താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒരു അറേബ്യൻ ആസ്ട്രോലാബ്

അറബ് ജ്യോതിഷത്തിൽ ഫലഭാഗത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ഊന്നൽ ജ്യോതിശാസ്ത്രത്തിനു തന്നെയായിരുന്നു. ഭൂമി ഉരുണ്ടതോ പരന്നതോ എന്നു കൊറാൻ പ്രത്യേകം പറയാത്തതുകൊണ്ട് ഭൂമിയുടെ ചുറ്റളവ് കണക്കാക്കാൻ തടസമൊന്നുമുണ്ടായില്ല. (യൂറോപ്പിൽ ക്രിസ്തീയ സഭ ഇതിനനുവദിച്ചിരുന്നില്ല) അളവുകൾക്കും പ്രയോഗത്തിനും ആയിരുന്നു അറബിനാടുകളിൽ പ്രാധാന്യം. ടോളമി വിവരിച്ച എല്ലാ അളവുപകരണങ്ങളും അവർ സ്വന്തമായുണ്ടാക്കി. ആർമില്ലറികളും ക്വാഡ്രന്റുകളും ഉണ്ടാക്കുന്നതിൽ അവർ അതീവനൈപുണ്യം നേടി. കയ്യിൽ കൊണ്ടു നടക്കാവുന്നതും അളവെടുക്കുമ്പോൾ കയ്യിൽ പിടിച്ച ഒരു വളയത്തിൽനിന്ന് തൂക്കിയിടാവുന്നതുമായ ആസ്ട്രോലാബ് എന്ന ഉപകരണം കലാപരമായ ചാതുര്യത്തോടെയാണവർ നിർമ്മിച്ചിരുന്നത്.

ഫലഭാഗ ജ്യോതിഷത്തെ ഇസ്ലാം അപ്പടി നിരാകരിച്ചു എന്നാരും ധരിക്കേണ്ട ജ്യോതിഷികൾക്ക് അവരുടെ ഉപജീവനമാർഗത്തിന് ഒരു മുട്ടും ഉണ്ടായില്ല. ജ്യോതിഷം മാത്രം പ്രാക്ടീസ് ചെയ്തവർ ഇന്ന് സ്മരിക്കപ്പെടുന്നില്ല എന്നു മാത്രം. എന്നാൽ ജ്യോതിഷത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലും സംഭാവനകൾ നൽകിയ പലരുമുണ്ടായിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ കൈവഴിയുടെ കരയ്ക്ക് കുഫാ നഗരത്തിൽ 850നോടടുത്ത് അൽ-കിൻഡി എന്ന ഒരു 'നവപ്ലാറ്റോണിക്' തത്വചിന്തകനുണ്ടായിരുന്നു. ഇന്നും ജ്യോതിഷികൾ പ്രവചനങ്ങളെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ഒരു വാദഗതി - ഗ്രഹങ്ങളും നക്ഷത്രങ്ങളും ചില നിഗൂഢ രശ്മികൾ ഉതിർക്കുന്നുണ്ടെന്നും മനുഷ്യരും ജീവജാലങ്ങളും പ്രസരിപ്പിക്കുന്ന സമാന രശ്മികളുമായി അവ പ്രതിപ്രവർത്തിക്കുമ്പോഴാണ് ഫലങ്ങൾ സിദ്ധമാകുന്നത് എന്നും ഉള്ള ആശയം - അവതരിപ്പിച്ചത് അദ്ദേഹമാണ്. ഏതാണ്ട് ഇതേകാലത്ത് അൽ-ഫർഘാനി എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ 28 നക്ഷത്രങ്ങളടങ്ങിയ ചാന്ദ്രസൗധവ്യവസ്ഥ, അഥവാ മനാസിൽ, അറബി നാടുകളിൽ അവതരിപ്പിച്ചു. (നമ്മുടെ നാളുകളുമായി നല്ല സാമ്യമുണ്ട് അവയ്ക്ക്.) അതേകാലത്തുതന്നെ ജാഫർ അബു മഷാർ രചിച്ച ജ്യോതിഷ ഗ്രന്ഥം യൂറോപ്പിൽ വ്യാപകമായ പ്രചാരം നേടി. രാശികളും ഗ്രഹസ്ഥാനങ്ങളും എല്ലാം പട്ടികപ്പെടുത്തുകയും അവയുടെ വ്യംഗ്യാർത്ഥങ്ങൾ വിവരിക്കുകയും ചെയ്ത പ്രസ്തുത ഗ്രന്ഥം മധ്യകാലഘട്ടത്തിലുടനീളം ജ്യോതിഷത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു. യൂറോപ്പിൽ അച്ചടി വിദ്യ നടപ്പിലായപ്പോൾ ഓസ്ബർഗിൽ ആദ്യം അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന്(വർഷം 1486)ഇതായിരുന്നു എന്നോർക്കുക.

അൽ-മാമുൻ ചക്രവർത്തി അറിയപ്പെട്ടിരുന്നത് 'അവിശ്വാസികളുടെ പടത്തലവൻ' എന്നായിരുന്നുവത്രേ. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എല്ലാത്തരം വിശ്വാസികളും ഉണ്ടായിരുന്നു. അൽ-ബതാനി, താബിത് ബെൻഖുറാ എന്നീ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞർ താരാരാധകർ കൂടിയായിരുന്നു. അൽബതാനി(മുഹമ്മദ് ഇബ്ൻ സിനാൻ അബു അബ്ദുള്ള അൽബതാനി എന്നു മുഴുവൻ പേര്.) സിറിയൻ രാജകുമാരനായിരുന്നു. റാക്കായിലും( ബാഗ്ദാദിനു വടക്കു പടിഞ്ഞാറ്) അന്ത്യോക്കിലും അദ്ദേഹം വാനനിരീക്ഷണം നടത്തി. 'നക്ഷത്ര ശാസ്ത്രം' എന്ന തന്റെ പുസ്തകത്തിൽ ചേർത്ത നക്ഷത്ര പട്ടികകളിൽ ടോളമിയുടെ നിരീക്ഷണങ്ങളിലുണ്ടായിരുന്ന പല പിശകുകളും തിരുത്തിയിരിക്കുന്നതു കാണാം. ടോളമിയുടെ കാലത്തെ നിരീക്ഷണവിവരങ്ങളും 880-ൽ താൻ നടത്തിയ നിരീക്ഷണ വിവരങ്ങളും താരതമ്യം ചെയ്ത് വർഷത്തിന്റെ നീളം 365ദി 5മ. 46 മി 24.