന്ന ഒരു മഹർഷിയുണ്ടായിരുന്നു. അദ്ദേഹത്തിനു മൂന്നു ശിഷ്യരുമുണ്ടായിരുന്നു. 21

ഉപമന്യു, ആരുണി, വേദൻ എന്നീ മൂവരിൽ പാഞ്ചാല്യനായ ആരുണിയെ പാടത്തു വരമ്പുകെട്ടുവാനയച്ചു. 22

ഉപാദ്ധ്യായന്റെ കല്പനപ്രകാരം പാഞ്ചാല്യനായ ആരുണി അവിടെച്ചെന്നു പാടത്തു വരമ്പുകെട്ടി ഉറപ്പിക്കുവാൻ നോക്കീട്ടു സാധിച്ചില്ല. ക്ലേശിച്ചു നോക്കീട്ട് ഒരുപായം കണ്ടു. 'ആട്ടെ ഇങ്ങിനെ ചെയ്യാ'മെന്നു നിശ്ചയിച്ചു. 23

അവനാപ്പാടത്തു വരമ്പിന്റെ സ്ഥാനത്തുകിടന്നപ്പോൾ വെള്ളം നിന്നു. 24

പിന്നെ ഒരിക്കൽ ഉപാദ്ധ്യായനായ ആപോദധൗമ്യൻ 'പാഞ്ചാല്യ'നായ ആരുണി എവിടെപ്പോയി എന്നു ശിഷ്യരോടു ചോദിച്ചു.25

അവരദ്ദേഹത്തോടു് "ഭഗവാനേ, ഇവിടന്നുതന്നെ പാടത്തു വരമ്പു കെട്ടുവാൻ അവനെ അയച്ചുവല്ലോ" എന്നുത്തരം പറഞ്ഞു. അതു കേട്ടദ്ധേഹം 'എന്നാൽ നമുക്കവൻ പോയവഴി പോക' എന്നു പറഞ്ഞു. 26

അവിടെച്ചെന്നിട്ടദ്ദേഹം 'പാഞ്ചാല്യനായ ആരുണി, നീയെവിടെ? ഉണ്ണി, വരൂ എന്നവനെ വിളിച്ചു. 27

ആ ആരുണ്ണി ഉപാദ്ധ്യായന്റെ ശബ്ദം കേട്ടിട്ടു വരമ്പിൽനിന്ന് എഴുന്നേറ്റു് ഉപാദ്ധ്യായന്റെ അടുത്തു ചെന്നു നിന്നു. 28

അദ്ദഹത്തിനോട് പറകയും ചെയ്തു. "ഇതാ ഞാൻ വരമ്പത്തുള്ള വെള്ളം വരുന്നതു തടുത്തിട്ടു നില്ക്കായ്കയാൽ അവിടെ കിടന്നിരുന്നു. ഭഗവാന്റെ ശബ്ദം കേട്ടിട്ടു വരമ്പുപിളർന്നു് ഇവിടെയിതാ വന്നു. 29

"ഇതാ ഞാൻ അഭിവാദ്യം ചെയ്യുന്നു.ഞാൻ എന്തു ചെയ്യേണമെന്നു കല്പിച്ചാലും" 30

അതു കേട്ടിട്ടുപാദ്ധ്യായൻ പറഞ്ഞു. നീ വരമ്പു പിളർന്ന് എഴുന്നേറ്റതുകൊണ്ടു് ഉദ്ദാലകൻ എന്ന പേരായിത്തീരും എന്നുപാദ്ധ്യായനുഗ്രഹിച്ചിരിക്കുന്നു. 31

ഞാൻ പറഞ്ഞതു നീ ചെയ്തതുകൊണ്ടു് നിണക്കാശ്രേയസ്സുവരും. എല്ലാ വേദങ്ങളും സർവ്വധർമ്മശാസ്ത്രങ്ങളും പ്രകാശിക്കയുംചെയ്യും." 32

ഉപാദ്ധ്യായൻ ഇങ്ങനെ പറഞ്ഞതിന്നുശേഷം ഇഷ്ടംപോലെ പോകയും ചെയ്തു. 33

പിന്നെ അപോദനായ ധൗമ്യന്നു് ഉപമന്യു എന്ന ഒരു ശിഷ്യനുണ്ടല്ലോ. അവനെ ഉപാദ്ധ്യായൻ 'ഉണ്ണീ ഉപമന്യൂ, പൈക്കളെ മേയ്ക്കൂ' എന്നു പറഞ്ഞയച്ചു. 34

അവൻ ഉപാദ്ധ്യായന്റെ കല്പനപ്രകാരം പകലൊക്കൊപ്പൈക്കളെ [ 136 ]

മേച്ചിട്ടു സന്ധ്യക്കു ഗൃഹത്തിലെത്തി ഉപാദ്ധ്യായന്റെ സമീപത്തിൽ ചെന്നു നമസ്ക്കരിച്ചു. 35
ഉപാദ്ധ്യായൻ അവനെ തടിച്ചുകണ്ടിട്ട് "ഉണ്ണീ ഉപമന്യൂ നീ നല്ലവണ്ണം തടിച്ചിരിക്കുന്നുവല്ലോ.എന്തുകൊണ്ടാണുപജീവന" മെന്നു ചോദിച്ചു. 36
അവൻ ഉപാദ്ധ്യായനോട് ഭിക്ഷയേറ്റുപജീവനം കഴിക്കയാണെന്ന് മറുപടിപറഞ്ഞു. അവനോടുപാദ്ധ്യായൻ പറഞ്ഞു. 37
"ഭിക്ഷകിട്ടിയതു് എനിക്കു കൊണ്ടുവന്നു തരാതെ ഉപയോഗിക്കരുതു്". അതു കേട്ടതിന്റെശേഷം അവൻ ഭിക്ഷയെടുത്തു് ഉപാദ്ധ്യായന്നു കെണ്ടുപോയിക്കൊടുത്തു. 38
അവനോടുപാദ്ധ്യായൻ ഭിക്ഷ കിട്ടിയതു മുഴുവൻ വാങ്ങിച്ചു. അവൻ അങ്ങനെ കല്പനപ്രകാരം പകലൊക്കെപൈക്കളെ മേച്ചു സന്ധ്യയ്ക്കു ഗുരുകുലത്തിലെത്തി ഉപാദ്ധ്യായന്റെ മുൻപിൽ ചെന്നു നമസ്ക്കരിച്ചു. 39
അവൻ മുൻപത്തെപ്പോലെ തടിച്ചു കണ്ടിട്ടു് ഉപാദ്ധ്യായൻ ചോദിച്ചു "ഉണ്ണീ ഉപമന്യൂ നിനക്കു കിട്ടിയ ഭിക്ഷ മുഴുവൻ ഞാൻ വാങ്ങുന്നുണ്ടു്. പിന്നെ നീയെന്തുകൊണ്ടു വൃത്തി കഴിക്കുന്നു?". 40
അതു കേട്ടിട്ടവനുപാദ്ധ്യായനോടു പറഞ്ഞു.: "മുൻപു കിട്ടിയ ഭിക്ഷ മുഴുവൻ ഭഗവാനു കൊണ്ടുവന്നു തന്നിട്ടു രണ്ടാമതും ഞാൻ ഭിക്ഷയേറ്റു കഴിക്കുകയാണു്". അവനോടുപാദ്ധ്യായൻ മറുപടി പറഞ്ഞു. 41
"ഇതു മര്യാദയായ ഗുരുവൃത്തിയല്ല. നീ മറ്റുള്ള ഭിക്ഷോപജീവികളുടെ വൃത്തിക്കു തടസ്സം ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്ന നീ ലുബ്ധനാണു്." 42
അവൻ അതങ്ങനെ സമ്മതിച്ചിട്ടു പൈക്കളെ മേച്ചു് ഉപാദ്ധ്യായഗൃഹത്തിലെത്തി അദ്ദേഹത്തിന്റെ മുൻപിൽ ചെന്നു വസിച്ചു. 43
ഉപാദ്ധ്യായൻ അങ്ങനെതന്നെ തടിച്ചു കണ്ടിട്ട് അവനോടു പിന്നെയും ചോദിച്ചു. "ഉണ്ണീ ഉപമന്യൂ, ഞാൻനിന്റെ ഭിക്ഷ മുഴുവൻ വാങ്ങുന്നുണ്ടു്; നീ പിന്നേയും ഭിക്ഷയേല്ക്കുന്നതുമില്ല. നല്ലവണ്ണം തടിച്ചുമിരിക്കുന്നു. എന്തുകൊണ്ടുപജീവനം കഴിക്കുന്നു?" 44
ഇതുകേട്ടിട്ടു് ഉപാദ്ധ്യായനോടു് "ഈ പൈക്കളുടെ പാലുകൊണ്ടാണ് ഞാൻ ഉപജീവനം കഴിക്കുന്നതെ"ന്നു പറഞ്ഞു.അവനോടുപാദ്ധ്യായൻ "ഇതു നീ ഉപയോഗിക്കുന്നതു ന്യായമല്ല. ഞാൻ അനുവദിച്ചിട്ടില്ല" എന്നു പറഞ്ഞു. 45
അവൻ അതങ്ങനെതന്നെ സമ്മതിച്ചു് പൈക്കളെ മേച്ചു് ഉപാദ്ധ്യായന്റെ ഗൃഹത്തിലെത്തി ഗുരുവിന്റെ മുൻപിൽ ചെന്നു നമസ്ക്കരിച്ചു. 46
അവനെ തടിച്ചുകണ്ടിട്ടു് ഉപാദ്ധ്യായൻ പിന്നെയും ചോദിച്ചു: "ഉണ്ണീ ഉപമന്യൂ, നീ ഭിക്ഷ ഭക്ഷിക്കുന്നില്ല. രണ്ടാമതും ഭിക്ഷയേല്ക്കുന്നില്ല, പാൽ കുടിക്കുന്നില്ല, നല്ലവണ്ണം തടിച്ചുമിരിക്കുന്നു. ഇപ്പോൾ എന്തുകൊണ്ടാണുപജീവനം കഴിക്കുന്നതു്?" 47

[ 137 ] ഇതു കേട്ടിട്ടവനുപാദ്ധ്യായനോടു പറഞ്ഞു: "പൈക്കുട്ടികൾ തള്ളകളുടെ മുലകുടിച്ചു വായിൽക്കൂടി കക്കുന്ന നുരയാണ് ഞാൻ ഭക്ഷിക്കുന്നത്." അവനോടുപാദ്ധ്യായൻ പറഞ്ഞു. 48

"ഗുണമുള്ള ഈ പൈക്കുട്ടികൾ കൃപകൊണ്ടു വളരെ നുര കക്കുന്നുണ്ടായിരിക്കാം. അതുകൊണ്ടു നീയിങ്ങനെ ചെയ്യുന്നതായാൽ ഈ പൈക്കുട്ടികളുടെ വൃത്തിക്കു വിരോധം ചെയ്യുകയാവും. നുരയും നീ ഭക്ഷിക്കരുത്." അവൻ അങ്ങനെ തന്നെ എന്ന് ഏറ്റു പിന്നെയും പൈക്കളെ മേച്ചു. 49

അങ്ങനെ വിരോധിച്ചതുകൊണ്ടു ഭിക്ഷ ഭക്ഷിക്കാറില്ല. രണ്ടാമതു ഭിക്ഷയേല്ക്കാറില്ല. പാൽ കുടിക്കാറില്ല, നുരയും കഴിക്കാറില്ല. അവനൊരിക്കൽ കാട്ടിൽ സഞ്ചരിച്ചിട്ടു വിശന്നു വയ്യാതെയായി എരിക്കില തിന്നു. 50

ക്ഷാരതിക്തകടുകങ്ങളും തീക്ഷ്ണവിപാകങ്ങളുമായ എരിക്കിലകൾ തിന്നതുകൊണ്ടു് അവനു കണ്ണിൽ ദീനംപിടിച്ചു കണ്ണും പൊട്ടി. പിന്നെ അന്ധനായിട്ടു സഞ്ചരിച്ചു പൊട്ടക്കിണറ്റിൽ വീണു. 51

പിന്നെ സൂര്യനസ്തമിച്ചിട്ടും അവൻ വരാഞ്ഞതു കണ്ടപ്പോൾ ഉപാദ്ധ്യായൻ "ഉപമന്യു വന്നില്ലല്ലോ" എന്നു ശിഷ്യരോടു പറഞ്ഞു. അവർ ഗുരുവിനോടു "കാട്ടിൽ പൈക്കളെ മേയ്ക്കാൻ പോയിരിക്കുകയാണു്" എന്നറിയിച്ചു. ഉപാദ്ധ്യായൻ അവരോടു പറഞ്ഞു. 52

"ഞാൻ ഉപമന്യുവിനെ എല്ലാക്കാര്യത്തിലും തടഞ്ഞിരുന്നതുകൊണ്ടു് അവൻ ഇടഞ്ഞിട്ടു വരാൻ താമസിക്കുന്നതായിരിക്കാം. എന്നാലന്വഷിക്കുകതന്നെ" എന്നുപറഞ്ഞു ശിഷ്യരോടുകൂടി കാട്ടിൽച്ചെന്നു് "ഉപമന്യൂ, നീയെവിടെയാണു്? ഉണ്ണീ വരൂ" എന്നു വിളിച്ചു. 53

അവൻ ഉപാദ്ധ്യായന്റെ ഒച്ച കേട്ടിട്ടു് "ഇതാ ഞാൻ കിണറ്റിൽ വീണുകിടക്കുകയാണ"ന്നു വിളിച്ചു പറഞ്ഞു. ഇതു കേട്ടുപാദ്ധ്യായൻ "നീയെങ്ങനെ കിണറ്റിൽ വീണു" എന്നു ചോദിച്ചു. 54

"എരിക്കില തിന്നു കണ്ണു പൊട്ടുകയാൽ കിണറ്റിൽ വീണുപോയി" എന്നു പറഞ്ഞു. ഉപാദ്ധ്യായൻ മറുപടി പറഞ്ഞു. 55

"ദേവവൈദ്യന്മാരായ അശ്വിനീദേവകളെ സ്തുതിക്കുക. അവർ നിനക്കു കണ്ണുണ്ടാക്കിത്തരും." ഇങ്ങനെ ഉപാദ്ധ്യായൻ പറഞ്ഞതു കേട്ടിട്ടു് ആ ഉപമന്യു ഋക്കുകളെകൊണ്ടു് അശ്വിനീദേവകളെ സ്തുതിക്കുവാനാരംഭിച്ചു. 56

ആദ്യാദ്യഭൂചിത്രഭാനുക്കളെൻവാക്-
ചിത്താശംസാസ്ഥാനമനന്തമല്ലൊ
സുവർണ്ണന്മാർ വൃത്തിചൈതന്യർമാന-
രജോഹീനം വിശ്വവിക്ഷേപകന്മാർ. 57
സുവർണ്ണപക്ഷിപ്പടി കല്പം കഴിപ്പോർ
നാസത്യദസ്രർ സുനസന്മാർ ജയിപ്പൂ

[ 138 ]

സൂര്യാൽ പരം വെള്ളനിലപ്പടങ്ങൾ
കയ്യാൽ വേമം പൂണ്ടു നെയ്യാനിരിപ്പോർ. 58
സുവർണ്ണനാൽ ഗ്രസ്തയാം വർത്തികയെ-
യഴിച്ചിട്ടാരശ്വികൾ സൗഭഗാർത്ഥം
രക്താംഗമാം ഗോകുലം മേച്ചു ചുറ്റും
കാലം കാണ്മൂ തത്സുവൃത്തസ്വഭാവം. 59
മാടോ മുന്നൂറ്റർവ്വതു കൂടിയൊറ്റ-
ക്കിടാവിനെപ്പെറുമതിനേത്താൻ കറപ്പൂ
പലേ തൊഴുത്താം കറയൊന്നല്പതിക്കും
ധർമ്മത്തിനേയശ്വികൾ താൻ കറപ്പോർ. 60
ഒരേ നാഭിക്കെഴുനൂറുണ്ടരങ്ങൾ
പ്രതിസ്ഥാനത്തിരുപതുമുണ്ടുവേറെ
അനേമിയച്ചക്രമേമായ ചുറ്റും
നാസത്യരേ ഐഹികാമു​ഷ്മികത്തിൽ. 61
പന്തീരരം നാഭിയാറെവമൊന്നു-
ണ്ടോകാക്ഷചക്രമൃതമാം ധാരണത്തിൽ
വിശ്വേദേവർക്കതിൽ നില്പാക്കി വാഴും
ദസ്രന്മാരേ വിടൊലാ കേഴുമെന്നെ. 62
വിശ്വാത്മാക്കളശ്വികൾ സോമാമൃതങ്ങൾ
മറയ്ക്കുന്നുണ്ടശ്വികൾ ദാസപത്നി
ബലം ചേരും ഗിരി നീക്കീട്ടു ഗോക്കൾ
നടത്തുന്നുണ്ടശ്വികൾ വൃഷ്ടി ശക്ത്യാ. 63
നിർമ്മിക്കുന്നൂ പത്തുദിക്കും ഭവാന്മാർ
തേരോട്ടവും മേൽ സമാനം വിയത്തും
അതിൽ പഴിക്കേ മുനിമാരും നടപ്പൂ
വാനോർ നരന്മാർ ക്ഷിതിയിൽ സഞ്ചരിപ്പൂ. 64
നാനാമട്ടായ് നിങ്ങൾ വർണ്ണങ്ങൾ തീർപ്പൂ
കാണ്മൂ വിശ്വം മുറ്റുമവറ്റിനാലേ
ഭാനുക്കളങ്ങവ പറ്റിച്ചരിപ്പൂ
വാനോർ നരന്മാർ ക്ഷിതിയിൽ സഞ്ചരിപ്പൂ. 65
അവണ്ണമുള്ളശ്വികളെ സ്തുതിപ്പേൻ
ന്ങ്ങൽക്കുള്ളീപ്പുഷ്കരസ്രക്കിനേയും
നാസത്യന്മാരാമൃതന്മാർ ഋതങ്ങ-
ളെന്ന്യേ വാനോരിതു സൃഷ്ടിപ്പതില്ല. 66
വായാൽ ഗർഭം നേരിടുന്നൂ യുവാക്കൾ
ജീവൻപ്പോയിട്ടടിയാൽ പെറ്റിടുന്നൂ
പെറ്റാലുടൻ തള്ളയെക്കുട്ടി തിന്മൂ
വിട്ടാലുമാ ദസ്രരേ,ഗോക്കളെത്താൻ. 67

[ 139 ]

ഗുണങ്ങളാൽ നിങ്ങളേ വാഴ്ത്ത വയ്യ
കണ്ണില്ലാതേ വഴി തെറ്റിക്കുഴങ്ങീ
ദുർഗ്ഗത്തിൽ ഞാൻ വീണു പൊട്ടക്കിണറ്റിൽ
ശരണ്യരേ,ശരണം നിങ്ങൾതാൻ മേ.

68

അവനിങ്ങനെ സ്തുതിച്ചപ്പോൾ അശ്വിനീദേവകൾ വന്ന് സന്തോഷത്തോടുകൂടീട്ട് "അങ്ങീയപ്പം തിന്നൂ" എന്നു പറഞ്ഞു. 69

അതു കേട്ടിട്ടവൻ അവരോടുത്തരം പറഞ്ഞുഛ "ഭഗവാന്മാർ പറയുന്നതസത്യമാവില്ല. എന്നാൽ, ഞാൻ ഗുരുവിനു കൊടുക്കാത ഈയപ്പം തിന്നുന്നതല്ല." 70

അപ്പോ​ൾ അശ്വിനീദേവകൾ പറഞ്ഞു: "മുൻപു നിന്റെ ഉപാദ്ധ്യായൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ അപ്പം കൊടുത്തു. അതു ഗുരുവിനു കൊടുക്കാതെ അദ്ദേഹം തിന്നുകയും ചെയ്തു. ഉപാദ്ധ്യായൻ ചെയ്തപോലെ അങ്ങും അങ്ങനെ ചെയ്യൂ." 71

അതു കേട്ടിട്ടവനുത്തരം പറഞ്ഞു: "അശ്വിനീദേവകളേ, ഇതാ ഞാൻ നിങ്ങളെ പ്രസാദിപ്പിക്കുന്നു. ഗുരുവിനു കൊടുക്കാതെ ഈയപ്പം തിന്നാൻ ഞാൻ വിചാരിക്കുന്നില്ല." 72

അവനോടു് അശ്വിനീദേവകൾ പറഞ്ഞു: "നിന്റെ ഈ ഗുരുഭക്തി കണ്ടിട്ടു ഞങ്ങൾ സന്തോഷിക്കുന്നു. നിന്റെ ഉപാദ്ധ്യായന്റെ പല്ലു കരിമ്പായിത്തീർന്നു് നിന്റേതു സ്വർണ്ണമായിത്തീരും. കണ്ണും കാണാറാവും, ശ്രേയസ്സും വരും." 73

അശ്വിനീദേവകളിങ്ങനെ പറഞ്ഞപ്പോൾ അവൻ കണ്ണുകാണാറായിട്ടു് ഉപാദ്ധ്യായന്റെ അടുക്കൽച്ചെചെന്നഭിവാദ്യം ചെയ്തു. 74

വിവരമറിയ്ക്കുകയും ചെയ്തു. അദ്ദേഹം അവന്റെമേൽ സന്തോഷിച്ചു. 75

അശ്വിനീദേവകൾപറഞ്ഞതുപോലെനി​ണക്കു ശ്രേയസ്സുവരും. "സർവ്വവേദങ്ങളും സർവ്വധർമ്മശാസ്ത്രങ്ങളും പ്രകാശിക്കും" എന്നു പറകയും ചെയ്തു. 77

ഇതാ​ണ് ഉപമന്യുവിന്റെ പരീക്ഷ:


പിന്നെ ആപോദനായ ധൗമ്യന്നു വേദനെന്ന ഒരു ശിഷ്യനുണ്ടല്ലോ. അവനോടുപാദ്ധ്യായൻ കല്പിച്ചു: "ഉണ്ണീ വേദ, ഇവിടെ എന്റെ ഗൃഹത്തിൽ താമസിക്കു. കുറച്ചുകാലം ശുശ്രൂഷിച്ചു പാർക്കണം. എന്നാൽ നിണക്കു ശ്രേയസ്സു വരും."78

അവൻ "അങ്ങനെതന്നെ" എന്നു പറഞ്ഞു. വളരെക്കാലം ഗുരുകുലത്തിൽ ഗുരുശുശ്രൂഷയും ചെയ്തുകൊണ്ടു പാർത്തു. കാളയെപ്പോലെ ഗുരു ചുമത്തുന്ന ഭാരമെല്ലാം വഹിച്ചു. ശീതം, ഉഷ്ണം, വിശപ്പ്, ദാഹം എന്നീ ദുഃഖങ്ങളൊക്കെസ്സഹിച്ച് ഒന്നിനും പ്രതികൂലഭാവം കാണിക്കാതെ വളരെക്കാലം കൊണ്ട് ഗുരുവിന്റെ സന്തോഷം സമ്പാദിച്ചു.

അദ്ദേഹത്തിന്റെ പ്രസാദംകൊണ്ടു ശ്രേയസ്സും സർവ്വജ്ഞതയും സമ്പാദിച്ചു. 80 [ 140 ] ഇതാണ് ആ വേദന്റെ പരീക്ഷ:

അവൻ ഉപാദ്ധ്യായന്റെ സമ്മതപ്രകാരം ഗുരുകുലം വിട്ടു സമാവർത്തനംചെയ്തു ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. സ്വഗൃഹത്തിൽ താമസിക്കുന്ന അദ്ദേഹത്തിന്നും മൂന്നു ശിഷ്യരുണ്ടായി. അദ്ദേഹം ശിഷ്യരോടു പണിയെടുപ്പാനോ ഗുരുശുശ്രൂഷചെയ്വാനോ ഒന്നും പറഞ്ഞിരുന്നില്ല. ഗുരുകുലവാസദുഃഖമറിഞ്ഞിട്ടുള്ള അദ്ദേഹം ശിഷ്യരെ ബുദ്ധിമുട്ടിക്കുവാൻ വിചാരിച്ചില്ല. 81

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ വേദനെന്ന ബ്രാഹ്മണനെ ജനമേജയനെന്നും പൗഷ്യനെന്നും രണ്ടു ക്ഷത്രീയന്മാർ ചെന്നുപാദ്ധ്യായനായിട്ടു വരിച്ചു. 82

അദ്ദേഹം ഒരിക്കൽ ശിഷ്യകാര്യത്തിനായിട്ടു പുറപ്പെട്ടു് പോകുമ്പോൾ ഉത്തങ്കനെന്ന ശിഷ്യനെ ഏല്പിച്ചു.* "എന്റെ ഗൃഹത്തിൽ എന്തെങ്കിലും ന്യൂനത വന്നാൽ അതു തീർത്തുകൊള്ളെണം." ഇങ്ങനെ ഉത്തങ്കനെ ഏല്പിച്ച് വേദൻ ദേശാന്തരം പോകുകയും ചെയ്തു. 83

പിന്നെ ശുശ്രൂഷാതൽപരനായ ഉത്തങ്കൻ ഗുരുവിന്റെ കല്പന നടത്തിക്കൊണ്ടു ഗുരുകുലത്തിൽ പാർത്തു. അങ്ങനെ പാർക്കുമ്പോൾ ഗുരുപത്നികളെല്ലാരുംകൂടി അവനെ വിളിച്ചിങ്ങനെപറഞ്ഞു: 84

"നിന്റെ ഈ ഗുരുപത്നി ഋതുകാലമായി. ഉപാദ്ധ്യായനോ അകലെ പോയിരിക്കുന്നു. ഇവളുടെ ഋതു നിഷ്ഫലമാവാത്തവിധം നീ പ്രവർത്തിക്കണം. ഇവൾക്കു വിഷാദമായിരിക്കുന്നു." 85

അവൻ ഇതു കേട്ടിട്ടു സ്ത്രീകളോടുത്തരം പറഞ്ഞു: "സ്ത്രീകൾ പറഞ്ഞാൽ ഈ അകൃത്യം ഞാൻ ചെയ്യില്ല. അകൃത്യമാണെങ്കിലും ഇതു നീ ചെയ്യണമെന്നു് ഉപാദ്ധ്യായൻ എന്നോട്പറഞ്ഞിട്ടില്ല. 86

കുറച്ചുകഴിഞ്ഞപ്പോൾ അവന്റെ ഉപാദ്ധ്യായൻ ദേശാന്തരത്തിൽ നിന്നു ഗൃഹത്തിലെത്തി. അദ്ദേഹം അവന്റെ ആ വർത്തമാനം മുഴുവൻ കേട്ടു സന്തോഷിച്ചു. 87

അവനോടു പറകയും ചെയ്തു: "ഉണ്ണീ ഉത്തങ്കാ, നിനക്കു ഞാനെന്തിഷ്ടമാണു ചെയ്യേണ്ടത്? ധർമ്മപ്രകാരം നീയെന്നെ ശുശ്രൂഷിച്ചു. അതുകൊണ്ട് നമ്മൾതമ്മിൽ പ്രീതിയും വർദ്ധിച്ചു. എന്നാൽ ഞാനനുവദിക്കുന്നു ഇഷ്ടമൊക്കെ സാധിക്കും. പൊയ്ക്കൊള്ളൂ." 88

അതു കേട്ടിട്ടവൻ ഉത്തരം പറഞ്ഞു. "ഇവിടെക്കു ഞാൻ എന്തിഷ്ടമാണു് ചെയ്യേണ്ടതു് ?. ഇങ്ങനെ പറഞ്ഞുവരുന്നു. 89 [ 141 ] "അധർമ്മമായോതുവോനുമധർമ്മാൽ കേൾക്കുവോനുമേ ഇതിലേകൻ മരിച്ചെന്നാൽവെറുക്കും മറ്റവൻ ദൃഢം." 90

"അതുകൊണ്ട് ഞാനിവിടുത്തെ അനുവാദപ്രകാരം ഗുരുദക്ഷിണചെയ്യണമെന്നാഗ്രഹിക്കുന്നു." അതു കേട്ടിട്ടു് ഉപാദ്ധ്യായൻ "ഉണ്ണീ ഉത്തങ്ക താമസിക്കു്" എന്നുത്തരം പറഞ്ഞു. 91

ആ ഉത്തങ്കൻ "ഇവിടെയ്ക്കിഷ്ടമായ ഗുരുദക്ഷിണയെന്തെന്നു് ഇവിടുന്നു കല്പിക്കണ"മെന്നു പറഞ്ഞു. 92

അവനോടു് ഉപാദ്ധ്യായൻ മറുപടി പറഞ്ഞു. "ഉണ്ണീ ഉത്തങ്ക, പലകുറിയായി ഗുരു ദക്ഷിണ ചെയ്യട്ടെ എന്നു നീ എന്നോടു ചോദിക്കുന്നു. എന്നാൽ അകത്തു ചെന്നിട്ടു് എന്താണു വേണ്ടതു എന്നു് ഗുരുപത്നിയോടു ചോദിക്കു. 93

"അവൾ എന്തുപറയുന്നുവോ അതു ചെയ്താൽ മതി." ഇങ്ങനെ ഉപാദ്ധ്യായൻ പറഞ്ഞ ശേഷം അവൻ ഉപാദ്ധ്യായനിയോടു ചോദിച്ചു: "ഭഗവതീ, എനിക്കു ഗൃഹത്തിലേക്കു പോകുവാൻ ഉപാദ്ധ്യായനനുവാദം തന്നു. ഇവിടത്തെ ഇഷ്ടം പോലെ ഗുരുദക്ഷിണ ചെയ്തു കടം വീട്ടി പോയാൽക്കൊള്ളാമെന്ന് എനിക്കൊരാഗ്രഹമുണ്ട്. 94

"അതുകൊണ്ടു്, എന്താണു ഗുരുദക്ഷിണ വേണ്ടതെന്നു് ഭഗവതി കല്പിക്കണം." ഇതുകേട്ടിട്ടു ഗുരുപത്നി ഉത്തങ്കനോടു മറുപടി പറഞ്ഞു: ചെല്ലൂ, പൗഷ്യരാജാവിന്റെ അടുക്കൽപോയി അദ്ദേഹത്തിന്റെ ഭാര്യയായ ക്ഷത്രീയസ്ത്രീ ധരിച്ചിരിക്കുന്ന കുണ്ഡലങ്ങൾ യാചിക്കതന്നെ . 95

"അതു വാങ്ങിക്കൊണ്ടു വരൂ. നാലാന്നാൾ പുണ്യകർമ്മമാണു്. അതിന്നു് ആ കുണ്ഡലങ്ങൾ ധരിച്ചു ബ്രാഹ്മണർക്കു വിളമ്പിക്കൊടുത്താൽക്കൊള്ളാമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതു നീ സാധിപ്പിക്കണം. അങ്ങനെ ചെയ്താൽ ശ്രേയസ്സുണ്ടാവും, ഇല്ലെങ്കിൽ ശ്രേയസ്സെങ്ങനെയുണ്ടാകും." 96

അവളിങ്ങനെ പറഞ്ഞതിനാൽ ഉത്തങ്കൻ പുറപ്പെട്ടു. അവൻ പോകുംവഴിക്കു വലുതായ ഒരു കാളയേയും അതിന്റെപുറത്തു വലിപ്പമുള്ള ഒരു പുരുഷനേയും കണ്ടു. ആ പുരുഷൻ ഉത്തങ്കനെ വിളിച്ചു പറഞ്ഞു. 97

"ഹേ, ഉത്തങ്ക ഇതിന്റെ ചാണകം തിന്നുകൊള്ളൂ " ഇങ്ങനെ പറഞ്ഞിട്ടു് അവൻ കൂട്ടാക്കീല. 98

അവനോടാപ്പുരുഷൻ വീണ്ടും പറഞ്ഞു. "ഹേ ഉത്തങ്ക, ഭക്ഷിക്കു, സംശയിക്കേണ്ട. തന്റെ ഉപാദ്ധ്യായൻ തന്നെ ഭക്ഷിച്ചിട്ടുണ്ട്." 99

അതു കേട്ടിട്ടവൻ 'അങ്ങനെതന്നെ' എന്നുപറഞ്ഞു. ആ കാളയുടെ മൂത്രവും ചാണകവും ഭക്ഷിച്ച് പരിഭ്രമത്തോടുകൂടി നിന്നുകൊണ്ടു തന്നെ ആചമനം കഴിച്ചു നടന്നു. 100

പൗഷ്യരാജാവിരിക്കുന്ന ദിക്കിൽ ചെന്ന് അദ്ദേഹത്തിനെ ഉത്തങ്കൻ കണ്ടു: അദ്ദേഹത്തിനെ ആശീർവ്വാദംകൊണ്ടഭിനന്ദിച്ചിട്ട് ഉത്തങ്കൻ പറഞ്ഞു: 101 [ 142 ]

അർത്ഥിയായിട്ടാണ് ഞാൻ അങ്ങയുടെ അടുക്കെ വന്നിരിക്കുന്നതു്. ആ രാജാവ് അദ്ദേഹത്തിനെ അഭിവാദ്യം ചെയ്തിട്ടു്, "ഭഗവാനെ ഞാൻ പൗഷ്യനാണു്. എന്താണിവിടയ്ക്കു വേണ്ടതു്?" എന്നു ചോദിച്ചു. 102
അവനോടുത്തങ്കൻ പറഞ്ഞു" "ഗുരുദക്ഷിണയ്ക്കുവേണ്ടി കുണ്ഡലങ്ങൾ യാചിപ്പാനാണു ഞാൻ വന്നത്. അങ്ങയുടെ ഭാര്യയായ ക്ഷത്രീയ സ്ത്രീ ധരിക്കുന്ന ആ കുണ്ഡലങ്ങൾ എനിക്ക് തന്നാൽക്കൊള്ളാം." 103
"അന്തഃപുരത്തിൽ ചെന്നു് ആ ക്ഷത്രീയസ്ത്രീയോടു യാചിക്ക തന്നെ" എന്നു പൗഷ്യൻ അവനോടുത്തരം പറ‌ഞ്ഞു. അതുകേട്ടു് അന്തഃപുരത്തിൽ ചെന്നിട്ടും അവൻ ആ ക്ഷത്രീയസ്ത്രീയെ കണ്ടില്ല. 104
പിന്നെയും പൗഷ്യനോടവൻ പറഞ്ഞു: "അങ്ങു് എന്നെ അനൃതം കൊണ്ടുപചരിക്കുന്നതു ശരിയല്ല. അങ്ങയുടെ അന്തഃപുരത്തിൽ ക്ഷത്രീയസ്ത്രീയില്ല. അവളെ കണ്ടില്ല." 105
അതുകേട്ടു പൗഷ്യൻ കുറച്ചുനേരം വിചാരിച്ചിട്ടു് ഉത്തങ്കനോടുത്തരം പറഞ്ഞു: "നിശ്ചയമായിട്ടും അങ്ങു് ഉച്ഛിഷ്ടാശുചിയായിരിക്കണം, ഓർത്തുനോക്കൂ, ഉച്ഛിഷ്ടാശുചിയായവന്നു് അവളെ കാണ്മാൻ കഴിയില്ല. പാതിവ്രത്യം മൂലം അവൾ അശുദ്ധമുള്ളവന്റെ കണ്ണിന്നു നേരെ വരില്ല." 106
അതുകേട്ടുത്തങ്കൻ ഓർത്തുനോക്കി പറഞ്ഞു: "ശരിയാണു്, ഞാൻ ഇങ്ങോട്ടു പോരുമ്പോൾ നിന്നുകൊണ്ടാണു് ആചമിച്ചതു്." 107
പൗഷ്യൻ അവനോടുപറഞ്ഞു: "ഇതങ്ങു ചെയ്തതു തെറ്റാണു്. വേഗം പോരുമ്പോൾ നിന്നുങ്കൊണ്ടാചമിച്ചത് ആചമനമായില്ല."
പിന്നെ ഉത്തങ്കൻ അവനോടു് അതു ശരിയാണെന്നു സമ്മതിച്ചിട്ടു് കിഴക്കോട്ട് തിരിഞ്ഞിരുന്നു കൈയുംകാലും നല്ലവണ്ണം കഴുകി നുരയും ചൂടുമില്ലാത്ത വെള്ളം കൊണ്ട് നിശബ്ദമായി ഹൃദയത്തിലെ ത്തുമ്മട്ടു മൂന്നു പ്രാവശ്യം കുടിച്ചു രണ്ടുരു തൊട്ടു തുടച്ചു് ഇന്ദ്രിയസ്ഥാനങ്ങളിൽത്തൊട്ടു് ആചമനം കഴിച്ചിട്ടു് അന്തഃപുരത്തിലേക്കു കടന്നു.
അപ്പോൾ ക്ഷത്രീയസ്ത്രീയെ കാണുകയും ചെയ്തു. അവൾ ഉത്തങ്കനെ കണ്ടപ്പോൾ എതിരേറ്റു് അഭിവാദ്യംചെയ്തിട്ടു് "ഭഗവാനേ, അങ്ങയ്ക്ക് സ്വാഗതം ഞാനെന്താണു ചെയ്യേണ്ടതു് എന്ന് കല്പിച്ചാലും" എന്ന് പറഞ്ഞു. അവൻ അവളോടു പറഞ്ഞു: "ഈ കുണ്ഡലങ്ങൾ ഗുരുദക്ഷിണയ്ക്കുവേണ്ടി ഞാൻ യാചിക്കുന്നു. തന്നാൽ കൊള്ളാം." അവൾ അവന്റെ ആ സൽസ്വഭാവം കണ്ടിട്ടു സന്തോഷിച്ചുകൊണ്ട് "ഇദ്ദേഹം സൽപ്പാത്രമാണ്". വെറുതെ വിട്ടുകളയരുതു് എന്നുറച്ചു കുണ്ഡലങ്ങൾ അഴിച്ചുകൊടുത്തു. അവനോട് പറകയുംചെയ്തു: "ഈ കുണ്ഡലങ്ങളെ നാഗരജാവു തക്ഷകൻ ഏറ്റവും മോഹിച്ചുകൊണ്ടിരിക്കുന്നുണ്ടു്. സൂക്ഷിച്ചു കൊണ്ടുപോകണം." 110
അതു കേട്ടിട്ടവൻ ആ ക്ഷത്രീയസ്ത്രീയോടുത്തരം പറഞ്ഞു:

[ 143 ]

"ഭഗവതീ തൃപ്തിപ്പെട്ടിരിക്കൂ. നാഗരജാവു തക്ഷകൻ എന്നെദ്ധർഷണം ചെയ്വാൻ മതിയാവില്ല." 111
അവനിങ്ങിനെ പറഞ്ഞു് ആ ക്ഷത്രീയയോടു യാത്രയുമറിയിച്ചു പൗഷ്യന്റെ അടുത്ത് ചെന്നു. 'ഹേ പൗഷ്യ, എനിക്കു സന്തോഷമായി' എന്നു പറകയും ചെയ്തു. ആ ഉത്തങ്കനോടു പൗഷ്യൻ ഉത്തരം പറഞ്ഞു.
"ഭഗവാനേ, വളരെക്കാലംകൊണ്ടേ സൽപ്പാത്രം കിട്ടുള്ളൂ. അങ്ങു ഗുണവാനായൊരതിഥിയാണു്. അതുകൊണ്ടു് ശ്രാദ്ധത്തിനുള്ള ക്ഷണം സ്വീകരിക്കണം." അവനോടുത്തങ്കൻ പറഞ്ഞു. 113
"ക്ഷണം സ്വീകരിച്ചു ഉള്ളതുകൊണ്ട് ചോറുണ്ടാക്കി വേഗം കഴിഞ്ഞോട്ടെ." അതുകേട്ടിട്ടു് അവനുള്ള അന്നംകൊണ്ടു് ഭോജനം കഴിപ്പിച്ചു. 114
അപ്പോളുത്തങ്കൻ തലനാരുള്ളതും തണുത്തതുമായ ചോറു കണ്ടു് അശുദ്ധമാണെന്നറിഞ്ഞിട്ടു് ആ പൗഷ്യനോടു പറഞ്ഞു. "എനിക്കു് അശുദ്ധമായ അന്നം തന്നതുകൊണ്ട് നീയന്ധനായി ഭവിക്കട്ടെ."
അവനോടു് പൗഷ്യനുത്തരം പറഞ്ഞു. "അങ്ങു് അദുഷ്ടമായ അന്നത്തെ ദുഷിച്ചതുകൊണ്ടു് അനപത്യനായിത്തീരും." അവനോടുത്തങ്കനുത്തരം പറഞ്ഞു. 116
"അശുദ്ധമായ അന്നം തന്നിട്ടു് നീ പ്രതിശാപം തരുന്നതു ശരിയല്ല. എന്നാലീച്ചോറുതന്നെ നോക്കൂ." അശുചിത്വം പ്രത്യക്ഷമായിക്കണ്ടു. ആ ചോറു തലയഴിച്ചിട്ട സ്ത്രീ വെച്ചതിനാൽ തലനാരു വീണതും തണുത്തതും ആകയാലാണ് അശുദ്ധമായതെന്ന് മനസ്സിലാക്കീട്ടു് അവനുത്തങ്കമഹർഷിയെ പ്രസാദിപ്പിച്ചു. 117
"ഭഗവാനേ, ഞാനറിയാതെയാണ് തലനാരുള്ളതും തണുത്തതുമായ ഈ ചോറു കൊണ്ടുവന്നു തന്നതു്. അതുകൊണ്ടു് അങ്ങുന്നു ക്ഷമിച്ചാൽ കൊള്ളാം. ഞാൻ അന്ധനാവാതിരുന്നാൽ കൊള്ളാം." അവനോടുത്തങ്കനുത്തരം പറഞ്ഞു. 118
"ഞാൻ അസത്യം പറകയില്ല. അങ്ങുന്നു് അന്ധനായാലുടനെ കണ്ണുകാണാതാവും. ഇനി അങ്ങുന്നു തന്ന ശാപമെനിക്കും പറ്റരുത്." അവനോടു പൗഷ്യൻ പറഞ്ഞു. 119
"എനിക്കു ശാപം പിൻവലിപ്പാൻ ശക്തിയില്ല. എന്റെ കോപമിപ്പോഴും ശമിച്ചിട്ടില്ല. എന്നുതന്നെയല്ല. ഇത് അവിടെയ്ക്ക് അറിവുള്ളതല്ലേ? 120

"വിപ്രന്നുള്ളം വെണ്ണതാൻ വാക്കു കത്തി-
ക്കൊപ്പം പാരം മൂർച്ചയുള്ളന്നൊതത്രെഃ
രണ്ടും നൃപന്നിതു മറ്റിച്ചാണ് വാക്കോ
വെണ്ണപ്രായം ഹൃത്തടം കൂർത്ത ശസ്ത്രം.

121

"ഇതിങ്ങനെയിരിക്കുമ്പോൾ തീക്ഷ്ണഹൃദയത്വം കാരണം ശാപം പിൻവലിപ്പാനെനിക്കു വയ്യ. എന്നാലെഴുന്നെള്ളാം." അവ

[ 144 ]

നോടുത്തങ്കൻ പറഞ്ഞു. "അങ്ങ് അന്നത്തിന്റെ അശുദ്ധി കണ്ടിട്ടു് എന്നെ അനുനയിച്ചുവല്ലൊ. അതിനു മുൻപാണെന്നെ ശപിച്ചതു്".
അദുഷ്ടമായ അന്നത്തെ ദുഷിച്ചതിന്നു് അനപത്യനാവുമെന്നു്. അന്നം ദുഷ്ടമാണെന്നിരിക്കെ ഈ ശാപവും ഫലിക്കില്ല. 123
"എന്നാൽ ഞാൻ പോട്ടേ" എന്ന് പറഞ്ഞു് ഉത്തങ്കൻ ആ കുണ്ഡലവുമെടുത്തു പുറപ്പെട്ടു. അവൻ വഴിക്ക് ഇടയ്ക്കു കാണും, ഇടയ്ക്കു കാണില്ല, അങ്ങനെ ഒരു നഗ്നക്ഷപണകനെക്കണ്ടു. 124
പിന്നെ ഉത്തങ്കൻ കുണ്ഡലങ്ങളെ താഴത്തുവെച്ചു് ജലസ്പർശത്തിന്നാരംഭിച്ചു. ഈത്തരത്തിൽ ക്ഷപണകൻ ഓടിവന്നു കുണ്ഡലങ്ങളും കൈക്കലാക്കി ഓടി. 125
ഉത്തങ്കൻ ജലസ്പർശം ചെയ്തു ശുചിയായതിന്റെ ശേഷം ദേവകൾക്കും ഗുരുക്കൾക്കും നമസ്ക്കരിച്ചു് അതിവേഗത്തിൽ അവന്റെ പിന്നാലെ ചെന്നു. 126
തക്ഷകൻ അവന്റെ വളരെ അടുത്തായി. അവനവനെ പിടിച്ചു. പിടിച്ചമാത്രയിൽ തക്ഷകൻ ആ രൂപമുപേക്ഷിച്ചൂ സ്വന്തം രൂപമെടുത്തു ഭൂമിയിലുണ്ടായിരുന്ന വലിയ ഗുഹയിലേക്കു പോകുകയും ചെയ്തു. 127
നാഗലോകത്തിൽ ചെന്നു സ്വഗൃഹത്തിലേക്കുപോകുകയും ചെയ്തു.
ഉത്തങ്കൻ ആ ബിലത്തെ കൊള്ളികൊണ്ടു കുഴിച്ചുനോക്കി, സാധിച്ചതുമില്ല. അവൻ ക്ലേശിക്കുന്നത് കണ്ടിട്ടു് ഇന്ദ്രൻ വജ്രത്തെ വിട്ടയച്ചു് "ചെല്ലൂ ഈ ബ്രാഹ്മണനെ സഹായിക്കൂ." 129
ഉടൻ വജ്രം ആ വിറകിന്മേൽ പ്രവേശിച്ചു് ആ വിലം തുറന്നു കൊടുത്തു. ഉത്തങ്കനതിലിറങ്ങി. ആ വിലത്തിൽക്കൂടിച്ചെന്നു് അവസാനമില്ലാത്തതും അനേകം മേട മാളിക കോട്ട കൊത്തളം എന്നിവയോടുകൂടിയതും പലമാതിരി ക്രീഡാശ്ചര്യസ്ഥാനങ്ങളിടകലർന്നതുമായ നാഗലോകത്തെ കണ്ടു. 130
അവിടെവെച്ചു നാഗങ്ങളെ ഈ ശ്ലോകങ്ങളെ കൊണ്ടു സ്തുതിച്ചു:
ഐരാവതം നാഥനായോർ പോരിൽ മിന്നും ഫണീശ്വരർ
കാറ്റേറ്റു മിന്നൽ കലരും മഴക്കാർ പോലെയുള്ളവർ. 132
സൗമ്യാനേകസ്വരൂപന്മാർ കല്മാഷമണികുണ്ഢലർ
സൂര്യോപമം വാനിൽമിന്നുമൈരാവതകൂലോഭവർ 133
ഗംഗോത്തരതടത്തിങ്കലങ്ങുള്ളഹിഗൃഹങ്ങളിൽ
വസിക്കും പാമ്പുകളെയും സ്തുതിച്ചീടുന്നു ഞാനിതാ 134
സൂര്യാംശുസേനാസഞ്ചാരിയാരൈരാവതമെന്നിയേ
നൂറെണ്പതെണ്ണായിരവുമെന്നല്ലിരുപതും പരം 135
ചുറ്റും സർപ്പപ്രഗ്രഹങ്ങൾ ധൃതരാഷ്ട്രന്റെ രക്ഷയിൽ
അവനെപ്പിൻതുടർന്നോരായ് ദൂരമാർഗ്ഗഗരായഹോ! 136

[ 145 ]

ഐരാവതജ്വേഷ്ടരായ സോദരർക്കു തൊഴുന്നു ഞാൻ.
കുരുക്ഷേത്രത്തിങ്കൽ വാണോൻ പണ്ടു ഖാണ്ഡവമാണ്ടവൻ. 137
കുണ്ഡലാർത്ഥം പ്രസാദിക്ക നാഗരാജാവു തക്ഷകൻ
ആത്തക്ഷകാശ്വസേനൻമാർനിത്യം കൂടി നടപ്പവർ. 138
കുരുക്ഷേത്രത്തിങ്കലിക്ഷുമതിയാറ്റിൽ വസിക്കവേ
തക്ഷകന്നൊടുവുണ്ടായോൻ ശ്രുതസേനാഭിധൻ സുതൻ. 139
മഹദ്യൂമാവിൽ നാഗേന്ദ്രമഹ്വത്ത്വം കാത്തിരിപ്പവൻ
മഹാത്മാവാമവന്നെന്നുമിഹാനേകം തൊഴുന്നു ഞാൻ. 140
ഇത്ഥം വിപ്രർഷിയായീടുമുത്തങ്കൻ നാഗമുഖ്യരെ
സ്തുതിച്ചുകൊണ്ടിതെന്നിട്ടും കിട്ടീലാ കുണ്ഡലദായം. 141

ഇങ്ങനെ സ്തുതിച്ചിട്ടും ആ നാഗത്തിൽനിന്നു കുണ്ഢലം കിട്ടാതെ നില്ക്കുമ്പോൾ നൂലു വേമത്തിൽ* കേറ്റി വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ കണ്ടു. ആ യന്ത്രത്തിൽ കറുത്തും വെളുത്തുമുള്ള നൂലുകളും ആറു കുമാരന്മാർ ചുറ്റിക്കുന്നതും പന്ത്രണ്ട് അരങ്ങളുള്ള ചക്രവും കണ്ടു. വേറെ ഒരു പുരുഷനേയും നല്ല ഒരു കുതിരയേയും കണ്ടു. 142 ‌അവൻ മന്ത്രപ്രായങ്ങളായ ഈ ശ്ലോകങ്ങളെക്കൊണ്ടു് അവരെ സ്തുതിച്ചു. 143

മുന്നൂറുമിങ്ങർവ്വതുമെണ്ണമുണ്ടീ
യന്ത്രത്തിങ്കൽ ചേർത്തിരിക്കുന്നു മദ്ധ്യേ
ചക്രത്തിന്നുണ്ടിരുപന്തീരരങ്ങൾ
ചുറ്റിക്കുന്നുണ്ടാറു കുമാരകന്മാർ 144
ഈ യന്ത്രത്തിൽ തന്വികൾ വിശ്വരൂപ-
മാരാ നൂൽനെയ്ത്തുണ്ടു നടത്തീടുന്നു
ശൂക്ലാസിതങ്ങളെ മാറ്റിപ്പിണച്ചീ -
ബ്ഭൂതങ്ങളേയും ഭുവനങ്ങളേയും 145
വജ്രം ധരിപ്പോൻ ഭുവനം ഭരിപ്പോൻ
വൃത്രന്റെ കാലൻ നമുചിക്കന്തകൻതാൻ
കൃഷ്ണാംബരതദ്വിതയം ചാർത്തുമീശൻ
സത്യാനൃത്തങ്ങളെ വേറെ തിരിപ്പൂ 146
അംഭസ്സുൾക്കൊണ്ടാദ്യനാമാഗ്നിയാകും
അശ്വത്തിനേ വാഹനമാക്കിവെപ്പോൻ
പരം ജഗൽപതി മുപ്പാരിനീശൻ
പുരന്ദരൻ കനിവാൻ കൈതൊഴുന്നേൻ 147

അതിനുശേഷം ആ പുരുഷൻ ഉത്തങ്കനോടുപറഞ്ഞു. "നിന്റെയീ സ്തോത്രംകൊണ്ടു ഞാൻ സന്തോഷിച്ചു. നിനക്കെന്താണിഷ്ടം ചെയ്യേണ്ടതു്?" അവൻ ആ പുരുഷനോട് പറഞ്ഞു: 148 [ 146 ] "നാഗങ്ങളെനിക്കു സ്വാധീനമാകണം." ആ പുരുഷനിവനോട് വീണ്ടും പറഞ്ഞു: "ഈ കുതിരയുടെ ഗുദദ്വാരത്തിലൂതിക്കൊള്ളൂ."

പിന്നെ ഉത്തങ്കൻ കുതിരയുടെ ഗുദദ്വാരത്തിൽ ഊതി. അങ്ങനെ ഊതുമ്പോൾ കുതിരയുടെ സർവ്വദ്വാരങ്ങളിൽനിന്നും അഗ്നിജ്ജ്വാലകൾ പുറപ്പെട്ടു. 150

നാഗലോകം പുകഞ്ഞുതുടങ്ങിയപ്പോൾ തക്ഷകൻ സംഭ്രമിച്ചു് അഗ്നിഭയംകൊണ്ടു വിഷണ്ണനായി കുണ്ഡലങ്ങളുമെടുത്തുഭവനത്തിൽ നിന്നു പുറത്തുവന്നുത്തങ്കനോടു പറഞ്ഞു: 151

"ഇതാ കുണ്ഡലങ്ങൾ അങ്ങു വാങ്ങിക്കൊള്ളൂ." ഉത്തങ്കനിതു മേടിച്ചു. കുണ്ഡലം കിട്ടിയിട്ട് വിചാരിക്കയും ചെയ്തു. 152

"ഇന്നാണ് ആ ഗുരുപത്നിയുടെ പുണ്യദിവസം. ഞാനോ വളരെ ദൂരത്തുമായിരിക്കുന്നു. എന്നാലെങ്ങനെ അവിടെ എത്തേണ്ടു." അവന്റെ ആ വിചാരം കണ്ടു് ആ പുരുഷൻ പറഞ്ഞു: 153

"ഉത്തങ്ക, ഈ കുതിരപ്പുറത്തു കയറിക്കൊള്ളൂ. ക്ഷണത്തിൽ നിന്നെ ഗുരുകുലത്തിലെത്തിക്കും." 154

വൻ അങ്ങനെതന്നെ ആ കുതിരപ്പുറത്തേറി കയറി ഗുരുകുലത്തേക്കെത്തി. ഗുരുപത്നി കുളിച്ചു തല വേർവിടുത്തുംകൊണ്ട് "ഉത്തങ്കൻവന്നില്ലല്ലോ" എന്നുവെച്ചു ശപിക്കുവാൻ വിചാരിച്ചു. 155

ഈ സമയത്ത് ഉത്തങ്കൻ ഗുരുകുലത്തിൽ ചെന്നു് ഉപാദ്ധ്യായിനിയെ അഭിവാദ്യം ചെയ്തു. അവൾക്കാ കുണ്ഡലങ്ങളേയും കൊടുത്തു. അവളിവനോട് പറഞ്ഞു: 156

"ഉത്തങ്ക, വേണ്ടസമയത്തു നീ വേണ്ടടത്തെത്തി. നിണക്കു സ്വാഗതം! ഉണ്ണീ, നിർദ്ദോഷിയായ നിന്നെ ഞാൻ ശപിച്ചില്ലല്ലോ. നിനക്കു ശ്രേയസ്സായി സിദ്ധിയും വരും." 157

പിന്നെ ഉത്തങ്കൻ ഉപാദ്ധ്യയനെ അഭിവാദ്യം ചെയ്തു. അവനോടുപാദ്ധ്യായൻ പറഞ്ഞു. "ഉണ്ണീ, ഉത്തങ്ക, നിണക്കു സ്വാഗതം! ഇത്ര താമസത്തിന്നു നീയെന്തു ചെയ്തു?" 158

ഉപാദ്ധ്യായനോട് ഉത്തങ്കൻ പറഞ്ഞു: "നാഗരാജാവായ തക്ഷകൻ എന്റെ ഈ കാര്യത്തിനു വിഘ്നം ചെയ്തു. അതു കൊണ്ടു ഞാൻ നാഗലോകത്തേക്കു പോയി. 159

അവിടെ വെച്ചു് ഞാൻ യന്ത്രത്തിൽ വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെയും കണ്ടു. അതിൽ കറുത്തുവെളുത്തുമാണ് നൂലുകൾ. അതെന്താണു്? അവിടെത്തന്നെ പന്ത്രണ്ട് അരമുള്ള ചക്രവും കണ്ടു. ആറു കുമാരന്മാർ അതു തിരിക്കുന്നുണ്ട്. അതെന്താണ്? ഒരു പുരുഷനെ കാണുകയുണ്ടായി. അതാരാണ്? വലുതായ ഒരു കുതിരയേയും കണ്ടു. അതേതാണ്? 160

"പോകുംവഴിക്കു ഞാനൊരു കാളയെ കണ്ടു. അതിന്റെ പുറത്തൊരു പുരുഷനുമുണ്ട്. അവനെന്നോട് ഉപചാരപൂർവ്വം "ഉത്തങ്ക, ഈ കാളയുടെ ചാണകം തിന്നൂ. അതുനിന്റെ ഉപാദ്ധ്യായൻ ഭക്ഷിച്ചിട്ടുണ്ടു്." എന്നുപറഞ്ഞു. 161 [ 147 ] "പിന്നെ ഞാനവന്റെ വാക്കാൽ ആ ചാണകം തിന്നു. അവനാരാണു്? ഇതൊക്കെ ഇവിടുന്നു പറഞ്ഞുകേട്ടാൽ കൊള്ളാം." ഇങ്ങനെ അവൻ ചോദിച്ചപ്പോൾ ആ ഉപാദ്ധ്യായൻ ഉത്തരം പറഞ്ഞു. 162

"ആ രണ്ടു സ്ത്രീകൾ ധാതാവും വിധാതാവുമാണു്. കറുത്തും വെളുത്തുമുള്ള നൂലുകൾ രാവും പകലുമാണു്. പന്ത്രണ്ടു് അരമുള്ള ചക്രം ആറു കുമാരന്മാർ തിരിക്കുന്നതു കണ്ടില്ലേ? ആക്കുമാരന്മാർ ആറു് ഋതുക്കളാണു്. ചക്രം സംവത്സരവുമാണു്" 163

"ആ പുരുഷൻ പൎജ്ജന്യനാണു്. ആ കുതിര അഗ്നിയാണു്. ആ വഴിക്കു കണ്ട കാള നാഗരാജാവായ ഐരാവതമാണു്. 164

"അതിന്റെ പുറത്തിരിക്കുന്ന പുരുഷൻ ഇന്ദ്രനാണു്. നീ ഭക്ഷിച്ച ചാണകം അമൃതാണു്. അതുകൊണ്ടാണു് നീ നാഗലോകത്തിൽ മരിക്കാഞ്ഞതു്. 165

"ആ ഭഗവാനിന്ദ്രൻ എന്റെ സഖിയാകയാൽ നിന്റെനേരെയുള്ള കൃപകൊണ്ടിങ്ങനെ അനുഗ്രഹിച്ചു. അതുകൊണ്ടാണു് നീ കുണ്ഡലങ്ങളുംകൊണ്ടു തിരിച്ചുവന്നതു്. 166

"എന്നാൽ സൗമ്യ, നീ പോയ്ക്കൊള്ളു. നിണക്കു ശ്രേയസ്സുവരും." ഭഗവാനായ ആ ഉത്തങ്കൻ ഉപാദ്ധ്യായന്റെ സമ്മതത്തോടുകൂടി പോന്നിട്ടു തക്ഷകന്റെ നേരെ ക്രോധത്തോടുകൂടി പകരം വീട്ടുവാൻവേണ്ടി ഹസ്തിനപുരത്തേക്കു പുറപ്പെട്ടു. 167

ഉത്തങ്കൻ ഹസ്തിനപുരത്തെത്തി ദ്വിജകലോത്തമൻ
ജനമേജയഭൂപാലമണിയെക്കണ്ടു സാദരം 168
കീഴടക്കിത്തക്ഷശില വാഴവേ പോന്നുവന്നിഹ
മന്ത്രിമദ്ധ്യം വാണ മന്നോർമന്നനെക്കണ്ടു മാമുനി 169
യഥാന്യായം മുൻപിലാശീൎവ്വാദം ചെയ്തവനോടുടൻ
കാലേ വിശുദ്ധമാം ശബ്ദത്താലേ ഭംഗിയിലോതിനാൻ. 170

ഉത്തങ്കൻ പറഞ്ഞു

ഒന്നു ചെയ്യേണ്ടളവു മറ്റൊന്നു മന്നവസത്തമ!
എന്തങ്ങു ബാലനെപ്പോലെ ഹന്ത ചെയ്വതു സൽപതേ! 171

സൂതൻ പറഞ്ഞു

എന്നാ ദ്വിജൻ ചൊന്നനേരം മന്നവൻ ജയമേജയൻ
മുറയ്ക്കു വിപ്രനെപ്പൂജിച്ചിരുത്തീട്ടോതിയുത്തരം. 172

ജനമേജയൻ പറഞ്ഞു

ഇക്കണ്ട നാട്ടാർകളെ ഞാൻ ഭരിച്ചീ-
സ്വക്ഷത്രധൎമ്മത്തെ നടത്തീടുന്നേൻ;
എന്തൊന്നു ഞാൻ ചെയ്യണമെന്നു ചൊല്ലു-
കെന്തിന്നുവേണ്ടീട്ടെഴുനെള്ളിയിപ്പോൾ? 173
[ 148 ] താൾ:Bhashabharatham Vol1.pdf/73