൨൪ | “ജി. പി.” | |
ശേഷം മെമ്മോറിയലിലെ ഒപ്പുകാരെ പ്രതിനിധികരിക്കുന്ന ഒരു നിവേദകസംഘത്തെ ആദ്യം ദിവാൻജിയും പിന്നീടു് മഹാരാജാവ് തിരുമനസ്സുകൊണ്ടും സ്വീകരിച്ചു. ആ മെമ്മോറിയലും അതിനെ തുടർന്നുണ്ടായ പ്രചരണവും തിരുവിതാംകൂറിലെ അധികാരി വർഗ്ഗത്തിനിടയ്ക്ക് ചില അഭിപ്രായങ്ങൾ രൂപമെടുക്കുവാൻ ഇടയാക്കി. ജനങ്ങളുടെ ആവശ്യങ്ങളുടെ നേരേ കണ്ണുചിമ്മുവാൻ സാധിക്കുകയില്ലന്ന് സർക്കാർ മനസ്സിലാക്കി. മെമ്മോറിയലും അതിനോട് ബന്ധമുള്ള മറ്റുരേഖകളും ജി. പി. യുടെ ഉത്സാഹത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയും അത് ഇന്ത്യയൊട്ടാകെയുള്ള പ്രധാനപത്രങ്ങളുടെ പിന്തുണ സമാർജ്ജിക്കുകയും ചെയ്തു.
“മദ്രാസ് മെയിൽ” പത്രം ആയിടയ്ക്ക് ഇങ്ങനെ എഴുതി:
“ചുറ്റുമുള്ള ബ്രിട്ടീഷ് ഇന്ത്യൻ സംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തിയാൽ തിരുവിതാംകുറിന്റെ നില വളരെ മെച്ചമായിരിക്കാം. പക്ഷേ ഏതദ്ദേശീയ ഭരണാധികാരികൾ ഉടനടി ശ്രദ്ധിക്കേണ്ട ഒരു വലിയ കുറവ് അവിടെ ഉണ്ട്. തിരുവിതാംകൂർ പ്രജകൾക്ക് അവരുടെ രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഒരു നല്ല പങ്കുകൊടുക്കാതിരിക്കുകയും അവരെ ഉയർന്ന ഉദ്യോഗങ്ങളിൽനിന്ന് കരുതിക്കൂട്ടി പുറംതള്ളുകയുമാണു് അവിടെ ചെയ്യുന്നതു്.”