താൾ:G P 1903.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കിന്റെ മുമ്പിൽ അനുസരിപ്പിച്ചിട്ടില്ല; മാനസികമായോ കായികമായോ അവരെക്കാൾ മെച്ചമൊന്നുമുള്ളവരുമല്ല. ഒരു പക്ഷേ പരമ്പരാഗതമായുള്ള രാഷ്‌ട്രീയബോധത്തിൽ ഈ വിദേശികൾ വളരെ താണപടിയിലല്ലേ നില്ക്കുന്നതെന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അവർക്കു് ഈ രാജ്യത്തിന്റെ തണലിലല്ലാതെ കഴിഞ്ഞുകൂടുവാൻ തന്നെ യോഗ്യതയില്ല. എന്നിട്ടും അവർ ഇവിടെ അധികാരം പുലർത്തുന്നു. ഇതു് പ്രധാനമായിട്ടു് അവരുടെ വർഗ്ഗസ്നേഹംകൊണ്ടു മാത്രമാണു്. ഇതാണു് ഹതഭാഗ്യയായ വഞ്ചിനാടിന്റെ സ്ഥിതി! തിരുവിതാംകൂർ ഒരു കാലത്ത് തിരുവിതാംകൂർകാരുടേതായിരുന്നു. പക്ഷേ ഇന്നു് അങ്ങനെയല്ല. ഇനി എന്നെങ്കിലും ആയിരിക്കുമോ? നിസ്സഹായരും മർദ്ദിതരുമായ തിരുവിതാംകൂറുകാരുടെ ഈ ദുരവസ്ഥക്കു് ഒരു പരിഹാരമില്ലേ? നേരിയ ഒരു ആശക്കെങ്കിലും പഴുതില്ലേ? അതോ അവർ എന്നും അടിമകളായി കിടന്നു് ഉഴലണമോ? അവരുടെ പൂർവ്വികന്മാർ അഭിമാനപൂർവ്വം വച്ചുപുലർത്തിയിരുന്ന രാഷ്‌ട്രീയമേധാവിത്വം അവർ ഒരിക്കലും ആശിക്കപോലും വേണ്ടെന്നോ? കേശവദാസന്മാരുടെയും വേലുത്തമ്പിമാരുടെയും അയ്യപ്പൻമാർത്താണ്ഡന്മാരുടെയും ചെമ്പകരാമന്മാരുടെയും ധീരകൃത്യങ്ങളും ഉന്നതമായ മനുഷ്യസ്നേഹവും നിർദ്ദോഷങ്ങളായ ആവേശങ്ങളും അതി

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/28&oldid=159091" എന്ന താളിൽനിന്ന് ശേഖരിച്ചത്