താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധിപൻ" ആയി മാറിക്കഴിഞ്ഞു എന്നും വാദിച്ചു. ജ്യോത്സ്യം ഒരുതരം ബിംബാരാധനയും തന്മൂലം അക്രിസ്തീയവും ആയി അദ്ദേഹം പ്രഖ്യാപിച്ചു.

ക്രിസ്തീയ മതനേതാക്കളിൽ സെന്റ് അഗസ്റ്റിൻ, ടെർ ടുലിയൻ, ഹിപ്പോലിറ്റസ് തുടങ്ങിയവർ ഗ്രഹങ്ങൾ മനുഷ്യനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കാൻ കൂട്ടാക്കാത്തവരായിരുന്നു അവർ പറഞ്ഞു; "എല്ലാ കുഴപ്പങ്ങളും സാത്താന്റെ സൃഷ്ടിയാണ് . ദൈവത്തിന്റെ സൃഷ്ടിയായ ഗ്രഹങ്ങൾ ഒരിക്കലും മനുഷ്യനു ദോഷം വരുത്തില്ല. സാത്താൻ രോഗങ്ങളും ദുസ്വപ്നങ്ങളും വിഭ്രാന്തികളുംവഴി മനുഷ്യനെ അടിമകളാക്കുന്നു. ചന്ദ്രനാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്നു വരുത്തി ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വത്തെ ഇടിച്ചു താഴ്ത്താൻ അവൻ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ച് ഓരോരോ സ്വാധീനങ്ങൾ പ്രകടമാക്കുകയാണ്." അതായത്, ജ്യോതിഷം പ്രവചിക്കുന്ന സ്വാധീനങ്ങളെ അംഗീകരിക്കുകയും പക്ഷെ, അതിനുള്ള കാരണം സാത്താനാണെന്നു പറയുകയുമാണവർ ചെയ്തത്. സ്വാഭാവികമായും ജ്യോതിഷത്തെ പ്രതിരോധിക്കാൻ അതുകൊണ്ട് കഴിഞ്ഞില്ല.

പക്ഷേ, ഇതൊന്നും അപ്പടി സ്വീകരിക്കാൻ എല്ലാ ക്രിസ്ത്യാനികളും തയ്യാറായില്ല. "സ്രഷ്ടാവ് ആകാശത്ത് നക്ഷത്രങ്ങളെ അടയാളമാക്കി നിർത്തിയിരിക്കുന്നു" എന്ന് പഴയ നിയമത്തിലില്ലേ എന്ന് പലരും ചോദിച്ചു.

പള്ളി അനുവദിച്ചാലും ഇല്ലെങ്കിലും രാശികൾക്ക് ഗൂഢാർഥങ്ങളുണ്ടെന്നും ധൂമകേതുക്കൾ വിനാശസൂചകമാണെന്നും രോഗചികിത്സയ്ക്കായി പച്ചമരുന്നുകൾ പറിക്കുമ്പോൾ ചന്ദ്രന്റെ വൃദ്ധിക്ഷയാവസ്ഥകൾ പരിഗണിച്ചില്ലെങ്കിൽ ഫലമുണ്ടാകില്ലെന്നും ഒക്കെ വിശ്വസിക്കാത്ത ക്രിസ്ത്യാനികൾ അന്നു ചുരുക്കമായിരുന്നു. ഒടുവിൽ സെന്റ് അഗസ്റ്റിൻ ഒരു സമവായം കണ്ടെത്തി: "നക്ഷത്രങ്ങൾ പ്രകൃതിയെ സ്വാധീനിക്കും, പക്ഷെ മനുഷ്യനെ സ്വാധീനിക്കില്ല; കാരണം അങ്ങനെ സ്വാധീനിച്ചാൽ അത് സർവശക്തനായ ദൈവം" എന്ന ആശയത്തിനും മനുഷ്യന്റെ "സ്വതന്ത്രേച്ഛ"യ്ക്കും (free will) വിരുദ്ധമാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും കാര്യങ്ങൾ തീരുമാനിച്ചാൽ പിന്നെ ദൈവം എങ്ങനെ സർവശക്തനാകും? മനുഷ്യന് സ്വതന്ത്രേച്ഛ ഇല്ലെങ്കിൽ, അവൻ വിധിയുടെ കളിപ്പാട്ടമാണെങ്കിൽ, താൻ ചെയ്യുന്ന പ്രവൃത്തികളുടെ ഫലങ്ങൾക്ക് അവൻ എങ്ങനെ ഉത്തരവാദിയാകും? അങ്ങനെ വന്നാൽ പാപവും നരകവും അർഥഹീനമാകും, പ്രാർഥന വ്യർഥമാകും. ഇതു പിന്നീട് പള്ളിയുടെ ഔദ്യോഗികനിലപാടായി അംഗീകരിക്കപ്പെട്ടു. കാലാവസ്ഥ ഗ്രഹിക്കാനും അപകടസൂചനകൾ (ധൂമകേതുവിന്റെ വരവ്, ഗ്രഹണം മുതലായ) വായിക്കാനും വാനനിരീക്ഷണമാകാം. പക്ഷെ ജാതകവും ഫലപ്രവചനവും പാടില്ല.

കാൽദിയൻ മായാജാലത്തെ ഒട്ടൊന്നടക്കി നിർത്താൻ ഇതുകൊണ്ട് കഴിഞ്ഞു. പക്ഷേ, മധ്യകാലമായപ്പോഴേക്കും ജ്യോതിഷം പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവന്നു. 1108-ൽ യോർക്കിലെ ആർച്ച് ബിഷപ്പിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ അനുവദിക്കപ്പെട്ടില്ല; കാരണം അദ്ദേഹത്തിന്റെ തലയണക്കീഴിൽനിന്ന് ഒരു ജ്യോതിഷഗ്രന്ഥം കണ്ടെടുത്തിരുന്നു. എന്നാൽ 1109-ൽ ബാത്തിലെ പിതാവ് അഡലാർഡ് ജ്യോതിഷത്തെ ഭൂതം-ഭാവി-വർത്തമാനങ്ങളുടെ ശാസ്ത്രമായി അംഗീകരിച്ചു. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും ക്രമേണ ജ്യോതിഷം കൈയടക്കി. ശരീരത്തിലെ ഓരോ അവയവത്തിനും രോഗം വന്നാൽ ചികിത്സിക്കാൻ ആ അവയവത്തിന്റെ കാരകഗ്രഹത്തിന്റെ സ്ഥിതി നോക്കണം എന്നും വന്നു. രാഷ്ട്രീയ ഉട