പ്രകാശത്തിനുണ്ടാകുന്ന അപവർത്തനം (refraction) മൂലം സന്ധ്യാ സൂര്യന്റെ രൂപം എങ്ങനെ ദീർഘവൃത്തമായി മാറുന്നുവെന്നും ചക്രവാളത്തോടു ചേർന്നുള്ള നക്ഷത്രങ്ങളെ നാം യഥാർത്ഥ സ്ഥാനങ്ങളിൽ നിന്നു് എത്രമാത്രം മാറിയാണു് കാണുന്നതെന്നും അദ്ദേഹം കണക്കാക്കി. എന്നാൽ ടൈക്കോബ്രാഹിയുടെ കാലം വരെ ഈ അറിവു് ജോതിശ്ശാസ്ത്രത്തിൽ പിന്നീടാരും പ്രയോജനപ്പെടുത്തിയില്ലെന്നതാണു് വലിയ ദുരന്തം.
1220 മുതൽ അറേബ്യൻ ജ്യോതിശ്ശാസ്ത്രത്തിന്റെ (സംസ്കാരത്തിന്റേയും) അധ:പതനം ആരംഭിച്ചു. മംഗോളിയൻ രാജാവായ ചെങ്കിസ്ഖാൻ കൊറാസാൻ കീഴടക്കുകയും അൽ സൂഫിയുടെ ജന്മനാടായ റായ് നഗരം നശിപ്പിക്കുകയും ചെയ്തു. അടുത്ത വർഷം മംഗോൾ പട പേർഷ്യയിലേയ്ക്കു് ആഞ്ഞടിച്ചു. തൽക്കാലം മുന്നേറ്റം അവിടെ തീർന്നെങ്കിലും 1256-ൽ ഖാന്റെ പൗത്രനായ ഹുലാഗു മെസൊപൊട്ടേമിയ കീഴടക്കി. 1258-ൽ അയാൾ ബാഗ്ദാദിലേയ്ക്കു് പടനയിച്ചു. ആക്രമണത്തിനു് പറ്റിയ മുഹൂർത്തം ജ്യോതിഷിയോടു് അന്വേഷിച്ചപ്പോൾ (പരമ ഭക്തനായ ഒരു മുസ്ലീം ആയിരുന്നു ജോത്സ്യൻ) ആറു് ദുർനിമിത്തങ്ങൾ കാണുന്നതായി അയാൾ പ്രതിവചിച്ചു. ഹുലാഗു അയാളുടെ തല വെട്ടിയ ശേഷം മറ്റൊരാളെ തന്റെ ജ്യോതിഷിയായി നിയമിച്ചു. അയാൾ അനുസരണയോടെ മുഹൂർത്തം ഗണിച്ചു് നൽകുകയും യുദ്ധം തുടങ്ങി മൂന്നാഴ്ചയ്ക്കകം ഖലീഫ കീഴടങ്ങുകയും ചെയ്തു. പിന്നീടുള്ള ആറു് ദിവസം നഗരം രക്തത്തിൽ കുതിർന്നു. ഖലീഫയും കുടുംബാംഗങ്ങളും ഉൾപ്പെടെ അനേകായിരം പേർ ബാഗ്ദാദിൽ കൊല്ലപ്പെട്ടു. പ്രശസ്തമായ മുസ്താസിറിയ മെഡിക്കൽ സർവ്വകലാശാല ഉൾപ്പെടെ വിലപ്പെട്ടതെല്ലാം തീവെച്ചു് നശിപ്പിക്കപ്പെട്ടു.
പക്ഷെ, അക്രമികളിൽ ഒരാൾ മാത്രം വ്യത്യസ്തനായിരുന്നു. നസീർ-എദ്-ദിൻ അൽ-തുസി എന്ന ആ വ്യക്തി 'വിജ്ഞാനഭവന'ത്തിലുണ്ടായിരുന്ന അരലക്ഷത്തോളം വരുന്ന ഗ്രന്ഥങ്ങളും രേഖകളും അടിമകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി മരാഖയിൽ (പേർഷ്യയിലെ തബ്രീസിൽ) എത്തിച്ചു. 1260-ൽ അവിടെ ഒരു പുതിയ വാനനിരീക്ഷണ നിലയം സ്ഥാപിച്ചപ്പോൾ അൽ-തുസി അതിന്റെ തലവനായി. അതിനോടനുബന്ധിച്ചുള്ള ഗ്രന്ഥാലയത്തിൽ 4 ലക്ഷത്തിലേറെ കയ്യെഴുത്തു രേഖകൾ അദ്ദേഹം ശേഖരിച്ചു. അൽ-ഉർദി എന്ന വിദഗ്ദ്ധ ഉപകരണ നിർമ്മാതാവിന്റെ സഹായത്തോടെ 20 അടി വ്യാസമുള്ള ക്വാഡ്രന്റു് ഉൾപ്പെടെ നിരവധി പടുകൂറ്റൻ അളവുപകരണങ്ങൾ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിക്കപ്പെട്ടു. ഗണിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിച്ചും കലണ്ടർ പരിഷ്കരണം നടത്തിയും അൽ തുസിയും പുതിയ വാന നിരീക്ഷണ കേന്ദ്രവും ലോക പ്രശസ്തി