താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെട്രിയിലും വിശദമായ പട്ടികകൾ തയ്യാറാക്കുകയും ചെയ്തു. ആൾജിബ്ര (അൽ-ജിബ്​ർ-വെൽ-മൂകാബില, അഥവാ നിർധാരണത്തിന്റെ ശാസ്ത്രം) എന്ന ഗണിതശാസ്ത്ര ശാഖയ്ക്ക് ജന്മം കൊടുത്തത് അദ്ദേഹമാണ്. (അതിന്റെ അടിസ്ഥാനാശയങ്ങൾ ഭാരതത്തിലും ഗ്രീസിലും നിന്നാണ് സ്വീകരിച്ചത്).

ഭൂമിയുടെ ചുറ്റളവ് കാണാൻ: അൽ-ക്വാരിസ്‌മി ഉപയോഗിച്ച മാർഗം അതീവ ലളിതമാണ്. നിൽക്കുന്ന സ്ഥാനത്തുനിന്ന് ഒരാൾ നേരെ വടക്കോട്ടും മറ്റൊരാൾ തെക്കോട്ടും നടക്കുക. എത്ര ദൂരം നടന്നാൽ ധ്രുവന്റെ സ്ഥാനം ആദ്യത്തെയാൾക്ക് ഒരു ഡിഗ്രി ഉയരുന്നതായും രണ്ടാമത്തെയാൾക്ക് ഒരു ഡിഗ്രി താഴുന്നതായും കാണുന്നു എന്നു കണ്ടെത്തുക. ഈ ദൂരത്തെ മുന്നൂറ്ററുപതു കൊണ്ടു ഗുണിച്ചാൽ ഭൂമിയുടെ ചുറ്റളവായി.

അൽ-ക്വാരിസ്മിയുടെ നേതൃത്വത്തിൽ ഭൂപടം നിർമ്മിക്കാൻ നടത്തിയ ശ്രമങ്ങളും ജ്യോതിശാസ്ത്രത്തിന്റെ വികാസത്തിനു സഹായകമായി കാരണം ഓരോ പ്രദേശത്തിന്റെയും അക്ഷാംശം കണക്കാക്കാൻ നക്ഷത്രങ്ങളുടെ, പ്രത്യേകിച്ച് ധ്രുവനക്ഷത്രത്തിന്റെ, ഉന്നതി കൃത്യമായി അളക്കേണ്ടതുണ്ടായിരുന്നു. ഭുമിയുടെ വ്യാസം കണക്കാക്കാൻ അൽ- ക്വാരിസ്മിയും അദ്ദേഹത്തിന്റെ നിരീക്ഷണാലയത്തിലെ ഉപകരണ നിർമ്മാണ വിദഗ്ധനായ അൽ- അസ്തുർലബിയും ചേർന്ന് കണ്ടെത്തിയ മാർഗം ലളിതവും രസകരവുമാണ്. ഒരു സ്ഥാനത്തുനിന്ന് ഒരാൾ നേരെ വടക്കോട്ടും മറ്റേയാൾ തെക്കോട്ടും സഞ്ചരിക്കുന്നു. വടക്കോട്ടു പോയ ആൾ ധ്രുവനക്ഷത്രം വടക്കേ ചക്രവാളത്തിൽ നിന്ന് കൂടുതൽ ഉയർന്നുപോകുന്നതായി കാണുമ്പോൾ മറ്റേയാൾ അതു ചക്രവാളത്തോടടുത്തു വരുന്നതായി കാണും ഇങ്ങനെ ഒരു ഡിഗ്രി ഉയരാനോ താഴാനോ എത്രദൂരം സഞ്ചരിച്ചിരിക്കണം എന്നവർ കണക്കാക്കി. 56⅔ അറബിക് മൈൽ എന്നാണവർക്കു കിട്ടിയത്. അതിനെ 360 കൊണ്ട് ഗുണിച്ച് ഭൂമിയുടെ ചുറ്റളവും കണക്കാക്കി. ഇങ്ങനെ കണക്കാക്കിയ ചുറ്റളവും വ്യാസവും വളരെയൊന്നും കൃത്യമായിരുന്നില്ല എന്നതു നേരാണ് എങ്കിലും അതിന്റെ ലാളിത്യവും ഭൂമി ഉരുണ്ടതാണെന്ന കാര്യത്തിലുള്ള സംശയരാഹിത്യവും ശ്രദ്ധേയമാണ്. അതിനും ഏഴു നൂറ്റാണ്ടുകൾക്കു ശേഷം ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ബ്രൂണോയെ ചുട്ടുകൊല്ലാൻ ക്രിസ്തീയനേതൃത്വം തയ്യാറായി എന്നോർക്കണം (ബ്രൂണോ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു അനന്തമായ കഴിവും സൃഷ്ടിപരതയുമുള്ള ദൈവം ഒരു കൊച്ചു ഭൂമിയെയും അതിൽ കുറച്ചു മനുഷ്യരേയും മാത്രം സൃഷ്ടിച്ച് തൃപ്തിയടയില്ല അതുകൊണ്ട് നിരവധി ‘ലോകങ്ങളും‘ അതിൽ നിരവധി ‘ജീവലോകങ്ങളും‘ ഉണ്ടായിരിക്കണം. ഇതാണ് പള്ളിയെ ഏറെ ശുണ്ഠി പിടിപ്പിച്ചത്).

അൽ-ക്വാരിസ്മി ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ആരാധകനായിരുന്നു. അദ്ദേഹം നിർമ്മിച്ച ജ്യോതിശാസ്ത്ര പട്ടികകളെല്ലാം ഉജ്ജയിനിയിലെ രേഖാംശം അടിസ്ഥാനമാക്കിയുള്ളതുമാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസം ദൈർഘ്യമുള്ള ഒരു വാർ‍ഷികകലണ്ടർ നടപ്പിലാക്കാനും വർഷാരംഭ ദിനമായി വസന്തവിഷുവം സ്വീകരിക്കാനും അദ്ദേഹം ശ്രമം നടത്തി പക്ഷേ, അറബിനാട്ടിൽ അത് സ്വീകാര്യമായില്ല.