ജി. പി./രാഷ്ട്രീയ ധൎമ്മസമരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
രാഷ്ട്രീയ ധൎമ്മസമരം

[ 21 ] യുവാവായ പരമേശ്വരൻപിള്ള മദിരാശിയിലെത്തിയപ്പോൾ നിർദ്ധനനും നിസ്സഹായനുമായിരുന്നു. തന്റെ അചഞ്ചലമായ ധൈൎയ്യവും സുദൃഢമായ ആത്മവിശ്ചാസവുമല്ലാതെ മറെറാന്നും ആശ്രയമായി അന്നു് അദ്ദേഹത്തിനില്ലായിരുന്നു. വിനാവിളംബം അദ്ദേഹം പ്രസിഡൻസി കോളേജിൽ ചേർന്നെങ്കിലും, പ്രതികാരമൂർത്തിയായ ദിവാൻ, അദ്ദേഹത്തിനു് അവിടെയും സമാധാനം അനുവദിച്ചില്ല. അവിടെ വച്ചു്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കാനുള്ള ഒരു ശ്രമം നടന്നെങ്കിലും ചില അപ്രതീക്ഷിത പരിതസ്ഥിതികൾ അദ്ദേഹത്തെ അതിൽനിന്നും രക്ഷിച്ചു.

ഒരു ദിവസം പ്രസിഡൻസി കോളേജിന്റെ മുൻവശത്തു് ഒരു കുതിരവണ്ടിവന്നു നിന്നു. തിരുവിതാംകൂറിലേ ഒരു പോലീസ് ഇൻസ്‌പെക്ടരും മദിരാശി പോലീസിലെ ഒരു സാർജൻറുമായിരുന്നു അതിലുണ്ടായിരുന്നവർ. മദ്ധ്യാഹ്ന ഭക്ഷണത്തിനായി പോയിരുന്ന വിദ്യാർത്ഥികൾ ഓരോരുത്തരായി മടങ്ങിവന്നു തുടങ്ങിയതേയുള്ള. തിരുവിതാംകൂറിൽ നിന്നു വന്ന ആ പോലീസുദ്യോഗസ്ഥനെ വണ്ടിയിൽ തന്നെ ഇരുത്തിയിട്ടു് സാർജൻറു മലയാളികൾ ഭക്ഷണം കഴിക്കുന്ന സ്ഥലമന്വേഷിച്ചു തുടങ്ങി. കോളേജിലെ ഒരു ശിപായി ഏകദേശം ഇരുനൂറുവാര അകലെയുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചുകൊടുത്തു. അവിടെ ഒരു സംഘം മലയാളികൾ [ 22 ] കൂടി നില്ക്കുന്നതു കണ്ടു്, തനിക്കെതിരെ വന്ന ജി.പി.യെപ്പററി ശ്രദ്ധിക്കാതെ, ആ സാർജൻറു അങ്ങോട്ടുചെന്നു് ജി. പരമേശ്വരൻപിള്ള ആരാണെന്നു് അവിടെ ആദ്യം നിന്ന വിദ്യാർത്ഥിയോടു ചോദിച്ചു. ആ വിദ്യാർത്ഥി തെല്ലിട സംശയിച്ചു നിന്നെങ്കിലും അടുത്ത നിമിഷത്തിൽ സാർജൻറിനെ ഭക്ഷണശാലയിലേക്കു നയിച്ചു. കാൎയ്യം മനസ്സിലാക്കിയ ജി.പി. അവിടെനിന്നു പിൻവാതിലിൽ കൂടി രക്ഷപ്പെടുകയും ചെയ്തു.

ജി.പി. നേരെ ചെന്നതു് ഹൈക്കോടതിയിലേക്കാണു്. ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടി അന്നത്തെമദിരാശി ഗവർണ്ണർ സർ ഗ്രാൻറു്ഡഫിനും റസിഡൻറു് ഹാനിങ്ങ്ടൺസാസായ്‌പിനും ഓരോ ഹർജി എഴുതി ഉടൻതന്നെ സമർപ്പിച്ചു. ആ ഹർജികളിൽ തിരുവിതാംകൂർ ഗവർമ്മെൻറു് തന്നോടു കൈക്കൊണ്ടിരുന്ന നീതിരഹിതമായ മർദ്ദനനയത്തെ വിവരിക്കുകയും, തന്നെ ഏതെങ്കിലും നീതിന്യായക്കോടതിയിൽ വിസ്തരിക്കേണ്ടി വരുന്നപക്ഷം അതു് ബ്രിട്ടീഷ് ഇൻഡ്യയിൽ ഏതെങ്കിലും ഒരു കോടതിയിലായിരിക്കണമെന്നു് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നീതിനിഷ്ഠനായിരുന്ന ഗവർണ്ണർ ഉടൻതന്നെ ഒരു അന്വേഷണം നടത്തുവാൻ ഉത്തരവിടുകയും ഹാനിങ്ങ്ടൺസായ്‌പു് എക്സ്‌ട്രാഡിഷൻ വാറണ്ടു് പിൻ [ 23 ] വലിക്കുവാൻ തിരുവനന്തപുരത്തുള്ള തന്റെ സിൽബന്ധികൾക്കു് കമ്പിയടിക്കുകയും ചെയ്തു. എങ്കിലും ഒരാഴ്ചക്കാലത്തോളം ജി.പി. അറസ്റ്റിൽ പെടാതിരിക്കാൻവേണ്ടി "ഭൂഗർഭത്തി"ൽ കഴിച്ചുകൂട്ടേണ്ടി വന്നു. ഒടുവിൽ വാറണ്ടു പിൻവലിക്കുകയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന അന്യായം തള്ളിക്കളയുകയും ചെയ്തു.

അങ്ങിനെ സ്വതന്ത്രനായിത്തീർന്നതിനുശേഷം ജി.പി. പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്തു് ബി.ഏ.ഡിഗ്രി സമാർജ്ജിച്ചു. കുറച്ചുകാലം അദ്ദേഹം മദിരാശി ഹൈക്കോടതിയിൽ ഒരു മലയാളം പരിഭാഷകനായിരുന്നു. അന്നും തിരുവിതാംകൂറിലെ രാഷ്‌ട്രീയസ്ഥിതിഗതികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ദിവാൻ രാമയ്യങ്കാർ ഉദ്യോഗം ഒഴിഞ്ഞു പോവുകയും തൽസ്ഥാനത്തു് ററി. രാമറാവു നിയമിതനാവുകയും ചെയ്തു. സ്വതേ അശക്തനായിരുന്ന രായർ ദിവാന്റെ അവിദഗ്ദ്ധഭരണം രാജ്യത്തിലെ സ്ഥിതിയെ കൂടുതൽ വഷളാക്കിത്തീർത്തു.

പ്രവർത്തനോൽസുകനായിരുന്ന ജി.പി. യ്ക്കു് തിരുവിതാംകൂറിലെ സംഭവഗതികൾ കണ്ടുകൊണ്ടു് മൌനം ദീക്ഷിക്കുവാൻ മനസ്സുണ്ടായില്ല. “ഒരു രാജ്യസ്നേഹി” എന്ന ഗൂഢനാമധേയത്തിന്റെ മറവിൽനിന്നുകൊണ്ടു് അദ്ദേഹം തിരുവിതാംകൂറിലെ ദുർഭരണത്തെ നിശിതമായി വിമർശിച്ചുതുടങ്ങി. മദിരാശിയിലെ പ്രമുഖവർത്തമാനപ്പത്രങ്ങളിലെല്ലാം ആ “രാജ്യസ്നേഹി”യു [ 24 ] ടെ മൂർച്ചയേറിയ ലേഖനശരങ്ങൾ പ്രത്യക്ഷപ്പെട്ടു. അവയെപ്പററി ഒരിക്കൽ “ഹിന്ദു”(മദ്രാസ്) ഒരു കുറിപ്പു് പ്രസിദ്ധപ്പെടുത്തി.

“കുറച്ചു നാളുകളായി തിരുവിതാംകൂർ കാൎയ്യങ്ങളെപ്പററിയുള്ള ലേഖനങ്ങൾ പത്രപംക്തികളിൽ സ്ഥലം പിടിക്കുന്നുണ്ടു്. പത്രങ്ങളിൽ കാണുന്നതിൽ ദശാംശമെങ്കിലും പരമാർത്ഥമാണെങ്കിൽ ആ ‘മാതൃകാരാജ്യ'ത്തിലെ ഭരണത്തെപ്പററി ഒന്നു് അന്വേഷിക്കേണ്ടതാവശ്യമാണു്. അവിടുത്തെ ഭരണാധികാരികളുടെ പേരിൽ ഒന്നിനുപുറകെ ഒന്നായി നിരവധി കുററങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ടു്. അവയിലൊന്നെങ്കിലും ആരും നിഷേധിച്ചിട്ടുമില്ല. പത്രപ്രസ്താവനകൾക്കു് ഉപോൽബലകങ്ങളായ വസ്തുതകളാണു് വ്യക്തികളിൽനിന്നു് ലഭിച്ചുകൊണ്ടിരിക്കുന്നതു്. തിരുവിതാംകൂറിലെ ഭരണകൂടത്തിനു് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നുള്ളതിനു് സംശയമില്ല. മി: രാമറാവുവിനെ ദിവാനായി നിയമിച്ചപ്പോൾതന്നെ അദ്ദേഹത്തെ ചുററിയിരിക്കുന്ന ദുഷിച്ച ശക്തികളെ വിജയപൂർവ്വം നേരിടാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടോ എന്നുള്ള സംശയം ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സംശയം അടിസ്ഥാനരഹിതമായിരുന്നില്ലെന്നു് അനന്തരസംഭവങ്ങൾ തെളിയിച്ചുകഴിഞ്ഞു."

പത്രലേഖനങ്ങൾക്കു പുറമെ ഭാരതമൊട്ടുക്കുള്ള പൊതുജനശ്രദ്ധയെ ആകർഷിക്കത്തക്ക ശക്തിമത്തായ [ 25 ] ഭാഷയിൽ തിരുവിതാംകൂർ സ്ഥിതിഗതികളെപ്പററിയുള്ള ചില ലഘുലേഖകളും അദ്ദേഹം അടിക്കടി എഴുതി പ്രസിദ്ധപ്പെടുത്തി. അവയിൽ ആദ്യത്തേതു് ൧൮൮൭ -ൽ മദിരാശി ഗവർണ്ണരുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ "പ്രോപാട്രിയാ" ("സ്വരാജ്യത്തിനുവേണ്ടി") എന്ന പ്രഛന്ന നാമത്തിൽ പുറത്തുവന്ന "മദിരാശി ഗവർണ്ണർ കാണിമാറ പ്രഭുവിനുള്ള ഒരു തുറന്ന കത്തു്" ആയിരുന്നു. ഒരു മദിരാശിപത്രം അഭിപ്രായപ്പെട്ടതുപോലെ, ആ തുറന്ന കത്തു് "തിരുവിതാംകൂർകാരുടെ സങ്കടങ്ങളെയും രാജ്യത്തിലെ ദുർഭരണത്തേയും തുറന്നു കാണിക്കുന്നതിനു് പൎയ്യാപ്തവും, ജൂനിയസിന്റെ വിദ്വേഷത്തിന്റെ ലേശം പോലും ഇല്ലാത്തതും" ആയ ഒരു ലഘുലേഖയായിരുന്നു.

ധാരാളം യാഥാർത്ഥ്യങ്ങളും കണക്കുകളും ഉദ്ധരിച്ചു് എഴുതിയിരുന്ന ആ തുറന്ന കത്തിനെപ്പററി അന്നത്തെ പ്രമുഖപത്രങ്ങളെല്ലാം അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.

"ഈ പ്രസ്താവന തികച്ചും വ്യക്തവും നിശ്ചിതവുമാണു്. അതുകൊണ്ടു് അതിൽ കാണുന്ന ആരോപണങ്ങളുടെ യാഥാർത്ഥ്യത്തെപ്പററി അറിയുന്നതു് അത്ര വിഷമമുള്ള കാൎയ്യമല്ല."

("ഇംഗ്ലീഷ്‌മാൻ, " കൽക്കട്ട.)


"സാധാരണയായി ഗൂഢനാമധാരികളുടെ പ്രസ്താവനകൾ ഞങ്ങൾ വിശ്വസിക്കാറില്ല. പക്ഷെ ഈ [ 26 ] ലഘുലേഖയിൽ കാണുന്ന വസ്തുതകൾ വളരെക്കാലമായി 'പൊതുമുതലായി'ത്തീർന്നിട്ടുണ്ടു്. അവയെ നിഷേധിക്കുവാൻ ഇതുവരെ ആരും മുതിർന്നിട്ടുമില്ല."

("സ്റ്റേററ്സുമാൻ," കൽക്കട്ട,)


"ഇത്രയധികം പുകയുടെ പിന്നിൽ അല്പമെങ്കിലും തീ കാണാതിരിക്കയില്ല. കുറച്ചുകാലമായി തിരുവിതാംകൂറിൽ എല്ലാം ഭംഗിയായിട്ടാണു നടക്കുന്നതെന്നു് വിശ്വസിക്കാൻ സാധിക്കാത്തവിധത്തിൽ അവിടുത്തെ സംഗതികൾ വെളിയിൽ വന്നു തുടങ്ങിയിട്ടുണ്ടു്."

("സിവിൽ ആൻഡ് മിലിറററി ഗസററ്," ലാഹോർ,)


"ഋജുബുദ്ധിയും യോഗ്യതയും തികഞ്ഞ ഒരു മനുഷ്യനെന്നനിലയ്ക്കും ശേഷിമാനും ന്യായസ്ഥനുമായ ഒരു ഭരണാധികാരിയുടെ നിലയ്ക്കും കാണിമറാപ്രഭുവിൽ ഞങ്ങൾക്കു് അചഞ്ചലമായ വിശ്വാസമുണ്ടു്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മുഖസ്തുതികൊണ്ടും സേവകൊണ്ടും നിറം പിടിക്കാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിക്കുമെന്നു ഞങ്ങൾ ആശിക്കുന്നു. ഒരു കാലത്തു് ഭാരതത്തിലെ 'മാതൃകാരാജ്യം' എന്നു് പേരു കേട്ടിരുന്ന സംസ്ഥാനം, ചക്രവർത്തിനിതിരുമനസ്സിലെ ഈ പ്രവിശ്യയിലെ പ്രധാന പ്രതിനിധിയുടെ ഉദാസീനതമൂലം നശിക്കാനിടയിൽ അതു് പരമദയനീയമായിരിക്കും."

("കർണ്ണാടക പ്രകാശിക," ബാംഗളൂർ.)


ജനങ്ങളുടെ പ്രതീക്ഷകളെയെല്ലാം കാണിമറാ തകർത്തുകളഞ്ഞു. ഒന്നിലും ഇടപെടാത്ത ഒരു നയ [ 27 ] മാണു് അദ്ദേഹം സ്വീകരിച്ചതു്. പക്ഷേ ആ "തുറന്ന കത്തി"നു ദൂരവ്യാപകഫലം ഉണ്ടാകാതിരുന്നില്ല. തിരുവിതാംകൂറിലെ സ്ഥിതി ആകപ്പാടെ കുഴപ്പത്തിലാണെന്നു് അതു് ലോകത്തിന്റെ മുമ്പാകെ പ്രഖ്യാപിച്ചു.

രണ്ടുകൊല്ലങ്ങൾക്കുശേഷം "തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്" എന്നൊരു ലഘുലേഖയും ജി.പി. പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂറിലെ സർക്കാർ സർവ്വീസിൽ ഈ നാട്ടുകാരെ തുടർച്ചയായി അവഗണിച്ചുകൊണ്ടിരുന്ന "രായർ ഭരണ"ത്തിന്റെ കള്ളി പുറത്താക്കുന്ന ഒരു രേഖയായിരുന്നു അതു്. സ്വതസ്സിദ്ധമായ വാഗ്‌ധാടിയോടും നീതിനിഷ്ഠമായ അമർഷത്തോടുംകൂടി അതിൽ അദ്ദേഹമെഴുതിയിരുന്നതിങ്ങനെയാണു്:

"തിരുവിതാംകൂറിലെ ജനങ്ങൾ എന്നും വിദേശികളായ ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെ ദാസ്യവൃത്തിക്കാരായിരിക്കണമോ? ഈ ലോകം മുഴുവൻ തിരഞ്ഞാലും ഇങ്ങനെ തങ്ങളുടെ രാജ്യത്തിന്റെ ഭരണത്തിൽ ഒരു പ്രധാന പങ്കിൽനിന്നു് പുറം തള്ളപ്പെട്ടു്, തങ്ങളുടെ ജന്മാവകാശങ്ങൾ നഷ്ടപ്പെട്ടു്, ഒരു വിദേശീയ വർഗ്ഗത്തിനടിപ്പെട്ടു കഴിയുന്ന ഒരു ജനതയോ, ഒരു രാഷ്‌ട്രമോ, ഒരു ദേശമോ മറെറങ്ങും കാണുമെന്നു തോന്നുന്നില്ല. ഈ വിദേശീയവർഗ്ഗക്കാരാകട്ടെ, തങ്ങളുടെ കരബലം കൊണ്ടു് അവരെ കീഴടക്കിയിട്ടില്ല; തോ [ 28 ] ക്കിന്റെ മുമ്പിൽ അനുസരിപ്പിച്ചിട്ടില്ല; മാനസികമായോ കായികമായോ അവരെക്കാൾ മെച്ചമൊന്നുമുള്ളവരുമല്ല. ഒരു പക്ഷേ പരമ്പരാഗതമായുള്ള രാഷ്‌ട്രീയബോധത്തിൽ ഈ വിദേശികൾ വളരെ താണപടിയിലല്ലേ നില്ക്കുന്നതെന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അവർക്കു് ഈ രാജ്യത്തിന്റെ തണലിലല്ലാതെ കഴിഞ്ഞുകൂടുവാൻ തന്നെ യോഗ്യതയില്ല. എന്നിട്ടും അവർ ഇവിടെ അധികാരം പുലർത്തുന്നു. ഇതു് പ്രധാനമായിട്ടു് അവരുടെ വർഗ്ഗസ്നേഹംകൊണ്ടു മാത്രമാണു്. ഇതാണു് ഹതഭാഗ്യയായ വഞ്ചിനാടിന്റെ സ്ഥിതി! തിരുവിതാംകൂർ ഒരു കാലത്ത് തിരുവിതാംകൂർകാരുടേതായിരുന്നു. പക്ഷേ ഇന്നു് അങ്ങനെയല്ല. ഇനി എന്നെങ്കിലും ആയിരിക്കുമോ? നിസ്സഹായരും മർദ്ദിതരുമായ തിരുവിതാംകൂറുകാരുടെ ഈ ദുരവസ്ഥക്കു് ഒരു പരിഹാരമില്ലേ? നേരിയ ഒരു ആശക്കെങ്കിലും പഴുതില്ലേ? അതോ അവർ എന്നും അടിമകളായി കിടന്നു് ഉഴലണമോ? അവരുടെ പൂർവ്വികന്മാർ അഭിമാനപൂർവ്വം വച്ചുപുലർത്തിയിരുന്ന രാഷ്‌ട്രീയമേധാവിത്വം അവർ ഒരിക്കലും ആശിക്കപോലും വേണ്ടെന്നോ? കേശവദാസന്മാരുടെയും വേലുത്തമ്പിമാരുടെയും അയ്യപ്പൻമാർത്താണ്ഡന്മാരുടെയും ചെമ്പകരാമന്മാരുടെയും ധീരകൃത്യങ്ങളും ഉന്നതമായ മനുഷ്യസ്നേഹവും നിർദ്ദോഷങ്ങളായ ആവേശങ്ങളും അതി [ 29 ] രററ ഔദാൎയ്യവും സ്വാർത്ഥരഹിതമായ നീതിനിഷ്ഠയും അതുപോലെയുള്ള മററു് ഉന്നതാദർശങ്ങളും ആവർത്തിക്കപ്പെടുന്ന ഒരു കാലം തിരുവിതാംകൂറിനു് ഇനി ഉണ്ടാവുകയില്ലെന്നോ? തിരുവിതാംകൂറിന്റെ മഹത്തായ പാരമ്പൎയ്യം വെറുമൊരു കടംകഥയായി പരിണമിക്കുമെന്നോ?"

"തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്" എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു് അധികം കഴിയുന്നതിനുമുമ്പ് രാമറാവുവിന്റെ ഭരണത്തെ വിമർശിച്ചുകൊണ്ടു് മറെറാരു ലഘുലേഖ ജി.പി. പ്രസിദ്ധപ്പെടുത്തി. അതിൽ ഭരണപരിഷ്കാരത്തിനു് ഉപയോഗപ്രദമായ രീതിയിൽ ചില നിർദ്ദേശങ്ങൾ അദ്ദേഹം ആവിഷ്ക്കരിക്കുകയും അതെല്ലാം ദിവാൻ രാമറാവു സ്വീകരിക്കുകയും ചെയ്തു.

ജി.പി. ചെയ്ത മറെറാരു മഹൽകൃത്യം, തിരുവിതാംകൂർ സർക്കാർ സർവീസിൽ തിരുവിതാംകൂറുകാർക്കു് ശരിയായ ഒരു പങ്കു് അനുവദിച്ചു കൊടുക്കുന്നതിനു് മഹാരാജാവുതിരുമനസ്സിലെ ഗവർമ്മെന്റിനെ നിർബന്ധിക്കുകയായിരുന്നു. ഇതിനായി മദിരാശിയിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടി ഒരു "മെമ്മോറിയൽ" തയാറാക്കി "തിരുവിതാംകൂറുകാർക്കു് അവരുടെ രാജ്യത്തിന്റെ ഭരണത്തിൽ ന്യായമായി ലഭിക്കേണ്ട പങ്കു് നിഷേധിക്കുകയും, അവരെ സംസ്ഥാനത്തിലെ ഉയർന്ന ഉദ്യോഗങ്ങളിൽനിന്നു് മനഃ [ 30 ]

പൂർവ്വം ഒഴിച്ചുനിർത്തുകയും ചെയ്യുന്ന ദുഷിച്ച നയത്തിൽ തെളിഞ്ഞുകണ്ട അനീതി മഹാരാജാവുതിരുമനസ്സിലെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്ന ആ മെമ്മോറിയലിന്റെ ഉദ്ദേശം. മെമ്മോറിയലിന്റെ പകർപ്പുകൾ തിരുവിതാംകൂറിൽ പ്രചരിപ്പിക്കുകയും പതിനായിരത്തിന്മേൽ ഒപ്പുകൾ ശേഖരിക്കുകയും ചെയ്തു. മദിരാശിയിലെ അഭിഭാഷന്മാരുടെ ഇടയ്ക്ക് ഒരു പ്രമുഖസ്ഥാനമലങ്കരിച്ചിരുന്ന കെ. പി. ശങ്കരമേനോന്നാണ് മഹാരാജാവുതിരുമനസ്സിലേക്ക് ആ മെമ്മോറിയൽ സമർപ്പിച്ചത്. പിന്നീട് “തിരുവിതാംകൂർ മെമ്മോറിയൽ” എന്ന് പ്രസിദ്ധമായിത്തീർന്ന ആ ഭീമഹർജിയുടെ സമർപ്പണം തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ അതിപ്രധാനമായ ഒരു സംഭവമായിരുന്നു. അവ്യക്തവും ഏതാണ്ട് നിരാശാജനകവുമായ ഒരു മറുപടിയാണ് തിരുവിതാംകൂർ സർക്കാർ പ്രസ്തുത മെമ്മോറിയലിനു നൽകിയതു്. പക്ഷേ മെമ്മോറിയലിൽ ആവശ്യപ്പെട്ടിരുന്ന സംഗതികളെ പറ്റി പൎയ്യാലോചിക്കുന്നതിന് ഒരു നിവേദംസംഘത്തെ സ്വീകരിക്കാമെന്ന് സമ്മതിച്ചു. തല്ഫലമായി ജി. പി. തിരുവിതാംകൂറിൽ തിരിച്ചെത്തി പറവൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ മുതലായ സ്ഥലങ്ങളിൽ രാഷ്ടീയപ്രചരണം തിരുവിതാംകൂർ ചരിത്രത്തിൽ അതിനു മുമ്പു് ഉണ്ടായിട്ടില്ല. നായന്മാർ, സുറിയാനികൃസ്ത്യാ

[ 31 ]

നികൾ, ഈഴവർ, നമ്പൂതിരിമാർ, തമിഴർ, ലത്തീൻ കത്തോലിക്കർ എന്നുവേണ്ട തിരുവിതാംകൂറിലെ സകല സമുദായങ്ങളും ആ മെമ്മോറിയലിന്റെ പിന്നിൽ അണിനിരന്നു എന്നുള്ളതു് അതിന്റെ ഒരു പ്രത്യേകതയായിരുന്നു. പറവൂർ പള്ളി വികാരിയായിരുന്നു റവ: ഫാദർ റ്റി. സി. ഹിലോറിയന്റെ അദ്ധ്യക്ഷതയിലാണ് പറവൂർ യോഗം നടന്നതു്. കോട്ടയത്തു സിറിയൻ മെത്രാപ്പോലീത്താ റൈറ്റ് റവ. മാർ അത്തനേഷ്യസും, ആലപ്പുഴയിൽ കുമാരമംഗലത്തു നീലകണ്ഠപ്പിള്ളയും, നാഗരുകോവിലിൽ എസ്. ശിവൻപ്പിള്ളയും ആദ്ധ്യക്ഷം വഹിച്ചു യോഗങ്ങൾ പരിപൂർണ്ണവിജയമാക്കി. തിരുവനന്തപുരത്തു റ്റി. എഫ്. ലോയിഡ് എന്നൊരു ആംഗ്ലോഇന്ത്യനായിരുന്നു അഗ്രാസനാധിപതി. പരേതനായ രാമവർമ്മതമ്പാൻ അദ്ദേഹത്തിന്റെ “ജി.പി. സ്മരണകളിൽ” അന്ന് തിരുവിതാംകൂറിൽ നടന്ന പ്രചരണപരിപാടിയെപറ്റി വിസ്തരിച്ച് പ്രസ്താവിച്ചിട്ടുണ്ടു്. കാവാലം നീലകണ്ഠപ്പിള്ള അവർകൾ കൊല്ലമ്യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ ശങ്കരമേനോനെ അർജ്ജുനനോടും ജി. പി. യെ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ നിരുപമസാരഥിയായിരുന്ന ഭഗവാൻ കൃഷ്ണനോടും ഉപമിക്കുകയുണ്ടായി. തിരുവനന്തപുരത്തുവച്ച് ആ പ്രചരണപരിപാടി വിജയകരമായി പൎയ്യവസാനിപ്പിച്ചു. അതിനു

[ 32 ]

ശേഷം മെമ്മോറിയലിലെ ഒപ്പുകാരെ പ്രതിനിധികരിക്കുന്ന ഒരു നിവേദകസംഘത്തെ ആദ്യം ദിവാൻജിയും പിന്നീടു് മഹാരാജാവ് തിരുമനസ്സുകൊണ്ടും സ്വീകരിച്ചു. ആ മെമ്മോറിയലും അതിനെ തുടർന്നുണ്ടായ പ്രചരണവും തിരുവിതാംകൂറിലെ അധികാരി വർഗ്ഗത്തിനിടയ്ക്ക് ചില അഭിപ്രായങ്ങൾ രൂപമെടുക്കുവാൻ ഇടയാക്കി. ജനങ്ങളുടെ ആവശ്യങ്ങളുടെ നേരേ കണ്ണുചിമ്മുവാൻ സാധിക്കുകയില്ലന്ന് സർക്കാർ മനസ്സിലാക്കി. മെമ്മോറിയലും അതിനോട് ബന്ധമുള്ള മറ്റുരേഖകളും ജി. പി. യുടെ ഉത്സാഹത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയും അത് ഇന്ത്യയൊട്ടാകെയുള്ള പ്രധാനപത്രങ്ങളുടെ പിന്തുണ സമാർജ്ജിക്കുകയും ചെയ്തു.

“മദ്രാസ് മെയിൽ” പത്രം ആയിടയ്ക്ക് ഇങ്ങനെ എഴുതി:

“ചുറ്റുമുള്ള ബ്രിട്ടീഷ് ഇന്ത്യൻ സംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തിയാൽ തിരുവിതാംകുറിന്റെ നില വളരെ മെച്ചമായിരിക്കാം. പക്ഷേ ഏതദ്ദേശീയ ഭരണാധികാരികൾ ഉടനടി ശ്രദ്ധിക്കേണ്ട ഒരു വലിയ കുറവ് അവിടെ ഉണ്ട്. തിരുവിതാംകൂർ പ്രജകൾക്ക് അവരുടെ രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഒരു നല്ല പങ്കുകൊടുക്കാതിരിക്കുകയും അവരെ ഉയർന്ന ഉദ്യോഗങ്ങളിൽനിന്ന് കരുതിക്കൂട്ടി പുറംതള്ളുകയുമാണു് അവിടെ ചെയ്യുന്നതു്.”

[ 33 ]

“ഹിന്ദു” പത്രത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു:

“ഇത്രയധികം ആളുകൾ ഒപ്പിട്ട ഈ മെമ്മോറിയൽ വളരെ നാളുകളായി നിലനില്ക്കുന്നതും രാജ്യവ്യാപകവുമായ അസംതൃപ്തിയുടെ ഒരു പ്രകടനം തന്നെയാണ്. അത് കണ്ടില്ലെന്നുവെച്ച് തള്ളിക്കളയുന്നത് ബുദ്ധിപൂർവകമായിരിക്കുകയില്ല.”

കൽക്കട്ടായിലെ “ഇൻഡ്യൻ മിറർ’ പ്രസ്തുത മെമ്മോറിയലിനെപ്പറ്റി എഴുതിയിരുന്നതും ശ്രദ്ധേയമാണ്:

“രാജഭക്തരായ പതിനായിരം പ്രജകൾ ചേർന്നു സമർപ്പിച്ച ഈ അതിപ്രധാനമായ മെമ്മോറിയലിനെ പരിഷ്കൃതാശയനായ തിരുവിതാംകൂർ മഹാരാജാവു് അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നു ഞങ്ങൾ ആശിക്കുന്നു.”

ഈ അവസരത്തിൽ മറ്റൊരു കാര്യവും സ്മരണീയമാണു്. മാന്യമായ ഒരു പെരുമാറ്റത്തിന് ഈഴവ സമുദായത്തിനുള്ള അവകാശത്തെപ്പറ്റി തിരുവിതാംകൂറിൽ ആദ്യമായി ഒരു വാദം പുറപ്പെടുവിച്ചവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു ജി. പി. മെമ്മോറിയലിലും അതിനുശേഷം മഹാരാജാവു തിരുമനസ്സിലേക്ക് സമർപ്പിച്ച മറ്റുപല രേഖകളിലും ഈഴവ സമുദായത്തിന്റെ ചില പ്രത്യേകമായ അവകാശ


[ 34 ] ങ്ങൾ ചേൎത്തതു് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണു്. അതുകൊണ്ടൊന്നും ഗവൎമ്മെന്റിന്റെ പെരുമാറ്റത്തിൽ ഗണ്യമായ ഒരു വ്യത്യാസവും വരുന്നില്ലെന്നുകണ്ടപ്പോൾ, പ്രമുഖരായ ചില ഈഴവർ ചേൎന്നു് തങ്ങളുടെ അവകാശങ്ങൾ ക്രോഡീകരിച്ചുകൊണ്ടു് ഒരു ഹൎജി ഗവൎമ്മെന്റിനു സമൎപ്പിക്കുന്നതിനു് വേണ്ട പിൻതുണയും നേതൃത്വവും നൽകിയതും ജി.പി. തന്നെയായിരുന്നു. തിരുവിതാംകൂറിൽ ഈഴവർ അന്നു് അനുഭവിച്ചുകൊണ്ടിരുന്ന അവശതകൾ ജി.പി. യുടെ ശ്രമഫലമായി ബ്രിട്ടീഷ് പാൎലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ടു. പിന്നീട് പ്രഭുസഭയിലെ അംഗമായിത്തീൎന്നദേഹവും അന്നു് കോമൺസു സഭയിലെ ഒരംഗവും ആയിരുന്ന ഹെൎബൎട്ടു് റോബൎട്ടു്സ് ആണു്, ജി.പി.യുടെ പ്രേരണയിൽ ആ കൃത്യം നിൎവ്വഹിച്ചതു്. ൧൮൯൫-ൽ പൂനായിൽ സമ്മേളിച്ച ഒൻപതാമതു് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫ്രൻസിൽ വച്ച് തിരുവിതാംകൂറിലെ ഈഴവർ ഒരു സമുദായമെന്ന നിലയ്ക്കു` അനുഭവിച്ചുകൊണ്ടിരുന്ന അവശതകളെ ജി.പി. ശക്തിയേറിയ ഭാഷയിൽ വിമൎശിക്കുകയും, അവരെ തൊടീൽ ജാതിക്കാരായി പരിഗനിക്കുന്നതിന്റെ അസാംഗത്യത്തെ വ്യക്തമാക്കുകയും ചെയ്തു. ഒരു സമുദായത്തോടു മുഴുവൻ കാണിച്ചുവന്ന ഈ അനീതി രാജ്യത്തിനു് ഒരു തീരാക്കളങ്കമായിരിക്കുമെന്നു് അദ്ദേഹം അന്നു് താക്കീതു നൽകി. [ 35 ]

ജി. പി. തന്റെ കുട്ടിക്കാലം മുതൽ തിരുവിതാംകൂർ സൎക്കാരിനെതിരായി നടത്തിവന്ന രഷ്ട്രീയസമരത്തിനു് “തിരുവിതാംകൂർ മെമ്മോറിയൽ” മകുടം ചാൎത്തി. പത്തുകൊല്ലത്തെ നിരന്തരശ്രമത്തിന്റെ ഫലമായി കേവലം മൂകതയിൽ കഴിഞ്ഞിരുന്ന ജനലക്ഷങ്ങളെ ഉയൎത്തി തങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി ബോധമുള്ളവരാക്കിത്തീൎക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം സമാരംഭിച്ചു.

ജി. പി. തിരുവിതാംകൂറിനുവേണ്ടി അനുഷ്ഠിച്ച മഹനീയ സേവനങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ ചരമാനന്തരം മധുരയിലെ “സൌത്ത് ഇന്ത്യൻ മെയിൽ” എഴുതിയിരുന്നതിങ്ങനെയാണു്:

“ഭാരതത്തിലെ ഒരു വിപ്ലവകാരിക്കും ഇത്ര ഉന്നതമായ ഒരു ഉദ്ദേശമോ ഇത്ര വിപുലവും സംപൂൎണ്ണവുമായ വിജയമോ ഇതുവരെയുണ്ടായിട്ടില്ല. ഭാരതത്തിലെ മറ്റേതുഭാഗത്തുമെന്ന പോലെ തികച്ചും വിദേശീയവും അനുകമ്പാരഹിതവുമായ ഒരു സ്വേച്ഛാധിപത്യത്തിന്റെ കൂത്തടിക്കലിൽ നിന്നു് തന്റെ നാട്ടുകാരെ രക്ഷിക്കുവാൻ സുശക്തവും സുധീരവുമായ ഒരു സമരം നയിച്ച ആ ധീരാത്മാവിനെ കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടുകൂടി അദ്ദേഹത്തിന്റെ നാട്ടുകാർ എന്നെന്നും സ്മരിക്കേണ്ടതാണു്. ഇന്നു് ആ മാതൃക

[ 36 ]

സംസ്ഥാനത്തെ വാനോളം പുകഴ്ത്തുന്നവർ കുറച്ചൊന്നുമല്ല. അവിടുത്തെ ഭരണരീതിയെപ്പറ്റി പുകഴ്ത്തിപ്പാടുന്നതും സാധാരണയാണു്. പക്ഷേ എണ്ണത്തിലും വണ്ണത്തിലും അതിഭീമവും പദവിയും പ്രതാപവുമുള്ളവർ നയിച്ചിരുന്നതുമായ വൻപിച്ച ശക്തികളോടു് ഏകനായി, അജ്ഞാതനായി പോരാടിയ ആ സേനാനിക്കു് ആ ഭരണരീതി കെട്ടിപ്പടുക്കുന്നതിൽ സാരമായ ഒരു പങ്കുണ്ടായിരുന്നു എന്നതു് വിസ്മരിക്കുവാൻ പാടില്ല. സമരം ഏതാണ്ടു് അവസാനിച്ചുകഴിഞ്ഞു. ആ സമരം തുടങ്ങുകയും വിജയകരമായി നയിക്കുകയും ചെയ്ത നേതാവു് നമ്മെ വിട്ടു പിരിയുകയും ചെയ്തു. മരിച്ചവർക്കു് സ്മാരകങ്ങൾ സ്ഥാപിക്കുകയും ആ സ്മാരകങ്ങളിൽ ചില സ്മാരകവാക്യങ്ങൾ കൊത്തിവയ്ക്കുകയും ചെയ്യുന്ന പതിവു് പടിഞ്ഞാറൻതീരപ്രദേശങ്ങളിലെ ജനങ്ങളുടെയിടയിലും നടപ്പുള്ള പക്ഷം ഗോവിന്ദൻ പരമേശ്വരൻപിള്ളയുടെ അന്ത്യവിശ്രമസ്ഥാനത്തെ അലങ്കരിക്കേണ്ടതു് “തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്” എന്ന മുദ്രാവാക്യമാണു്.”