Jump to content

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 4 : ജ്യോതിഷം ക്രിസ്തുമതത്തിലും ഇസ്ലാമിലും

[ 98 ]

ക്രി.വ.മൂന്നാം നൂറ്റാണ്ടിൽ ഓറേലിയൻ ചക്രവർത്തി റോമിൽ സൂര്യാരാധന നടപ്പിലാക്കി. 'അജയ്യനായ സൂര്യന്റെ ഭൂമിയിലെ സ്ഥാനപതിയായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. ബെൽഗ്രേഡിലെ സൂര്യക്ഷേത്രത്തിലെ പുരോഹിതയുടെ മകനായാണ് ഓറേലിയൻ ജനിച്ചത്. റോമിൽ അദ്ദേഹം ഒരു സൂര്യക്ഷേത്രം നിർമ്മിക്കുകയും സൂര്യനെ ചിത്രീകരിക്കുന്ന നാണയങ്ങൾ അടിച്ചിറക്കുകയും ചെയ്തു. ഓറേലിയന്റെ പിൻഗാമികളായ ഡയോക്ലിഷ്യനും (ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ കുപ്രസിദ്ധൻ) മാക്സൻ തിയൂസും സൂര്യാരാധകർ തന്നെയായിരുന്നു.'

അധ്യായം 4
ജ്യോതിഷം ക്രിസ്തുമതത്തിലും ഇസ്ലാമിലും


4.1 ക്രിസ്തുമതത്തിൽ ജ്യോതിഷത്തിന്റെ സ്വാധീനം

യഹൂദനാട്ടിൽ പിറന്ന്, റോമിൽ യാതനകൾ അനുഭവിച്ച് വളർന്ന്, യൂറോപ്പിലാകെ പടർന്ന ക്രിസ്തുമതത്തെ ആദ്യകാലത്ത് ആകാശം സ്വാധീനിച്ചത് ദൈവത്തിന്റ ഇരിപ്പടം എന്ന നിലയ്ക്കു മാത്രമാണ് . ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും അതിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. റോമിലെ ജൂതച്ചാളകളിൽ, പത്രോസിന്റ നേതൃത്വത്തിൽ, ദരിദ്രരുടെ ഒരു പ്രസ്ഥാനവും മോചനത്തിന്റെ മാർഗവുമായാണ് ക്രിസ്തുമതത്തിന്റെ തുടക്കം. 'പരിശുദ്ധ ത്രിത്വ' ( Holy Trinity)മല്ലാതെ മറ്റൊരു ദൈവവും അവർക്കില്ല. മോചകനായ ക്രിസ്തുവിനു വേണ്ടി അവർ എന്തും സഹിക്കും.

റോമക്കാർക്കു് ക്രിസ്ത്യാനികളോട് പുച്ഛമായിരുന്നു. ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോൽ ധരിപ്പിച്ച ശേഷം വേട്ടനായ്ക്കളെ വിട്ട് കടിച്ചുകീറിക്കുക, അതായിരുന്നു നീറോ ചക്രവർത്തിയുടെ ഒരു വലിയ വിനോദം.

ക്രിസ്തുവർഷം 64 ജൂലൈ 19ന് റോമാനഗരം കത്തിയെരിഞ്ഞു. നീറോ ദൂരെ ആൻസിയോ എന്ന തീരദേശ സുഖവാസകേന്ദ്രത്തിൽ വിശ്രമത്തിലായിരുന്നു. രാജ്ഞിയും കൊട്ടാരവിദൂഷകനും ആയിരുന്നു എല്ലാറ്റിന്റെയും സൂത്രധാരകർ എന്നു കരുതപ്പെടുന്നു. ഒരാഴ്ച കത്തിയെരിഞ്ഞ തീ അണഞ്ഞപ്പോൾ കുറ്റം ക്രിസ്ത്യാനികളുടെ മേൽ ആരോപിക്കപ്പെട്ടു. ശിക്ഷ കടുത്തതായിരുന്നു. ക്വിന്റിലിയൻ പുൽപരപ്പിൽ തീർത്ത 'സർക്കസി'ൽ ആയിരക്കണക്കിനു ക്രിസ്ത്യാനികളെ - സ്ത്രീകളെയും കുഞ്ഞു [ 99 ] ങ്ങളെയും ഉൾപ്പെടെ- കുരിശിലേറ്റി പത്രോസിനെ ഏകാന്തത്തടവിലാക്കി. ഒടുവിൽ, അദ്ദേഹത്തിന്റെ തന്നെ ആഗ്രഹപ്രകാരം, തലകീഴായി കുരിശിൽ തറച്ചുകൊന്നു. പക്ഷേ, ഇത്തരം പീഡനങ്ങൾക്കൊന്നും ക്രിസ്തീയ വിശ്വാസത്തിന്റെ വളർച്ച തടയാനായില്ല. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കാര്യങ്ങളൊക്കെ മാറി. അന്നത്തെ റോമാചക്രവർത്തിയായിരുന്ന മാക്സൻ തീയുസിന്റെ ഏറെ വലിയ സൈന്യത്തെ 312 ഒക്ടോബർ 27-ആം തിയ്യതി കോൺസ്റ്റാന്റൈൻ എന്ന ഒരു പോരാളിയുടെ ചെറു സൈന്യം തോല്പിച്ചു. അയാളുടെ പതാകയിലും സൈനികരുടെ പരിചയിലും ‌ എന്ന അടയാളമുണ്ടായിരുന്നു. ഗ്രീക്കുഭാഷയിൽ Χριστοζ (ക്രിസ്തോസ്-ക്രിസ്തു) എന്നതിന്റെ സൂചകമായിരുന്നു അത്. മാക്സൻ തിയൂസ് നദികടന്നു രക്ഷപ്പെടാനുള്ള ശ്രമത്തിൽ ടൈബർ നദിയിൽ മുങ്ങി മരിച്ചു. കോൺസ്റ്റാന്റൈൻ റോമിലെ ചക്രവർത്തിയായി.

മാക്സൻ‌തിയൂസിനെ പരാജയപ്പെടുത്താൻ കോൺസ്റ്റാന്റൈൻ ‘അജയ്യനായ സൂര്യനു’(Sol Invictus) പകരം ‘അജയ്യനായ ക്രിസ്തു’ എന്ന പ്രതീകം ഉപയോഗിക്കുകയാണു പെയ്തത്. അതിലപ്പുറം ക്രിസ്തീയമൂല്യങ്ങളോടോ വിശ്വാസങ്ങളോടോ ഒരു കൂറും അയാൾക്കുണ്ടായിരുന്നില്ല. പിൽക്കാലത്തെ പല പോപ്പുമാരുടെ നിലപാടും ഇതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല.

ക്രി. വ 361-ൽ അധികാരത്തിൽ വന്ന ജൂലിയൻ ചക്രവർത്തി സൂര്യാരാധന തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും പേർഷ്യയിൽ‌വെച്ച് യുദ്ധത്തിൽ മരണമടഞ്ഞതുമൂലം അതു നടക്കാതെപോയി. അങ്ങനെ ക്രിസ്തു അജയ്യനായി തന്നെ തുടർന്നു

കോൺസ്റ്റാന്റൈൻ യഥാർഥത്തിൽ ക്രിസ്തീയ വിശ്വാസിയൊന്നുമായിരുന്നില്ല. സോൾ(Sol)എന്ന സൂര്യദേവന്റെ ആരാധകനായിരുന്നു. ഒരു നാൾ സോളിന്റെ ലോഹപ്രതിമയ്ക്കുമുമ്പിൽ പ്രാർഥിച്ചുകൊണ്ടിരുന്ന അയാൾ ഒരു മായക്കാഴ്ച കണ്ടത്രെ. സൂര്യബിംബത്തിൽ നിന്നും കറുത്ത രശ്മികൾ പുറത്തേക്കു വരുന്നു. ഒപ്പം ആരോ ചെവിയിൽ ‘ക്രിസ്തോസ്’ എന്നു മന്ത്രിക്കുകയും ചെയ്തു. ‘‌‌‘ ഈ അടയാളത്തിൽ നീ വിജയിയാകും’ എന്ന ശബ്ദം ഏതോ ലോകത്തുനിന്നും വരുമ്പോലെ അയാൾക്കു തോന്നി (അന്നു ക്രിസ്ത്യാനികൾ കുരിശിനെ ആരാധിച്ചുതുടങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ‌‌ അടയാളം പ്രത്യക്ഷപ്പെട്ടത്).

യഥാർഥത്തിൽ കോൺസ്റ്റാന്റൈൻ സൂത്രശാലിയും ക്രൂരനുമായ ഒരു പോരാളിയായിരുന്നു. വളർന്നുവരുന്ന ക്രൈസ്തവശക്തിയെ അയാൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തി. അവരുടെ ഏകദൈവത്തിലോ അഹിംസയിലോ ത്യാഗത്തിലോ അയാൾക്കു വിശ്വാസമുണ്ടായിരുന്നില്ല. അയാൾ തുടർന്നും സൂര്യാരാധന നടത്തിപ്പോന്നു. ഒപ്പം ക്രിസ്തുമതത്തിന്റെ പ്രചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പോപ്പ് സിൽ‌വസ്റ്റർ സ്ഥാനാരോഹണം ചെയ്തതോടെ അധികാരവും വിശ്വാസവും ചേർന്ന് ഒരു വലിയ കൂട്ടുകച്ചവടം ഉരുത്തിരിഞ്ഞു. പള്ളിയുടെ വളർച്ചയ്ക്ക് പോപ്പിന് ചക്രവർത്തിയെ വേണമായിരുന്നു. ചക്രവർത്തിക്ക് തന്റെ എല്ലാ ക്രൂരതകൾക്കും പള്ളിയുടെ തണലും വേണ്ടിയിരുന്നു. കോൺസ്റ്റാന്റൈൻ രണ്ടു വിവാഹം കഴിച്ചു. 326-ൽ ആദ്യഭാര്യയിലെ മകനെ കൊലചെയ്തു. പിന്നെ രണ്ടാം ഭാര്യയെ കുളിമുറിയിൽ മുക്കിക്കൊന്നു. അതിനുശേഷം 11 വയസ്സുള്ള മരുമകനെ വധിച്ചു. ഭാര്യാ സഹോ [ 100 ] ദരനെ വധിച്ചു ഇതിനെല്ലാം നേരേ പള്ളി കണ്ണടച്ചു.

റോമൻ സൈനികരുടെ ഇടയിൽ ഏറെ പ്രചാരത്തിലിരുന്ന മതം മിത്രായിസം ആയിരുന്നു. പേർഷ്യക്കാരുടെ 'പ്രകാശത്തിന്റെ ദേവൻ' ആയിരുന്നു മിത്രാസ്. സൊറാസ്ട്രിയൻ മതത്തിൽ നിന്ന് രൂപമെടുത്ത ഈ വിശ്വാസം അനുസരിച്ച് അഹുര-മസ്ദാ എന്ന പരമശക്തനായ ആകാശദൈവത്തിന്റെ കണ്ണാണ് മിത്രാസ്. യഥാർഥത്തിൽ സൂര്യന്റെ പ്രതിരൂപം തന്നെയായിരുന്നു അതും. ക്രിസ്തുമതവും മിത്രായിസവും തമ്മിൽ ചില കാര്യങ്ങളിൽ സാധർമ്യമുണ്ടായിരുന്നു. രണ്ടും ആത്മാവിന്റെ മുക്തിയിലും നിത്യജീവനിലും വിശ്വസിച്ചു. പീ‍‍ഡാനുഭങ്ങളും സഹനവും സദാചാരവും നിത്യ ജീവിതത്തിലേക്കുള്ള വഴിയായും അംഗീകരിച്ചു. മിത്രായിസത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള മാറ്റം ഇതുമൂലം എളുപ്പമായിരുന്നു. ക്രിസ്തു മതത്തിൽ ജ്യോതിഷ വിശ്വാസം സന്നിവേശിപ്പിക്കുന്നതിലും മിത്രായിസത്തിനു പങ്കുണ്ട്. മിത്രായിസത്തിൽ ആകാശകഥകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാള (ഇടവം) അന്ത്യമാസത്തെയാണ് പ്രതിനിധീകരിച്ചത്. കൂർമ്പൻ തൊപ്പി ധരിച്ച മിത്രാസ് കാളയുടെ കഴുത്തറുക്കുന്നതും, കാളയുടെ മുൻ‌പാദത്തെ സർപ്പം (സെർപ്പന്റ്) കൊത്തുന്നതും കഴുത്തിനു നേരെ ഭീകരനായ നായ (സിറിയസ്) ചാടിവീഴുന്നതും ലിംഗത്തെ തേൾ (വൃശ്ചികം) കുത്തുന്നതും എല്ലാം അവരുടെ ചിത്രങ്ങളിൽ കാണാം.

അധികാരം ക്രിസ്തുമതവിശ്വാസത്തിന്റെ ആത്മാവ് ചോർത്തിക്കളഞ്ഞു എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. പിന്നെ അന്ധവിശ്വാസങ്ങൾക്ക് കടന്നുവരാൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

യഹൂദരുടെയും ക്രിസ്ത്യാനികളുടെയും സ്വർഗം പണ്ടേ ആകാശത്തിലാണ്. സെന്റ് ജോണിന്റെ വെളിപാടുകൾ നിറയെ നക്ഷത്രലോകവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ കാണാം. ക്രിസ്തു ‘ലോകത്തിന്റെ വെളിച്ച‘മാണ്, ക്രിസ്തുശിഷ്യന്മാരുടെ എണ്ണം രാശികളുടെ എണ്ണത്തിനു തുല്യമായത് തികച്ചും അർത്ഥഗർഭമാണ് എന്നുവരെ ചില ക്രിസ്തീയ പണ്ഡിതർ വാദിച്ചു. എട്ടാം നൂറ്റാണ്ടിൽ രാശികൾക്ക് ക്രിസ്തുശിഷ്യന്മാരുടെ പേരു നൽ‌കാൻ ഒരു ശ്രമം നടന്നു. ജ്യോതിഷികൾ താൽ‌പര്യമെടുക്കാഞ്ഞതു മൂലം വിജയിച്ചില്ല. അതുപോലെ സപ്തർഷികളെ പത്രോസിന്റെ തോണി ആയും (അദ്ദേഹം മീൻ‌പിടുത്തക്കാരൻ ആയിരുന്നല്ലോ) ആൻഡ്രോമിഡ ഗണത്തെ സെന്റ് സെപൾച്ചർ ആയും പുനർനാമകരണം ചെയ്യാനുള്ള ഉദ്യമവും വേണ്ടത്ര ഫലവത്തായില്ല.

ബൈബിൾകഥകളുടെ വ്യാഖ്യാനത്തിൽ ആകാശം നല്ല പങ്കു വഹിച്ചു. സ്നാപകയോഹന്നാന്റെ ശിഷ്യഗണത്തിന്റെ എണ്ണം 29 ½ എന്നാക്കി വ്യാഖ്യാനിക്കാൻ ശ്രമിച്ചത് അത് ചന്ദ്രമാസദിനങ്ങൾക്കു തുല്യമാക്കാനായിരുന്നു. അതിനായി അദ്ദേഹത്തിന്റെ ഏക ശിഷ്യയെ അരശിഷ്യനു തുല്യമാക്കി. വിണ്ണിന്റെ രാജ്ഞിയും വിളകളുടെ ദേവതയുമായി പണ്ടേ ആരാധിച്ചുപോന്ന കന്നിരാശി (കന്യക) യിൽ യേശുമാതാവായ കന്യാമറിയത്തെ കാണുക ഏളുപ്പമായിരുന്നു.

കോൺസ്റ്റാന്റൈൻ ചക്രവർത്തി തന്റെ അങ്കവസ്ത്രത്തിൽ 12 രാശി ചിഹ്നങ്ങളും തുന്നിച്ചേർത്തിരുന്നതായും തന്റെ പുതിയ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിന്റെ ജാതകം കാൽ‌ദിയയിൽ നിന്നുള്ള ഒരു വിദഗ്ധജ്യോത്സ്യനെക്കൊണ്ട് കുറിപ്പിച്ചതായും രേഖകൾ പറയുന്നു.

പക്ഷേ, കാൽദിയൻ മായാജാലത്തിന് പള്ളി നേതൃത്വം പൂർണ്ണമായും കീഴടങ്ങി എന്ന് ഇതിനർത്ഥമില്ല. സമാദരണീയനായിരുന്ന ഫാ.ഓറിഗൺ ‘ആകാശത്തിൽ അടയാളങ്ങൾ’ ഉണ്ടെന്ന് സമ്മതിച്ചപ്പോൾത്തന്നെ ‘അതു മാലാഖമാർക്കേ വായിക്കാൻ കഴിയൂ’ എന്നു വാദിച്ചു. ഫാ. ടെർട്ടൂലിയൻ ആകട്ടെ ക്രിസ്തുവിന്റെ ആഗമനം വരെ മാത്രമേ ആകാശത്തിലെ അടയാളങ്ങൾക്ക് അർത്ഥമുണ്ടായിരുന്നുള്ളൂ എന്നും ക്രിസ്തുവിലൂടെ മനുഷ്യൻ ‘നക്ഷത്രങ്ങളുടെ ദാസൻ’ എന്നതിൽ നിന്ന് ‘നക്ഷത്രങ്ങളുടെ [ 101 ] അധിപൻ" ആയി മാറിക്കഴിഞ്ഞു എന്നും വാദിച്ചു. ജ്യോത്സ്യം ഒരുതരം ബിംബാരാധനയും തന്മൂലം അക്രിസ്തീയവും ആയി അദ്ദേഹം പ്രഖ്യാപിച്ചു.

ക്രിസ്തീയ മതനേതാക്കളിൽ സെന്റ് അഗസ്റ്റിൻ, ടെർ ടുലിയൻ, ഹിപ്പോലിറ്റസ് തുടങ്ങിയവർ ഗ്രഹങ്ങൾ മനുഷ്യനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കാൻ കൂട്ടാക്കാത്തവരായിരുന്നു അവർ പറഞ്ഞു; "എല്ലാ കുഴപ്പങ്ങളും സാത്താന്റെ സൃഷ്ടിയാണ് . ദൈവത്തിന്റെ സൃഷ്ടിയായ ഗ്രഹങ്ങൾ ഒരിക്കലും മനുഷ്യനു ദോഷം വരുത്തില്ല. സാത്താൻ രോഗങ്ങളും ദുസ്വപ്നങ്ങളും വിഭ്രാന്തികളുംവഴി മനുഷ്യനെ അടിമകളാക്കുന്നു. ചന്ദ്രനാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്നു വരുത്തി ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വത്തെ ഇടിച്ചു താഴ്ത്താൻ അവൻ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ച് ഓരോരോ സ്വാധീനങ്ങൾ പ്രകടമാക്കുകയാണ്." അതായത്, ജ്യോതിഷം പ്രവചിക്കുന്ന സ്വാധീനങ്ങളെ അംഗീകരിക്കുകയും പക്ഷെ, അതിനുള്ള കാരണം സാത്താനാണെന്നു പറയുകയുമാണവർ ചെയ്തത്. സ്വാഭാവികമായും ജ്യോതിഷത്തെ പ്രതിരോധിക്കാൻ അതുകൊണ്ട് കഴിഞ്ഞില്ല.

പക്ഷേ, ഇതൊന്നും അപ്പടി സ്വീകരിക്കാൻ എല്ലാ ക്രിസ്ത്യാനികളും തയ്യാറായില്ല. "സ്രഷ്ടാവ് ആകാശത്ത് നക്ഷത്രങ്ങളെ അടയാളമാക്കി നിർത്തിയിരിക്കുന്നു" എന്ന് പഴയ നിയമത്തിലില്ലേ എന്ന് പലരും ചോദിച്ചു.

പള്ളി അനുവദിച്ചാലും ഇല്ലെങ്കിലും രാശികൾക്ക് ഗൂഢാർഥങ്ങളുണ്ടെന്നും ധൂമകേതുക്കൾ വിനാശസൂചകമാണെന്നും രോഗചികിത്സയ്ക്കായി പച്ചമരുന്നുകൾ പറിക്കുമ്പോൾ ചന്ദ്രന്റെ വൃദ്ധിക്ഷയാവസ്ഥകൾ പരിഗണിച്ചില്ലെങ്കിൽ ഫലമുണ്ടാകില്ലെന്നും ഒക്കെ വിശ്വസിക്കാത്ത ക്രിസ്ത്യാനികൾ അന്നു ചുരുക്കമായിരുന്നു. ഒടുവിൽ സെന്റ് അഗസ്റ്റിൻ ഒരു സമവായം കണ്ടെത്തി: "നക്ഷത്രങ്ങൾ പ്രകൃതിയെ സ്വാധീനിക്കും, പക്ഷെ മനുഷ്യനെ സ്വാധീനിക്കില്ല; കാരണം അങ്ങനെ സ്വാധീനിച്ചാൽ അത് സർവശക്തനായ ദൈവം" എന്ന ആശയത്തിനും മനുഷ്യന്റെ "സ്വതന്ത്രേച്ഛ"യ്ക്കും (free will) വിരുദ്ധമാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും കാര്യങ്ങൾ തീരുമാനിച്ചാൽ പിന്നെ ദൈവം എങ്ങനെ സർവശക്തനാകും? മനുഷ്യന് സ്വതന്ത്രേച്ഛ ഇല്ലെങ്കിൽ, അവൻ വിധിയുടെ കളിപ്പാട്ടമാണെങ്കിൽ, താൻ ചെയ്യുന്ന പ്രവൃത്തികളുടെ ഫലങ്ങൾക്ക് അവൻ എങ്ങനെ ഉത്തരവാദിയാകും? അങ്ങനെ വന്നാൽ പാപവും നരകവും അർഥഹീനമാകും, പ്രാർഥന വ്യർഥമാകും. ഇതു പിന്നീട് പള്ളിയുടെ ഔദ്യോഗികനിലപാടായി അംഗീകരിക്കപ്പെട്ടു. കാലാവസ്ഥ ഗ്രഹിക്കാനും അപകടസൂചനകൾ (ധൂമകേതുവിന്റെ വരവ്, ഗ്രഹണം മുതലായ) വായിക്കാനും വാനനിരീക്ഷണമാകാം. പക്ഷെ ജാതകവും ഫലപ്രവചനവും പാടില്ല.

കാൽദിയൻ മായാജാലത്തെ ഒട്ടൊന്നടക്കി നിർത്താൻ ഇതുകൊണ്ട് കഴിഞ്ഞു. പക്ഷേ, മധ്യകാലമായപ്പോഴേക്കും ജ്യോതിഷം പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവന്നു. 1108-ൽ യോർക്കിലെ ആർച്ച് ബിഷപ്പിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ അനുവദിക്കപ്പെട്ടില്ല; കാരണം അദ്ദേഹത്തിന്റെ തലയണക്കീഴിൽനിന്ന് ഒരു ജ്യോതിഷഗ്രന്ഥം കണ്ടെടുത്തിരുന്നു. എന്നാൽ 1109-ൽ ബാത്തിലെ പിതാവ് അഡലാർഡ് ജ്യോതിഷത്തെ ഭൂതം-ഭാവി-വർത്തമാനങ്ങളുടെ ശാസ്ത്രമായി അംഗീകരിച്ചു. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും ക്രമേണ ജ്യോതിഷം കൈയടക്കി. ശരീരത്തിലെ ഓരോ അവയവത്തിനും രോഗം വന്നാൽ ചികിത്സിക്കാൻ ആ അവയവത്തിന്റെ കാരകഗ്രഹത്തിന്റെ സ്ഥിതി നോക്കണം എന്നും വന്നു. രാഷ്ട്രീയ ഉട [ 102 ] മ്പടി ഒപ്പിടാനും യുദ്ധം തുടങ്ങാനും യാത്ര പുറപ്പെടാനും തറക്കല്ലിടാനും എന്തിന്, കുളിക്കാൻ പോലും (യൂറോപ്പിൽ അന്ന് എല്ലാ ദിവസവും കുളിക്കുന്ന സമ്പ്രദായമില്ല) പ്രമാണിമാർ ഗ്രഹനിലയും മുഹൂർത്തവും നോക്കുമെന്ന് വന്നു. ഒടുവിൽ പോപ്പും അതിനു വിധേയനായി. പോപ്പ് ലിയോ പത്താമൻ റോമാ സർവകലാശാലയിൽ ജ്യോതിഷ പഠനത്തിന് പ്രൊഫസർഷിപ്പ് ഏർപ്പെടുത്തി. പോപ്പ് ജൂലിയസ് രണ്ടാമന്റെ സ്ഥാനാരോഹണച്ചടങ്ങിന്റെ (വർഷം 1503) ദിവസം തീരുമാനിച്ചത് ജ്യോത്സ്യനായിരുന്നു. പോൾ നാലാമന്റെ കാലത്ത് സഭാപിതാക്കന്മാരുടെ വാർഷിക കൂടിച്ചേരലിന്റെ ദിവസങ്ങൾ പോലും ജ്യോത്സ്യന്മാരാണ് തീരുമാനിച്ചത്.

നാടകകൃത്തും രാഷ്ട്രതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു സെനാക (ക്രി.മു. 3 - ക്രി.വ. 65) വലിയ ജ്യോതിഷ വിശ്വാസിയായിരുന്നു. കാൽദിയൻ ജ്യോത്സ്യന്മാർക്ക് തെറ്റു പറ്റുന്നെങ്കിൽ അത് എല്ലാ നക്ഷത്രങ്ങളെയും പരിഗണിക്കാത്തതുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. "നക്ഷത്രങ്ങൾ അതിവിദൂരത്താണെന്നതു നേരു തന്നെ. പക്ഷെ അവ വെറുതെ നിന്നു തിളങ്ങുന്നതാവാൻ വഴിയില്ല. നമുക്കു മേൽ അവയ്ക്കു സ്വാധീനമില്ലാതെ വരില്ല" എന്നദ്ദേഹം പ്രഖ്യാപിച്ചു.

പേരുകേട്ട പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന സിസറോ (ക്രി.മു. 106-43) രണ്ടു സ്വരത്തിൽ സംസാരിക്കുന്നതു കാണാം. ചൊവ്വയെ ചുവന്ന ഭീകരനെന്നും വ്യാഴത്തെ ശുഭകരനെന്നും 'സിപ്പിയോയുടെ സ്വപ്നം' എന്ന കൃതിയിൽ പരാമർശിക്കുന്ന സിസറോ തന്നെ മറ്റൊരിടത്ത് 'അനന്തദൂരത്തുള്ള ഗ്രഹങ്ങളിൽ നിന്ന് എന്ത് മാരണമാണ് നമ്മളിൽ എത്താൻ കഴിയുക' എന്നും ചോദിക്കുന്നു. യുക്തിയുടെ ആചാര്യനായിരുന്ന സിസറോയെപ്പോലും ചഞ്ചലനാക്കും വിധം ജ്യോതിഷം റോമിൽ ആധിപത്യം സ്ഥാപിച്ചിരുന്നു എന്നാണിതു സൂചിപ്പിക്കുന്നത്.

പ്ലിനി - ആദ്യത്തെ വിജ്ഞാനകോശത്തിന്റെ കർത്താവ്

ഹിസ്റ്റോറിയാ നാച്വറാലിസ് - മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ വിജ്ഞാനകോശമായി പലരും കരുതുന്നത് ഈ കൃതിയെയാണ്. അതിന്റെ കർത്താവാണ് പ്ലിനി എന്നറിയപ്പെടുന്ന ഗയൂസ് പ്ലിനിയസ് സെക്കുണ്ടുസ് (ക്രിസ്തുവർഷം 79).

വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. റോമിലെ ഭരണസംവിധാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുമ്പോൾ തന്നെ ഒഴിവുസമയം മുഴുവനും (പ്രഭാതങ്ങളും വൈകുന്നേരങ്ങളുമെല്ലാം) സാഹിത്യസംബന്ധമായ കാര്യങ്ങൾക്കു നീക്കിവെച്ചു. ഒരു നിമിഷവും വെറുതെ കളയരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് എല്ലായ്പ്പോഴും സെക്രട്ടറിയെ ഒപ്പം കൂട്ടും. പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുക, താൻ പറയുന്ന നിരീക്ഷണങ്ങൾ കുറിച്ചെടുക്കുക ഇതൊക്കെയായിരുന്നു അയാളുടെ ജോലി. ഔദ്യോഗിക യാത്രകൾ, ഭക്ഷണസമയം, കുളിക്കുന്ന സമയം ഇതൊന്നും പ്ലിനി പാഴാക്കിയില്ല. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20,000 ത്തോളം വിവരങ്ങൾ കുറിച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തം നിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വാള്യങ്ങളുള്ള ഒരു ബൃഹത്ഗ്രന്ഥം അദ്ദേഹം രചിച്ചു. അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന

ഗ്രഹയോഗങ്ങൾ ക്രിസ്തീയ ലോകത്തെയും വിറകൊള്ളിച്ചതിന്റെ കഥകൾ ധാരാളമാണ്. 1186-ൽ ഏഴു ഗ്രഹങ്ങൾ ഒരേ രാശിയിൽ സംഗമിക്കുമെന്നും തുടർന്ന് അതിഭയങ്കരമായ കൊടുങ്കാറ്റുണ്ടാകുമെന്നും പ്രവചനമുണ്ടായി. യൂറോപ്പിൽ പലയിടങ്ങളിലും ഭൂഗർഭഷെൽട്ടറുകൾ നിർമിക്കപ്പെട്ടു. ബൈസാന്റ്യൻ ചക്രവർത്തി കൊട്ടാരത്തിലെ ജനലുകൾ പലകയടിച്ചുറപ്പിച്ചു. കാന്റർബറി ബിഷപ്പ് മൂന്നുദിവസത്തെ ഉപവാസത്തിന് ഉത്തരവിട്ടു. പക്ഷേ, അന്നേ ദിവസം ഒരിലപോലും അനങ്ങിയില്ല. രസി [ 103 ] കനായ ഒരു പാതിരി'യോർക്ക് കോണിക്കിളിൽ' ഇപ്രകാരം രേഖപ്പെടുത്തി; പ്രസംഗപീഠത്തിൽ നിന്ന് തിരുമേനി വിട്ട (കീഴ്)വായുവല്ലാതെ ഒരുകാറ്റും വീശിയില്ല."

രണ്ടാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന പ്രശസ്ത ഭിഷഗ്വരനും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായിരുന്ന ഗാലൻ പറയുന്നു: ചന്ദ്രൻ അരിവാൾ പോലിരിക്കുന്ന കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾ ദുർബലരും ഹ്രസ്വായുസ്സുകളും ആയിരിക്കും. പൌർണ്ണമി നാളിലാണ് ജനിക്കുന്നതെങ്കിൽ ദൃഡശരീരികളും ദീർഘായുസ്സുകളും ആസക്തി കൂടിയവരും ആയിരിക്കും.

മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറാലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

ഭൂമിയിലെ കാര്യങ്ങളാണ് മുഖ്യമായും പ്ലിനി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നതെങ്കിലും ജ്യോതിശാസ്ത്രസംബന്ധിയായ നിരവധി കാര്യങ്ങളും അതിലുണ്ട്. ഭൂമി ഉരുണ്ടതാണെന്ന ഉറച്ച വിശ്വാസം അതിൽ കാണാം. ദൂരെനിന്ന് അടുത്തേക്കുവരുന്ന കപ്പലുകളെ നോക്കിയാൽ ഇതു മനസ്സിലാക്കാം എന്നു പ്ലിനി പറയുന്നുണ്ട്. മറ്റൊരു തെളിവുകൂടി അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു സൂര്യഘടികാരം അത് ഉപയോഗിക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററിലധികം തെക്കോട്ടോ വടക്കോട്ടോ കൊണ്ടുപോയാൽ ശരിയായ സമയം കാണിക്കാതാകും. പിന്നെ ശരിയായ സമയം കാണിക്കണമെങ്കിൽ അതിന്റെ സൂചി (style)യുടെ ചരിവു മാറ്റണം. ഭൂമി ഉരുണ്ടതല്ലെങ്കിൽ ഇതു വേണ്ടിവരുമായിരുന്നില്ല.

ഇതുപോലെ ചന്ദ്രഗ്രഹണം തുടങ്ങുന്ന സമയം എല്ലായിടത്തും ഒന്നല്ല എന്നും പ്ലിനിയുടെ നിരീക്ഷണങ്ങൾ കണ്ടെത്തി. 320 കിലോമീറ്റർ പടിഞ്ഞാറു മാറി നിൽക്കുന്ന ഒരാൾ കാൽ മണിക്കൂർ കഴിഞ്ഞേ ഗ്രഹണം കണ്ടുതുടങ്ങൂ. ഇതൊന്നും എല്ലാവർക്കും മനസ്സിലാവില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നു. “ജനം ചോദിക്കും. ഭൂമിയുടെ മറുവശത്തു നിൽക്കുന്നവർ എന്തുകൊണ്ട് വീണു പോകുന്നില്ല. മറുവശത്തുള്ളവർ നമ്മെക്കുറിച്ചും ഇതേ ചോദ്യം ചോദിക്കുമെന്ന കാര്യം അവർ ആലോചിക്കുന്നില്ല."

പിന്നെ കുറേക്കാലത്തേക്ക് പ്രവചനങ്ങൾ ഉണ്ടായില്ല. ജനങ്ങൾ മറന്നുതുടങ്ങിയപ്പോൾ വീണ്ടും വന്നു പ്രവചനങ്ങൾ. 1339ലും 1395ലും 1451ലും ജ്യോത്സ്യന്മാർ നൽകിയ ആപത് സൂചനകൾ ഫലിക്കാതെ പോയി. ഒടുവിൽ 1524 ഫെബ്രുവരി 2ന് വൻ പ്രളയമുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനം വന്നു. അന്ന് 'ക്രിസ്തീയസഭയുടെ രാശി'യായ മീനത്തിൽ ശുക്രനും വ്യാഴവും ശനിയും ഒന്നിച്ചുവരുന്നു എന്നതായിരുന്നു നിമിത്തം. പ്രളയത്തോടൊപ്പം ആകാശത്തു നിന്ന് അഗ്നിയും ധൂമകേതുക്കളും കല്ലുകളും വർഷിക്കും എന്നായിരുന്നു പ്രവചനം. പള്ളികളിൽ കൂട്ട പ്രാർഥനകൾ നടന്നു. ഇനി ഭൂമിയെ പ്രളയത്തിൽ നശിപ്പിക്കില്ല എന്ന യഹോവ നോഹയ്ക്ക് നൽകിയ വാഗ്ദാനം പോലും ക്രിസ്ത്യാനികൾ മറന്നു. ടുളുസ് നഗരവാസികൾ ഒന്നിച്ച് ഒരു വലിയ പെട്ടകം പണിയുകയും അതിൽ കയറിപ്പറ്റുകയും പെയ്തു. പക്ഷേ, അന്നും ഗ്രഹങ്ങൾ ഒരുപദ്രവവും വരുത്തിയില്ല. ടൂളുസിൽ ഒരു ചാറ്റൽമഴ മാത്രമുണ്ടായി

ഗ്രഹസംഗമം പോലെ യൂറോപ്യരെ പേടിപ്പിച്ച ഒന്നായിരുന്നു [ 104 ] ധൂമകേതുക്കളുടെ ആഗമനം. പ്രശസ്ത റോമൻ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി (ക്രിമു.23-79) 12 തരം ധൂമകേതുക്കളെക്കുറിച്ച് പറയുന്നുണ്ട്: പരന്നത്, കുന്തത്തിന്റെ ആകൃതിയുള്ളത്,വാൾ പോലുള്ളത് ... എന്നിങ്ങനെ പോകുന്നു രൂപവിശേഷങ്ങൾ. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത്, ക്രി.വ. 64-ൽ, ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടു. പലരും സന്തോഷിച്ചു.ഹാവു! നീറോ കൊല്ലപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. പക്ഷേ ക്രൂരനും വക്രബുദ്ധിയുമായ നീറോ, തനിക്കെതിരെ തിരിയാൻ സാധ്യതയുള്ള മുഴുവൻ പ്രമുഖരെയും വകവരുത്തിക്കൊണ്ട് ആപത്തൊഴിവാക്കി. ധൂമകേതുവല്ല, അന്ധവിശ്വാസമാണ് ചോരപ്പുഴ ഒഴുക്കിയത് എന്നുസാരം.

റോമിലെ ഉന്നതന്മാർക്കെല്ലാം സ്വന്തം ജ്യോത്സ്യന്മാർ ഉണ്ടായിരുന്നു (ഇപ്പോൾ പല നേതാക്കന്മാർക്കും ഉള്ളതു പോലെ). കാൽദിയന്മാർ എന്നാണവർ അറിയപ്പെട്ടത്.റോമിലെ ചക്രവർത്തിയാകും മുമ്പ് ടൈബീരിയസ് കുറേക്കാലം പൊതുജീവിതം ഉപേക്ഷിച്ച് റോസസ് ദ്വീപിൽ വിശ്രമജീവിതം നയിക്കുകയുണ്ടായി (ക്രി.വ 6). അന്നദ്ദേഹം ഏറെ താൽപര്യത്തോടെ പഠിച്ചത് ജ്യോതിഷമാണ്. പിന്നീട് ചക്രവർത്തിപദം കൈവന്നപ്പോൾ കാപ്രി ദ്വീപിൽ ഒരു വിശ്രമമന്ദിരം പണിതു - കടൽത്തീരത്ത് ചെങ്കുത്തായ ഒരു പാറയുടെ ഉച്ചിയിൽ. ഇടുങ്ങിയ ഒരു പാതയിലൂടെ വേണം അങ്ങോട്ടു കയറിയെത്താൻ. തനിക്കു സംശയമുള്ള ആളുകളെ ഒഴിവാക്കാൻ ടൈബീരിയസ് പുതുമയുള്ള ഒരു മാർഗം ആവിഷ്കരിച്ചു. അവരെ വിശ്രമകേന്ദ്രത്തിലേക്ക് “സ്നേഹപൂർവം“ ക്ഷണിക്കുക. പാറയുടെ വക്കിൽ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ രാജകിങ്കരൻ പിന്നിൽ നിന്ന് ഒരു തള്ളുകൊടുക്കും. അതോടെ അയാളുടെ ശല്യം തീരും.

ഒരിക്കൽ വിശ്രമകേന്ദ്രത്തിലേക്ക് വന്നെത്തിയത് ത്രാസിലസ് എന്ന ജ്യോത്സ്യനാണ്. രാജാവിന്റെയും രാജ്യത്തിന്റെയും ഭാവിയെ സംബന്ധിച്ച തന്റെ നിഗമനങ്ങൾ അയാൾ അവതരിപ്പിച്ചു കഴി

ഗ്രിഗോറിയൻ കലണ്ടറിന്റെ ആവിർഭാവം

ജ്യോതിഷത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഋതുപരിവർത്തനങ്ങളുമായി യോജിക്കുന്ന ഒരു കലണ്ടർ നിർമിച്ചെടുക്കുകയായിരുന്നല്ലോ. സൗരരാശികളെ ആസ്പദമാക്കിയുള്ള ആദ്യത്തെ ശാസ്ത്രീയ കലണ്ടർ നിർമിച്ചത് ബാബിലോണീയരാണ്. അതിനു ശേഷവും യൂറോപ്പ് ആ രംഗത്ത് ഇരുട്ടിൽ തപ്പുകയായിരുന്നു.

ക്രി മു 8-ാം നൂറ്റാണ്ടിൽ റോമക്കാർ നിർമിച്ച ആദ്യകലണ്ടറിൽ 10 മാസമേ ഉണ്ടായിരുന്നുള്ളൂ-മാർച്ച് മുതൽ ഡിസംബർ വരെ. ദിവസം (ഡിസംബർ =പത്താം മാസം).ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം ജനുവരിയും ഫെബ്രുവരിയും വർഷാവസാനത്തോടു കൂട്ടിച്ചേർക്കുകയും പിന്നീടത് വർഷാരംഭത്തിലേക്കു മാറ്റുകയും ചെയ്തു.

ക്രി.മു 46 ൽ ജൂലിയസ് സീസർ കലണ്ടർ പരിഷ്കരിച്ചു. അന്നുവരെ ഈട്ടം കൂടിയ പിശകുകളെല്ലാം പരിഹരിക്കാൻ അധികമാസങ്ങൾ കൂട്ടിച്ചേർത്ത് ആ വർഷത്തിന് 445 ദിവസം നൽകി. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു, അമാവാസി നാളിലാകണം വർഷാരംഭം എന്ന പഴയ ആചാരം വേണ്ടെന്നു വെച്ചു. 365 ദിവസം പൂർത്തിയായാൽ വർഷാരംഭമായി; നാലു വർഷം കൂടുമ്പോൾ 366 ദിവസമുള്ള ദീർഘ വർഷമായിരിക്കും. ക്രി മു 45 മുതൽ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. ഇടവിട്ട് 30,31 ദിവസങ്ങൾ വീതമായിരുന്നു മാസങ്ങൾക്ക്. ഫെബ്രുവരിക്ക് 29ഉം. ഏഴാംമാസത്തിന്

ധൂമകേതു ഭയം ക്രിസ്ത്യാനികളെയും പിടികൂടി. ധൂമകേതുക്കളുടെ വരവിനോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനസാധാരണമായിരുന്നു. 1402-ൽ ഒരു ധൂമകേതു വന്നിട്ട് ഒരാപത്തും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് വലിയ പ്രശ്നമായി. ആളുകളുടെ പരിഭ്രാന്തി കൂടിക്കൂടി വന്നു. ഒടുവിൽ റോമിനടുത്ത് ഒരു ഗ്രാമത്തിൽ രണ്ടുതലയുള്ള ഒരു പശുക്കിടാവ് പിറന്നപ്പോൾ ആളുകൾക്ക് ആശ്വാസമായി. ഹാവൂ! എന്തെങ്കിലും ഒന്നു സംഭ [ 105 ] വിച്ചല്ലോ വെസ്റ്റ്ഫാലിയായിൽ പകർച്ചവ്യാധി പിടിപെട്ട് കുറച്ചു പൂച്ചകൾ ചാവുക കൂടി ചെയ്തപ്പോൾ ധൂമകേതു അപകടകാരി തന്നെ എന്നുറപ്പായി

ഞ്ഞപ്പോൾ ടൈബീരിയസ് ചോദിച്ചു "ഇനി താങ്കളുടെ കാര്യം പറ, താങ്കളിനി എത്രകാലം ജീവിച്ചിരിക്കും?"

ബുദ്ധിമാനായ ജ്യോത്സ്യൻ സംഗതി ഊഹിച്ചു. തന്റെ രാശിനിലയെല്ലാം പരിശോധിച്ചശേഷം അയാൾ പറഞ്ഞു " ഈ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഒരു പക്ഷേ മാരകം തന്നെയാകാം" എങ്കിൽ ആ മണിക്കൂർ പിന്നിട്ടുകഴിഞ്ഞതായി ചക്രവർത്തി അയാളെ അറിയിച്ചു. അയാളെ തന്റെ കൊട്ടാര ജ്യോത്സ്യനായി നിയമിക്കുകയും ചെയ്തു.

തന്റെ പേർ (ജൂലൈ) നൽകുകയും അതിന് 31 ദിവസം വരത്തക്കവിധം മാസങ്ങൾ ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് അധികാരത്തിൽ വന്ന അഗസ്റ്റസ് സീസർ അടുത്ത മാസത്തിന് ആഗസ്റ്റ് എന്നു പേര് നിശ്ചയിക്കുകയും അതിനും 31 ദിവസം കൽപിക്കുകയും ചെയ്തു. അങ്ങനെ ജൂലൈയും ആഗസ്റ്റും ദീർഘമാസങ്ങളായി. ഇതുമൂലം ഫെബ്രുവരിക്ക് സാധാരണ വർഷങ്ങളിൽ 28 ദിവസമായി ചുരുങ്ങി.

ഒരു സൗരവർഷത്തിന്റെ (Tropical Solar year) ശരിയായ നീളം 365.242196 ദിവസം ആണ്. അതായത് സീസർ വർഷത്തിനു കൽപിച്ച ശരാശരി നീളമായ 365.25 വർഷം അൽപം കൂടുതലാണ്; 0.007804 ദിവസം അഥവാ 11മി 14.27 സെ. കൂടുതൽ. നൂറു വർഷം കൊണ്ടിത് 0.7804 ദിവസം ആകും. ഇതു മൂലം 16-ാം നൂറ്റാണ്ട് ആയപ്പോഴേക്കും സമരാത്രദിനം 10 ദിവസം പിന്നിലേക്കു പോയിരുന്നു. പെസഹായും മറ്റും പല ഋതുക്കളിൽ മാറിമാറി വന്നത് ക്രിസ്തീയസഭയെ അലോസരപ്പെടുത്തി. റോമിലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഉപദേശം മാനിച്ച് വീണ്ടും കലണ്ടർ പരിഷ്കരിക്കാൻ പോപ്പ് ഗ്രിഗറി 13-ാമൻ തീരുമാനിച്ചു. (അപ്പോഴേക്കും ചക്രവർത്തിയേക്കാൾ അധികാരം പോപ്പ് നേടിക്കഴിഞ്ഞിരുന്നു) 1582 ലാണ് പുതിയ കലണ്ടർ നിലവിൽ വന്നത്. അതാണ് ഇപ്പോൾ നാമുപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ.

കലണ്ടർ മാറ്റത്തിന് പോപ്പ് സ്വീകരിച്ച നടപടികൾ ഇതൊക്കെയാണ്: 1582 ഒക്ടോബർ 6 വ്യാഴാഴ്ചയെ ഒക്ടോബർ 15 വെള്ളിയാഴ്ചയായി പുനർനാമകരണം ചെയ്തു. 4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളെ 366 ദിവസമുള്ള ദീർഘവർഷങ്ങളായിത്തന്നെയെണ്ണി. എന്നാൽ, നൂറ്റാണ്ടുകൾ പൂർത്തിയാകുന്ന വർഷങ്ങളെ (1400, 1500 മുതലായവ) ദീർഘവർഷമായി ഗണിക്കേണ്ടതില്ല. അത്തരം വർഷങ്ങളെ 400 കൊണ്ട് കൂടി പൂർണമായി ഹരിക്കാമെങ്കിൽ മാത്രം (ഉദാ: 1600, 2000 മുതലായവ) ദീർഘവർഷമായി പരിഗണിച്ചാൽ മതി. ഈ പരിഷ്കരണങ്ങളുടെ ഫലമായി 400 കൊല്ലം കൂടുമ്പോൾ വരുന്ന പിശക് 0.1216 ദിവസം (2മ. 55മി 6സെ) ആയിച്ചുരുങ്ങുന്നു. അപ്പോഴും 3300 വർഷം കൂടുമ്പോൾ ഒരു ദിവസം കുറയ്ക്കേണ്ടി വരും.

റോമിൽ ജ്യോതിഷം മിക്കവാറും കിഴക്കൻ ദേശക്കാരുടെ, പ്രത്യേകിച്ച് കാൽദിയരുടെ, കുത്തകയായിരുന്നു സീസറും കാസ്സസും പോംപിയും വാർധക്യത്തിൽ ശാന്തിയോടെ മരണമടയും എന്ന് കാൽദിയൻ ജ്യോത്സ്യന്മാർ പ്രവചിച്ചിരുന്നുവെന്ന് പ്രശസ്ത വാഗ്മിയും ചരിത്രകാരനുമായിരുന്ന സിസറോ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൂവരും വാർധക്യത്തിനുമുമ്പേ കൊല ചെയ്യപ്പെടുകയാണുണ്ടായത് ഇന്നത്തെപ്പോലെത്തന്നെ അന്നും പ്രവചനം പിഴച്ചാൽ അത് ജ്യോത്സ്യന്റെ നോട്ടപ്പിശകും ഫലിച്ചാൽ ജ്യോതിഷത്തിന്റെ നേട്ടവും ആയിട്ടാണ് പരിഗണിക്കപ്പെട്ടത് ഈ വിശ്വാസങ്ങളൊക്കെത്തന്നെയാണ് പൈത്യകമായി ക്രിസ്തുമതത്തിനും കിട്ടിയത് ജ്യോതിഷത്തിൽ നിന്ന് ഒടുവിൽ ക്രിസ്തുമതവും യൂറോപ്പും മുക്തി നേടുന്നത് ഗലീലിയോയും കോപ്പർനിക്കസും തുടങ്ങിവെച്ച ശാസ്ത്രവിപ്ലവത്തിന്റെ വിജയത്തോടെയാണ്. ഗലീലിയോയുടെ ടെലസ്കോപ്പ് (1609) എല്ലാ യുക്തി ചിന്തകളെക്കാളും [ 106 ] വലിയ പങ്ക് അതിൽ വഹിച്ചു. ജ്യോതിഷം ക്രിസ്തീയ പാതിരിമാരിൽ പോലും എത്രമാത്രം ആഴത്തിൽ വേരൂന്നിയിരുന്നു എന്ന് പണ്ഡിതനായ ജസ്യൂട്ട് ഫാദർ അതാസ്യുസ് കിർച്ചറുടെ മുണ്ടസ് സബ്ടെറാനിയസ്' എന്ന കൃതിയിലെ താഴെപ്പറയുന്ന വിവരണത്തിൽ നിന്നും വ്യക്തമാകും. 1664-ൽ ടെലിസ്കോപ്പിലൂടെ ചൊവ്വയെ നിരീക്ഷിച്ച ശേഷം അദ്ദേഹം എഴുതി: " ...പ്രതലം അതികഠിനവും പരുക്കനും കരിയും ഗന്ധകവും നിറഞ്ഞതുമാണ്. പക്ഷെ അത് ജ്വലിക്കുന്നില്ല. ആവി ഉതിർക്കുന്ന ടാറും നാഫ്തയും അതിനു മീതെ വിഷബാഷ്പങ്ങളുമാണ്. പർവതഗർത്തങ്ങളിൽ നിന്ന് വല്ലാത്ത നാറ്റമുള്ള ജ്വാലകൾ വമിച്ചുകൊണ്ടിരിക്കുന്നു. കടലുകൾ ഉരുകിയ ഗന്ധകം കൊണ്ടു നിറഞ്ഞിരിക്കുന്നു." ടെലസ്കോപ്പിലൂടെ നാറ്റം എങ്ങനെ അറിയാൻ കഴിഞ്ഞു എന്ന് ആരെങ്കിലും അദ്ദേഹത്തോടു ചോദിച്ചോ എന്നറിയില്ല. എന്തായാലും യുദ്ധദേവനായ ചൊവ്വയ്ക്ക് പറ്റിയ രൂപം തന്നെയാണ് കിർച്ചർ കണ്ടതെന്നതിൽ സംശയമില്ല. ഗന്ധകവും ജ്വാലയും പോയിട്ട് ഇളം ചൂടുപോലുമില്ലാത്ത, വളരെ നേർത്ത അന്തരീക്ഷമുള്ള, ഒരു കൊച്ചുഗോളം മാത്രമാണ് ചൊവ്വയെന്ന് അദ്ദേഹത്തിന് അന്ന് അറിയാൻ കഴിയുമായിരുന്നില്ല.

അലക്സാൻഡ്രിയാ നിരീക്ഷണ നിലയത്തിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒടുവിലത്തെ ആളും റോമൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനും ആയിരുന്നു ക്ലോഡിയസ് ടോളമി (ക്രി.വ 70-161). നൈൽ അഴിമുഖത്തിനടുത്ത് പെലൂസ്യം എന്ന സ്ഥലത്താണ് ജനനം. ഹിപ്പാർക്കസ്സിന്റെ നക്ഷത്രമാപ്പും ഗ്രീക്കു ഗണിത-ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളും അയാൾ കുട്ടിക്കാലത്തേ ഹൃദിസ്ഥമാക്കി. 'ഭൂമിക്കു ചുറ്റും' ഗ്രഹങ്ങൾക്കു വൃത്തപഥം നൽകാനായി ജോമട്രി കൊണ്ട് ടോളമി സൃഷ്ടിച്ച ജാലവിദ്യ അത്ഭുതകരമാണ്. കോപ്പർ നിക്കസ്സിന്റെ കാലം വരെ യൂറോപ്പിൽ ടോളമിയെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായില്ല. ഫലഭാഗ്യ ജ്യോതിഷത്തിലും ടോളമി ആചാര്യനായാണ് പരിഗണിക്കപ്പെടുന്നത്. നക്ഷത്രങ്ങൾക്ക് അറബി നാമങ്ങൾ വന്നു ചേർ‌ന്നതിൽ പ്രധാന പങ്ക് ടോളമിക്കാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമാണ് ടെട്രാബിബ്ലോസ്ക്വാ ഡ്രിപാർടിറ്റം

ജ്യോതിഷത്തോട് ആഭിമുഖ്യം കാട്ടുമ്പോൾ തന്നെ ജ്യോതിശ്ശാസ്ത്രത്തെ പള്ളി സമീപിച്ചത് സൗഹൃദത്തോടെയല്ല എന്നും ഓർക്കണം. ക്രിസ്തിയ പണ്ഡിതനായ ഫാ ആബോസ് പറഞ്ഞത് "നമ്മുടെ പരലോക ജീവിതത്തെ ഒരു വിധത്തിലും സഹായിക്കാത്തതിനാൽ ഭൂമിയുടെ രൂപത്തെയും സ്ഥാനത്തെയും കുറിച്ചുള്ള ചർച്ച തന്നെ അസ്ഥാനത്താണ് എന്നാണ്. ഭൂമി ഉരുണ്ടതോ പരന്നതോ ആകട്ടെ. ഭൂമി സൂര്യനെ ചുറ്റുകയോ സൂര്യൻ ഭൂമിയെ ചുറ്റുകയോ ചെയ്യട്ടെ, നമുക്കെന്തു കാര്യം എന്നുസാരം. എന്നാൽ ഇത്രപോലും വിശാലത മതനേതൃത്വം കാണിച്ചില്ല. ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നു പറഞ്ഞതിന് ഗലീലിയോ തുറുങ്കിലടയ്ക്കപ്പെട്ടു. എങ്കിലും, ക്രിസ്തുമതത്തെയും യൂറോപ്പിനെയും ജ്യോതിഷത്തിന്റെ പിടിയിൽ നിന്ന് ഒടുവിൽ മോചിപ്പിച്ചതിനുള്ള ക്രെഡിറ്റ് മുഴുവൻ ഗലീലിയോയ്ക്ക് തന്നെയാണ്.


4.2 ഇസ്ലാമും ജ്യോതിശ്ശാസ്ത്രവും

ആകാശദൈവങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഏകദൈവവിശ്വാസവുമായി മുന്നേറിയ യഹൂദമതവും അതിൽ നിന് ഉയിർക്കൊണ്ട ക്രിസ്തുമതവും മെല്ലെമെല്ലെ, ആകാശത്തിൽ സന്ദേശങ്ങൾ വായിക്കാനും ഗ്രഹയോഗങ്ങളെയും ഗ്രഹണങ്ങളെയും ധൂമകേതുക്കളെയും പേടിക്കാനും ജ്യോതിഷത്തിനു അടിമപ്പെടാനും തയ്യാറായി എന്ന് ചരിത്രം നമ്മോടു പറയുന്നു. എന്നാൽ ജ്യോതിഷത്തിന് ഒരിക്കലും പൂർണമായി കീഴടങ്ങാൻ [ 107 ] കൂട്ടാക്കാതെ ഒരു മതം മാത്രം നിലകൊണ്ടു. അത് ഇസ്ലാം മതമായിരുന്നു. അല്ലാഹുവിനെയല്ലാതെ മറ്റാരെയും മുസ്ലീങ്ങൾക്ക് കീഴ് വഴങ്ങാനും അനുസരിക്കാനും ഉണ്ടായിരുന്നില്ല. ദൈവത്തിന് ഒരു രൂപം കല്പിക്കാനോ ദൈവം കഥാപാത്രമായി വരുന്ന പുതിയ കൽ‌പിത കഥകൾ നിർമിക്കാനോ പ്രവാചകന്റെ പോലും ചിത്രമോ ബിംബമോ ആരാധിക്കാനോ അനുവദിക്കായ്ക മൂലം ഇസ്ലാമിൽ ദൈവത്തിന്റെ ‘മാനുഷികവൽക്കരണം’ ഒട്ടും നടന്നില്ല. ആകാശഗോളങ്ങൾക്ക് അവയുടെ ദൈവികത്വം നഷ്ടപ്പെട്ടു. എങ്കിലും മാനത്ത് അടയാളങ്ങൾ ഉണ്ടെന്നും അവ ജ്യോതിഷികൾക്കു വായിക്കാൻ കഴിയുമെന്നും ഉള്ള വിശ്വാസത്തെ ഇസ്ലാം മതവും ചോദ്യം ചെയ്തില്ല.

ഭൂമിയിലെ ദുരിതമനുഭവിക്കുന്ന മനുഷ്യനെക്കുറിച്ച് വേവലാതിപ്പെട്ട ക്രിസ്തു യുക്തിഭദ്രമായ തത്വശാസ്ത്രങ്ങളൊന്നും അവതരിപ്പിക്കാൻ തുനിഞ്ഞില്ല. എല്ലാ നന്മകൾക്കും പ്രതിഫലം നൽകുന്ന, സ്വർഗത്തിലിരിക്കുന്ന, പിതാവിനെക്കുറിച്ച് പറഞ്ഞെങ്കിലും ആകാശത്തിനപ്പുറമുള്ള പ്രപഞ്ചത്തെക്കുറിച്ച് ഒരു ചിത്രവും നൽകിയില്ല. എന്നാൽ ക്രിസ്തുമതം യൂറോപ്പിലാകെ വ്യാപിക്കുകയും സാമൂഹ്യജീവിതത്തിൽ പള്ളിയുടെ സ്വാധീനം നിർണായകമാവുകയും ചെയ്തപ്പോൾ വിശ്വാസങ്ങൾക്ക് കൂടുതൽ ഉറപ്പുള്ള ഒരു ദാർശനിക അടിത്തറ ആവശ്യമായിവന്നു. ആ അന്വേഷണത്തിൽ പള്ളിനേതൃത്വം ചെന്നെത്തിയത് അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച വീക്ഷണത്തിലാണ്. ഭൂമി കേന്ദ്രമായി ഏഴുഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും ഉൾപ്പെടെ) അതിനു പുറത്തു നക്ഷത്രങ്ങൾ പതിച്ച ഒരാകാശവും ചേർന്നതായിരുന്നു ആ പ്രപഞ്ചം. പിൽക്കാലത്ത് അതിനെ ചോദ്യം ചെയ്തവരെല്ലാം പള്ളിയുടെ ശത്രുക്കളായി മുദ്രകുത്തപ്പെട്ടു.

കലണ്ടർ പരിഷ്കരണത്തിൽ ഇസ്ലാമിനു താല്പര്യമില്ലാതെ പോയത് ജ്യോതിശാസ്ത്രത്തിന്റെ വളർച്ചയെ ആദ്യകാലത്ത് മുരടിപ്പിച്ചു. 29 1/2 ദിവസമുള്ള ചാന്ദ്രമാസത്തിലും 12 ചാന്ദ്രമാസങ്ങൾ ചേർന്ന വർഷത്തിലും അവർ മുറുകെ പിടിച്ചു. ഖുറാനിലെ അഞ്ചാമത്തെ സൂറ പ്രഖ്യാപിക്കുന്നു. “അള്ളാഹു വെളിച്ചത്തിനായി പകൽ സൂര്യനെയും വെളിച്ചവും സമയവും കാലവും നൽകാനായി രാത്രിയിൽ ചന്ദ്രനെയും ആകാശത്ത് നിർത്തിയിരിക്കുന്നു.” കാലഗണനയിൽ എന്തെങ്കിലും പരിഷ്കാരം വരുത്താൻ ഈ പ്രസ്താവന തടസ്സമായിത്തീർന്നു. എങ്കിലും ഇസ്ലാമിന് ജ്യോതിശാസ്ത്രജ്ഞനെ മറ്റൊരു കാര്യത്തിൽ ആവശ്യമായി വന്നു. മുസ്ലീങ്ങൾ, അവർ ലോകത്തെവിടെയായാലും മെക്കയിലെ ‘ക-അബാ’യ്ക്ക് അഭിമുഖമായി നിന്നുവേണം പ്രാർത്ഥിക്കാൻ എന്ന് മുഹമ്മദ് നബി അനുശാസിച്ചു.(ഉരുണ്ട ഭൂമിയിൽ മെക്കയ്ക്ക് അഭിമുഖമായി നിൽക്കാൻ കഴിയുന്നത് അറേബ്യയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും മാത്രമാണെന്നും ഭൂമിയുടെ മറുവശത്തുള്ളവർക്ക് എങ്ങനെ നിന്നാലും മെക്കയുടെ നേർക്കാകാൻ പറ്റില്ലെന്നും അക്കാലത്ത് ആരും ചിന്തിച്ചുകാണില്ല). ലോകത്തെല്ലായിടത്തുമുള്ള ഇസ്ലാംമത വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള ദിശ കാണിച്ചുകൊടുക്കാനും ആ ദിശയ്ക്ക് അഭിമുഖമായി പള്ളികൾ പണിയാനും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കൂടിയേ കഴിയുമായിരുന്നുള്ളൂ. നക്ഷത്രങ്ങളെ ആശ്രയിച്ചായിരുന്നല്ലോ അന്ന് ദിക്കു നിർണയിച്ചിരുന്നത്. ജനവാസം ഏറെയുള്ള സ്ഥലങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും മുൻ‌കൂട്ടിത്തന്നെ തിട്ടപ്പെടുത്തിയാൽ പിന്നെ ദിശാനിർണയം എളുപ്പമാകും. ആരാധനാവശ്യത്തിനായി ചെയ്ത ഈ പണി പിന്നീട് വ്യാപാരികളുടെ സഞ്ചാരത്തിനും കപ്പൽ യാത്രയ്ക്കും വളരെ പ്രയോജനപ്പെട്ടു.

ചുരുക്കത്തിൽ ജ്യോതിഷത്തിൽ നിന്നു ജ്യോതിശ്ശാസ്ത്രത്തിലേക്കുള്ള ഒരു തിരിച്ചുവരവിന് ഇസ്ലാം തുടക്കമിട്ടു. പക്ഷേ ചില അളവുകൾ കൃത്യമാക്കുക എന്നതിലപ്പുറം പ്രപഞ്ചത്തെ ആഴ [ 108 ] ത്തിൽ അറിയാനോ പ്രപഞ്ച ഘടനയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിക്കാനോ മുസ്ലീം ജ്യോതിശ്ശാസ്ത്രത്തിനു താല്പര്യമില്ലായിരുന്നു കാരണം, പ്രപഞ്ചം എപ്രകാരമാണെന്ന് ഖുറാനിലും പഴയ നിയമത്തിലും സൂചിപ്പിക്കുന്നുണ്ട്. പണ്ഡിതന്മാർ അവയെ വ്യാഖ്യാനിക്കുകയേ വേണ്ടൂ, പുതുതായി ഒന്നും കണ്ടെത്തേണ്ടതില്ല.

ഉച്ച ധ്രുവ രേഖ

ആകാശഗോളത്തിൽ ഭൂമിയുടെ രണ്ടു ധ്രുവങ്ങൾക്കും മേലേ സങ്കൽപ്പിക്കാവുന്ന (അഥവാ ഭൂമിയുടെ അക്ഷം സ്പർശിക്കുന്ന) സ്ഥാനങ്ങളാണ് ഖഗോള ധ്രുവങ്ങൾ.

നമ്മുടെ ഉച്ചിയിലൂടെ രണ്ടു ഖഗോള ധ്രുവങ്ങളെയും സ്പർശിച്ചു കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് ഉച്ചധ്രുവരേഖ. ഭൂമി കറങ്ങുമ്പോൾ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉച്ചധ്രുവ രേഖയെ മുറിച്ചു കടന്നു പോകുന്നതായി നമുക്കനുഭവപ്പെടുന്നു.

ക്ലോക്ക് നിർമ്മാണവിദ്യയിൽ അറബികൾ ബഹുദൂരം മുന്നേറി. അഞ്ചു നേരത്തെ നമസ്കാരത്തിനുള്ള സമയം വിശ്വാസികളെ അറിയിക്കാൻ പള്ളികളിൽ ക്ലോക്ക് കൂടിയേ കഴിയൂ. ഇതിനായി നിർമ്മിച്ച നല്ല ക്ലോക്കുകൾ പിന്നീട് ജ്യോതിശ്ശാസ്ത്രജ്ഞർക്ക് വളരെയധികം ഉപകരിച്ചു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉദിക്കുന്ന സമയവും ഉച്ചധ്രുവ രേഖ (Meridian) കടക്കുന്ന സമയവും മറ്റും കൃത്യമായി നിർണ്ണയിക്കാൻ അതുവഴി കഴിഞ്ഞു. ഷാർലിമേൻ ചക്രവർത്തിക്ക് (ക്രി വ 742-814, ഫ്രാങ്കുകളുടെ രാജാവ്) ഹാറൂൺ-അൽ-റഷീദ് (ബാഗ്‌ദാദിലെ ഖലീഫ, ആയിരത്തൊന്നു രാവുകളിലെ നായകൻ) സമ്മാനമായയച്ച ജലഘടികാരം യൂറോപ്പിൽ ഒരു അത്ഭുതമായിരുന്നു. ഓരോ മണിക്കൂറിലും ഒരു പിച്ചള ഗോളം ഒരു പാത്രത്തിലേക്കു വീഴും. ഉടൻ മാർച്ചട്ടയണിഞ്ഞ ഒരു കുതിരപ്പടയാളിയുടെ രൂപം 12 വാതിലുകളിലൊന്നിലൂടെ പുറത്തുവരും. ഒരു മണിക്ക് ഒന്നാമത്തെ വാതിലിലൂടെ, രണ്ട് മണിക്ക് രണ്ടാമത്തെ വാതിലിലൂടെ എന്നിങ്ങനെ രാശിചക്രത്തിലൂടെയുള്ള ഗ്രഹങ്ങളുടെ ചലനം ദൃശ്യമാക്കുന്ന ഒരു കറങ്ങുന്ന മേശയും അതോടൊപ്പമുണ്ടായിരുന്നു.

മുഹമ്മദു നബിയുടെ ജീവിതകാലത്തു തന്നെ സൗദി അറേബ്യയും യമനും (അന്നത്തെ സബാ) ഇസ്ലാമിക ഭരണത്തിൽ വന്നു കഴിഞ്ഞിരുന്നു. അദ്ദേഹം മരിച്ച് (AD 632) പത്തു വർഷത്തിനകം ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയ, ഈജിപ്ത്, പേർഷ്യ തുടങ്ങിയ പ്രദേശങ്ങളും ഇസ്ലാമികാധിപത്യത്തിൽ വന്നു. 670 ആയപ്പോഴേക്കും കോൺസ്റ്റാന്റിനോപ്പിൾ (തുർക്കിയുടെ തലസ്ഥാനം)വരെ അതു വ്യാപിച്ചു. സ്പെയിൻ, മൊറോക്കോ, ഇന്ത്യ, മധ്യേഷ്യ തുടങ്ങിയയിടങ്ങളിലെല്ലാം ഇസ്ലാമിന്റെ സ്വാധീനം വ്യാപകമായി. സിറിയയിലെ ദമാസ്ക്കസ് ആസ്ഥാനമാക്കി ഒമിയാദ് ഖലീഫമാർ ഭരണം ആരംഭിച്ചു. അവർ വിജ്ഞാനത്തിനു നല്ല പ്രോത്സാഹനം നൽകി. ദമാസ്ക്കസിൽ ഒരു വാനനീരീക്ഷണ കേന്ദ്രം നിലവിൽ വന്നു. റോം, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിൽ നിന്ന് ലഭ്യമായ വിജ്ഞാനവും ഗ്രന്ഥങ്ങളും സമാഹരിക്കാനും ഗ്രന്ഥങ്ങളുടെ പരിഭാഷ നിർവഹിക്കാൻ ആന്തിയോക്ക് (പഴയ സിറിയൻ തലസ്ഥാനം), എഡേസ്സ, ദമാസ്ക്കസ് എന്നിവിടങ്ങളിൽ നിന്ന് ക്രിസ്ത്യൻ, ജൂത പണ്ഡിതന്മാരെ കൊണ്ടുവരാനും ഒമിയാദ് [ 109 ] ഖലീഫമാർ തയ്യാറായി.

അറബികളുടെ പുണ്യമാസം

മുഹമ്മദു് നബിക്കു മുമ്പ് അറേബ്യ അനേകം ഗോത്രത്തലവന്മാരുടെ കീഴിലായിരുന്നു. പ്രാദേശികയുദ്ധങ്ങൾ സർവസാധാരണമായിരുന്നു. നാഥനില്ലാത്ത അവസ്ഥ കാരണം കൊള്ളകൾ പെരുകി.

മെക്കയായിരുന്നു അറബികളുടെ പ്രധാന വ്യാപാരകേന്ദ്രം. മരുഭൂമിയ്ക്കു നടുവിൽ വറ്റാത്ത ശുദ്ധജലക്കിണറുകളുള്ള (സെം സെം എന്നാണവ അറിയപ്പെട്ടത്) മെക്ക സ്വാഭിവകമായും ഒരു തീർത്ഥാടനകേന്ദ്രം കൂടിയായി. ധാന്യത്തിന് അറബികൾ ആശ്രയിച്ചത് യമനിലെ സഫർ എന്ന വ്യാപാരകേന്ദ്രത്തെയായിരുന്നു. ഒട്ടകക്കൂട്ടങ്ങളുമായി വ്യാപാരികൾ മെക്കയിലും സഫറിലും എത്തും. സഫർ എന്നത് ഒരു മാസത്തിന്റെ പേർ തന്നെയായി മാറി. ആ മാസം ധാന്യം വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം പട്ടിണി.

വ്യാപാരികൾക്കു നേരെ ഗോത്രത്തലവന്മാരുടെ അനുമതിയോടെ നടന്ന കൊള്ളകൾ വ്യാപാരം അസാധ്യമാകിയപ്പോൾ അതിനൊരു പരിഹാരമായാണ് സഫർ മാസം പുണ്യമാസമായി ആചരിയ്ക്കാൻ ധാരണയുണ്ടായത്. കലഹവും യുദ്ധവുമില്ലാതെ ഒരു മാസം. വ്രതങ്ങളുടെ ഒരു മാസം.

ചാന്ദ്രമാസമായതുകൊണ്ട് സഫർ എപ്പോഴും ധാന്യം കിട്ടുന്ന കാലത്താവില്ലല്ലോ. ഒടുവിൽ ആ മാസത്തെ വിളവെടുപ്പ് കാലത്ത് ഉറപ്പിച്ച് നിർത്താൻ ധാരണയായി. ഹിജ്‌റയ്ക്ക് (ഇസ്ലാം വർഷാരംഭം) 200 വർഷം മുൻ‌പായിരുന്നു അത്. അൽ ബിറൂണി അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. "കലമ്മമാർക്ക് (ഒരു വിഭാഗത്തിൽ പെട്ട ഷെയ്ക്കുമാർ) ആയിരുന്നു വർഷാരംഭം നിർണ്ണയിയ്ക്കാനുള്ള ചുമതല. തീർത്ഥാടനച്ചടങ്ങു കഴിഞ്ഞാൽ അവാർ എല്ലാവരുമായി ചർച്ച ചെയ്യും. അധിവർഷം വേണമെന്നു കണ്ടാൽ അടുത്തമാസത്തിനും തന്മാസത്തിന്റെ പേർ തന്നെ എന്നു പ്രഖ്യാപിയ്ക്കും. ആളുകൾ അത് കൈയടിച്ച് അംഗീകരിയ്ക്കും. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ചെയ്യുന്ന ഈ ഏർപ്പാടിന് ‘നസി’ (സ്ഥാനമാറ്റം - shifting) എന്നായിരുന്നു പേർ. മനാസിലുകളുടെ (ചാന്ദ്രതാരങ്ങൾ) ഉദയം നോക്കിയാണവർ നസി തീരുമാനിച്ചത്".

ഹിജ്‌റ വരെ ഈ രീതി തുടർന്നു. പിന്നീട് നബി അത് വിലക്കി. വർഷാരംഭവും പുണ്യമാസവും മാറി. കലമ്മമാർക്ക് ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ആത്മീയ പരിവേഷവും സ്വാധീനവും കുറയ്ക്കാൻ ഇതുപകരിച്ചു. പുതിയ ഇസ്ലാമിക കലണ്ടറിന്റെ നീളം 354 ദിവസമാണ്. തന്മൂലം എല്ലാ അറബി മാസങ്ങളും എല്ലാ ഋതുക്കളിലൂടെയും സഞ്ചരിയ്ക്കും. ഒരു ചക്രം 33 വർഷം കൊണ്ട് പൂർത്തിയാക്കും.

755-ൽ ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം സിറിയയിൽ നിന്ന് ബാബിലോണിയയിലേക്കു മാറ്റി. ടൈഗ്രിസിന്റെ കരയിൽ ബാഗ്‌ദാദ് എന്ന പുതിയ നഗരം കേന്ദ്രമാക്കി അബ്ബാസിദ് ഖലീഫമാർ ഭരണമാരംഭിച്ചു. സിറിയ,ഈജിപ്ത്,ഗ്രീസ്,പേർഷ്യ, ഇന്ത്യ,,ചൈന എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാനപതികൾ അവരുടെ കൊട്ടാരത്തിൽ സ്ഥാനം കണ്ടെത്തി. 773-ൽ മങ്കാ എന്നുപേരുള്ള ഒരു ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞൻ അൽ-മൻസൂർ ഖലീഫയ്ക്ക് സിദ്ധാന്ത ജ്യോതിഷത്തിന്റെ ഒരു പ്രതി സമർപ്പിച്ചതും ഗ്രഹണങ്ങളും മറ്റും പ്രവചിക്കാൻ അത് പ്രയോജനപ്പെട്ടതും അന്നത്തെ രേഖകളിൽ കാണാം. അൽ ഫസീരി എന്ന പേർഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞനെയും പുത്രനെയും അത് അറബിഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ [ 110 ] ഖലീഫ നിയോഗിച്ചു. തുടർന്ന് മറ്റനവധി ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും ഗണിതഗ്രന്ഥങ്ങളും സംസ്കൃതത്തിൽ നിന്ന് പരിഭാഷ ചെയ്യപ്പെട്ടു. പൂജ്യത്തിന്റെ ഉപയോഗം ഭാരതത്തിൽ നിന്ന് അറബികൾ വഴി ലോകം അറിഞ്ഞു. കടലാസ് നിർമ്മാണ വിദ്യ അവർ ചൈനയിൽ നിന്നും വശമാക്കി. വ്യാപാരത്തിനും അറിവിന്റെ വ്യാപനത്തിനും ശാസ്ത്രപഠനങ്ങൾക്കും ഈ രണ്ട് അറിവുകൾ വലിയ പ്രചോദനമായി. റിക്കാർഡുകൾ എഴുതി സൂക്ഷിക്കാനായി കൊട്ടാരത്തിൽ കരുതിയിരുന്ന പാപ്പിറസ് ഇലകളുടെ ശേഖരം വിറ്റഴിച്ചുകൊണ്ടാണ് അൽ-മൻസൂർ കടലാസ് നിർമ്മാണം നിർബന്ധമാക്കിയതത്രെ.

തെക്കു പടിഞ്ഞാറൻ പേർഷ്യയിലെ ജുൻദിഷാപുർ മെഡിക്കൽ കോളേജിലെ ഭിഷഗ്വരനായിരുന്നു ഹുനയ്ൻ ഇബ്ൻ ഇഷാക്ക്. ഹറൂൺ റഷീദിന്റെ കലത്ത് അദ്ദേഹത്തെ ബാഗ്‌ദാദിലേക്കു ക്ഷണിച്ചു വരുത്തി. ടോളമിയുടെ 'സിൻടാക്‌സ്' പരിഭാഷപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷെ ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. സ്വന്തമായ രചനകളും അദ്ദേഹം ധാരാളം നടത്തി. കണ്ണിന്റെ ഘടനയെയും കാഴ്ച എന്ന പ്രതിഭാസത്തെയും കുറിച്ചു ലഭ്യമായ ആദ്യ കൃതികളിലൊന്ന് ഇഷാക്കിന്റെതാണ്. ഇഷാക്കിന്റെ മകൻ 'ഇഷാക്ക് ഇബ്ൻ ഹുനയ്ൻ' ആണ് സിൻടാക്‌സിന്റെ പരിഭാഷ പൂർത്തിയാക്കിയത്. പരിഭാഷകളുടെ ആധിക്യം മൂലം സമർഖണ്ടിൽ സ്ഥാപിച്ച കടലാസുമിൽ മതിയാകാതെ വന്നതിനാൽ 793-ൽ ബാഗ്ദാദിലും ഒന്ന് സ്ഥാപിക്കാൻ ഖലീഫ തയ്യാറായി.

അൽ-മൻസൂറിന്റെ പുത്രനായിരുന്ന ഹാറൂൺ-അൽ-റഷീദ് അദ്ദേഹത്തിന്റെ ഭരണകാലത്ത് അന്യഭാഷാ ഗ്രന്ഥങ്ങളുടെ പരിഭാഷ കൂടുതൽ ഊർജിതമാക്കി. യൂക്ലിഡിന്റെ 'എലമെന്റ്, ടോളമിയുടെ 'സിൻടാക്‌സ്' (അൽ മാജസ്റ്റ് - മഹത്തായത് - എന്നായിരുന്നു പരിഭാഷക്കു നൽകിയ പേർ) ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഇവയെല്ലാം അതിൽപ്പെടും. യൂറോപ്പിൽ ഷാർലിമെയ്ൻ ചക്രവർത്തിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്ന കാര്യം മുമ്പേ സൂചിപ്പിച്ചിരുന്നുവല്ലോ.

ഏഴാമത്തെ അബ്ബാസിദ് ഖലീഫയായിരുന്ന അൽ-മാമുൻ (ഭരണകാലം 813-833) അറിയപ്പെടുന്നത് കിഴക്കിന്റെ ഷാർലിമെയ്ൻ എന്നാണ്. വിദ്വാന്മാർക്ക് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എപ്പോഴും സ്വാഗതമായിരുന്നു. ബൈസാന്റിയത്തിലെ (കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണം നടത്തിയ പൂർവ്വ റോമാ സാമ്രാജ്യം) ചക്രവർത്തി ലിയോയുടെ കൊട്ടാരത്തിലേക്ക് പ്രാചീന ഗ്രീക്കു ഗ്രന്ഥങ്ങൾക്കായി അദ്ദേഹം ഒരു ദൗത്യസംഘത്തെ അയയ്ക്കുകയുണ്ടായി. അദ്ദേഹം സ്ഥാപിച്ച ബൈത്-ഉൽ-ഹിക്മ (വിദ്യയുടെ ഭവനം) എന്ന അക്കാദമിയുടെ ഗ്രന്ഥാലയം അതി ബൃഹത്തായിരുന്നു. അതിനോട് ചേർന്ന് 829-ൽ ഒരു വാനനിരീക്ഷണ നിലയവും സ്ഥാപിതമായി നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അളക്കാനുള്ള നിരവധി ഉപകരണങ്ങൾ അതിലുണ്ടായിരുന്നു. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ അൽ-ക്വാരിസ്മി (മുഴുവൻ പേര് മുഹമ്മദ്-ഇബ്ൻ മൂസാ അൽ-ക്വാരിസ്‌മി) അവിടെയും ദമാസ്കസ് നിലയത്തിലും നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. വിജ്ഞാനം തേടി പേർഷ്യ-അഫ്ഗാനിസ്ഥാൻ-ഇന്ത്യ വഴി അദ്ദേഹം നടത്തിയ തീർത്ഥാടനത്തിന്റെ ഓർമ്മക്കുറിപ്പുകൾ വിഖ്യാതമായ ചരിത്ര രേഖകളാണ്. തിരിച്ചു വന്ന് അക്കാദമിയുടെ ലൈബ്രേറിയൻ ആയി സ്ഥാനമേറ്റ അൽ-ക്വാരിസ്‌മി ഭാരതീയ സിദ്ധാന്തങ്ങൾ പഠിക്കുകയും ജ്യോതിശ്ശാസ്ത്രത്തിലും ട്രിഗനോ [ 111 ] മെട്രിയിലും വിശദമായ പട്ടികകൾ തയ്യാറാക്കുകയും ചെയ്തു. ആൾജിബ്ര (അൽ-ജിബ്​ർ-വെൽ-മൂകാബില, അഥവാ നിർധാരണത്തിന്റെ ശാസ്ത്രം) എന്ന ഗണിതശാസ്ത്ര ശാഖയ്ക്ക് ജന്മം കൊടുത്തത് അദ്ദേഹമാണ്. (അതിന്റെ അടിസ്ഥാനാശയങ്ങൾ ഭാരതത്തിലും ഗ്രീസിലും നിന്നാണ് സ്വീകരിച്ചത്).

ഭൂമിയുടെ ചുറ്റളവ് കാണാൻ: അൽ-ക്വാരിസ്‌മി ഉപയോഗിച്ച മാർഗം അതീവ ലളിതമാണ്. നിൽക്കുന്ന സ്ഥാനത്തുനിന്ന് ഒരാൾ നേരെ വടക്കോട്ടും മറ്റൊരാൾ തെക്കോട്ടും നടക്കുക. എത്ര ദൂരം നടന്നാൽ ധ്രുവന്റെ സ്ഥാനം ആദ്യത്തെയാൾക്ക് ഒരു ഡിഗ്രി ഉയരുന്നതായും രണ്ടാമത്തെയാൾക്ക് ഒരു ഡിഗ്രി താഴുന്നതായും കാണുന്നു എന്നു കണ്ടെത്തുക. ഈ ദൂരത്തെ മുന്നൂറ്ററുപതു കൊണ്ടു ഗുണിച്ചാൽ ഭൂമിയുടെ ചുറ്റളവായി.

അൽ-ക്വാരിസ്മിയുടെ നേതൃത്വത്തിൽ ഭൂപടം നിർമ്മിക്കാൻ നടത്തിയ ശ്രമങ്ങളും ജ്യോതിശാസ്ത്രത്തിന്റെ വികാസത്തിനു സഹായകമായി കാരണം ഓരോ പ്രദേശത്തിന്റെയും അക്ഷാംശം കണക്കാക്കാൻ നക്ഷത്രങ്ങളുടെ, പ്രത്യേകിച്ച് ധ്രുവനക്ഷത്രത്തിന്റെ, ഉന്നതി കൃത്യമായി അളക്കേണ്ടതുണ്ടായിരുന്നു. ഭുമിയുടെ വ്യാസം കണക്കാക്കാൻ അൽ- ക്വാരിസ്മിയും അദ്ദേഹത്തിന്റെ നിരീക്ഷണാലയത്തിലെ ഉപകരണ നിർമ്മാണ വിദഗ്ധനായ അൽ- അസ്തുർലബിയും ചേർന്ന് കണ്ടെത്തിയ മാർഗം ലളിതവും രസകരവുമാണ്. ഒരു സ്ഥാനത്തുനിന്ന് ഒരാൾ നേരെ വടക്കോട്ടും മറ്റേയാൾ തെക്കോട്ടും സഞ്ചരിക്കുന്നു. വടക്കോട്ടു പോയ ആൾ ധ്രുവനക്ഷത്രം വടക്കേ ചക്രവാളത്തിൽ നിന്ന് കൂടുതൽ ഉയർന്നുപോകുന്നതായി കാണുമ്പോൾ മറ്റേയാൾ അതു ചക്രവാളത്തോടടുത്തു വരുന്നതായി കാണും ഇങ്ങനെ ഒരു ഡിഗ്രി ഉയരാനോ താഴാനോ എത്രദൂരം സഞ്ചരിച്ചിരിക്കണം എന്നവർ കണക്കാക്കി. 56⅔ അറബിക് മൈൽ എന്നാണവർക്കു കിട്ടിയത്. അതിനെ 360 കൊണ്ട് ഗുണിച്ച് ഭൂമിയുടെ ചുറ്റളവും കണക്കാക്കി. ഇങ്ങനെ കണക്കാക്കിയ ചുറ്റളവും വ്യാസവും വളരെയൊന്നും കൃത്യമായിരുന്നില്ല എന്നതു നേരാണ് എങ്കിലും അതിന്റെ ലാളിത്യവും ഭൂമി ഉരുണ്ടതാണെന്ന കാര്യത്തിലുള്ള സംശയരാഹിത്യവും ശ്രദ്ധേയമാണ്. അതിനും ഏഴു നൂറ്റാണ്ടുകൾക്കു ശേഷം ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ബ്രൂണോയെ ചുട്ടുകൊല്ലാൻ ക്രിസ്തീയനേതൃത്വം തയ്യാറായി എന്നോർക്കണം (ബ്രൂണോ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു അനന്തമായ കഴിവും സൃഷ്ടിപരതയുമുള്ള ദൈവം ഒരു കൊച്ചു ഭൂമിയെയും അതിൽ കുറച്ചു മനുഷ്യരേയും മാത്രം സൃഷ്ടിച്ച് തൃപ്തിയടയില്ല അതുകൊണ്ട് നിരവധി ‘ലോകങ്ങളും‘ അതിൽ നിരവധി ‘ജീവലോകങ്ങളും‘ ഉണ്ടായിരിക്കണം. ഇതാണ് പള്ളിയെ ഏറെ ശുണ്ഠി പിടിപ്പിച്ചത്).

അൽ-ക്വാരിസ്മി ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ആരാധകനായിരുന്നു. അദ്ദേഹം നിർമ്മിച്ച ജ്യോതിശാസ്ത്ര പട്ടികകളെല്ലാം ഉജ്ജയിനിയിലെ രേഖാംശം അടിസ്ഥാനമാക്കിയുള്ളതുമാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസം ദൈർഘ്യമുള്ള ഒരു വാർ‍ഷികകലണ്ടർ നടപ്പിലാക്കാനും വർഷാരംഭ ദിനമായി വസന്തവിഷുവം സ്വീകരിക്കാനും അദ്ദേഹം ശ്രമം നടത്തി പക്ഷേ, അറബിനാട്ടിൽ അത് സ്വീകാര്യമായില്ല. [ 112 ]

ഒരു അറേബ്യൻ ആസ്ട്രോലാബ്

അറബ് ജ്യോതിഷത്തിൽ ഫലഭാഗത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ഊന്നൽ ജ്യോതിശാസ്ത്രത്തിനു തന്നെയായിരുന്നു. ഭൂമി ഉരുണ്ടതോ പരന്നതോ എന്നു കൊറാൻ പ്രത്യേകം പറയാത്തതുകൊണ്ട് ഭൂമിയുടെ ചുറ്റളവ് കണക്കാക്കാൻ തടസമൊന്നുമുണ്ടായില്ല. (യൂറോപ്പിൽ ക്രിസ്തീയ സഭ ഇതിനനുവദിച്ചിരുന്നില്ല) അളവുകൾക്കും പ്രയോഗത്തിനും ആയിരുന്നു അറബിനാടുകളിൽ പ്രാധാന്യം. ടോളമി വിവരിച്ച എല്ലാ അളവുപകരണങ്ങളും അവർ സ്വന്തമായുണ്ടാക്കി. ആർമില്ലറികളും ക്വാഡ്രന്റുകളും ഉണ്ടാക്കുന്നതിൽ അവർ അതീവനൈപുണ്യം നേടി. കയ്യിൽ കൊണ്ടു നടക്കാവുന്നതും അളവെടുക്കുമ്പോൾ കയ്യിൽ പിടിച്ച ഒരു വളയത്തിൽനിന്ന് തൂക്കിയിടാവുന്നതുമായ ആസ്ട്രോലാബ് എന്ന ഉപകരണം കലാപരമായ ചാതുര്യത്തോടെയാണവർ നിർമ്മിച്ചിരുന്നത്.

ഫലഭാഗ ജ്യോതിഷത്തെ ഇസ്ലാം അപ്പടി നിരാകരിച്ചു എന്നാരും ധരിക്കേണ്ട ജ്യോതിഷികൾക്ക് അവരുടെ ഉപജീവനമാർഗത്തിന് ഒരു മുട്ടും ഉണ്ടായില്ല. ജ്യോതിഷം മാത്രം പ്രാക്ടീസ് ചെയ്തവർ ഇന്ന് സ്മരിക്കപ്പെടുന്നില്ല എന്നു മാത്രം. എന്നാൽ ജ്യോതിഷത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലും സംഭാവനകൾ നൽകിയ പലരുമുണ്ടായിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ കൈവഴിയുടെ കരയ്ക്ക് കുഫാ നഗരത്തിൽ 850നോടടുത്ത് അൽ-കിൻഡി എന്ന ഒരു 'നവപ്ലാറ്റോണിക്' തത്വചിന്തകനുണ്ടായിരുന്നു. ഇന്നും ജ്യോതിഷികൾ പ്രവചനങ്ങളെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ഒരു വാദഗതി - ഗ്രഹങ്ങളും നക്ഷത്രങ്ങളും ചില നിഗൂഢ രശ്മികൾ ഉതിർക്കുന്നുണ്ടെന്നും മനുഷ്യരും ജീവജാലങ്ങളും പ്രസരിപ്പിക്കുന്ന സമാന രശ്മികളുമായി അവ പ്രതിപ്രവർത്തിക്കുമ്പോഴാണ് ഫലങ്ങൾ സിദ്ധമാകുന്നത് എന്നും ഉള്ള ആശയം - അവതരിപ്പിച്ചത് അദ്ദേഹമാണ്. ഏതാണ്ട് ഇതേകാലത്ത് അൽ-ഫർഘാനി എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ 28 നക്ഷത്രങ്ങളടങ്ങിയ ചാന്ദ്രസൗധവ്യവസ്ഥ, അഥവാ മനാസിൽ, അറബി നാടുകളിൽ അവതരിപ്പിച്ചു. (നമ്മുടെ നാളുകളുമായി നല്ല സാമ്യമുണ്ട് അവയ്ക്ക്.) അതേകാലത്തുതന്നെ ജാഫർ അബു മഷാർ രചിച്ച ജ്യോതിഷ ഗ്രന്ഥം യൂറോപ്പിൽ വ്യാപകമായ പ്രചാരം നേടി. രാശികളും ഗ്രഹസ്ഥാനങ്ങളും എല്ലാം പട്ടികപ്പെടുത്തുകയും അവയുടെ വ്യംഗ്യാർത്ഥങ്ങൾ വിവരിക്കുകയും ചെയ്ത പ്രസ്തുത ഗ്രന്ഥം മധ്യകാലഘട്ടത്തിലുടനീളം ജ്യോതിഷത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു. യൂറോപ്പിൽ അച്ചടി വിദ്യ നടപ്പിലായപ്പോൾ ഓസ്ബർഗിൽ ആദ്യം അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്(വർഷം 1486)ഇതായിരുന്നു എന്നോർക്കുക.

അൽ-മാമുൻ ചക്രവർത്തി അറിയപ്പെട്ടിരുന്നത് 'അവിശ്വാസികളുടെ പടത്തലവൻ' എന്നായിരുന്നുവത്രേ. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എല്ലാത്തരം വിശ്വാസികളും ഉണ്ടായിരുന്നു. അൽ-ബതാനി, താബിത് ബെൻഖുറാ എന്നീ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞർ താരാരാധകർ കൂടിയായിരുന്നു. അൽബതാനി(മുഹമ്മദ് ഇബ്ൻ സിനാൻ അബു അബ്ദുള്ള അൽബതാനി എന്നു മുഴുവൻ പേര്.) സിറിയൻ രാജകുമാരനായിരുന്നു. റാക്കായിലും( ബാഗ്ദാദിനു വടക്കു പടിഞ്ഞാറ്) അന്ത്യോക്കിലും അദ്ദേഹം വാനനിരീക്ഷണം നടത്തി. 'നക്ഷത്ര ശാസ്ത്രം' എന്ന തന്റെ പുസ്തകത്തിൽ ചേർത്ത നക്ഷത്ര പട്ടികകളിൽ ടോളമിയുടെ നിരീക്ഷണങ്ങളിലുണ്ടായിരുന്ന പല പിശകുകളും തിരുത്തിയിരിക്കുന്നതു കാണാം. ടോളമിയുടെ കാലത്തെ നിരീക്ഷണവിവരങ്ങളും 880-ൽ താൻ നടത്തിയ നിരീക്ഷണ വിവരങ്ങളും താരതമ്യം ചെയ്ത് വർഷത്തിന്റെ നീളം 365ദി 5മ. 46 മി 24. [ 113 ] സെ. എന്ന് അൽ-ബതാനി കണക്കാക്കി (ടോളമി വിഷുവസ്ഥാനം നിർണയിച്ചതിൽ വരുത്തിയ ഒരു ദിവസത്തിന്റെ പിശകു കാരണം 1 മി 58 സെ ന്റെ കുറവ് അതിൽ വന്നു പെട്ടു). ക്രാന്തിവൃത്തത്തിന്റെ ഉൽകേന്ദ്രത (eccentricity) 0.0346 എന്നു കൃത്യമായി കണക്കാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ആർമില്ലറി ഗോളം
ആൻഡ്രോമിഡ നെബുല. ആകാശഗംഗയേക്കാൾ വലിയ ഒരു ഗാലക്സി. ഭൂമിയുടെ വടക്കേ അർധഗോളത്തിൽ ഉള്ളവർക്കു നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സിയും ഇതാണ്. ആകാശഗംഗയിൽ നിന്നു 18 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്നു. 20,000 കോടി നക്ഷത്രങ്ങൾ അതിലുണ്ടെന്നാണു കണക്കാക്കുന്നത്. വില്യം ഹെർഷലിന്റെ വമ്പൻ ടെലിസ്കോപ്പ് വരും വരെ അത് ആകാശഗംഗയിൽ തന്നെയുള്ള ഒരു നെബുല (വാതക പടലം) ആണെന്നായിരുന്നു ധാരണ.

താബിത് ബെൻഖുറാ ഗണിതത്തിലും ഭാഷാശാസ്ത്രത്തിലും കൂടി പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു എലമെന്റ്സ്, സിൻടാക്സ് എന്നിവ കൂടാതെ അപ്പോളോണിയസ്, ആർക്കിമിഡിസ് തുടങ്ങിയവരുടെ ഗണിത ഗ്രന്ഥങ്ങളും അദ്ദേഹം മനോഹരമായി ഭാഷാന്തരം നടത്തി. അൽ-ബതാനിയും ബെൻഖുറായും ഇതോടൊപ്പം ജ്യോതിഷം പ്രാക്ടീസ് ചെയ്യുകയും നക്ഷത്രാരാധന നടത്തുന്നവരുടെ സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു.

അബ്ബാസിദ് ഖലീഫമാർക്കു ശേഷം അധികാരം പിടിച്ചെടുത്ത പേർഷ്യൻ സുൽത്താന്മാരുടെ കാലത്തും ജ്യോതിശാസ്ത്രം വളരുക തന്നെയായിരുന്നു. ബൊഖാറാ, സമർഖണ്ഡ്, ഖിവാ എന്നിവിടങ്ങളിൽ വാന നിരീക്ഷണ കേന്ദ്രങ്ങൾ ഉയർന്നു വന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളും വിജ്ഞാന വിനിമയവും വളരെയധികം വർധിച്ചു. ക്രി വ ആയിരത്തിനടുത്ത് അഫ്ഗാനിസ്ഥാനിലെ ഘാസയിൽ ജീവിച്ച മഹാപണ്ഡിതനും ഭിഷഗ്വരനും ജ്യോതിശ്ശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന അൽ-ബിറൂണി ഭാരതത്തിൽ വന്ന് ഏറെക്കാലം താമസിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തു. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ ആരാധകനായിരുന്നു അദ്ദേഹം. ഒപ്പം പുതിയ ചിന്തകളെയെല്ലാം മുളയിലേ നുള്ളുന്ന പുരോഹിതാധിപത്യത്തിന്റെ കടുത്ത വിമർശകനുമായിരുന്നു.

അതേ കാലത്തു ജീവിച്ചിരുന്ന മറ്റൊരു ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്നു ഒമർ ഖയാം. റായിയിലെ സുൽത്താൻ മാലിക് ഷാ ജലാൽ അൽ ദിനാറിന്റെ പ്രോത്സാഹനത്തിൽ അദ്ദേഹം മനോഹരമായ കവിതകൾ രചിക്കുകയും ആൾജിബ്രയിലും കലണ്ടർ പരിഷ്ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അദ്ദേഹം നിർമിച്ച കലണ്ടർ അഞ്ചു നൂറ്റാണ്ടുകൾക്കു ശേഷം വന്ന ഗ്രിഗേറിയൻ കലണ്ടറിനോടൊപ്പം മെച്ചമായിരുന്നുവെങ്കിലും അതു സ്വീകരിക്കാൻ സ്വാഭാവികമായും ഇസ്ലാമിക ലോകം കൂട്ടാക്കിയില്ല.

കാന്തിമാനം 3 വരെയുള്ള നക്ഷത്രങ്ങൾക്കെല്ലാം അറബികൾ പേരുകൾ നൽകി. ഇന്നു നാമുപയോഗിക്കുന്ന പല നക്ഷത്ര നാമങ്ങളും അവരുടെ സൃഷ്ടിയാണ്. ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് അൽ സൂഫി (വിജ്ഞൻ) എന്നറിയപ്പെട്ട [ 114 ] അബ്ദുൽ റഹിമാൻ ഇബ് ൻ ഉമർ (മരണം 986) അദ്ദേഹത്തിന്റെ ' സുസ്ഥിര നക്ഷത്രങ്ങളുടെ വിവരണം ' (Description of the fixed Stars ) എന്ന ഗ്രന്ഥം അറേബ്യൻ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നാണ് നക്ഷത്രങ്ങളുടെ പേരുകൾ, കാന്തിമാനം , നക്ഷത്രരാശികൾ തുടങ്ങിയവയെല്ലാം അതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.ആൻഡ്രോമിഡാ നെബുലയെക്കുറിച്ചുള്ള പരാമർശവും അതിൽ കാണാം. ടോളമി പട്ടികപ്പെടുത്തിയിരുന്ന 1018 നക്ഷത്രങ്ങളുടെ കാന്തിമാനം പുനർനിർണ്ണയിച്ചു നല്കിയശേഷം അതിലുൾപ്പെടാത്ത അനേകായിരം നക്ഷത്രങ്ങളെക്കുറിച്ചും അൽ-സൂഫി പ്രസ്താവിയ്ക്കുന്നുണ്ട്. നക്ഷത്രങ്ങൾക്കു നൽകിയിരിയ്ക്കുന്ന പേരുകളിൽ ചിലത് രസാവഹമാണ്. തിരുവാതിര ‘മങ്കിബ് അൽ ദ് ജൗസ' യും (രാക്ഷസന്റെ പാദം) വീഗ ‘അൽ നാസ്‌ർ അൽ വകി’ യും(പതിയ്ക്കുന്ന ഗരുഢൻ) ധ്രുവൻ ‘അൽ റുക്കാബ’ യും (രഥയാത്രികൻ) ആണ് അറബിയിൽ. ഇന്ന് യൂറോപ്പിൽ ഉപയോഗിയ്ക്കുന്ന പല നക്ഷത്രനാമങ്ങളും അറബി ഭാഷയിൽ നിന്ന് ചെറിയ മാറ്റത്തോടെ സ്വീകരിച്ചവയാണ്. ആൾട്ടേർ (അൽ-നസ്‌ർ അൽ‌-ടയർ = പറക്കുന്ന കഴുകൻ) അൽഗോൾ(അൽ-ഗുൾ = പിശാച്) ഫൊമൽ ഹോട്ട് (ഫും-അൽഹോട്ട് = ദക്ഷിണ മത്സ്യത്തിന്റെ വായ) എന്നിവ ഉദാഹരണങ്ങൾ.

കാന്തിമാനം

നക്ഷത്രങ്ങളുടെ ശോഭ താരതമ്യം ചെയ്യാനുപയോഗിയ്ക്കുന്ന മാത്രയാണ് ദൃശ്യകാന്തിമാനം(Visual magnitude). ഗ്രീസിൽ ഹിപ്പാർക്കസ് ആണിതിനു തുടക്കം കുറിച്ചത്. ഏറ്റവും അധികം ശോഭയുള്ള നക്ഷത്രങ്ങളെ ഒന്നാം കാന്തിമാന നക്ഷത്രങ്ങളെന്നും കഷ്ടിച്ചു മാത്രം കാണാൻ കഴിയുന്ന നക്ഷത്രങ്ങളെ ആറാം കാന്തിമാന നക്ഷത്രങ്ങളെന്നും അദ്ദേഹം വിളിച്ചു. ഇവയ്ക്കിടയിൽ വരുന്ന നക്ഷത്രങ്ങളെയും ശോഭയുടെ അടിസ്ഥാനത്തിൽ 2 മുതൽ 5 വരെ കാന്തിമാനങ്ങളായി വർഗ്ഗീകരിച്ചു. അതായത് ശോഭ കുറയുന്നതിനനുസരിച്ച് കാന്തിമാനം കൂടുന്നു. 1080 നക്ഷത്രങ്ങളെ ഈ വിധം വർഗീകരിച്ച് ക്രിസ്തുവിന് മുമ്പ് 129 ഓടെ അദ്ദേഹം പട്ടികപ്പെടുത്തി. അവയെ 48 രാശികളാക്കി തിരിച്ച് പേർ നൽ‌കി. ഒരു രാശിയിൽ‌പ്പെട്ട ഏറ്റവും ശോഭയുള്ള നക്ഷത്രത്തിന് ആ രാ‍ശിയിലെ ആൽ‌ഫാ നക്ഷത്രമെന്നും ശോഭയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രത്തിന് ബീറ്റാ നക്ഷത്രമെന്നും മറ്റുള്ളവയ്ക്ക് അതേ രീതിയിൽ ഗാമാ, ഡെൽറ്റാ എന്നിങ്ങനെ ഗ്രീക്ക് അക്ഷരമാലാ ക്രമത്തിലും പേര് നൽ‌കി. ഉദാഹരണത്തിന് സെന്റാറസ് ഗണത്തിലെ ഏറ്റവും ശോഭയുള്ള നക്ഷത്രം ആൽ‌ഫാ സെന്റോറി, അടുത്തത് ബീറ്റാ സെന്റോറി എന്നിങ്ങനെ. ഓറിയൺ ഗണത്തിലെ ശോഭയുള്ള നക്ഷത്രമായി അന്നു തോന്നിയത് തിരുവാതിരയായതുകൊണ്ട് അത് ആൽ‌ഫാ ഓറിയോണിസ് ആണ്.

പിൽ‌ക്കാലത്ത് കൂടുതൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ ഒന്നാം കാന്തിമാനത്തിൽ ഉൾപ്പെടുത്തിയ നക്ഷത്രങ്ങൾക്കെല്ലാം ഒരേ ശോഭയല്ലെന്ന് ബോധ്യമായി.റീഗൽ, സിറിയസ്, കനോപ്പസ് തുടങ്ങിയ നക്ഷത്രങ്ങൾക്ക് ശോഭ വളരെ കൂടുതലാണെന്ന് ബോധ്യമായപ്പോൾ അവയെ സൂചിപ്പിയ്ക്കാൻ ഒന്നിലും കുറഞ്ഞ കാന്തിമാന സംഖ്യകൾ ഉപയോഗിയ്ക്കാൻ ജ്യോതിശാസ്ത്രജ്ഞർ നിർബന്ധിതരായി. സിറിയസിന്റെ കാന്തിമാനം -1.37ഉം കനോപ്പസിന്റേത് -0.72ഉം റീഗലിന്റേത് 0.11 ഉം ആണെന്ന് ഇപ്പോൾ കണക്കാക്കുന്നു.

[ 115 ]

പതിനൊന്നാം നൂറ്റാണ്ടു മുതൽ അറേബ്യൻ യാത്രികർ വടക്കുനോക്കിയന്ത്രം ഉപയോഗിച്ചു തുടങ്ങിയിരുന്നു. ചൈനയിൽ നിന്നാണവർ ആ വിദ്യ മനസ്സിലാക്കിയത്. കടലൊഴുക്കുകൾ തിട്ടപ്പെടുത്താനും കപ്പൽ യാത്രയ്ക്കുള്ള കടൽ ചാർട്ടുകൾ തയ്യാറാക്കാനും അവർ വലിയ താല്പ്പര്യം കാട്ടി. സിൻബാദിന്റെ കഥകളിലെ ഏഴു കപ്പൽ യാത്രകൾ അറബികളുടെ യഥാർഥ യാത്രകളുടെ കാല്പനിക രൂപങ്ങളാണ്. അറേബ്യൻ കപ്പിത്താനായ അഹമ്മദ് ഇബ്ൻ മജീദ് ആണ് 1498-ൽ വാസ്കോഡഗാമയെ കാപ്പാട് (കോഴിക്കോടിനടുത്ത്) എത്തിച്ചത് എന്നതിൽ അദ്ഭുതമില്ല

അൽ ഹസനു വന്നു പെട്ട ഗതികേട്

ഇബ്‌ൻ യൂനുസ് 'മൊഹാ കിം കുന്നി'ൽ സ്ഥാപിച്ച വാന നിരീക്ഷണ കേന്ദ്രത്തിൽ ആകൃഷ്ടനായി കെയ്റോയിൽ ഖാലിഫ് ഹക്കിമിന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്ന വലിയൊരു ശാസ്ത്രജ്ഞനാണ് അൽ ഹസൻ. ഇറാക്കിലെ ബസ്രയിലാണ് അദ്ദേഹം ജനിച്ചത്. ഒരു ഭിഷഗ്വരനായാണ് പരിശീലനം നേടിയതെങ്കിലും ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ജ്യാമിതിയിലും പ്രാകാശികത്തിലും അദ്ദേഹം അവഗാഹം നേടി. ഹക്കിം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ ഒടുവിൽ ചെന്നു വീണത് ഒരു വലിയ അബദ്ധത്തിലാണ്. നൈൽ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഒരു മാർഗം കണ്ടെത്താമെന്ന് ഖാലിഫിന് അദ്ദേഹം വാക്കു കൊടുക്കുകയും അതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനതിൽ വിജയിക്കാനായില്ല. അൽ ഹസന് ഖാലിഫ് വിധിച്ചത് മരണശിക്ഷയാണ്. ആ ദുർവിധിയിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹം കണ്ടെത്തിയ ഏകമാർഗം ഭ്രാന്ത് അഭിനയിക്കുകയായിരുന്നു. 1020 ൽ ഹക്കിം മരിക്കും വരെ അദ്ദേഹം ഭ്രാന്തനായി ജീവിച്ചു എന്നാണു കഥ.

അൽ ഹസന്റെ കണ്ടുപിടുത്തങ്ങളിൽ വലിയൊരു പങ്കും അദ്ദേഹത്തിന്റെ അവസാനത്തെ പത്തു വർഷങ്ങളിലാണ് ഉണ്ടായത് എന്ന വസ്തുത കഥ ശരിയാകാം എന്നതിന്റെ സൂചനയാണ്. യൂക്ലിഡിന്റേയും ടോളമിയുടേയും പ്രകാശിക സിദ്ധാന്തങ്ങൾ ഈ അവസാന വർഷങ്ങളി‍ൽ അദ്ദഹം പഠിക്കുകയും പരീക്ഷണ വിധേയമാക്കുകയും പുതിയ തത്വങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തു. ലെൻസുകളും വക്രദർപ്പണങ്ങളും കൊണ്ട് പുതിയ പരീക്ഷണങ്ങൾ നടത്തി അപവർത്തനത്തേയും വസ്തുക്കളെ മനുഷ്യദൃഷ്ടി കാണുന്നതിനേയും സംബന്ധിച്ച സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുയും ചെയ്തു. നക്ഷത്രത്തിൽ നിന്നു വരുന്ന പ്രകാശത്തിന് ഭൂ അന്തരീക്ഷത്തിലെ അപവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനവും അതു നക്ഷത്രസ്ഥാനത്തിൽ വരുത്തുന്ന മാറ്റവും അൽ ഹസൻ കണ്ടെത്തുന്നത് ആ അന്വേഷണത്തിന്റെ ഭാഗമായാണ്.

969 മുതൽ ഈജിപ്ത് വീണ്ടും ശാസ്ത്രത്തിന്റേയും ജ്യോതിശ്ശാസ്ത്രത്തിന്റേയും മുന്നണിയിലേക്കു വന്നു. കെയ്റോ കേന്ദ്രമാക്കി ഫതിമിഡ് ഖലീഫമാർ ഭരണം സ്ഥാപിക്കുകയും പാലസ്തീനും സിറിയയും അധീനത്തിൽ കൊണ്ടു വരികയും ചെയ്തു. അൽ-ഹക്കിം ഖാലിഫിന്റെ സംരക്ഷണയിൽ ഇബുൽ യൂനിസ് കെയ്റോക്കടുത്ത് 'മൊകാതി'മിൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. 829 മുതൽക്കുള്ള അറബ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ നിരീക്ഷണ ഫലങ്ങൾ ക്രോഡീകരിച്ച 'ഹക്കിമൈറ്റ് പട്ടിക' യൂനിസിന്റെ സംഭാവനയാണ്. സൂര്യചന്ദ്രന്മാരുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങൾ, ഗ്രഹണങ്ങൾ, സമരാത്ര ദിനങ്ങൾ, അയനാന്തങ്ങൾ, ക്രാന്തിവൃത്തത്തിന്റെ ചരിവ് തുടങ്ങിയ വിലപ്പെട്ട വിവരങ്ങൾ അതിൽ നിന്നു നമുക്കു ലഭിക്കുന്നു. 995-ൽ അൽ ഹക്കിം കെയ്റോയിൽ 'ശാസ്ത്ര ഭവനം' എന്ന സ്ഥാപനത്തിനു ജന്മം നൽകി. ഇറാക്കിൽ നിന്നുള്ള ജ്യോതിഷിയും ജ്യോതിശ്ശാസ്ത്രജ്ഞനുമായ അൽ ഹസൻ അന്നവിടെ പ്രവർത്തിച്ച പ്രമുഖരിലൊരാളാണ്.

പ്രകാശിക(optics)ത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന അൽ ഹസൻ അത് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളിൽ പ്രയോജനപ്പെടുത്തി. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന [ 116 ] പ്രകാശത്തിനുണ്ടാകുന്ന അപവർത്തനം (refraction) മൂലം സന്ധ്യാ സൂര്യന്റെ രൂപം എങ്ങനെ ദീർഘവൃത്തമായി മാറുന്നുവെന്നും ചക്രവാളത്തോടു ചേർന്നുള്ള നക്ഷത്രങ്ങളെ നാം യഥാർത്ഥ സ്ഥാനങ്ങളിൽ നിന്നു് എത്രമാത്രം മാറിയാണു് കാണുന്നതെന്നും അദ്ദേഹം കണക്കാക്കി. എന്നാൽ ടൈക്കോബ്രാഹിയുടെ കാലം വരെ ഈ അറിവു് ജോതിശ്ശാസ്ത്രത്തിൽ പിന്നീടാരും പ്രയോജനപ്പെടുത്തിയില്ലെന്നതാണു് വലിയ ദുരന്തം.

ചക്രവാളത്തോടടുക്കും തോറും നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തിനു് അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അന്തരീക്ഷത്തിലേയ്ക്കു് പ്രവേശിക്കുന്ന പതന കോൺ കൂടുകയും ചെയ്യും. ഇക്കാരണത്താൽ പ്രകാശത്തിനു് നന്നായി അപവർത്തനം സംഭവിക്കും. യഥാർത്ഥത്തിൽ S എന്ന സ്ഥാനത്തുള്ള ഒരു നക്ഷത്രത്തെ നമ്മൾ കാണുക S' എന്ന സ്ഥാനത്തായിരിക്കും. ഇക്കാര്യം ആദ്യം കണ്ടെത്തിയതു് അൽ ഹസനാണു്.

1220 മുതൽ അറേബ്യൻ ജ്യോതിശ്ശാസ്ത്രത്തിന്റെ (സംസ്കാരത്തിന്റേയും) അധ:പതനം ആരംഭിച്ചു. മംഗോളിയൻ രാജാവായ ചെങ്കിസ്ഖാൻ കൊറാസാൻ കീഴടക്കുകയും അൽ സൂഫിയുടെ ജന്മനാടായ റായ് നഗരം നശിപ്പിക്കുകയും ചെയ്തു. അടുത്ത വർഷം മംഗോൾ പട പേർഷ്യയിലേയ്ക്കു് ആഞ്ഞടിച്ചു. തൽക്കാലം മുന്നേറ്റം അവിടെ തീർന്നെങ്കിലും 1256-ൽ ഖാന്റെ പൗത്രനായ ഹുലാഗു മെസൊപൊട്ടേമിയ കീഴടക്കി. 1258-ൽ അയാൾ ബാഗ്ദാദിലേയ്ക്കു് പടനയിച്ചു. ആക്രമണത്തിനു് പറ്റിയ മുഹൂർത്തം ജ്യോതിഷിയോടു് അന്വേഷിച്ചപ്പോൾ (പരമ ഭക്തനായ ഒരു മുസ്ലീം ആയിരുന്നു ജോത്സ്യൻ) ആറു് ദുർനിമിത്തങ്ങൾ കാണുന്നതായി അയാൾ പ്രതിവചിച്ചു. ഹുലാഗു അയാളുടെ തല വെട്ടിയ ശേഷം മറ്റൊരാളെ തന്റെ ജ്യോതിഷിയായി നിയമിച്ചു. അയാൾ അനുസരണയോടെ മുഹൂർത്തം ഗണിച്ചു് നൽകുകയും യുദ്ധം തുടങ്ങി മൂന്നാഴ്ചയ്ക്കകം ഖലീഫ കീഴടങ്ങുകയും ചെയ്തു. പിന്നീടുള്ള ആറു് ദിവസം നഗരം രക്തത്തിൽ കുതിർന്നു. ഖലീഫയും കുടുംബാംഗങ്ങളും ഉൾപ്പെടെ അനേകായിരം പേർ ബാഗ്ദാദിൽ കൊല്ലപ്പെട്ടു. പ്രശസ്തമായ മുസ്താസിറിയ മെഡിക്കൽ സർവ്വകലാശാല ഉൾപ്പെടെ വിലപ്പെട്ടതെല്ലാം തീവെച്ചു് നശിപ്പിക്കപ്പെട്ടു.

പക്ഷെ, അക്രമികളിൽ ഒരാൾ മാത്രം വ്യത്യസ്തനായിരുന്നു. നസീർ-എദ്-ദിൻ അൽ-തുസി എന്ന ആ വ്യക്തി 'വിജ്ഞാനഭവന'ത്തിലുണ്ടായിരുന്ന അരലക്ഷത്തോളം വരുന്ന ഗ്രന്ഥങ്ങളും രേഖകളും അടിമകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി മരാഖയിൽ (പേർഷ്യയിലെ തബ്രീസിൽ) എത്തിച്ചു. 1260-ൽ അവിടെ ഒരു പുതിയ വാനനിരീക്ഷണ നിലയം സ്ഥാപിച്ചപ്പോൾ അൽ-തുസി അതിന്റെ തലവനായി. അതിനോടനുബന്ധിച്ചുള്ള ഗ്രന്ഥാലയത്തിൽ 4 ലക്ഷത്തിലേറെ കയ്യെഴുത്തു രേഖകൾ അദ്ദേഹം ശേഖരിച്ചു. അൽ-ഉർദി എന്ന വിദഗ്ദ്ധ ഉപകരണ നിർമ്മാതാവിന്റെ സഹായത്തോടെ 20 അടി വ്യാസമുള്ള ക്വാഡ്രന്റു് ഉൾപ്പെടെ നിരവധി പടുകൂറ്റൻ അളവുപകരണങ്ങൾ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിക്കപ്പെട്ടു. ഗണിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിച്ചും കലണ്ടർ പരിഷ്കരണം നടത്തിയും അൽ തുസിയും പുതിയ വാന നിരീക്ഷണ കേന്ദ്രവും ലോക പ്രശസ്തി [ 117 ] നേടി 1269-ൽ നിരീക്ഷണ ഫലങ്ങൾ ഒരു പുതിയ നക്ഷത്ര പട്ടികയുടെ രൂപത്തിൽ (ഇൽ-ഖാനിക് പട്ടിക) പുറത്തിറങ്ങി.

ചെങ്കിസ്ഖാന്റെ ആക്രമണത്തിനു് മുമ്പ് തന്നെ അറബ് സംസ്കാരത്തിന്റേയും ജ്യോതിശ്ശാസ്ത്രത്തിന്റേയും അധഃപതനം ആരംഭിച്ചിരുന്നു. ഇസ്ലാമിൽ തീവ്രവാദവും മൗലികവാദവും തലപൊക്കി തുടങ്ങിയിരുന്നു. ജീവിതത്തെ ആർജ്ജവത്തോടെയും ഊർജ്ജ്വസ്വലതയോടെയും സമീപിച്ച ഒരു ദർശനം എന്നതിൽ നിന്നു് മൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി അതു് മാറിക്കഴിഞ്ഞിരുന്നു. ഈജിപ്തിലും സിറിയയിലും ഏഷ്യാ മൈനറിലും എല്ലാം തീവ്രവാദക്കൊലയാളി സംഘങ്ങൾ ഉയർന്നു് വന്നു. 1090ൽ ഹസ്സൻ ബെൻ സബാ (കുരിശുയുദ്ധരേഖകളിൽ മലങ്കിഴവൻ - Old Man of the Mountains എന്നു് വിശേഷിപ്പിക്കുന്ന വ്യക്തി) സ്ഥാപിച്ച സംഘം ആണിതിനു് നേതൃത്വം നൽകിയതു്. അലാമത് പർവ്വതത്തിലെ ഒളിപ്പോർ കേന്ദ്രത്തിലിരുന്നുകൊണ്ടു് ബെൻസബാ ചുറ്റുമുള്ള നാടുകളെ മുഴുവൻ വിറകൊള്ളിച്ചു.

ജ്യോതിശാസ്ത്രത്തിൽ ഒടുവിലത്തെ പേർഷ്യൻ ശക്തി കേന്ദ്രം സമർഖണ്ഡ് ആയിരുന്നു. 14-ആം നൂറ്റാണ്ടിൽ തിമൂർ ലെങു് (അഥവാ ടാമർലെയ്ൻ) എന്ന മംഗോളിയൻ ചക്രവർത്തിയുടെ കീഴിൽ അവിടം അഭിവൃദ്ധി പ്രാപിച്ചു. ചക്രവർത്തിയുടെ പൗത്രനായ ഉലുഗ്ബേഗി (ജനനം 1394)ന്റെ നേതൃത്വത്തിൽ അവിടത്തെ വാനനിരീക്ഷണ കേന്ദ്രം പ്രശസ്തിയുടെ ഉന്നതിയിലെത്തി. നിരവധി പുതുമയുള്ള നിരീക്ഷണോപാധികളുമായി, കിഴക്കിന്റെ അത്ഭുതമായി, അതു് അറിയപ്പെട്ടു. 180 അടി ഉയരമുള്ള ഗ്നോമൺ (Gnomon - സൂര്യ ഘടികാരം) ഉപയോഗിച്ചു് സമയം മാത്രമല്ല സമർഖണ്ഡിന്റെ രേഖാംശവും കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞു. ക്രാന്തിവൃത്തത്തിന്റെ ചരിവു് കൃത്യമായി അളന്നു. വിഷുവബിന്ദുവിന്റെ പുരസ്സരണം 70 വർഷത്തിൽ ഒരു ഡിഗ്രി എന്നു് പുനർനിർണ്ണയിച്ചു. (അതിനു് മുമ്പു് 100 വർഷം മുതൽ 60 വർഷം വരേയുള്ള പല കണക്കുകളാണു് ഉണ്ടായിരുന്നതു്. ആധുനിക ഗണനമനുസരിച്ചു് 72 വർഷത്തിൽ ഒരു ഡിഗ്രിയാണു് പുരസ്സരണം) സൂര്യന്റെ ഓരോ സമയത്തേയും ഉന്നതി (altitude) അളക്കാൻ 120 അടി വ്യാസമുള്ള വമ്പൻ ക്വാഡ്രന്റു് ഉണ്ടായിരുന്നു. 1437-ൽ സിഗ് (Zig) എന്നറിയപ്പെടുന്ന നക്ഷത്ര പട്ടിക സമർഖണ്ഡിൽ നിന്നു് പുറത്തിറങ്ങി. പിന്നീടു്, 17-ആം നൂറ്റാണ്ടിന്റെ അന്ത്യം വരെ, യൂറോപ്പിൽ വ്യാപകമായുപയോഗിച്ചതു് ആ പട്ടികയാണു്. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങൾ മിനിട്ടുകളുടെ കൃത്യതയോടെ അതിൽ നിന്നു് ലഭിച്ചു. ടോളമിയെ കോപ്പിയടിക്കാത്ത കിഴക്കിന്റെ വാനനിരീക്ഷകൻ ആയാണു് ഉലുഗ് ബേഗ് അറിയപ്പെടുന്നതു്.

ഉലുഗ് ബേഗ് വലിയൊരു ജ്യോതിഷി കൂടിയായിരുന്നു. തന്റെ മക്കളുടെ ഗ്രഹനില നോക്കിയതിൽ നല്ല ഭാവി ഇളയമകനാണെന്നു് കണ്ടു് അധികാരം അയാൾക്കു് നൽകാൻ അദ്ദേഹം തീരു [ 118 ] മാനിച്ചു. മൂത്തമകൻ അബ്ദുൾ ലത്തീഫിനു് പക്ഷെ ഈ പ്രവചനത്തോടു് വലിയ ബഹുമാനമൊന്നും തോന്നിയില്ല. അയാൾ സ്വന്തമായി സൈന്യം സംഭരിച്ചു് കൊട്ടാരം ആക്രമിച്ചു. ഉലുഗ് ബേഗ് ഓടി രക്ഷപ്പെട്ടു. പക്ഷെ, 1449-ൽ അബ്ദുൾ ലത്തീഫ് പിതാവിനെ കണ്ടെത്തി ബന്ധനസ്ഥനാക്കുകയും അദ്ദേഹത്തേയും ഇളയ സഹോദരനേയും വധിക്കുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ ജ്യോതിഷികളിൽ ഒരാളുടെ പോലും പ്രവചനത്തിന്റെ ഗതി ഇതാണെങ്കിൽ പിന്നെ സാധാരണ ജോത്സ്യരുടെ കാര്യം പറയാതിരിക്കുകയല്ലേ ഭേദം. ഉലുഗ്ബേഗിന്റെ മരണത്തോടെ ഏഷ്യയിൽ അറിയപ്പെടുന്ന ജ്യോതിശ്ശാസ്ത്ര കേന്ദ്രങ്ങൾ ഒന്നും ഇല്ലാതായി.

പടിഞ്ഞാറു് ഇസ്ലാമിക സംസ്കാരം ശക്തിപ്രാപിച്ചതു് സ്പെയിനിലും സിസിലിയിലുമാണു്. 8-9 നൂറ്റാണ്ടോടെ കൊർദോവാ, ടൊളേഡോ, സെവിൻ, സിറാക്യൂസ് എന്നിവിടങ്ങൾ അതിന്റെ സ്വാധീനത്തിൽ വന്നു. പത്താം നൂറ്റാണ്ടിൽ, സ്പാനിഷ് ഒമല്ലാദ് ഭരണാധികാരികളുടെ കീഴിൽ കൊർദോവ ബാഗ്ദാദിനെ വെല്ലുന്ന നഗരമായി. അൽ-ഹക്കിം രണ്ടാമന്റെ ഗ്രന്ഥാലയത്തിൽ 4 ലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു എന്നാണു് പറയപ്പെടുന്നതു്. (കുറച്ചു് അതിശയോക്തിയാവാം) 70 ഗ്രന്ഥാലയങ്ങൾ കൊർദോവയിൽ വേറെയും ഉണ്ടായിരുന്നു.

ടൊളേഡോയിൽ ജീവിച്ചിരുന്ന അൽ സർകാലി (യൂറോപ്യർക്കു് അൽസാവേൽ)യാണു് (മരണം 1087) മുസ്ലീം സ്പെയിനിലെ ഏറ്റവും പ്രശസ്തനായ വാന നിരീക്ഷകൻ. ഒരു ഉപകരണ നിർമാതാവെന്ന പേരിൽ പ്രശസ്തനായിരുന്ന സർകാലിയുടെ ആസ്ട്രോലാബുകളും ഉപകരണ നിർമ്മാണത്തെ സംബന്ധിച്ച ഗ്രന്ഥവും യൂറോപ്പിലാകെ വിറ്റഴിഞ്ഞിരുന്നു.

ജ്യോതിശ്ശാസ്ത്രം പിന്നീടു് പുതിയ നാമ്പുകൾ നീട്ടുന്നതു് ഇസ്ലാമിക സംസ്കാരത്തിന്റെ വിദൂര കോണായ സ്പെയിനിലാണു്. ഇതേകാലത്തു് ഭാരതത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ചു്, കേരളത്തിൽ കുറേയേറെ മുന്നേറ്റമുണ്ടായെങ്കിലും അതൊന്നും ലോകം അറിയാതെ പോയി.

അറബു് ജ്യോതിശ്ശാസ്ത്രത്തെ വളർത്തുന്നതിൽ വലിയ പങ്കു് വഹിച്ച ഏതാനും പ്രമുഖരുടെ പേരുകൾ മാത്രമേ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടുള്ളു. നാനൂറിലേറെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഭാവനകൾ എഫ്. സുടർ എടുത്തു് പറയുന്നുണ്ടു്. അവരിൽ പലരും ജ്യോതിശ്ശാസ്ത്രത്തോടൊപ്പം ഭിഷഗ്വരന്മാരും ആൽക്കെമിസ്റ്റുകളും കൂടിയായിരുന്നു. ഉദാഹരണത്തിനു് 980-1037 കാലത്തു് ജീവിച്ച തുബിൻ-സിന (യൂറോപ്യർക്കു് അവിസെന്ന) പേരുകേട്ട ജ്യോതിശ്ശാസ്ത്രജ്ഞനും അതിലേറെ പേരു് കേട്ട ഭിഷഗ്വരനും ആയിരുന്നു.

ഇസ്ലാമിക ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചു് പറയുമ്പോൾ യൂറോപ്പിൽ പലരും വിശേഷിപ്പിക്കാറു് 'പ്രാചീന ഗ്രീക്കു്-റോമൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിച്ചവർ' (Torch bearers) എന്നാണു്. എന്നാൽ ഇതൊരു വലിയ നുണയാണു്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു് വിജ്ഞാനം സംഭരിക്കുകയും സ്വന്തമായി വിജ്ഞാനം സൃഷ്ടിക്കുകയും ചെയ്തു എന്നു് സൂക്ഷ്മ പരിശോധനയിൽ കാണാം. നക്ഷത്രങ്ങളുടെ ഉന്നതി അളക്കാൻ ക്വാഡ്രന്റു് ഉപയോഗിച്ചു് തുടങ്ങിയതും അളവുപകരണങ്ങളുടെ ഇക്വറ്റോറിയൽ മൗണ്ടിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കിയതും അവരാണു്. യൂറോപ്പിൽ ഇതൊക്കെ എത്തുന്നതു് ടൈക്കോബ്രാഹിയുടെ കാലത്താണു്. അരിസ്റ്റോട്ടിലിന്റേയും ടോളമിയുടേയും പോലും അളവുകളും നിഗമനങ്ങളും തിരുത്താൻ അറബ് ജ്യോതിശ്ശാസ്ത്രജ്ഞർ ഭയപ്പെട്ടില്ല. എങ്കിലം തുടക്കത്തിൽ പറഞ്ഞപോലെ, സ്വന്തമായ ഒരു പ്രപഞ്ച ചിത്രം രൂപപ്പെടുത്തുന്നതിൽ ഇസ്ലാം ജ്യോതിശ്ശാസ്ത്രം പരാജയപ്പെട്ടു എന്നു് പറയാതെ നിർവാഹമില്ല.