താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂട്ടാക്കാതെ ഒരു മതം മാത്രം നിലകൊണ്ടു. അത് ഇസ്ലാം മതമായിരുന്നു. അല്ലാഹുവിനെയല്ലാതെ മറ്റാരെയും മുസ്ലീങ്ങൾക്ക് കീഴ് വഴങ്ങാനും അനുസരിക്കാനും ഉണ്ടായിരുന്നില്ല. ദൈവത്തിന് ഒരു രൂപം കല്പിക്കാനോ ദൈവം കഥാപാത്രമായി വരുന്ന പുതിയ കൽ‌പിത കഥകൾ നിർമിക്കാനോ പ്രവാചകന്റെ പോലും ചിത്രമോ ബിംബമോ ആരാധിക്കാനോ അനുവദിക്കായ്ക മൂലം ഇസ്ലാമിൽ ദൈവത്തിന്റെ ‘മാനുഷികവൽക്കരണം’ ഒട്ടും നടന്നില്ല. ആകാശഗോളങ്ങൾക്ക് അവയുടെ ദൈവികത്വം നഷ്ടപ്പെട്ടു. എങ്കിലും മാനത്ത് അടയാളങ്ങൾ ഉണ്ടെന്നും അവ ജ്യോതിഷികൾക്കു വായിക്കാൻ കഴിയുമെന്നും ഉള്ള വിശ്വാസത്തെ ഇസ്ലാം മതവും ചോദ്യം ചെയ്തില്ല.

ഭൂമിയിലെ ദുരിതമനുഭവിക്കുന്ന മനുഷ്യനെക്കുറിച്ച് വേവലാതിപ്പെട്ട ക്രിസ്തു യുക്തിഭദ്രമായ തത്വശാസ്ത്രങ്ങളൊന്നും അവതരിപ്പിക്കാൻ തുനിഞ്ഞില്ല. എല്ലാ നന്മകൾക്കും പ്രതിഫലം നൽകുന്ന, സ്വർഗത്തിലിരിക്കുന്ന, പിതാവിനെക്കുറിച്ച് പറഞ്ഞെങ്കിലും ആകാശത്തിനപ്പുറമുള്ള പ്രപഞ്ചത്തെക്കുറിച്ച് ഒരു ചിത്രവും നൽകിയില്ല. എന്നാൽ ക്രിസ്തുമതം യൂറോപ്പിലാകെ വ്യാപിക്കുകയും സാമൂഹ്യജീവിതത്തിൽ പള്ളിയുടെ സ്വാധീനം നിർണായകമാവുകയും ചെയ്തപ്പോൾ വിശ്വാസങ്ങൾക്ക് കൂടുതൽ ഉറപ്പുള്ള ഒരു ദാർശനിക അടിത്തറ ആവശ്യമായിവന്നു. ആ അന്വേഷണത്തിൽ പള്ളിനേതൃത്വം ചെന്നെത്തിയത് അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച വീക്ഷണത്തിലാണ്. ഭൂമി കേന്ദ്രമായി ഏഴുഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും ഉൾപ്പെടെ) അതിനു പുറത്തു നക്ഷത്രങ്ങൾ പതിച്ച ഒരാകാശവും ചേർന്നതായിരുന്നു ആ പ്രപഞ്ചം. പിൽക്കാലത്ത് അതിനെ ചോദ്യം ചെയ്തവരെല്ലാം പള്ളിയുടെ ശത്രുക്കളായി മുദ്രകുത്തപ്പെട്ടു.

കലണ്ടർ പരിഷ്കരണത്തിൽ ഇസ്ലാമിനു താല്പര്യമില്ലാതെ പോയത് ജ്യോതിശാസ്ത്രത്തിന്റെ വളർച്ചയെ ആദ്യകാലത്ത് മുരടിപ്പിച്ചു. 29 1/2 ദിവസമുള്ള ചാന്ദ്രമാസത്തിലും 12 ചാന്ദ്രമാസങ്ങൾ ചേർന്ന വർഷത്തിലും അവർ മുറുകെ പിടിച്ചു. ഖുറാനിലെ അഞ്ചാമത്തെ സൂറ പ്രഖ്യാപിക്കുന്നു. “അള്ളാഹു വെളിച്ചത്തിനായി പകൽ സൂര്യനെയും വെളിച്ചവും സമയവും കാലവും നൽകാനായി രാത്രിയിൽ ചന്ദ്രനെയും ആകാശത്ത് നിർത്തിയിരിക്കുന്നു.” കാലഗണനയിൽ എന്തെങ്കിലും പരിഷ്കാരം വരുത്താൻ ഈ പ്രസ്താവന തടസ്സമായിത്തീർന്നു. എങ്കിലും ഇസ്ലാമിന് ജ്യോതിശാസ്ത്രജ്ഞനെ മറ്റൊരു കാര്യത്തിൽ ആവശ്യമായി വന്നു. മുസ്ലീങ്ങൾ, അവർ ലോകത്തെവിടെയായാലും മെക്കയിലെ ‘ക-അബാ’യ്ക്ക് അഭിമുഖമായി നിന്നുവേണം പ്രാർത്ഥിക്കാൻ എന്ന് മുഹമ്മദ് നബി അനുശാസിച്ചു.(ഉരുണ്ട ഭൂമിയിൽ മെക്കയ്ക്ക് അഭിമുഖമായി നിൽക്കാൻ കഴിയുന്നത് അറേബ്യയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും മാത്രമാണെന്നും ഭൂമിയുടെ മറുവശത്തുള്ളവർക്ക് എങ്ങനെ നിന്നാലും മെക്കയുടെ നേർക്കാകാൻ പറ്റില്ലെന്നും അക്കാലത്ത് ആരും ചിന്തിച്ചുകാണില്ല). ലോകത്തെല്ലായിടത്തുമുള്ള ഇസ്ലാംമത വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള ദിശ കാണിച്ചുകൊടുക്കാനും ആ ദിശയ്ക്ക് അഭിമുഖമായി പള്ളികൾ പണിയാനും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കൂടിയേ കഴിയുമായിരുന്നുള്ളൂ. നക്ഷത്രങ്ങളെ ആശ്രയിച്ചായിരുന്നല്ലോ അന്ന് ദിക്കു നിർണയിച്ചിരുന്നത്. ജനവാസം ഏറെയുള്ള സ്ഥലങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും മുൻ‌കൂട്ടിത്തന്നെ തിട്ടപ്പെടുത്തിയാൽ പിന്നെ ദിശാനിർണയം എളുപ്പമാകും. ആരാധനാവശ്യത്തിനായി ചെയ്ത ഈ പണി പിന്നീട് വ്യാപാരികളുടെ സഞ്ചാരത്തിനും കപ്പൽ യാത്രയ്ക്കും വളരെ പ്രയോജനപ്പെട്ടു.

ചുരുക്കത്തിൽ ജ്യോതിഷത്തിൽ നിന്നു ജ്യോതിശ്ശാസ്ത്രത്തിലേക്കുള്ള ഒരു തിരിച്ചുവരവിന് ഇസ്ലാം തുടക്കമിട്ടു. പക്ഷേ ചില അളവുകൾ കൃത്യമാക്കുക എന്നതിലപ്പുറം പ്രപഞ്ചത്തെ ആഴ