Jump to content

ജി. പി./ബാല്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
ബാല്യം
[ 15 ]

നാട്ടുകാൎക്കു് ‘ജി.പി.’ എന്ന രണ്ടക്ഷരങ്ങളാൽ സുപരിചിതനായിരുന്ന ജി. പരമേശ്വരൻപിള്ള. ൧വ്വ൬൪ ഫെബ്രുവരി ൨൬-ɔo തിയതി ഭൂജാതനായി. അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരത്തു നിന്നു് ഏകദേശം പത്തുമൈൽ വടക്കുള്ള പള്ളിപ്പുറം ദേശത്താണ്. ബാല്യത്തിൽ തന്നെമാതാപിതാക്കന്മാരെ നഷ്ടപ്പെട്ടകുട്ടി തന്റെ മാത്രസഹോദരിയുടെ വാൽസല്യമസ്യണമായ സംരക്ഷണത്തിൽ വളൎന്നു് ബാല്യദശയെ തരണം ചെയ്തു. പിന്നിടു് മഹാരാജാസ് ഹൈസ്ക്കൂളിലും, തുടൎന്നു് രാജകീയ കലാശാലയിലും വിദ്യാഭ്യാസം നടത്തി. പിന്നീടു് മഹാരാജാസ് ഹൈസ്ക്കൂളിലും, തുടൎന്ന് രാജകീയ കലാശാലയിലും വിദ്യാഭ്യാസം നടത്തി. ഒരുവിദ്യാൎത്ഥിയായിരുന്നപ്പേൾതന്നെ ജി. പി.യുടെ വ്യക്തിമഹത്വം തെളിഞ്ഞുകണ്ടിരുന്നു. അക്കാലത്തെ ഒരു ഒന്നാംകിട ഫുട്ബോൾ കളിക്കാരനായിരുന്ന അദ്ദേഹം ഒരു കായികാഭ്യാസിയെന്ന നിലയിലും ഒരു നല്ല പ്രസംഗകനെന്ന നിലയിലും പ്രശസ്തിയാൎജിച്ചു. രാജകീയ കലാശാലയിൽ ഒരു ക്രിക്കറ്റ് അസേസിയേഷനും ഒരു ടെന്നീസ് അസോസിയേഷനും സംഘടിപ്പിച്ചതിൽ ജി.പിക്കും ഒരു നല്ല പങ്കുണ്ടായിരുന്നു. ഒരു പ്രസംഗകനെന്നനിലക്കു് അദ്ദേഹത്തോടു് തുല്യതവഹിക്കുന്നവർ ആരും തന്നെ അദ്ദേഹത്തിന്റെ സതീൎത്ഥ്യരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. കളിസ്ഥലങ്ങളിലും പ്രസംഗവേദിയിലും സമാൎജ്ജിച്ച ഈ പ്രാമാണ്യം അദ്ദേഹത്തെ വിദ്യാൎത്ഥി ലോകത്തിലെ ഒരു പ്രമുഖനേതാവുമാക്കി.

[ 16 ]

കളികളിലും പ്രസംഗങ്ങളിലും അതീവതല്പരനായിരുന്നു എങ്കിലും ജി.പി.യെ ഏറ്റവും കൂടുതൽ ആകൎഷിച്ചതു് പത്രപ്രവൎത്തനമായിരുന്നു. ബലവത്തായ ആന്തരപ്രചോദനത്താലെന്നപോലെ അദ്ദേഹത്തിന്റെ സമയവും കഴിവുകളും ആ വഴിക്കു തിരിഞ്ഞു. തിരുവിതാംകൂറിൽ പത്രപ്രവൎത്തനമെന്തെന്നു് ഏതാണ്ടു് അജ്ഞാതമായിരുന്ന അക്കാലത്തു്, എഴുതാറായപ്പോൾ മുതൽ ജി.പി. ലേഖനമെഴുതിത്തുടങ്ങി. അദ്ദേഹം എഫ്.എ. ക്ലാസിൽ വായിച്ചുകൊണ്ടിരുന്നപ്പോളാണു് “കൊച്ചിൻ ആർഗസ്” എന്ന പത്രത്തിൽ അദ്ദേഹത്തിന്റെ ആദ്യലേഖനം പ്രസിദ്ധീകൃതമായതു്. തുടൎന്നു് അദ്ദേഹം ബി.എ. ക്ലാസിലായപ്പോൾ “വെസ്റ്റേൺസ്റ്റാറിനു്” ലേഖനങ്ങൾ എഴുതിത്തുടങ്ങുകയും ക്രമേണ ആ പത്രത്തിലെ ഒരു സ്ഥിരം ലേഖകനാവുകയും ചെയ്തു. അങ്ങിനെ ദിവാൻ രാമയ്യങ്കാരുടെ ഭരണത്തെ വിമൎശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ “സ്റ്റാറി”ൽ തുടൎച്ചയായി പ്രത്യക്ഷപ്പെട്ടതും, തൽഫലമായി തന്റെ രണ്ടു സുഹൃത്തുക്കളോടുകൂടി ജി.പി. കലാലയത്തിൽ നിന്നു് ബഹിഷ്‌കൃതനായതും മുമ്പേ പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ.

വിദ്യാൎത്ഥിലോകത്തിൽ സുസമ്മതനായിരുന്ന പരമേശ്വരൻപിള്ളയുടെ ഈ ബഹിഷ്കരണം അദ്ദേഹത്തെ വിദ്യാൎത്ഥികളുടെ ആരാധനാമൂൎത്തിയാക്കി. ആ സംഭവത്തെപ്പററി പരേതനായ രാമവൎമ്മ തമ്പാൻ

[ 17 ] അവൎകൾ തന്റെ "ജി.പി. സ്മരണകളിൽ" എഴുതിയിരിക്കുന്നതിപ്രകാരമാണു്:

"അക്കാലത്തു് താഴ്‌ന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു വിദ്യാൎത്ഥിയായിരുന്നു ഞാൻ. വിദ്യാൎത്ഥിലോകം ഈ കൃത്യത്തെ സൎവ്വാത്മനാ നിന്ദിച്ചു. അവരുടെ ദൃഷ്ടിയിൽ ഈ മൂന്നു ധൎമ്മഭടന്മാരും പൂജാൎഹരായി. ഇവരെ ഒന്നു കാണാനായി തരംനോക്കി സ്‌കൂളിലും മററു സമീപസ്ഥലങ്ങളിലും കൂട്ടംകൂടിയിരുന്ന ചെറുവിദ്യാൎത്ഥികളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഈ മൂന്നുപേരിൽ പരമേശ്വരൻപിള്ളയോടായിരുന്നു ഞങ്ങൾക്കു് അധികം അനുഭാവം തോന്നിയിരുന്നതു്. മററു രണ്ടുപേൎക്കും രക്ഷക്കു പ്രബലമായ പിതാക്കന്മാരുണ്ടായിരുന്നതിനാലോ, ലേഖനങ്ങൾ എഴുതാൻ പരമേശ്വരൻപിള്ളയ്ക്കു ശേഷി കൂടുമെന്നു് ഞങ്ങൾ വിചാരിച്ചിരുന്നതിനാലോ, എന്തൊ, ഞങ്ങളുടെ ഒന്നാമത്തെ ആരാദ്ധ്യപുരുഷൻ പരമേശ്വരൻ പിള്ള തന്നെയായിരുന്നു."

വിദ്യാലയത്തിൽ നിന്നും ബഹിഷ്‌കൃതനായതിനുശേഷം ഒരു മാസക്കാലം ജി.പി. തിരുവനന്തപുരത്തുതന്നെ കഴിച്ചുകൂട്ടി. തന്റെ സതീൎത്ഥ്യരുടെ പിതാക്കന്മാരായ ദിവാൻ നാണുപിള്ളയും രഘുനാഥറാവുവും "സ്റ്റാറിലെ" ലേഖനങ്ങൾ തയ്യാറാക്കുന്ന വിഷയത്തിൽ തനിക്കു് പ്രേരണനൾകിയിട്ടുണ്ടെന്നു സമ്മ [ 18 ] തിക്കുന്നപക്ഷം തന്റെ പേരിലുള്ള കുററങ്ങൾ അവഗണിക്കപ്പെടുമെന്നും, അതിനാൽ അപ്രകാരം പ്രവൎത്തിക്കണമെന്നും, അദ്ദേഹത്തെ പലരും ഉപദേശിച്ചു. എന്നാൽ തന്റെ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതിൽ യാതൊരു പങ്കുമില്ലായിരുന്ന ആ രണ്ടുമാന്യന്മാരേയും അനാവശ്യമായി അലട്ടുന്നതിനു് ജി.പി. വിസമ്മതിക്കുകയാണു ചെയ്തതു്. ഉദ്യോഗസ്ഥന്മാരും അനുദ്യോഗസ്ഥന്മാരുമായി പല മാന്യന്മാരും ജി.പി.യെ സമീപിച്ചു്, കോളേജിൽ പ്രവേശനമോ സൎക്കാരുദ്യോഗമോ ഏതു വേണമെങ്കിലും സമ്പാദിച്ചു കൊടുക്കാമെന്നു് വാഗ്ദാനം ചെയ്തു. പക്ഷേ അദ്ദേഹം ആ മാതിരി പ്രലോഭനങ്ങൾക്കെല്ലാം അതീതനായി നിന്നതേയുള്ളു. ഏറെത്താമസിയാതെ മദിരാശി പ്രസിഡൻസി കോളേജിൽ പ്രവേശനത്തിനു് ശ്രമിക്കുവാൻ വേണ്ടി അദ്ദേഹം തിരുവനന്തപുരം വിടുകയും ചെയ്തു.

അന്നത്തെയാത്ര ജി.പി.യെ ഒരു മഹാവിപത്തിൽനിന്നും രക്ഷിച്ച യാദൃഛികസംഭവമായിരുന്നു. വിദ്യാലയത്തിൽനിന്നും ബഹിഷ്കൃതനായി അധികം കഴിയുന്നതിനു മുൻപു്, അദ്ദേഹത്തെ ഒരു കേസിൽ കുടുക്കുന്നതിനു വേണ്ടശ്രമങ്ങൾ രഹസ്യമായി നടന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നു് എവിടെയെങ്കിലും പോകാൻ മുതിരുന്ന പക്ഷം ആ യുവാവിനെ തടവിലാക്കുവാൻ പോലീസുകാർ നിയുക്തരായിരുന്നു. ജി.പി.യുടെ ലേഖനങ്ങൾ "സ്റ്റാറി"ൽ പ്രസിദ്ധീകൃതങ്ങളായ ഇടയ്ക്കു്, ദിവാൻ തന്റെ രീതികൾ മാററാ [ 19 ] ത്തപക്ഷം തലയിൽ വെടിയുണ്ട പായുമെന്നു ഭയപ്പെടുത്തുന്ന ചില പരസ്യങ്ങൾ തിരുവനന്തപുരത്തു് പല ഭിത്തികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു് ഒരു സുബ്ബറാവുവിനെ പോലീസ് അറസ്റ്റുചെയ്തു. ജി.പി.യും സുഹൃത്തുക്കളും ഇക്കാൎ‌യ്യത്തിൽ നിരപരാധികളായിരുന്നെങ്കിലും, ചില തല്പരകക്ഷികളുടെ ശ്രമഫലമായി അവരെയും ഈ സംഭവവുമായി ഘടിപ്പിക്കുകയുണ്ടായി. ജി.പി.യുടെ രണ്ടു സുഹൃത്തുക്കളും അതിനിടയ്ക്കു് മദ്രാസിലെത്തിയിരുന്നതു് കൊണ്ടു് ഗവൎമ്മെൻറിന്റെ പ്രതികാരബുദ്ധിയ്ക്കു് ആ യുവാവു് ഏകലക്ഷ്യമായിത്തീൎന്നു. ഗവൎമ്മെൻറിന്റെ മൎദ്ദനനടപടികളെപ്പററി യാതൊരു സംശയംപോലുമില്ലാതെ കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹത്തെ ദിവസവും ഒരു ചാരപുരുഷൻ സന്ദൎശിച്ചുകൊണ്ടിരുന്നു.

ഒരു സായാഹ്നത്തിൽ തിരുവനന്തപുരം വിട്ടുപോകുവാൻ ജി.പി.തീരുമാനിച്ചു. കേവലം ആകസ്മികമായിരുന്നു ആ തീരുമാനം. അതുകൊണ്ടു് ആ "പതിവുസന്ദൎശകൻ" പോലും അദ്ദേഹത്തിന്റെ യാത്രയെപ്പററി അറിഞ്ഞതു് പോയതിന്റെ പിറേറദിവസമായിരുന്നു. ഉടൻതന്നെ ഗവൎമ്മെൻറു് അദ്ദേഹത്തെ വഴിക്കുവച്ചു് പിടികൂടുവാൻ കൊല്ലത്തും, ആലപ്പുഴയും, വൈയ്ക്കത്തുമുള്ള പോലീസ് ഇൻസ്പെക്ടരന്മാൎക്കു് ഉത്തരവുകളയച്ചു. ആ ശ്രമം വിഫലമായപ്പോൾ ഒരു ഇൻസ്പെക്ടരെ അതിവേഗം കൊച്ചിയിലേക്കയച്ചുനോക്കി. [ 20 ]

എങ്ങനെയെങ്കിലും “കുററവാളിയെ” പിടിച്ചു് തിരുവനന്തപുരത്തു കൊണ്ടുവരണമെന്നു് ദിവാൻ രാമയ്യങ്കാർക്കു് നിർബ്ബന്ധനായിരുന്നു. പക്ഷേ ഈശ്വരാധീനത്താൽ ജി. പി. ആ കെണിയിൽ നിന്നെല്ലാം രക്ഷപ്പെട്ടു. തന്നെ പിന്തുടർന്നിരുന്ന “വേട്ടനായ്ക്ക”ളെപ്പററി ഒന്നുമറിയാത്ത അദ്ദേഹം കൊച്ചിയിലെത്തി അധികം താമസിയാതെ മദിരാശിക്കു പുറപ്പെടുകയും ചെയ്തു.


"https://ml.wikisource.org/w/index.php?title=ജി._പി./ബാല്യം&oldid=146677" എന്ന താളിൽനിന്ന് ശേഖരിച്ചത്