താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖലീഫമാർ തയ്യാറായി.

അറബികളുടെ പുണ്യമാസം

മുഹമ്മദു് നബിക്കു മുമ്പ് അറേബ്യ അനേകം ഗോത്രത്തലവന്മാരുടെ കീഴിലായിരുന്നു. പ്രാദേശികയുദ്ധങ്ങൾ സർവസാധാരണമായിരുന്നു. നാഥനില്ലാത്ത അവസ്ഥ കാരണം കൊള്ളകൾ പെരുകി.

മെക്കയായിരുന്നു അറബികളുടെ പ്രധാന വ്യാപാരകേന്ദ്രം. മരുഭൂമിയ്ക്കു നടുവിൽ വറ്റാത്ത ശുദ്ധജലക്കിണറുകളുള്ള (സെം സെം എന്നാണവ അറിയപ്പെട്ടത്) മെക്ക സ്വാഭിവകമായും ഒരു തീർത്ഥാടനകേന്ദ്രം കൂടിയായി. ധാന്യത്തിന് അറബികൾ ആശ്രയിച്ചത് യമനിലെ സഫർ എന്ന വ്യാപാരകേന്ദ്രത്തെയായിരുന്നു. ഒട്ടകക്കൂട്ടങ്ങളുമായി വ്യാപാരികൾ മെക്കയിലും സഫറിലും എത്തും. സഫർ എന്നത് ഒരു മാസത്തിന്റെ പേർ തന്നെയായി മാറി. ആ മാസം ധാന്യം വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം പട്ടിണി.

വ്യാപാരികൾക്കു നേരെ ഗോത്രത്തലവന്മാരുടെ അനുമതിയോടെ നടന്ന കൊള്ളകൾ വ്യാപാരം അസാധ്യമാകിയപ്പോൾ അതിനൊരു പരിഹാരമായാണ് സഫർ മാസം പുണ്യമാസമായി ആചരിയ്ക്കാൻ ധാരണയുണ്ടായത്. കലഹവും യുദ്ധവുമില്ലാതെ ഒരു മാസം. വ്രതങ്ങളുടെ ഒരു മാസം.

ചാന്ദ്രമാസമായതുകൊണ്ട് സഫർ എപ്പോഴും ധാന്യം കിട്ടുന്ന കാലത്താവില്ലല്ലോ. ഒടുവിൽ ആ മാസത്തെ വിളവെടുപ്പ് കാലത്ത് ഉറപ്പിച്ച് നിർത്താൻ ധാരണയായി. ഹിജ്‌റയ്ക്ക് (ഇസ്ലാം വർഷാരംഭം) 200 വർഷം മുൻ‌പായിരുന്നു അത്. അൽ ബിറൂണി അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. "കലമ്മമാർക്ക് (ഒരു വിഭാഗത്തിൽ പെട്ട ഷെയ്ക്കുമാർ) ആയിരുന്നു വർഷാരംഭം നിർണ്ണയിയ്ക്കാനുള്ള ചുമതല. തീർത്ഥാടനച്ചടങ്ങു കഴിഞ്ഞാൽ അവാർ എല്ലാവരുമായി ചർച്ച ചെയ്യും. അധിവർഷം വേണമെന്നു കണ്ടാൽ അടുത്തമാസത്തിനും തന്മാസത്തിന്റെ പേർ തന്നെ എന്നു പ്രഖ്യാപിയ്ക്കും. ആളുകൾ അത് കൈയടിച്ച് അംഗീകരിയ്ക്കും. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ചെയ്യുന്ന ഈ ഏർപ്പാടിന് ‘നസി’ (സ്ഥാനമാറ്റം - shifting) എന്നായിരുന്നു പേർ. മനാസിലുകളുടെ (ചാന്ദ്രതാരങ്ങൾ) ഉദയം നോക്കിയാണവർ നസി തീരുമാനിച്ചത്".

ഹിജ്‌റ വരെ ഈ രീതി തുടർന്നു. പിന്നീട് നബി അത് വിലക്കി. വർഷാരംഭവും പുണ്യമാസവും മാറി. കലമ്മമാർക്ക് ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ആത്മീയ പരിവേഷവും സ്വാധീനവും കുറയ്ക്കാൻ ഇതുപകരിച്ചു. പുതിയ ഇസ്ലാമിക കലണ്ടറിന്റെ നീളം 354 ദിവസമാണ്. തന്മൂലം എല്ലാ അറബി മാസങ്ങളും എല്ലാ ഋതുക്കളിലൂടെയും സഞ്ചരിയ്ക്കും. ഒരു ചക്രം 33 വർഷം കൊണ്ട് പൂർത്തിയാക്കും.

755-ൽ ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം സിറിയയിൽ നിന്ന് ബാബിലോണിയയിലേക്കു മാറ്റി. ടൈഗ്രിസിന്റെ കരയിൽ ബാഗ്‌ദാദ് എന്ന പുതിയ നഗരം കേന്ദ്രമാക്കി അബ്ബാസിദ് ഖലീഫമാർ ഭരണമാരംഭിച്ചു. സിറിയ,ഈജിപ്ത്,ഗ്രീസ്,പേർഷ്യ, ഇന്ത്യ,,ചൈന എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാനപതികൾ അവരുടെ കൊട്ടാരത്തിൽ സ്ഥാനം കണ്ടെത്തി. 773-ൽ മങ്കാ എന്നുപേരുള്ള ഒരു ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞൻ അൽ-മൻസൂർ ഖലീഫയ്ക്ക് സിദ്ധാന്ത ജ്യോതിഷത്തിന്റെ ഒരു പ്രതി സമർപ്പിച്ചതും ഗ്രഹണങ്ങളും മറ്റും പ്രവചിക്കാൻ അത് പ്രയോജനപ്പെട്ടതും അന്നത്തെ രേഖകളിൽ കാണാം. അൽ ഫസീരി എന്ന പേർഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞനെയും പുത്രനെയും അത് അറബിഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ