താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനിച്ചു. മൂത്തമകൻ അബ്ദുൾ ലത്തീഫിനു് പക്ഷെ ഈ പ്രവചനത്തോടു് വലിയ ബഹുമാനമൊന്നും തോന്നിയില്ല. അയാൾ സ്വന്തമായി സൈന്യം സംഭരിച്ചു് കൊട്ടാരം ആക്രമിച്ചു. ഉലുഗ് ബേഗ് ഓടി രക്ഷപ്പെട്ടു. പക്ഷെ, 1449-ൽ അബ്ദുൾ ലത്തീഫ് പിതാവിനെ കണ്ടെത്തി ബന്ധനസ്ഥനാക്കുകയും അദ്ദേഹത്തേയും ഇളയ സഹോദരനേയും വധിക്കുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ ജ്യോതിഷികളിൽ ഒരാളുടെ പോലും പ്രവചനത്തിന്റെ ഗതി ഇതാണെങ്കിൽ പിന്നെ സാധാരണ ജോത്സ്യരുടെ കാര്യം പറയാതിരിക്കുകയല്ലേ ഭേദം. ഉലുഗ്ബേഗിന്റെ മരണത്തോടെ ഏഷ്യയിൽ അറിയപ്പെടുന്ന ജ്യോതിശ്ശാസ്ത്ര കേന്ദ്രങ്ങൾ ഒന്നും ഇല്ലാതായി.

പടിഞ്ഞാറു് ഇസ്ലാമിക സംസ്കാരം ശക്തിപ്രാപിച്ചതു് സ്പെയിനിലും സിസിലിയിലുമാണു്. 8-9 നൂറ്റാണ്ടോടെ കൊർദോവാ, ടൊളേഡോ, സെവിൻ, സിറാക്യൂസ് എന്നിവിടങ്ങൾ അതിന്റെ സ്വാധീനത്തിൽ വന്നു. പത്താം നൂറ്റാണ്ടിൽ, സ്പാനിഷ് ഒമല്ലാദ് ഭരണാധികാരികളുടെ കീഴിൽ കൊർദോവ ബാഗ്ദാദിനെ വെല്ലുന്ന നഗരമായി. അൽ-ഹക്കിം രണ്ടാമന്റെ ഗ്രന്ഥാലയത്തിൽ 4 ലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു എന്നാണു് പറയപ്പെടുന്നതു്. (കുറച്ചു് അതിശയോക്തിയാവാം) 70 ഗ്രന്ഥാലയങ്ങൾ കൊർദോവയിൽ വേറെയും ഉണ്ടായിരുന്നു.

ടൊളേഡോയിൽ ജീവിച്ചിരുന്ന അൽ സർകാലി (യൂറോപ്യർക്കു് അൽസാവേൽ)യാണു് (മരണം 1087) മുസ്ലീം സ്പെയിനിലെ ഏറ്റവും പ്രശസ്തനായ വാന നിരീക്ഷകൻ. ഒരു ഉപകരണ നിർമാതാവെന്ന പേരിൽ പ്രശസ്തനായിരുന്ന സർകാലിയുടെ ആസ്ട്രോലാബുകളും ഉപകരണ നിർമ്മാണത്തെ സംബന്ധിച്ച ഗ്രന്ഥവും യൂറോപ്പിലാകെ വിറ്റഴിഞ്ഞിരുന്നു.

ജ്യോതിശ്ശാസ്ത്രം പിന്നീടു് പുതിയ നാമ്പുകൾ നീട്ടുന്നതു് ഇസ്ലാമിക സംസ്കാരത്തിന്റെ വിദൂര കോണായ സ്പെയിനിലാണു്. ഇതേകാലത്തു് ഭാരതത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ചു്, കേരളത്തിൽ കുറേയേറെ മുന്നേറ്റമുണ്ടായെങ്കിലും അതൊന്നും ലോകം അറിയാതെ പോയി.

അറബു് ജ്യോതിശ്ശാസ്ത്രത്തെ വളർത്തുന്നതിൽ വലിയ പങ്കു് വഹിച്ച ഏതാനും പ്രമുഖരുടെ പേരുകൾ മാത്രമേ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടുള്ളു. നാനൂറിലേറെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഭാവനകൾ എഫ്. സുടർ എടുത്തു് പറയുന്നുണ്ടു്. അവരിൽ പലരും ജ്യോതിശ്ശാസ്ത്രത്തോടൊപ്പം ഭിഷഗ്വരന്മാരും ആൽക്കെമിസ്റ്റുകളും കൂടിയായിരുന്നു. ഉദാഹരണത്തിനു് 980-1037 കാലത്തു് ജീവിച്ച തുബിൻ-സിന (യൂറോപ്യർക്കു് അവിസെന്ന) പേരുകേട്ട ജ്യോതിശ്ശാസ്ത്രജ്ഞനും അതിലേറെ പേരു് കേട്ട ഭിഷഗ്വരനും ആയിരുന്നു.

ഇസ്ലാമിക ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചു് പറയുമ്പോൾ യൂറോപ്പിൽ പലരും വിശേഷിപ്പിക്കാറു് 'പ്രാചീന ഗ്രീക്കു്-റോമൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിച്ചവർ' (Torch bearers) എന്നാണു്. എന്നാൽ ഇതൊരു വലിയ നുണയാണു്. അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു് വിജ്ഞാനം സംഭരിക്കുകയും സ്വന്തമായി വിജ്ഞാനം സൃഷ്ടിക്കുകയും ചെയ്തു എന്നു് സൂക്ഷ്മ പരിശോധനയിൽ കാണാം. നക്ഷത്രങ്ങളുടെ ഉന്നതി അളക്കാൻ ക്വാഡ്രന്റു് ഉപയോഗിച്ചു് തുടങ്ങിയതും അളവുപകരണങ്ങളുടെ ഇക്വറ്റോറിയൽ മൗണ്ടിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കിയതും അവരാണു്. യൂറോപ്പിൽ ഇതൊക്കെ എത്തുന്നതു് ടൈക്കോബ്രാഹിയുടെ കാലത്താണു്. അരിസ്റ്റോട്ടിലിന്റേയും ടോളമിയുടേയും പോലും അളവുകളും നിഗമനങ്ങളും തിരുത്താൻ അറബ് ജ്യോതിശ്ശാസ്ത്രജ്ഞർ ഭയപ്പെട്ടില്ല. എങ്കിലം തുടക്കത്തിൽ പറഞ്ഞപോലെ, സ്വന്തമായ ഒരു പ്രപഞ്ച ചിത്രം രൂപപ്പെടുത്തുന്നതിൽ ഇസ്ലാം ജ്യോതിശ്ശാസ്ത്രം പരാജയപ്പെട്ടു എന്നു് പറയാതെ നിർവാഹമില്ല.